Image

പ്രേക്ഷകരെ ഹരം കൊള്ളിച്ച് 'ഐ' അതുക്കും മേലെ; ആമിര്‍ഖാന്‍ വീണ്ടും സംവിധായകനാകുന്നു

ആശ പണിക്കര്‍ Published on 17 January, 2015
     പ്രേക്ഷകരെ ഹരം കൊള്ളിച്ച്   'ഐ' അതുക്കും മേലെ;                  ആമിര്‍ഖാന്‍ വീണ്ടും സംവിധായകനാകുന്നു
             പ്രേക്ഷകരെ ഹരം കൊള്ളിച്ച്  
           'ഐ' അതുക്കും മേലെ 
തമിഴ് സിനിമാ സംവിധായകനായ ശങ്കര്‍ ഒരു സിനിമയടുക്കുന്നു എന്നു പറയുമ്പോള്‍ തന്നെ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് ഒരു വലിയ ദൃശ്യ വിസ്മയമാണ്. തന്റെ മുന്‍കാല ചിത്രങ്ങള്‍ കൊണ്ട് അത്തരത്തില്‍ പ്രതീക്ഷിക്കാന്‍ എന്നും പ്രേരിപ്പിക്കുന്ന സംവിധായകനുമാണ് അദ്ദേഹം. ഒരു സിനിമ സംവിധാനം ചെയ്യുന്നതിനായി അദ്ദേഹം എടുക്കുന്ന സമയദൈര്‍ഘ്യം തന്നെ അതിനു തെളിവാണ്. കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും അദ്ദേഹം തന്റെ സിനിമയുടെ ചിത്രീകരണത്തിനായി നീക്കി വയ്ക്കാറുണ്ട്. അങ്ങനെ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന സിനിമയെ കുറിച്ച് പ്രേക്ഷകര്‍ക്കും അഭിനേതാക്കള്‍ക്കും വലിയ പ്രതീക്ഷയായിരിക്കും. 

ഇപ്രാവശ്യവും ശങ്കര്‍ തന്റെ പതിവു തെറ്റിക്കുന്നില്ല. 'ഐ' എന്ന വിക്രമിനെ നായകനാക്കി എടുത്ത ബ്രഹ്മാണ്ഡ ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കോടികള്‍ കൊയ്ത് മുന്നേറുകയാണ്. അതുക്കും മേലെ എന്നത് ഈ ചിത്രത്തിലെ ഒരു പഞ്ച് ഡയലോഗാണ്. വര്‍ണവിസ്മയങ്ങളുടെയും സാങ്കേതിക തികവിന്റെയും ഒരാഘോഷമാണ് ഐ എന്ന ചിത്രം. 

എ.ആര്‍ റഹ്മാന്റെ സംഗീതം, ബോസ്‌കോ സീസര്‍ ഷോബി ടീമിന്റെ നൃത്ത സംവിധാനം, മുത്തുരാജിന്റെ കലാസംവിധാനം, ഊട്ടി, ചൈന എന്നിവിടങ്ങളിലെ മനോഹരമായ ലൊക്കേഷനുകള്‍ എന്നിവയെല്ലാം വളരെ സുന്ദരമായ അനുപാതത്തില്‍ ചേര്‍ത്തൊരുക്കിയ ദൃശ്യവിരുന്നാണ് 'ഐ'. ഈ ആഘോഷ ദൃശ്യങ്ങള്‍ക്കിടയിലൂടെയാണ് പ്രണയവും പ്രതികാരവും നിറഞ്ഞ റൊമാന്റിക് ത്രില്ലര്‍ ഒരുക്കിയിട്ടുള്ളത്. 
ഈ ചിത്രത്തിലെ നായകനായ വിക്രം രണ്ടു വര്‍ഷമാണ് ഈ സിനിമയ്ക്കായി മാറ്റി വച്ചത്. ആ പരിശ്രമങ്ങള്‍ പാഴായില്ലെന്ന് സിനിമ കണ്ടിറങ്ങുമ്പോള്‍ നമുക്ക് മനസിലാകും. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി തന്റെ കരിയറിലെ രണ്ടു വര്‍ഷത്തോളം സമര്‍പ്പിക്കാന്‍ തയ്യാറായ വിക്രമിനെ അഭിനന്ദിക്കാതെ തരമില്ല. മിസ്റ്റര്‍ തമിഴ്‌നാടാകാന്‍ കൊതിക്കുകയും അതിനായി കഠിന പരിശ്രമം നടത്തുകയും ചെയ്യുന്ന ലിംഗേശന്‍ എന്ന യുവാവായും വികൃതരൂപിയായുമുള്ള പരിണാമത്തിന്റെ ദൃശ്യങ്ങള്‍ തികച്ചും ഒറിജിനാലിറ്റിയോടെയാണ് വിക്രം അവതരിപ്പിച്ചിട്ടുള്ളത്. ഇത്തരം രണ്ട് വേഷപ്പകര്‍ച്ചകളിലൂടെയാണ് വിക്രം സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു ഗാനരംഗത്തില്‍ മൃഗരൂപിയായും വിക്രം വരുന്നുണ്ട്. ലിംഗേശനായും മൃഗരൂപിയായും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തിയേറ്റര്‍ ഇളകി മറിയുകയാണ്. സിനിമയ്‌ക്കൊടുവില്‍ എ ഫിലിം ബൈ ശങ്കര്‍ എന്നെഴുതി കാണിക്കുമ്പോഴും ആര്‍പ്പുവിളികളും കരഘോഷങ്ങളും നിലയ്ക്കുന്നില്ല. 'ഐ'. എന്ന ചിത്രത്തെയും അതിലെ നായകനായ വിക്രമിനെയും പ്രകേഷകര്‍ അത്രയ്ക്ക് ഇഷ്ടപ്പെട്ടു കഴിഞ്ഞു. 

'ഐ' എന്ന സിനിമയ്ക്ക് വേറെയുമുണ്ട് ഏറെ പ്രത്യേകതകള്‍. എ.ആര്‍ റഹ്മാനും ശങ്കറും ഒരുമിക്കുന്ന പത്താമത്തെ ചിത്രമാണ് 'ഐ'. പതിവു പോലെ തന്നെ യുവാക്കളെ ഹരം കൊള്ളിക്കുന്ന സംഗീതം തന്നെ ചിത്രത്തിന്റെ മൂഡിനനുസരിച്ച് റഹ്മാന്‍ ഒരുക്കിയിരിക്കുന്നു. ക്യാമറാമാന്‍ പി.സി ശ്രീറാമും ശങ്കറും ഒരുമിക്കുന്ന ആദ്യചിത്രവുമാണിത്. ചൈനീസ് സൈക്കിളിസ്റ്റ് പീറ്റര്‍ മിങ്ങിന്റെ നേതൃത്വത്തില്‍ അരങ്ങേറുന്ന ഉഗ്രന്‍ സൈക്കിള്‍ സംഘട്ടനമാണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷത. പിന്നെ ന്യൂസിലാന്‍ഡിലെ വേടാ വര്‍ക്ക്‌ഷോപ്പിന്റെ സ്‌പെഷല്‍ മേക്കപ്പ് ഇങ്ങനെ ചിത്രത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളൊരുക്കിയ അനേകം ഘടകങ്ങളുണ്ട്. മൂന്നു മണിക്കൂറിനു മേല്‍ ദൈര്‍ഘ്യമുളള സിനിമക്കു മുന്നില്‍ ബോറടിപ്പിക്കാതെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ഈ ഘടകങ്ങളെല്ലാം കൃത്യമായി ചേര്‍ത്തൊരുക്കിയതിന്റെ ഫുള്‍ ക്രഡിറ്റ് ശങ്കറിന് അവകാശപ്പെടാം
വിക്രമിന്റെ നായികയായി സിനിമയില്‍ ദിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എമിജാക്‌സണാണ്. പതിവു നായികമാരെ പോലെ നായകനൊപ്പം ആടിപ്പാടാന്‍ മാത്രമല്ല ഇതിലെ നായികയായ ദിയ എന്ന് എമിജാക്‌സണ്‍ മികവുറ്റ അഭിനയത്തിലൂടെ തെളിയിച്ചിരിക്കുന്നു. 
'ഐ' റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും ഹൗസ്ഫുള്ളായി തകര്‍ത്തോടുമ്പോള്‍ മലയാളികള്‍ക്കും അഭിമാനിക്കാന്‍ വകയുണ്ട്. ഇതില്‍ നായകനോടൊപ്പം കിടപിടിക്കുന്ന ഡോ.വാസുദേവന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നമ്മുടെ സ്വന്തം സുരേഷ് ഗോപിയാണ്. ഏറെ കാലത്തിനു ശേഷം തമിഴിലേക്ക് തിരികെയെത്തിയ സുരേഷ് ഗോപി തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സിനിമ റിലീസായതോടെ സുരേഷ് ഗോപിക്കും തമിഴ്‌നാട്ടില്‍ ഏറെ ആരാധകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞെന്നാണ് വാര്‍ത്തകള്‍. ജിംബാബുവായി സന്താനം, ഇന്ദ്ര കുമാറായി ജി.രാംകുമാര്‍, പട്ടണപാക്കം രവിയായി മിസ്റ്റര്‍ ഇന്‍ഡ്യ കാംരാജ് എന്നിവരാണ് വേഷമിടുന്നത്. മേക്കപ്പ് മാന്‍ ഓസ്താജാസ്മിന്‍ ഓജസ് രജനി എന്ന ചാന്തുപൊട്ട് കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. 
അഭിനയ ജീവിതത്തിലെ രണ്ടു വര്‍ഷങ്ങള്‍ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി സമര്‍പ്പിച്ച വിക്രമിന് പ്രേക്ഷകര്‍ അതിന്റെ പ്രതിഫലം നല്‍കിയെന്നാണ് തിയേറ്ററുകളില്‍ നിന്നുള്ള കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 


                ആമിര്‍ഖാന്‍ വീണ്ടും സംവിധായകനാകുന്നു

നീണ്ട ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ബോളിവുഡ് സൂപ്പര്‍ സ്റ്റാറായ ആമീര്‍ഖാന്‍ വീണ്ടും സംവിധാന രംഗത്തേക്കു തിരിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍. ബര്‍ഫ് എന്ന ചിത്രത്തിന്റെ സംവിധായകനായാണ് ആമീര്‍ വീണ്ടുമെത്തുന്നത് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ബോളിവുഡില്‍ പരക്കുന്നത്. 

വിവാദങ്ങളുടെ അകമ്പടിയോടെ പുറത്തിറങ്ങിയ ആമീര്‍ഖാന്റെ പി.കെ റിക്കോര്‍ഡ് കളക്ഷനുമായി മുന്നേറുന്നതിനിടയിലാണ് സംവിധായകനായി വീണ്ടുമെത്തുന്ന വാര്‍ത്തകള്‍. 
ആമീറിന്റെ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവുവാണ് പുതിയ ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. തിരക്കഥ നാലു വര്‍ഷം മുമ്പേ തയ്യാറായിരുന്നെങ്കിലും ആമിര്‍ഖാന്റെ തിരക്കുകള്‍ കാരണം ചിത്രീകരണം നീണ്ടുപോവുകയായിരുന്നു. ആമിറിന്റെ പ്രൊഡക്ഷന്‍ കമ്പനി തന്നെയാകും ചിത്രം നിര്‍മിക്കുക. ചിത്രത്തിന്റെ കഥയെ സംബന്ധിച്ച യാതൊരു വിവരവും ഇതേ വരെ പുറത്തു വിട്ടിട്ടില്ല. ഇതു സംബന്ധിച്ച കാര്യങ്ങള്‍ അങ്ങേയറ്റം രഹസ്യമാക്കി വച്ചുകൊണ്ടാകും ചിത്രീകരണം നടത്തുക എന്നാണ് ബോളിവുഡില്‍ നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. 
2007ല്‍ താരേ സമീന്‍ പര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് അമീര്‍ഖാന്‍ സംവിധാന രംഗത്തേക്കു കടക്കുന്നത്. അവതരണത്തിലും ആഖ്യാനത്തിലും പുതുമ പിടിച്ചു പറ്റിയ ചിത്രമെന്ന നിലയ്ക്ക് താരേ സമീന്‍ പര്‍ എന്ന സിനിമ അമീറിലെ പ്രതിഭ വിളിച്ചറിയിച്ചു. പഠനവൈകല്യമുള്ള കുട്ടിയുടെ കഥ പറഞ്ഞ സിനിമ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ദര്‍ശീല്‍ സഫാരി എന്ന കുട്ടിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. തുല്യപ്രാധാന്യമുള്ള വേഷത്തില്‍ അമീര്‍ഖാനും ചിത്രത്തിലഭിനയിച്ചിരുന്നു. 

                                കാര്‍ മെക്കാനിക്കായി ഉണ്ണി മുകുന്ദന്‍ 

2014ല്‍ ഇതിഹാസ എന്ന അപ്രതീക്ഷിത ഹിറ്റ് നല്‍കി പ്രേക്ഷകരെ അമ്പരപ്പിച്ച ബിനു എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനാകുന്നത് ഉണ്ണി മുകുന്ദനാണ്. കാര്‍ ഒരു പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ ഒരു മെക്കാനിക്കിന്റെ വേഷമാണ് ഉണ്ണി മുകുന്ദന്റേത്. യുവത്വത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. ഫുട്‌ബോള്‍ കളിയുടെ കഥ പറയുന്ന കെ.എല്‍ 10-പത്ത് എന്ന സിനിമയില്‍ അഭിനയിച്ചു വരികയാണ് ഉണ്ണി മുകുന്ദന്‍. 



     പ്രേക്ഷകരെ ഹരം കൊള്ളിച്ച്   'ഐ' അതുക്കും മേലെ;                  ആമിര്‍ഖാന്‍ വീണ്ടും സംവിധായകനാകുന്നു
     പ്രേക്ഷകരെ ഹരം കൊള്ളിച്ച്   'ഐ' അതുക്കും മേലെ;                  ആമിര്‍ഖാന്‍ വീണ്ടും സംവിധായകനാകുന്നു
     പ്രേക്ഷകരെ ഹരം കൊള്ളിച്ച്   'ഐ' അതുക്കും മേലെ;                  ആമിര്‍ഖാന്‍ വീണ്ടും സംവിധായകനാകുന്നു
     പ്രേക്ഷകരെ ഹരം കൊള്ളിച്ച്   'ഐ' അതുക്കും മേലെ;                  ആമിര്‍ഖാന്‍ വീണ്ടും സംവിധായകനാകുന്നു
     പ്രേക്ഷകരെ ഹരം കൊള്ളിച്ച്   'ഐ' അതുക്കും മേലെ;                  ആമിര്‍ഖാന്‍ വീണ്ടും സംവിധായകനാകുന്നു
     പ്രേക്ഷകരെ ഹരം കൊള്ളിച്ച്   'ഐ' അതുക്കും മേലെ;                  ആമിര്‍ഖാന്‍ വീണ്ടും സംവിധായകനാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക