Image

ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-18: സാം നിലമ്പള്ളില്‍)

Published on 27 December, 2014
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-18: സാം നിലമ്പള്ളില്‍)
അദ്ധ്യായം പതിനെട്ട്‌

സുരക്ഷിതമായി അതിര്‍ത്തികടക്കാന്‍ സാധിച്ചതിലുള്ള സമാധാനമായിരുന്നു ജൊസേക്കിന്‌. കോണി വളരെ വിദഗ്‌ധമായിട്ടാണ്‌ എസ്സെസ്സിനെ വെട്ടിച്ച്‌ മുന്നേറിയത്‌. അവനെ കണ്ടാല്‍ യഹൂദനാണെന്ന്‌ തോന്നാത്തതിനാലും ജര്‍മന്‍ പട്ടാളക്കാര്‍ക്ക്‌ തിന്നാനുള്ള പന്നികളേയുംകൊണ്ട്‌ ആഴ്‌ചയില്‍ രണ്ടുപ്രാവശ്യമെങ്കിലും അതിര്‍ത്തികടന്ന്‌ വരുന്നതിനാലും അവന്റെവണ്ടി മിക്കപ്പോഴും പരിശോധിക്കാറില്ല. പന്നികളുടെ വിസര്‍ജ്ജ്യത്തിന്റെ ദുര്‍ഗന്ധവും വമിപ്പിച്ചുകൊണ്ട്‌ വരുന്ന അവന്റെ വണ്ടി കാണുമ്പോള്‍തന്നെ കടന്നുപൊയ്‌ക്കൊള്ളാന്‍ അവര്‍ ആഗ്യംകാണിക്കും.

കുടുംബസഹിതം രക്ഷപെട്ടതില്‍ പുരുഷന്മാര്‍ ആശ്വാസംകൊണ്ടപ്പോള്‍ വീടുവിട്ട്‌ പോരേണ്ടിവന്നതിലാണ്‌ സ്‌ത്രീകള്‍ക്ക്‌ വിഷമം.

`സ്റ്റെഫാനെ പിടിച്ചുകൊണ്ട്‌ പോയതുപോലെ നമ്മളേയുംകൊണ്ടുപോയിരുന്നെങ്കിലോ? അപ്പോഴും നിനക്ക്‌ വീടുവിട്ട്‌ പോകേണ്ടി വരികില്ലായിരുന്നോ?' ജൊസേക്ക്‌ ഭാര്യയോട്‌ ചോദിച്ചു.

`എന്നാലും'.

`ഒരെന്നാലുമില്ല. നാസികളുടെ കയ്യില്‍പെടാതെ രക്ഷപെട്ടതില്‍ സന്തോക്ഷിക്കുക.'

ഇഗ്‌ളണ്ടും ഫ്രാന്‍സും ജര്‍മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കയാണെന്ന കേട്ടു. അങ്ങനെയെങ്കില്‍ അധികം താമസിയാതെ ഹിറ്റ്‌ലറുടെ ഭരണം അവസാനിക്കും. തങ്ങളുടെ വീടുകളിലേക്ക്‌ തിരികെപ്പേകാമെന്നുതന്നെ അവര്‍ ഉറപ്പിച്ചു. ഇതൊക്കെയാണ്‌ ആശ്വാസം പകരുന്ന ചിന്തകള്‍.

ജര്‍മനിയില്‍നിന്ന്‌ രക്ഷപെട്ടുവരുന്നവര്‍ക്കുവേണ്ടി ഡെന്‍മാര്‍ക്കിലെ യഹൂദസമൂഹം കമ്മ്യൂണിറ്റി സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്‌. അവര്‍ക്കുവേണ്ട പാര്‍പ്പിടവും ആഹാരവും എല്ലാം ഒരുക്കിയിരിക്കുന്നതുകൊണ്ട്‌ ബുദ്ധിമുട്ടില്ലാതെ കുറെനാള്‍ കഴിയാം. ഇനി കൂടുതല്‍പേര്‍ വന്നാല്‍ എങ്ങനെ അവരെ സംരക്ഷിക്കും എന്നൊരു പ്രയാസമേയുള്ളു. ചില യഹൂദകുടുംബങ്ങള്‍ അഭയാര്‍ത്ഥികളില്‍ ചിലരെ തങ്ങളുടെ വീടുകളില്‍ പാര്‍പ്പിക്കാന്‍വരെ തയ്യാറായി. വൃദ്ധദമ്പതികളായ സീമോണിന്റെയും ഒലായുടേയും വീട്ടിലാണ്‌ ജൊസേക്കും കുടുംബവും താമസിച്ചത്‌.

പടുകിഴവനായിരുന്നു സീമോണ്‍. ഭാര്യക്ക്‌ അയാളെക്കാള്‍ പ്രായക്കുറവാണെങ്കിലും ആരോഗ്യം തീരെയില്ലായിരുന്നു; നടക്കാന്‍തന്നെ പ്രയാസം. എന്നാലും അടുക്കളയില്‍കയറി ആഹാരമുണ്ടാക്കി ഭര്‍ത്താവിനെ അവര്‍ ഊട്ടിയിരുന്നു.

`ഞാന്‍ പോലീസുകാരനായിരുന്നു; റിട്ടയര്‍ ചെയ്‌തിട്ട്‌ ഇരുപത്തഞ്ച്‌ വര്‍ഷങ്ങളായി. ഞങ്ങള്‍ക്ക്‌ മുന്ന്‌ ആണ്‍മക്കളുണ്ടായിരുന്നു. വലുതായപ്പോള്‍ അവര്‍ പലവഴിക്കുപോയി. ഇപ്പോള്‍ ഞാനും ഒലായുംമാത്രം ഇവിടെ.' സീമോണ്‍ തന്റെ കഥപറഞ്ഞു.

ജര്‍മനിയിലെ യഹൂദരുടെ ദുരവസ്ഥയെപ്പറ്റി അയാള്‍ കേട്ടിരിക്കുന്നു. അവിടെനിന്ന്‌ കുറെപ്പേരൊക്കെ അതിര്‍ത്തികടന്ന്‌ ഡെന്‍മാര്‍ക്കിലേക്ക്‌ വരുന്നുണ്ടെന്നും അറിഞ്ഞു. തന്റെവീട്ടില്‍ ഒരുകുടുംബത്തെ പാര്‍പ്പിക്കാമെന്ന്‌ അങ്ങോട്ടുകയറി പറയുകയായിരുന്നു.

ആദ്യദിവസംതന്നെ സെല്‍മ അടുക്കളയില്‍ ഒലായെ സഹായിക്കാന്‍ കയറി.

`അമ്മയിനി ഒരിടത്തിരുന്നാല്‍മതി. എല്ലാജോലികളും ഞാന്‍ചെയ്‌തോളാം.' അവള്‍ അടുക്കളജോലി ഏറ്റെടുത്തു..

`എനിക്ക്‌ പെണ്‍മക്കളില്ലായിരുന്നു. സീമോണ്‍ എന്നെ വിവാഹംകഴിച്ച്‌ കൊണ്ടുവന്ന നാള്‍മുതല്‍ ഇന്നുവരെ ഞാനൊറ്റക്കാണ്‌ ജോലികളെല്ലാം ചെയ്‌തിരുന്നത്‌. ഇനി എത്രനാള്‍കൂടി ഇങ്ങനെ ജോലിചെയ്യാമെന്ന്‌ വിചാരിച്ചിരിക്കുമ്പോളാണ്‌ നിങ്ങള്‍ വന്നത്‌. ഇനി നിങ്ങള്‍ ഇവിടെത്തന്നെ താമസിച്ചാല്‍മതി. മക്കളെല്ലാം പോയതിനുശേഷം മുറികളെല്ലാം ഒഴിഞ്ഞുകിടക്കുകയാണ്‌.' ഒല സംസാരിച്ചുകൊണ്ടേയിരുന്നു.

സീമോണിന്റെ തുശ്ചമായ പെന്‍ഷന്‍കൊണ്ടാണ്‌ രണ്ടുപേരും കഴിയുന്നത്‌. വീട്‌ സ്വന്തമായതുകൊണ്ട്‌ ഭക്ഷണത്തിന്റെ ചിലവുകളേയുള്ളു. ഇപ്പോള്‍ ജൊസേക്കും കുടുംബവും വന്നതുകൊണ്ട്‌ അവരുടെ ചിലവുകൂടി താങ്ങാന്‍ സീമോണിന്‌ സാധ്യമല്ല.

`അങ്കിള്‍ വിഷമിക്കേണ്ട.' ജൊസേക്ക്‌ പറഞ്ഞു. ഞങ്ങള്‍ കമ്മ്യൂണിറ്റി സെന്ററില്‍നിന്ന്‌ ആഹാരം കഴിച്ചോളാം. അവിടെ ഞങ്ങളെപ്പോലുള്ളവര്‍ക്ക്‌ ഫ്രീയായി ആഹാരം കിട്ടും. അവിടംവരെ പോകുന്നതിലുള്ള ബുദ്ധിമുട്ടേയുള്ളു.'

`എന്റെ സൈക്കിളെടുത്തോ; ഞാനത്‌ ഇപ്പോള്‍ ഉപയോഗിക്കാറില്ല.'

`തൊണ്ണൂറാം വയസില്‍ സൈക്കിള്‍ ചവിട്ടി മറിഞ്ഞുവീണാല്‍ പലകഷണങ്ങളായിട്ട്‌ ഒടിഞ്ഞ്‌ എവിടെങ്കിലും കിടക്കാം,' ഒല കളിയാക്കി.

`അങ്ങനെയൊന്നും നീ പറയേണ്ട. ഈ പ്രായത്തിലും മറിഞ്ഞുവീഴാതെ സൈക്കിള്‍ ചവിട്ടാനെനിക്ക്‌ അറിയാം. കേട്ടോ ജൊസേക്കേ, ഇവളുടെ ഭയംകൊണ്ടാ ഞാനിപ്പോള്‍ വേണ്ടെന്നുവെച്ചത്‌.'

ജര്‍മനിയില്‍നിന്ന്‌ അഭയാര്‍ത്ഥികളായി വരുന്നവര്‍ക്ക്‌ തല്‍ക്കാല ആവശ്യത്തിനായി യഹൂദ കമ്മ്യൂണിറ്റി കുറച്ചുപണം കൊടുത്തിട്ടുണ്ട്‌. ഷെല്‍റ്ററുകളില്‍ താമസിക്കുന്നവര്‍ക്ക്‌ ഭക്ഷണം ഫ്രീയിയിട്ട്‌ കൊടുക്കും. സീമോണെപ്പോലുള്ളവരുടെ വീടുകളില്‍ താമസിക്കുന്നവര്‍ക്കും കമ്മ്യൂണിറ്റി സെന്ററില്‍ ചെന്നാല്‍ ഭക്ഷണംകിട്ടും. ജൊസേക്ക്‌ ദിവസം ഒരുപ്രാവശ്യം അവിടെപ്പോയി തനിക്കും കുടുംബത്തിനുമുള്ള ആഹാരം വാങ്ങിക്കൊണ്ടവരും.

ഒല തന്റെ കഥപറയുന്നത്‌ കേട്ടുകൊണ്ടാണ്‌ സെല്‍മ സമയം ചിലവഴിക്കുന്നത്‌. അവര്‍ക്ക്‌ മൂന്ന്‌ ആണ്‍മക്കളായിരുന്നു. ഇപ്പോള്‍ മൂന്നുപേരും മൂന്ന്‌ രാജ്യങ്ങളിലാണ്‌. മൂത്തവന്‍ അമേരിക്കയില്‍, രണ്ടാമന്‍ ഇംഗ്‌ളണ്ടില്‍, ഇളയവന്‍ നെതര്‍ലാന്‍ഡ്‌സില്‍. വയസുചെന്ന അപ്പനേയും അമ്മയേയും കൊണ്ടുപോകാന്‍ മൂന്നുപേരും തയ്യാറാണ്‌. എന്നാല്‍ സീമോണിന്‌ തന്റെ വീടുവിട്ടുപോകാന്‍ തീരെതാല്‍പര്യമില്ല; തനിക്കും അങ്ങനെതന്നെ. സീമോണ്‍ ജനിച്ചുവീണത്‌ ഈ വീട്ടിലാണ്‌. അയാള്‍ തൊണ്ണൂറു വര്‍ഷങ്ങളായി ഈ വീട്ടില്‍ താമസിക്കുന്നു. ഒല തന്റെ മൂന്നുമക്കളെ പ്രസവിച്ചതും ഈ വീട്ടില്‍വെച്ചാണ്‌.

`ഞങ്ങള്‍ക്കിവിടെ ഒരു ബുദ്ധിമുട്ടുമില്ല, ചില്ലറ ആരോഗ്യപ്രശ്‌നങ്ങളൊഴിച്ച്‌. സീമോണിന്റെ പെന്‍ഷന്‍കാശുകൊണ്ട്‌ ഞങ്ങള്‍ക്ക്‌ അല്ലലില്ലാതെ ജീവിക്കാം. ഡെന്‍മാര്‍ക്ക്‌ ഒരു നല്ല രാജ്യമാണ്‌. മക്കള്‍ക്ക്‌ ഈ രാജ്യംവിട്ട്‌ പോകേണ്ട യാതൊരു കാര്യവുമില്ലായിരുന്നു. ഇവിടെത്തന്നെ എന്തെങ്കിലും ജോലികളൊക്കെ ചെയ്‌ത്‌ ജീവിക്കാമായിരുന്നല്ലൊ. സ്വന്തം രാജ്യംപോലെ പറ്റുമോ മറ്റൊരു രാജ്യത്ത്‌ ചെന്നാല്‍?'

വയസന്‍ സീമോണിന്‌ ജര്‍മനിയില്‍ നടക്കുന്ന കാര്യങ്ങളെപ്പറ്റിയാണ്‌ ജൊസേക്കില്‍നിന്ന്‌ അറിയേണ്ടത്‌. ഹിറ്റ്‌ലര്‍ ഭരണത്തില്‍ വന്നതിനുശേഷം യഹൂദര്‍ അനുഭവിക്കുന്ന കഷ്‌ടപ്പാടുകളെപറ്റി അവന്‍ വിവരിച്ചു. തന്റെ കൂട്ടുകാരന്‍ സ്റ്റഫാനെയും കുടുംബത്തെയും എങ്ങോട്ടോ കൊണ്ടുപോയതിനെപ്പറ്റി പറഞ്ഞു. അവര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാന്‍ വയ്യ.

`നിങ്ങള്‍ ഒരു വലിയ ജനവിഭാഗം ആ രാജ്യത്തുണ്ടായിട്ട്‌ എന്തുകാര്യം?' സിമോണ്‍ ചോദിച്ചു. `നിങ്ങള്‍ ഒറ്റക്കെട്ടായിട്ട്‌ എതിര്‍ത്താല്‍ നാസികള്‍ നിങ്ങളെ ഇതുപോലെ ദ്രോഹിക്കുമോ? അനീതിക്കെതിരെ പോരാടണം; അല്ലാതെ പേടിച്ചോടുകയല്ല വേണ്ടത്‌.'

`അങ്കിള്‍ പറയുന്നത്‌ ശരിതന്നെ. പക്ഷേ, യന്ത്രത്തോക്കിന്റെ മുന്‍പില്‍ വിരിമാറുകാണിക്കുന്നത്‌ മണ്ടത്തരമല്ലേ; പ്രത്യകിച്ചും ഒരു വര്‍ഗീയ ഭ്രാന്തന്‍ ആ തോക്കും പിടിച്ചുകൊണ്ട്‌ നില്‍ക്കുമ്പോള്‍. അയാളെ ചെറുക്കാന്‍ ഞങ്ങടെ കയ്യില്‍ അടുക്കളയിലെ കറിക്കത്തികള്‍ മാത്രമേ ആയുധമായിട്ടുള്ളു.'

`എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാകും,' സീമോണ്‍ സമാധാനിപ്പിച്ചു. `ഇസ്രായേലിന്റെ രക്ഷകനായ യഹോവ എല്ലാം കാണുന്നുണ്ട്‌. തന്റെ ജനത്തെ അവന്‍ ഉപേക്ഷിക്കയില്ല.'


(തുടരും....)


പതിനേഴാം ഭാഗം വായിക്കുക
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-18: സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക