Image

ഒബാമ വീണ്ടും പ്രസിഡന്റാവില്ലെന്ന് അഭിപ്രായ സര്‍വെ

Published on 17 December, 2011
ഒബാമ വീണ്ടും പ്രസിഡന്റാവില്ലെന്ന് അഭിപ്രായ സര്‍വെ
വാഷിംഗ്ടണ്‍: അടുത്തവര്‍ഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബറാക് ഒബാമ വീണ്ടും തെരഞ്ഞെടുക്കപ്പെടില്ലെന്ന് അഭിപ്രായ സര്‍വെ. വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാന്‍ ഒബാമയക്ക് 50:50 സാധ്യത മാത്രമെ ഉള്ളൂവെന്ന് അസോസിയേറ്റഡ് പ്രസ്-ജികെഎഫ് പോള്‍ സര്‍വെ വ്യക്തമാക്കുന്നു. ഒബാമയ്ക്ക് പകരക്കാരനായി റിപ്പബ്ലിക്കന്‍ പ്രസിഡന്റ് വരുന്നതില്‍ സര്‍വെയില്‍ പങ്കെടുത്ത ഭൂരിഭാഗം പേര്‍ക്കും ആശങ്കയുണ്‌ടെങ്കിലും ഒബാമയെ നീക്കണമെന്ന കാര്യത്തില്‍ 50 ശതമാനത്തിനും യോജിപ്പാണ്.

സര്‍വെയില്‍ പങ്കെടുത്ത കൗമാരക്കാരില്‍ 52 ശതമാനവും ഒബാമ പുറത്ത് പോവണമെന്ന അഭിപ്രായക്കാരാണ്. 43 ശതമാനം പേര്‍ ഒബാമ പ്രസിഡന്റായി തുടരുന്നതിനെ അനുകൂലിക്കുന്നുള്ളൂ. ഒബാമയുടെ ജനപ്രീതി 43 ശതമാനമായി ഇടിഞ്ഞുവെന്നും സര്‍വെ പറയുന്നു. ഈ മാസം എട്ടു മുതല്‍ 12 വരെ ആയിരത്തോളം കൗമാരക്കാരെ പങ്കെടുപ്പിച്ചാണ് സര്‍വെ നടത്തിയത്.

മക്കള്‍ക്ക് ഫെയ്‌സ്ബുക്ക് അക്കൗണ്ട് വേണ്‌ടെന്ന് ഒബാമ കുടുംബം

വാഷിംഗ്ടണ്‍: മക്കള്‍ക്ക് ഇപ്പോള്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വേണ്‌ടെന്ന് യുഎസ് പ്രഥമ വനിത മിഷേല്‍ ഒബാമ. 18 വയസ് പൂര്‍ത്തിയാകാത്തതിനാല്‍ മക്കളെ ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് തുടങ്ങുന്നതില്‍ നിന്ന് താന്‍ തന്നെ വിലക്കിയതായും മിഷേല്‍ വെളിപ്പെടുത്തി. കുടുംബകാര്യങ്ങളില്‍ അപരിചിതരുടെ അനാവശ്യ ഇടപെടല്‍ ഒഴിവാക്കാനാണിതെന്നും മിഷേല്‍ പറഞ്ഞു.

ഒബാമ ദമ്പതികളുടെ മക്കളായ മലിയക്ക് 13 വയസും സഹോദരി സാഷയ്ക്ക് പത്തു വയസും മാത്രമെ പൂര്‍ത്തിയായിട്ടുള്ളു. തന്നെക്കുറിച്ചറിയാത്തവരും അറിയുന്നവരുമെല്ലാം തന്റെ കുടുംബകാര്യങ്ങള്‍ ഇടപെടുകയും അഭിപ്രായം പറയുകയുമെല്ലാം ചെയ്യുന്നതില്‍ യാതൊരു അര്‍ഥവുമില്ലെന്ന് കണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പ്രസിഡന്റ് ബറാക് ഒബാമയും വ്യക്തമാക്കി. അടുത്തിടെ മിഷേല്‍ ഒബാമ ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങി വാര്‍ത്ത സൃഷ്ടിച്ചിരുന്നു.

യുഎസില്‍ രണ്ടുപേരെ കൊലപ്പെടുത്തിയ ശേഷം അക്രമി ജീവനൊടുക്കി

വാഷിംഗ്ടണ്‍: യുഎസില്‍ രണ്ടു പേരെ വെടിവച്ചു കൊല്ലപ്പെടുത്തിയ ശേഷം അക്രമി സ്വയം നിറയൊഴിച്ചു മരിച്ചു. തെക്കന്‍ കലിഫോര്‍ണിയയില്‍ ആണു സംഭവം. ഇവിടത്തെ ഒരു ഓഫിസ് കെട്ടിടത്തിലേക്കു തോക്കുമായി എത്തിയ അജ്ഞാതന്‍ ആളുകള്‍ക്കു നേരെ വെടിവയ്ക്കുകയായിരുന്നു. ഒരാള്‍ ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയാണു മരിച്ചത്. വെടിവയ്പില്‍ രണ്ടു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് ഓഫിസ് താല്‍ക്കാലികമായി അടച്ചു.

നാന്‍സി പവല്‍ ഇന്ത്യയിലെ യുഎസ് അംബാസഡര്‍

വാഷിംഗ്ടണ്‍: ഇന്ത്യയിലെ യുഎസ് അംബാസഡറായി നാന്‍സി ജെ. പവലിനെ പ്രസിഡന്റ് ബറാക് ഒബാമ നിയമിച്ചു. ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്ത് എത്തുന്നത്. നേപ്പാള്‍(2007-09), പാക്കിസ്ഥാന്‍(2002-04), ഘാന(2001-02), യുഗാണ്ട(1997-99) എന്നീ രാജ്യങ്ങളിലെ യുഎസ് അംബാസഡറായി പ്രവര്‍ത്തിച്ചിട്ടുള്ള നാന്‍സി പവല്‍ ഫോറിന്‍ സര്‍വീസിന്റെയും ഹ്യൂമന്‍ റിസോഴ്‌സസിന്റെയും ഡയറക്ടര്‍ ജനറലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അറുപത്തിനാലുകാരിയായ നാന്‍സി പവലിന് കൊല്‍ക്കത്ത, ന്യൂഡല്‍ഹി, ധാക്ക, കഠ്മണ്ഡു, ഇസ്‌ലാമാബാദ്, ഒട്ടാവ എന്നിവിടങ്ങളില്‍ വിവിധ നയതന്ത്ര പദവികള്‍ വഹിച്ച് പ്രവര്‍ത്തന പരിചയവുമുണ്ട്.

തിമോത്തി റോമര്‍ രാജിവച്ച ഒഴിവിലേക്കാണ് നാന്‍സി ജെ. പവല്‍ നിയമിതയാകുന്നത്. ഏപ്രിലിലാണ് റോമര്‍ സ്ഥാനമൊഴിഞ്ഞത്. ഇതേത്തുടര്‍ന്ന് പീറ്റര്‍ ബര്‍ലെയ്ക്കായിരുന്നു താത്ക്കാലിക ചുമതല.

ഇറാഖിലെ അവസാനവ്യോമ താവളവും യുഎസ് കൈമാറി

നസീറിയ: ഇറാഖില്‍ നിന്നുള്ള യുഎസ് സേനയുടെ പിന്‍വാങ്ങലിന്റെ ഭാഗമായി രാജ്യത്തെ അവസാന യുഎസ് വ്യോമ താവളത്തിന്റെ നിയന്ത്രണം ഇറാഖ് ഏറ്റെടുത്തു. ഇവിടത്തെ ക്യാംപ് അഡ്ഡര്‍ എന്ന് അറിയപ്പെടുന്ന ഇമാം അലി ബേസില്‍ പതിനയ്യായിരത്തോളം സൈനികരുണ്ടായിരുന്നു. ഒന്‍പതു വര്‍ഷം നീണ്ട ഇറാഖ് അധിനിവേശത്തില്‍ യുഎസിന് 4,500 സൈനികരെയാണ് നഷ്ടമായത്.

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഇനി സ്വയം അപ്‌ഡേറ്റ് ആകും

ന്യൂയോര്‍ക്ക്: 2012 ജനവരി മുതല്‍ വെബ്ബ് ബ്രൗസറായ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ തനിയെ അപ്‌ഡേറ്റ് ചെയ്യപ്പെടുമെന്ന് മൈക്രോസോഫറ്റ്് അറിയിച്ചു. വിന്‍ഡോസ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ നടപടി. ഓസ്‌ട്രേലിയ മുതല്‍ ബ്രസീല്‍ വരെയുള്ള രാജ്യങ്ങളിലെ വിന്‍ഡോസ് എക്‌സ്പി, വിന്‍ഡോസ് വിസ്ത, വിന്‍ഡോസ് 7 ഉപയോക്താക്കള്‍ക്ക് ഇനി ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ അധികശ്രമം വേണ്ടിവരില്ലെന്ന് കമ്പനിയുടെ ബ്ലോഗ് പോസ്റ്റ് പറയുന്നു. വിന്‍ഡോസിലെ ഓട്ടോമാറ്റിക് അപ്‌ഡേറ്റ്‌സ് ഓണാക്കിയിട്ടാലേ എക്‌സ്‌പ്ലോറര്‍ സ്വയം അപ്‌ഡേറ്റ് ആകൂ.

ഗൂഗിള്‍ ക്രോമിന്റെയും മോസില്ല ഫയര്‍ഫോക്‌സിന്റെയും കാര്യത്തിലെന്നപോലെ, നിശബ്ദമായ അപ്‌ഡേറ്റിങ് ആയിരിക്കും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിലും നടക്കുക. അലോസരമുണ്ടാക്കുന്ന സന്ദേശങ്ങളോ വിന്‍ഡോകളോ പ്രത്യക്ഷപ്പെടില്ല. യൂസര്‍ ഉപയോഗിക്കുന്നത് ബ്രൗസറിന്റെ ഏറ്റവും പുതിയ വേര്‍ഷനാണെന്ന് ഉറപ്പാക്കുക വഴി, ഇന്റര്‍നെറ്റ് സുരക്ഷ കൂടുതല്‍ ശക്തമാകും.

വിക്കിലീക്‌സിന് രഹസ്യരേഖകള്‍ ചോര്‍ത്തിയ യൂഎസ് സൈനികനെ പട്ടാളക്കോടതിയില്‍ ഹാജരാക്കി

വാഷിംഗ്ടണ്‍: വിക്കിലീക്‌സിനു രഹസ്യ രേഖകള്‍ ചോര്‍ത്തിക്കൊടുത്ത കേസില്‍ യുഎസ് സൈനികന്‍ ബ്രാഡ് ലി മാനിങ്ങിനെ പട്ടാളക്കോടതിയില്‍ ഹാജരാക്കി. 2010ല്‍ അറസ്റ്റിലായ മാനിങ്ങിനെ ആദ്യമായാണു കോടതിയില്‍ ഹാജരാക്കുന്നത്. 22 കുറ്റങ്ങളാണ് 23കാരനായ മാനിങ്ങിനെതിരേ ചുമത്തിയിരിക്കുന്നത്. രഹസ്യ രേഖകള്‍ കൈവശപ്പെടുത്തി ചോര്‍ത്തി വിക്കിലീക്‌സിനു നല്‍കി എന്നതാണു പ്രധാന ആരോപണം. 2010 മേയില്‍ ഇറാക്കില്‍ വച്ചാണു മാനിങ്ങിനെ അറസ്റ്റ് ചെയ്തത്. ഏഴു ലക്ഷത്തോളം രഹസ്യ രേഖകള്‍ ഇയാള്‍ കൈമാറിയെന്നാണു പ്രോസിക്യൂഷന്‍ ആരോപണം. മാനിങ്ങിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ ജഡ്ജി ലെഫ്. കേണല്‍ പോള്‍ അല്‍മാന്‍സ നിഷ്പക്ഷനല്ലെന്ന വാദം ഉയര്‍ത്തി. കേസിന്റെ വാദം കേള്‍ക്കുന്നതില്‍ നിന്നു അല്‍മാന്‍സ പിന്‍വാങ്ങണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു.

കേസില്‍ സാക്ഷികളായ 38 പേരില്‍ രണ്ടു പേരെ വിസ്തരിക്കാന്‍ തയാറാകാതിരുന്നതാണു മനിങ്ങിന്റെ അഭിഭാഷകര്‍ ജഡ്ജിക്കെതിരേ തിരിയാന്‍ കാരണം. എന്നാല്‍ വാദം കേള്‍ക്കുന്നതില്‍ നിന്നു പിന്‍വാങ്ങില്ലെന്നു അല്‍മാന്‍സ വ്യക്തമാക്കി. അഞ്ചു ദിവസത്തോളം വിചാരണ നടപടികള്‍ തുടരും. തുടര്‍ന്നു ജഡ്ജിയുടെ റിപ്പോര്‍ട്ട് മിലിറ്ററി ജനറലിനു കൈമാറും. മിലിറ്ററി ജനറലായിരിക്കും മാനിങ്ങിനെ പൂര്‍ണ വിചാരണ നടത്തണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. അറസ്റ്റിലായതു മുതല്‍ ബ്രാഡ് ലി മാനിങ്ങിനെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന ആരോപണം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നു യുഎസ് ആഭ്യന്തര വകുപ്പ് വക്താവ് പി.ജെ. ക്രോലി പ്രതിഷേധ സൂചകമായി രാജിവയ്ക്കുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക