Image

കനേഡിയന്‍ ഇലക്ഷനില്‍ വിജയ പ്രതീക്ഷയുമായി ജോബ്‌സണ്‍ ഈശോ

ജയ് പിള്ള , കാനഡ Published on 20 April, 2015
കനേഡിയന്‍ ഇലക്ഷനില്‍ വിജയ പ്രതീക്ഷയുമായി ജോബ്‌സണ്‍ ഈശോ
പ്രവാസ ജീവിതത്തില്‍ നമ്മെ നൊമ്പരപ്പെടുത്തുന്ന നാടിന്റെ ഓര്‍മകളില്‍ നിന്നെല്ലാം അനുഭവങ്ങള്‍ ഉള്‍ക്കൊണ്ട് തന്റെ ജീവിതത്തില്‍ വിജയ കോടി പാറിച്ച അപൂര്‍വ്വം ചില മലയാളികളില്‍ ഒരാളാണ് ജോബ്‌സണ്‍ ഈശോ. മലയാളി സമൂഹത്തിനു തന്നെ അഭിമാനിക്കാവുന്ന തരത്തില്‍ കാനഡയുടെ മണ്ണില്‍ സ്വന്തം പരിശ്രമവും ആത്മ വിശ്വാസവും, കഠിന അധ്വാനവും മുതല്‍കൂട്ടാക്കി വിജയം കൈവരിച്ച ജോബ്‌സണ്‍ ഈശോ കാനഡയിലെ ഭരണ കക്ഷിയായ കണ്‍സര്‍വേറ്ററി പാര്‍ടിയുടെ സ്ഥാനാര്‍ഥി ആയി പാര്‍ലിമെന്റിലെക്കു മത്സരിക്കുകയാണ്. അത്യപൂര്‍വ്വം ചിലര്‍ക്ക് മാത്രം ലഭിക്കുന്ന ഈ അവസരത്തിന് തികച്ചും അര്‍ഹനായ അദ്ധേഹത്തിന്റെ  വിജയ രഹസ്യത്തെ പറ്റി.

സാധാരണ ഒരു മലയാളി കുടിയേറ്റകാരനെ പോലെ തന്നെ രണ്ടു പതിറ്റാണ്ടുകല്‍ക് മുന്‍പ് കാനഡയുടെ മണ്ണില്‍ കുടുംബ സമേതം ജീവിതം തുടങ്ങിയ ജോബ്‌സണ്‍ അന്നും ഇന്നും മലയാളികള്‍ക്ക് സുപരിചിതന്‍. കോഴഞ്ചരിക്കടുത്ത് മാരാമണ്‍ ആറഞ്ഞാട്ട് പരേതനായ ജോണ്‍ ഈശോ പൊന്നമ്മ ദമ്പതികളുടെ മകനായ ജോബ്‌സണ്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ പഠിക്കുമ്പോള്‍ സജീവ കെ.എസ്.യു പ്രവര്‍ത്തകനായിരുന്നു. ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.
കോളജ് പഠനം കഴിഞ്ഞ് 1993 ല്‍ കാനഡയിലേക്കു കുടിയേറുകയും ഷെറട്ടണ്‍, ഹില്‍ട്ടണ്‍ തുടങ്ങിയ ഹോട്ടലുകളില്‍ ജോലി ചെയ്തതിനു ശേഷം 2002 ല്‍ സ്വന്തമായി ചെയിന്‍ റസ്‌റ്റോറന്റുകളുടെ ബിസിനസ് നടത്തി വരികയാണ് . തിരക്കിട്ട ബിസിനസ് ജീവിതത്തിലും ലോക്കല്‍ കമ്യൂണിറ്റിയില്‍ സജീവമായി പ്രവര്‍ത്തിക്കുവാനും വിവിധ കമ്യുണിറ്റിയില്‍ ഉള്ളവരുമായി സ്‌നേഹ ബന്ധ0 സ്ഥാപിക്കുവാനും ജോബസന് കഴിഞ്ഞു. ഭാര്യ ഇന്ദു കണ്ടനാട് മട്ടമേല്‍ കുടുംബാംഗമാണ്. വിദ്യാര്‍ഥികളായ അലീന, അലന്‍ എന്നീ മക്കളുമൊത്തു ഒന്ടരിയോവിലെ മാര്‍ക്കത്തു താമസിക്കുന്ന ജോബ്‌സണ്‍ പൊതു പ്രവര്‍ത്തന രംഗത്ത് സജീവം ആണ് .

ശ്രീ.ജോബ്‌സണ്‍, താങ്കള്‍ ഇന്ന് കാനഡയിലെ ഭരണ കക്ഷി ആയ കണ്‍സര്‍വേറ്ററി പാര്‍ടിയുടെ സ്ഥാനാര്‍ഥി ആയി തിരഞ്ഞെടുപ്പില്‍ മത്സരിക്കുക ആണല്ലോ, എന്താണ് അതിനെപറ്റി പറയാനുള്ളത്?

'ഞാനിന്നു കാനഡയിലെ ഭരണ കക്ഷി ആയ കണ്‍സര്‍വേറ്ററി പാര്‍ടിയുടെ പാര്‍ലമെന്റ് സ്ഥാനാര്‍ഥി ആയി മാര്‍ക്കം തോന്ഹില്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുകയാണ്. ഈ ഒരു അവസരം എനിക്ക് കിട്ടിയത് മലയാളികളെ പോലെ തന്നെ ഇവിടുത്തെ മറ്റു കമ്മ്യൂണിറ്റിയിലുള്ളവരുടെ കൂടി സപ്പോര്ട്ട് കൊണ്ടാണ്. ഈ തിരഞ്ഞെടുപ്പിലെ വിജയവും തോല്‍വിയും എന്നതിനേക്കാള്‍ എല്ലാം ഉപരി ആയി ഇത് വരെയുള്ള എന്റെ സാമൂഹിക പ്രവര്ത്തനങ്ങളുടെ മേലുള്ള ഒരു അംഗീകാരം ആയിട്ടാണ് ഞാനിതിനെ നോക്കി കാണുന്നത്.
328 പാര്‍ലമെന്റ് സീറ്റുകളിലെക്കുള്ള തെരഞ്ഞെടുപ്പ് ആണ് ഒക്‌ടോബര്‍ 18 ന് നടക്കുക. അഞ്ചുപേര്‍ ഈ സീറ്റിനു വേണ്ടി രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും ഇക്കുറി ഭാഗ്യം എന്നെ തുണക്കുക ആയിരുന്നു .മണ്ഡലങ്ങളുടെ പുന:സംഘടനയെ തുടര്‍ന്ന് പുതിയതായി രൂപീകരിക്കപ്പെട്ട ഈ മണ്ഡലത്തില്‍ മലയാളികള്‍ കുറവാണ്. ദക്ഷിണേഷ്യ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ളവരും, തദ്ദേശിയരുമാണ് വോട്ടര്‍മാരില്‍ നല്ലൊരു പങ്കും.'

താങ്കള്‍ ഇതിനു മുന്‍പ് ഇതുപോലെ ഏതെങ്കിലും ഭരണ സംവിധാനങ്ങളമായി ഒത്തു പ്രവര്തിച്ചിട്ടുണ്ടോ?

'ഞാനെന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത് കലാലയത്തില്‍ നിന്നാണ്. അന്ന് അതൊരു രസകരമായ അനുഭവം ആയിരുന്നു .കൂടാതെ ആജീവനാന്തം രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആകണം എന്ന പ്രത്യേക മോഹങ്ങളും ഇല്ലായിരുന്നു. കാനഡയില്‍ ഒരു പ്രവാസി ആയി ജീവിതം തുടങ്ങുന്നത് ഹാമില്‍റ്റനില്‍ ആണ്. ജോലി സമയത്തിന് ശേഷം കിട്ടുന്ന സമയങ്ങളില്‍ അവിടെയുള്ള മലയാളി സമാജം, പള്ളിയുമായി ബന്ധപ്പെട്ടുള്ള പ്രവത്തനങ്ങള്‍ എല്ലാത്തിലും വളരെ സജീവമായി പങ്കെടുത്തിട്ടുണ്ട്. കൂടാതെ മറ്റു കമ്മ്യുനിറ്റികളുമായും ചേര്‍ന്ന് സാമൂഹിക ക്ഷേമ പ്രവര്തനങ്ങളിലും പങ്കു ചേര്‍ന്നിട്ടുണ്ട. പക്ഷെ ഈ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഒന്നും തന്നെ ഇത് പോലെ ഒരു അവസരത്തിന് വഴി തുറക്കുന്നതാണ് എന്ന് ഞാന്‍ മനസ്സില്‍ പോലും പ്രതീക്ഷിച്ചിരുന്നത് അല്ല .'

താങ്കളുടെ ഈ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഭാര്യ ശ്രീമതി. ഇന്ദുവിന്റെ അഭിപ്രായം എന്താണ്. അല്ലെങ്കില്‍ അവര്‍ ഇതിനെ എങ്ങിനെ ആണ് നോക്കി കാണുന്നത് ?

'തുറന്നു പറയാമല്ലോ എന്റെ ജീവിതത്തിലെ എല്ലാ വിജയങ്ങള്‍ക്ക് പിന്നിലും എന്റെ ഭാര്യയുടെയും കുടുംബത്തിന്റെയും പ്രാര്‍ഥനയും പ്രോത്സാഹനവും എല്ലായ്‌പോഴും ലഭിച്ചിട്ടുണ്ട്. അല്ലെങ്കില്‍ തികച്ചും സാധാരണക്കാരനായി കാനഡയില്‍ കുടിയേറിയ ഞങ്ങള്‍കിങ്ങനെ ഒരു ഭാഗ്യം ഉണ്ടാവുക ഇല്ലല്ലോ. 20 വര്‍ഷം മുന്‍പ് ഞങ്ങള്‍ കാനഡയില്‍ വരുമ്പോള്‍ ഉള്ളതിനെക്കളും എല്ലാം എത്രയോ കാതം കാനഡ മുന്നോട്ടു പോയിരിക്കുന്നു പിന്നെ ഒന്ന് നാട്ടിലെ ശൈലികള്‍ മറന്നു പുതിയ ഒരു സാംസ്‌കാരിക ചുറ്റുപാടുമായി പൊരുത്തപ്പെട്ടു പോകാന്‍ മനസ്സിനെ പാകപ്പെടുത്തി എടുക്കാന്‍ ദൈവ കൃപ കൊണ്ട് സാധിച്ചു. മലയാളത്തെയും കേരളത്തെയും മറക്കാതെ ജീവിതത്തില്‍ തുടരാനും സാധിക്കുന്നു.

കഴിഞ്ഞ 20 വര്‍ഷത്തിലേറെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താങ്കള്‍ വഹിച്ച സ്ഥാനമാനങ്ങള്‍ അല്ലെങ്കില്‍ എന്തെങ്കിലും രീതിയിലുള്ള അവാര്‍ഡുകള്‍, പ്രശംസാ പത്രങ്ങള്‍

'ഞാന്‍ ആദ്യമേ തന്നെ സൂചിപ്പിച്ചുവല്ലോ പാര്‍ലിമെന്റ് സ്ഥാനാര്‍ഥി ആയി മത്സരിക്കാന്‍ എനിക്ക് ലഭിച്ച അവസരം തന്നെ എന്റെ പ്രവര്‍തനങ്ങള്‍കുള്ള അംഗീകാരം ആയിട്ടാണ് ഞാന്‍ കാണുന്നത്. കൂടാതെ മാര്‍ക്കം റേസ് റിലേഷന്‍സ് കമ്മിറ്റി ചെയര്‍മന്‍, ബോക്‌സ് ഗ്രൂവ് ഫണ്‍ഫെസ്റ്റ് 2013 ചെയര്‍മാന്‍, മെനി ഫെയ്‌സസ് ഓഫ് മാര്‍ക്കം ഇവന്റ് കോ ചെയര്‍മാന്‍, മാര്‍ക്കം സൗത്ത് ഏഷ്യന്‍ ഫെസ്റ്റിവല്‍ കോ ചെയര്‍മാന്‍, സൗത്ത് ഏഷ്യന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപകന്‍, മാര്‍ക്കം മ്യൂസിക് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം, എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ടൊറന്റോ സെക്രട്ടറി തുടങ്ങി വൈവിധ്യമാര്‍ന്ന സമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോഴും കര്‍മനിരതനാണ്.

സേവന മികവിന് അംഗീകാരമായി ബ്രിട്ടീഷ് രാജ്ഞിയുടെ സ്ഥാനാരോഹണ വജ്ര ജൂബിലോടനുബന്ധിച്ച് കാനഡയില്‍ നിസ്വാര്‍ഥ സേവനം നടത്തുന്നവര്‍ക്കായി നല്‍കിയ ജൂബിലി മെഡല്‍, മാര്‍ക്കം നഗരത്തില്‍ സാമൂഹ്യ പ്രതിബദ്ധതയോടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മേയറുടെ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്'

താങ്കള്‍ എങ്ങിനെയാണ് ഈ തിരഞ്ഞെടുപ്പിനെ നോക്കി കാണുന്നത്?

'ഇത് മലയാളി വോട്ടര്‍മാര്‍ വളരെ കുറവുള്ള ഒരു മണ്ഡലം ആണ്. ഇതുവരെ ഞാന്‍ എന്റെ പൊതു പ്രവര്‍ത്തനങ്ങളില്‍ കാണിച്ചിരുന്ന അതെ ആത്മാര്‍ഥതയും അര്‍പണ മനോഭാവാവും ആത്മവിശ്വാസവും എന്റെ പ്രവര്‍ത്തനങ്ങളില്‍ തുടരുന്നതാണ. അതുകൊണ്ട് തന്നെ വിജയം കൈവരിക്കാന്‍ പറ്റും എന്ന് വിശ്വസിക്കുന്നു. കൂടാതെ ഒന്ടാരിയോവില്‍ ഇന്ന് നിലവിലുള്ള പത്തോളം വരുന്ന മലയാളി സംഘടനകളുടെ എല്ലാം സഹായ സഹകരങ്ങള്‍ അഭ്യര്തിച്ചിട്ടുണ്ട്. മറ്റു കമ്യൂണിറ്റിയില്‍ ഉള്ളവരുമായും വളരെ അടുത്ത സ്‌നേഹബന്ധമാണ് ഇത് വരെയും പുലര്ത്തി വന്നിട്ടുള്ളത. ഇതുവരെയുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും ശുഭ പ്രതീക്ഷയാണ് ഉള്ളത്.'

കേരള രാഷ്ട്രീയത്തെപറ്റി എന്താണ് താങ്കളുടെ അഭിപ്രായം?

'ഇപ്പോള്‍ അതിനെപറ്റി പറയുവാനുള്ള ഒരു അവസരം അല്ല എങ്കില്‍ കൂടി ഒരു കാര്യം മാത്രം സൂചിപ്പിക്കട്ടെ. ഇന്ത്യയിലെ സാക്ഷരതയില്‍ ഒന്നാം സ്ഥാനത് നില്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. സാക്ഷരത ഉണ്ട് എന്ന് അവകാശപ്പെടുകയും അതെ സമയം തന്നെ സ്വന്തം മണ്ണിന്റെ പേരിനു കളങ്കം ചാര്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് നിയമസഭയിലും മറ്റും നടന്ന കോലാഹലങ്ങളിലൂടെ രാഷ്ട്രീയ പാര്‍ടികള്‍ കാഴ്ച്ചവക്കുന്നത. ഹര്‍ത്താല്‍ പൊതു മുതല്‍ നശിപ്പിക്കുക എന്നിങ്ങനെയുള്ള പ്രവണതകള്‍ മാറേണ്ടിയിരിക്കുന്നു'

താങ്കള്‍ക്ക് എന്താണ് പുതുതായി കാനഡയില്‍ കുടിയേറ്റക്കാരായി വരുന്ന മലയാളികളോട് പറയാനുള്ളത് ?

പുതുതായി വരുന്ന മലയാളികളോട് എനിക്ക് ഒന്ന് മാത്രമേ പറയാനുള്ളൂ. സാംസ്‌കാരിക കേരളത്തിന്റെ വക്താക്കള്‍ ആയിട്ടാണ് നാം കാനഡ പോലുള്ള വിഭിന്ന രീതിയിലെ ഒരു രാജ്യത്തേക്ക് കുടിയേറി പാര്കുന്നത്. ഇവിടത്തെ നല്ല കാര്യങ്ങള്‍ മാത്രം സ്വീകരിക്കുവാനും മറ്റു കമ്മ്യൂണിറ്റിയില്‍ പെട്ടവരെ ജാതി, മത ഭാഷാ വ്യത്യാസമില്ലാതെ കാണുവാനും ഉള്ള മനസ്സ് നമുക്ക് ആദ്യം ഉണ്ടാവണം. നല്ലത് കാണുമ്പോള്‍ അത് നല്ലതാണ് എന്ന് പറയുന്നതിനും പ്രശംസിക്കുന്നതിനും ഉള്ള കഴിവ് നാം സമ്പാദിക്കുകയും പ്രകടിപ്പിക്കുകയും വേണം.'

തിരക്കിട്ട തിരഞ്ഞെടുപ്പ് പ്രവര്‍ത്തന വേളയിലും മലയാളി വായനക്കാര്‍ക് വേണ്ടി സമയം കണ്ടെത്തിയ മലയാളികളുടെ അഭിമാനമായ ശ്രീ.ജോബ്‌സണ്‍ ഈശോക്ക് നന്ദി രേഖപ്പെടുത്തുന്നതിനോടൊപ്പം എല്ലാവിധ വിജയ ആശംസകളും
കനേഡിയന്‍ ഇലക്ഷനില്‍ വിജയ പ്രതീക്ഷയുമായി ജോബ്‌സണ്‍ ഈശോ
കനേഡിയന്‍ ഇലക്ഷനില്‍ വിജയ പ്രതീക്ഷയുമായി ജോബ്‌സണ്‍ ഈശോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക