Image

വേലിക്കകത്ത്‌ കിട്ടുന്ന പണി (അനില്‍ പെണ്ണുക്കര)

Published on 04 March, 2015
വേലിക്കകത്ത്‌ കിട്ടുന്ന പണി (അനില്‍ പെണ്ണുക്കര)
അച്ചുതാനന്ദനു ഇപ്പോള്‍ കണ്ടക ശനി ആണെന്ന്‌ തോന്നുന്നു. കൈ വയ്‌ക്കുന്നതെല്ലാം ഗുളികന്‍ കൊണ്ടുപോകുന്നു. പണ്ട്‌ വി എസ്‌ ഒരു കേസ്‌ കൊടുത്താല്‍ പണി ഉറപ്പായിരുന്നു. അത്‌ ശെരിക്കും അറിഞ്ഞ 2 പേര്‍ ബാലകൃഷ്‌ണ പിള്ളയും കുഞാലിക്കുട്ടിയുമാണ്‌. എന്നാല്‍ കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നപോലെയായി കാര്യങ്ങള്‍..

സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളിയത്‌ വി എസ്സിന്‌ കിട്ടിയ പുതിയ പണി. പാമോലിന്‍ കേസിനു പിന്നാലെ വി.എസ്‌. അച്യുതാനന്ദന്‌ നീതിപീഠത്തില്‍ നേരിടുന്ന രണ്ടാമത്തെ തിരിച്ചടിയായി ഈ വിധി. സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്റെ നടപടികള്‍ പൂര്‍ത്തിയായി വരികയുമാണ്‌. അന്വേഷണ സംഘം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ മറ്റൊരു ഏജന്‍സിയെക്കൊണ്ട്‌ കേസ്‌ അന്വേഷിപ്പിക്കണമെന്ന്‌ ആവശ്യപ്പെടാന്‍ കേസുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയെന്ന നിലയ്‌ക്ക്‌ വി.എസിന്‌ അധികാരമില്ല. സിബിഐ അന്വേഷണം സാധൂകരിക്കുന്ന ശക്തമായ കാരണങ്ങളൊന്നും ചൂണ്ടിക്കാണിക്കാന്‍ വി എസിന്‌ കഴിഞ്ഞിട്ടില്ല. സോളാര്‍ തട്ടിപ്പില്‍ സംസ്ഥാന സര്‍ക്കാരിന്‌ സാമ്പത്തിക നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചു. അതാണ്‌ ഉമ്മച്ചന്റെ ബുദ്ധി.

സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട്‌ പൊലിസ്‌ രജിസറ്റര്‍ ചെയ്‌ത 34 കേസുകള്‍ സിബിഐ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ വിഎസ്‌ ഹൈക്കോടതിയെ സമീപിച്ചത്‌. പ്രതികളുടെ ഉന്നതതല ബന്ധം അന്വേഷണ വിധേയമാക്കിയിട്ടില്ലെന്നു ഹരജിയില്‍ ആരോപിച്ചിരുന്നു. സംസ്ഥാന പൊലിസിന്റെ കുറ്റാന്വേഷണ വിഭാഗമായ െ്രെകംബ്രാഞ്ചിന്റെ അന്വേഷണം അട്ടിമറിച്ചു. അന്വേഷണം നിഷ്‌പക്ഷമായിരുന്നില്ല. കേസുമായി ബന്ധപ്പെട്ട ഒത്തുതീര്‍പ്പിന്‌ എവിടെ നിന്നു പണം ലഭിച്ചെന്നോ തട്ടിപ്പു നടത്തിയ പണം എവിടെ പോയെന്നോ അന്വേഷിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സിബിഐയും ഡയറക്‌റ്ററേറ്റ്‌ ഓഫ്‌ റവന്യു ഇന്റലിജന്‍സും എന്‍ഫോഴ്‌സ്‌മെന്റും ഇന്‍കംടാക്‌സ്‌ വിഭാഗവും സംയുക്തമായി അന്വേഷിക്കണമെന്നും വി എസ്‌ ആവശ്യപ്പെട്ടിരുന്നു.പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ വി. എസ്‌ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളിയിരുന്നു.

പ്രതിപക്ഷനേതാവെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്‌ച വച്ചയാളാണ്‌ വി.എസ്‌ അച്യുതാനന്ദന്‍. ആ പോരാട്ടവീര്യത്തിന്റെ കയ്‌പുനീര്‍ പലതവണ കുടിച്ച ഭരണപക്ഷത്തിനു പോലുമുണ്ടാവില്ല അക്കാര്യത്തില്‍ സംശയം. പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞ പല കാര്യങ്ങളോടും മുഖ്യമന്ത്രിക്കസേരയിലിരുന്നു നീതിപുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഭരണപക്ഷത്തെ തുറന്നുകാണിക്കുകയെന്ന പ്രതിപക്ഷ ദൗത്യം ഭംഗിയായി നിര്‍വഹിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്‌. നിയമസഭയുടെ പരിമിതികള്‍ക്കപ്പുറത്തേക്കു കടന്ന്‌ നിയമപോരാട്ടത്തിന്റെ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തി വി.എസ്‌ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വന്‍ വാര്‍ത്താപ്രാധാന്യമാണു നേടിയത്‌. ഈ പോരാട്ടത്തിലൂടെ നേടിയെടുത്ത അഴിമതി വിരുദ്ധ പ്രതിച്ഛായ മധ്യവര്‍ഗ സമൂഹത്തില്‍ സൃഷ്ടിച്ച അനുഭാവം ചെറുതല്ല. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും രാഷ്ട്രീയ വോട്ടുകള്‍ക്കപ്പുറം വി.എസിനെ കേന്ദ്രീകരിച്ച്‌ രൂപം കൊണ്ട വോട്ട്‌ ബാങ്ക്‌ ഇടതുമുന്നണിയെ സഹായിച്ചത്‌ ഈ സ്വാധീനത്തിന്റെ വ്യക്തമായ തെളിവാണ്‌. അഴിമതിക്കേസില്‍ ആര്‍. ബാലകൃഷ്‌ണപിള്ള ശിക്ഷിക്കപ്പെട്ടത്‌ വി.എസിന്റെ നിയമപോരാട്ട ചരിത്രത്തിലെ ശ്രദ്ധേയമായ ഒരേടാണ്‌. വി.എസിനെപ്പോലൊരാള്‍ കേരള രാഷ്ട്രീയത്തില്‍ വേണമെന്ന്‌ ശത്രുചേരിയിലെ ചിലര്‍ പോലും ചിന്തിക്കുന്ന തരത്തില്‍ സ്വയം അടയാളപ്പെടുത്താനായത്‌ ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ വലിയൊരു നേട്ടം തന്നെയാണ്‌. എന്നാല്‍ ജനാധിപത്യ സംസ്‌കാരത്തിന്റെ സുപ്രധാന ഘടകമായ പ്രതിപക്ഷബഹുമാനം ഒട്ടുമില്ലാത്ത നേതാവെന്ന വിശേഷണവും അദ്ദേഹം നേടിയെടുത്തിട്ടുണ്ട്‌. രാഷ്ട്രീയ ശത്രുക്കളെ പകയോടെ വിടാതെ പിന്തുടരുന്നു എന്ന ആരോപണം വി.എസിനെതിരേ ഉയരാന്‍ തുടങ്ങിയിട്ടു കാലമേറെയായി. രാഷ്ട്രീയമായി എതിര്‍ചേരിയില്‍ നില്‍ക്കുന്നവര്‍ മാത്രമല്ല സ്വന്തം പാര്‍ട്ടിയിലെ ചില പ്രമുഖരും ഈ അഭിപ്രായം പങ്കുവയ്‌ക്കുന്നുണ്ട്‌. അതു ശരിയാണെന്നു പൊതുസമൂഹത്തിലെ വലിയൊരു വിഭാഗം വിശ്വസിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന്‌ നിരന്തരം ഉണ്ടാകുന്നുമുണ്ട്‌. ഏറ്റവുമൊടുവില്‍ പരമോന്നത നീതിപീഠവും ഇതു ഭാഗികമായെങ്കിലും ശരിവച്ചിരിക്കയാണ്‌. പാമോലിന്‍ കേസില്‍ രാഷ്ട്രീയ ലാഭത്തിനു വേണ്ടി കേസ്‌ അനാവശ്യമായി വലിച്ചുനീട്ടാന്‍ ശ്രമിക്കുന്ന അദ്ദേഹം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണെന്ന ഗുരുതരമായ ആരോപണമാണ്‌ കോടതി വാക്കാല്‍ ഉന്നയിച്ചിരിക്കുന്നത്‌.

കേസില്‍ ഹൈക്കോടതിയുടെ വിധിപ്പകര്‍പ്പ്‌ ഹാജരാക്കുന്നതിന്‌ വി.എസിന്റെ അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതില്‍ അതൃപ്‌തി രേഖപ്പെടുത്തിക്കൊണ്ടാണ്‌ പാമോലിന്‍ കേസില്‍ കോടതിയുടെ പരാമര്‍ശം. പുതിയ രേഖകളുണ്ടെന്നു പറഞ്ഞ്‌ അടിക്കടി കോടതിയെ സമീപിക്കുകയും അത്‌ യഥാസമയം ഹാജരാക്കാതെ കേസ്‌ നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്യുന്നത്‌ അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കിയ കോടതി, ഇതു തുടര്‍ന്നാല്‍ വി.എസിനെതിരേ വിധി പുറപ്പെടുവിക്കേണ്ടി വരുമെന്ന താക്കീതും നല്‍കിയിയിരുന്നു . വൈരനിര്യാതന ബുദ്ധിയോടെയും രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ടും കേസുകള്‍ കുത്തിപ്പൊക്കിക്കൊണ്ടുവന്ന്‌ ജനതയ്‌ക്കു നീതി ലഭ്യമാക്കേണ്ട നീതിപീഠത്തിന്റെ വിലപ്പെട്ട സമയം പാഴാക്കുന്നതിനെതിരേയുള്ള ശക്തമായ താക്കീതാണു കോടതി പരാമര്‍ശം. വി.എസ്‌ നടത്തിയ കേസുകളില്‍ ചിലത്‌ അഴിമതിക്കും അനീതികള്‍ക്കുമതിരായ പോരാട്ടത്തിനപ്പുറം വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളവയാണെന്ന്‌ സംശയിക്കപ്പെടുന്ന തരത്തിലുള്ളവയായിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ ഐസ്‌ക്രീം കേസ്‌. ഈ കേസില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ കോടതിക്കകത്തും പുറത്തും നിരന്തര പോരാട്ടത്തിലായിരുന്നു വി.എസ്‌. ഇതുമായി ബന്ധപ്പെട്ട്‌ കോടതികളിലെത്തിയ കേസുകള്‍ ഓരോന്നായി തള്ളിപ്പോയിട്ടും പുതിയ കേസുകളുമായി വി.എസ്‌ വിടാതെ പിന്തുടര്‍ന്നു. പിന്നീട്‌ അദ്ദേഹം മുഖ്യമന്ത്രിക്കസേരയില്‍ കാലാവധി തികച്ചിട്ടും സര്‍ക്കാര്‍ തലത്തില്‍ ഒരു നീക്കവും നടത്താതെ തെരഞ്ഞെടുപ്പടുത്തപ്പോള്‍ ചില ചാനല്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ കേസ്‌ വീണ്ടും കുത്തിപ്പൊക്കാന്‍ ശ്രമിച്ചത്‌ വിവാദം സൃഷ്ടിച്ചിരുന്നു. ആ നീക്കങ്ങളൊന്നും എങ്ങുമെത്തിയില്ല. പാമോലിന്‍ കേസിലും ഇതേ രീതിയാണ്‌ അദ്ദേഹം സ്വീകരിച്ചത്‌.

എസ്‌.എന്‍.സി ലാവ്‌ലിന്‍ കേസില്‍ സ്വന്തം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരേ രഹസ്യ നീക്കങ്ങള്‍ നടത്തിയതായും ആരോപണമുയരുകയുണ്ടായി. കേസുകള്‍ നടത്തുന്നതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന നന്ദകുമാറുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധങ്ങളും വിവാദത്തിനിടയാക്കി. ഇത്തരം കേസുകളില്‍ വി.എസിന്റെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ചുയര്‍ന്ന വിമര്‍ശനങ്ങള്‍ തീര്‍ത്തും അസ്ഥാനത്തല്ലെന്നു കരുതാന്‍ ഇടനല്‍കുന്നതാണ്‌ സുപ്രിം കോടതിയുടെ പരാമര്‍ശങ്ങള്‍. രാഷ്ട്രീയ വിയോജിപ്പുകളുടെ ആരോഗ്യകരമായ ഏറ്റുമുട്ടല്‍ ജനാധിപത്യത്തിന്റെ നട്ടെല്ലാണ്‌. എന്നാല്‍ അതിനുമുണ്ട്‌ ചില മര്യാദകള്‍. അത്‌ രാഷ്ട്രീയ വിയോജിപ്പുകളുടെ തലം വിട്ട്‌ വ്യക്തിവൈരാഗ്യത്തിലേക്കും സുതാര്യമല്ലാത്ത രാഷ്ട്രീയ ലക്ഷ്യങ്ങിലേക്കും കടക്കുമ്പോള്‍ ജനാധിപത്യപ്രക്രിയ പരിഹാസ്യമാകും. അതുതന്നെയാണ്‌ പരമോന്നത നീതിപീഠം പറയാതെ പറഞ്ഞിരിക്കുന്നത്‌. അതുകൊണ്ടു തന്നെ ഈ പരാമര്‍ശങ്ങള്‍ക്ക്‌ വി.എസിന്റെ പ്രവര്‍ത്തനങ്ങളോടുള്ള വിമര്‍ശനത്തിനപ്പുറം തലങ്ങളുണ്ട്‌.
വേലിക്കകത്ത്‌ കിട്ടുന്ന പണി (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക