മാര്‍ത്തോമ്മ സഭയുടെ തലവനായിരുന്ന അഭിവന്ദ്യ മെത്രാപ്പോലീത്താ മാര്‍ ഫീലിപ്പോസ്
ക്രിസോസ്റ്റം നാനാജാതി മതസ്ഥരടങ്ങുന്ന ഒരു ജനതയുടെ പ്രിയങ്കരനും സഭയുടെ ആത്മീയ
നേതാവും പൈതൃകമായ പാരമ്പര്യത്തിലെ അപൂര്‍വ്വ വ്യക്തിത്വത്തിന്റെ ഉടമയുമാണ്. ഒരു
മുത്തച്ഛന്റെ സ്‌നേഹ വാത്സല്യങ്ങളോടെ നീണ്ട കാലം സഭയ്‌ക്കും സമൂഹത്തിനും സേവനം
ചെയ്‌ത ശേഷം സഭയുടെ ഔദ്യോഗിക സ്ഥാന മാനങ്ങളില്‍ നിന്നും സ്വയം സ്ഥാന ത്യാഗം
ചെയ്യുകയാണുണ്ടായത്. സദാ പ്രസന്ന ഭാവത്തോടെ ജനങ്ങളുടെ മുമ്പില്‍ വരുന്ന ഈ വലിയ
ആത്മീയ ആചാര്യന് നര്‍മ്മ ഭാവനകളോടെ മറ്റുള്ളവരെ അസാമാന്യമായി ചിരിപ്പിക്കാനുള്ള
കഴിവുമുണ്ട്. അത് ജന്മസിദ്ധവുമാണ്. ഓരോ ഫലിതത്തിലും ആത്മാവിനു കുളിര്‍മ്മ
നല്‌കുന്ന ആത്മീയ മൂല്യങ്ങളും നിറഞ്ഞിരിക്കും. അസാധാരണമായ ഈ വ്യക്തി പ്രഭയെ ജാതി മത
ഭേദ മേന്യേ ആകമാന ജനം സ്‌നേഹിക്കുകയും സ്‌തുതിക്കുകയും
ചെയ്യുന്നു.
ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ (ഫിലിഫ്
ഉമ്മന്‍) 1918 ഏപ്രില്‍ 27 ന് ജനിച്ചു. അദ്ദേഹത്തിനു 97 വയസ് തികയുന്നു. 67
വര്‍ഷത്തോളം സഭയുടെ മെത്രാന്‍ പദവി അലങ്കരിച്ചു. അത് ഭാരത മെത്രാന്മാരുടെയിടയില്‍
ഏറ്റവും നീണ്ട ഒരു കാലഘട്ടമാണ്. അജപാലകനായി ഭാരത ക്രിസ്‌ത്യന്‍ സഭകളില്‍
മറ്റാരെക്കാളും ദീര്‍ഘകാലം സഭയെ സേവിച്ചുവെന്നുള്ള വ്യക്തിമുദ്രയും
അദ്ദേഹത്തിനുണ്ട്. ക്രിസോസ്റ്റം തിരുമേനി അല്ലെങ്കില്‍ വലിയ തിരുമേനിയെന്ന്
അജഗണങ്ങള്‍ സംബോധന ചെയ്യുന്നു. അദ്ദേഹത്തിന്റെ പിതാവ് കെ.ഇ . ഉമ്മന്‍ കുമ്പനാട്ട്
പള്ളിയിലെ വികാരിയായിരുന്നു. അമ്മ ശോശാമ്മ കാര്‍ത്തികപ്പള്ളി നടുക്കേല്‍ വീട്ടില്‍
അംഗമായിരുന്നു. ഇരവിപൂരിലും കോഴഞ്ചേരിയിലും സ്‌കൂള്‍ വിദ്യാഭ്യാസം നടത്തി. ആലുവാ
യൂണിയന്‍ ക്രിസ്‌ത്യന്‍ കോളേജില്‍ നിന്ന് ബിരുദമെടുത്തു. ചെറുപ്പകാലത്ത്
സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊള്ളുന്ന കാലമായിരുന്നു. അക്കാലത്ത് സാമൂഹിക പരമായ
പല പ്രസ്ഥാനങ്ങളിലും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കുകൊണ്ടിരുന്നു. ഇത്തരം
സേവനങ്ങള്‍ അദ്ദേഹത്തെ സുവിശേഷ ജോലികളില്‍ പ്രവര്‍ത്തിക്കാന്‍
കാരണമാക്കി.
1944 ജനുവരിയില്‍ മാര്‍ത്തോമ്മാ സഭയുടെ ഡീക്കനായും പിന്നീട്
അതേ വര്‍ഷം ജൂണില്‍ കശീശായായും വാഴിച്ചു. 1953 ല്‍ റമ്പാച്ചനുമായി. 1953ല്‍
യൂഹന്നാന്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ അദ്ദേഹത്തിന് എപ്പിസ്‌ക്കൊപ്പല്‍
സ്ഥാനം കൊടുത്തു. 1954ല്‍ ബ്രിട്ടനിലെ കാന്‍ബെറിയിലുള്ള സെന്റ്. അഗസ്റ്റിന്‍
കോളേജില്‍ ദൈവ ശാസ്‌ത്രം പഠിച്ച് ബിരുദം നേടി. 1999ല്‍ അലക്‌സാണ്ടര്‍ മാര്‍
മെത്രാപ്പോലീത്താ സ്ഥാനത്യാഗം ചെയ്‌തപ്പോള്‍ അദ്ദേഹത്തെ സഭയുടെ ഏറ്റവും ഉന്നത
പദവിയായ വലിയ മെത്രാപ്പോലീത്തായായി വാഴിച്ചു.
മാര്‍ ക്രിസോസ്റ്റം ഹൃദയശുദ്ധി
നിറഞ്ഞ, കപടതയറിയാത്ത തുറന്നൊരു പുസ്‌തകം പോലെയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ
മഹനീയ വ്യക്തി പ്രഭാവമുള്ള ആദ്ധ്യാത്മിക ഗുരുവെന്നു പറഞ്ഞാലും അധികമാവില്ല.
കുഞ്ഞുങ്ങളുടെ മനസുള്ള അദ്ദേഹത്തില്‍ ജ്വലിക്കുന്നത് ക്രിസ്‌തുവിന്റെ ചൈതന്യമാണ്.
കാലത്തിനനുയോജ്യമായി സഭയെ നവീകരിക്കണമെന്ന സ്വപ്‌നമാണ് അദ്ദേഹത്തിനുള്ളത്. കഴിഞ്ഞ
കാല ചിന്തകളെ താലോലിച്ചു കൊണ്ടുള്ള സ്‌തുതിപാഠകരല്ല സഭയ്‌ക്കാവിശ്യം മറിച്ച്
തെറ്റുകളെ തിരുത്തി സഭയുടെ പരിശുദ്ധി വീണ്ടെടുക്കാന്‍, നേരായ വഴിയെ നയിക്കാന്‍
കഴിവും പ്രാപ്‌തിയുമുള്ള നേതൃത്വമാണ് സഭയ്‌ക്കാവശ്യമെന്നും
വിശ്വസിക്കുന്നു.
കിഴക്കിന്റെ സഭയുടെ നവീകരണത്തെപ്പറ്റിയും ചരിത്ര
പശ്ചാത്തലത്തെപ്പറ്റിയും ക്രിസോസ്റ്റത്തിനു പലതും പറയാനുണ്ട്. ചരിത്രകാരുടെ
കാഴ്‌ചപ്പാടില്‍ എബ്രാഹം മല്‍പ്പാനു രണ്ടു തരത്തിലുള്ള താല്‌പര്യങ്ങളുണ്ടായിരുന്നു.
ആദ്യത്തേത് മിഷിനറിമാരോടൊത്തുള്ള സഭാ പ്രവര്‍ത്തനമായിരുന്നു. രണ്ടാമത്
അതില്‍നിന്നും വ്യത്യസ്‌തമായി മിഷിനറി പ്രവര്‍ത്തനങ്ങളില്‍ ഇടപെടാതെ സ്വതന്ത്രമായ
ഒരു സഭയായിരുന്നു. എന്നാല്‍, മിഷിനറിമാരില്‍നിന്നും വേറിട്ട് സ്വതന്ത്രമായ ഒരു
സഭയാണ് അന്നത്തെ നവീകരണ മാര്‍ത്തോമ്മാ സഭ തിരഞ്ഞെടുത്തത്. വാസ്‌തവത്തില്‍
ദളിതരോടുള്ള വെറുപ്പുപോലെ സഭയിലെ അംഗങ്ങള്‍ക്ക് മിഷിനറിമാരോടുണ്ടായിരുന്നില്ല.
സ്വാതന്ത്ര്യത്തെ മാനിച്ചതു കൊണ്ടല്ല; ദളിതരായവരെ സഭാകാര്യങ്ങളില്‍
പങ്കുകൊള്ളിക്കാതെ ഒഴിവാക്കണമെന്ന ചിന്ത സഭയ്‌ക്കുണ്ടായിരുന്നുവെന്നും ചിലര്‍
അനുമാനിക്കുന്നു. 'സഭയെ വിമര്‍ശിക്കുന്നതു അംഗികരിക്കുന്നില്ലെങ്കിലും അങ്ങനെയുള്ള
അന്നത്തെ തീരുമാനങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടോയെന്നു ഗഹനമായി
ചിന്തിക്കണമെന്നും' മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്താ സഭാ
മക്കളോട്‌പറയുകയുണ്ടായി.
സുദീര്‍ഘമായ സഭാ ഭരണത്തിന് വിരാമം കല്‍പ്പിച്ച്
തന്റെ സ്ഥാനമാനങ്ങളെല്ലാം പിന്‍ഗാമിയെ എല്‍പ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, ` സഭയെ
നയിക്കാന്‍ താനിന്നും ശക്തനാണ്. പക്ഷെ, കുത്തഴിഞ്ഞ ഒരു ഭരണ സംവിധാനമാണ്
സഭയ്‌ക്കുള്ളത്. താന്‍ സഭയുടെ തലവനായി ആദ്യം ചുമതലയെടുത്ത നാളുകളില്‍
തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഒരു കറിയാച്ചനെ ഉണ്ടായിരുന്നുള്ളൂ. അന്ന് സഭയുടെ
നന്മയ്‌ക്കായുള്ള സുപ്രധാന തീരുമാനങ്ങളില്‍ ആരും ചോദ്യം ചെയ്യാനുണ്ടായിരുന്നില്ല.
ഇന്നത്തെ സ്ഥിതി അതല്ല. കറിയാച്ചന്മാരെക്കൊണ്ട് സഭ നിറഞ്ഞിരിക്കുന്നു. ദൈവ കൃപയും
അരൂപിയും പഴയ കാല തീരുമാനങ്ങള്‍ക്കൊപ്പം സഭയിലുണ്ടായിരുന്നു. കാലം മാറി.
കറിയാച്ചന്മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. തീരുമാനങ്ങള്‍ നടപ്പാക്കാന്‍ നൂറു
കണക്കിന് കറിയാച്ചന്മാരുണ്ടായി.` സ്വന്തം സഭയുടെ ഭാവിയില്‍ ഈ ഋഷിവര്യന്‍
അസ്വസ്ഥനാണ്. സമാധാനവും സഹവര്‍ത്തിത്വവും ഉള്‍ക്കൊണ്ട യേശു വിഭാവന ചെയ്‌ത സഭ
അദ്ദേഹം മോഹിക്കുന്നു. ഗ്രാമീണ ജനതകളുടെ ഹൃദയ സ്‌പന്ദനങ്ങള്‍ ആരും
തിരിച്ചറിയുന്നില്ല. അവരുടെ അഭിപ്രായങ്ങള്‍ സഭ ശ്രവിക്കാത്തതും വില
കല്‌പ്പിക്കാത്തതും ഈ അഭിവന്ദ്യ മെത്രാപ്പോലീത്തയെ
വേദനിപ്പിക്കുന്നുമുണ്ട്.
`സഭയിന്ന് തത്ത്വങ്ങളെ ബലികഴിക്കുന്നുവെന്നും
കള്ളം മാത്രം പറയുന്ന ഒരു നേതൃത്വമാണ് സഭയെ നിയന്ത്രിക്കുന്നതെന്നും'
മെത്രാപ്പോലീത്താ അടുത്തയിട കുറ്റപ്പെടുത്തുകയുണ്ടായി . താന്‍ സ്ഥാന മാനങ്ങളെ
ഉപേക്ഷിച്ചത് കള്ളം പറയാന്‍ ബുദ്ധി മുട്ടായതുകൊണ്ടെന്നും അദ്ദേഹത്തെ അഭിമുഖ
സംഭാഷണം നടത്തിയവരോട് പറയുകയുണ്ടായി. സത്യം മാത്രം കൈമുതലായുള്ള ഗ്രാമ വാസികളുടെ
ഇടയില്‍ സേവനമാണ് ശേഷിച്ച കാലം അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത്. അവരുടെ
പരിശുദ്ധമായ സ്‌നേഹവും വാത്സല്യവും അദ്ദേഹത്തെ കൂടുതല്‍ കാലം ജീവിക്കാനും
പ്രേരിപ്പിക്കുന്നു.
`മെത്രാപ്പോലീത്തായും കള്ളം പറയില്ലേയെന്നു' ആരോ
അദ്ദേഹത്തോട് ചോദിച്ചു. ' ആരാണ് ഈ സത്യവാന്‍'? 'ബാലനായിരുന്ന സമയം താനും ഒരു
കൊച്ചു കള്ളനായിരുന്നുവെന്നു' പറഞ്ഞു. കുസൃതി ചെറുക്കനും കള്ളന്മാരുടെ
രാജാവുമായിരുന്നു. കള്ളം മാത്രമേ പറയുമായിരുന്നുള്ളൂ.സ്വന്തം അപ്പനോടും അമ്മയോടും
ദൈവത്തോടുപോലും കള്ളം പറയുമായിരുന്നു. മാരാമണ്‍ കണ്‍വന്‍ഷന്‍ വരുമ്പോള്‍ അമ്മ
നേര്‍ച്ചയിടാന്‍ ഒരണ (10 പൈസ) തരുമായിരുന്നു. അമ്മേ കപ്പലണ്ടി മുട്ടായി മേടിക്കാന്‍
ഒരണ കൂടി തരൂവെന്നു പറഞ്ഞാല്‍ 'അമ്മ' കേള്‍ക്കില്ല, തരില്ല. ഈ കൊച്ചു കള്ളന്‍ അരയണ
ദൈവത്തിനു കൊടുക്കും. ദൈവത്തിന്റെ ബാക്കി അരയണ കട്ട് കപ്പലണ്ടി മുട്ടായി
മേടിക്കുമായിരുന്നു.' കുരുത്തം കെട്ട ഈ കൊച്ചുതെമ്മാടിയാണ് പിന്നീട് മാര്‍ത്തോമ്മ
സഭയുടെ അത്യുന്നത പീഠം അലങ്കരിച്ച് അജഗണങ്ങളെ നയിച്ചതെന്നു കേള്‍ക്കുമ്പോള്‍
വിസ്‌മയം തോന്നും. 'ദൈവത്തിനെന്തിനാണ്, പണമെന്ന് ഇന്നും ഈ ആത്മീയ വിപ്ലവകാരി
ചോദിക്കാറുണ്ട്. ദൈവത്തിന്റെ പണം കട്ടവനേയെന്നു ആരെങ്കിലും പരിഹസിച്ചാല്‍ കുസൃതി
മാറാത്ത മായാത്ത പുഞ്ചിരിയുമായി ഈ മുത്തച്ഛന്‍ മെത്രാപ്പോലീത്താ പറയും, 'മോനെ,
മനസറിഞ്ഞുകൊണ്ട് ദൈവത്തിനു നാം പണം കൊടുക്കുന്നു. അവിടുന്നു പണം
ചോദിക്കുമോ?
യുവാവായിരുന്നപ്പോള്‍ തമിഴ്‌നാട്ടിലെ ഷോലാര്‍ പേട്ടയിലെ
റയില്‍വേ സ്‌റ്റേഷനില്‍ പോര്‍ട്ടറായും ജോലി ചെയ്‌തു. അദ്ധ്വാനിച്ചും വിയര്‍ത്തും
ഭക്ഷിച്ചാല്‍ അതിന് പ്രത്യേക രുചിയുണ്ടെന്നും പറയും. പെട്ടിക്കൂലിയുണ്ടാക്കാന്‍
ട്രെയിന്‍ വരുന്നത് കാത്തിരിക്കും. ഒരിയ്‌ക്കല്‍ പ്ലാറ്റ് ഫോമില്‍ നില്‌ക്കവേ
പെട്ടി ചുമക്കാന്‍ പോര്‍ട്ടറെ നോക്കി തൊപ്പിയും ധരിച്ച ഒരു മനുഷ്യന്‍ ചുറ്റും
നോക്കുന്നതു കണ്ടു. ഈ പോര്‍ട്ടറു ചെറുക്കന്‍ അടുത്തു ചെന്നപ്പോള്‍ 'കൂലി എത്ര
വേണമെന്ന്' തൊപ്പിക്കാരന്‍ സാറ് ചോദിച്ചു. അങ്ങയുടെ ജോലിയില്‍ അര
മണിക്കൂറുകൊണ്ട് അങ്ങേയ്‌ക്കെന്തു ലഭിക്കുന്നുവോ ആ വേതനം തരൂവെന്നു ഈ ചെക്കന്‍
മറുപടി പറഞ്ഞു. ഏതായാലും തൊപ്പിക്കാരനായ യാത്രക്കാരന്‍ ആദ്യം നെറ്റി
ചുളിച്ചെങ്കിലും മറുപടി നന്നേ ഇഷ്ടപ്പെടുകയും 'പെട്ടി' ചെക്കനെക്കൊണ്ട്
ചുമപ്പിക്കുകയും ചെയ്‌തു. ചോദിക്കാതെ തന്നെ അധിക കൂലി കൊടുത്തപ്പോള്‍ അത് തിരിച്ചു
കൊടുത്തുകൊണ്ട് 'സാറേ എനിയ്‌ക്ക് ജോലിക്കുള്ള കൂലി മതിയെന്നു' പറഞ്ഞു, പെട്ടി
ചുമന്ന യുവാവിനെ യാത്രക്കാരന്‍ അഭിനന്ദിക്കുകയും ചെയ്‌തു. കാലം മാറിയപ്പോള്‍
മനുഷ്യര്‍ ഗുണ്ടായിസം കളിച്ച് നോക്കുകൂലിയെന്നു പറഞ്ഞും യാത്രക്കാരെ
ഭീക്ഷണിപ്പെടുത്തുന്നു. പീഡിപ്പിച്ച് പണം തട്ടിയെടുക്കുകയും ചെയ്യുന്നു. ഈ വന്ദ്യ
പുരോഹിതനെ അവര്‍ മാതൃകയാക്കിയിരുന്നെങ്കില്‍ നമ്മുടെ നാട് എത്ര
മനോഹരമാകുമായിരുന്നു.
യുവാവായിരുന്ന കാലങ്ങളില്‍ മെത്രാപ്പോലീത്താ രണ്ടു
പെണ്‍ കുട്ടികളെ പ്രേമിച്ച കാര്യവും പറയും. ക്രിസോസ്റ്റം പറയുന്നു, `സ്‌കൂളില്‍
പഠിക്കുമ്പോള്‍ ആദ്യത്തെവളോട് മൊട്ടിട്ട പ്രേമമായിരുന്നു. ഹൃദയം കൊണ്ട് അവളെ
സ്‌നേഹിച്ചിരുന്നു. ഈ പ്രേമം ഞങ്ങളാരോടും പുറത്തു പറഞ്ഞില്ല. അവള്‍ അവളുടെ വഴിയെ
പോയി.' ഒരിക്കല്‍ കുര്‍ബാന വേളയില്‍ കണ്ണുകളുടെ ചിമ്മലുകള്‍ കൊണ്ട് അവളെ നോക്കിയ
കാര്യവും ഫലിത പ്രിയനായ മെത്രാപ്പോലീത്തായ്‌ക്ക് തുറന്നു പറയാനും മടിയില്ല. ഒരു
ദളിത യുവതിയോട് പ്രേമമുണ്ടായിരുന്ന കഥയും പറയും. അവളന്നു വീട്ടു ജോലി ചെയ്യാന്‍
വരുന്ന ജോലിക്കാരിയായിരുന്നു. 'യുവത്വത്തിന്റെ ലഹരിയില്‍ തിളച്ചുവന്ന ആ
പ്രേമത്തിന്റെ വില്ലന്മാര്‍ തന്റെ മാതാപിതാക്കളും സഹോദരരുമായിരുന്നുവെന്നു'
മെത്രാപ്പോലീത്താ ഇന്നും പറയും. അക്കാലത്ത് സ്‌നേഹിക്കുകയെന്നത് സാമൂഹിക
മാമൂലുകളുടെ കാഴ്‌ച്ചപ്പാടില്‍ കുറ്റകരമായിരുന്നു. ജാതി വ്യവസ്ഥതിയുടെ
സങ്കീര്‍ണ്ണതയില്‍ ഒരു ദളിത പെണ്ണിനെ വിവാഹം കഴിച്ചാല്‍ സ്വന്തം കുടുംബവും സമൂഹവും
ഒറ്റപ്പെടുത്തുമായിരുന്നു. പ്രേമത്തിന്റെ പേരില്‍ ഒരു കൊടുംകാറ്റുതന്നെ അന്ന് ആ
വീട്ടില്‍ ഉണ്ടായി. മനുഷ്യന്‍ മനുഷ്യനെ രണ്ടായി കാണുന്ന കാലവും. അതുകൊണ്ട്
അഴകപ്പനെന്ന ദളിതന്റെ മകളെ വിവാഹം കഴിക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല.
മാതാപിതാക്കളുടെയും കൂടപ്പിറപ്പായ ഒരു സഹോദരന്റെയും ശക്തിയായ പ്രേരണ അവരുടെ
പ്രേമത്തെ തകര്‍ത്തു കളഞ്ഞു. ഈ കഥ പറയുമ്പോഴും ആ വന്ദ്യ വയോധികന്റെ തിളക്കമാര്‍ന്ന
കണ്ണുകള്‍ക്ക് ഒരു പ്രത്യേകതയും കാണാം.
'സദാ സമയവും ദൈവമേയെന്നു വിളിച്ച്
ദൈവത്തെ എന്തിനാണ് ബുദ്ധിമുട്ടിയ്‌ക്കുന്നതെന്നും' മെത്രാപ്പോലീത്താ ചോദിക്കുന്നു.
'നമുക്കാവശ്യമുള്ളത് എന്തെന്ന് ദൈവത്തിനറിയാം. തുടര്‍ച്ചയായി ദൈവത്തെ വിളിച്ച്
മുറവിളി കൂട്ടുന്ന സമയം കര്‍മ്മ നിരതനാവൂയെന്ന്' ഈ ആചാര്യന്‍ സഭാ മക്കളെ
ഉപദേശിയ്‌ക്കുന്നു. 'കടമകള്‍ പൂര്‍ത്തിയാക്കൂയെന്നു പറഞ്ഞാല്‍ സര്‍വ്വതിനും
ദൈവത്തോടായി പ്രാര്‍ത്ഥിക്കുന്ന ജനത്തിന് മനസിലാവില്ലെന്നും' അദ്ദേഹം പറയുന്നു.
'കറിയാച്ചന്മാരുടെ ഒഴുക്കു കാരണം മെത്രാപ്പോലീത്തായെ ആരും ശ്രദ്ധിക്കുകയുമില്ല. സഭ
ശരിയായ ദിശയിലല്ല പോവുന്നതെന്നും കറിയാച്ചന്മാര്‍ക്ക് മനസിലാവുമില്ല. അധികാര
ഭ്രാന്തു പിടിച്ചവരാല്‍ സഭ നിറഞ്ഞിരിക്കുന്നു.'
ക്രിസോസ്റ്റം
മെത്രാപ്പോലീത്ത പറഞ്ഞ ഒരുപമ ചിന്തനീയവും രസാവഹവുമായിരിക്കുന്നു. `പണ്ടു
കാലങ്ങളില്‍ തിരുവനന്തപുരത്തു പോവുന്നവര്‍ അവിടുത്തെ നിരവധി കാഴ്‌ചകള്‍
കാണുമായിരുന്നു. രാജകീയ വീഥികള്‍, കാഴ്‌ച ബംഗ്ലാവ്, കവടിയാര്‍, കനകക്കുന്നു
കൊട്ടാരങ്ങള്‍, പത്മാനാഭ ക്ഷേത്രം, ആറാട്ടുത്സവം അങ്ങനെയങ്ങനെ പലതും പോവുന്നവരുടെ
ദൃഷ്ടിയില്‍ ഹരമായിരുന്നു. എന്നാല്‍ നമ്മുടെ മഹാനായ മോനിച്ചന്‍ പോയപ്പോള്‍ വരിക്ക
പ്ലാവും അതിലെ ചക്കകളും അതില്‍ ചാരിയിരിക്കുന്ന എണിയുമേ കണ്ടുള്ളൂ. മറ്റൊന്നും
മോനിച്ചന് കാണേണ്ടാ. അറിയേണ്ടാ. എല്ലാ കറിയാച്ചന്മാരും ഇതേ സ്വഭാവ
ഗുണങ്ങളുള്ളവരാണ്. അവരെല്ലാം കണ്ടില്ലാന്നു നടിക്കുന്ന ഏതോ നേത്ര രോഗം
ബാധിച്ചവരെപ്പോലെയാണ്. ലോകത്തിന്റെ മാറ്റങ്ങളും കാഴ്‌ചപ്പാടുകളും ഗ്രഹിക്കാതെ,
ഗൗനിക്കാതെ യാഥാസ്ഥിതിക ലോകത്ത് ഒതുങ്ങി കഴിയാന്‍ ആഗ്രഹിക്കുന്നു.'
2008ല്‍
ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായ്‌ക്ക് 90 വയസ്
തികഞ്ഞതിന്റെ സ്‌മാരകമായി ജാതി മത ഭേദ മേന്യേ 1500 ദരിദ്ര കുടുംബങ്ങള്‍ക്കായി ഭവന
നിര്‍മ്മാണ പദ്ധതിയാരംഭിച്ചു. നവതി പ്രോജക്‌റ്റെന്ന പേരില്‍ ഈ സാമൂഹിക
പ്രസ്ഥാനത്തെ അറിയപ്പെടുന്നു. ഓരോ വീടിന്റെയും നിര്‍മ്മാണ ചെലവ് ഒരു ലക്ഷത്തി
അമ്പതിനായിരം രൂപയായിരുന്നു. സഭയിലെ അംഗങ്ങള്‍ ഉദാരമായി സംഭാവന ചെയ്യുകയും
പ്രോജക്‌റ്റ് വിജയ പ്രദമാക്കുകയും ചെയ്‌തു. മത സൗഹാര്‍ദത്തിന്റെ പ്രതീകമായി
ഇന്ന് നവതി പ്രൊജക്‌റ്റ് നിലകൊള്ളുന്നു.
മതത്തിന്റെ അടിസ്ഥാന
തത്ത്വങ്ങളിലോ ഒരു പ്രത്യേക ജാതിയിലോ ഒതുങ്ങി നില്‌ക്കുന്നതല്ല റെവ. മാര്‍
ക്രിസോസ്റ്റം മെത്രാപ്പോലീത്തായുടെ ലോകം. അദ്ദേഹത്തിന്‍റെ അജഗണങ്ങളില്‍
ഹിന്ദുവെന്നോ ക്രിസ്‌ത്യാനിയെന്നോ മുസ്ലിമെന്നോ വിത്യാസമില്ല. അമൃതപുരിയില്‍
സുധാമണിയമ്മയുടെ ആശ്രമത്തില്‍ പോയി അവിടുത്തെ ഭജനയില്‍ പങ്കുകൊണ്ടതും അതിനൊരു
ഉദാഹരണമാണ്. സുധാമണിയമ്മയെ ക്രിസോസ്റ്റം മെത്രാപൊലീത്ത അഭിനന്ദിക്കുകയും ചെയ്‌തു.
'ആശ്രമത്തിലെ ഈ അമ്മയ്‌ക്ക് ലോകം മുഴുവന്‍ ഒറ്റ കുടുംബമായി കാണാന്‍
സാധിച്ചുവെന്നും' മാര്‍ ക്രിസോസ്റ്റം പറഞ്ഞു. പരസ്‌പരം യുദ്ധം ചെയ്യുന്ന ഒരു
ലോകത്തെപ്പറ്റി പത്രങ്ങളില്‍ നാം വായിക്കുമ്പോള്‍ ജാതി മത ഭേദമില്ലാതെ ഈ ആശ്രമ
വളപ്പില്‍ ജനം തടിച്ചു കൂടുന്നതും മെത്രാപ്പോലീത്തായെ ആകര്‍ഷിച്ചു. ലോകത്തിന്റെ
വിവിധ ഭാഗങ്ങളിലുള്ള ഗ്രാമീണ ജനതകളെ ഉദ്ധരിക്കുന്ന പദ്ധതികളിലും ബൃഹത്തായ
ഹോസ്‌പിറ്റലിന്റെ പ്രവര്‍ത്തനങ്ങളിലും കര്‍മ്മ നിരതയായി പ്രവര്‍ത്തിക്കുന്ന
സുധാമണിയമ്മയെ വിലമതിക്കുകയും ചെയ്‌തു. സുനാമി വന്നപ്പോള്‍ ഭവനരഹിതരായവര്‍ക്ക്
ആയിരക്കണക്കിന് വീടുകള്‍ വെച്ചു കൊടുത്തതും ആലപ്പാട് പഞ്ചായത്തില്‍ ആശ്രമം വക
പാലം തീര്‍ത്തതും പരോപാകാര പ്രവര്‍ത്തികളായി കാണാനുള്ള സഹൃദയ മനസ്
മെത്രാപ്പോലീത്തായ്‌ക്കുണ്ടായിരുന്നു. ആശ്രമങ്ങളിലെ ഭജനകളില്‍ ഒരു ബിഷപ്പ്
സംബന്ധിക്കുകയെന്നതും അദ്ദേഹത്തിന്‍റെ വിശാല മനസ്‌ക്കതയെ
കാണിക്കുന്നു.
മെത്രാപ്പോലിത്തന്‍ ക്രിസോസ്റ്റനെപ്പറ്റി പുസ്‌തകങ്ങളും
ലേഖനങ്ങളുമായി ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. ചരിത്രത്തിന്റെ ഏടുകള്‍ ഇനിയും
നിറയാനിരിക്കുന്നു. അദ്ദേഹവുമായി ആത്മാര്‍ത്ഥമായി ഇടപെടുന്നവര്‍ക്ക് തങ്ങളുടെ
വീക്ഷണ ചിന്താഗതിയിലും സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലും ദൈവ ശാസ്‌ത്രത്തിലും
മാറ്റങ്ങള്‍ സംഭവിച്ചു പോകും. ക്രിസ്‌ത്യാനികള്‍ ഹിന്ദുക്കളുടെ ഭജനയിലൊ
ഉത്സവങ്ങളിലോ ഓണത്തിനോ സംബന്ധിച്ചാല്‍ സഭയില്‍ നിന്ന് വിലക്ക് കിട്ടുന്ന ഒരു
കാലമുണ്ടായിരുന്നു. കുംബമേളയും ഗംഗാ സ്‌നാനവും ത്രിവേണി സംഗമവും
ക്രിസ്‌ത്യാനികള്‍ക്ക് നിഷിദ്ധങ്ങളാണ്.
ഒരു പുരോഹിതന്റെ രസകരമായ ഒരു
കുറിപ്പ് വായിക്കാനിടയായി. ക്രിസോസ്റ്റത്തെപ്പറ്റിയുള്ള പരാമര്‍ശനമാണ്
അതിലുള്ളത്. അന്ന് ആ പുരോഹിതനു കല്‍ക്കട്ടായില്‍ മിഷനറി പ്രവര്‍ത്തനം നടത്തണമെന്ന
ആഗ്രഹമുണ്ടായി. അതിനായി അനേക ആശ്രമങ്ങള്‍ സന്ദര്‍ശിച്ചു. ഹിന്ദു പണ്ഡിതരുമായി വാദ
വിവാദങ്ങളില്‍ ഏര്‍പ്പെട്ട് ഹൈന്ദവതത്ത്വങ്ങളെപ്പറ്റി പഠിക്കണമെന്നും ആഗ്രഹിച്ചു.
ഒടുവില്‍ 'സത്‌നാ ആശ്രമത്തില്‍' ചേരാനുള്ള അനുവാദം സഭയോട് ചോദിച്ചു. അത്തരം ഒരു
തീരുമാനം എടുക്കുന്നതിനു മുമ്പുതന്നെ ക്രിസോസ്റ്റം മെത്രാപ്പോലീത്താ
കല്‌ക്കട്ടായിലെ ഈ പുരോഹിതന്റെ ഇടവക സന്ദര്‍ശിച്ചിരുന്നു. മിഷനറിയാകാനുള്ള തന്റെ
ആഗ്രഹത്തിനെതിരെ മെത്രാപ്പോലീത്താ കടും പിടുത്തം പിടിക്കുമെന്നാണ് ഓര്‍ത്തത്.
തന്റെ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ക്രിസോസ്റ്റം മെത്രാപോലീത്താ അര്‍ത്ഥവത്തായി
പുഞ്ചിരിച്ചുകൊണ്ട് മൗനാനുവാദം നല്‍കുകയാണുണ്ടായത്. അതിനായി 'പ്രയാഗില്‍'
പോവണമെന്നറിയച്ചപ്പോള്‍ ക്രിസോസ്റ്റത്തിനും കൂടെ പോവണമായിരുന്നു. പുരോഹിത
വേഷത്തില്‍ രണ്ടു പേരെ കണ്ടാല്‍ മറ്റുള്ള സന്യാസിമാര്‍ എന്തു വിചാരിക്കുമെന്നുള്ള
ചിന്തകളും അലട്ടിയിരുന്നു. അത്യാഹ്ലാദത്തോടെ കുംബമേളയില്‍ ക്രിസോസ്റ്റം
സംബന്ധിച്ചതും പുരോഹിതനില്‍ അതിശയമുണ്ടാക്കി. മെത്രാപ്പോലീത്ത അന്നവിടെ കണ്ട ഓരോ
സന്യാസിമാരോടും ഹലോ പറഞ്ഞു. മേളയില്‍നിന്നു ഗീതയും പുരാണങ്ങളും മറ്റു വിശുദ്ധ
പുസ്‌തകങ്ങളും വാങ്ങിച്ചു. ചില സ്വാമിമാരുടെ പ്രസാദവും മധുര വിഭവങ്ങളും ബഹുമാന
പൂര്‍വ്വം വാങ്ങി ഭക്ഷിച്ചു. കൂടെയുണ്ടായിരുന്ന പുരോഹിതന്‍ പ്രസാദം മേടിക്കാന്‍ മടി
കാണിച്ചപ്പോള്‍ ക്രിസോസ്റ്റം തല കുലുക്കി കണ്ണുകാണിച്ച് മേടിക്കാന്‍ പറഞ്ഞു.
പ്രസാദം കളയാന്‍ തുടങ്ങിയപ്പോള്‍ 'ഇതു നല്ല രുചിയുള്ളതാണ്, കഴിക്കാന്‍'
ആവശ്യപ്പെട്ടു. ഭക്ഷണ വസ്‌തുക്കള്‍ അവിശുദ്ധങ്ങളായി ദൈവം കല്‍പ്പിച്ചിട്ടില്ലെന്നും
പറഞ്ഞു. അന്നുമുതല്‍ കൂടെ നടന്ന പുരോഹിതന്റെ മനസ്സിലുണ്ടായിരുന്ന സങ്കുചിത
ചിന്താഗതികള്‍ക്ക് മാറ്റം വന്നുവെന്നും ആ കുറിപ്പിലുണ്ട്.
യാഥാസ്ഥിതിക
ലോകത്തെ ഇത്രമാത്രം വെല്ലു വിളിച്ച മറ്റൊരു മെത്രാന്‍ ഭാരത സഭകളില്‍
ഉണ്ടായിരിക്കില്ല.തൊണ്ണൂറ്റിയേഴാം പിറന്നാളിന്റെ കൈത്തിരിയുമായി എത്തുന്നവരോട് ഈ
അജപാലകന്റെ ആഗ്രഹം പ്രകടിപ്പിക്കുന്നതിങ്ങനെ, എല്ലാവര്‍ക്കും വീട്, ഭക്ഷണം,
വിദ്യാഭ്യാസം , അസുഖം വരുമ്പോള്‍ ചീകത്സിക്കാനുള്ള സൌകര്യങ്ങള്‍, ആശുപത്രികള്‍,
ഇത്രയും കാര്യങ്ങള്‍ സ്വപ്‌നം കാണുന്നു. ഇത് മാര്‍ ക്രിസോസ്റ്റമെന്ന,
വിശ്വാസത്തിന്റെ പാത താണ്ടിയ ഒരു നൂറ്റാണ്ടിന്റെ ശബ്ദമാണ്. ഏതു സമുദായത്തിനും
സ്വീകാര്യനായ ഒരു വ്യക്തി ആരെന്നു ചോദിച്ചാല്‍ അത് മാര്‍ത്തോമ്മാ സഭയുടെ
പുണ്യാചാര്യനായ ക്രിസോസ്റ്റം വലിയ തിരുമേനി മാത്രമെന്നാണ് ഉത്തരം.