Image

പുലഭ്യവര്‍ഷത്തിന്റെ രാഷ്ട്രീയം എന്ത് സന്ദേശം ആണ് നല്‍കുന്നത്? (ഡല്‍ഹി കത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 06 April, 2015
പുലഭ്യവര്‍ഷത്തിന്റെ രാഷ്ട്രീയം എന്ത് സന്ദേശം ആണ് നല്‍കുന്നത്? (ഡല്‍ഹി കത്ത് : പി.വി.തോമസ്)
എന്തുകൊണ്ടാണ് ഭരണാധികാരികളും രാഷ്ട്രീയ നേതാക്കന്‍മാരും വിഷലിപ്തവും വിഭാഗീയത ഉളവാക്കുന്നതുമായ പ്രസ്താവനകള്‍ തെരഞ്ഞെടുപ്പ് വേളയിലും അതുപോലെ പാര്‍ലമെന്റിന്റെ അകത്തും പുറത്തും നടത്തുന്നത്? അതായത് ഈ പുലഭ്യ രാഷ്ട്രീയത്തിന്റെ വ്യക്തിഹത്യയുടെ രാഷ്ട്രീയം എന്തു സന്ദേശമാണ് ജനാധിപത്യ ഭാരതത്തിന് നല്‍കുന്നത്. ഒരു പക്ഷെ അവര്‍ ചെയ്യുന്ന തെറ്റിന്റെ ആഴം മനസ്സിലാക്കുന്നില്ല. ഒടുവിലായി നമ്മള്‍ കേട്ടത് കേന്ദ്രമന്ത്രി ഗരിരാജ് സിങ്ങിന്റെ ഒരു പ്രസ്താവനയാണ്. ഇത് പ്രകാരം സോണിയാ ഗാന്ധി വെളുത്ത തൊലിയുള്ള ഒരു മദാമ്മ ആയത്‌കൊണ്ട് മാത്രമാണ് കോണ്‍ഗ്രസിന്റെ നേതാവായത്. നേരെ മറിച്ച് രാജീവ് ഗാന്ധി വിവാഹം കഴിച്ച് കറുത്ത തൊലിയുള്ള ഒരു നൈജീരിയന്‍ വനിതയെ ആയിരുന്നെങ്കില്‍ ആ വനിത കോണ്‍ഗ്രസിന്റെയോ രാഷ്ട്രത്തിന്റെയോ നേതാവ് ആകുമായിരുന്നില്ല. ഈ പ്രസ്താവനയെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും അപലപിക്കുക ഉണ്ടായി. അതേ തുടര്‍ന്ന് ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ ഗിരിരാജ് സിങ്ങിനോട് മാപ്പു പറയുവാന്‍ പറയുകയും ഉണ്ടായി. 'സിങ്ങ് മനസില്ലാ മനസ്സോടെ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.' അതായത് അദ്ദേഹത്തിന്റെ പ്രസ്താവന സോണിയാ ഗാന്ധിയേയും കോണ്‍ഗ്രസ്സിനേയും വേദനിപ്പിച്ചു എങ്കില്‍ ഖേദിക്കുന്നു അത്രേ. നല്ല കാര്യം തന്നെ. ബഹുകേമം. ഇതേ ഗിരിരാജ് സിങ്ങ് ലോകസഭ തെരഞ്ഞെടുപ്പ് വേളയില്‍ നടത്തിയ ഒരു പ്രസ്താവന ദേശീയ വിവാദം ഉളവാക്കിയതാണ്. മോഡിയെ എതിര്‍ക്കുന്നവരുടെ സ്ഥാനം പാക്കിസ്ഥാനിലാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് തികച്ചും ഭരണഘടനാ വിരുദ്ധവും തെരഞ്ഞെടുപ്പ് ചട്ടലംഘനവും ആണെന്ന് ഏവര്‍ക്കും അറിയാം. പക്ഷെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ജയിച്ചു. മോഡി അദ്ദേഹത്തെ ബഹുമാനിച്ചു. അദ്ദേഹത്തെ കേന്ദ്രമന്ത്രിയും ആക്കി.
ഗിരിരാജ് സിങ്ങിന്റെ ഈ പുലഭ്യം വിളമ്പല്‍ പുതുമ അല്ല. മോഡിയുടെ മന്ത്രിസഭയിലെ തന്നെ മന്ത്രി ആയ സ്വാധി നിരജ്ഞന്‍ ജ്യോതി ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത്‌കൊണ്ട് പറയുകയുണ്ടായി ഡല്‍ഹിയിലെ ജനങ്ങള്‍ തീരുമാനിക്കേണ്ടത് അവര്‍ക്ക് വേണ്ടത് രാമന്റെ മക്കളുടെ ഒരു ഗവണ്‍മെന്റ് ആണോ അതോ ജാര സന്തതികളുടെ ഒരു ഗവണ്‍മെന്റാണോ എന്നാണ്. ഇത് സ്വാഭാവികമായിട്ടും ദേശവ്യാപകമായ പ്രതിഷേധം ഉളവാക്കി. പാര്‍ലമെന്റ് പ്രഷുബ്ദമായി. ഗിരിരാജ് സിങ്ങിന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ തന്നെ മന്ത്രിയുടെ ബഹിഷ്‌കരണം പ്രതിപക്ഷം ആവശ്യപ്പെട്ടു. പക്ഷെ ഒന്നും സംഭവിച്ചില്ല.

കാരണം ഇതുപോലെയുള്ള ഒട്ടേറെ വിവാദ പ്രസ്താവനകള്‍ നടത്തിയ മന്ത്രിമാരും എം.പി.മാരും നേതാക്ക•ാരും ബി.ജെ.പി.യിലുണ്ട്. ഉദാഹരണമായി സാക്ഷി മഹാരാജ്. ഇദ്ദേഹം ഉണ്ണാവോയില്‍ നിന്നുള്ള ബി.ജെ.പി. എം.പി.യാണ്. ഇദ്ദേഹം പറഞ്ഞത് മഹാത്മാ ഗാന്ധിയെ പോലെ തന്നെ അദ്ദേഹത്തിന്റെ ഘാതകനായ നാഥുറാം ഗോഡ്‌സേയും ഒരു ദേശസ്‌നേഹി ആണെന്നാണ്. പാര്‍ലമെന്റില്‍ ഉണ്ടായ പ്രക്ഷുബ്ദ അവസഥയെ തുടര്‍ന്ന് സാക്ഷി മഹാരാജ് മാപ്പു ചോദിച്ചു. പക്ഷെ മോഡിയോ ബി.ജെ.പി.യോ യാതൊരു നടപടിയും എടുത്തില്ല. സ്വാധ്വി നിരജ്ഞന്‍ ജ്യോതിയെ മോഡി സാധൂകരിച്ച് സംസാരിക്കുക വരെ ഉണ്ടായി പാര്‍ലമെന്റില്‍. മോഡി പറഞ്ഞു അദ്ദേഹം സ്വാധ്വിയുടെ ഭാഷയോട് യോജിക്കുന്നില്ല. പക്ഷെ അവര്‍ താഴ്ന്ന ജാതിയില്‍ പെട്ട ഒരു സ്ത്രീ ആണ്. മാത്രവുമല്ല മാപ്പുപറയുകയും ചെയ്തു. ശരിയായിരിക്കാം. പക്ഷെ ഗിരി രാജ് സിങ്ങ്് താഴ്ന്ന ജാതിയില്‍പെട്ട ഒരു വ്യക്തി അല്ല. അദ്ദേഹം ഒരു ഭൂമിഹാര്‍(ഫ്യൂഡല്‍) ആണ്. അപ്പോള്‍ ജാതിയുടേയും മതത്തിന്റെയും പേരില്‍ ഇതുപോലെയുള്ള വംശീയ പുലഭ്യങ്ങളെ ന്യായീകരിക്കാമോ? മറ്റൊരു സംഭവം കൂടി ശ്രദ്ധിക്കുക. അത് ഉത്തര്‍പ്രദേശ് ഗവര്‍ണ്ണര്‍ രാം നായികിന്റെ വകയാണ്. ഗവര്‍ണര്‍ പറഞ്ഞത് ജനങ്ങളുടെ അഭിലാഷ പ്രകാരം അയോധ്യയില്‍ രാം മന്ദിര്‍ പണിയണം എന്നാണ്. ഇദ്ദേഹം താഴ്ന്ന ജാതിക്കാരനല്ല. ഭരണഘടനാ പ്രകാരം യു.പി.യുടെ ഭരണാധികാരിയുമാണ്.

കോടതി മുമ്പാകെ വിചാരണയില്‍ ഇരിക്കുന്ന ഒരു തര്‍ക്ക വിഷയത്തില്‍ അദ്ദേഹത്തിന് എങ്ങനെ ഒരു മുന്‍കൂര്‍ വിധി പ്രസ്താവിക്കാം? ഇത് ഭരണഘടനാ വിരുദ്ധമല്ലേ? ഇതിനകം പത്തിലേറെ ഗവര്‍ണ്ണര്‍മാരെ അധികാരത്തില്‍ വന്നതിനു ശേഷം നിഷ്‌കാസിതരാക്കിയ മോഡി എന്തുകൊണ്ട് രാം നായികിനെതിരെ നടപടി ഒന്നും എടുത്തില്ല? മറ്റൊരു വിവാദ ബി.ജെ.പി. എം.പി. യോഗി ആദിത്യ നാഥ് ആണ്(ഗോരഖ്പൂര്‍). ഇദ്ദേഹവും സമയാ സമയങ്ങളില്‍ വര്‍ഗീയ വിഷം വമിക്കുന്ന പ്രസ്താവനകള്‍ നടത്തുന്ന വ്യക്തിയാണ്. കൂടുതല്‍ കൂടുതല്‍ മതപുനര്‍പരിവര്‍ത്തനങ്ങള്‍(ഘര്‍ വാപ്പസി) സംഘടിപ്പിക്കുമെന്ന് അദ്ദേഹം പരസ്യമായ പ്രഖ്യാപിച്ചു എങ്കിലും മോഡിയോ അദ്ദേഹത്തിന്റെ ഗവണ്‍മെന്റോ ബി.ജെ.പി.യോ യാതൊരു നടപടിയും അദ്ദേഹത്തിനെതിരെ സ്വീകരിച്ചില്ല. ഇക്കഴിഞ്ഞ ജനുവരി 30 നാഥുറാം ഗോഡ്‌സെയോട്  ആദരവ് പ്രകടിപ്പിച്ചുകൊണ്ട് ശൗര്യ ദിവസമായി ആഘോഷിക്കുമെന്ന് അഖില്‍ ഭാരത് ഹിന്ദു മഹാസഭാ പ്രഖ്യാപിച്ചു എങ്കിലും മോഡിയോ ഗവണ്‍മെന്റോ ഒരു നടപടിയും സ്വീകരിച്ചില്ല.

മറ്റൊരു വിദ്വാന്‍ ഗോവ മുഖ്യമന്ത്രിയായ ലക്ഷ്മി കാന്ത് പര്‍സേക്കര്‍ ആണ്. സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന ഇതാണ്. അവര്‍ വെയിലത്തിരുന്ന് നിരാഹാര സത്യാഗ്രഹം നടത്തരുത്. കാരണം അവര്‍ കറുത്ത് പോകും. അങ്ങനെ ആയാല്‍ അവര്‍ക്ക് നല്ല വര•ാരെ കിട്ടുകയില്ല. നഴ്‌സുമാരായ സ്ത്രീകള്‍ അവരുടെ അവകാശങ്ങള്‍ നേടി എടുക്കുന്നതിനായി സമരം ചെയ്യുകയായിരുന്നു.

ബി.ജെ.പി. എം.പി. ആയ സാക്ഷി മഹാരാജാവിന്റെ മറ്റൊരു മഹദ് വചനം ഹിന്ദു സ്ത്രീകള്‍ ചുരുങ്ങിയ പക്ഷം നാലു മക്കള്‍ക്കെങ്കിലും ജ•ം നല്‍കണം എന്നാണ്. അങ്ങനെ പെററു പെരുകി ഹിന്ദു മതം വളരണം. വ്യാപകമായ പ്രതിഷേധം ഇതിനെതിരെ ഉണ്ടായി. ഹിന്ദു സ്ത്രീകളെന്താ കുട്ടികളെ ഉല്‍പാദിപ്പിക്കുവാനുള്ള ഫാക്ടറിയാണോ എന്നുവരെ വിമര്‍ശനം ഉണ്ടായി. അതേ തുടര്‍ന്ന് മോഡി ഇടപെടുകയും മഹാരാജനോട് ക്ഷമ ചോദിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ബലാത്സംഗത്തെ കുറിച്ച് ബി.ജെ.പി.യുടെ മധ്യപ്രദേശ് ഗൃഹമന്ത്രി ബാബു ലാല്‍ ഗൗഡ് നടത്തിയ പ്രസ്താവനയും വിചിത്രമാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ബലാത്സംഗം ഒരു സാമൂഹ്യ കുറ്റമാണ്. ചിലപ്പോള്‍ അത് ശരിയും മറ്റുചിലപ്പോള്‍ തെറ്റുമാണ്‍ യോഗി ആദിത്യനാഥ് എന്ന ബി.ജെ.പി എം.പി.യുടെ ഒരു പ്രസ്താവനയും ശ്രദ്ധിക്കപ്പെടേണ്ടതായിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ 450 വര്‍ഗീയ കലാപങ്ങള്‍ അടുത്തയിടെ ഉണ്ടായിട്ടുണ്ട്. കാരണം ഒരു പ്രത്യേക മത വിഭാഗം(മുസ്ലീം) അവിടെ തഴച്ചു വളരുകയാണ്. എന്നാല്‍ കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ വര്‍ഗീയ കലാപങ്ങള്‍ കുറവാണ്. ഇതിന്റെ കാരണം അവിടെ ഈ മത വിഭാഗം അത്ര ശക്തമല്ല.

എന്തുകൊണ്ടാണ് ഉത്തരവാദിത്വപ്പെട്ട ഭരണാധികാരികളും രാഷ്ട്രീയ നേതാക്ക•ാരും ഇതുപോലെയുള്ള സ്‌ഫോടനാത്മകമായ പ്രസ്താവനകള്‍ നടത്തുന്നത്? ഇതിന് കക്ഷിരാഷ്ട്രീയ ഭേദമില്ല. ഉദാഹരണമായി സമാജ് വാദി പാര്‍ട്ടിയുടെ നേതാവ് മുലായം സിങ്ങ് യാദവിന്റെ ബലാത്സംഗത്തെകുറിച്ചുള്ള ഒരു പരാമര്‍ശം നോക്കുക. ബലാത്സംഗത്തെ ന്യായീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത് എന്ത് തന്നെ ആയാലും ആണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ തന്നെ ആയിരിക്കും എന്നാണ്(ആഫ്റ്റര്‍ ഓള്‍ ബോയിസ് വില്‍ ബി ബോയ്‌സ്) ഇതിന്റെ ചൂരു പിടിച്ചുകൊണ്ടായിരിക്കാം അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടിയിലെ ഒരു എം.എല്‍.എ.ആയ ശിവ ചരണ്‍ പ്രജാപതി ലക്‌നൗവില്‍ വെച്ച് ഏപ്രില്‍ രണ്ടാം തീയ്യതി പ്രസ്താവിച്ചത്: സ്ത്രീകളാണ് ബലാത്സംഗത്തിന് കൂടുതല്‍ ഉത്തരവാദികള്‍. സ്ത്രീധന പീഢനത്തിനും അതുപോലെ തന്നെ സ്ത്രീകള്‍ക്ക് എതിരെയുള്ള മറ്റ് കുറ്റകൃത്യങ്ങള്‍ക്കും അവര്‍ തന്നെയാണ് പ്രധാന ഉത്തരവാദികള്‍!
എന്തുകൊണ്ടാണ് വിവാദപരമായ പരസ്യ പ്രസ്താവനകള്‍ നടത്തുന്ന മത-രാഷ്ട്രീയ നേതാക്കന്‍മാര്‍ക്കെതിരെ നടപടികള്‍ എടുക്കാത്തത്? ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും ഇന്ത്യയില്‍ ജനിക്കുന്ന എല്ലാവരും ഹിന്ദുക്കളാണെന്നും ആര്‍.എസ്.എസ്. നേതാവായ മോഹന്‍ ഭാഗവത് പരസ്യമായി പ്രസ്താവിക്കുമ്പോള്‍ അത് ഇന്ത്യയുടെ ഭരണഘടനയ്ക്ക് എതിരായിട്ടുള്ള പരസ്യമായ കയ്യേറ്റമാണ്. അതൊക്കെ തന്നെയാണ് പള്ളികള്‍ക്കും മസ്ജിദുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായിട്ടുള്ള ആക്രമണങ്ങളായി കലാശിക്കുന്നത്. 71 വയസ്സുള്ള ഒരു കന്യാസ്ത്രീയെ ബലാത്സംഗം ചെയ്യുവാന്‍ അക്രമികള്‍ക്ക് വീര്യം കിട്ടിയെങ്കില്‍ അതിന്റെ അര്‍ത്ഥം ഇന്ത്യയുടെ സാമൂഹ്യ-രാഷ്ട്രീയ- മത വിചാരധാരയില്‍ സാരമായ എന്തോ തകരാറ് സംഭവിച്ചിട്ടുണ്ട് എന്നതാണ്. ദുഃഖവെള്ളിയാഴ്ചയും ഈസ്റ്റര്‍ ഞായറാഴ്ചയും ജോലി ചെയ്യുവാന്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സഹപ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചുവെങ്കില്‍ അദ്ദേഹം അതിന്റെ പ്രചോദനം ഉള്‍ക്കൊണ്ടത് ക്രിസ്മസ് ദിനത്തെ വാജ്‌പെയുടെയും ജന്‍മദിനം ആയതിനാല്‍ സദ്ഭരണത്തിന്റെ ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കാം. അതില്‍ സുപ്രീം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ് വിലപിച്ചിട്ട് കാര്യമില്ല.

ഇതെല്ലാം രാഷ്ട്രത്തെ തെറ്റായ ഒരു ദിശയിലേക്കാണ് നയിക്കുന്നത്. മതനിരപേക്ഷത എന്ന മഹത്തായ വിശ്വാസ പ്രമാണത്തിന് ഏല്‍ക്കുന്ന ഭരണഘടനാപരമായ ആഘാതമാണ് ഇവ. 'ലൗ ജിഹാദ്', 'ബഹു ലാവോ-ബേട്ടി ബച്ചാവോ' എന്നീ സംഘപരിവാറിന്റെ മുദ്രാവാക്യങ്ങളും അസ്വസ്ഥതാ ജനകങ്ങളാണ്. അതുപോലെ തന്നെ ഹൈദരാബാദ് ആസ്ഥാനമായിട്ടുള്ള മജ്‌ലീസ്-ഇ-ഇത്തേഹദൂള്‍ മുസ്ലീമിന്റെ(എം.ഐ.എം) നേതാവ് അസാവുദീന്‍ ഒവേസിയുടെ ഒരു പ്രസ്താവനയും സ്‌ഫോടനാത്മകമാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ലോകത്തിലേക്ക് വരുന്ന ഓരോ വ്യക്തിയും മുസ്ലീമാണ്. ഇവിടെ മനസിലാക്കേണ്ട ഒരു കാര്യം മത നേതാക്ക•ാരും ഭരണാധികാരികളും തമ്മില്‍ പ്രസ്താവനകളിലൂടെ വിദ്വേഷം വിതയ്ക്കുമ്പോള്‍ തകരുന്നത് ഇന്ത്യയുടെ മതനിരപേക്ഷതയും സാധാരണക്കാരായ മനുഷ്യരുടെ സ്വസ്ഥമായ ജീവിതവുമാണ്.
ഭരണാധികാരികളും രാഷ്ട്രീയ നേതാക്ക•ാരും പാര്‍ലമെന്റിന് അകത്തും പുറത്തും ഓരോ പ്രസ്താവനകള്‍ നടത്തുമ്പോള്‍ അതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതം അവര്‍ മനസിലാക്കണം. സോണിയാ ഗാന്ധിയുടെ വിവാദപരമായ പ്രസ്താവന നോക്കുക. 2002 ലെ ഗുജറാത്ത് വംശഹത്യയെ പരാമര്‍ശിച്ചുകൊണ്ട് സോണിയ മോഡിയെ മോത് കാ സൗദാഗര്‍(മരണത്തിന്റെ കച്ചവടക്കാരന്‍)എന്ന് വിശേഷിപ്പിക്കുക ഉണ്ടായി. ഒട്ടേറെ മാധ്യമങ്ങള്‍ മോഡിയെ മാസ് മര്‍ഡറര്‍(പൊതുജന ഘാതകന്‍) എന്ന് വിശേഷിപ്പിച്ചതിന്റെ ചുവടു പിടിച്ചുകൊണ്ട് ആയിരുന്നു ഇത്. പക്ഷെ ഗുജറാത്തിലെ ജനങ്ങളും മോഡിയും ഇത് ഒരു വര്‍ഗീയ ധ്രുവീകരണത്തിനായി ഉപയോഗിക്കുകയാണ് ഉണ്ടായത്. ഈ വക മുദ്രാവാക്യങ്ങള്‍, പ്രസ്താവനകള്‍ പലപ്പോഴും ഇരട്ട വായ്താരിയുള്ള ഭീകരായുധമാണ്. പക്ഷെ എന്നിട്ടും എന്തുകൊണ്ടാണ് ഇവര്‍ ഇവ ഉപയോഗിക്കുന്നത്? ജനങ്ങളെ വിഭജിക്കുവാനോ അതോ ഒരു വിഭാഗത്തെ കുത്തി മുറിവേല്‍പ്പിക്കുവാനോ മതപരിവര്‍ത്തനം മാത്രം ആയിരുന്നു മദര്‍ തെരേസയുടെ ജീവിത ലക്ഷ്യമെന്ന് ആര്‍.എസ്.എസ് നേതാവ് ആരോപിക്കുമ്പോള്‍ അത് ക്രൂരമായൊരു കടന്നാക്രമണം ആണ്. ഘര്‍ വാപ്പസിയെ പോലെ തന്നെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ എതിര്‍ക്കുന്നവരാരും അത് അംഗീകരിക്കുകയില്ല. ഗോഡ്‌സെയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കുവാന്‍ പുറപ്പെടുമ്പോഴും ഫ്‌ളൈ ഓവര്‍ അദ്ദേഹത്തിന്റെ പേരില്‍ നാമകരണം ചെയ്യുവാന്‍(ലക്‌നൗ, അല്‍വാര്‍) ശ്രമിക്കുമ്പോഴും പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

കുമാര്‍ ബിശ്വാസ് എന്ന ആം ആദ്മി പാര്‍ട്ടിയുടെ നേതാവ് ഒരിക്കല്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ നഴ്‌സുമാരെ അവരുടെ കറുത്ത നിറത്തിന്റെ പേരില്‍ പരിഹസിച്ചുകൊണ്ട് ഒരു പ്രസ്താവന ഒരിക്കല്‍ നടത്തിയത് രാഷ്ട്രീയക്കാരുടെ വീണ്ടുവിചാരം ഇല്ലായ്മയുടെയും വിവരമില്ലായ്മയുടെയും ഉദാഹരണമായിരുന്നു. ദുരുദ്ദേശം കലര്‍ന്ന പരിഹാസത്തോടെ ഈ നഴ്‌സുമാര്‍ കാലാ-പീലാ (വാടക വണ്ടികളുടെ നിറം) ആണെന്ന് ബിശ്വാസ് പ്രഖ്യാപിക്കുകയും പിന്നീട് അതിന് മാപ്പു ചോദിക്കുകയും ചെയ്തു. ഒരിക്കല്‍ ബി.ജെ.പി. എം.പി. വരുണ്‍ ഗാനധി മുസ്ലീം സുമദായത്തെ പരാമര്‍ശിച്ചുകൊണ്ട് സംസാരിച്ചത് വളരെ വിവാദം ഉണ്ടാക്കുക ഉണ്ടായി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അവരുടെ പേരുകള്‍ അവരുടെ രൂപം പോലെ തന്നെ ഭയാനകമാണത്രേ. ഗാന്ധിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്ക് കല്‍പ്പിക്കണമെന്ന് വരെ തെരഞ്ഞെടുപ്പ് കമ്മീഷനു മുമ്പാകെ ആവശ്യമുന്നയിച്ചിരുന്നു. പക്ഷെ സംഭവിച്ചില്ല. ജനതാദള്‍(യു) നേതാവ് ശരത് യാദവ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പാര്‍ലമെന്റില്‍ സ്മൃതി ഇറാനിയെ കുറിച്ചു നടത്തിയ ഒരു പരാമര്‍ശവും വിവാദം ആയതാണ്. ഒരു പ്രസ്താവന നടത്തവേ അദ്ദേഹം ഇറാനിയോട് പറഞ്ഞു: 'നിങ്ങള്‍ ആരാണെന്ന് ഞങ്ങള്‍ക്കൊക്കെ അറിയാം.' വളരെയധികം ചോദ്യം ചെയ്യപ്പെട്ട ഒരു പ്രസ്താവന ആയിരുന്നു അത്. ഇങ്ങനെ ഒട്ടേറെ വിവാദപരമായ, വീണ്ടു വിചാരമില്ലാത്ത, നിരുത്തരവാദപരമായ പ്രസ്താവനകള്‍ നമ്മുടെ ഭരണാധികാരികളും രാഷ്ട്രീയക്കാരും അനുദിനം എന്നവണ്ണം നടത്തുന്നുണ്ട്.

ഒരു കാലഘട്ടത്തില്‍ ഇതേ ഭരണാധികാരികളും രാഷ്ട്രീയക്കാരും നര്‍മ്മത്തിലും വിജ്ഞാനത്തിലും ചാലിച്ച കഴമ്പുള്ള പ്രസ്താവനകള്‍ നടത്തിയിരുന്നു. എത്രയോ ഉദാഹരണങ്ങള്‍. ചൈനീസ് ആക്രമണം കഴിഞ്ഞ് പ്രധാനമന്ത്രി നെഹ്‌റും പാര്‍ലമെന്ററില്‍ വിമര്‍ശിക്കപ്പെടുന്ന സമയം. ഒരു പ്രതിപക്ഷ അംഗം അദ്ദേഹത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു 40,000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലമാണ് ചൈന ഇന്ത്യയില്‍ നിന്ന് പിടിച്ചെടുത്തത്. അപ്പോള്‍ നെഹ്‌റുവിന്റെ മറുപടി: 'ആ സ്ഥലത്ത് ഒരു പുല്ലുപോലും കിളിര്‍ക്കുക ഇല്ലായിരുന്നു.' അപ്പോള്‍ കഷണ്ടിക്കാരനായ പ്രതിപക്ഷ അംഗത്തിന്റെ മറുപടി: എന്റെ തലയില്‍ ഒരു രോമം പോലും ഇല്ല. ഇതും ചൈനയ്ക്കു കൊടുത്തേക്കാം.' സദസ്സില്‍ കൂട്ടച്ചിരി. നെഹ്‌റുവും അതില്‍ പങ്കുചേര്‍ന്നു.

മറ്റൊരിക്കല്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഇന്ത്യ ബഹിരാകാശത്തേയ്ക്ക് മനുഷ്യനെ വിടുവാന്‍ തയ്യാറെടുക്കുന്നതിനെ കുറിച്ച് വാചാലമായി പ്രസംഗിക്കുകയായിരുന്നു. അപ്പോള്‍ അതിനെ ലഘൂകരിച്ച് കാണിക്കുവാനായി സുബ്രമണിയന്‍ സ്വാമി പറഞ്ഞു. അദ്ദേഹത്തെയും ബഹിരാകാശത്തേയ്ക്ക് വിടുന്ന കാര്യം പരിഗണിക്കണമെന്ന്. ഇന്ദിരാ ഗാന്ധി ഒട്ടും കൂസിയില്ല, പറഞ്ഞു: 'സമ്മതിച്ചു പക്ഷെ ഒരു നിബന്ധന. അങ്ങോട്ടുള്ള ടിക്കറ്റ് മാത്രമേ തരികയുള്ളൂ.'
മറ്റൊരവസരത്തില്‍ കേരള മുഖ്യമന്ത്രി ആയിരുന്ന ഇ.എം.എസ്. നമ്പൂതിപ്പാടിനോട് ഒരു പത്രസമ്മേളനത്തില്‍ വെച്ച് ഒരു വിദേശ മാധ്യമ പ്രവര്‍ത്തകന്‍ തെല്ലു പരിഹാസത്തില്‍ ചോദിച്ചു: താങ്കള്‍ക്ക് എപ്പോഴും വിക്കുണ്ടോ? ഇ.എം.എസ് ന്റെ മറുപടി: 'ഇല്ല സംസാരിക്കുമ്പോള്‍ മാത്രം.'
ഭരണാധികാരികളുടെ പ്രസ്താവനകള്‍ പോലെ തന്നെ പാര്‍ലമെന്റിലെ വാദപ്രതിവാദങ്ങളുടെ നിലവാരവും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. അവഗാഢമായ പഠനങ്ങളോ ആഴത്തിലുള്ള വീക്ഷണങ്ങളോ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. പകരം പുലഭ്യം പറച്ചിലും സദസ് അലങ്കോലപ്പെടുത്തലും ഇറങ്ങിപ്പോക്കും നിത്യസംഭവം. ഇതേ പാര്‍ലമെന്റില്‍ വെച്ചാണ് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ചരിത്ര പ്രസിദ്ധമായ ടിസ്റ്റ് വിത്ത് ഡെസ്റ്റിനി എന്ന പ്രസംഗം നടത്തിയത്. അത് ജോണ്‍ കെന്നഡിയുടെ ഉത്ഘാടന പ്രസംഗത്തോടോ എബ്രഹാം ലിങ്കന്റെ ഗെറ്റിസ്ബര്‍ഗ് പ്രസംഗത്തോടോ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ രണ്ടാം ലോക മഹായുദ്ധ കാലത്തെ പ്രസംഗത്തോടെ കിടിപിടിക്കുന്നതോ അല്ലെങ്കില്‍ ഒരു പടി മുമ്പോ നില്‍ക്കുന്നത് ആണ്. ഇപ്പോഴത്തെ ഈ തരം താഴ്ന്ന രാഷ്ട്രീയ പുലഭ്യങ്ങള്‍ക്ക് പകരം രാഷ്ട്ര പിതാവ് വളരെ ഗഹനമായ ചിന്താശകലങ്ങള്‍ ഇതേ രാജ്യത്തിലെ രാഷ്ട്രീയ മുന്നേറ്റത്തിന് നല്‍കിയ ഒരു കാലം ഉണ്ടായിരുന്നു. മഹാത്മജിയുടെ 'പ്രവര്‍ത്തിക്കുക  അല്ലെങ്കില്‍ മരിക്കുക, എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്നീ അര്‍ത്ഥ ഗംഭീരങ്ങളായ ഉദ്‌ഘോഷങ്ങള്‍ക്ക് ഇന്ത്യയുടെ എന്നല്ല ലോകത്തിന്റെ തന്നെ ചരിത്രത്തില്‍ സമാന്തരങ്ങള്‍ ഉണ്ടോ?
പുലഭ്യവര്‍ഷത്തിന്റെ രാഷ്ട്രീയം എന്ത് സന്ദേശം ആണ് നല്‍കുന്നത്? (ഡല്‍ഹി കത്ത് : പി.വി.തോമസ്)
Join WhatsApp News
Ninan Mathullah 2015-04-06 18:18:05
Why people who respond for reason in and reason out, keep silence to such articles. Is it because they identify with these people making such statements?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക