Image

മോദിയുടെ അഹങ്കാരത്തിന് 'ആപ്പടിച്ചു' (ഷോളി കുമ്പിളുവേലി)

ഷോളി കുമ്പിളുവേലി Published on 11 February, 2015
മോദിയുടെ അഹങ്കാരത്തിന് 'ആപ്പടിച്ചു' (ഷോളി കുമ്പിളുവേലി)
നരേന്ദ്രമോഡിക്ക് ഈ എട്ടിന്റെ പണി അനിവാര്യമായിരുന്നു! മോദിയുടെയും അദ്ദേഹത്തിന്റെ തേരാളി അമിത്ഷായുടെയും അഹംഭാവത്തിന് കിട്ടിയ ചൂലു കൊണ്ടുള്ള അടി !! അതേ സമയം അഴിമതിയില്‍ കുടുംബവാഴ്ച നടത്തിയ സോണിയഗാന്ധിയോടും മക്കളോടുമുള്ള ജനങ്ങളുടെ അമര്‍ഷം ഇനിയും മാറിയിട്ടില്ല. ഇതെല്ലാമാണ് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് സ്വപ്നത്തില്‍പോലും വിചാരിക്കാത്ത വിജയം നല്‍കിയത്.

ഡല്‍ഹി എന്നത് കേവലം എഴുപത് നിയമസഭാമണ്ഡലങ്ങളുള്ള ചെറിയൊരു സംസ്ഥാനം മാത്രമല്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ വസിക്കുന്ന, അതായത് ഇന്ത്യാ മഹാരാജ്യത്തിന്റെ ഒരു പരിഛേദമാണ് ഡല്‍ഹി. നമ്മുടെ മലയാളികള്‍ ഡല്‍ഹിയിലുണ്ട്. അതുപോലെ ഓരോ സംസ്ഥാനങ്ങളില്‍ നിന്നും ജനങ്ങള്‍ ഡല്‍ഹിയില്‍ ജീവിക്കുന്നു. അപ്പോള്‍ ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം, ആ സംസ്ഥാനത്തില്‍ മാത്രമൊതുങ്ങുന്നതല്ല, മറിച്ച് കഴിഞ്ഞ 8-9 മാസങ്ങളിലെ നരേന്ദ്രമോദിയുടെ ഭരണത്തില്‍ വിലയിരുത്തലായി കൂടി കണക്കാക്കേണ്ടിവരും.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജാതി-മത ചിന്തകള്‍ക്കതീതമായി, ഇന്ത്യയിലെ ജനങ്ങള്‍ നരേന്ദ്രമോദിയില്‍ അര്‍പ്പിച്ച വിശ്വാസം, പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ഇല്ലാതായിരിക്കുന്നു. വെറുമൊരു വാചകമടിക്കാരന്‍ മാത്രമായി അദ്ദേഹം ചുരുങ്ങിപ്പോയി ! വി.എച്ച് .പിയുടെയും ആര്‍.എസ്.എസ്സിന്റെയും നേതൃത്വത്തില്‍ ഇന്ത്യയിലുടനീളം മതന്യൂനപക്ഷങ്ങളെ 'ഘര്‍വാപസി'യുടെ പേരില്‍ വെല്ലുവിളിച്ചവരും, അവരുടെ ആരാധനായങ്ങല്‍ തകര്‍ത്തതും മോദി കണ്ടില്ലായെന്നു നടിച്ചു. അത് മതന്യൂനപക്ഷങ്ങളെ ഇന്ത്യയിലാകമാനം മോദിയില്‍ നിന്നുമകറ്റി. നൂറുദിവസം കൊണ്ട് തേനും പാലുമൊഴുക്കുമെന്ന് പറഞ്ഞിട്ട്, വിലക്കയറ്റത്തിന്റെ പ്രഹരമാണ് ജനങ്ങള്‍ക്ക് സമ്മാനിച്ചത്. ആണവക്കരാറില്‍ മുമ്പ് കോണ്‍ഗ്രസിനെ വിമര്‍ശച്ച മോദി, ഇപ്പോള്‍ അതേ കരാറുമായി മുന്നോട്ടുപോകുന്നു. കള്ളപ്പണക്കാരെ വെളിച്ചത്തു കൊണ്ടു വരുമെന്നും, കള്ളപ്പണം കണ്ടുകെട്ടുമെന്നൊക്കെ പറഞ്ഞവര്‍ കൈയ്യിലിരിക്കുന്ന ലിസ്റ്റ് പുറത്തുവിടാതെ പൂഴ്ത്തി. അങ്ങനെ 'അബാദിയുടെയും', അംബാനിമാരുടെയും മാത്രം സംരക്ഷകരായി മാറി.(കഴിഞ്ഞ ദിവസം പത്രങ്ങള്‍ ചില പേരുകള്‍ ചോര്‍ത്തി പുറത്തുവിട്ടിരുന്നു. അത് അവരുടെ മിടുക്ക്).

സ്വജനപക്ഷപാതവും, കുടുംബവാഴ്ചയുമാണ് കഴിഞ്ഞ പത്തുവര്‍ഷം മന്‍മോഹന്‍സിങ്ങ് എന്ന പാവത്തിനെ മുന്നില്‍ നിര്‍ത്തി അമ്മയും മകനും മകളും മരുമകനും എല്ലാവരും കൂടി നടത്തിയത്. ജനം ഒന്നും മറന്നിട്ടില്ല ! കോണ്‍ഗ്രസ് ഡല്‍ഹിയില്‍ അധികാരത്തില്‍ വന്നാല്‍ വീണ്ടും ഇതെല്ലാം തുടരുമെന്ന് ജനം ഭയക്കുന്നു.

ഇവിടെയാണ് ഒരു മൂന്നാം മുന്നണിയുടെ പ്രസക്തി. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ബദലായി ഒരു മതേതര ജനാധിപത ്യമുന്നണി ഉയര്‍ന്നു വരണം. ആ മുന്നേറ്റത്തില്‍ ആം ആദ്മി പാര്‍ട്ടിക്കും വലിയ പങ്കുവഹിക്കാനാകും. സ്വന്തം കാല്‍ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത്  ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ തിരിച്ചറിയണം. ആ തിരിച്ചറിവ് പുതിയൊരു രാഷ്ട്രീയ ധ്രുവീകരണത്തിന് ഇന്ത്യയില്‍ വഴിവെച്ചേക്കും.
അടിക്കുറിപ്പ്

കേരളത്തിലും ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടത്തിയാല്‍, ഡല്‍ഹിയില്‍ കോണ്‍ഗ്രസിനു കിട്ടിയ അതേ വട്ടപൂജ്യം തന്നെയായിരിക്കും ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും ഇവിടെയും കിട്ടുക. പക്ഷേ, അതു നടക്കണമെങ്കില്‍ പിണറായി വിജയനും ജയരാജന്മാരുമൊക്കെ ജനങ്ങളോട് ഇടപഴകാന്‍ പഠിക്കണം ! കെജരിവാളിന്റെ എളിമയും വിനയവും കണ്ടു പഠിക്കണം ! ഒന്നുമില്ലെങ്കിലും നന്നായി. ഒന്നു ചിരിക്കാനെങ്കിലും പഠിക്കണം. അത്രമാത്രം മതി ! ! !



മോദിയുടെ അഹങ്കാരത്തിന് 'ആപ്പടിച്ചു' (ഷോളി കുമ്പിളുവേലി)
Join WhatsApp News
ajy 2015-02-11 16:33:06
ഇതില്‍  പറഞ്ഞത്  പതനത്തിന്റെ  റീസണ്‍  മാത്രമാണ് .. പുതിയ  ഭരണം  എന്തുമാത്രം  ജനങ്ങളില്‍  ഇറങ്ങി ചെല്ലുമെന്ന്  അനുസ്സരിച്ചിരിക്കും ബാക്കി  കാര്യങ്ങള്‍ ..എല്ലാ  പാര്‍ടിയിലും  നല്ല ബുദ്ധിയും  കഴിവും ഉള്ള നേതാക്കള്‍ ഉണ്ട് .. എന്നാല്‍  അത് ഉപയോഗിക്കുന്നില്ല  എന്നുമാത്രം ..ചത്ത കോച്ചിന്‍റെ ജാതകം വായിക്കാതെ  ഒന്ന് ചേര്‍ന്ന്  മനുഷ്യര്‍ക്ക്‌  വേണ്ടി  അവരുടെ   ഉന്നമനത്തിനു  പ്രവര്‍ത്തിച്ചാല്‍  നന്ന് ..( മിടുക്കരാണേല്‍  ചുവന്ന തെരുവ്  ഒന്ന് പൂട്ടി കാണിക്ക )
Common man 2015-02-11 17:10:11
Very Good. Modi deserve it. What about K M Mani ? He should resign...we need a sweep inKerala politics too... comme on and join for that.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക