Image

ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-29: സാം നിലമ്പള്ളില്‍)

Published on 15 March, 2015
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-29: സാം നിലമ്പള്ളില്‍)
അദ്ധ്യായം ഇരുപത്തൊന്‍പത്‌.

കുപ്രസിദ്ധമായ ഔസ്വിറ്റ്‌സ്‌ ക്യാമ്പിലേക്കാണ്‌ സ്‌റ്റെഫാനേയും കൂട്ടരേയുംകൊണ്ടുപോയത്‌. റഷ്യാക്കാര്‍ എത്തുന്നതിനുമുന്‍പ്‌ അതിര്‍ത്തിയോടുചേര്‍ന്ന കശാപ്പുശാലകള്‍ പൊളിക്കേണ്ടതുകൊണ്ട്‌ അവശേഷിച്ച യഹൂദരെ അവിടെച്ചെന്നിട്ട്‌ തട്ടിക്കളയാമെന്ന്‌ നാസികള്‍ കരുതിക്കാണും. പതിനാറുലക്ഷം മനുഷ്യജീവിതങ്ങളാണ്‌ ഔസ്വിറ്റ്‌സില്‍മാത്രം പൊലിഞ്ഞത.്‌

ഔസ്വിറ്റ്‌സില്‍ എത്തിയപ്പോള്‍ സ്റ്റെഫാന്‍ ഭാര്യേയും മക്കളേയും തിരഞ്ഞു. അവരെവിടെയാണ്‌? ഇപ്പോഴും ട്രെംബ്‌ളിങ്കയില്‍ തന്നെയാണോ? അതോ വേറെ ഏതെങ്കിലും ക്യാമ്പിലേക്ക്‌ മാറ്റിയോ? റഷ്യാക്കാര്‍ ഇപ്പോള്‍ അവിടെ എത്തിക്കാണും. എങ്കില്‍ അവര്‍ നാസികളുടെ തടവുകാരെ മോചിപ്പിച്ചിട്ടുണ്ടാകും. ഒരുപക്ഷേ, സാറ ഇപ്പോള്‍ മക്കളേംകൊണ്ട്‌ ജര്‍മനിയിലെ തന്റെ വീട്ടിലേക്ക്‌ പോകുന്നുണ്ടാകും.

`സര്‍, സ്‌തീകളുടെ ക്യാമ്പിലുള്ളവരെ എങ്ങോട്ടാണ്‌ കൊണ്ടുപോയതെന്ന്‌ അറിയാമോ?' സ്റ്റെഫാന്‍ ധൈര്യംസംഭരിച്ച്‌ ഒരു എസ്സെസ്സിനോട്‌ ചോദിച്ചു. അവരുടെ മനോഭാവത്തില്‍ മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്‌. മേലാളന്മാരെ ഭയന്നായിരിക്കും അവരും തങ്ങളോട്‌ പരുഷമായി പെരുമാറുന്നത്‌. ഇപ്പോള്‍ തോറ്റോടുമ്പോള്‍ അവര്‍ക്ക്‌ ശത്രുക്കളെ ഭയന്നാല്‍ മതിയല്ലോ.

`അവരേയും ഇങ്ങോട്ടുതന്നെയാണ്‌ കൊണ്ടുവരുന്നത്‌.' അയാളുടെ മറുപടി ആശ്വസം പകരുന്നതായിരുന്നു. തന്റെ ഭാര്യയേം മക്കളേം ഉടനെതന്നെ കാണാമല്ലോയെന്ന്‌ അവന്‍ ആശിച്ചു.

സാറയേം മറ്റുസ്‌ത്രീകളേയും അയാള്‍ പറഞ്ഞതുപോലെതന്നെ ഔസ്വിറ്റ്‌സിലേക്കുതന്നെയാണ്‌ കൊണ്ടുവന്നത്‌. പക്ഷേ, സ്റ്റെഫാന്‌ ഭാര്യയെ കാണാന്‍ സാധിച്ചില്ല. അവരെ സ്‌ത്രീകള്‍ക്കുള്ള ഔസ്വിറ്റ്‌സ്‌ രണ്ട്‌ എന്ന ക്യാമ്പിലേക്കാണ്‌ കൊണ്ടുവന്നത്‌. അവിടെ ജീവിതം കുറച്ചുകൂടി ദുരിതപൂര്‍ണമായിരുന്നു. പലകകൊണ്ടുള്ള തട്ടുകളിലാണ്‌ അന്തേവാസികള്‍ ഉറങ്ങേണ്ടത്‌. ആഹാരവും നേരത്തെ കിട്ടിയിരുന്നതിന്റെ പകുതിപോലും കിട്ടിയിരുന്നില്ല. സൂപ്പെന്നുപറഞ്ഞ്‌ കൊടുത്തിരുന്നത്‌ വെറും ചൂടുവെള്ളം. അവിടെ ടൊയ്‌ലറ്റ്‌ ഇല്ലായിരുന്നു, പകരം ബക്കറ്റുകളായിരുന്നു. അത്‌ നിറയുമ്പോള്‍ എടുത്തുമാറ്റി വൃത്തിയാക്കേണ്ടതും അവര്‍തന്നെ. ടൊയ്‌ലറ്റ്‌പേപ്പറിന്‌ പകരം പത്രക്കടലാസുകള്‍ മുറിച്ച്‌ കഷണങ്ങളാക്കി വെച്ചിരുന്നു.

`നിങ്ങടെ കഷ്‌ടപ്പാടുകള്‍ തീരാന്‍ അധികതാമസമില്ല; റഷ്യാക്കാര്‍ ഇങ്ങെത്തിക്കഴിഞ്ഞു.' പോളണ്ടുകാരിയായ എമ്മാ പറഞ്ഞു. അവര്‍ ബ്‌ളോക്ക്‌ലീഡറാണ്‌, അന്തേവാസികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും അവരെ നിയന്ത്രിക്കാനും എസ്സെസ്സുകാര്‍ തിരഞ്ഞെടുത്തിരിക്കുന്നവള്‍. പലപ്പോഴും കുറ്റവാളികളേയും വേശ്യകളേയും മറ്റുമാണ്‌ ഇത്തരം ചുമതലകള്‍ ഏല്‍പിക്കുന്നത്‌. മര്യാദക്കാരും നിസ്സഹായവരുമായവരോട്‌ മനുഷ്യത്വരഹിതമായി പെരുമാറാന്‍ അവര്‍ക്കാണല്ലോ സാധിക്കുക.

എല്ലാ അന്തേവാസികള്‍ക്കും പലനിറത്തിലുള്ള നക്ഷത്ര ഛിഹ്നങ്ങളാണ്‌ തിരിച്ചറിയാന്‍വേണ്ടി നല്‍കിയിരിക്കുന്നത്‌. യഹൂദര്‍ക്ക്‌ മഞ്ഞ നക്ഷത്രവും, കുറ്റവാളികള്‍ക്ക്‌ ചുവന്ന ത്രികൊണവും, കൊലപാതകികള്‍ക്ക്‌ പച്ചയും, വേശ്യകള്‍ക്ക്‌ കറപ്പും. എമ്മയുടെ കയ്യില്‍കെട്ടിയിരിക്കുന്നത്‌ കറുത്ത ഛിഹ്നമാണ്‌. അവരുടെ പെരുമാറ്റത്തിലും അടുത്തകാലത്തായി പ്രകടമായ മാറ്റം കാണുന്നുണ്ട്‌. നാസികള്‍ യുദ്ധം തോറ്റുകൊണ്ടിരിക്കയാണെന്ന്‌ മനസിലായപ്പോളാണ്‌ അവര്‍ പ്‌ളേറ്റ്‌ തിരിച്ചുവെച്ചത്‌. യുദ്ധംകഴിഞ്ഞാല്‍, അന്തേവാസികള്‍ മോചിതരായാല്‍, അവരില്‍നിന്ന്‌ തിരച്ചടി നേരിടേണ്ടവന്നേക്കും എന്നൊരു ഉള്‍?യം ഉള്ളതുകൊണ്ട്‌ പഴയ പീഡനക്കാരെല്ലാം അല്‍പം മയപ്പെട്ടിരിക്കയാണ്‌.

എസ്സെസ്സുകാരുടെ സ്വകാര്യ സംഭാഷണങ്ങളില്‍നിന്ന്‌ ജര്‍മന്‍പട തോറ്റോടുകയാണെന്ന്‌ എമ്മ മനസിലാക്കി. അധികം താമസിയാതെ ഔസ്വിറ്റ്‌സ്‌ ക്യാമ്പും ഒഴിയേണ്ടിവരും, ഇല്ലെങ്കില്‍ റഷ്യാക്കാര്‍ ഒഴിപ്പിക്കും.

അന്തേവാസികളെ എല്ലാദിവസവും എങ്ങോട്ടൊക്കെയോ മാറ്റിക്കൊണ്ടിരിക്കുകയാണ്‌. ഫെബ്രുവരിയിലെ അതിശത്യമുള്ള രാത്രിയില്‍ എല്ലാവരും തണുത്തുവിറച്ച്‌ ഉറങ്ങുകയായിതുന്നു.വിസിലടിയും ബഹളവും കേട്ടാണ്‌ സ്റ്റെഫാന്‍ ഉണര്‍ന്നത്‌. ഉക്രേനിയന്‍ ഗാര്‍ഡുകള്‍വന്ന്‌ എല്ലാവരേയും തല്ലിയുണര്‍ത്തി, റോള്‍ക്കോള്‍. രാത്രി രണ്ടോമൂന്നോ മണിയായിക്കാണണം. അനേകദിവസങ്ങള്‍ കൂടിയുള്ള ഇപ്പോഴത്തെ റോള്‍ക്കോളിന്റെ ആവശ്യമെന്താണെന്ന്‌ അന്തേവാസികള്‍ അതിശയിച്ചു. പതിവുള്ള എണ്ണമെടുക്കലും താമസവും ഇപ്രാവശ്യം ഉണ്ടായില്ല. പകരം ജോലിചെയ്യാന്‍ ആരോഗ്യമുള്ള ഏതാനുംപേരെ മറ്റിനിറത്തി. ഏകദേശം അഞ്ഞൂറുപേര്‍. അതില്‍ സ്റ്റെഫാനും ഉണ്ടായിരുന്നു. ബാക്കിയുള്ളവര്‍ ക്യാമ്പിന്‌ വെളിയില്‍ പോകാന്‍ കല്‍പിച്ചു. സ്റ്റെഫാനും തിരഞ്ഞെടുക്കപ്പെട്ടവരും തിരികെ ബാരക്കില്‍പോയി ഉറങ്ങിക്കൊള്ളാന്‍ അനുവദിക്കപ്പെട്ടു.

`അവരെ ഈരാത്രിയില്‍ എങ്ങോട്ടാണ്‌ കൊണ്ടുപോകുന്നത്‌?' അവന്‍ തന്റെകൂടെവന്ന ആളോട്‌ ചോദിച്ചു.

`എനിക്കറിയില്ല.' അയാള്‍ പറഞ്ഞു. `ഒരുപക്ഷേ, മറ്റേതെങ്കിലും ക്യാമ്പിലേക്ക്‌ കൊണ്ടുപോകുകയായിരിക്കും. എന്റെ മക്കള്‍ എവിടെയാണോ എന്തോ?'

`ജര്‍മന്‍ യഹൂദനാണല്ലേ, പേരെന്താ?' അയാള്‍ ജര്‍മന്‍ഭാഷ നല്ലതുപോലെ സംസാരിക്കുന്നതുകേട്ട്‌ സ്റ്റെഫാന്‍ പരിചയപ്പെടാന്‍ ഭാവിച്ചു.

`ഓട്ടോ; ഓട്ടോ ഫ്രാങ്ക്‌. ഞങ്ങള്‍ ഹോളണ്ടിലായിരുന്നു. ഞാന്‍ കുടുംബസഹിതം അവിടെ ഒളിവില്‍ പാര്‍ക്കുകയായിരുന്നു. നിര്‍ഭാഗ്യമെന്ന്‌ പറയട്ടെ, ആരോ ഞങ്ങളെ നാസികള്‍ക്ക്‌ ഒറ്റിക്കൊടുത്തു. എന്റെ ഭാര്യ ഇവിടെക്കിടന്ന്‌ മരിച്ചു. മക്കളെ അവര്‍ എങ്ങോട്ടോ കൊണ്ടുപോയി.'

അവര്‍ പരസ്‌പരം അനുഭവങ്ങള്‍ പറഞ്ഞ്‌ നേരംവെളുപ്പിച്ചു.

(തുടരും....)

ഇരുപത്തിയെട്ടാം ഭാഗം വായിക്കുക
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-29: സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക