Image

പുന്നത്തൂര്‍ക്കോട്ടയില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി -60:ജോര്‍ജ്‌ തുമ്പയില്‍)

Published on 08 March, 2015
പുന്നത്തൂര്‍ക്കോട്ടയില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി -60:ജോര്‍ജ്‌ തുമ്പയില്‍)
ആനകള്‍ എന്നാല്‍ മലയാളിയുടെ വിസ്‌മയമാണ്‌. അഴകോടെ ഒരുക്കിയിറക്കുന്ന ആനയെ കാണാന്‍ ദേശ ദേശങ്ങളില്‍ നിന്നെല്ലാം ജനമൊഴുകിയിറങ്ങും. നെറ്റിപ്പട്ടവും തിടമ്പുമേറ്റിയ ഗജകേസരികള്‍ ഒരുപാടുണ്ട്‌ കേരളത്തില്‍. ഇതില്‍ ഏറ്റവും പ്രശസ്‌തനായിരുന്ന ഗുരുവായൂര്‍ കേശവനെ അറിയാത്ത മലയാളികള്‍ ചുരുക്കം. മൂടന്‍കല്ലേല്‍ കുടുംബത്തിലെ പാമ്പാടി രാജന്‍ എന്ന ഗജകേസരിയെ കണ്ടാണ്‌ ഞാന്‍ വളര്‍ന്നു വന്നത്‌. ചെറുപ്പകാലത്തൊക്കെ ചങ്ങലയും കിലുക്കി പാമ്പാടി രാജന്‍ വരുന്ന വരവ്‌ കാണാന്‍ ഞങ്ങള്‍ കാത്തു നിന്നിരുന്നു. തലയെടുപ്പിന്റെ അഴകില്‍ രാജന്‍ ഞങ്ങളുടെ നാട്ടിലെ ഹീറോ ആയിരുന്നു. അന്നു തുടങ്ങിയ ആനപ്രേമം മനസ്സില്‍ അങ്ങനെ കിടക്കുമ്പോഴായിരുന്നു തൃശൂരില്‍ നിന്ന്‌ എന്റെ പ്രിയ സുഹൃത്ത്‌ അരവി എന്ന അരവിന്ദാക്ഷന്‍ വിളിച്ചത്‌. ജീവിതായോധനത്തിനായി മുംബൈയില്‍ ആയിരുന്ന കാലം മുതല്‍ക്കു തുടങ്ങിയ സ്‌നേഹബന്ധമാണ്‌ ഞങ്ങളുടേത്‌. പിന്നീട്‌ അദ്ദേഹം കുവൈറ്റില്‍ പോയി ഗള്‍ഫ്‌ റിട്ടേണ്‍ ആയി ഇപ്പോള്‍ ജീവിതം ആസ്വദിക്കുന്നു. അമേരിക്കയില്‍ നിന്നും ഒരു അവധിക്കാലത്തുള്ള വരവില്‍ ഞങ്ങള്‍ തൃശൂരില്‍ ഒന്നിക്കാമെന്നു നേരത്തെ നിശ്ചയിച്ചതാണ്‌. എങ്കില്‍ പിന്നെ പുന്നത്തൂര്‍ക്കോട്ടയും കാണാം അരവിയേയും കാണാം എന്നു തീരുമാനിക്കുകയായിരുന്നു. ആളൊരു ആന പ്രേമിയാണത്രേ. ആനകളെ കാണാനായി മാത്രമാണ്‌ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കുള്ള മാസം തോറുമുള്ള വരവ്‌. ഗുരുവായൂരപ്പനെ കാണുന്നതു പോലെ തന്നെ അരവി ഓരോ ആനയെയും മനസ്സാ നമസ്‌ക്കരിക്കുന്നു. അയാള്‍ക്ക്‌ ആനകളോടു പ്രേമമല്ല, ഭക്തിയാണുള്ളതെന്നു തോന്നി.

ഗുരുവായൂരിലെ ആനക്കോട്ടയായ പുന്നത്തൂര്‍കോട്ട കാണാനാണ്‌ അരവിയുടെ ക്ഷണം. ഇവിടെ 59 ആനകളെ സംരക്ഷിക്കുന്നുണ്ട്‌. അതും ഏതാണ്ട്‌ 19 ഏക്കറില്‍. ആനക്കുട്ടിയായ ഗുരുവായൂര്‍ അയ്യപ്പന്‍ കുട്ടി മുതല്‍ ഉത്സവപ്പറമ്പുകളിലെ നായകവേഷങ്ങളായ ഇന്ദ്രസേനന്‍, നന്ദന്‍, വലിയ കേശവന്‍ വരെ ഇവിടെ തലയെടുപ്പോടെ വാഴുന്നു. ശേഷാദ്രി, ദാമോദരന്‍, ദാസ്‌, ഗോകുല്‍, അനന്തനാരായണന്‍ തുടങ്ങി കേരളത്തിലെ ആനപ്രേമികളുടെ ഇഷ്ടപാത്രമായ, ഇവിടുത്തെ കാരണവരായ ഗജരത്‌നം ഗുരുവായൂര്‍ പത്മനാഭന്‍ വരെ ഉള്‍പ്പെട്ട വലിയ നിരകളാണ്‌ ഇവിടെയുള്ളത്‌.

ചാവക്കാട്‌ നിന്ന്‌ ഗുരുവായൂര്‍ ക്ഷേത്രം ചുറ്റി ഞാന്‍ പുന്നത്തൂര്‍ക്കോട്ടയിലേക്ക്‌ യാത്രതിരിക്കുമ്പോള്‍ സമയം രാവിലെ ഒന്‍പതു മണിയാകുന്നതേ ഉണ്ടായിരുന്നുള്ളു. ലഘു ഭക്ഷണം മാത്രം കഴിച്ചു. കോട്ടയ്‌ക്ക്‌ മുന്നില്‍ എത്തുമ്പോള്‍ അവിടെ സന്ദര്‍ശകരുടെ വലിയ തിരക്ക്‌ കണ്ടു. ഇത്രമാത്രം ആനപ്രേമികള്‍ കേരളത്തിലുണ്ടോയെന്നു സംശയിച്ചു പോയി. എല്ലാ ദിവസവും ഇതാണ്‌ സ്ഥിതിയത്രേ. ഒമ്പതു മണി മുതല്‍ ഇവിടേക്ക്‌ ടിക്കറ്റ്‌ കൊടുത്തു തുടങ്ങിയിരുന്നു. അരവി എന്നെ കാത്ത്‌ അവിടെ തന്നെയുണ്ടായിരുന്നു. കുശാലാന്വേഷണത്തിനു ശേഷം ഞങ്ങള്‍ അനുസരണയുള്ള സന്ദര്‍ശകരായി ക്യൂവിന്റെ പിന്നില്‍ നിന്നു. അകത്തു കയറിയപ്പോള്‍ ശരിക്കും ജ്യൂറാസിക്ക്‌ പാര്‍ക്കില്‍ ചെന്നതു പോലെ. ആനകളുടെ സംസ്ഥാന സമ്മേളനമാണോയെന്നു സംശയിച്ചു. ഇതാദ്യമായാണ്‌ ഞാന്‍ ആനകളുടെ കൂട്ടത്തെ ഇത്ര അടുത്തു കാണുന്നത്‌. ഒന്നും രണ്ടും പത്തുമല്ല, അമ്പതിലേറെ ആനകള്‍. തലയെടുപ്പോടെ കൂട്ടം കൂട്ടമായി നില്‍ക്കുകയാണത്‌. രാവിലെ ഭക്ഷണത്തിനുള്ള തുടക്കമാണ്‌. പാപ്പാന്മാര്‍ ഓരോരുത്തരെയായി ഭക്ഷണത്തിനു മുന്നില്‍ എത്തിക്കുന്നു. ആ സമയത്ത്‌ ആനയെ കെട്ടിയിടുന്ന തറി എന്ന സ്ഥലം വൃത്തിയാക്കുന്ന തിരക്കിലായിരുന്നു മറ്റുള്ളവര്‍. ഓരോ ആനയെയും കുളിപ്പിച്ചു കുറി തൊടുപ്പിച്ചു നല്ല സുന്ദരക്കുട്ടപ്പന്മാരാക്കിയിട്ടുണ്ട്‌. ഓരോരുത്തരുടെയും കഴുത്തില്‍ അവരുടെ പേരുകള്‍ എഴുതി കെട്ടിത്തൂക്കിയിട്ടിട്ടുണ്ട്‌. ഞാനും അരവിയും മുന്നില്‍ കണ്ട ഓരോരുത്തരുടെയും പേരുകള്‍ വായിച്ചു. ബാലു, അനന്തനാരായണന്‍, മുകുന്ദന്‍, ജൂണിയര്‍ മാധവന്‍ കുട്ടി... അങ്ങനെ പേരുകള്‍ വായിച്ചു കൊണ്ടിരിക്കവേ സന്ദര്‍ശകര്‍ക്ക്‌ തുമ്പിക്കൈ ഉയര്‍ത്തി സലാം പറഞ്ഞ്‌ ഓരോരുത്തരായി തങ്ങളുടെ താവളത്തിലേക്ക്‌ മടങ്ങി. അവിടെ കണ്ട വൃത്തിയായിരുന്നു ഏറ്റവും അഭിനന്ദനീയം. ആനകള്‍ക്ക്‌ എല്ലാം തന്നെ ആവശ്യത്തിന്‌ വെള്ളവും ഭക്ഷണവും ലഭിക്കുന്നുണ്ടെന്നു വ്യക്തം. ഗുരുവായൂര്‍ ദേവസ്വത്തിനു വകയായതു കൊണ്ടാവും ഇവിടെ നില കൊണ്ടിരുന്നത്‌ ഭക്തിസാന്ദ്രമായ ഒരു അന്തരീക്ഷമായിരുന്നു. ഞാന്‍ ചില ചിത്രങ്ങള്‍ പകര്‍ത്തി ആനയുടെ ചെയ്‌തികള്‍ സാകൂതം വീക്ഷിച്ചു കൊണ്ടിരുന്നു.

അല്‍പ്പം കഴിഞ്ഞപ്പോള്‍ ആന ഡോക്ടര്‍ വന്നു. ഡെയ്‌ലി ഉള്ള മെഡിക്കല്‍ ചെക്കപ്പിനുള്ള പുറപ്പാടാണ്‌. അദ്ദേഹത്തിനൊപ്പം വേറെ രണ്ടു മൂന്നു പേരുമുണ്ട്‌. എല്ലാവരും ഓരോ ആനയുടെയും അടുത്തു ചെല്ലുന്നു. അടിമുടി പരിശോധിക്കുന്നു. വലത്തെ കൊമ്പില്‍ തലോടി ആനയോടു കുശലം പറയുന്ന ഡോക്ടര്‍. ഞാന്‍ വേലിക്കെട്ടിനു പുറത്തു നിന്ന്‌ ഇത്‌ ശ്രദ്ധിച്ചു കൊണ്ടേയിരുന്നു. പാപ്പാനാട്‌ സംസാരിച്ച്‌ ഓരോ ആനയ്‌ക്കും നിത്യേനയുള്ള രണ്ടു ഡോസ്‌ മരുന്നു ഡോക്ടറുടെ സാന്നിധ്യത്തില്‍ തന്നെ നല്‍കുന്നു. പുന്നത്തൂര്‍കോട്ടയില്‍ മദം വരുന്ന ആനകളെ ചികിത്സിക്കുന്നത്‌ വേറൊരു ഭാഗത്താണ്‌. ആനകള്‍ക്ക്‌ മദകാലത്തിനു മുന്‍പുള്ള നീരുകാലം മുതല്‍ സുഖ ചികിത്സയാണ്‌. ഇത്രമേല്‍ പണം മുടക്കം ആനകളെ ചികിത്സിക്കുന്ന വേറൊരു സ്ഥലവും ഇന്ത്യയിലില്ലെന്ന്‌ അരവി പറഞ്ഞു.

മദപ്പാടിനു പുറമേ, പാദ രോഗമാണ്‌ ആനകള്‍ക്ക്‌ പൊതുവേ വരാറുള്ള ഒരു അസുഖമെന്നു അരവി പറഞ്ഞു. അതിനെ വേറെ മാറ്റി ചികിത്സിക്കുന്നത്‌ അരവി കാണിച്ചു തന്നു. കുറച്ചു നേരത്തെ സംഭാഷണം കൊണ്ട്‌ ആളൊരു ആന വിദഗ്‌ധനാണെന്ന്‌ എനിക്ക്‌ മനസ്സിലായി. ശരിക്കും മാതംഗകേസരി. മദപ്പാടുള്ള ആനകളെ ചികിത്സിക്കുന്നത്‌ ശരിക്കും ഒരു കാഴ്‌ചയാണത്രേ. അതിനു വേണ്ടി ലക്ഷങ്ങളാണ്‌ ഇവിടെ ചെലവഴിക്കുന്നത്‌. അതു കാണാന്‍ വേണ്ടി മാത്രം ആനപ്രേമികളായ സന്ദര്‍ശകര്‍ വിവിധ ജില്ലകളില്‍ നിന്നും ഇവിടെ എത്തുമെന്നു അരവി പറഞ്ഞു. ഞാന്‍ ഗ്യാലറിയില്‍ ഉണ്ടായിരുന്ന ഓരോരുത്തരെയായി നോക്കി. എല്ലാവരും ആനകളുടെ ചെയ്‌തികള്‍ നോക്കികാണുന്ന സന്തോഷത്തിലാണ്‌. മലയാളികളുടെ ആനപ്രേമം കാണാന്‍ തൃശൂര്‍ പൂരത്തിനല്ല, ശരിക്കും പുന്നത്തൂര്‍ കോട്ടയിലാണ്‌ വരേണ്ടതെന്നു തോന്നി...

ആനകളെ സംരക്ഷിക്കാന്‍ പുന്നത്തൂര്‍ കൊട്ടാരം കേന്ദ്രമാക്കി ആനക്കോട്ട ഒരുക്കിയതു തന്നെ വലിയ ചരിത്രമാണെന്നു അരവി പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗുരുവായൂരപ്പന്‌ സ്വന്തമായി ഒരു ആനപോലും ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു. ഇതില്‍ ഭക്തരേറെ ദുഃഖിതരായിരുന്നു. കോഴിക്കോട്‌ സാമൂതിരിയായിരുന്നു അന്ന്‌ ക്ഷേത്രത്തിന്റെ ഭരണം നടത്തിയിരുന്നത്‌. ക്ഷേത്രാചാരങ്ങള്‍ മുടക്കമില്ലാതെ നടത്തുന്നതില്‍ ഏറെ ശ്രദ്ധാലുവായിരുന്നു സാമൂതിരി. ക്ഷേത്രത്തിലേക്ക്‌ ഉത്സവത്തിനും മറ്റും ആനകളെ കൊണ്ടുവന്നിരുന്നത്‌ കൊച്ചി മഹാരാജാവിന്റെ നേതൃത്വത്തിലുളള തൃക്കണ്ണാമതിലകം ക്ഷേത്രത്തില്‍ നിന്നായിരുന്നു. ഒരുവേള സാമൂതിരിയും കൊച്ചിരാജാവും തമ്മില്‍ സ്‌പര്‍ധയിലായി. അതുകൊണ്ടുതന്നെ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക്‌ ആനയെ നല്‍കേണ്ടെന്ന്‌ കൊച്ചി രാജാവ്‌ തീരുമാനിക്കുകയായിരുന്നു. ഗുരുവായൂര്‍ ഉത്സവം നടക്കുന്ന സമയത്തായിരുന്നു ഇത്‌. ഉത്സവം എങ്ങനെ നടത്തുമെന്ന ആശങ്കയിലായി സാമൂതിരിയും ഭക്തരും. ഉത്സവക്കൊടിയേറ്റ്‌ ദിവസം രാവിലെ ആനയില്ലാതെ ശീവേലി നടത്തേണ്ട സ്ഥിതിവരെയെത്തി. ഉത്സവ കൊടിയേറ്റത്തിനും ആനയുണ്ടാകില്ലെന്ന ആശങ്ക പരന്നതോടെ ഭക്തര്‍ ഏറെ ദുഃഖത്തിലായി. ഇങ്ങനെ ആശങ്കയിലിരിക്കുമ്പോഴാണ്‌ ഭക്തമനസ്സുകളില്‍ ഭക്തിയുടെയും സന്തോഷത്തിന്റെയും കണ്ണീര്‍ നിറച്ചു കൊണ്ട്‌ തൃക്കണ്ണാമതിലകം ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പില്‍ പങ്കെടുത്തുകൊണ്ടിരുന്ന ആനകള്‍ തിടമ്പുമായി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക്‌ ഓടിയെത്തിയത്‌. ഗുരുവായൂര്‍ ക്ഷേത്രവും ആനയില്ലാക്കാലവും സംബന്ധിച്ച്‌ കാലങ്ങളായി പറഞ്ഞു കേള്‍ക്കുന്ന ഐതിഹ്യമാണിത്‌. ഇതിന്റെ സ്‌മരണ പുതുക്കി ഉത്സവക്കൊടിയേറ്റ്‌ ദിവസം രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയില്ലാ ശീവേലിയും ആനകള്‍ ഓടിയെത്തിയതിന്റെ ഓര്‍മ്മ പുതുക്കി ആനയോട്ടവും നടത്തുന്നു.

ഒരാനപോലും ഇല്ലാതിരുന്ന ഗുരുവായൂരപ്പന്റെ കൈവശം ഇന്ന്‌ 59 ആനകളാണുള്ളത്‌. അതും ലക്ഷണം തികഞ്ഞവ. ഒന്നിനൊന്ന്‌ മെച്ചപ്പെട്ടവ. പിടിയാനകള്‍ 6, മോഴകള്‍ 2, ബാക്കിയെല്ലാം ലക്ഷണമൊത്ത കൊമ്പന്‍മാര്‍. ഇതില്‍ വയസ്സു കൊണ്ടും പ്രൗഢികൊണ്ടും ഒന്നാമന്‍ സാക്ഷാല്‍ ഗജരത്‌നം ഗുരുവായൂര്‍ പത്മനാഭന്‍ തന്നെ. വിശ്വപ്രസിദ്ധനായ ഗുരുവായൂര്‍ കേശവനെന്ന ഗജകേസരിയുടെ പിന്‍ഗാമിയായി ആനപ്രേമികള്‍ വാഴ്‌ത്തുന്ന ഗുരുവായൂര്‍ പത്മനാഭന്‍ ആനക്കോട്ടയിലെ സീനിയറാണെങ്കില്‍ ജൂനിയര്‍പദവി സ്വന്തമാക്കിയിരിക്കുന്നത്‌ 15കാരനായ ലക്ഷ്‌മീനാരായണനാണ്‌. സീനിയര്‍ സിറ്റിസണ്‍ ഗ്രൂപ്പില്‍ പെട്ട 8 ആനകള്‍ ഇവിടെയുണ്ട്‌. പത്മനാഭന്‍, കേശവന്‍, കുട്ടിശങ്കരന്‍, രാമന്‍കുട്ടി, പ്രകാശന്‍, അപ്പു, കുട്ടികൃഷ്‌ണന്‍, നാരായണന്‍കുട്ടി എന്നിവരാണ്‌ 60 വയസ്സുകഴിഞ്ഞവര്‍. ഇവര്‍ക്ക്‌ പ്രത്യേക ഭക്ഷണരീതിയുമുണ്ട്‌. 6 കിലോ ശര്‍ക്കര, 5 കിലോ അവില്‍, 6 ലിറ്റര്‍ പാല്‍ എന്നിവയാണ്‌ ഇവര്‍ക്കു നല്‍കുന്നത്‌. ഇക്കൂട്ടത്തില്‍ അപ്പു ദേശീയ ശ്രദ്ധ ആകര്‍ഷിച്ച പഴയ ഏഷ്യാഡ്‌ അപ്പു തന്നെ. കേരളത്തിലെ മറ്റേത്‌ ജില്ലയെക്കാളും ആനകളെ ഏറ്റവും നന്നായി പരിപാലിക്കുന്നവര്‍ തൃശൂര്‍ ജില്ലക്കാരാണെന്ന്‌ പറയാറുണ്ട്‌. പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്‌ എത്തുന്ന ഗജകേസരിമാര്‍ക്ക്‌ കിട്ടുന്ന പരിചരണം ഇതിന്റെ ഏററവും നല്ല ഉദാഹരണമാണ്‌.

രാവിലെ 7 മുതല്‍ 12 വരെ വിസ്‌തരിച്ച്‌ തേച്ചുകുളിയാണ്‌ സുഖചികിത്സയുടെ ആദ്യപടി. തുടര്‍ന്ന്‌ പതിവ്‌ ആഹാരങ്ങളായ പട്ടയും പുല്ലും. വൈകീട്ട്‌ 3 മണിയോടെയാണ്‌ സുഖചികിത്സയ്‌ക്കായി പ്രത്യേകം തയ്യാറാക്കിയ ഭക്ഷണങ്ങള്‍ ആനകള്‍ക്ക്‌ നല്‍കുക. ചോറ്‌, ചെറുപയര്‍, മുതിര, മിനിറല്‍ മിക്‌സ്‌ചര്‍, മഞ്ഞപ്പൊടി, ച്യവനപ്രാശം, അഷ്ടചൂര്‍ണം എന്നിവ ഉള്‍പ്പെടുത്തിയിട്ടുള്ള ഭക്ഷണമാണ്‌ നല്‍കുക. ഇതോടൊപ്പം എരണ്ടകെട്ടിനുളള മരുന്നുകളും കൊടുക്കും.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആവശ്യങ്ങള്‍ക്ക്‌ മാത്രമേ ഈ 30 ദിവസ കാലയളവില്‍ ഈ ആനകള്‍ക്ക്‌ പുറത്തിറങ്ങേണ്ടി വരുന്നുള്ളുവെന്നു അരവി പറഞ്ഞു. സുഖചികിത്സ കഴിയും വരെ വേറെ ഒരു പരിപാടിക്കും ഇവയെ ആനക്കോട്ടയ്‌ക്ക്‌ പുറത്തിറക്കില്ല. തേച്ചുകുളി, സുഖഭക്ഷണം, മയക്കം. ആര്‍ക്കും കൊതിതോന്നുന്ന 30 ദിവസത്തെ സുഖചികിത്സ കഴിഞ്ഞ്‌ പുറത്തിറങ്ങുന്ന ആനകള്‍ക്ക്‌ 250 മുതല്‍ 500 കിലോ വരെ തൂക്കം കൂടിയിരിക്കും. ഇപ്പോള്‍ത്തന്നെ പല ആനകളും തൂക്കക്കൂടുതലാണെങ്കിലും കര്‍ക്കിടക മാസത്തിലെ സുഖചികിത്സ ഒഴിവാക്കാറില്ലെന്നു സുധാകരന്‍ പറഞ്ഞു. 59 ആനകളുള്ള ഗുരുവായൂരില്‍ ആനപരിചരണത്തിനായി ഒരു വര്‍ഷം നല്ലൊരു തുകയാണ്‌ ചെലവിടുന്നത്‌. കര്‍ക്കിടകമാസത്തില്‍ ഒരു മാസം നീളുന്ന സുഖചികിത്സയ്‌ക്ക്‌ മാത്രം 8.4 ലക്ഷം രൂപയാണ്‌ ദേവസ്വം ചെലവഴിക്കുന്നത്രേ.

കണക്കു കേട്ട്‌ ശരിക്കും ഞെട്ടിപ്പോയി. 30 ദിവസത്തെ ചികിത്സയ്‌ക്കായി 384 കിലോ ച്യവനപ്രാശം, 192 കിലോ അഷ്ടചൂര്‍ണം, 5760 കിലോ അരി, 1320 കിലോ ചെറുപയര്‍, 600 കിലോ മുതിര, 288 കിലോ ഷാര്‍ക്കോ ഫെറോല്‍ (ടോണിക്‌), മിനിറല്‍ മിക്‌സച്ചര്‍ 48 കിലോ, 96 കിലോ മഞ്ഞള്‍പൊടി, 192 കിലോ ഉപ്പ്‌, വിരമരുന്ന്‌ 300 എണ്ണം എന്നിവയാണ്‌ ചെലവിടുന്നത്‌.120 ഗ്യാസ്‌ സിലിണ്ടറുകളാണ്‌ ആനകളുടെ സ്‌പെഷ്യല്‍ മെനു തയ്യാറാക്കാനായി സജ്ജീകരിച്ചിരിക്കുന്നത്‌. കൂടാതെ പാചക കൂലിയിനത്തില്‍ 18,000 രൂപയും മറ്റു ചെലവുകള്‍ക്കായി നാല്‍പ്പത്തി മൂവ്വായിരം രൂപയും സുഖചികിത്സയ്‌ക്ക്‌ വേണ്ടി ദേവസ്വം നീക്കി വയ്‌ക്കാറുണ്ടത്രേ. ആനകളുടെ ഓജസ്സും ശരീര പുഷ്ടിയും മെച്ചപ്പെടുത്താനാണ്‌ ആയുര്‍വ്വേദത്തിന്‌ പ്രാധാന്യം നല്‍കിയുള്ള 30 ദിവസത്തെ ചികിത്സ. ആനകളെ കഴുകി തുടച്ച്‌ ചോറും ഔഷധങ്ങളും അടങ്ങുന്ന സമീകൃത ആഹാരം ഈ 30 ദിവസങ്ങളിലും നല്‍കുമെന്നു അരവി പറഞ്ഞു.

ആനകളുടെ സുഖചികിത്സ കാണാനായി ഈ ദിവസങ്ങളില്‍ സന്ദര്‍ശകരുടെ തിരക്കേറും. സാധാരണ ദിവസങ്ങളില്‍ അയ്യായിരം മുതല്‍ പതിനായിരം സന്ദര്‍ശകര്‍ വരെ ഗുരുവായൂര്‍ പുന്നത്തൂര്‍ ആനക്കോട്ട കാണാനെത്താറുണ്ട്‌. ഇതില്‍ വിദേശികളും ഉള്‍പ്പെടും. രാവിലെ എട്ടുമുതല്‍ വൈകീട്ട്‌ ആറുവരെയാണ്‌ സന്ദര്‍ശകസമയം. സുഖചികിത്സയുടെ ദിവസങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം കൂടും. മൂന്നര കോടി രൂപയോളം ചെലവ്‌ ആനക്കോട്ടയുടെയും ആനകളുടെയും പരിപാലനത്തിനും പാപ്പാന്‍മാരുടെ വേതന ആനുകൂല്യങ്ങള്‍ക്കുമായി വേണ്ടിവരുന്നു. 12 ടണ്‍ പനമ്പട്ട, 4 ടണ്‍ തീറ്റപ്പുല്ല്‌ എന്നിവ ആനക്കോട്ടയിലേക്ക്‌ ദിവസവും ആവശ്യമാണ്‌. ആനക്കോട്ടയെ കൂടുതല്‍ നവീകരിച്ച്‌ മികച്ച ആനപരിപാലന കേന്ദ്രമാക്കി മാറ്റാനാണ്‌ ദേവസ്വം തീരുമാനിച്ചിരിക്കുന്നതെന്നു അരവി പറഞ്ഞു. ആനകളെ കാണാനിറങ്ങുമ്പോള്‍ ഇത്ര ആഡംബരമൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ പ്രതീക്ഷകള്‍ക്ക്‌ അപ്പുറത്താണല്ലോ കാഴ്‌ചകളുടെ പൂരം. ഉച്ച വെയില്‍ കനത്തതോടെ പുന്നത്തൂര്‍ കൊട്ടാരം വിട്ട്‌ ഞങ്ങളിറങ്ങി. അപ്പോഴും മാതാംഗിശാസ്‌ത്ര നിരീക്ഷണം നടത്തി ആനസന്ദര്‍ശകരില്‍ ചിലര്‍ ആനകള്‍ക്കിടയിലൂടെ നടക്കുന്നുണ്ടായിരുന്നു. അന്തരീക്ഷത്തില്‍ ആനച്ചൂര്‌ കനത്തു നിന്നു. രാത്രി ഭക്ഷണം അരവിയുടെ വീട്ടില്‍ ക്രമീകരിച്ചിരുന്നതു കൊണ്ട്‌ സമയം കളയാനില്ലായിരുന്നു. ഞങ്ങള്‍ ഒരുമിച്ച്‌ പുന്നത്തൂര്‍ക്കോട്ടയ്‌ക്ക്‌ നല്ല നമസ്‌ക്കാരം നല്‍കി വണ്ടിയില്‍ കയറി.

(തുടരും)
പുന്നത്തൂര്‍ക്കോട്ടയില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി -60:ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക