ഗംഗയെന്ന അപ്‌സരകന്യക ഹൈന്ദവ പുരാണങ്ങളിലെ ഒരു ദേവിയും ദുഃഖ പര്യവസായിയായ ഒരു പ്രേമ കഥയിലെ ഇതിഹാസ നായികയുമാണ്. അവര്‍ കാലത്തിനെയും അതിജീവിക്കുന്നുവെന്നാണ് വിശ്വാസം. ഹസ്തിനപുരത്ത് ശാന്തനുവെന്നൊരു രാജകുമാരനുണ്ടായിരുന്നു. പതിവുപോലെ ഒരു ദിവസം സായം സവാരിയ്ക്കായി അദ്ദേഹം നദിതീരത്തുകൂടി നടക്കുകയായിരുന്നു. പ്രശാന്ത സുന്ദരമായ പ്രകൃതിയും നീലാകാശവും നദിയില്‍ക്കൂടി തെളിമയാര്‍ന്ന വെള്ളവും നിറ കവിഞ്ഞ ദിനത്തില്‍ സുന്ദരിയായ ഒരു പെണ്‍ക്കുട്ടിയെ നദി തടത്തില്‍ കണ്ടു. അവള്‍ ഗംഗയാണെന്നു പറഞ്ഞു. കണ്ട മാത്രയില്‍ ശാന്തനുവിനു അവളില്‍ പ്രേമം മൊട്ടിട്ടു. അവള്‍ ചെയ്യുന്ന പ്രവര്‍ത്തികളെ അവന്‍ ഒരിയ്ക്കലും തടയരുതെന്ന വ്യവസ്ഥയില്‍ അവളവനെ വിവാഹം കഴിച്ചു. ഏഴു കുഞ്ഞുങ്ങളുണ്ടായി. ഉണ്ടായ കുഞ്ഞുങ്ങളെ അവള്‍ നദിയിലേക്കെറിഞ്ഞു . അവളവരെ ദേവലോകത്തിലെത്തിച്ചു. എട്ടാമത്തെ കുഞ്ഞുണ്ടായപ്പോള്‍ ' അരുതെയെന്നു പറഞ്ഞ്' ശാന്തനു തടഞ്ഞു. വ്യവസ്ഥകള്‍ പാലിക്കാത്ത ശാന്തനുവിനെ ഏകനാക്കി നദിയില്‍ അവള്‍ അപ്രത്യക്ഷയായി. അവള്‍ അപ്‌സര കന്യകയായിരുന്നുവെന്ന് ശാന്തനുവിനറിയില്ലായിരുന്നു. ഗംഗയെ പ്രതീക്ഷിച്ച് നദിതീരത്തെന്നും അവന്‍ കാത്തിരിക്കുമായിരുന്നു. അവള്‍ വന്നില്ല. ദുഃഖം നിറഞ്ഞ പ്രേമത്തിന്റെ കണ്ണുനീരും ഗംഗാ നദിയില്‍ക്കൂടി ഒഴുകുന്നുണ്ട്.
ആരാണ് ഗംഗാ? അവളൊരിക്കല്‍ ഹിമാലയത്തില്‍ മഞ്ഞു കട്ടിയായിരുന്നു. ഇന്നവള്‍ വെള്ളത്തിന്റെ കാവല്ക്കാരി, വലുതും ചെറുതുമായ അനേകമരുവികള്‍ അവളില്‍ വന്നുചേരുന്നു. തപസനുഷ്ഠിക്കുന്നവരുടെ സംരക്ഷകയായി അവളെന്നും താഴ്വരകളിലും കുന്നിന്മേടുകളിലുമുണ്ട്. മീന്‍ പിടിക്കുന്ന മുക്കവരുടെ കൂട്ടുകാരിയും കുഞ്ഞുങ്ങള്‍ക്ക് കളിക്കാനുള്ള കടലാസു ബോട്ടുമാണ്.
പുരാണ ദേവിദേവ സങ്കല്പ്പങ്ങളില്‍ ഭാരതത്തിലെ നദികളെല്ലാം പുണ്യ നദികളായി കരുതുന്നു. കവികള്‍ നദികളെ സുന്ദരികളായി ചിത്രീകരിച്ചിട്ടുണ്ട്. ചിത്ര കലകളിലും സംഗീത കലകളിലും ഗംഗയും യമുനയും സരസ്വതിയും കാവേരിയും സുന്ദരികള്‍ തന്നെ. നിരവധി സംസ്ക്കാരങ്ങളുടെ ഉദയവും അസ്തമയവും ഈ പുണ്യനദിയുടെ തീരത്തുണ്ടായിരുന്നു. ഗംഗയെന്നാല്‍ ഹൈന്ദവ സംസ്ക്കാരത്തിന്റെ വൈകാരികത ഉയര്‍ത്തുന്നതാണ്. ഗംഗയുടെ തീരങ്ങളിലുള്ള ഓരോ ഭവനങ്ങളിലും പരിശുദ്ധിയുടെ ഗംഗാജലം നിറഞ്ഞ പാത്രങ്ങള്‍ കാണും. ഭക്ഷണത്തിനൊപ്പം ഗംഗാ ജലം വേണം. വീട് ശുദ്ധിയാക്കാനും ഈ പുണ്യ ജലം തളിക്കുന്നു. ആയിരക്കണക്കിന് ദേവി ദേവന്മാരുടെ പ്രതിമകള്‍ ഗംഗയുടെ ആഴങ്ങളില്‍ താക്കാറുണ്ട്.
ഗംഗാ നദി ലോക രാജ്യങ്ങളിലെ ഏറ്റവും നീളം കൂടിയ നദികളിലൊന്നാണ്. 2500 കിലോമീറ്ററോളം ഈ നദിയ്ക്ക് നീളമുണ്ട്. ഹിമാലയത്തില്‍ നിന്നാണ് നദിയുടെ ഉത്ഭവം. ബംഗാള്‍ ഉള്‍ക്കടലില്‍ അവസാനിക്കുന്നു. ഗംഗയൊഴുകുന്നത് ഹൈന്ദവരുടെ പുണ്യനഗരമായ വരണാസിയില്‍ക്കൂടിയെന്നതും നദിയുടെ പ്രത്യേകതയാണ്.
ഗംഗാനദി ഇന്ത്യയിലെ പത്തു ലക്ഷം ചതുരശ്ര മൈല്‍ വസിക്കുന്ന ജനങ്ങള്‍ക്ക് ഉപകാരപ്പെടാറുണ്ട്. 420 മില്ല്യന്‍ ജനങ്ങള്‍ ഈ നദിയെ പ്രത്യക്ഷമായും പരോക്ഷമായും പ്രയോജനപ്പെടുത്തുന്നു. അത് ഏകദേശം ഇന്ത്യയിലെ അമ്പതു ശതമാനം ജനങ്ങള്‍ക്ക് തുല്യമാണ്. ബ്രിട്ടന്റെ അഞ്ചിരട്ടി ജനസംഖ്യയ്ക്ക് തുല്യവും. ഉത്തര്‍ഖണ്ടില്‍നിന്നും തുടങ്ങി കോണ്‍പൂ ര്‍, അലഹബാദ്, വരണാസ്സി, പാറ്റ്‌നാ, ഭഗല്‍പ്പൂര്‍ പട്ടണങ്ങളില്‍ക്കൂടി ഈ നദി ഒഴുകുന്നു. മിര്‍സാപ്പൂരും കടന്ന് അവസാനം ബംഗാള്‍ ഉള്‍ക്കടലില്‍ ഗംഗാ നദി പതിക്കുന്നു.
ഗംഗാ നദിയോളം മലിനവെള്ളമൊഴുകുന്ന മറ്റൊരു നദി ലോകത്തുണ്ടാവില്ല. ലോകാരോഗ്യ സംഘടന ചുവപ്പു വര വരച്ചിരിക്കുന്ന ഗംഗയുടെ പരിസരത്തെ ദുര്‍ഗന്ധം നിറഞ്ഞ മാലിന്യങ്ങളുടെ കൂമ്പാരം മറ്റേതു നദികളിലും പരിസരങ്ങളിലും അടിഞ്ഞിരിക്കുന്നതിനേക്കാള്‍ മൂവായിരമിരട്ടി കൂടുതലായുണ്ട്. മലിനമായ വസ്തുക്കളും രാസപദാര്‍ത്ഥങ്ങളും കൂടാതെ മാരകമായ രോഗാണുക്കളും ഗംഗയുടെ പരിസരങ്ങളില്‍ തളം കെട്ടി കിടപ്പുണ്ട്. പ്രത്യക്ഷമായോ പരോക്ഷമായോ ഈ നദി ഏകദേശം 420 മില്ല്യന്‍ ജനങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. കുടി വെള്ളത്തിനും ഭക്ഷണത്തിനും കൃഷിയാവശ്യത്തിനും ജനങ്ങള്‍ ഗംഗയെയാണ് ആശ്രയിക്കുന്നത്. കൂടാതെ കോടാനുകോടി തീര്‍ത്ഥാടകരും ഗംഗയുടെ പരിസരങ്ങളില്‍ തിങ്ങി കൂടാറുണ്ട്. അവരുടെ കുളിയും ജപമാലയും പ്രാര്‍ത്ഥനയും അനുഷ്ടിക്കുന്നത് പുണ്യനദിയായ ഗംഗയുടെ പരിസരങ്ങളിലാണ്.
ദേശീയരെയും വിദേശീയരേയും ഒരുപോലെ ആകര്‍ഷിക്കുന്ന ഈ നദി എന്തുകൊണ്ട് ജുഗുപ്‌സാവഹമായ രീതിയില്‍ ദുര്‍ഗന്ധം നിറഞ്ഞിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനകള്‍ കൂടെ കൂടെ ചോദ്യം ചെയ്യാറുണ്ട്. രാഷ്ട്ര ഭരണ കൂടങ്ങള്‍ ഒന്നിനു പുറകെ ഒന്നായി കടന്നു പോയിട്ടും ഗംഗയുടെ ഈ ശോചനീയാവസ്ഥ ശ്രദ്ധിക്കപ്പെടാതെ പോയതും പരീസ്ഥിതിയെ അവഗണിക്കലായിരുന്നു. പുരാണങ്ങളില്‍ വിശുദ്ധ ജലം ഒഴികിയിരുന്ന ഗംഗാ ഇന്ന് ചീഞ്ഞളിഞ്ഞ ചപ്പ് , ചവറ്, എച്ചില്‍, ഉച്ഛിഷ്ട വസ്തുക്കളുടെ സംഭരണിയായത് രാഷ്ട്രത്തിനു തന്നെ ഒരു തലവേദനയായി മാറിയിരിക്കുന്നു.
ഗംഗയുടെ സമീപ പ്രദേശങ്ങളിലെ ഫാക്റ്ററികളിലുള്ള നിരുത്തരവാദമായി തൊഴിലില്‍ എര്‍പ്പെട്ടിരിക്കുന്നവര്‍ ഉപയോഗരഹിതമായ അസംസ്കൃത പദാര്‍ത്ഥങ്ങളും ചീഞ്ഞു മണം പിടിച്ച പാഴ്വസ്തുക്കളും ഏകദേശം ഒരു മില്ല്യന്‍ ലിറ്ററോളം ദിനംപ്രതി ഗംഗയിലേയ്ക്ക് വലിച്ചെറിയുന്നു. കഴിഞ്ഞ ഇരുപതുവര്‍ഷം കൊണ്ട് മനുഷ്യര്‍ വലിച്ചെറിയുന്ന പാഴ്വസ്തുക്കള്‍ ഗംഗാ നദിയില്‍ അനേക മടങ്ങുകള്‍ ഇരട്ടിക്കുകയും ചെയ്തു. അടുത്ത ഇരുപതു വര്‍ഷം കൊണ്ട് എറിയുന്ന പാഴായവകളുടെ അളവു നൂറിരട്ടിയാകുമെന്നും കണക്കാക്കുന്നു.
ഗംഗയുടെ തീരങ്ങളിലുള്ള ചെറുകിട വ്യവസായികളും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് നദിയ്ക്കുള്ളില്‍ തന്നെയാണ്. ലെതര്‍ വ്യവസായികളാണ് ഗംഗയിലെ പരിസരങ്ങളില്‍ കൂടുതലായുള്ളത്. പാഴായ കെമിക്കല്‍ വസ്തുക്കളും ആവശ്യമില്ലാത്ത അസംസ്കുത ഉല്‍പ്പന്നങ്ങളും അവര്‍ നിത്യേന നദിയിലേക്ക് വലിച്ചെറിയുന്നു. വരള്‍ച്ചക്കാലത്തും ഒഴുക്കില്ലാ വെള്ളത്തിലും വിഷമയങ്ങളായ രാസ വസ്തുക്കള്‍ വെള്ളത്തിന്റെ അടിഭാഗത്ത് അടിഞ്ഞുകിടക്കും. ആഗോള നിലവാരമുള്ള ഫാക്റ്ററികളും അസംസ്കൃത സാധനങ്ങള്‍ പരിസരശുദ്ധിയോടെ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങളും ഗംഗയുടെ തീരങ്ങളില്‍ നടപ്പാക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നാളിതുവരെയായും ഗൌനിച്ചിട്ടില്ല.
ജനസംഖ്യ വര്‍ദ്ധിച്ചതും വ്യവസായങ്ങളുടെ വളര്‍ച്ചയും ഗംഗാനദിയുടെ നില ഗുരുതരമാവാനും കാരണമായി. ആയിരക്കണക്കിന് മൃതദേഹങ്ങള്‍ ഗംഗയുടെ തീരത്ത് കത്തിക്കാറുണ്ട്. അനേകര്‍ മോക്ഷ പ്രാപ്തിക്കായി മൃതദേഹങ്ങള്‍ ഗംഗയില്‍ നിക്ഷേപിക്കുന്നു. അനാഥമായി അലയുന്ന ചത്ത ശരീരങ്ങളില്‍നിന്നും ആത്മാക്കള്‍ നേരിട്ട് പരമാത്മാവില്‍ പ്രാപിക്കുമെന്ന വിശ്വാസമാണ് പരമ്പരാഗതമായി അവിടെ മനുഷ്യര്‍ പുലര്‍ത്തി വരുന്നത്.
നിയമ പരമല്ലാതെ വിവാഹം കഴിക്കാത്ത സ്ത്രീകളില്‍നിന്നുമുണ്ടാകുന്ന കുഞ്ഞുങ്ങളെയും ഗംഗയില്‍ വലിച്ചെറിയാറുണ്ട്. കുടുംബത്തിന്‍റെ മാനഹാനി ഭയന്നും മരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ഗം കിട്ടുമെന്നുള്ള വിശ്വാസവുമാണ് അവിവാഹിത സ്ത്രീകളെ അത്തരം കടുംകൈകള്‍ക്ക് പ്രേരിപ്പിക്കുന്നത്. വടക്കേന്ത്യന്‍ മാമൂലുകളനുസരിച്ച് പെണ്ണായി പിറക്കുന്ന കുഞ്ഞുങ്ങള്‍ ചില കുടുംബങ്ങളുടെ ശാപമായി കരുതുന്നു. അങ്ങനെയുള്ള പെണ്‍കുഞ്ഞുങ്ങളെ ഗംഗയിലൊഴുക്കി ജീവനോടെ കൊല്ലാനും മടിക്കില്ല. രാത്രിയുടെ ഒളിവില്‍ നടക്കുന്ന ഇത്തരം ക്രൂരകൃത്യങ്ങള്‍ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനും പ്രയാസമാണ്.
ഗംഗയുടെ സമീപത്തു താമസിക്കുന്നവര്‍ പരിസരം ശുദ്ധിയായി സൂക്ഷിക്കുന്നതിന് തികച്ചും ഉദാസീനരാണ്. ചത്ത കന്നുകാലികളെയും മൃഗങ്ങളെയും വീടുകളില്‍ വേണ്ടാത്ത പാഴ്വസ്തുക്കളെയും ഗംഗയിലേയ്ക്ക് വലിച്ചെറിയും. മരിച്ചവരുടെ ശരീരങ്ങളും ഗംഗയില്‍ ഒഴുക്കാറുണ്ട്. ഗംഗയിലൊഴുകുന്ന ശവ ശരീരത്തില്‍ നിന്നും ആത്മാവ് പുനര്‍ജന്മമില്ലാതെ മുക്തി പ്രാപിക്കുമെന്ന വിശ്വാസവും ഗംഗാ ഭക്തരുടെയിടയിലുണ്ട്. നദിയില്‍ സ്‌നാനം ചെയ്യുന്നവര്‍ ശവ ശരീരം തൊട്ടു മുമ്പില്‍ക്കൂടി ഒഴുകി നടന്നാലും ഗൌനിക്കാറില്ല. ദൈവം ഒഴുകി നടക്കുന്ന പ്രേതങ്ങളുടെ ആത്മാക്കളെ വഹിക്കാന്‍ ഏതു സമയത്തും വന്നെത്തുമെന്ന വിശ്വാസമാണ് വെള്ളത്തില്‍ സ്‌നാനം ചെയ്യുന്നവര്‍ക്കുമുള്ളത്. ചത്ത മാംസ കഷണങ്ങള്‍ സ്വര്‍ഗത്തിലേക്കുള്ള ആത്മാവിന്റെ വിശാലമായ വഴിയാണെന്നുമുള്ള അന്ധവിശ്വാസവും മരിച്ചവരുടെ ബന്ധുക്കളിലുണ്ട്. ഗംഗയിലെ ദുര്‍ഗന്ധമേറിയ വെള്ളം ദൈവത്തിന്റെ മാധുര്യമേറിയ പാലും തേനുമെന്നാണ് കരുതുന്നത്.
ഗംഗയിലെ മാലിന്യങ്ങള്‍ക്ക് പ്രധാന കാരണം മനുഷ്യരുടെ അജ്ഞതയും പ്രാകൃത ചിന്തകളും അന്ധവിശ്വാസങ്ങളുമാണ്. ഗംഗയിലെ സ്‌നാനം കൊണ്ട് കുടുംബം ഐശ്വര്യവും സമ്പത്തുള്ളതുമായി തീരുമെന്ന് കുബേര ദരിദ്ര വിത്യാസമില്ലാതെ ജനം വിശ്വസിക്കുന്നു. പാപ പങ്കിലമായ സ്വന്തം ആത്മാവ് ഗംഗയിലെ സ്‌നാനത്തോടെ ശുദ്ധമാകുമെന്ന വിശ്വാസവും അവരിലുണ്ട്. കൊടും രോഗങ്ങള്‍ക്കുള്ള ശമനം തേടിയും ഗംഗാ സ്‌നാനം നിര്‍വഹിക്കുന്നു. ഗംഗയുടെ പരിസരങ്ങളിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ പ്രകൃതിയും വായുവും അന്തരീക്ഷവും മലിനങ്ങളാക്കുമെന്ന് ജനങ്ങളെ ബോധവല്‍ക്കരിച്ചാലും അവര്‍ അന്ധവിശ്വാസങ്ങളില്‍ തന്നെ ഉറച്ചു നില്‍ക്കും.
പുണ്യ നദിയായ ഗംഗയുടെ തീരങ്ങളില്‍ തീര്‍ത്ഥാടകര്‍ക്കായി താമസിക്കാനുള്ള കേന്ദ്രങ്ങളും റിസോര്‍ട്ടുകളുമുണ്ടെങ്കിലും പുണ്യം തേടി വരുന്ന യാത്രാക്കാര്‍ വഴിയോരങ്ങളില്‍ ടെന്റുകള്‍ കെട്ടി താമസം തുടങ്ങും. ചുറ്റുമുള്ള ഗംഗയുടെ തീരങ്ങളില്‍ പ്രാഥമികാവശ്യങ്ങളും നടത്തി നിരുപയോഗ വസ്തുക്കള്‍ നദിയിലേക്കും വലിച്ചെറിയും. ദിനം പ്രതി ലക്ഷക്കണക്കിനു തീര്‍ത്ഥാടകരാണ് പട്ടണത്തിലെത്തുന്നത്. ഗംഗയിലെ വെള്ളത്തില്‍ കുളിക്കുകയും തുണി കഴുകയും പൊങ്ങി നടക്കുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും കാഷ്ടം കണക്കാക്കാതെ ആ വെള്ളം കുടിക്കുകയും ചെയ്യുന്നു. നദിയിലെ മലിന വെള്ളത്തില്‍ കുളി ജപ കര്‍മ്മാദികള്‍ നടത്തുന്നതു മൂലം ആ പ്രദേശങ്ങളില്‍ ശിശു മരണം സാധാരണമാണ്. കുഞ്ഞുങ്ങളിലും പ്രായമായവരിലും ഗുരുതരമായ ത്വക്കുരോഗങ്ങളും ബാധിക്കാറുണ്ട്. മാലിന്യവും കെമിക്കലും കെട്ടി കിടക്കുന്ന പ്രകൃതിയില്‍ ജീവിക്കുന്ന കാരണം അംഗവൈകല്യവും വൈരൂപ്യവുമുള്ള കുഞ്ഞുങ്ങളും മാതാപിതാക്കള്‍ക്ക് ജനിക്കാറുമുണ്ട്.
ഗംഗയുടെ ശുചീകരണത്തിനായി സര്‍ക്കാര്‍ തീവ്രമായ തീരുമാനങ്ങള്‍ കൈക്കൊള്ളാത്ത പക്ഷം ഗംഗാ നദിയും പരിസരങ്ങളും നശിക്കാന്‍ അധിക കാലം വേണ്ടി വരില്ല. അടുത്ത കാലത്തൊന്നും ഉടനൊരു പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്നും തോന്നുന്നില്ല. സര്‍ക്കാരിന്റെ അനാസ്ഥ, ജനങ്ങളുടെ അന്ധവിശ്വാസം, രാഷ്ട്രീയക്കാരുടെ വോട്ടു ബാങ്ക് എന്നിങ്ങനെ നദീ തട പരിഷ്ക്കാരത്തിനായി തടസങ്ങളേറെയുണ്ട്. സമൂഹത്തിന്റെ എല്ലാ വിഡ്ഢിത്തരങ്ങള്‍ക്കു കൂട്ടു നില്ക്കുന്ന സര്‍ക്കാരിന്റെ മനോഭാവം മാറാത്തിടത്തോളം കാലം ഗംഗയുടെ പരീസ്ഥിതി പ്രശ്‌നങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. പകര്‍ച്ച വ്യാധികള്‍ ബാധിച്ച ചില തീര്‍ത്ഥാടകര്‍ ഗംഗയിലെ വെള്ളമുപയോഗിച്ചു് സമീപ വാസികള്‍ക്ക് കോളറാ മുതലായ മാരക രോഗങ്ങള്‍ പകര്‍ന്നു കൊടുത്തിട്ടു പോവാറുണ്ട്. ലോക രാജ്യങ്ങളും ലോകാരോഗ്യ സംഘടനകളും ലോകബാങ്കും ഗുരുതരമായ ഈ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ മുമ്പോട്ടു വന്നതുകൊണ്ട് ആശയ്ക്ക് വകയുമുണ്ട്.
ഗംഗാ നദിയെ വേണ്ടവിധം പരിരക്ഷിച്ചില്ലെങ്കില്‍ നദി തികച്ചും ഇല്ലാതാകുന്ന അവസ്ത വരുമെന്ന് ബനാറസ് യൂണിവേഴ്‌സിറ്റിയിലെ പരീസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ . സി.സി. ത്രിപാഠിയുടെ പഠന റിപ്പോര്‍ട്ടില്‍ കാണുന്നു. മൂന്നു മില്ല്യന്‍ ഗ്യാലന്‍ ഓടയില്‍ നിന്നൊഴുകുന്ന മലിന വസ്തുക്കളാണ് ഗംഗയില്‍ പതിക്കുന്നത്. ശരിയായ സംരക്ഷണം നല്കി ഇതിനെ തടയാത്ത പക്ഷം കാലാന്തരത്തില്‍ ഗംഗാനദി മുറിഞ്ഞ് ജലാശയങ്ങള്‍ നിറഞ്ഞ തടാകങ്ങളായി മാറുമെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്.
ഗംഗയോടനുബന്ധിച്ച് രണ്ട് അണക്കെട്ടുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. 1854ല്‍ ഹരിദ്വാരയില്‍ ബ്രിട്ടീഷുകാര്‍ ഒരണക്കെട്ടുണ്ടാക്കിയിരുന്നു. ഗംഗയുടെ ഉപരിതലങ്ങളില്‍ നിന്നു വരുന്ന ഈ വെള്ളം ഹിമാലയ താഴ്വരകളിലെ ഗംഗയുടെ തടാക തീരങ്ങളിലുള്ള ജനം ഉപയോഗിക്കുന്നു. അണക്കെട്ട് കാരണം ഗംഗയില്‍ വെള്ളമൊഴുക്കിനു തടസമുണ്ടാകാറുണ്ട്. ബംഗ്ലാദേശത്തെയ്ക്ക് ഒഴുകുന്ന പ്രദേശത്ത് ഹൈഡ്രോ ഇലക്ട്രിക്കില്‍ വിധത്തിലുള്ള ഒരു കൂറ്റന്‍ അണക്കെട്ട് പടുത്തുയര്‍ത്തിയിട്ടുണ്ട്. ആ അണക്കെട്ടുമൂലം ഗംഗയില്‍ ഒഴുകി നടന്ന ഡോള്‍ഫിന്‍ കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്നു. പക്ഷി മൃഗാദികളും അപ്രത്യക്ഷ്യമായിക്കൊണ്ടിരിക്കുന്നു.
നദി തടങ്ങള്‍ ഫലഭൂയിഷ്ട മായതുകൊണ്ട് ധാന്യങ്ങള്‍ സമൃദ്ധമായി വളരാറുണ്ട്. സ്വാഭാവിക വളക്കൂറുള്ള മണ്ണും പുല്ലുമുള്ളതുകൊണ്ട് ഗംഗയുടെ പരിസരത്ത് കന്നുകാലികളെ വളര്‍ത്താന്‍ അനുയോജ്യമായ ഭൂപ്രദേശമാണ്. ഇതുമൂലം നിയന്ത്രിക്കാന്‍ പാടില്ലാത്ത വിധം ലക്ഷക്കണക്കിന് ബംഗ്ലാദേശികളാണ് അനധീകൃതമായി ഗംഗയുടെ തീരങ്ങളില്‍ കുടിയേറുന്നത്.കനാലുകള്‍ വഴി ഗംഗയിലെ മലിനവെള്ളം കൃഷി ഭൂമികളിലും ഒഴുകുന്നു. ഉപനദികളിലും കനാലുകളിലും ഗംഗയിലെ മാലിന്യം ഒഴുകിയടിഞ്ഞു കൂടാറുമുണ്ട്. കൃഷി സ്ഥലങ്ങളിലേക്ക് ഗംഗയിലെ വെള്ളം കൊണ്ടുപോവുന്നതുകൊണ്ട് വേനല്‍ക്കാലമാകുമ്പോള്‍ ഗംഗാ മുഴുവന്‍ വരണ്ടിരിക്കും.
ഗംഗാ നദിയെ നാശത്തിലേക്ക് നയിക്കാന്‍ മൂന്നു കാരണങ്ങളാണ് പ്രധാനമായുമുള്ളത്. അതിനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ തീവ്രമായി നടപ്പിലാക്കേണ്ടതുണ്ട്. (1)വാരണാസിയിലും സമീപ പ്രദേശങ്ങളിലുമുള്ള ശവദാഹ പ്രക്രീയകളും ദഹിപ്പിക്കലും, അന്തരീക്ഷ മലിനീകരണമുള്‍പ്പടെ പ്രകൃതിയെ ദുരിതമാക്കാറുണ്ട്. ഗംഗയുടെ പരിസരത്തുള്ള ക്രിമേഷന്‍ ഗ്രൗണ്ടുകള്‍ ഗംഗാ ശുദ്ധികരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തടസവുമാവുന്നു. അതിനുള്ള നിവാരണ മാര്‍ഗങ്ങളും വിലയിരുത്തേണ്ടതായുണ്ട്. (2)വീടുകളിലെ ഉപയോഗമില്ലാത്ത പാഴ്വസ്തുക്കളെ ഗംഗയിലെറിയുന്ന പ്രവണത കര്‍ശനമായി നിയന്ത്രിക്കണം. അതിനായി ജനങ്ങളില്‍ ബോധവല്ക്കരണ ക്ലാസ്സുകളും നല്‍കേണ്ടതായി വരും. (3)വ്യവസായികള്‍ തള്ളി കളയുന്ന വിഷം നിറഞ്ഞ കെമിക്കലുകളും അസംസ്കൃത സാധനങ്ങളും മെറ്റലുകളും ഗംഗയില്‍ സംസ്ക്കരിക്കുന്ന പ്രവണത അവസാനിപ്പിക്കണം.
സാമ്പത്തികമായി വളരുന്ന ഇന്ത്യയോടൊപ്പം ആരോഗ്യ പരിപാലനത്തിനും മാറ്റം വരുത്തണം. അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ഗംഗാ നദിയില്‍ ശുദ്ധമായ വെള്ളം ഒഴുകിയിരുന്നുവെന്ന് അവിടുത്തെ പഴമക്കാര്‍ പറയും. ഇന്ന് ആ വെള്ളം ഉപയോഗിച്ചാല്‍ മനുഷ്യന്‍ രോഗാണുക്കള്‍ ബാധിച്ച് രോഗികളാകും. വന്‍കിട ബിസിനസുകാരെയും ഫാക്റ്ററി ഉടമകളെയും ആദ്യം നിയന്ത്രിക്കണമെന്ന് അവിടെയുള്ള ചെറുകിട ബിസിനസുകാര്‍ പറയും. സാധുക്കളെ ഉപദ്രവിക്കാനാണ് സര്‍ക്കാര്‍ കൂടുതലും താല്പര്യം കാണിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്. അടുത്ത കാലത്ത് താണ വര്‍ഗക്കാരായ ഏതാനും ദളിതരെ ഗംഗയിലെ വിശുദ്ധ ജലം എടുക്കാന്‍ അനുവദിച്ചു. അതുകൊണ്ട് സാമൂഹിക ഉച്ഛനീചത്വങ്ങള്‍ ഇല്ലാതാവുകയോ ഗംഗാ ശുദ്ധിയാവുകയോ ഇല്ലെന്നുള്ള സത്യവും ഗംഗയെ മലിനമാക്കുന്നവര്‍ ചിന്തിക്കേണ്ടതുമുണ്ട്.
ഇന്ത്യാ പുരോഗമിക്കുന്നതിനൊപ്പം ആകാശത്തില്‍ക്കൂടി ഷട്ടില്‍ സര്‍വീസ് തുടങ്ങാനും മെട്രോ പട്ടണങ്ങളുണ്ടാക്കാനും ന്യൂക്ലീയര്‍ ബോംബ് പൊട്ടിക്കാനും താല്പര്യം കാണിക്കാറുണ്ട്. എങ്കില്‍ എന്തുകൊണ്ട് മലിനം കെട്ടി കിടക്കുന്ന നമ്മുടെ പരീസ്ഥിതികളെ ശുദ്ധീകരിക്കുന്ന പദ്ധതികളാവിഷ്ക്കരിച്ചു കൂടാ? പ്രധാനമന്ത്രി മോഡിയുടെ വാഗ്ദാനങ്ങളിലൊന്ന് ഗംഗാനദി വൃത്തിയാക്കുമെന്നുള്ളതാണ്. അദ്ദേഹത്തിനത് സാധിച്ചില്ലെങ്കില്‍ ഇനി മറ്റാരിലും പ്രതീക്ഷിച്ചതുകൊണ്ട് കാര്യമില്ല. ഗംഗയുടെ പരിതാപാവസ്ഥയില്‍ നിരാശനായ പ്രധാനമന്ത്രി മോഡി പരിഹാരം കാണുമെന്ന് ഉറപ്പിച്ചു പറയുന്നു.
ഗംഗയുടെ തീരങ്ങള്‍ കാണാന്‍ ദിനംപ്രതി വിദേശികളുടെ തന്നെ വന്‍പ്രവാഹമുണ്ട്. അവിടുത്തെ ദുര്‍ഗന്ധവും പ്ലാസ്റ്റിക്ക് കൂട്ടങ്ങളും കുപ്പികളും പശുവിന്‍ ചാണകവും ദഹിപ്പിച്ച ശവശരീരങ്ങളുടെ അവശിഷ്ടവും മൃഗങ്ങളുടെ കാഷ്ടവും പാഴായ മരാമത്തു വസ്തുക്കളും അഴുക്കുകള്‍ ഒഴുകി നടക്കുന്ന ഗംഗയും കാണുമ്പോള്‍ ഈ പുണ്യഭൂമിയെ ശപിച്ചുകൊണ്ട് ഇനി ഒരിയ്ക്കലും മടങ്ങി വരില്ലന്ന് പറഞ്ഞ് അവര്‍ തിരിയെ പോവുന്നു.
പ്രഭാത സൂര്യന്റെ കിരണങ്ങളില്‍ പ്രേമത്തിന്റെ വീണയും വായിച്ചു കൊണ്ട് നിത്യവും ശാന്തനു മഹാരാജാവ് ആ നദി തീരത്തുണ്ടായിരുന്നു. അപ്‌സര കന്യകയായ ഗംഗാ അയാളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. അവള്‍ മാറ്റമില്ലാത്ത നിത്യ സുന്ദരിയായിരുന്നു. 'നീ ആരെന്ന് 'അവള്‍ അയാളോട് ചോദിച്ചു.' ഞാന്‍ ദ്വാപരയുഗത്തില്‍ ഹസ്തിനപുരം ഭരിച്ചിരുന്ന രാജാവായ ശാന്തനുവെന്നു' പറഞ്ഞു. മുമ്പില്‍ നില്ക്കുന്ന സുന്ദരി തന്റെ ഭാര്യ ഗംഗയെന്നറിഞ്ഞപ്പോള്‍ വികാര തരംഗങ്ങള്‍കൊണ്ട് ശാന്തനുവിന് സ്വയം നിയന്ത്രിക്കാന്‍ സാധിക്കില്ലായിരുന്നു. 'തന്റെ മക്കളെല്ലാം ദേവലോകത്ത് സുഖമായി കഴിയുന്നുവെന്നു പറഞ്ഞ് ' ഗംഗാ അദ്ദേഹത്തോട് യാത്ര പറഞ്ഞപ്പോള്‍ 'പ്രിയേ നീ പോവരുതെന്നും താന്‍ എകനാണെന്നും 'ശാന്തനു അവളോട് പറഞ്ഞു. ഗംഗ പറഞ്ഞു, "ഞാന്‍ മഞ്ഞുകട്ടകള്‍ തട്ടി നിരത്തി ഉയരത്തിലെ കൊടുമുടികളില്‌നിന്നും പുണ്യമായ ഈ നദിയില്‍ക്കൂടി നിന്നെ കാണാന്‍ ഒഴുകി വന്നു. അഴുക്കു ചാലുകള്‍ നിറഞ്ഞ ഗ്രാമങ്ങളും പട്ടണങ്ങളും ദുര്‍ഗന്ധം നിറഞ്ഞ കുഴികളും ഓടകളും ഞാന്‍ കണ്ടു. പാപികള്‍ ശുദ്ധമാകാന്‍ എന്നില്‍ മുങ്ങുന്നു. അവരുടെ പാപങ്ങളും ഈ നദിയില്‍ നിറച്ചു. നിന്റെ രാജ്യത്ത് താമസിക്കാന്‍ ഞാനില്ല. ദുഃഖങ്ങള്‍ നല്കിക്കൊണ്ട് അവള്‍ അവനില്‍ നിന്നും മറഞ്ഞു.