Image

ഗാന്ധിജി കോര്‍പ്പറേറ്റ് ഏജന്റോ? അരുന്ധതി റോയിക്ക് മറുപടി (സിറിയക്ക് സ്‌കറിയ)

Published on 18 April, 2015
ഗാന്ധിജി കോര്‍പ്പറേറ്റ് ഏജന്റോ? അരുന്ധതി റോയിക്ക് മറുപടി (സിറിയക്ക് സ്‌കറിയ)
അരുദ്ധതി സ്വന്തം ജീവിത യാഥാര്‍ത്ഥ്യങ്ങളോട് ചേര്‍ന്ന് നിന്നുകൊണ്ട് അവതരിപ്പിച്ച ഒരു നോവലായിരുന്ന ബൂക്കര്‍ പ്രൈസ് നേടിയെടുത്ത 'ദി ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ്.'

അതിപുരാതന സിറിയന്‍ ക്രൈസ്തവ പാരമ്പര്യത്തിന്റെ ചട്ടക്കൂടുകള്‍ക്ക് അപ്പുറത്ത് നടക്കുന്ന സംഭവവികാസങ്ങള്‍ സ്വന്തം ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ വെളിച്ചത്തില്‍ സാഹിത്യവും പൈങ്കിളിയും ചേര്‍ത്ത് ചാലിച്ചെഴുതിയപ്പോള്‍ പാശ്ചാത്യലോകത്തിന് വിപഌവാത്മകമായ ആവിഷ്‌കാരമായ് അത് അനുഭവപ്പെടുകയുണ്ടായ്. മൂന്നാം ലോകരാജ്യങ്ങളില്‍ നടക്കുന്ന എന്തു സംഭവങ്ങളും പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവതരിപ്പിക്കുന്ന ഒരു കാലഘട്ടവുമായിരുന്നു അത്.
അങ്ങനെ കൂട്ടുകുടുംബ സംവിധാനമുള്ള; പരസ്പര സഹകരണവും പങ്കുവയ്ക്കലും മുഖമുദ്രയായിട്ടുള്ള ഒരു സാമൂഹിക പശ്ചാത്തലത്തില്‍ നടന്നു എന്നു കരുതുന്ന വളരെ അസാധാരണമായ കുടുംബപ്രശ്‌നങ്ങളെ ജാതിയുടെയും, ലൈംഗികതയുടെയും, ഉപചാപങ്ങളുടെയും, കുട്ടികളുടെ മാനസികാവസ്ഥയുടെയുമൊക്കെ സങ്കീര്‍ണ്ണതയില്‍ വരച്ചുകാട്ടിയ 'ദ ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ്' വളരെ വായനാസുഖമുള്ള ഒരു നോവലാണെങ്കിലും ഇത്തരം മഹത്വവല്‍കരിക്കേണ്ടതായ എന്താണതിലുള്ളത്?
ബൂക്കര്‍ പ്രൈസ് നിര്‍ണ്ണയത്തിലെ മാനദണ്ഡങ്ങളും മൂല്യാധിഷ്ഠതയും ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലഘട്ടവുമാണല്ലോ നമുക്കിന്നുള്ളത്. പലപ്പോഴും തങ്ങളുടെ ആസ്വാദനത്തിനും ചിന്താഗതികള്‍ക്കും അനുയോജ്യമായ വിഷയങ്ങള്‍ പര്‍വ്വതീകരിച്ചു പ്രചരിപ്പിക്കുന്നതില്‍ വൈദേശീക പുരസ്‌കാരങ്ങള്‍ക്ക് ഒരു വലിയ അളവില്‍ വിമര്‍ശനമേല്‍ക്കേണ്ടി വന്നിട്ടുണ്ട്.

അരുദ്ധതി റോയ് എന്ന എഴുത്തുകാരിയിലെ നന്മയെയും സുതാര്യതയെയും മനസ്സിലാക്കുന്നതിനൊടൊപ്പം അവരിലെ അവസരവാദപരമായ വശത്തെക്കൂടി അനാവരണം ചെയ്യണമെന്നുള്ളതാണ് സ്വതന്തമതികളുടെ പക്ഷം. ആ മഹത്തായ ദൗത്യം ഏറ്റെടുക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ആഴത്തില്‍ പഠിക്കേണ്ടതും ചരിത്രപരമായ് വിശകലനം ചെയ്യേണ്ടതായും വരുന്നു.

'അയ്മനം' എന്ന ഗ്രാമത്തിലേക്കു മടങ്ങി വരുന്ന മേരി റോയിക്ക് വേണ്ടത്ര സ്വീകാര്യത സ്വന്തം കുടുംബം നല്‍കി ഇല്ല എന്നത് പശ്ചാത്തലം.
പെണ്‍കുട്ടികളെ ദൈവവിളിയുടെ പേരില്‍ കന്യകാസ്ത്രീ മഠങ്ങളിലോ അല്ലെങ്കില്‍ ആരോഗ്യസേവനരംഗത്തോ അയച്ചശേഷം ആണ്‍തലമുറയെ കുടുംബത്തിന്റെ ഭാരിച്ച സ്വത്തിന്റെ സ്വാഭാവിക അവകാശികളാക്കുന്ന വ്യവസ്തിതി ക്രിസ്ത്യാനികളുടെ ഇടയില്‍ മാത്രമല്ല ഇതര മതസ്ഥരുടെ ഇടയിലും അവരവരുടെ സാമൂഹികവ്യവസ്ഥിതിക്കനുസരിച്ച് പ്രാബല്യമുള്ള സമൂഹമാണ് പൊതുവെ ഇന്ത്യയിലുള്ളത്.

പെണ്‍കുട്ടികള്‍ ഒരു ബാദ്ധ്യതയാകാതിരിക്കുവാന്‍ ഭ്രൂണാവസ്്ഥയിലേ നശിപ്പിച്ചു കളയുന്ന സമ്പ്രദായങ്ങള്‍ ഇന്നും ഉത്തരേന്ത്യയില്‍ നിലവിലുള്ള കാര്യം എടുത്തു പറയേണ്ടതില്ലല്ലോ.

ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാ അവകാശ സമരത്തില്‍ ശ്രീമതി മേരി റോയി സ്ത്രീ ശാക്തീകരണത്തിനും സമത്വത്തിനുമായ് അമരത്തേക്ക് വന്ന ആദ്യ ക്രിസ്ത്യന്‍ വനിത എന്ന നിലയില്‍ ലോകപ്രശസ്തയാര്‍ജ്ജിക്കുകയുമുണ്ടായി.
വിശ്വാസങ്ങളുടെയും അനുസരണത്തിന്റെയും ചട്ടക്കൂട്ടിനുള്ളില്‍ കുടുംബത്തില്‍ പിറന്നവള്‍ എന്ന സല്‍പേര് നിലനിര്‍ത്താനായ് സ്വയം പരിത്യാഗിയാകുന്ന സ്ത്രീരത്‌നങ്ങളുള്ള നാടാണ് ഇന്ത്യ.

സ്വന്തം വികാരങ്ങളെയും നെടുവീര്‍പ്പുകളെയും കുടുംബത്തിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ അടക്കിനിര്‍ത്തി കുലമഹിമക്കും കുടുംബത്തിന്റെ പ്രതാപത്തിനുമായ് ഏഴു കടലുകളും കടന്നുചെന്ന് കഠിനമായ ജോലികളിലേര്‍പ്പെട്ട സ്ത്രീസമൂഹം ഒരു പക്ഷെ കേരളത്തിന്റെ മുഖമുദ്രയാണ്. എന്നാല്‍ ലോകം കണ്ട ഏറ്റവും വലിയ ചൂഷിത മാനവശേഷി നിയന്ത്രണ സംവിധാനമായ ജാതിവ്യവസ്ഥക്കൊപ്പം പിന്തുടര്‍ച്ചാവകാശത്തിലെ ലിംഗവ്യത്യാസത്തെയും ഉയര്‍ത്തിക്കാട്ടി, പുരോഗമന മനുഷ്യവിമോചന തത്വശാസ്ത്രത്തിന്റെ പ്രായോക്താക്കളും വക്താക്കളുമായ സുറിയാനി നസ്രാണി സമുദായത്തിനെതിരെ മേരിറോയി വിരല്‍ ചൂണ്ടി..

ബ്രിട്ടീഷുകാരോട് വേദാന്തം ഓതിയ ഗാന്ധിജി സ്വന്തം വിശ്വാസവും രാജ്യവുമായപ്പോള്‍ തത്വശാസ്ത്രത്തില്‍ വെള്ളം ചേര്‍ത്തു എന്നത് പകല്‍ പോലെ സത്യമാണ്. ഇന്ത്യയെ ജാതിവ്യസ്ഥ സമൂഹമായ് തന്നെ നിലനിര്‍ത്തിക്കൊണ്ട് പുതിയ ഇന്ത്യ കെട്ടിപ്പടുക്കാനാണ് ഗാന്ധിജി ശ്രമിച്ചത്. തീവ്രയഥാസ്ഥിതികനായ പട്ടേലിനെയും തീവ്രവാദിയായ ബോസിനെയും ഒഴിവാക്കി പണ്ഡിറ്റ് നെഹ്‌റുവിന് ആ ചുമതല നല്‍കിയ ഗാന്ധിജി 'പാരമ്പര്യത്തിലൂന്നിയ ആധുനികത' എന്ന ആശയത്തിന് അടിവര ഇടുകയാണുണ്ടായത്.

അന്നത്തെ സാമൂഹിക സാഹചര്യത്തില്‍ അതേ സാദ്ധ്യമായിരുന്നുള്ളൂ എന്നത് ഒരു നഗ്ന യാഥാര്‍ത്ഥ്യമാണ്. ഇന്നാണേല്‍ ഫാസിസ്റ്റ് കള്‍ച്ചറലിസം പതിന്‍മടങ്ങ് ശക്തിയില്‍ തിരിച്ചു വന്നുകഴിഞ്ഞു.
കാലടി സംസ്‌കൃത സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസര്‍ ഡോ.അജയ് ശേഖറിന്റെ വാക്കുകള്‍ കടമെടുത്താല്‍ അത് ഇപ്രകാരമാണ്.
'രണ്ടു നൂറ്റാണ്ടുകാലത്തെ ബ്രിട്ടീഷ് കൊളോണിയലിസത്തോടുള്ള ദേശീയ സ്വാതന്ത്ര്യ സമരത്തേക്കാള്‍ ഗഹനവും ഗംഭീരവും ധീരവും ഇന്നും തുടരുന്നതുമായ സ്വാതന്ത്ര്യസമരം കീഴാളന്മാരുടെ വിമോചനയാനം തന്നെയാണ്. ബുദ്ധനില്‍ തുടങ്ങി അംബേദ്കറുടെ നവയാനത്തിലൂടെ തുടരുകയാണത്. വര്‍ത്തമാനകാലത്ത് സമൂഹത്തിന്റെ സകലതലങ്ങളിലും രാഷ്ട്രീയ സമഗ്രാധികാരവും ഭാഷണവും ചിഹ്ന വ്യവസ്ഥകളും മാധ്യമങ്ങളും അക്കാദമികളും കോളനീകരിച്ചിട്ടുള്ള ഭമനാത്മകമായ സവര്‍ണ്ണപൊതുബോധത്തിനെതിരെയുള്ള സന്ധിയില്ലാ സമരവും അതിജീവനവുമാണത്.

ചരിത്രാധാരമില്ലാത്ത പൊള്ളയായ സംസ്‌കാരവരേണ്യവാദമാണ് ബ്രാഹ്മണ പിതൃപാരമ്പര്യത്തിന്റെ തലത്തില്‍ കേരളത്തിലും മറ്റും ഹിന്ദു സവര്‍ണ്ണരെയും സിറിയന്‍ ക്രൈസ്തവരെയും അധികാരഭൂമികയില്‍ ഐക്യപ്പെടുത്തുന്നതും ദളിത ബഹുജന മര്‍ദ്ദകരാക്കുന്നതും.'
അരുദ്ധതി റോയിയുടെ 'ദ ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ്' പ്രതിപാദിക്കുന്ന വിഷയങ്ങളും മേലുദ്ധരിച്ച കാലടി സംസ്‌കൃത സര്‍വ്വകലാശാല അദ്ധ്യാപകന്റെ വാക്കുകളും തമ്മില്‍ പൊരുത്തങ്ങളേറെ.
അമ്മുവും എസ്തയും റാഹേലും അതുപോലെ തന്നെ തൊട്ടുതീണ്ടാത്തവനായ വേലുത്തയുമൊക്കെ കഥാപാത്രങ്ങളാകുന്ന ആ നോവല്‍ ഇന്ത്യയുടെ സാമൂഹിക വ്യവസ്ഥിതിയുടെ, മാനവിക വിഭവശേഷിയുടെ തന്ത്രപരമായ വിനിയോഗത്തെക്കുറിച്ചുളള ഒരു ആത്മാവിഷ്‌കാരമാണ്.

സവര്‍ണ്ണയായ അമ്മുവിന് അവര്‍ണ്ണനായ വേലുത്തയോടുണ്ടായ ലൈംഗിക അഭിനിവേശം എല്ലാ സാമൂഹിക നിയമങ്ങളെയും പൊളിച്ചടുക്കുമ്പോള്‍ നിയോലിബറല്‍ സമൂഹമായ പാശ്ചാത്യലോകത്തിന് അത് ലഹരി പകരുന്നു.
ആ ലഹരിയുടെ പരിഷ്‌കൃതമായ ആഘോഷമായിരുന്നു ബൂക്കര്‍ എന്ന ഓമനപ്പേരില്‍ കൊണ്ടാടിയ അരുദ്ധതി റോയ് എന്ന കഥാകാരി.
സ്വന്തം മാതാവിന്റെ ആദര്‍ശങ്ങളും പുരോഗമന കാഴ്ചപ്പാടും സമൂഹത്തില്‍ നടപ്പിലാക്കാന്‍ കഴിയാത്ത അരുദ്ധതിക്ക് ഗാന്ധിജിയുടെ ഇരട്ടത്താപ്പ് കൊട്ടിക്കോഷിക്കുവാന്‍ അവകാശമില്ല.

അബേദ്ക്കരുടെ ഇന്ത്യക്കായ് പോരാടാന്‍, ആ കാലടികളെ പിന്തുടരാന്‍ കെല്പ്പുള്ളവര്‍ വരട്ടെ, പോരാട്ടം നയിക്കട്ടെ.

ബ്രിട്ടീഷുകാരന്റെ ലിബറല്‍ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിച്ച അമ്മയും മകളും 'ജീസസ് ക്രൈസ്റ്റ് ദ സൂപ്പര്‍സ്റ്റാര്‍' എന്ന കാലാവിഷ്‌കാരത്തിനായ് നിലകൊണ്ടവരാണ്. ദശകങ്ങള്‍ക്ക് ശേഷം നിരോധിക്കപ്പെട്ട ആ ഷോ കേരളത്തിലും ഇന്ത്യയിലും സ്വതന്ത്ര അനുമതിയോടെ അരങ്ങേറാന്‍ പോകുകയാണ്. കേരളത്തിലെ ആദ്യ കോളേജ് സ്ഥാപിച്ചിട്ടും തങ്ങളുടെ ബലം അരക്കിട്ടുറപ്പിക്കാനാകാതെ പോയ ബ്രിട്ടീഷ് കോളോണിയസത്തിന് കോട്ടയത്തിന്റെ മണ്ണില്‍ തന്നെ കിട്ടിയ ലിബറല്‍ എഴുത്തുകാരിയാണ് ശ്രീമതി അരുദ്ധതി റോയി എന്ന സൂസന്ന.
അവരുടെ ധിഷണയും സാഹിത്യ ആവിഷ്‌കാരങ്ങളും കാലാകാലങ്ങളില്‍ പ്രയോഗിച്ചിട്ടുള്ളത് ഓരോ ശക്തികളെ പിന്തുണക്കാനോ അല്ലെങ്കില്‍ സാമൂഹിക ഇടപെടലിനോ വേണ്ടിയാണ്. ബ്രിട്ടീഷ് ചായ്‌വോടെ തുടങ്ങിയ സാഹിത്യധാര ഇന്ന് എത്തി നില്‍ക്കുന്നത് സംഘപരിവാര്‍ അനുകൂല പരാമര്‍ശങ്ങളിലാണ്.

ഒരു പക്ഷെ വളക്കൂറുള്ള മണ്ണില്‍ വിത്തെറിയുക എന്ന സാമാന്യബോധത്തില്‍ നിന്നും ഉഴലിക്കുന്നതാവാം ഇതൊക്കെ.
ഗാന്ധിജിയുടെ ഇന്ത്യയുടെ സ്വത്വഭാവത്തെക്കുറിച്ചോ, മറ്റേതു ചരിത്ര പുരുഷന്റെ ചിന്താധാരയെക്കുറിച്ചോ വിമര്‍ശിക്കുവാനോ, വിരല്‍ ചൂണ്ടുവാനോ ശ്രീമതി അരുദ്ധതി യോഗ്യയല്ല എന്നതാണ് വസ്തുത.
ലോകം കണ്ട ഏററവും വലിയ ധാര്‍മ്മീക ചൂഷണമായ മനുഷ്യവര്‍ണ്ണ വര്‍ഗ്ഗലിംഗക്രമത്തെക്കുറിച്ചും അതിന്റെ സാമ്പത്തിക സാമൂഹിക മൂല്യ വര്‍ദ്ധിത ശാസ്ത്രത്തെക്കുറിച്ചും യോഗ്യതയുള്ളവര്‍ പറയുകയും പോരാട്ടങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യട്ടെ.
ഗാന്ധിജി കോര്‍പ്പറേറ്റ് ഏജന്റോ? അരുന്ധതി റോയിക്ക് മറുപടി (സിറിയക്ക് സ്‌കറിയ)
ഗാന്ധിജി കോര്‍പ്പറേറ്റ് ഏജന്റോ? അരുന്ധതി റോയിക്ക് മറുപടി (സിറിയക്ക് സ്‌കറിയ)
Join WhatsApp News
Ninan Mathulla 2015-04-19 12:01:52

Right and wrong is related to time. What is right a few hundred years ago is a crime now. Jesus or Apostle Paul didn’t question the slavery prevalent in those days. As the writer said Gandhiji was a product of the then existing society. It was not realistic for him to stand for something different. My dad as a Syrian Christian was proud of his traditions. A Nair in Kerla is proud of his traditions. But to me a low caste was my friend in class room and I walked with him with my hands on his shoulders. My dad couldn’t imagine of that with the laborer in his fields. Though time has changed and power is in the hands of common people, many still live with the old memories and desire to go back to the good old days (Sangh Parivar is from such desires). We need to understand that it is futile and is like trying to race against time. It will be a waste of time and energy. History is pre-ordained, and is as revealed in scriptures. We are in the time period of the feet of the figure that Nebuchadnezzar saw in his dream in the book of Daniel- a mix of iron and clay with some of the strength of iron and the weakness of clay. God has raised and still raises writers (prophets) time to time with a different message as is necessary as when time progresses.

വിദ്യാധരൻ 2015-04-19 13:15:13
ഗാന്ധിജിക്കുറിച്ച് അറിയില്ലെങ്കിൽ എഴുതാൻ പോകരുത്.  ഒരല്പനേരത്തെ പ്രശസ്തിക്കുവേണ്ടി ജയൻ കെ സി യും അരുന്ധിതി റോയിയും ചെയ്യുന്നതിൽ നിന്നൊന്നും വ്യത്യസ്തമല്ല നിങ്ങളും.  ഒരു തരത്തിൽ മതം ഒരായുധമായുപയോഗിച്ച നാദൂറാം ഗോഡ്സേയെക്കാൾ വ്ത്യസ്തരല്ലനിങ്ങൾ. അവസരവാദികൾ!

"ഒരു കുലദ്രോഹിയാണ് ഞാൻ നാടിന്റെ 
പെരുമയൊക്കെ തകർത്തവനാണ് ഞാൻ !
മഹിതമാനവ സംസ്ക്കാരകേന്ദ്രമേ 
മറിവുകാട്ടി ഞാൻ നിന്നെതുലച്ചുവോ?
തലമുറകളിൽ തീവിഷം തേയ്ക്കുവാൻ 
തലമുറിച്ചുവോ ഭാരതത്തിന്റെ ഞാൻ 
ശരണമില്ലെനിക്കെങ്ങും, വലഞ്ഞു ഞാൻ 
മരണ -മപ്പുറം നരകത്തീക്കളം 
        മതമെനിക്കെത്ര വെള്ളിനാണ്യങ്ങൾതൻ 
        മണിമലരുകൾ നല്കിമയക്കിയോ,
        മത -മതിന്റെ മുടിവാഴച്ച നീളുവാൻ
        മഹിതമാനവ രക്തം കൊടുത്ത് ഞാൻ

മതി മതി മതഭ്രാന്തരെ, നിങ്ങൾതൻ 
വിധിനടത്തലാണയ്യോ -നശിച്ചു ഞാൻ 
മരണ മില്ല മരിക്കേണ്ട, - നാഥന്റെ 
മധുരഗാനങ്ങൾ കേട്ട് നില്ക്കട്ടെ ഞാൻ !
         അവിടെ രക്തം തെറിക്കുകയാണതാ 
         ഭാവുകകേന്ദ്രമേ ഞാൻ നിന്റെ ഘാതകൻ 
         തലതിരിഞ്ഞ മുഴുഭ്രാന്തനായി ഞാൻ -
         തലമുറകൾക്ക് പാഠമായ്ത്തീർന്നു ഞാൻ !
    ഇവനെയൊന്നു തലോടുമോ -ജീവിത 
    ഭവുഗായകാ നീയുണർന്നൊന്നിനി ?,,," (ആ രാജഘട്ടിൽ -വയലാർ )

കുറ്റബോധത്തോടെ കേഴുന്ന നാഥാറാം ഗോഡ്സേയുടെ മോചനം കിട്ടാത്ത ആത്മാവിനെപ്പോലെ നിങ്ങൾ മൂന്നുപേരും ആ രാജഘട്ടിൽ പോയി കേണുകരഞ്ഞിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചുപോകയാണ് 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക