Image

ക്യൂബന്‍ കാറ്റിന് ഇനി പുതുസുഗന്ധം; അമേരിക്കന്‍ ഉപരോധം അവസാനിക്കുന്നു - ഷാജന്‍ ആനിത്തോട്ടം

ഷാജന്‍ ആനിത്തോട്ടം Published on 22 December, 2014
ക്യൂബന്‍ കാറ്റിന് ഇനി പുതുസുഗന്ധം; അമേരിക്കന്‍ ഉപരോധം അവസാനിക്കുന്നു - ഷാജന്‍ ആനിത്തോട്ടം
അന്‍പത്തിനാല് വര്‍ഷത്തെ അതിശക്മായ നയതന്ത്ര നിയന്ത്രണങ്ങള്‍ക്കും കൊടിയ ഒറ്റപ്പെടുത്തലുകള്‍ക്കും ശേഷം ക്യൂബയുമായുള്ള ബന്ധത്തില്‍ സുപ്രധാനമായൊരു പൊളിച്ചെഴുത്തിനൊരുങ്ങുകയാണ് അമേരിക്ക. വന്‍കരയില്‍ നിന്നും വെറും 90 മൈല്‍ മാത്രമകലെ സ്ഥിതിചെയ്യുന്ന  ദ്വീപുരാഷ്ട്രത്തെ വ്യാപാര, നയതന്ത്രബന്ധങ്ങളില്‍ നിന്നും എന്നും പടിക്കു പുറത്തു നിറുത്തിയിരുന്ന പ്രഖ്യാപിത നയത്തില്‍ നിന്നും വ്യക്തമായൊരു മാറ്റമാണ് നാമിനി ദര്‍ശിയ്ക്കുവാന്‍ പോകുന്നത്. ഡിസംബര്‍ 17-#ാ#ം തീയതി ബുധനാഴ്ച പ്രസിഡന്റ് ഒബാമ നടത്തിയ പ്രഖ്യാപനത്തില്‍ കമ്മ്യൂണിസ്റ്റ് ക്യൂബയെ ഒറ്റപ്പെടുത്തുക എന്ന 'പ്രയോജന രഹിത' നയത്തില്‍ മാറ്റം വരുത്തുകയാണെന്നും അതുവഴി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക് മടങ്ങുവാനുള്ള വഴി തുറക്കുകയാണെന്നും അറിയിച്ചു. മിനിട്ടുകള്‍ക്കകം ഹവാനയില്‍ നിന്നുമുണ്ടായി സമാധാനത്തിനായുള്ള സമാനാഹ്വാനം.  ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ രാഷ്ട്രത്തോടായി നടത്തിയ പ്രഖ്യാപനത്തില്‍ ബരാക്കും താനും തമ്മിലുള്ള ചര്‍ച്ചയില്‍ രണ്ട് രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചുവെന്നും  പരസ്പരം തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന സിവില്‍ തടവുകാരെ വിട്ടയയ്ക്കുമെന്നും സര്‍വ്വ സഖാക്കളെയും അറിയിച്ചു.

അരനൂറ്റാണ്ടിലധികം നീണ്ടു നിന്ന പിരിമുറുക്കത്തിന്റെ ഇടവേളയ്ക്കു ശേഷം തലേന്ന് രാത്രി ഇരു പ്രസിഡണ്ട്മാരും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന് ശേഷമായിരുന്നു ചരിത്ര പ്രധാനമായ വിളംബരങ്ങള്‍. നയതന്ത്ര രംഗത്തെ നിര്‍ണ്ണായക വഴിത്തിരിവിന് തുടക്കം കുറിച്ചുകെണ്ട് മണിക്കൂറുകള്‍ക്കകം അലന്‍ ഗ്രോസ്സ് (Alan Gross) എന്ന “അമേരിയ്ക്കന്‍ ചാരന്‍” മയാമിയിലേയ്ക്കും 1998 മുതല്‍ ഫ്‌ളോറിഡ ജയിലില്‍ കഴിഞ്ഞിരുന്ന “മയാമി ഫൈവ്” എന്ന പേരിലറിയപ്പെട്ടിരുന്ന അഞ്ച് ക്യൂബന്‍ ചാരന്മാരിലെ ഇനിയും വിട്ടുപോകാതിരുന്ന മൂന്നു പേര്‍ ഹവാനയിലേയ്ക്കും വിമാനം കയറി. ഒപ്പം ഇരുപത് വര്‍ഷത്തിലധികമായി അമേരിക്കന്‍ ചാരനെന്ന് മുദ്രകുത്തി ക്യൂബന്‍ ജയിലില്‍ കഴിയുകയായിരുന്ന മറ്റൊരു അമേരിക്കന്‍ ഇന്റലിജന്‍സ് ഓഫീസറെയും വിട്ടയച്ചു.

ദശകങ്ങള്‍ നീണ്ടുനിന്ന ശത്രുതയ്ക്കും രാഷ്ട്രീയ അട്ടിമറി ശ്രമങ്ങള്‍ക്കുമൊടുവില്‍ മഞ്ഞുരുകുവാനിടയാക്കിയത് ഫ്രാന്‍സീസ് മാര്‍പ്പാപ്പയും കാനഡയും മുന്‍കൈയെടുത്ത് നടത്തിയ സമാധാന നീക്കങ്ങളാണ്. ക്യൂബയുമായി നല്ല ബന്ധത്തിന് തുടക്കം മുതലേ ആഗ്രഹിച്ചിരുന്ന പ്രസിഡന്റ് ഒബാമയെ സംബന്ധിച്ചിടത്തോളം അത്തരമൊരു മദ്ധ്യസ്ഥത ആവേശകരമായൊരു പ്രോല്‍സാഹനമായിരുന്നു. ഇരുമ്പുമറയ്ക്കുള്ളില്‍ തകര്‍ന്നടിഞ്ഞുകൊണ്ടിരിയ്ക്കുന്ന സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിയ്ക്കുവാന്‍ പണിപ്പെടുന്ന ക്യൂബയ്ക്ക് മികച്ചൊരു പിടിവള്ളിയും. യു.എസ്. ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെളിപ്പെടുത്തല്‍ പ്രകാരം കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി വത്തിക്കാനും കാനഡയും നേരിട്ട് നടത്തിയ രഹസ്യ നീക്കങ്ങളുടെ പരസ്യ വിജയമാണിപ്പോള്‍ വിളംബരം ചെയ്യപ്പെടുന്നത്. 2009 ല്‍ അന്താരാഷ്ട്ര നയതന്ത്രബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ജനതകള്‍ തമ്മിലുള്ള സഹകരണം ഊട്ടിയുറപ്പിയ്ക്കുന്നതിനും നടത്തിയ അസാധാരണ പരിശ്രമങ്ങള്‍ക്ക് പ്രസിഡന്റ് ഒബാമയ്ക്ക് നോബല്‍ സമ്മാനം പ്രഖ്യാപിച്ചപ്പോള്‍ നെറ്റി ചുളിച്ചവര്‍ക്കിനി സമാധാനിക്കാം. “ആദ്യം കൂലി, പന്നെ വേല” എന്ന പ്രമാണമായി വ്യാഖ്യാനിയ്ക്കപ്പെട്ടേക്കാമെങ്കിലും അന്താരാഷ്ട്ര അംഗീകാരത്തിനു ശേഷമുള്ള അഞ്ചുവര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റിനെ ആദരണീയനാക്കുന്നുണ്ട്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷത്തെ നോബല്‍ സമാധാന സമ്മാനം ഇതിനോടകം ലോകത്തിനാകെ പ്രിയങ്കരനായ പോപ്പ് ഫ്രാന്‍സീസിനു തന്നെയെന്ന് ഉറപ്പിയ്ക്കാമെന്ന് തോന്നുന്നു.

1959-ലാണ് ഫിദല്‍ കാസ്‌ട്രോയുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികള്‍ അന്ന് അമേരിക്കന്‍ പിന്തുണയോടെ ക്യൂബ ഭരിച്ചിരുന്ന ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച് ക്യൂബന്‍ ഭരണം പിടിച്ചെടുത്തത്. തുടര്‍ന്നങ്ങോട്ട്  അമേരിക്കയിലേയ്ക്കുള്ള ക്യൂബന്‍ അഭയാര്‍ത്ഥികളുടെ പ്രവാഹമായിരുന്നു. രഹസ്യമായും പരസ്യമായും കാസ്‌ട്രോയുടെ നേതൃത്വത്തെയും സമ്പദ്‌വ്യവസ്ഥയെയും  തകര്‍ക്കാന്‍ അമേരിക്ക പലവട്ടം ശ്രമിച്ചിരുന്നു. 1961 ജനുവരി മൂന്നാം തീയ്യതി പ്രസിഡന്റ് ഐസന്‍ഹോവര്‍ ക്യൂബയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ച് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. ആ വര്‍ഷം ജനുവരി 20ന്  അധികാരമേറ്റെടുത്ത പ്രസിഡന്റ് കെന്നഡിയുടെ ഭരണകൂടമാണ് പൂര്‍ണ്ണ ഉപരോധം നടപ്പിലാക്കിയത്. സോവിയറ്റ് യൂണിയന്റെ സമ്പൂര്‍ണ്ണ പിന്തുണ ലഭിച്ച കാസ്‌ട്രോ തന്റെ രാജ്യത്ത് അവരുടെ മിസൈല്‍ ശേഖരം സ്ഥാപിച്ചത് വന്‍കരയുമായുള്ള ബന്ധത്തില്‍ അതീവ ഗുരുതര വിള്ളലാണുണ്ടാക്കിയത്. “ക്യൂബന്‍ മിസ്സൈല്‍ ക്രൈസിസ്” എന്ന പേരിലറിയപ്പെട്ട ആ പ്രതിസന്ധി ഒരു മൂന്നാം ലോക യുദ്ധത്തിലേയ്ക്ക് തന്നെ വളര്‍ന്നേക്കുമെന്ന് ലോകം ഭയപ്പെട്ടു. പരസ്പരമുള്ള യാത്രാ, വ്യാപാര, നയതന്ത്രബന്ധങ്ങളുടെ നിരോധനം മൂലം രണ്ട് രാജ്യങ്ങളിലുമുള്ള ക്യൂബന്‍ പൗരന്മാര്‍ ഏറെ ദുരിതമാണനുഭവിക്കേണ്ടി വന്നത്. തുടര്‍ന്നങ്ങോട്ട് അമേരിക്കക്കന്‍ പ്രസിഡന്റുമാരെല്ലാവരും തന്നെ “ഫിദലിന്റെ വായിലെ ചുരുട്ടും മുഖത്തെ താടിയും മാത്രമല്ല, ഭരണകൂടം തന്നെ തകര്‍ക്കുവാന്‍” ശ്രമിച്ചിട്ടും 2008- ല്‍ മന്ത്രിസഭാംഗവും സ്വന്തം സഹോദരനുമായ റൗള്‍ കാസ്‌ട്രോയ്ക്ക് അധികാരം കൈമാറി, ആരോഗ്യപരമായ കാരണങ്ങളാല്‍ സ്ഥാനമൊഴിയുന്നതുവരെ ഫിദലിന്റെ ഏകാധിപത്യം അജയ്യമായി തുടര്‍ന്നു.

സോവിയറ്റ് ചേരിയിലുള്ള രാജ്യങ്ങളുടെയും കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെയും പിന്തുണ തന്നെയായിരുന്നു ക്യാബയുടെയും കാസ്‌ട്രോയുടെയും നിലനില്‍പ്പിന് പിന്നിലെന്നത് എല്ലാവര്‍ക്കും അറിയാവുന്ന സത്യമായിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ ഒന്നൊഴിയാതെ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ തകരാന്‍ തുടങ്ങിയതോടുകൂടി ക്യൂബയുടെ കാര്യവും അധോഗതിയിലായിത്തുടങ്ങി. അമേരിയ്ക്കന്‍ ഉപരോധവും ഭരണകൂടത്തിനെതിരെ സ്വന്തം പൗരന്മാരില്‍ നിന്നുള്ള അടക്കിപ്പിടിച്ച പ്രതിഷേധവും കൂടി വളര്‍ന്നതോടെ ക്യൂബ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തകര്‍ച്ചയുടെ വക്കിലായിരുന്നു. പ്രസിഡന്റ് ക്ലിന്റണും പ്രസിഡന്റ് ഒബാമയും യാത്രാ നിയന്ത്രണങ്ങളില്‍ ഒരു പരിധിവരെ അയവ് വരുത്തിയെങ്കിലും സാമ്പത്തിക ഉപരോധത്തിന്റെ നീരാളിപ്പിടുത്തം ക്യൂബയെ വലച്ചുകൊണ്ടേയിരുന്നു. ബുഷ് ഭരണകൂടങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടര്‍ന്നതും ദോഷകരമായി. ഒടുവില്‍ ഒരു നീക്കുപോക്കിന് ദ്വീപുരാഷ്ട്രം കാത്തിരുന്നതുപോലത്തെ അവസ്ഥയിലാണ് സമീപകാലത്ത് സുഹൃദ് രാഷ്ട്രമായ കാനഡയും സമാധാനദൂതനായി മാര്‍പ്പാപ്പയും ഇടപ്പെടുന്നത്.

അരനൂറ്റാണ്ടിലധികം  നീണ്ടുനിന്ന  ഉപരോധം കൊണ്ട് കാര്യമായ പ്രയോജനമൊന്നും ഉണ്ടായിട്ടില്ലെന്ന സത്യം പരസ്യമായി ഏറ്റ് പറഞ്ഞുകൊണ്ടാണ് പ്രസിഡന്റ് ഒബാമ മാറ്റത്തിന് വഴി തെളിയ്ക്കുന്നത്. വ്യാപാര, നയതന്ത്ര വാതായനങ്ങള്‍ തുറക്കുന്നതോടുകൂടി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ സാമ്പത്തികവും വൈകാരികവുമായി ഗുണപരമായ ഒരുപാട് മാറ്റങ്ങളാണ് സംഭവിക്കുക. വെനീസുലയുമായി അനുദിനം വഷളാവുന്ന ബന്ധത്തോടെ നഷ്ടപ്പെടുന്ന പെട്രോളിയം ഉത്പ്പന്നങ്ങളുടെ ശ്രോതസ്സിലെ കുറവ് എണ്ണസമ്പന്നമായ ക്യൂബ നികത്തിയേക്കാം. അമേരിക്കന്‍ ഉത്പ്പന്നങ്ങള്‍ക്ക് വലിയൊരു വിപണി ക്യൂബയില്‍ തുറന്നുകിട്ടുമെന്നത് മറ്റൊരു നേട്ടമാണ്. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അമേരിക്കയുടെയും ക്യൂബയുടെയും പ്രതിച്ഛായയിലും വലിയൊരു മാറ്റമാണുണ്ടാവുന്നതെന്നത് നിഷേധിക്കാനാവില്ല. വീണ്ടും ഡിസംബര്‍ 19-#ാ#ം തീയതി വൈറ്റ് ഹൗസില്‍ നടത്തിയ വര്‍ഷാവസാന പത്രസമ്മേളനത്തിലും പ്രസിഡന്റ് പറഞ്ഞത് ക്യൂബയില്‍ വലിയൊരു മാറ്റമാണ് വരാന്‍ പോകുന്നതെന്നാണ്. ഈ മാറ്റം സ്വന്തം ജനതയെ അടക്കി ഭരിയ്ക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടത്തില്‍ നിന്നും ജനങ്ങള്‍ക്ക്  ലഭിക്കുന്ന മോചനത്തിലേയ്ക്കുള്ള മാറ്റമായിരിക്കുമെന്നും ഒബാമ പ്രവചിയ്ക്കുന്നു.

പൊതുവെ വലിയ പിന്തുണ ലഭിച്ചിട്ടുണ്ടെങ്കിലും ഒബാമയുടെ പുതിയ നയത്തെ ശക്തമായി എതിര്‍ക്കുന്ന വലിയൊരു വിഭാഗം നേതാക്കളുമുണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ മാര്‍ക്കോ റൂബിയോ (ഫ്‌ളോറിഡ), റ്റെഡ് ക്രൂസ് (ടെക്‌സാസ്) എന്നിവര്‍ അതിശക്തമായ ഭാഷയിലാണ് പ്രസിഡന്റിന്റെ നയംമാറ്റത്തെ വിമര്‍ശിക്കുന്നത്. കാസ്‌ട്രോയുടെ ഏകാധിപത്യ ഭരണകൂടത്തെ സഹായിക്കാനേ ഇതുപകരിക്കുകയുള്ളൂമെന്ന് അവര്‍ വാദിക്കുന്നു. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജെബ് ബുഷ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഫ്‌ളോറിഡായിലെ ക്യൂബന്‍ ജനസമൂഹത്തിന്റെ വോട്ടില്‍ കണ്ണുനട്ടായിരിയ്ക്കണം മറ്റൊരു സാദ്ധ്യതാ സ്ഥാനാര്‍ത്ഥിയായ മാര്‍ക്കോ റൂബിയോയുടെ വിമര്‍ശനം. ക്യൂബയിലെ മനുഷ്യാവകാശ ധ്വംസനങ്ങളുടെ പേരു പറഞ്ഞ് നയം മാറ്റത്തെ വിമര്‍ശിക്കുന്നവര്‍ക്ക് ഒബാമ തന്നെ മറുപടി നല്‍കുന്നുണ്ട്. ചൈനയിലം വിയറ്റ്‌നാമിലും അമേരിക്കന്‍ വിരുദ്ധ വികാരവും മനുഷാവകാശലംഘനങ്ങളും നടക്കുമ്പോള്‍ തന്നെ  കഴിഞ്ഞ മൂന്നര ദശാബ്ദങ്ങളായി അമേരിക്കന്‍ വ്യാപാരമേഖല ഈ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ വിപുലപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നു തന്നെയുള്ള സെനറ്റര്‍ റാന്റ് പോള്‍ (കെന്റക്കി), മുന്‍ ഇല്ലിനോയി ഗവര്‍ണ്ണര്‍ ജോര്‍ജ്  റയാന്‍ (അദ്ദേഹം ഗവര്‍ണറായിരിക്കെ ക്യൂബ സന്ദര്‍ശിച്ചത് വിവാദമായിരുന്നു- പണ്ട് നമ്മുടെ വൈക്കോ അതിസാഹസികമായി ശ്രീലങ്കയില്‍ ചെന്ന് വേലുപ്പിള്ള പ്രഭാകരനെ കണ്ടത് ഇത്തരുണത്തില്‍ അനുസ്മരിക്കാവുന്നതാണ്) തുടങ്ങി അനവധി നേതാക്കള്‍ പ്രസിഡന്റിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ട്.

ക്യൂബന്‍ അമേരിക്കന്‍ പൊതു സമൂഹം പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുകയാണ്. നാല്‍പ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബമായി അമേരിക്കയിലേക്ക് കുടിയേറിയ ഓഫീസിലെ സഹപ്രവര്‍ത്തകയോട് അഭിപ്രായം ചോദിച്ചപ്പോള്‍ ഇതൊരു വലിയ മാറ്റത്തിന്റെ തുടക്കമാവുമെന്നവര്‍ അഭിപ്രായപ്പെട്ടു. വലിയ സാമ്പത്തിക സ്ഥിതിയും ബംഗ്ലാവുമുണ്ടായിരുന്ന അവരുടെ മാതാപിതാക്കള്‍ക്ക് കാസ്‌ട്രോ ഭരണകൂടം അധികാരത്തിലെത്തിയതോടുകൂടി അതെല്ലാം നഷ്ടപ്പെട്ടു. സോഷ്യലിസത്തിന്റെ പേരു പറഞ്ഞ് അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. സ്വന്തം വീട് പാര്‍ട്ടി ആസ്ഥാനമായി, അച്ചന്‍ ഒമ്പതു വര്‍ഷം വയലില്‍ പണിയെടുക്കേണ്ടി വന്നു. ഒടുവില്‍ കൈക്കുഞ്ഞായിരുന്ന അവരെയും അമ്മയെയും കൂട്ടി അച്ചന്‍ അമേരിക്കയിലേക്ക് പലായനം ചെയ്യുകയായിരുന്നു. സെന്‍സര്‍ ചെയ്യാതെ ഒരു കത്തോ ഫോണ്‍ സംഭാഷണമോ ക്യൂബയിലുള്ള ബന്ധുക്കളുമായി അവര്‍ക്ക് നടത്താനായിട്ടില്ല. ഈ നയംമാറ്റം ഹവാനയില്‍നിന്നുള്ള മാറ്റത്തിന്റെ സുഗന്ധം വീശുന്ന കാറ്റായിരിക്കുമെന്നവര്‍ പ്രതീക്ഷിക്കുന്നു. സമാനമായ അഭിപ്രായമാണ് മറ്റ് ചില ക്യൂബന്‍ കുടുംബങ്ങളോട് സംസാരിച്ചപ്പോഴും ലഭിച്ചത്. കാസ്‌ട്രോ സഹോദരന്മാരുടെ  കാലശേഷം ക്യൂബ സമൂലം മാറുമെന്ന് എല്ലാവരും പ്രത്യാശിക്കുന്നു. രക്തരഹിതമായൊരു മുല്ലപ്പൂവിപ്ലവം!!

പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ നയംമാറ്റത്തിന് വലിയ വെല്ലുവിളികളാണ് പ്രസിഡന്റ് ഒബാമ കോണ്‍ഗ്രസ്സില്‍ നേരിടാന്‍ പോകുന്നത്. ഹവാനയിലെ ഇപ്പോഴത്തെ അമേരിക്കന്‍ മിഷന്‍  പൂര്‍ണ്ണസജ്ജമായ എംബസിയാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുമ്പോഴും അംബാസഡര്‍ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം ലഭിക്കണമെന്ന സത്യം അവശേഷിക്കുന്നു. കൂടാതെ ഉപരോധം പിന്‍വലിയ്ക്കണമെങ്കില്‍ കോണ്‍ഗ്രസ്സിന്റെ അനുമതി ആവശ്യമാണ്. പ്രതിനിധിസഭയില്‍ നേരത്തെതന്നെ ഭൂരിപക്ഷം നഷ്ടപ്പെട്ട ഡെമോക്രാറ്റിക് പാര്‍ട്ടി നവംബര്‍ മാസത്തെ തിരഞ്ഞെടുപ്പോടു കൂടി സെനറ്റിലും (54-46) ന്യൂനപക്ഷമായിരിക്കുമ്പോള്‍ മാറ്റങ്ങള്‍ക്ക് എത്രമാത്രം വേഗതയുണ്ടാവുമെന്ന് കണ്ട് തന്നെയറിയണം. എങ്കിലും പ്രസിഡന്റ് പ്രത്യാശിക്കുന്നതുപോലെ ആത്യന്തികമായി മാറ്റം അനിവാര്യമാകും.

അമേരിക്ക- ക്യൂബ ബന്ധത്തില്‍ വരാന്‍ പോകുന്ന മാറ്റം കേരളത്തിലെ സഖാക്കള്‍ എങ്ങനെ കാണുന്നു എന്നത് കൗതുകകരമായിരിക്കും. ക്യൂബെയില്‍ മഴ പെയ്യുമ്പോള്‍ കേരളത്തില്‍ കൂട പിടിയ്ക്കുന്ന “ക്യൂബാ മുകുന്ദന്മാരും” പോളണ്ടിനെപ്പറ്റി ഒരക്ഷരം പറയരുതെന്ന് കല്പിയ്ക്കുന്ന പാര്‍ട്ടി ഭക്തന്മാരും ഇതിലും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അപകടകരമായ കറുത്ത കൈകള്‍ക്കായി പരിപ്പുവടയും തിന്ന് ദിനേശ് ബീഡിയും വലിച്ച് തിരഞ്ഞു കൊണ്ടിരിയ്ക്കും (ചില്ലി ചിക്കനിലേയ്ക്കും ട്രിപ്പിള്‍ ഫൈവിലേയ്ക്കും ജോണിവാക്കറിലേക്കുമൊക്കെ പ്രമോഷന്‍  നേടിയെടുത്ത ഫൈവ്സ്റ്റാര്‍ സഖാക്കള്‍ ക്ഷമിക്കുക. നിങ്ങള്‍ പതിവുപോലെ പൗഡറിട്ട് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തും വിദേശരാജ്യങ്ങള്‍ കണ്ടും നടക്കുക). ലോക കമ്മ്യൂണിസത്തിന്റെ ഇപ്പോഴത്തെ ജീവിയ്ക്കുന്ന ഇതിഹാസ നായകന്‍ ഫിദല്‍ കാസ്‌ട്രോയെപ്പറ്റി സമീപകാലത്ത് മറ്റൊരു ഗറില്ലാനേതാവ് പറഞ്ഞത് സഖാക്കള്‍ അറിഞ്ഞിരിയ്‌ക്കേണ്ടതാണ്. ലോകത്തിലെ ഏത് വിപ്ലവകാരിയുടെയും നെഞ്ചില്‍ അണയാത്ത തീയായി, ജ്വലിയ്ക്കുന്ന ഓര്‍മ്മയായി നിലനില്‍ക്കുന്ന ചെഗുവേറെയുടെ മരണത്തിന്  പിന്നില്‍ ഫിദല്‍ കാസ്‌ട്രോ തന്നെയാണെന്നാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന അലര്‍ക്കന്‍ റാമിറെസ് ബെനിഞ്ഞോയെന്ന മുന്‍ഗറില്ലാനേതാവ് വെളിപ്പെടുത്തിയിരിക്കുന്നത്.

ലോകം പൊതുവെയും കമ്മ്യൂണിസ്റ്റ് സഖാക്കള്‍ പ്രത്യേകിച്ചും വിശ്വസിക്കുന്നത് ചെഗുവേരയുടെ മരണത്തിന് പിന്നില്‍ സി.ഐ.എ.യാണെന്നാണല്ലോ. ബാറ്റിസ്റ്റ ഭരണകൂടത്തെ അട്ടിമറിച്ച് ക്യൂബയില്‍ കമ്മ്യൂണിസ്റ്റ് ഭരണം നടപ്പിലാക്കുവാന്‍ ഫിദല്‍ കാസ്‌ട്രോയോടൊപ്പം പടപൊരുതിയ അര്‍ജന്റീനക്കാരനായ ചെഗുവേര (ചെഗവേരയെന്ന് ശരിയായ ഉച്ചാരണം) അധികം താമസിയാതെ തന്നെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറി. ഭരണത്തിന് ആളും അര്‍ത്ഥവും നല്‍കി സഹായിക്കുന്ന സോവിയറ്റ് യൂണിയന്റെ നിര്‍ദ്ദേശപ്രകാരം ഫിദല്‍ സ്വന്തം സഹപ്രവര്‍ത്തകനും തീവ്ര വിപ്ലവകാരിയുമായ ചെഗുവേരയെ ബൊളീവിയയിലേയ്ക്ക്, അവിടുത്തെ ഏകാധിപത്യഭരണ കൂടത്തിനെതിരെ വിപ്ലവം സംഘടിപ്പിയ്ക്കാനയയ്ക്കുന്നു. ബൊളീവിയന്‍ കാടുകളില്‍ ഗറില്ലാ യുദ്ധത്തിന് നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ചെഗുവേരയെ ചതിപ്രയോഗത്തിലൂടെ 1967 ഒക്‌ടോബര്‍ എട്ടാം തീയതി ഒളിയുദ്ധത്തില്‍ കൊലപ്പെടുത്തിയെന്നാണ് അന്ന് അദ്ദേഹത്തോടൊപ്പമുണ്ടായിരിക്കുകയും പിന്നീട് ചിലിയിലേയ്ക്ക് രക്ഷപ്പെടുകയും ചെയ്ത ബെനിഞ്ഞോ പറയുന്നത്. 1996-ല്‍ പാരീസിലേക്ക് താമസം മാറ്റിയ എഴുപതുകാരനായ അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ ലാറ്റിന്‍ അമേരിക്കയ്ക്കന്‍ ഹൊരാള്‍ഡ് ട്രിബ്യൂണ്‍ എന്ന പത്രത്തിലുണ്ട്. അദ്ദേഹം പറയുന്നത് സത്യമോ കെട്ടുകഥയോ എന്നത് കാലം തെളിയിയ്‌ക്കേണ്ടതാണ്. എങ്കിലും മോസ്‌ക്കോയുടെ സഹായത്തോടെ ഫിദല്‍ കാസ്‌ട്രോ തന്നെ ചെഗുവേരയെ ചതിച്ചു എന്നത് ലോകത്തെ ഏത് സമര പോരാളിയെയും വേദനിപ്പിക്കും; ഭഗത് സിംഗിനേക്കാളും സുഭാഷ് ചന്ദ്രബോസിനേക്കാളും ആരാധനയോടെ ചെഗുവേരയെ സ്‌നേഹിക്കുന്ന ഇന്ത്യന്‍ വിപ്ലവകാരികള്‍ പ്രത്യേകിച്ചു.

എന്തായാലും ഒരു കാര്യം സത്യമാവുന്നു. ക്യൂബയില്‍ മാറ്റത്തിന്റെ കാറ്റ് വീശുകയാണ്. മയാമി തീരത്തേക്കടുക്കുന്ന ആ കാറ്റിന് സ്വാതന്ത്ര്യത്തിന്റെ പുതുസുഗന്ധമാണ്. അടച്ചുപൂട്ടാനൊരുങ്ങുന്ന ക്യൂബന്‍ തീരത്തെ അമേരിക്കന്‍ തടവറ ഗ്വാണ്ടനാമോ ബേയില്‍ നിന്നുള്ള കിരാത മര്‍ദ്ദനമുറകളുടെ കഥകള്‍ മാത്രമല്ല ഇനി നാം ആ രാജ്യത്തുനിന്നും കേള്‍ക്കാന്‍ പോവുന്നത്. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കുവാന്‍ വേണ്ടി ജീവന്‍ പണയപ്പെടുത്തിയും വന്‍കരയിലേക്ക് വരുന്ന അഭയാര്‍ത്ഥികള്‍ക്കിനി അതവിടെത്തന്നെ ലഭിയ്ക്കുവാന്‍ പോകുന്നു. ഏലിയാന്‍ ഗൊണ്‍സാലസിനെപ്പോലുള്ള കുഞ്ഞുമക്കള്‍ക്കിനി സമാധാനിയ്ക്കാം. പലായനത്തിനിടെ നടുക്കടലില്‍ അവരുടെ അമ്മമാര്‍ക്കിനി മുങ്ങിമരിക്കേണ്ടി വരില്ല. ഫെഡറല്‍ കോടതിയുടെയും പോലീസിന്റെയും ഇടപെടലിലും രാഷ്ട്രീയ മാല്‍സര്യത്തിലും പെട്ട് അവരുടെ ബാല്യങ്ങള്‍ക്കിനി മാനസികാഘാതമേല്‍ക്കേണ്ടി വരില്ല. അവര്‍ക്കിനി സ്വന്തം വേരുകളിലേയ്ക്ക് മടങ്ങാം, മടങ്ങിവരാം. ഇവിടെ മാത്രമല്ല, അവിടെയും കാറ്റിന് സുഗന്ധമാണ്, സ്വാതന്ത്ര്യത്തിന്റെ സുഗന്ധം!!
ക്യൂബന്‍ കാറ്റിന് ഇനി പുതുസുഗന്ധം; അമേരിക്കന്‍ ഉപരോധം അവസാനിക്കുന്നു - ഷാജന്‍ ആനിത്തോട്ടം
പ്രസിഡന്റ് ഒബാമ നയംമാറ്റം പ്രഖ്യാപിയ്ക്കുന്നു.
ക്യൂബന്‍ കാറ്റിന് ഇനി പുതുസുഗന്ധം; അമേരിക്കന്‍ ഉപരോധം അവസാനിക്കുന്നു - ഷാജന്‍ ആനിത്തോട്ടം
റൗള്‍ കാസ്‌ട്രോ- ക്യൂബയുടെ "ജനകീയ" നേതാവ്
ക്യൂബന്‍ കാറ്റിന് ഇനി പുതുസുഗന്ധം; അമേരിക്കന്‍ ഉപരോധം അവസാനിക്കുന്നു - ഷാജന്‍ ആനിത്തോട്ടം
ഫിദല്‍ കാസ്‌ട്രോ- അണിയറയിലെ അധികാരി
ക്യൂബന്‍ കാറ്റിന് ഇനി പുതുസുഗന്ധം; അമേരിക്കന്‍ ഉപരോധം അവസാനിക്കുന്നു - ഷാജന്‍ ആനിത്തോട്ടം
ഫിദലും റൗളും- കമ്മ്യൂണിസത്തിലെ കുടുംബാധിപത്യം
ക്യൂബന്‍ കാറ്റിന് ഇനി പുതുസുഗന്ധം; അമേരിക്കന്‍ ഉപരോധം അവസാനിക്കുന്നു - ഷാജന്‍ ആനിത്തോട്ടം
ചെഗുവേര- വിപ്ലവത്തിന്റെ ആഗോള ഐക്കണ്‍
ക്യൂബന്‍ കാറ്റിന് ഇനി പുതുസുഗന്ധം; അമേരിക്കന്‍ ഉപരോധം അവസാനിക്കുന്നു - ഷാജന്‍ ആനിത്തോട്ടം
ഏലിയാന്‍ ഗോണ്‍സാലസിനെ തോക്കിന്‍ മുനയില്‍ ഫെഡറല്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തപ്പോള്‍-പുലിസ്റ്റര്‍ പ്രൈസ് നേടിയ വാര്‍ത്താചിത്രം
ക്യൂബന്‍ കാറ്റിന് ഇനി പുതുസുഗന്ധം; അമേരിക്കന്‍ ഉപരോധം അവസാനിക്കുന്നു - ഷാജന്‍ ആനിത്തോട്ടം
ഉപരോധം എന്ന ആയുധം
ക്യൂബന്‍ കാറ്റിന് ഇനി പുതുസുഗന്ധം; അമേരിക്കന്‍ ഉപരോധം അവസാനിക്കുന്നു - ഷാജന്‍ ആനിത്തോട്ടം
ക്യൂബയിലും മുല്ലപ്പൂവിപ്ലവം വരുന്നു?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക