Image

36 വയതിനിലേ.....തന്റെ പ്രായശ്ചിത്തമെന്ന് നടന്‍ സൂര്യ

Published on 08 April, 2015
36 വയതിനിലേ.....തന്റെ പ്രായശ്ചിത്തമെന്ന് നടന്‍ സൂര്യ
36 വയതിനിലേ എന്ന ചിത്രത്തിലൂടെ ജ്യോതികയെ തിരിച്ച് അഭിനയലോകത്തേക്കു കൂട്ടിക്കൊണ്ടു വന്നത് തന്റെ പ്രായശ്ചിത്തമാണെന്ന് പ്രശസ്ത തമിഴ് നടന്‍ സൂര്യ. സൂര്യാ-ജ്യോതികാ ദമ്പതികളുടെ കുടുംബസംഗമമായി 36 വയതിനിലേ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് സൂര്യ ക്ഷണിക്കപ്പെട്ട അത്ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മുന്നില്‍ തന്റെ മനസു മനസ്സു തുറന്നത്.

ഒരു ശരാശരി ഇന്ത്യന്‍ ഭര്‍ത്താവിനെപ്പോലെ വിവാഹശേഷം ഭാര്യയെ അടുക്കളയിലേക്കും കുട്ടികളിലേക്കും തള്ളിവിട്ടെന്ന ചിന്ത എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അതിനുള്ള പ്രായശ്ചിത്തമാണ് ഇത്. എന്തുകൊണ്ട് ജ്യോതിക വിവാഹശേഷം അഭിനയിച്ചില്ല എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് 36 വയതിനിലെ എന്ന ചിത്രം. സൂര്യ പറഞ്ഞു. ജ്യോതികയുടെ കഴിവുകളെ ഈ ചുമരുകള്‍ക്കുള്ളില്‍ അമര്‍ത്തി കൊല്ലുന്നെന്ന് പോലും എനിക്ക് തോന്നി. എന്റെ ആരാധകര്‍ പോലും ജ്യോതികയെ സിനിമയില്‍ നിന്നും അകറ്റിനിര്‍ത്തിയതില്‍ എന്നോട് ദേഷ്യപ്പെട്ടിരുന്നു.

എന്നാല്‍ ജ്യോതികയുടെ തിരിച്ചുവരവ് മറ്റാരേക്കാളും ആഗ്രഹിച്ചിരുന്നത് ഞാന്‍ തന്നെയായിരുന്നു. 36 വയതിനിലേ എന്ന ചിത്രത്തിലൂടെ ജോയെ ഞാന്‍ വീണ്ടും സിനിമയിലേക്ക് കൊണ്ടെത്തിച്ചു. നല്ല കഥാപാത്രവും അവസരവും ഒരുമിച്ചെത്തിയപ്പോഴാണ് ഈ ചിത്രം സംഭവിച്ചത്. സൂര്യ പറയുന്നു.

ചെന്നൈയില്‍ ലീലാ പാലസില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ സൂര്യയുടെ പിതാവും നടനുമായ ശിവകുമാര്‍. സൂര്യ,ജ്യോതിക,സഹോദരനും നടനുമായ കാര്‍ത്തി, സൂര്യ-ജ്യോതിക ദമ്പതികളുടെ മക്കളായ ദിയാ,ദേവ് എന്നിവരും പങ്കെടുത്തു. സംവിധായകരായ ബാല,വെങ്കട്ട് പ്രഭു,വസന്ത്,പാണ്ഡിരാജ് എന്നിവരും ചടങ്ങിനെത്തി.

കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് റോഷന്‍ ആന്‍ഡ്രൂസ് തനിക്ക് സമ്മാനിച്ചത് എന്നാണ് ജ്യോതിക പറഞ്ഞത്. ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോ ടെക്‌നീഷ്യന്‍മാരെയും പേരെടുത്ത് അഭിനന്ദിച്ചതിനൊപ്പം അവരുടെ ഭാര്യമാരുടെ പ്രയത്‌നവും ജ്യോതിക വേദിയില്‍ പരാമര്‍ശിച്ചു. സൂര്യയാണ് തന്റെ ലോകമെന്ന് പറഞ്ഞുകൊണ്ടാണ് ജ്യോതിക പ്രിയതമന് നന്ദി പറഞ്ഞത്. തന്റെ ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കുമൊപ്പം എന്നുമുണ്ടായിരുന്ന ആളാണ് സൂര്യയെന്നും ജ്യോതിക പറഞ്ഞു.
36 വയതിനിലേ.....തന്റെ പ്രായശ്ചിത്തമെന്ന് നടന്‍ സൂര്യ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക