Image

അടയാളവാക്യം (കവിത: അനില്‍ കുറ്റിച്ചിറ)

Published on 06 April, 2015
അടയാളവാക്യം (കവിത: അനില്‍ കുറ്റിച്ചിറ)
പാതിയോളം
ചെത്തുകല്ലുകള്‍
കെട്ടിപ്പണിത
രണ്ട്‌ നെടുനീളന്‍ കോട്ടകള്‍,
അവസാന പീരിയഡിലെ
കണക്കും തെറ്റിച്ച്‌
കൊടിത്തൂവയും
കമ്യൂണിസ്റ്റ്‌ പച്ചയും
കീഴടക്കിയ
ചെറുരാജ്യം.

വാതിലുകളില്ലാതെ
തഴുതിടാനാവാതെ
മലര്‍ക്കെത്തുറന്ന്‌.....
ചില രാത്രികളില്‍
ഒരു ശിശുദിന റാലി
റോഡ്‌ മുറിച്ചു
കടക്കുന്നതു കാണാം.
മറ്റുചിലപ്പോള്‍
ജയ ജയ ജയ ജയഹേ....
എന്ന പെരുമഴ.

ചെത്തിമിനുക്കിയ
കോലത്തില്‍
ചില്ലുകൂടിന്റെ
ബന്ധനത്തില്‍
രാവിലെ പറക്കുന്ന മക്കള്‍
`ന്റെ അച്ഛന്‍
പട്ടണത്തിലാണ്‌
പഠിച്ച'തെന്ന്‌
കള്ളംപറയും
ആ സമയം
കാട്ടുചെത്തികള്‍ വകഞ്ഞ്‌
നേത്രന്‍ സാറും ശാരദടീച്ചറും
കൊതിപ്പിക്കുന്ന
മഞ്ഞവണ്ടിയിലേക്ക്‌
ആര്‍ത്തിയോടെ നോക്കും.

ഒരു രാത്രി വഴിതെറ്റി
കാടുവകഞ്ഞ്‌
അകത്തുകടക്കെ
കാലില്‍ മദ്യക്കുപ്പികൊണ്ട്‌
ഒരടയാളവാക്യം.
ടോര്‍ച്ചിന്റെ വഴിയില്‍
കറുത്ത ബോര്‍ഡില്‍
പച്ചിലപ്പടര്‍പ്പ്‌
പരത്തിയെഴുതിയ പാഠാവലി

രണ്ട്‌ നഗ്നതകള്‍
പിടഞ്ഞെണീറ്റ്‌
മുഖംകുനിച്ച്‌ പിറുപിറുത്തു
ഞാന്‍....അനില്‍ പി. അഞ്ച്‌ സി
ഞാന്‍... അംബിക എം....നാല്‌ ബി

ഓണക്കൂറില്‍ മുമ്പെല്ലാവരും
മലയാളം പള്ളിക്കൂടമെന്ന്‌
ചൊല്ലിവിളിച്ചിരുന്ന
ഒരു ജീവിതമുണ്ടായിരുന്നു.
Join WhatsApp News
വായനക്കാരൻ 2015-04-07 15:38:05
പള്ളിക്കൂടത്തിൽ പകൽ 
          പാഠങ്ങളൊന്നുമില്ല
പാതിരാവിലോ പരി- 
          പാടിതൻ പാഠങ്ങളും
കാലിൽ തടയുന്നൊരു 
           കാലിയാം മദ്യക്കുപ്പി,
മൂല്യശോഷണം വന്ന 
           കാലത്തിന്നടയാളം.
വിദ്യാധരൻ 2015-04-07 20:26:31
 പള്ളികൂടത്തിലച്ഛൻ 
                  വിട്ടതോ പഠിക്കാനായ് 
എന്നാൽ ഞാൻ പഠിച്ചതോ 
                    സൃഷ്ടിയിൻ രഹസ്യങ്ങൾ 
രഹസ്യമായി അല്ല്പം 
                     പഠിക്കാൻ തുടങ്ങുമ്പോൾ 
കലക്കാനെത്തി ചില 
                        കുരുത്തം കെട്ടവന്മാർ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക