Image

ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പയും സഭയുടെ പെറ്റു പെരുകുന്ന മുയലുകളും വിമര്‍ശനങ്ങളും (ജോസഫ്‌ പടന്നമാക്കല്‍)

Published on 27 January, 2015
ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പയും സഭയുടെ പെറ്റു പെരുകുന്ന മുയലുകളും വിമര്‍ശനങ്ങളും (ജോസഫ്‌ പടന്നമാക്കല്‍)
'മണല്‍ത്തരി പോലെ നിനക്ക്‌ സന്തതികളുണ്ടാകട്ടെയെന്ന്‌' ദൈവം എബ്രാഹമിനോട്‌ കല്‌പ്പിച്ചു. പുതിയതിലെയും പഴയതിലേയും വിശുദ്ധ വചനങ്ങള്‍ അക്ഷരംപ്രതി പാലിക്കാന്‍ യാഥാസ്ഥിതിക ലോകം അനുയായികളെ പ്രേരിപ്പിക്കും. കര്‍ദ്ദിനാള്‍ ആലഞ്ചേരി അടുത്തകാലത്ത്‌ അംഗസംഖ്യ കൂടുതലുള്ള കുടുംബങ്ങളുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടിയതും ഒരുവാര്‍ത്തയായിരുന്നു. കൂടുതല്‍ ! സന്താനോത്ഭാദനത്തിനായുള്ള അദ്ദേഹത്തിന്‍റെ ആഹ്വാനം വളരെ വിചിത്രമായിരിക്കുന്നു. ജനസംഖ്യ കുറവായിരുന്നതുമൂലം കഴിഞ്ഞ നൂറ്റാണ്ടുകളിലെ കൃഷിഭുമിയില്‍ പണിയുവാന്‍ കൂടുതല്‍ മക്കളെ മാതാപിതാക്കള്‍ക്ക്‌ ആവശ്യമായിരുന്നു. അന്നു സ്‌കൂളിലോ കോളെജിലോ പോയിട്ടുള്ളവരായി വളരെ വിരളം ജനത മാത്രമേയുണ്ടായിരുന്നുള്ളൂ. ജനം മെത്രാന്മാരുടെ രാജവിളംബരം കൈയും കെട്ടി വായുംപൊത്തി ശ്രവിക്കുമായിരുന്നു. ജനസംഖ്യ കൂടിയാല്‍ പട്ടിണികൂടും. സഭയ്‌ക്ക്‌ അവരെ ചൂഷണം ചെയ്യുകയും ചെയ്യാം. കൂടുതല്‍ വൈദികരെ സൃഷ്ടിച്ച്‌ അവരെ ആത്മീയ ജോലിക്കായി പറഞ്ഞുവിടുകയും ചെയ്യാം.

`നിനക്ക്‌ ശരിയായി കുഞ്ഞുങ്ങളെ പാലിക്കാന്‍ കഴിയുമെങ്കില്‍ മാത്രം ജനിപ്പിക്കൂ'വെന്ന്‌ മാര്‍പ്പാപ്പാ പറഞ്ഞെങ്കില്‍ അതിലുള്ള തെറ്റെന്തെന്നും മനസിലാകുന്നില്ല. ദൈവം തരുന്നുവെന്നു പറഞ്ഞ്‌ കുഞ്ഞുങ്ങളെ ചേറുനിറഞ്ഞ വെള്ളത്തിലും തെരുവുകളിലും വളര്‍ത്തണോ? നിയന്ത്രണമില്ലാതെ സ്‌ത്രീകളെക്കൊണ്ട്‌ പ്രസവിപ്പിച്ച്‌ ആരുമാരുമില്ലാത്ത കുഞ്ഞുങ്ങളെ തെരുവിന്റെ മക്കളാക്കണോ? അനാഥാലയങ്ങളില്‍ വളര്‍ത്താന്‍ അനുവദിക്കണമോ? ദൈവം കൊടുത്ത ബുദ്ധിയും വൈഭവവും ബോധവും വിനിയോഗിച്ച്‌ സന്താന നിയന്ത്രണം നടത്തുകയെന്നത്‌ മാറ്റത്തിന്റെ വഴിത്തിരിവുകൂടിയാണെന്നും സഭ നാളിതുവരെ മനസിലാക്കിയിട്ടുമില്ല. വലിയ കുടുംബം, ചെറിയ വരുമാനം, റേഷനരിയും ചേമ്പുതാളു കറികളും ദാരിദ്രവും കൊള്ളകളും, കുത്സിത പ്രചരണങ്ങളും സഭയിലെവിടെയും മുഴങ്ങി കേള്‍ക്കാം.

പ്രാചീന തത്ത്വങ്ങളിലടിയുറച്ചു വിശ്വസിക്കുന്ന സഭയുടെ മുഖച്ഛായ മാറ്റി സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും മാര്‍പ്പാപ്പയ്‌ക്ക്‌ ബുദ്ധിമുട്ടുകളുണ്ട്‌. സ്‌ത്രീത്വത്തെ മാനിക്കാത്ത തത്ത്വ ചിന്തകളില്‍ സഭയിന്നും മയങ്ങി കിടക്കുകയാണ്‌. കാലത്തിനനുയോജ്യമായി മനുഷ്യന്റെ ചിന്താ ഗതികള്‍ക്കൊപ്പം സഭ വളര്‍ന്നിട്ടില്ല. യാഥാസ്ഥിതികര്‍ തിങ്ങിക്കൂടിയിരിക്കുന്ന ഒരു പ്രസ്ഥാനത്തില്‍ ഒറ്റ ദിവസം കൊണ്ട്‌ വിപ്ലവകരമായ ഒരു മുന്നേറ്റം നടത്തിയാല്‍ സഭ പൊട്ടിത്തെറിക്കുമെന്നും മാര്‍പാപ്പാ ഭയപ്പെടുന്നുണ്ടാകാം. ഒരേ വായില്‍ നിന്ന്‌ രണ്ടുതരത്തില്‍ നയതന്ത്രം വെടിയാതെ മാര്‍പ്പാപ്പാ സംസാരിക്കുന്നു. സത്യമേതെന്ന്‌ സഭാ മക്കളെ മനസിലാക്കേണ്ടതായുമുണ്ട്‌. സഭ പുലര്‍ത്തിക്കൊണ്ടു വരുന്ന പല മാമൂലുകള്‍ക്കുമെതിരെ മാനവികതയുടെ പേരില്‍ സാഹചര്യങ്ങളനുസരിച്ച്‌ ഒരു മാര്‍പ്പാപ്പായ്‌ക്ക്‌ പലപ്പോഴും സംസാരിക്കേണ്ടതായി വരും. പട്ടിണിയും ദാരിദ്ര്യവുമായി കഴിയുന്ന ഫിലിപ്പയിന്‍ രാജ്യത്തുനിന്നുമാണ്‌ മാര്‍പ്പാപ്പാ സന്താന നിയന്ത്രണത്തെപ്പറ്റി സംസാരിച്ചത്‌.

ദരിദ്രകുടുംബം നയിക്കുന്ന ഒരാള്‍ അനേക മക്കള്‍ക്ക്‌ ജന്മം നല്‌കി തന്റെ കുട്ടികളെ അന്തസ്സോടെ തന്നെ വളര്‍ത്തിയാല്‍ അയാളെ ഭാഗ്യവാനായി കരുതാം. മക്കളും ബുദ്ധിശക്തിയ്‌ക്കൊപ്പം വിദ്യ നേടുന്നവരുമായിരിക്കണം. കുടുംബം പെറ്റു പെരുകി കുട്ടികളെ വളര്‍ത്തിയ അയാളുടെ അജ്ഞത ഒരളവുവരെ മറച്ചു വെക്കാനും സാധിക്കുന്നു. പരിഷ്‌കൃത രാജ്യങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക്‌ വളരാനുള്ള സാഹചര്യങ്ങളും ആരോഗ്യ സുരക്ഷാ പദ്ധതികളുമുണ്ടെങ്കിലും ഭൂരിഭാഗം കുടുംബങ്ങളും ചെറിയ കുടുംബങ്ങളായിട്ടാണ്‌ കഴിയുന്നത്‌. എന്നാല്‍ മൂന്നാം ലോകത്തിന്റെ ഗതി അതല്ല. ദരിദ്രനായ ഒരുവന്‌ കുഞ്ഞുങ്ങള്‍ക്ക്‌ ആരോഗ്യ രക്ഷാ, വിദ്യാഭ്യാസം, ഭക്ഷണം, വസ്‌ത്രം എന്നിവകള്‍ നല്‌കുക എളുപ്പമല്ല. മൂന്നാം ചേരി രാജ്യങ്ങളില്‍ ആവശ്യത്തിന്‌ ഭക്ഷണം ലഭിക്കാതെ കുഞ്ഞുങ്ങള്‍ ശൈശവത്തില്‍ തന്നെ മൃതിയാകുന്നു. മാറാ രോഗങ്ങളും ബാധിക്കുന്നു. അവിടെയാണ്‌ ക്രിസ്‌ത്യന്‍ കള്‍ട്ടുകള്‍ 'പെറ്റു പെരുകുക'യെന്ന സാരോപദേശങ്ങളുമായി മനുഷ്യരെ മയക്കാന്‍ നടക്കുന്നത്‌.

അനേകമനേകം കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‌കി ഊണു മേശയ്‌ക്ക്‌ ചുറ്റുമിരുത്താന്‍ ബൈബിളിലെ ദൈവം പറയുന്നു. സഭയും അതേ ദൈവിക തത്ത്വങ്ങള്‍ പ്രായോഗികമാക്കാനും ശ്രമിക്കുന്നു. മേശയില്‍ ഭക്ഷണം നിരത്തുന്നതെങ്ങനെയെന്ന്‌ സഭയ്‌ക്കറിയുകയും വേണ്ടാ. പുര നിറഞ്ഞിരിക്കുന്ന പിള്ളേരെ സംരക്ഷിക്കാനുള്ള മറ്റു കാര്യങ്ങള്‍ പറയാന്‍ ദൈവവും മറന്നു പോയി. പാറ്റാകളെ പോലെ കുഞ്ഞുങ്ങളെ മനുഷ്യജാതി പെരുപ്പിക്കുന്നുവെങ്കില്‍ ലോകത്തെ തന്നെ നശിപ്പിക്കുമെന്ന കാര്യവും മത മൌലികതയില്‍ മറക്കുന്നു. കത്തോലിക്കരും മുസ്ലിമുകളും കുടുംബാസൂത്രണത്തെ അംഗീകരിക്കില്ല. ലോകത്തിന്റെ പുരോഗതിയെ തടയുന്നുവെന്ന യാഥാര്‍ത്യവും അവര്‍ക്കറിയുകയും വേണ്ടാ. ചൈനാക്കാരുപോലും കുടുംബങ്ങളുടെ എണ്ണം നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ സഭയുടെ പെറ്റു പെരുകാനുള്ള ആഹ്വാനത്തില്‍ ഈ ഭൂമിയേയും ആധുനിക മുന്നേറ്റത്തേയും നശിപ്പിക്കുകയും ചെയ്യുന്നു.

മരുന്നുകള്‍ കണ്ടു പിടിക്കുന്നതിനു മുമ്പ്‌ വൈദ്യ സഹായം വിരളമായി ലഭിച്ചിരുന്ന കാലങ്ങളില്‍ ജനനനിരക്കുകളെക്കാള്‍ മരണനിരക്ക്‌ കൂടുതലായിരുന്നു. തന്മൂലം ജനസംഖ്യയും കുറവായിരുന്നു. ഒരു കുടുംബത്തെ സംരക്ഷിക്കാന്‍ അക്കാലങ്ങളില്‍ ആശ്രയം കൃഷി മാത്രമായിരുന്നു. കൃഷി സ്ഥലങ്ങളില്‍ വിഭവങ്ങള്‍ ഉത്ഭാദിപ്പിക്കാന്‍ കൂടുതല്‍ മനുഷ്യകരങ്ങള്‍ ആവശ്യമായിരുന്നു. ഒരു കുടുംബത്തിനാവശ്യമായ തൊഴിലാളികള്‍ ആ കുടുംബംതന്നെ 'പെറ്റു പെരുകലില്‍' നേടുമായിരുന്നു. എന്നാലിന്ന്‌ കാലം മാറി. പണ്ടു കാലങ്ങളില്‍ ആള്‍ ബലവും കൂടുതല്‍ കുഞ്ഞുങ്ങളുമുള്ള കുടുംബങ്ങളെ 'സ്റ്റാറ്റസിന്റെ അടയാളമായി കരുതിയിരുന്നു. വലിയ കുടുംബങ്ങള്‍ സഭയ്‌ക്ക്‌ അലങ്കാരമാണെങ്കിലും സാമൂഹിക വ്യവസ്ഥക്ക്‌ അതൊരു ഭീഷണിയായിരിക്കും. രാഷ്ട്ര ത്തിനും അതിനനുപാതമായി കൂടുതല്‍ വിഭവങ്ങള്‍ കണ്ടെത്തേണ്ടിയും വരും. കൂടുതല്‍ കുഞ്ഞുങ്ങളെ ഉത്ഭാദിപ്പിച്ചാല്‍ ദാരിദ്ര്യം കൊണ്ട്‌ പലരും അസന്മാര്‍ഗിക ലൈംഗിക തൊഴിലുകള്‍ക്കു വരെ പ്രേരകമായിയെന്നും വരും. സഭ വിഭാവന ചെയ്യുന്ന ദരിദ്രകുടുംബങ്ങളിലും ആത്മീയത നശിക്കുന്നതായി കാണാം. ദാരിദ്ര്യം അവരെ പുരോഹിതരും കന്യാസ്‌ത്രികളുമാകാനും മോഹിപ്പിച്ചേക്കാം. അംഗ സംഖ്യ കൂടുതലായുള്ള വലിയ കുടുംബങ്ങള്‍ സമൂഹത്തിനു ഭാരമായി ദാരിദ്ര്യത്തിലേക്ക്‌ വഴുതി പോവാനാണ്‌ സാധ്യതകളുള്ളത്‌.

മനുഷ്യന്റെ ചിന്താ ശക്തി വര്‍ദ്ധിക്കുംതോറും മതങ്ങളും ആചാരങ്ങളും അനാവശ്യമായി അനുഭവപ്പെടും. യൂറോപ്പിലും അമേരിക്കയിലും പള്ളികള്‍ പൂട്ടിക്കൊണ്ട്‌ ആ സ്ഥാനങ്ങളില്‍ മറ്റു സ്ഥാപനങ്ങള്‍ ഉയരുന്ന കാഴ്‌ചകളാണ്‌ നാം കാണുന്നത്‌. സഭയൊരിക്കലും പരിവര്‍ത്തന വിധേയമാകാതെ പഴഞ്ചനായ ആശയങ്ങളില്‍ തന്നെ ഇന്നും നിലകൊള്ളുന്നതു കാണാം. സഞ്ചരിക്കുന്നതും മൂന്നു നൂറ്റാണ്ടുകളപ്പുറത്തുള്ള കാലഘട്ടത്തില്‍ തന്നെയാണ്‌. മാറ്റം വരുത്താതെ ആധുനികതയുടെ മുന്നേറ്റത്തില്‍ സ്വയം ശവക്കുഴി തോണ്ടി ബലഹീനമായി കൊണ്ടിരിക്കുന്ന സഭ വര്‍ത്തമാന ചരിത്രമായും മാറിക്കഴിഞ്ഞു.

മാര്‍പ്പാപ്പായുടെ മനിലായിലെ യാത്രയ്‌ക്കിടയില്‍ അദ്ദേഹം പറഞ്ഞ അഭിപ്രായങ്ങളുടെ മീതെ വിമര്‍ശനങ്ങളുണ്ടായതും സഭാ തലപ്പത്തുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. `കത്തോലിക്കര്‍ തങ്ങളുടെ മക്കളെ നേരായ രീതിയില്‍ വളര്‍ത്താന്‍ കഴിവില്ലാത്തവരെങ്കില്‍ കുഞ്ഞുങ്ങളുടെ എണ്ണം കുറയ്‌ക്കുന്നതായിരിക്കും അഭികാമ്യമെന്ന്‌` മാര്‍പ്പാപ്പാ പറഞ്ഞിരുന്നു. മനിലയില്‍ നിന്നും മാര്‍പ്പായുടെ റോമിലേക്കുള്ള മടക്കയാത്രയ്‌ക്ക്‌ മുമ്പായി എട്ടാമത്തെ കുഞ്ഞിനെ പ്രതീഷിക്കുന്ന ഒരു സ്‌ത്രീയോട്‌ മാര്‍പ്പാപ്പാ ചോദിച്ചു, `മറ്റേഴു കുഞ്ഞുങ്ങളെയും അനാഥ ശാലകളില്‍ വളര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?` 'കത്തോലിക്കരെ മുയലുകളെപ്പോലെ പെറ്റു പെരുകാന്‍ അനുവദിക്കരുതെന്ന ' മാര്‍പ്പാപ്പായുടെ വാക്കുകള്‍ ലോക മാധ്യമങ്ങളില്‍ വിവാദങ്ങളാവുകയും ചെയ്‌തു.

മനിലായില്‍വെച്ച്‌ മാര്‍പാപ്പാ പറഞ്ഞ അഭിപ്രായം ലഘുകരിച്ച്‌ വ്യത്യസ്‌തമായി അദ്ദേഹം വീണ്ടും പറഞ്ഞു, `കുഞ്ഞുങ്ങള്‍ കുടുംബങ്ങള്‍ക്ക്‌ ദൈവത്തിന്റെ ദാനമാണെന്ന്‌ അവര്‍ക്കറിയാം; ഓരോ കുഞ്ഞും സൃഷ്ടി കര്‍ത്താവിന്റെ അനുഗ്രഹമാണ്‌. വിഭവങ്ങള്‍ കുറഞ്ഞ കുടുംബങ്ങളില്‍ കുഞ്ഞുങ്ങളുണ്ടാകും തോറും ലളിതമായ ജീവിതം നയിക്കാനിടയാകുന്നു. എങ്കിലും വലിയ കുടുംബം ദാരിദ്ര്യത്തിലേക്ക്‌ നയിക്കും. ലോക സമ്പത്തുകള്‍ വിതരണം ചെയ്‌തിരിക്കുന്നത്‌ നീതി പൂര്‍വ്വമല്ല. ഇന്ന്‌ ആഗോള തലത്തില്‍ പ്രകടിതമായിരിക്കുന്ന സാമ്പത്തിക അസമത്വങ്ങള്‍ക്കു കാരണം മനുഷ്യന്‍ പണത്തെ ദൈവമായി കാണുന്നതുകൊണ്ടാണ്‌. സമ്പത്തുകള്‍ ശരിയായ വിതരണത്തിന്റെ അഭാവത്തില്‍ ദാരിദ്ര്യം വര്‍ദ്ധിക്കാനിടയാക്കി. പണത്തിനെ ദൈവമായി മനുഷ്യന്‍ പൂജിക്കുന്നത്‌ ലോകത്തിന്റെ അസമാധാനത്തിനും കാരണമാണ്‌.`

ഭ്രൂണഹത്യ പാപമാണെന്നുള്ള വത്തിക്കാന്റെ നിലപാട്‌ കുറെയെങ്കിലും മനസ്സിലാക്കാന്‍ സാധിക്കും. പക്ഷേ മറ്റു ഗര്‍ഭനിരോധന മാര്‍ഗങ്ങളെ എതിര്‍ക്കുന്നതിന്‍റെ യുക്തി മനസ്സിലാകുന്നില്ല. ഒരു പുരുഷന്‍ ഓരോ സെക്കന്‍റിലും കോടാനുകോടി ബീജങ്ങളെ പുറപ്പെടുവിക്കും. അത്‌ തലയില്‍നിന്നു ജീവനുള്ള തലമുടി പൊഴിയുന്നതുപോലെയേയുള്ളൂ. ബീജകോശം അണ്ഡകോശത്തിലെത്താതെ എങ്ങനെ ജീവന്‍ തുടിക്കും.സ്വാഭാവികമായ ഗര്‍ഭനിവാരണ മാര്‍ഗങ്ങള്‍ സഭ നിര്‍ദേശിക്കുന്നുണ്ടെങ്കിലും പ്രകൃതി വിരുദ്ധമായ 'കോണ്ടം' 'ഗര്‍ഭ നിരോധക ഗുളികകള്‍' വിലക്കിയിരിക്കുകയാണ്‌. കത്തോലിക്കാ സഭ വാസ്‌തവത്തില്‍ സഭാമക്കളെ പഠിപ്പിക്കുന്നത്‌ കടും ക്രൂരതയാണ്‌. ഗര്‍ഭ നിരോധക നിയന്ത്രണങ്ങള്‍ പാടില്ലായെന്ന സഭയുടെ നിര്‍ദ്ദേശം ഭൂമിയിലേക്ക്‌ വരുന്ന കോടാനുകോടി കുഞ്ഞുങ്ങളെ ദാരിദ്ര്യത്തിലേക്ക്‌ നയിക്കാന്‍ പ്രേരണ നല്‌കുന്നു. കാലഹരണപ്പെട്ട മൗലിക തത്ത്വങ്ങളുമായി മുമ്പോട്ടു പോകുന്ന സഭ കുടുംബാസൂത്രണ പദ്ധതികളെ നിരോധിക്കുന്നതുകൊണ്ട്‌ വേണ്ടാതെ ജനിക്കുന്ന ബില്ല്യന്‍ കണക്കിന്‌ കുഞ്ഞുങ്ങളുടെ യാതനകള്‍ കണ്ടില്ലെന്നു നടിക്കുകയും ചെയ്യും. വിശക്കുന്ന വയറുകള്‍ക്ക്‌ ഭക്ഷണം നല്‌കാനും തയാറല്ല. അവര്‍ക്ക്‌ പാര്‍ക്കാന്‍ വീടുകളില്ലെങ്കില്‍ സഭയ്‌ക്കെന്ത്‌ ? അള്‍ത്താരയില്‍ നിന്ന്‌ പുരോഹിതന്‍ വിളിച്ചു പറയും ,'ആകാശത്തിലെ പറവകളെ നോക്കൂ, അവ വിതയ്‌ക്കുന്നില്ല, കൊയ്യുന്നില്ല`. വിശുദ്ധ പുസ്‌തകത്തില്‍ നിന്ന്‌ ദരിദ്രരെ ആശ്വസിപ്പിക്കാന്‍ പുരോഹിതന്‍ വചനങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കും. പക്ഷെ അതൊന്നും വിശക്കുന്നവന്റെ വിശപ്പടങ്ങില്ല. വളരുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യ പരിപാലനവും വിദ്യാഭ്യാസവും എങ്ങനെ നടക്കുമെന്നും സഭയ്‌ക്കറിയേണ്ട ആവശ്യമില്ല. ഇത്തരം ജീവിതത്തിന്റെ നാനാവശങ്ങളെപ്പറ്റി ചിന്തിച്ച്‌ സഭയുടെ കണ്ണ്‌ തുറപ്പിക്കാന്‍ ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പാ ശ്രമിക്കുന്നുവെങ്കില്‍ അതില്‍ എന്തു തെറ്റാണുള്ളത്‌? മുമ്പുള്ള മാര്‍പ്പാമാര്‍ ഇത്തരം പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ അവതരിപ്പിക്കില്ലായിരുന്നു.

മാര്‍പ്പാപ്പ ഒരേ അഭിപ്രായങ്ങള്‍ വ്യത്യസ്ഥമായി സംസാരിക്കുന്നത്‌ പരിഭ്രാന്തിയും വിസ്‌മയങ്ങളുമുണ്ടാക്കാം. മനിലായില്‍ മാര്‍പ്പാപ്പാ മാനുഷിക മൂല്യങ്ങള്‍ കണക്കാക്കുന്ന ഒരു സാധാരണ പുരോഹിതനെപ്പോലെ സംസാരിച്ചെങ്കില്‍ റോമില്‍ അദ്ദേഹം സഭയുടെ പാരമ്പര്യ മൂല്യങ്ങളെ മുറുകെപ്പിടിച്ചു സംസാരിക്കുന്നു. മുമ്പുള്ള മാര്‍പാപ്പാമാര്‍ സഭയുടെ തത്ത്വ സംഹിതകള്‍ ആദ്യം സംസാരിച്ചെങ്കില്‍ ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പാ ഒരു സാധാരണ വ്യക്തിയെന്ന നിലയില്‍ യുക്തിബോധത്തോടെ ജനം സ്വീകരിക്കാന്‍ സ്വന്തം അഭിപ്രായങ്ങളാണ്‌ ആദ്യം സംസാരിക്കാറുള്ളത്‌.

സഭയുടെ പാരമ്പര്യമായി പുലര്‍ത്തി വരുന്ന ചില വിശ്വാസങ്ങള്‍ക്കെതിരെ ഒരു മാര്‍പാപ്പാ സംസാരിക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ അവരുടെ യുക്തിപോലെ വിമര്‍ശിക്കാനും തുടങ്ങും. ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പാ യാഥാസ്ഥിതികനോ മനോവിശാല ചിന്തകനോ ആരുമായിക്കൊള്ളട്ടെ, മഹാനായ ഒരു മാര്‍പ്പാപ്പയുടെ അഭിപ്രായ സ്വാതന്ത്ര്യം മാനിച്ചേ തീരൂ. വൈവിധ്യമാര്‍ന്ന രണ്ടു ചിന്താഗതികളില്‍ ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പാ ആരെന്നു ചോദിച്ചാല്‍ ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പാ, ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പായെന്നേ ഉത്തരം പറയാന്‍ സാധിക്കുള്ളൂ.അവിടെ അദ്ദേഹത്തിന്‍റെ വ്യക്തിപ്രഭാവത്തില്‍ മറ്റൊരാളില്ല. സഭയുടെ നയങ്ങള്‍ ഒരു വ്യക്തിയില്‍ രൂപീകരിച്ചതല്ല. നൂറ്റാണ്ടുകളായി കാലത്തിനനുസരിച്ച്‌ അനേകരുടെ ചിന്തകളില്‍ നിന്നും ഉദിച്ചതാണ്‌. ആധുനിക ചിന്തകളുടെ ഒഴുക്കിനഭിമുഖമായി സഞ്ചരിക്കുന്ന മാര്‍പ്പാപ്പായുടെ വാക്കുകള്‍ ഒരു പക്ഷെ മത മൗലിക വാദികളുടെ അഭിപ്രായങ്ങള്‍ക്കെതിരായിരിക്കാം. വിശുദ്ധ ഗ്രന്ഥങ്ങളില്‍ പഴങ്കാല ജനങ്ങള്‍ എഴുതിപ്പിടിപ്പിച്ച വചനങ്ങളെ യാഥാസ്ഥികരായവര്‍ ആരാധിക്കുന്നു. യേശുവിന്റെ ചൈതന്യം കാലത്തിന്റെ ഒഴുക്കില്‍ സഞ്ചരിക്കേണ്ടതാണ്‌. ലോകത്തിലുള്ള സകല അസമാധാനങ്ങള്‍ക്കും കാരണം 'സോദോം ഗോമോറയും ഉല്‌പ്പത്തിയും' മുറുകെ പിടിച്ചു നടക്കുന്ന മൗലിക വാദികളാണ്‌. പുരോഹിതരും വചനങ്ങളും മാത്രമേ അത്തരക്കാരുടെ അറിവില്‍ ഉള്‍ക്കൊണ്ടിട്ടുള്ളൂ. ലോകത്തിന്റെ പുരോഗമനമോ, ശാസ്‌ത്രത്തിന്റെ നേട്ടങ്ങളോ മനുഷ്യരുടെ ചിന്താശക്തിയുടെ വളര്‍ച്ചയോ അറിയാനവര്‍ മെനക്കെടുകയുമില്ല.

സഭയുടെ പാരമ്പര്യ വിശ്വാസങ്ങളില്‍ സ്വവര്‍ഗ രതി കടുത്ത പാപമായി കരുതുന്നു. `ഞാനാരാണ്‌, അവരെ വിധിക്കാനെന്നു മാര്‍പ്പാപ്പാ പറയുന്നു`. സ്വവര്‍ഗ രതി കഠിനമായ പാപമായിട്ടാണ്‌ മുമ്പുള്ള മാര്‍പ്പാപ്പാമാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്‌. എന്നാല്‍ മറ്റുള്ള പുരോഹിതരുടെ ലൈംഗിക ചേഷ്ടകളെ ചോദ്യം ചെയ്യാന്‍ ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പാ തയ്യാറല്ല. സ്‌നേഹവും ദയയും മാര്‍പ്പാപ്പാ അവരോടു പ്രകടിപ്പിക്കുകയാണ്‌. യേശു ഒരിക്കലും സ്വവര്‍ഗാനുരാഗികള്‍ക്കെതിരെ സംസാരിച്ചിട്ടില്ല. സാധാരണ യാത്രകള്‍ക്കിടയിലാണ്‌ മാര്‍പ്പാപ്പാ സ്വയം മാര്‍പ്പാപ്പായെന്നത്‌ മറന്നു കൊണ്ട്‌ ആധുനിക ചിന്തകള്‍ സംസാരിക്കാറുള്ളത്‌. മാനുഷിക മൂല്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു നല്ല മനുഷ്യനായി വിവേകമുള്ളവര്‍ അപ്പോഴെല്ലാം മാര്‍പ്പാപ്പയെ കാണുന്നു. യാത്രയ്‌ക്കിടയില്‍ സഭയുടെ തത്ത്വങ്ങള്‍ പാടേ മറന്നുപോയതുപോലെയും അദ്ദേഹം സംസാരിക്കുന്നു. `സ്വവര്‍ഗ രതിക്കാര്‍ നന്മയെ തേടുന്നുവെങ്കില്‍, ദൈവത്തെ അന്വേഷിക്കുന്നുവെങ്കില്‍ അവരെ ചോദ്യം ചെയ്യാന്‍ ഞാന്‍ ആരാണെ'ന്ന്‌ മാര്‍പ്പാപ്പാ ചോദിച്ചതും തന്റെ ബ്രസീല്‍ യാത്രയ്‌ക്കിടയിലായിരുന്നു.

ബനഡിക്‌റ്റ്‌ മാര്‍പ്പാപ്പാ സ്വവര്‍ഗാനുരാഗികളെ വ്യത്യസ്‌തമായ ഒരു കാഴ്‌ച്ചപ്പാടില്‍ കണ്ടിരുന്നു. `പുരുഷനും പുരുഷനും സ്‌ത്രീയും സ്‌ത്രീയും തമ്മിലുള്ള രതി ലീലകളെ അദ്ദേഹം സഭയുടെ സന്മാര്‍ഗങ്ങള്‍ക്കെതിരായും പാപമായും കരുതിയിരുന്നു. സ്വവര്‍ഗ രതിയില്‍ ഉറച്ചു നില്‍ക്കുന്നവന്‍ സഭയില്‍ പുരോഹിതരാകരുതെന്ന കാഴ്‌ചപ്പാടായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്‌. സ്വവര്‍ഗക്കാര്‍ പുരോഹിതരാകണമെന്ന്‌ ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പാ ഒരിക്കലും പറഞ്ഞിട്ടില്ല. സഭയുടെ തത്ത്വത്തില്‍ പ്രകൃതി വിരുദ്ധമായ ഏതു ലൈംഗികതയും പാപം തന്നെയാണ്‌. പക്ഷെ മാര്‍പ്പാപ്പായുടെ ഇംഗ്ലീഷിലെ 'ഗേയ്‌ ' എന്ന പദം പലരിലും ആശയക്കുഴപ്പങ്ങളുണ്ടാക്കി. ബിഷപ്പുമാര്‍ തമ്മിലും അതിന്റെ പേരില്‍ ശക്തിയേറിയ വാദ പ്രതി വാദങ്ങള്‍ ഉണ്ടാവുകയും ചെയ്‌തു. ബ്രഹ്മചര്യം കാക്കാതെ സ്വവര്‍ഗരതികളില്‍ പങ്കാളികളായ പുരോഹിതരെ സഭ അംഗീകരിക്കണമോയെന്നതും വിവാദങ്ങളായി മാറിയിരുന്നു. ദൈവത്തിന്റെ ചൈതന്യത്തെ ചോദ്യം ചെയ്‌തപ്പോഴാണ്‌ ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പ അങ്ങനെയൊരുത്തരം പറഞ്ഞത്‌. ദൈവത്തിന്റെ കണക്കു കൂട്ടലുകളില്‍ നിസാരനായ മനുഷ്യന്‌ എങ്ങനെ ദൈവത്തിന്റെ നിശ്ചിതമായ രൂപഭാവാദികളെ ചോദ്യം ചെയ്യാന്‍ സാധിക്കും? ദൈവം നല്‌കുന്ന അന്തിമമായ വിധി തീരുമാനിക്കുന്നത്‌ മനുഷ്യരോ? ബൌദ്ധികമായുള്ള ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പായുടെ ചിന്താഗതികളില്‍ മത മൗലിക വാദികള്‍ ആകുലരാണ്‌. ബൈബിളിലെ വചനങ്ങളുമായി അടഞ്ഞ മനസുമായി ചിന്തിച്ചാല്‍ മാര്‍പാപ്പായുടെ അഭിപ്രായങ്ങളില്‍ നീരസമേ തോന്നുകയുള്ളൂ. സ്വവര്‍ഗം പാപമാണെന്നുള്ള തന്റെ മുന്‍ഗാമിയുടെ അഭിപ്രായത്തെ മാര്‍പ്പാപ്പാ തിരുത്താന്‍ തയ്യാറാകുമെന്നും തോന്നുന്നില്ല. സ്‌ത്രീകള്‍ക്ക്‌ പൌരാഹിത്യം കൊടുക്കാന്‍ പാടില്ലായെന്നു പറഞ്ഞുകൊണ്ട്‌ ജോണ്‍ പോള്‍ രണ്ടാമനും അവര്‍ക്കെതിരെ വാതിലുകളടച്ചിരുന്നു.

വിദ്യാഹീനരും മനസ്ഥിരതയില്ലാത്തവരും ദാരിദ്ര്യം കൊണ്ട്‌ കഷ്ടപ്പെടുന്നവരും മില്ല്യന്‍ കണക്കിന്‌ കുഞ്ഞുങ്ങളെയാണ്‌ ജനിപ്പിക്കുന്നത്‌. അവരില്‍ അനേകര്‍ തെരുവിന്റെ സന്തതികളായും വളരുന്നു. ആ കുഞ്ഞുങ്ങള്‍ ജീവിതത്തിലെ എല്ലാ ദുരിതങ്ങളും ദുഃഖങ്ങളും തങ്ങളുടെ വളര്‍ച്ചയ്‌ക്കൊപ്പം സഹിക്കുന്നു. വളരുന്ന പെണ്‍ക്കുട്ടികളെ വേശ്യാ വൃത്തിക്കും പ്രേരിപ്പിക്കുന്നു. വചനം മാത്രം ജീവിതമായി തെരഞ്ഞെടുത്ത മതമൗലിക വാദികളുടെ കള്‍ട്ടുകള്‍ സമൂഹത്തോടും രാഷ്ട്രത്തോടും ദ്രോഹമാണ്‌ ചെയ്യുന്നത്‌. ബില്ല്യന്‍ കണക്കിന്‌ സ്ഥാവര ജംഗമ സ്വത്തുക്കള്‍ കൈവശം വെച്ചിരിക്കുന്ന മതമേധാവികളുടെ സ്വത്തുക്കള്‍ക്ക്‌ നികുതിയും കൊടുക്കേണ്ടാ. നികുതിയില്‍ നേടുന്ന ഈ സൌജന്യം ആഫ്രിക്കയിലെയും മെക്‌സിക്കോയിലെയും കുട്ടികളുടെ ക്ഷേമത്തിനായി നീക്കി വെയ്‌ക്കരുതോ? ജനസംഖ്യ വര്‍ദ്ധിക്കുംതോറും ദാരിദ്ര്യത്തിനു പുറമേ വിഭവങ്ങളുടെ അപര്യാപ്‌തതയുമുണ്ടാകും. രാജ്യത്തെ തന്നെ അത്‌ സാമ്പത്തിക മാന്ദ്യത്തിലെത്തിക്കുന്നു.

സ്വയം യുക്തിബോധത്തോടെ ചിന്തിക്കാന്‍ കഴിവുള്ളവര്‍ കുഞ്ഞുങ്ങളെ പെരുപ്പിച്ച്‌ ലോകം മുഴുവന്‍ എത്യോപ്യാപോലെ പട്ടിണിരാജ്യങ്ങളാക്കണോ? എന്തേ, വിശക്കുന്ന വയറുകളില്‍ സഭയുടെ ക്രൂരത നിറച്ച ആത്മനികൃഷ്ടികരണമോ? മനുഷ്യനു ചിന്തിക്കുവാന്‍ കഴിവു തന്നിരിക്കുന്നതു വിവേകപൂര്‍വ്വം നല്ലതിനെ തിരിച്ചറിയാനാണ്‌. ബിബ്ലിക്കല്‍ക്കാലത്ത്‌ ഗര്‍ഭനിരോധക ഉപാധികള്‍ ഉണ്ടായിരിന്നില്ലല്ലോ? ബൈബിളിന്‌ എതിരല്ലാത്ത സ്ഥിതിക്കു പിന്നെ എന്തിനാണ്‌ വത്തിക്കാന്‍റെ ഈ കടുംപിടിത്തം. സ്‌ത്രീത്വത്തിന്‍റെ മൌലികതയെ ഇവര്‍ ചോദ്യം ചെയ്യുകയാണ്‌. സ്‌ത്രീയല്ലയോ; അവളെ അടിച്ചമര്‍ത്തപ്പെട്ടാലും ഭക്തിയാദരവകളോടെ കൈയും കൂപ്പി നിന്നു കൊള്ളുമെന്ന ഒരു ചിന്താഗതിയും പൌരാഹിത്യ മേധാവിത്വത്തിനുണ്ട്‌. സ്വതന്ത്രമായ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ ആര്‍ക്കുമവകാശമുണ്ട്‌. മാനുഷിക മൂല്യങ്ങളില്‍ വിശ്വസിച്ച്‌ മാര്‍പ്പാപ്പാ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞതില്‍ യാഥാസ്ഥിതിക ലോകം ദുഖിതരാവേണ്ടതില്ല. സത്യവും ധര്‍മ്മവും അന്വേഷിക്കുന്നവര്‍ അഭിപ്രായങ്ങളും തുറന്നു പറയും. സഭ വിശ്വസിക്കുന്ന കാലഹരണപ്പെട്ടതായ പഴഞ്ചന്‍ തത്ത്വങ്ങള്‍ക്ക്‌ ശാസ്‌ത്രത്തില്‍ യാതൊരു സ്ഥാനവുമില്ല. സഭയിന്നും സഞ്ചരിക്കുന്നത്‌ മൂന്നൂറു വര്‍ഷം മുമ്പുള്ള പുറകോട്ടുള്ള കാലഘട്ടത്തില്‍ക്കൂടിയെന്നും ചിന്തിക്കണം.
ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പയും സഭയുടെ പെറ്റു പെരുകുന്ന മുയലുകളും വിമര്‍ശനങ്ങളും (ജോസഫ്‌ പടന്നമാക്കല്‍)
ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പയും സഭയുടെ പെറ്റു പെരുകുന്ന മുയലുകളും വിമര്‍ശനങ്ങളും (ജോസഫ്‌ പടന്നമാക്കല്‍)

ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പയും സഭയുടെ പെറ്റു പെരുകുന്ന മുയലുകളും വിമര്‍ശനങ്ങളും (ജോസഫ്‌ പടന്നമാക്കല്‍)

ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പയും സഭയുടെ പെറ്റു പെരുകുന്ന മുയലുകളും വിമര്‍ശനങ്ങളും (ജോസഫ്‌ പടന്നമാക്കല്‍)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക