Image

ശ്രീ ജോസഫ്‌ പുലിക്കുന്നേലും ചിന്തകളും ഭാരതവല്‌ക്കരണവും (ജോസഫ്‌ പടന്നമാക്കല്‍)

Published on 24 April, 2015
ശ്രീ ജോസഫ്‌ പുലിക്കുന്നേലും ചിന്തകളും ഭാരതവല്‌ക്കരണവും (ജോസഫ്‌ പടന്നമാക്കല്‍)
ഭാരതീയ ക്രിസ്‌ത്യന്‍ സഭകളെ വൈദേശിക സംസ്‌ക്കാരത്തില്‍ നിന്നും മോചിപ്പിക്കണമെന്നുളള മുറവിളിയുമായി ആര്‍.എസ്‌ എസ്‌. പോലുള്ള സംഘടനകള്‍ സമീപകാല രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തുന്നതു കാണാം. കര്‍ദ്ദിനാള്‍ ജോസഫ്‌ പാറേക്കാട്ടിലിനു സഭയെ ഭാരതീവല്‍ക്കരിക്കണമെന്ന്‌ അതിയായ മോഹമുണ്ടായിരുന്നു. സഭയുടെ കോണ്‌സ്റ്റാന്റിനാചാരങ്ങളെ മതം മാറിയ ഒരു പുതു ക്രിസ്‌ത്യാനിയ്‌ക്കും സ്വീകരിക്കേണ്ടി വരുന്നു. അക്രൈസ്‌തവനായ ഒരാള്‍ മതം സ്വീകരിക്കുമ്പോള്‍ മതം മാറ്റത്തോടൊപ്പം മനസാക്ഷിക്കെതിരെ അന്നുവരെ പുലര്‍ത്തിയിരുന്ന സംസ്‌ക്കാര പാരമ്പര്യങ്ങളെ ത്യജിക്കേണ്ടതായും വരുന്നു. ഭാരതീയ വിചാര തത്ത്വങ്ങള്‍ക്കതീതമായ മറ്റൊരു സംസ്‌ക്കാരത്തെ മതം മാറുന്നയാള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതവുമാവുന്നു. വിദേശ ചിന്തകള്‍, ഭാഷ, പുത്തനായ മതാനുഷ്ടാനങ്ങള്‍ മുതലാവകള്‍ മതം മാറുന്നവന്‌ അന്യമായിരിക്കും. ഭാരതീയനായി ജീവിക്കണമെന്ന ഒരുവന്റെ മൗലികാവകാശത്തെയാണ്‌ മതം മാറ്റം വാദികള്‍ ചോദ്യം ചെയ്യുന്നത്‌. സഭയെ വിമര്‍ശിക്കാന്‍ പാടില്ലായെന്ന സഭയുടെ അറിവില്ലായ്‌മയെ ഇന്ന്‌ ബൌദ്ധിക തലങ്ങളിലുള്ളവര്‍ പുച്ഛിച്ച്‌ തള്ളുകയേയുള്ളൂ.

ശ്രീ ജോസഫ്‌ പുലിക്കുന്നേല്‍ കേരള നവീകരണ ചരിത്രത്തില്‍ ആധുനിക കേരളം കണ്ടതില്‍ വെച്ച്‌ ഉജ്ജ്വലനായൊരു വ്യക്തി പ്രഭാവമാണ്‌. അദ്ദേഹം മദ്രാസ്‌ പ്രസിഡന്‍സി കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ ശേഷം 1958-1967 കാലഘട്ടങ്ങളില്‍ കോഴിക്കോടുള്ള ദേവഗിരി സെന്റ്‌ ജോസഫ്‌സ്‌ കോളെജിന്റെ അദ്ധ്യാപകനായിരുന്നു. മുണ്ടശേരിയേയും എം.പി. പോളിനെയും പോലെ കോളേജു മാനേജുമെന്റിന്റെ പീഡനങ്ങളില്‍ മനം നൊന്ത്‌ അദ്ദേഹത്തിനും ജോലിയില്‍നിന്നു പിരിയേണ്ടി വന്നു. 1975ല്‍ സഭാ നവീകരണം ലാക്കാക്കി ഓശാനയെന്ന മാസിക ആരഭിച്ചു. ഒരോ ഓശാന മാസികയും നവീകരണ മേഖലകളിലുള്ള വിവിധങ്ങളായ വിഷയങ്ങള്‍ സംബന്ധിച്ച ഈടുറ്റ ലേഖനങ്ങള്‍ കൊണ്ട്‌ നിറഞ്ഞതാണ്‌. ഭാരതീയ ക്രൈസ്തവ  ചൈതന്യം എന്താണെന്ന്‌ വ്യക്തമായി പഠിപ്പിക്കുന്ന ലേഖനങ്ങള്‍ ഈ മാസികയ്‌ക്ക്‌ മാറ്റു കൂട്ടുന്നു. ശ്രീ പുലിക്കുന്നേല്‍ നിരവധി ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്‌. കൂടാതെ അദ്ദേഹം നല്ലൊരു വാഗ്മികൂടിയാണ്‌.

നവീകരണാശയങ്ങളുമായി പ്രവര്‍ത്തന ശൈലിയുള്ള 'ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ക്രിസ്‌ത്യന്‍ സ്റ്റഡീസ്‌' എന്ന സ്ഥാപനം ശ്രീ പുലിക്കുന്നേല്‍ സ്ഥാപിച്ചതാണ്‌. ഈ സ്ഥാപനത്തിന്റെ മുഖ്യ ലക്ഷ്യം ബൈബിളധിഷ്ടിതമായ ഒരു സംവിധാനം നടപ്പാക്കുകയെന്നതാണ്‌. അധികാരം മുഴുവന്‍ സ്വന്തം കൈകളില്‍ ഒതുക്കി അധികാരത്തെ വികേന്ദ്രീകരണം നടത്താന്‍ തയ്യാറാകാതെ സഭയുടെ തലപ്പത്തിരിക്കുന്ന മെത്രാന്‍ ലോകത്തിന്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഒരു വെല്ലുവിളി തന്നെയാണ്‌.

ശ്രീ പുലിക്കുന്നേല്‍ പറയുന്നു , `അല്‌മായര്‍ക്ക്‌ യാതൊരുവിധ അഭിപ്രായ സ്വാതന്ത്ര്യവുമില്ലാതെ പരിപൂര്‍ണ്ണമായും പൌരാഹിത്യ മേല്‌ക്കോയ്‌മയും ഏകാധിപത്യവുമാണ്‌ സഭയിലുള്ളത്‌. ആദ്ധ്യാത്മികതയില്‍ ഭാരത ക്രിസ്‌ത്യാനികളെ സംബന്ധിച്ച്‌ പൌരാണികമായ ഒരു പാരമ്പര്യം ഉണ്ട്‌. കൃസ്‌തുമതത്തിന്റെ ആരംഭം മുതല്‍ സഭയ്‌ക്ക്‌ ദൈവിക വീക്ഷണങ്ങളോടെയുള്ള ചട്ടങ്ങളുണ്ടായിരുന്നു. സഭയിലുള്ള അക്രൈസ്തവമായ വസ്‌തുതകളെ വെളിച്ചത്തു കൊണ്ടുവരുകയെന്നത്‌ സ്ഥാപനത്തിന്റെ പരമമായ ലക്ഷ്യമാണ്‌.`

കൃസ്‌തുവിന്റെ ആശയങ്ങളെ വക്രീകരിച്ച്‌ ക്രിസ്‌തുവിനെതിരെയാണ്‌ സഭ പ്രവര്‍ത്തിക്കുന്നത്‌. ഒരിക്കല്‍ ബൈബിളും ദൈവശാസ്‌ത്രവും പുരോഹിതര്‍ക്കു മാത്രമുള്ളതായിരുന്നു. ഹൈന്ദവ തത്ത്വങ്ങളില്‍ ബ്രാഹ്മണീസം ഒരു പ്രധാന ഘടകമായിരുന്നു. കാലത്തിന്റെ ഒഴുക്കില്‍ ബ്രാഹ്മണീസം അവസാനിച്ചു. മനുവിന്റെ കൃതികള്‍ പഴഞ്ചന്‍ ഗുഹകളില്‍ സ്ഥാനം പിടിച്ചു. എങ്കിലും ക്രിസ്‌ത്യന്‍ സമൂഹങ്ങളില്‍ അതേ ബ്രാഹ്മണീസ ചിന്താഗതികള്‍ പിന്തുടരുന്നതായി കാണാം. 'ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ക്രിസ്‌ത്യന്‍ സ്റ്റഡീസ്‌' (IIOC) എന്ന സ്ഥാപനം തുടങ്ങിയ കാലത്ത്‌ ശ്രീ പുലിക്കുന്നേലിനെ ഒറ്റപ്പെടുത്താന്‍ പുരോഹിതര്‍ പരമാവധി ശ്രമിച്ചിരുന്നു. പക്ഷെ ബൌദ്ധിക തലങ്ങളിലുള്ളവര്‍ അദ്ദേഹത്തിന്‌ എന്നും പിന്തുണ നല്‌കിയിരുന്നു. എപ്പിസ്‌ക്കോപ്പല്‍ സഭകളിലെ ചിന്തകരായവരും ഈ പ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ട്‌ പൌരാഹിത്യ മേധാവിത്വത്തെ എതിര്‍ത്തുകൊണ്ട്‌ തുറന്ന യുദ്ധത്തിനായി രംഗത്തിറങ്ങുകയും ചെയ്‌തു.

ക്രിസ്‌തുവിനെ അറിയുകയും ക്രിസ്‌തു മാര്‍ഗത്തിലെ സത്യം കണ്ടെത്തുകയും ചൈതന്യം ഉള്‌ക്കൊള്ളുകയും ചെയ്യുകയെന്ന ദൌത്യമാണ്‌ ഈ സ്ഥാപനം വിഭാവന ചെയ്‌തിരിക്കുന്നത്‌. അതിനായി ക്രിസ്‌ത്യാനികള്‍ ഇന്നുള്ള അവസ്ഥയില്‍നിന്നും ബൌദ്ധിക തലങ്ങളില്‍ ഉയരേണ്ടതായുമുണ്ട്‌. ശ്രീ പുലിക്കുന്നേലിന്റെ വീക്ഷണത്തില്‍ സഭയെന്നാല്‍ പുരോഹിതരും ബിഷപ്പുമാരും മാത്രമല്ല അത്‌ അല്‌മായരാല്‍ നിര്‍മ്മിതമാണ്‌. കാര്യ പ്രസക്തമായ സഭയുടെ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടത്‌ സഭാ മക്കളാണ്‌. അദ്ദേഹം മറ്റു മത വിഭാഗങ്ങളോടും ഹിന്ദുക്കളോടും പറയാറുണ്ട്‌, `ദേശീയ തലത്തില്‍ സര്‍വ്വ മതങ്ങളും സമ്മേളിക്കുന്ന സമയം ബിഷപ്പുമാരെയും പുരോഹിതരെയും മാത്രം സംബന്ധിപ്പിക്കാതെ തെരഞ്ഞെടുക്കുന്ന സഭാ മക്കളെ ചര്‍ച്ചകളില്‍ പങ്കു കൊള്ളിപ്പിക്കണം; സഭയിലെ 99.1 ശതമാനവും അംഗങ്ങളുടെ അഭിപ്രായങ്ങള്‍ ഗൗനിക്കാതെ പുരോഹിത ബിഷപ്പുമാരുടെ മാത്രമുള്ള തീരുമാനം എങ്ങനെ സഭയുടെ മാനദണ്ഡമായി കണക്കാക്കാന്‍ സാധിക്കുന്നു. കഴിയുമെങ്കില്‍ പുരോഹിതരെയും ബിഷപ്പുമാരെയും വിളിക്കാതെ ഒരു ചര്‍ച്ചയില്‍ പങ്കു കൊള്ളാന്‍ അല്‌മായരെ മാത്രം വിളിക്കുന്നതായിരിക്കും നന്ന്‌. `പുരോഹിതര്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഔദ്യോഗിക തീരുമാനങ്ങള്‍ ഏകാധിപത്യവും സഭാ മക്കളുടെ വികാരങ്ങളെ മാനിക്കാത്തതുമാണ്‌.

പ്രകൃതി രമണീയമായ ഭരണങ്ങാനമടുത്ത്‌ പത്തേക്കര്‍ വിസ്‌തൃതമായ പുരയിടത്തില്‍ നിലകൊള്ളുന്ന ക്രിസ്‌ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ സ്ഥാപനത്തോടനുബന്ധിച്ച്‌ പതിനായിരക്കണക്കിന്‌ പുസ്‌തകങ്ങള്‍ സമാഹരിച്ച ഒരു ലൈബ്രറിയും പ്രകൃതി ചീകത്സാ സൌകര്യങ്ങളുമുണ്ട്‌.

ശ്രീ ജോസഫ്‌ പുലിക്കുന്നേല്‍ 'സഭയും ഭാരതവല്‍ക്കരണവും' എന്ന വിഷയത്തെപ്പറ്റി ഉദ്ധരിച്ച പ്രസക്ത ഭാഗങ്ങളാണ്‌ താഴെ ചുരുക്കി പറഞ്ഞിരിക്കുന്നത്‌. ''ഹൈന്ദവ കേരളം' വെബ്‌സൈറ്റില്‍ ശ്രീ പ്രതീപ്‌ കൃഷ്‌ണന്‍ വിശദമായ ഒരു ലേഖനം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഇന്ത്യയിലെ ക്രിസ്‌തുമത സംസ്‌ക്കാരം ക്രിസ്‌തുമതത്തോളം പഴക്കമുണ്ട്‌. യൂറോപ്പില്‍ ക്രിസ്‌തുമതം പ്രചരിക്കുന്നതിനുമുമ്പ്‌ ഭാരത മണ്ണില്‍ ക്രിസ്‌തുമതം വേരൂന്നിയിരുന്നു. ഭാരതത്തിന്റെ സംസ്‌ക്കാരത്തിനൊപ്പിച്ചു തന്നെ ക്രിസ്‌തുമത സംസ്‌ക്കാരവും അലിഞ്ഞു ചേര്‍ന്നിരുന്നു. മത പരിവര്‍ത്തന കോളനികള്‍ക്ക്‌ തുടക്കമിട്ടത്‌ പോര്‍ട്ടുഗീസ്‌കാരായിരുന്നു. 1655ലെ ചരിത്ര പ്രസിദ്ധമായ കൂനന്‍ കുരിശു സത്യത്തിലൂടെ നാട്ടു ക്രിസ്‌ത്യാനികളായവര്‍ പോര്‍ട്ടുഗീസുകാരുടെ കീഴില്‍ മതാചാരം നടത്തുകയില്ലെന്നു പ്രതിജ്ഞ ചെയ്‌തു. ഒരു പക്ഷെ കൂനന്‍ കുരിശു സത്യം പാശ്ചാത്യര്‍ക്കെതിരെയുള്ള ആദ്യത്തെ രക്ത രഹിത വിപ്ലവമായിരിക്കാം. ദേശീയ ക്രിസ്‌ത്യന്‍ സംസ്‌ക്കാരത്തെ തുടച്ചു മാറ്റാന്‍ പോര്‍ട്ടുഗീസുകാര്‍ ശ്രമിച്ചപ്പോഴായിരുന്നു അതിനെതിരായി ദേശീയ ക്രിസ്‌ത്യാനികള്‍ ശബ്ദമുയര്‍ത്തിയത്‌. ക്രിസ്‌ത്യാനികളുടെ പോര്‍ട്ടുഗീസുകാര്‍ക്കെതിരെയുള്ള സമര പ്രഖ്യാപനം പോര്‍ട്ടുഗീസുകാര്‍ കേരളം വിടാന്‍ കാരണമായി.

ദേശീയ ക്രിസ്‌ത്യാനികളുടെയിടയില്‍ പ്രാബല്യത്തിലിരുന്നത്‌ 'തോമസ്‌ നിയമങ്ങളായിരുന്നു. തോമസ്‌ നിയമങ്ങളനുസരിച്ച്‌ സഭ സ്വതന്ത്രമായിരുന്നു. സഭയുടെ ആഭ്യന്തര കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്‌ അതാതു പള്ളികളുടെ ഇടവക ജനങ്ങളായിരുന്നു. പുരോഹിതര്‍ക്ക്‌ ആദ്ധ്യാത്മിക കാര്യങ്ങളില്‍ ഇടപെടാനായി മാത്രമേ അവകാശമുണ്ടായിരുന്നുള്ളൂ. സഭയുടെയോ പള്ളികളുടെയോ ഭൌതിക കാര്യങ്ങളിലിടപെടാന്‍ യാതൊരു അവകാശങ്ങളും പുരോഹിതര്‍ക്കുണ്ടായിരുന്നില്ല.

പോര്‍ട്ടുഗീസുകാര്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലുള്ള ഏകാധിപത്യം ഇവിടെ നടപ്പാക്കാന്‍ ശ്രമിച്ചു. കേരള നസ്രാണികള്‍ അതിനെ എതിര്‍ത്തിരുന്നു. പോര്‍ട്ടുഗീസുകാര്‍ വരുന്നതിനു മുമ്പ്‌ സഭയുടെ ഭൌതിക കാര്യങ്ങളില്‍ ബിഷപ്പുമാര്‍ക്ക്‌ യാതൊരു അവകാശങ്ങളുമുണ്ടായിരുന്നില്ല. ഇന്നുള്ള ബിഷപ്പുമാര്‍ ആദ്ധ്യാത്മികവും ഭൗതികവുമായ അധികാരങ്ങള്‍ ഒന്നുപോലെ കൈവശപ്പെടുത്തിയിരിക്കുന്നു. ദേശീയപരമായ ഏതാശയങ്ങള്‍ക്കും ബിഷപ്പുമാര്‍ എതിരാണ്‌. കാരണം മാര്‍പ്പാപ്പാ അനുവദിച്ച ഏകാധിപത്യാധികാരം നഷ്ടപ്പെടുമെന്നു അവര്‍ക്കറിയാം. മാര്‍പ്പാപ്പയുടെ അദ്ധ്യാത്മിക അധികാരത്തെ ആരും ചോദ്യം ചെയ്യുന്നില്ല. 'ഇന്ത്യയിലെ സഭാ സ്വത്തുക്കളില്‍മേല്‍ മാര്‍പ്പായ്‌ക്ക്‌ യാതൊരു നിയന്ത്രണവും പാടില്ലായെന്നേ' വാദഗതികളിലുള്ളൂ. തെരഞ്ഞെടുക്കുന്ന സഭയുടെ ജനം പള്ളികളുടെ സ്വത്തു കൈകാര്യം ചെയ്യണം.

`മാധ്യമങ്ങള്‍, പുരോഹിതരെ സഭയുടെ നേതാക്കന്മാരായി വാര്‍ത്തെടുക്കുന്നു. 'പൊതു ജനങ്ങളുടെ പരേഡിലും അലങ്കരിച്ച രഥങ്ങളിലും പുരോഹിതര്‍ക്ക്‌ സഭയുടെ നേതൃത്വം ചമഞ്ഞു നടക്കണം. വാസ്‌തവത്തില്‍ അവര്‍ ക്രിസ്‌ത്യന്‍ സഭകളുടെ നേതാക്കന്മാരല്ല. സഭാ പരമായ ആദ്ധ്യാത്മികാചാരങ്ങളിലെ വെറും കൂട്ടാളികള്‍ മാത്രമാണ്‌. ഒരു നേതാവിനെ സമൂഹം തെരഞ്ഞെടുക്കന്നവനായിരിക്കണം. ഏകാധിപതികളുടെ ഒരു നേതൃത്വമാണ്‌ സഭയ്‌ക്കുള്ളത്‌. ബിഷപ്പുമാരെയും പുരോഹിതരെയും വിശ്വാസികള്‍ തിരഞ്ഞെടുത്തവരല്ല. അവര്‍ക്ക്‌ സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ നേതൃത്വം ചമഞ്ഞ്‌ ഇടപെടുവാനും അവകാശമില്ല. ആത്മീയ നേതാവായ മാര്‍പ്പാപ്പാ റോമില്‍ നിന്ന്‌ ബിഷപ്പുമാരെ നിയമിക്കുന്നു. അങ്ങനെയുള്ളവര്‍ സമൂഹത്തിന്റെ നേതാക്കന്മാരാകുന്നത്‌ എങ്ങനെ?

കത്തോലിക്കാ സഭയുടെ ആന്തരിക ഘടനകളെക്കുറിച്ചോ ഭരണ സംവിധാനങ്ങളെക്കുറിച്ചോ സാമ്പത്തിക ക്രയവിക്രങ്ങളെക്കുറിച്ചോ പൊതുജനങ്ങള്‍ക്കും സര്‍ക്കാരുകള്‍ക്കു പോലും യാതൊരു ഗ്രാഹ്യവുമില്ല. പീറ്ററിന്റെ പിന്‍ഗാമിയായ മാര്‍പ്പാപ്പാ കത്തോലിക്കാ സഭയുടെ ഏറ്റവും ഉന്നതനായ ആദ്ധ്യാത്മിക നേതാവാണ്‌. ക്രിസ്‌തുവിന്‌ ഭൗതികമായ സ്വത്തുക്കള്‍ യാതോന്നുമില്ലായിരുന്നു. അവന്‍ ഭൂമിയിലാരുടേയും നേതാവല്ലായിരുന്നു. രാജകിരീടങ്ങളും ചെങ്കോലും അവന്റെ അടയാളങ്ങളായിരുന്നില്ല. അവനു മുമ്പില്‍ നടക്കാന്‍ പരവതാനികള്‍ വിരിച്ചിരുന്നില്ല. എന്റെ രാജ്യം ഇഹത്തിലല്ലെന്നു അവിടുന്ന്‌ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. നാലാം നൂറ്റാണ്ടു മുതല്‍ സഭ രാജകീയമായി റോമ്മാ സാമ്രാജ്യത്തിന്റെ ഭാഗവുമായി തീര്‍ന്നു. ആത്മീയതയെക്കാളുപരി സഭയുടെ പ്രവര്‍ത്തനങ്ങള്‍ ഭൌതിക മണ്ഡലങ്ങളിലേയ്‌ക്ക്‌ തിരിഞ്ഞു. യൂറോപ്പിന്റെ ഭരണാധികാരികളായി പുരോഹിതനേതൃത്വം രാജ്യ കാര്യങ്ങളിലും ഇടപെടാന്‍ തുടങ്ങി.

ദൈവമക്കളുടെ സേവകനെന്ന നിലയിലാണ്‌ ഔദ്യോഗികമായി മാര്‍പ്പാപ്പയുടെ സ്ഥാനമാനങ്ങളെപ്പറ്റി പഠിപ്പിക്കുന്നത്‌. പടിഞ്ഞാറ്‌ പേപ്പസ്സി ഒരു രാജ്യമായി ഉയര്‍ന്നു. പോപ്പ്‌ ആ രാജ്യത്തിലെ രാജാവും. സാമൂഹിക രാഷ്ട്രീയ മതപരമായ കാരണങ്ങള്‍ അതിനെല്ലാം വഴി തെളിയിച്ചു. എ .ഡി. 754 മുതല്‍ 1870 വരെ മാര്‍പ്പായുടെ രാജ്യം നില നിന്നു. ആഗോളസഭയുടെ ഏകാധിപത്യ സംവിധാനമാണ്‌ ഭാരതത്തിലെ സഭകളെയും വഴി തെളിയിച്ചത്‌. ഭരണ സംവിധാനത്തിനായി നൂറു കണക്കിന്‌ രൂപതകളായി തിരിച്ചുകൊണ്ട്‌ ഭാരത സഭകളെയും വിഭജിച്ചിരിക്കുന്നു. ഓരോ റവന്യൂ മേഖലയും അതാതു രൂപതകളുടെ കീഴിലും. ഇടവകകളുടെയും രൂപതകളുടെയും സാമ്പത്തിക കാര്യങ്ങളില്‍ വിശ്വാസികള്‍ക്ക്‌ സംസാരിക്കാന്‍ അവകാശമില്ല. സഭയുടെ സ്ഥാപനങ്ങള്‍ നടത്താന്‍ ഓരോ രൂപതകള്‍ക്കും ഭീമമായ തുകകള്‍ വിദേശത്തുനിന്നും ലഭിക്കാറുമുണ്ട്‌. കാനോന്‍ നിയമപ്രകാരം സഭയുടെ സ്വത്തുക്കളുടെ വിവരം സര്‍ക്കാരിനുപോലും വെളിപ്പെടുത്തേണ്ടയാവശ്യമില്ല. മാര്‍പ്പാപ്പ നിയമിക്കുന്ന ബിഷപ്പുമാര്‍ക്കാണ്‌ സഭാസ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ അവകാശമുള്ളത്‌. ബിഷപ്പുമാര്‍ സ്വാതന്ത്ര്യത്തിനു മുമ്പുണ്ടായിരുന്ന രാജാക്കന്മാരെപ്പോലെയാണ്‌. നാട്ടു രാജാക്കന്മാര്‍ ബ്രിട്ടീഷ്‌ രാജാവിനോട്‌ ഉത്തരം പറഞ്ഞിരുന്നെങ്കില്‍ ബിഷപ്പുമാര്‍ റോമ്മിലെ മാര്‍പ്പാപ്പായോട്‌ ഉത്തരം പറഞ്ഞാല്‍ മതി. വാസ്‌തവത്തില്‍ ഇതൊരു ദേശദ്രോഹം കൂടിയാണ്‌.

ബിഷപ്പുമാര്‍ മാര്‍പ്പാപ്പയുടെ ഇന്ത്യയിലെ വൈസ്രോയിയെന്ന നിലയില്‍ ദേശീയ സഭയെന്ന ഘടനയെ സ്വാഭാവികമായും എതിര്‍ക്കും. ഇന്ത്യാ സ്വാതന്ത്ര്യം പ്രാപിക്കുന്നതിനുമുമ്പ്‌ ഇതുപോലെ ദേശീയ രാജാക്കന്മാരും ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേര്‍ന്ന്‌ ഇന്ത്യന്‍ ദേശീയതയെ എതിര്‍ത്തിരുന്നു.

ആദ്ധ്യാത്മികതയുടെ ദീപം പ്രകാശിപ്പിക്കേണ്ട സഭയിലെ ഓരോ രൂപതയ്‌ക്കും ആകാശം മുട്ടെയുള്ള പള്ളികള്‍ കൂടാതെ സ്‌കൂളുകളും ഹോസ്‌പ്പിറ്റലുകളും വ്യവസായ സ്ഥാപനങ്ങളുമുണ്ട്‌. കണക്കില്ലാത്ത കോടി കണക്കിന്‌ വാര്‍ഷിക വരുമാനവുമുണ്ട്‌. കാനോന്‍ നിയമം അനുസരിച്ചാണ്‌ സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത്‌. മതപരമായ സഭയുടെ വരുമാനം ആദായ നികുതിയില്‍ നിന്നും ഒഴിവുണ്ട്‌. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ന്യൂനപക്ഷാവകാശത്തിന്‍മേല്‍ സുരക്ഷിതവുമാണ്‌. കാനോന്‍ നിയമം അനുസരിച്ച്‌ ബിഷപ്പ്‌ സഭയെ ഭരിക്കുന്നു. അധികാര വികീന്ദ്രികരണമില്ലാതെ സര്‍വ്വതും ബിഷപ്പില്‍ നിഷിപ്‌തമായിരിക്കുന്നു. ഓരോ ബിഷപ്പുമാരും മാര്‍പ്പാപ്പാ നിയമിക്കുന്ന ദേശീയ രാജാക്കന്മാരെപ്പോലെയാണ്‌. വിശ്വാസികള്‍ ബിഷപ്പുമാരുടെ പ്രജകളെപ്പോലെയും.

പ്രാചീന ഭാരതത്തിലുണ്ടായിരുന്ന ആചാരങ്ങളില്‍ ബിഷപ്പുമാര്‍ക്ക്‌ ക്രിസ്‌തു സഭകളില്‍ യാതൊരു ഭൗതികാധികാരവും ഉണ്ടായിരുന്നില്ല. ഇടവക യോഗങ്ങള്‍ ജനാധിപത്യമായിരുന്നു. സഭയെ ഭാരതവല്‍ക്കരിക്കുകയെന്നാല്‍ സഭയും സഭയുടെ സ്വത്തുക്കളും ഭാരതീയ ക്രിസ്‌ത്യാനികളുടെ പാരമ്പര്യമനുസരിച്ചും നിയമങ്ങള്‍ക്ക്‌ വിധേയവുമായിരിക്കണം. മതപരമായ സ്ഥാപനങ്ങള്‍ സമൂഹത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരണം. സഭയില്‍ 99.9 ശതമാനവും വിശ്വാസ സമൂഹമാണ്‌. അവരെന്നും സഭയുടെ അധികാരത്തിനു പുറത്താണ്‌. പള്ളിയോടോ പള്ളിയുടെ സ്വത്തുക്കളുടെ പേരിലോ നിയമപരമായ യാതൊരു അവകാശവുമില്ല. മനുസ്‌മൃതിപോലെ കാനോന്‍ നിയമങ്ങളും പുരോഹിതരെ കേന്ദ്രീകരിച്ചുള്ളതാണ്‌. അല്‌മായര്‍ സഭയ്‌ക്കുള്ളില്‍ ചണ്ഡാലന്മാര്‍ക്കു തുല്യവും.

ക്രിസ്‌ത്യാനികളെ പീഡിപ്പിക്കുന്നുവെന്നു പറഞ്ഞ്‌ പുരോഹിതരെന്നും മുറവിളി കൂട്ടാറുണ്ട്‌. അതേ സമയം പുരോഹിതര്‍ക്ക്‌ ബന്ധപ്പെട്ട കുറ്റവാളികളെ മറച്ചുവെച്ചുകൊണ്ട്‌ സര്‍ക്കാരിനെ ബ്ലാക്ക്‌ മെയില്‍ ചെയ്യുകയും ചെയ്യും. ഇന്ത്യയുടെ നാനാ ഭാഗങ്ങളിലുള്ള കൊലപാതകങ്ങളെപ്പറ്റി പേപ്പറില്‍ വായിക്കാറുണ്ട്‌. അതൊന്നും മതപരമായി ബന്ധപ്പെട്ടതല്ല. എങ്കിലും ബിഷപ്പുമാര്‍ക്ക്‌ വടക്കേന്ത്യയില്‍ എവിടെയെങ്കിലും ഒരു കന്യാസ്‌ത്രീ കൊല്ലപ്പെട്ടാല്‍ ക്രിസ്‌ത്യന്‍ മത പീഡനമെന്നു പറഞ്ഞ്‌ പരേഡ്‌ നടത്തി ലോക രാഷ്ട്രങ്ങളെ അറിയിക്കണം. പണം ആഗോള തലങ്ങളില്‍ നിന്നും ശേഖരിക്കുകയെന്നതാണ്‌ ലക്ഷ്യം. കാഞ്ഞിരപ്പള്ളിയിലെ സുനാമി ഇരകളായവര്‍ക്ക്‌ പണം ശേഖരിക്കാന്‍ പാലാ ബിഷപ്പ്‌ ലോകത്തുള്ളവര്‍ക്കെല്ലാം ഈമെയില്‍ അയച്ചു. മലയോരങ്ങളിലും സഹ്യന്റെ താഴ്വരകളിലും സുനാമി വരുക അസംഭാവ്യമാണ്‌. ഇങ്ങനെ സഭാധികാരികള്‍ നുണ പറഞ്ഞ്‌ പടിഞ്ഞാറന്‍ രാജ്യങ്ങളെ പറ്റിക്കാറുണ്ട്‌. വടക്കേ ഇന്ത്യയിലെ ഒറ്റപ്പെട്ട കന്യാസ്‌ത്രീ വധങ്ങളും പുരോഹിത മരണങ്ങളുമുണ്ടെങ്കിലും ഇന്ത്യന്‍ കന്യാസ്‌ത്രീ മഠങ്ങളില്‍ നടക്കുന്ന മരണങ്ങളെപ്പറ്റി ഇവര്‍ക്കൊന്നും അറിയേണ്ട ആവശ്യമില്ല. ഒരു ബിഷപ്പും പ്രതിഷേധമായി വരാറില്ല. ഒരു കുളിമുറിയ്‌ക്കകത്തു കന്യാസ്‌ത്രി മരിച്ചു കിടന്നു. വിഷം വയറ്റില്‍ കണ്ടെങ്കില്‍ വായില്‍ വിഷം ഉണ്ടായിരുന്നില്ല. ഭക്ഷണത്തില്‍ക്കൂടി വിഷം കൊടുത്തുവെന്ന്‌ ഇത്‌ വ്യക്തമായ തെളിവാണ്‌. അന്വേഷണം നടത്തണമെന്ന്‌ ജനങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ പോലീസ്‌ ഉദ്യോഗസ്ഥര്‍ ബിഷപ്പിനെ പിന്താങ്ങുകയാണുണ്ടായത്‌. പോട്ടയില്‍ ദുരൂഹ സാഹചര്യങ്ങളില്‍ അനേകര്‍ മരിച്ചിട്ടുണ്ട്‌. അവിടെ നടക്കുന്ന മരണങ്ങളില്‍ പുരോഹിതര്‍ക്ക്‌ കണ്ണുനീരില്ല.

പുരോഹിതരും ക്രിസ്‌തു സഭകളും രാഷ്ട്രീയത്തില്‍ ഇടപെടുകയും രാഷ്ട്രീയ സ്വാധീനം നേടുകയും ചെയ്‌തു. സമൂഹം മുഴുവന്റെ പേരിലും ആധിപത്യവും കരസ്ഥമാക്കി. പുരോഹിതരില്‍ നിന്നും ഒരു വിമോചന മുന്നണിയാണ്‌ ഇന്ന്‌ കാലത്തിന്റെ ആവശ്യം. സമൂഹത്തിന്റെ ഭീമമായ സ്വത്ത്‌ പുരോഹിത കൈവശമാണ്‌. സഭയുടെ സ്വത്തുക്കള്‍ പ്രിവിപെഴ്‌സെന്ന വിധം അവരുടെയിഷ്ടത്തിനനുസരിച്ച്‌ ചിലവിടുന്നു. ആരോടും കണക്കു പറയേണ്ട ആവശ്യമില്ല. സമൂഹത്തിന്റെതായ ഈ വന്‍ സ്വത്തുക്കള്‍ കൈകാര്യം ചെയ്‌തു കൊണ്ട്‌ അവര്‍ രാഷ്ട്രീയത്തിലേയ്‌ക്കും ഇറങ്ങുന്നു. മന്ത്രിമാരെയും നിയമത്തെവരെയും ബ്ലായ്‌ക്ക്‌ മെയില്‍ ചെയ്യുന്നു. ചില രാഷ്ട്രീയക്കാര്‍ അവരോടൊത്ത്‌ നൃത്തം ചെയ്യുന്നു. ക്രിസ്‌ത്യാനിറ്റിയെന്നു പറഞ്ഞാല്‍ തികച്ചും ചര്‍ച്ചിയാനിറ്റിയായി മാറിയിരിക്കുന്നു. ആദ്ധ്യാത്മികത പാടെയില്ലാതായി. ക്രിസ്‌ത്യന്‍ പുരോഹിതര്‍ പണമുണ്ടാക്കാനുള്ള മത്സരയോട്ടത്തിലാണ്‌. ഭാരതത്തിന്റെ പൌരാണികമായ ആദ്ധ്യാത്മിക ചിന്തയില്‍ അവര്‍ക്ക്‌ യാതൊരു വിശ്വാസവുമില്ല.

സഭയിന്ന്‌ ഒരു വ്യവസായ സാമ്രാജ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. വ്യവസായങ്ങളും ഹോസ്‌പിറ്റലുകളും ഷോപ്പിംഗ്‌ കോമ്പ്‌ലെക്‌സുകളും മാത്രം ലക്ഷ്യമായി മാറി. വ്യവസായ ശാലകളില്‍ ആദ്ധ്യാത്മികത എവിടെയാണ്‌ നിഴലിച്ചിരിക്കുന്നത്‌? കപടഭക്തരെയെന്ന്‌ യേശു ക്രിസ്‌തു ഇവരെയാണ്‌ വിളിച്ചത്‌. അന്ധന്‍ അന്ധനെ നയിക്കുന്നു. ക്രിസ്‌തു ഇനി വരുകയാണെങ്കില്‍ സഭയുടെ കപടതയ്‌ക്കെതിരെ വീണ്ടും വിപ്ലവം നയിക്കും.

കത്തോലിക്കാ സഭ യൂറോപ്പിലും അമേരിക്കയിലും പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. അവിടങ്ങളില്‍ പള്ളിയില്‍ പോവുന്നവര്‍ ചുരുക്കം. ദേവാലയങ്ങള്‍ അടച്ചു പൂട്ടിക്കൊണ്ടിരിക്കുന്നു. അത്മാകളെ തേടിയുള്ള കൊയ്‌ത്ത്‌ മൂന്നാം ലോകത്തിലാണ്‌ കാണുന്നത്‌. ഒരിക്കല്‍ യൂറോപ്പില്‍ കത്തോലിക്കാ സഭ വന്‍ശക്തിയായിരുന്നു. സഭയുടെ അധികാരം അവിടെ ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്‌. ഇന്ന്‌ മാര്‍പ്പാപ്പായ്‌ക്ക്‌ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ വളരെ കുറച്ചു സ്വാധീനം മാത്രമേയുള്ളൂ. അതുകൊണ്ട്‌ സഭയിലെണ്ണം കൂട്ടാന്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ മൂന്നാം ലോകത്തിലേക്ക്‌ വ്യാപിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്‌. അവര്‍ക്ക്‌ സുവിശേഷമല്ല പ്രചരിപ്പിക്കേണ്ടത്‌. അവരാഗ്രഹിക്കുന്നത്‌ മത കൊളോണീലിസമാണ്‌.

സഭയുടെ പേരും പറഞ്ഞ്‌ ന്യൂനപക്ഷാവകാശങ്ങളെ ദുരുവിനിയോഗം ചെയ്യുന്നു. ന്യൂനപക്ഷാവകാശം ഒരു സമൂഹത്തിനു മുഴുവനായി നല്‌കിയിട്ടുള്ളതാണ്‌. എന്നാല്‍ പുരോഹിതരും കന്യാസ്‌ത്രികളും മാത്രം ന്യൂന പക്ഷാവകാശങ്ങളെ മുതലെടുക്കുന്നു. 99.9 ശതമാനം കത്തോലിക്കര്‍ക്കും സ്‌കൂളുകളിലെ ഭരണപരമായ അവകാശങ്ങളില്‍ യാതൊരു പങ്കും നല്‌കില്ല. സമൂഹത്തിനെ പരിഗണിക്കാതെ പുരോഹിതരില്‍ മാത്രം നിക്ഷിപ്‌തമായ ഈ ന്യൂനപക്ഷാവകാശം ഭരണഘടന വിഭാവന ചെയ്‌ത നിയമങ്ങള്‍ക്കെതിരാണ്‌. ന്യൂനപക്ഷാവകാശമെന്ന കവചം ധരിച്ച്‌ പുരോഹിതര്‍ വിശ്വാസികളെ വഞ്ചിച്ചു കൊണ്ടിരിക്കുന്നു. സമൂഹത്തിലെ തെരഞ്ഞെടുത്തവരുമായി ഈ ന്യൂനപക്ഷാവകാശം സംരക്ഷിക്കേണ്ടതാണ്‌. നൂറു വര്‍ഷത്തില്‍പ്പരമായ കോളേജു ചരിത്രത്തിലും പ്രിന്‍സിപ്പോളും പ്രധാന പോസ്റ്റുകളും പുരോഹിതര്‍ക്കു മാത്രം. ബിന്‍ ലാദന്‍ പോലുള്ള മത ഭീകര വാദിക്കും ഏകാധിപതിക്കും ഇതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈക്കലാക്കി ഭരണം നടത്താന്‍ സാധിക്കും. വിദേശസംസ്‌ക്കാരം ഉള്‍പ്പെട്ട ഒരു സംസ്‌ക്കാരം ന്യൂനപക്ഷ സംസ്‌ക്കാരമാകുന്നതെങ്ങനെ? ന്യൂനപക്ഷ സംസ്‌ക്കാരം സ്വന്തം രാജ്യത്തിന്റെ മൗലിക തത്വങ്ങളടങ്ങിയ സംസ്‌ക്കാരം നിലനിര്‍ത്തുന്നതായിരിക്കണം. അല്ലാതെ തനതായ ഭാരത സംസ്‌ക്കാരം നശിപ്പിക്കുന്നവര്‍ക്കാകരുത്‌.

കഴിഞ്ഞകാലങ്ങളില്‍ കൊളോണിയല്‍ അധികാരികളും മിഷ്യനറിമാരും ഭാരതത്തില്‍ മതം മാറ്റത്തിന്‌ ശ്രമിച്ചു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അളവില്ലാത്ത ധനം അതിനായി വിനിയോഗിക്കുകയും ചെയ്‌തു. എന്നിട്ടും ഹിന്ദുക്കളില്‍ നിന്നും കാര്യമായ മതം മാറ്റം ക്രിസ്‌ത്യാനികള്‍ക്ക്‌ സാധിച്ചില്ല. വിവിധ സഭകള്‍ വിദ്യാഹീനരായ ഹിന്ദുക്കളെയാണ്‌ മത പരിവര്‍ത്തനം ചെയ്‌തത്‌. സുവിശേഷമോ സുവിശേഷ മൂല്യങ്ങളോ പ്രചരിപ്പിക്കുന്നതില്‍ അവര്‍ താല്‍പര്യം കാണിച്ചില്ല. അവര്‍ പള്ളിയെപ്പറ്റി സംസാരിച്ചു. എന്നാല്‍ സംസാരിച്ചത്‌ യേശുവിനെപ്പറ്റിയല്ലായിരുന്നു. യൂറോപ്പില്‍ മതം പണമുണ്ടാക്കുന്ന ഒരു ബിസിനസ്സായി മാറി. അവിടെ ക്രിസ്‌തുവില്ലായിരുന്നു.

സെമറ്റിക്ക്‌ മതങ്ങളും ഇന്ത്യന്‍ മതങ്ങളും തമ്മില്‍ വലിയ വിത്യാസമുണ്ട്‌. പൌരാണിക സമൂഹത്തില്‍ മനുഷ്യന്റെ സാമൂഹിക ജീവിതത്തില്‍ മതം ഒരു പ്രധാന ഘടകമായിരുന്നു. അന്നെല്ലാം ദൈവത്തെ മനുഷ്യര്‍ അളന്നിരുന്നത്‌ ഓരോ സമൂഹത്തിന്റെയും ആന്തരിക ഘടനയനുസരിച്ചായിരുന്നു . ലോകത്തില്‍ പൊതുവായി ഇന്ന്‌ മതങ്ങളുടെ രണ്ടു കുടുംബങ്ങളാണുള്ളത്‌. യഹൂദ, മുസ്ലിം, ക്രിസ്‌ത്യന്‍ സമൂഹങ്ങളുള്‍പ്പെട്ട സെമറ്റിക്ക്‌ മതങ്ങളും ഭാരതീയ മതങ്ങളും. നാലാം നൂറ്റാണ്ടില്‍ ക്രിസ്‌തുമതം റോമാ സാമ്രാജ്യത്തിന്റെ ഭാഗമായി. സെമറ്റിക്ക്‌ മതങ്ങളില്‍ പുരുഷ മേധാവിധ്വം നിറഞ്ഞിരിക്കുന്നത്‌ കാണാം. പല കാരണങ്ങളാല്‍ സ്‌ത്രീകളെ അടിച്ചു താഴ്‌ത്തുന്നു. മുസ്ലിമുകളും ക്രിസ്‌ത്യാനികളും സ്‌ത്രീകള്‍ക്ക്‌ സമത്വം കല്‍പ്പിക്കാത്തത്‌ അറബി സാമ്രാജ്യത്തിന്റെയും റോമാ സാമ്രാജ്യത്തിന്റെയും സാമൂഹിക പാശ്ചാത്തലം മൂലമായിരുന്നു. റോമന്‍ നിയമങ്ങള്‍ ക്രിസ്‌ത്യാനികളുടെ നിയമങ്ങളായി മാറി. അതുപോലെ 'ഇസ്ലാം' അറേബ്യന്‍ സാമ്രാജ്യത്വത്തിന്റെ ഭാഗവുമായി. ഇന്നും അനേക ഇസ്ലാമിക രാജ്യങ്ങളില്‍ ഷാരിയാത്ത്‌ നിയമങ്ങളാണ്‌ നടപ്പിലുള്ളത്‌.

ഭാരതീയ ആര്യ ദ്രാവിഡ സംസ്‌ക്കാരത്തിലെ ദേവി ദൈവങ്ങള്‍ കിഴക്കിന്റെ തത്ത്വങ്ങളാണ്‌. ദേവതകള്‍ സ്‌നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പുഷ്‌ക്കലത്വത്തിന്റെയും പ്രതീകങ്ങളായി കരുതുന്നു. ഭാരതത്തിലെപ്പോലെ ദേവീ പൂജ ലോകത്തൊരിടത്തും വളര്‍ന്നിട്ടില്ല. ഇന്ത്യന്‍ പാരമ്പര്യത്തില്‍ ദൈവം പകുതി സ്‌ത്രീയും പകുതി പുരുഷനുമായി കാണാം. സ്‌ത്രീകളും പുരുഷന്മാരും തുല്യരാണെന്നുള്ള തത്ത്വങ്ങള്‍ ഭാരതത്തിലെ ഋഷിമാരുടെ ബൌദ്ധിക തലങ്ങളില്‍നിന്നും പൊന്തി വന്ന ആശയങ്ങളാണ്‌. 'പരമാത്മാവെന്ന സങ്കല്‌പ്പം മനുഷ്യന്റെ സാമൂഹിക ജീവിതത്തില്‍ നിന്നും സാമൂഹിക ആവശ്യങ്ങളില്‍നിന്നും ഉടലെടുത്തതാണ്‌. കിഴക്കിന്റെ മതങ്ങളില്‍ ദേവതകള്‍ ദൈവത്തിനു തുല്യവുമാണ്‌. മനുഷ്യ സംസ്‌ക്കാരം ആദ്യം പ്രാകൃതവും കൃഷിയും വ്യവസായവും പിന്നീട്‌ സൈബറനിക്ക്‌ യുഗവുമായി മാറ്റപ്പെട്ടു. സമൂഹത്തില്‍ ശക്തിമാന്‍ ശ്രേഷ്‌ഠനെന്നതു മാറി ബൌദ്ധിക തലങ്ങളിലേക്ക്‌ ശ്രേഷ്‌ഠത കല്‌പ്പിക്കാന്‍ തുടങ്ങി. ആധുനിക സമൂഹങ്ങളില്‍ സ്‌ത്രീകള്‍ക്ക്‌ വളരെയധികം പ്രാധാന്യം കല്‌പ്പിച്ചിട്ടുണ്ട്‌. ലോകം തന്നെ ഇന്ന്‌ അര്‍ദ്ധനാരീശ്വര തത്ത്വത്തിലേയ്‌ക്ക്‌ കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുന്നു.

റെഫ: ശ്രീ പ്രതീപ്‌ കൃഷ്‌ണന്‍, ഹൈന്ദവ കേരളം.
ശ്രീ ജോസഫ്‌ പുലിക്കുന്നേലും ചിന്തകളും ഭാരതവല്‌ക്കരണവും (ജോസഫ്‌ പടന്നമാക്കല്‍)ശ്രീ ജോസഫ്‌ പുലിക്കുന്നേലും ചിന്തകളും ഭാരതവല്‌ക്കരണവും (ജോസഫ്‌ പടന്നമാക്കല്‍)
Join WhatsApp News
ക്രിസ്ത്യാനി 2015-04-24 11:01:38
പടന്നമാക്കലും പുലിക്കുന്നേലും ഇത്ര നിന്ദ്യമായി ചിന്തിക്കുന്നവരാണെന്നു കരുതിയില്ല. പുലിക്കുന്നേല്‍ സംസാരിച്ചിരിക്കുന്ന പ്രസിദ്ധീകരണം ഒന്നാന്തരം. മനുഷ്യ സ്വാതന്ത്ര്യത്തേ ചവിട്ടി മെതിച്ച് സ്വന്തം മത കോയ്മ സ്ഥാപിക്കണമെന്നു വാദിക്കുന്ന പ്രസ്ഥാനത്തിന്റെ ഭാഗം.
സഭയും വൈദികരും ഇപ്പറയുന്ന എന്തു ചെയ്തു എന്നാണു? സ്വത്തുക്കള്‍ അവര്‍ കൈകാര്യം ചെയ്യുന്നതു നിയമാനുസ്രുതമായ രീതിയിലാണു. അത് സഭാ മക്കളുടെ കാശാണു. ഇനി ബിഷപ്പും അച്ചനും അതില്‍ നിന്നു തട്ടിക്കുന്നുണ്ടെങ്കില്‍ ഞങ്ങള്‍ സഹിച്ചോളാം. നിങ്ങള്‍വിഷമിക്കണ്ട.
മാര്‍പാപ്പാക്കു ഇന്ത്യയിലെ സ്വത്തോന്നും ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. സ്വത്തുള്ള വേറെ ധാരാളം രാജ്യങ്ങളുണ്ട്. വലിയ സ്വത്ത് ഇല്ലാത്തതു കൊണ്ടാണല്ലൊ വിദേശത്തു നിനു സഹായം കിട്ടുന്നത്.
മതം മാറിയ ശേഷം പഴയ വിശ്വാസം എന്തിനു തുടരണം? അമേരിക്കയില്‍ ഹിന്ദുക്കളാകുന്ന സായിപ്പുമാര്‍ കാവിയുടുത്തും ഇന്ത്യന്‍ വേഷം ധരിച്ചും ഇന്ത്യന്‍ ദേവീ-ദേവന്മാരെ വന്ദിച്ചും കഴിയുന്നു. അതിനാണല്ലൊ അവര്‍മതം മാറുന്നത്? എന്തിനാണു അവര്‍ വിദേശ ദേവീദേവന്മാരുടെ പുറകെ പോകുന്നത്? ഇന്‍സ്റ്റന്റ് നിര്‍വാനം നല്‍കാമെന്നു പറഞ്ഞു പാശ്ചാത്യ രാജ്യങ്ങളില്‍ ക്രിസ്ത്യാനികളെ കൂട്ടമായി മതം മാറ്റുന്നു. (അതു കുഴപ്പമില്ല അല്ലെ? ഇന്ത്യയിലെ പാവപ്പെട്ടവനും നിരക്ഷരനും ഒന്നും അതു പാടില്ല. കാരണം സ്വന്തം കാര്യം തീരുമാനിക്കാന്‍ അയാള്‍ക്ക് കഴിവില്ല!)
മതം മാറുന്നത് ആനക്കാര്യമായി ആര്‍.എസ്.എസ്. കൊണ്ടു നടക്കുന്നുണ്ട്. വേറാര്‍ക്കും അങ്ങനെ തോന്നുന്നില്ല. മാറുകയോ മാറാതിരിക്കുകയോ ചെയ്യട്ടെ. അതു വ്യക്തി സ്വാതന്ത്ര്യം. വെട്ടില്‍ ഇരുവരും വീഴുന്നതില്‍ ഖേദം.
ബിഷപ്പുമാര്‍ അധികാരം കയ്യാളിയിരിക്കുന്നുന്നു ആക്ഷേപിക്കുന്നു. പിന്നെ ആരു കയ്യാളണം? ഓരൊ അത്മായനും കാര്യങ്ങള്‍ തീരുമാനിച്ചല്‍ എങ്ങനെ ഇരിക്കും? ഓരോ പള്ളിക്കാരും സ്വന്തം കാര്യവും സ്വന്തം വിശ്വാസവും തീരുമാനിച്ചാല്‍ എങ്ങനെ ഇരിക്കും?
പുരോഹിതര്‍ എന്നാല്‍ കുടുംബ വാഴ്ച ഒന്നുമല്ല. ആര്‍കും പുരോഹിതരാകുകയും ചെയ്യാം.
പോര്‍ടുഗീസുകാര്‍ വരുന്നതിനു മുന്‍പുള്ള കേരലത്തിലെ ക്രിസ്ത്യാനികള്‍ ഏതു തരം വിശ്വാസം ആയിരുന്നു പുലര്‍ത്തിയിരുന്നത്? അവര്‍ ക്രിസ്തുവിനെ സാക്ഷ്യപ്പെടൂത്താന്‍ എന്തു ചെയ്തു?
ക്രിസ്തു ഉണ്ടായിരുന്നുവെന്നും ക്രിസ്തുമതം ആദ്യകാലം മുതല്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നുവെന്നും അംഗീകരിച്ചത് വലിയ കാര്യം.
ബിഷപ്പുമാരെയും പുരോഹിതരെയും ജനം തെരെഞ്ഞെടുക്കണോ? അതിനായി പുതിയ സഭ സ്ഥാപിക്കൂ. ഞങ്ങള്‍ ഇപ്പോഴത്തെ രീതിയില്‍ പൊയ്ക്കോളാം. അതിനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ പൗരന്മാര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്കുണ്ട് എന്നു കരുതുന്നു. ഇന്ത്യാക്കാരന്റെ സ്വാതന്ത്ര്യം വെട്ടിക്കുറക്കാന്‍ ശ്രമിക്കരുത്. അതു ചെറുക്കുക തന്നെ വേണം
ബിഷപ്പുമാര്‍ സ്വത്തൂ കാര്യത്തില്‍ മാര്‍പാപ്പയോടു കണക്കു പറഞ്ഞാല്‍ മതി എന്നത് ശുദ്ധ നുണ. കണക്ക് സര്‍ക്കാരിനെ കാണിക്കണം എന്നതാണു സത്യം.
വടക്കെ ഇന്ത്യയില്‍ കന്യാസ്ത്രി കൊല്ലപ്പെട്ടാല്‍ അതു ഒറ്റപെട്ട സംഭവം. ആരും മിണ്ടരുതെന്നു പറയുന്നതു ശരിയോ? ക്രിസ്ത്യാനികളും മുസ്ലിംകളുമൊക്കെ വിദേശികളാണെന്നും അവരെ രണ്ടാം തരം പൗരന്മാരാക്കണമെന്നുമുള്ള ആശയങ്ങള്‍ ശക്തിപ്പെടുമ്പോളാണു ഈ പ്രചാരണം.
പോട്ടയില്‍ മരണാസന്നരായവരെ പ്രാര്‍ഥനക്കു കൊണ്ടു വരുന്നു. അവര്‍ അവിടെ വച്ചു മരിക്കുന്നു. അതാണു എന്തോ ഭയങ്കര സംഭവമായി പറയുന്നത്
ന്യൂന പക്ഷത്തിനു എന്തോ പ്രത്യേക സംസ്‌കാരം ഉണ്ടെന്നു പുലിക്കുന്നെലിനെ ഉദ്ധരിച്ചു പറയുന്നു. എവിടെ? എന്ത്? കേരളത്തില്‍ ക്രിസ്ത്യാനിയും ഹിന്ദുവും മുസ്ലിമും തമ്മില്‍ സാംസ്‌കാരികമായ എന്തു വ്യത്യാസമാണുള്ളത്?
സതി സമ്പ്രദായം വരെ ഉണ്ടായിരുന്ന രാജ്യമാണു ഇന്ത്യ.സ്ത്രീകള്‍ക്ക് ഇന്ത്യയില്‍ തുല്യ അവകാശമായിരുന്നുവെന്നു പറയുന്നു. ചരിത്രം പക്ഷെ അങ്ങനെ അല്ല പറയുന്നത്.
എണ്‍പതുകളിലും തൊണ്ണൂറുകളിലും ഗുജറാഠില്‍ മുസ്ലികള്‍ക്ക് എതിരെ വ്യാപകമായപ്രചാരണം നടന്നു. അതേ രീതിയിലാണു ഇപ്പോല്‍ ക്രൈസ്തവര്‍ക്കെതിരെ പ്രചാരണം. അതിനു കൂട്ടു നില്ക്കുന്നതു ശരിയോ?
JOHNY KUTTY 2015-04-24 13:12:27
വളരെ നല്ല ഒരു ലേഖനം ശ്രീ പടന്നമാക്കണേ അഭിനന്ധിക്കതിരിക്കാൻ വയ്യ. ഒപ്പം ഇ മലയാളിയെയും . ശ്രീ ജോസുഫ് പുലിക്കുന്നേൽ എന്നും സഭയുടെ കണ്ണിലെ കരടാണ്. 2000 വര്ഷം മുൻപ് സ്വപ്നത്തില പോലും യേശു എന്ന യുവാവ് ചിന്തിക്കാത്ത ഒരു വാക്കാണ്‌ ക്രിസ്തിയാനി. അതുപോലെ അദ്ദേഹം ഏറ്റവും വെറുത്തിരുന്ന ഒന്നാണ് അഹങ്ഗാരം. അല്ലയോ ക്രിസ്തിയാനി എന്ന്ന സ്നേഹിതാ താങ്കള്ക്ക് ചേരുന്ന പേര് അന്ത വിശ്വാസി എന്നോ അഹങ്ഗാരി എന്നോ ആണ്. താങ്കൾ മേത്രന്മാര്കും അചെന്മാര്കും ഓശാന പാടിക്കോ അതിനു സാധാരണക്കാരായ പാവം ക്രിസ്തിയാനികളുടെ മൊത്തം ആളാണെന്നു ധരിക്കരുതേ. എന്തെ ഹിന്ദു മതത്തോടു ഇത്ര അസഹിഷ്ണുത. ക്രിസ്തുമതത്തിന് കേരളത്തില് ഒരു സമാധാനപരമായ പ്രവേശനമാണു ലഭിച്ചത്. ലോകത്ത് ഭൂരിഭാഗമിടങ്ങളിലും ക്രിസ്തുമതത്തിന്റെ പ്രവേശനം വാളും തോക്കും രക്തപ്പുഴകളുമായിട്ടായിരുന്നു. ഇവിടെ ക്രിസ്തുമതം വന്നെത്തിയ വിവരംതന്നെ ആരും അന്ന് അറിഞ്ഞുപോലുമില്ല എന്നു തോന്നുന്നു. അതിനു കാരണം ഇന്ത്യയിലെ അന്നത്തെ ജനം ആണ്. അവരെ ഹിന്ദു എന്ന് വിളിക്കാമോ എന്നറിയില്ല. രണ്ടായിരംവര്ഷം മുമ്പു മരണമടഞ്ഞ യേശു എന്ന വ്യക്തിയുടെ സ്മരണ മാറ്റിനിര്ത്തിയാല് നല്ലവനായ ഒരു ക്രൈസ്തവനും മറ്റ് ഏതു മലയാളിയും തമ്മില് എന്തു വ്യത്യാസം? ദുഷ്ടനായ ഒരു ക്രൈസ്തവനും ദുഷ്ടനായ മറ്റ് ഏതു മലയാളിയും തമ്മില് എന്തു വ്യത്യാസം. അതുപോലെ ഒരു ചെറിയ വിഭാഗം ഹിന്ദുക്കളുടെ പേര് പറഞ്ഞു എന്തെങ്ങിലും ചെയ്യുന്നതിന് മൊത്തത്തിൽ അവരുടെ പുറത്തു കുതിര കേറേണ്ട കാര്യം ഉണ്ടോ.
andrew 2015-04-24 13:28:56
beautiful, strong and inspiring facts. Hope the young generation will realize the facts and stay away from church and religion. It is a historical fact that religion is the root cause of evil. Religion converted people by the power of politics, sword and gun. There is no 'godly' element in religion. They use the name of god to cheat the faithful and coverup their crimes. That is why all religions must go from the face of earth, then only there will be peace on earth.
A.C.George 2015-04-25 00:07:28
Truth, nothing but truth. Courageous and inspiring article Mr. Joseph Padannamakkal
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക