ന്യു യോർക്ക്: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് ഈ വർഷത്തെ ആദ്യത്തെ പ്രൊഫഷണൽ പരിപാടിയായി സെമിനാർ മാർച്ച് 6-നു സൂം കോൺഫെറെൻസിലൂടെ സംഘടിപ്പിച്ചു. കോറോണവൈറസ് പകർച്ച വ്യാധി ആരോഗ്യ പ്രവർത്തകരിലും സമൂഹത്തിലും വരുത്തിയ മാനസിക ആഘാതം ആയിരുന്നു വിഷയം. നഴ്സുമാരടങ്ങുന്ന ആരോഗ്യ പ്രവർത്തകർ ആയിരുന്നു പങ്കടുത്തവർ. ന്യൂ യോർക്കിലെ പ്രമുഖ കൺസൽട്ടൻറ് സൈക്കിയാട്രിസ്റ്റും സൈക്കോ ഫർമാകോളജിസ്റ്റുമായ ഡോക്ടർ റെജി ആറ്റുപുറത്തു ആദ്യം സംസാരിച്ചു. .
കോവിഡിന്റെ ഭവിഷ്യത്തുകളിൽ ഒന്നായ ഡെലീരിയവും മറ്റു അനന്തര ഫലങ്ങളും തിരിച്ചറിഞ്ഞു അവയെ ചികിൽസിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം തെളിവിന്റെ അടിസ്ഥാനത്തോടെ വിശദീകരിച്ചു. മരുന്നും തെറാപ്പിയും വളരെ ഫലപ്രദം ആണെന്ന് ഡോ. റെജി ലളിതമായ ഭാഷയിൽ വിശദീകരിച്ചു.
ന്യൂ യോർക്ക് സിറ്റിയുടെ കിങ്‌സ് കൗണ്ടി ഹോസ്പിറ്റലിൽ ഡയറക്ടർ ആയ ഡോക്ടർ ഷൈല റോഷിൻ കോവിഡ് ബാധിതരെ ചികില്സിക്കുന്നവരിലും ശുശ്രൂഷിക്കുന്നവരിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന വിഷമതകളെ സംബന്ധിപ്പിച്ചു സംസാരിച്ചു. മരണങ്ങളും വിഷമതകളും വ്യാകുലതകളും കണ്ടു
അതനുഭവിക്കുന്നവർക്കും അവരുടെ പ്രിയപ്പെട്ടവർക്കും ആശ്വാസം പകർന്നു മാനസികമായി ക്ഷീണിച്ചവരാണ് ഡോക്ടർമാരും നേഴ്സ് പ്രാക്ടീഷനർമാരും നഴ്സുമാരും. അവർക്കു മാനസിക പിന്തുണ നൽകുക എന്നത് അവർക്കും അവരുടെ സേവനം അനുഭവിക്കുന്നവർക്കും വളരെ പ്രധാനമാണ് .
പാൻഡെമിക് സമയത്തു താൻ പ്രവർത്തിക്കുന്ന ഹോസ്പിറ്റലിൽ നഴ്സുമാർക്ക് വേണ്ടി നടത്തിവരുന്ന ചില പ്രൊഫഷണൽ ഇടപെടലുകൾ ഗുണകരം ആയി കണ്ടെത്തിയതായി ഡോക്ടർ ഷൈല പറഞ്ഞു.
ഈ സംരംഭങ്ങൾ നഴ്സുമാരിലെ വിക്ഷമതകൾക്കു ശാന്തി നല്കുന്നവ ആയി. മാനസികാരോഗ്യം ശക്തം
ആക്കുന്നതിനും മാനസിക സൂക്ഷ്മത വർധിപ്പിക്കുന്നതിനും ഈ സംരംഭങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
ഹെല്പിങ് ഹീലേഴ്‌സ് ഹീൽ’, ബാറ്റിൽ ബെഡ്‌ഡി; എന്നിവ സമ്മർദ്ദം കുറയ്ക്കുന്നതിനും ശാന്തിക്കും സഹായിക്കുന്നവയാണ്.
ന്യൂ യോർക്ക് സ്റ്റേറ്റിന്റെ ക്രീഡമോർ സൈക്കിയാട്രിക് സെന്ററിലെ നേഴ്സ് അഡ്മിനിസ്ട്രേറ്റർ ആയ ജയാ തോമസ് തുടർന്ന് സംസാരിച്ചു. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, റേസിലിയൻസ് ട്രെയിനിങ്, ഡീപ് ബ്രീത്തിങ് എക്സർസൈസ് എന്നിവയുടെ ഗുണങ്ങളെപിപ്പറ്റി ആയിരുന്നു ജയാ സംസാരിച്ചത്. ഒരു മൈന്ഡഫുൾനെസ് സെഷനും നടത്തി.
ഇന്ത്യൻ നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ഡോ. അന്ന ജോർജ് സ്വാഗതം പറഞ്ഞു. ഡോ. ഷൈല റോഷന്റെ നേതൃത്വത്തിലുള്ള എഡ്യൂക്കേഷൻ കമ്മിറ്റി ആയിരുന്നു ഈ വിദ്യാഭ്യാസ സംരംഭം ഒരുക്കിയത്. തന്നെ സഹായിച്ച ജെസ്സി ജെയിംസ്, ഡോ. ആനി ജേക്കബ്, ഡോ. മേഴ്‌സി ജോസഫ്, ഡോ. സുജ ജോൺ, ഡോ. സോളിമോൾ കുരുവിള എന്നീ കമ്മിറ്റി അംഗങ്ങൾക്ക് അവർ നന്ദി പറഞ്ഞു. കമ്മ്യൂണിക്കേഷൻ ചെയർ ജിൻസി ചാക്കോ സാങ്കേതിക ക്രമീകരണം നടത്തി. നോർത്ത്വെൽ സുക്കർ ഹിൽസൈഡ് ഹോസ്പിറ്റലിലെ ലീഡ് നേഴ്സ് പ്രാക്റ്റീഷനറും എ പി ആർ എൻ ചെയറുമായ ജെസ്സി കുരിയൻ ആയിരുന്നു മോഡറേറ്റർ.
ന്യൂ യോർക്കിലെ ഇന്ത്യൻ നഴ്സുമാരുടെ ഔദ്യോഗിക സംഘടനയായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് സംസ്ഥാനത്തെ ആരോഗ്യ പരിപാലന രംഗത്തും ആരോഗ്യ ശുശ്രൂഷ രംഗത്തും ഗണ്യമായ സംഭാവനകളാണ് ചെയ്തുവരുന്നത്. പ്രൊഫഷണൽ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ, യൂണിവേഴ്സിറ്റികളുമായി ചേർന്ന് ഇന്ത്യൻ നഴ്സുമാർക്ക് ഉന്നത വിദ്യാഭാസ പ്രോത്സാഹനം, സ്ടുടെന്റ്റ് സ്കോളർഷിപ്, കമ്മ്യൂണിറ്റി സർവീസ്, ഹെൽത്ത് ഫെയർ, ഇന്ത്യയിൽ നഴ്സിംഗ് പഠിക്കുന്നതിനുള്ള സാമ്പത്തിക സഹായം, എന്നിവ
അവയിൽ പെടുന്നു.
കോവിഡ് പകർച്ചവ്യാധിയെപ്പറ്റി അസോസിയേഷൻ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിന് മുന്നിലുണ്ടായിരുന്നു. അസോസിയേഷന്റെ പ്രവർത്തനങ്ങൾ ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റിന്റെ ശ്രദ്ധയും അഭിനന്ദനങ്ങളും നേടിയിട്ടുണ്ട്.