Image

കുറവുകളറിയാത്ത സ്‌നേഹം; ദം ലഗാ കെ ഹയ്ഷ.

ആശ എസ് പണിക്കര്‍ Published on 26 March, 2015
   കുറവുകളറിയാത്ത സ്‌നേഹം; ദം ലഗാ കെ ഹയ്ഷ.
രൂപത്തിലും സ്വഭാവത്തിലും യാതൊരു ചേര്‍ച്ചയുമില്ലാത്ത രണ്ടു പേര്‍ വിവാഹിതരായാല്‍ എന്തായിരിക്കും ഫലം? സ്വാഭാവികമായും അടിച്ചു പിരിയും എന്ന കാര്യത്തില്‍ സംശയം വേണ്ട.   സ്വാഭാവികമായും വഴക്കിട്ട് പിരിയും. പുറമേയുള്ള എല്ലാ ചേര്‍ച്ചക്കുറവുകള്‍ക്കും പൊരുത്തക്കേടുകള്‍ക്കുമിടയില്‍ ഒഴുകുന്ന യഥാര്‍ത്ഥ സ്‌നേഹത്തിന്റെ ഉറവ കാട്ടിത്തരുകയാണ് സംവിധായകന്‍ ശരത്ത് കഠാരെയുടെ ദം ലഗാ കെ ഹയ്ഷ എന്ന ചിത്രത്തിലൂടെ.

സാധാരണ ബോളിവുഡ് സിനിമകളുടെ മസാല ഫോര്‍മുലകളൊന്നും നിരത്തിയല്ല ഈ മനോഹര ചിത്രം ഒരുക്കിയിട്ടുള്ളത് എന്നതു തന്നെ ചിത്രത്തിന്റെ മേന്‍മയാണ്. അതുകൊണ്ടു തന്നെ ആകര്‍ഷകമായ ഒരു പുതുമ ഈ ചിത്രത്തിന് അവകാശപ്പെടാനാകും. ശരീരത്തിന്റെ അഴകളവുകളല്ല, മറിച്ച് ദമ്പതികള്‍ തമ്മിലുള്ള സ്‌നേഹവും വിശ്വാസവുമാണ് അവരുടെ ജീവിതത്തിന്റെ ഭദ്രതയും സമാധാനവുമെന്ന് ഈ ചിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. 

വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത സാധാരണക്കാരനായ ചെറുപ്പക്കാരനാണ് പ്രേം. കാസറ്റ് കച്ചവടമാണ് അയാളുടെ ജോലി. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ വിദ്യാസമ്പന്നയായ സന്ധ്യയെ വിവാഹം കഴിക്കുന്നു. അവള്‍ ഭയങ്കര തടിച്ചിയാണ്. കുമാര്‍സാനുവിന്റെ കടുത്ത ആരാധകനായ പ്രേമിന്റെ പ്രണയ സങ്കല്‍പ്പങ്ങള്‍ക്ക് ചേര്‍ന്നവളായിരുന്നില്ല സന്ധ്യ. തന്റെ സങ്കല്‍പങ്ങളുമായി ഒരു തരത്തിലും ഒത്തുപോകാത്തവളാണ്  സന്ധ്യ. പ്രേമിന്റെ ബാലിശമായ പെരുമാറ്റം കാരണം സന്ധ്യയും നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. ഈ അവസ്ഥ തുടരുന്നതോടെ വീട്ടിലെ അന്തരീക്ഷം ആകെ കലങ്ങി മറിയുന്നു. 

എന്നാല്‍ ഇവര്‍ തമ്മില്‍ പരസ്പരം ആരോപിക്കുന്ന എല്ലാ കുറവുകളും  സ്‌നേഹത്തില്‍ അലിയിച്ച് കളയുന്ന ഒരു സംഭവം ജീവിതത്തില്‍ വരുന്നതോടെ ഹൃദയസ്പര്‍ശിയായ ഒരു അവസാനത്തിലേക്ക് ദം ലഗാ കെ ഹയ്ഷ എത്തിച്ചേരുന്നു.

പ്രേമായി ആയുഷ്മാന്‍ ഖുറാന മികച്ച പ്രകടനം കാഴ്ച്ചവെച്ചു, എങ്കിലും ഭൂമീപഠേക്കര്‍ എന്ന തുടക്കകാരി അവതരിപ്പിച്ച സന്ധ്യയുമായി താരതമ്യം ചെയ്യുമ്പോള്‍  ആയുഷ്മാന്‍ അല്‍പം പിറകിലായി പോയി എന്നു പറയേണ്ടി വരും. അത്ര മനോഹരമായാണ് ഭൂമി സന്ധ്യയെ അവതരിപ്പിച്ചിട്ടുള്ളത്. തുടക്കകാരിയുടെ പതര്‍ച്ചകളില്ലാതെ വെള്ളിത്തിരയില്‍ വന്ന ഭൂമിയുടെ സന്ധ്യ പ്രേക്ഷകന്റെ ഹൃദയത്തിലിടം നേടുന്നു.  ബോളിവുഡ് സിനിമകളിലെ പതിവു കൊമേര്‍ഷ്യല്‍ ചേരുവകള്‍ ഇതിലുമുണ്ട്. എന്നാല്‍ സാധാരണക്കാരന്റെ ജീവിതത്തോട് കൂടുതല്‍ അടുത്തു നില്‍ക്കുന്ന സിനിമയാണ് ദം ലഗാ കെ ഹയ്ഷ. സൗന്ദര്യം,പണം,വിദ്യാഭ്യാസം എന്നിവയ്ക്കപ്പുറം മനസുകളെ തന്നില്‍ ബന്ധിപ്പിക്കുന്ന സ്‌നേഹത്തിന്റെ കാണാപ്പുറങ്ങള്‍ പ്രേക്ഷകനെ അനുഭവിപ്പിക്കാന്‍ കഴിയുന്ന സിനിമയാണിത്. 

ബോളീവുഡിലെ എക്കാലത്തെയും മികച്ച പ്രണയസിനിമകള്‍ സമ്മാനിച്ച യഷ്‌രാജ് ഫിലിംസിന്റെ പ്രണയകിരീടത്തിലെ മറ്റൊരു പൊന്‍തൂവലാണ് ദം ലഗാ കെ ഹയ്ഷ. 1995 കാലഘട്ടത്തിലെ ഹരിദ്വാര്‍ പശ്ചാത്തലമാക്കി അരങ്ങേറുന്ന സിനിമ, പഴയ ടേപ്പ്‌റിക്കോഡര്‍ വിഡിയോകാസ്റ്റ് യുഗത്തിന്റെ  ഗൃഹാതുരത്വവും പ്രേക്ഷകനു സമ്മാനിക്കുന്നു.  ആ കാലഘട്ടത്തിന്റെ സംഗീതം പ്രേക്ഷകനിലേക്ക് എത്തിക്കാന്‍ അരുണ്‍മാലിക്കിന്റെ സംഗീതത്തിന് പൂര്‍ണ്ണമായും സാധിച്ചു. 90കളിലെ ഹരിദ്വാറിലെ ജീവിതവും, മാലിന്യവിമുക്തമായ ഗംഗയും, ഹരിദ്വാറിലെ തെരുവുകളും പുനസൃഷ്ടിക്കാന്‍ ചലച്ചിത്രത്തിന് കഴിഞ്ഞത് എടുത്തുപറയേണ്ട പ്രത്യേകതയാണ്. ചുരുക്കത്തില്‍ ജീവിതഗന്ധിയായ ഒരു സിനിമ എന്ന് ദം ലഗാ കെ ഹയ്ഷയെ വിശേഷിപ്പിക്കാം. 




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക