കുട്ടികളുടെ അനക്കമൊക്കെ ഉണ്ടെങ്കിലേ വീട് വീടായി തോന്നൂ. അല്ലെങ്കിൽ വീട് ഉറങ്ങിയപോലേയാണ്.
കുറച്ച് ദിവസമായ് പേരക്കുട്ടികൾ ഇവിടെത്തന്നെ ഉണ്ട്. അവരുടെ കളിയും ചിരിയും ബഹളവും എല്ലാം ചേർന്ന് വീടിനാകെ ഒരുണർവ്വ് വന്ന പോലെ.
എന്നും വൈകുന്നേരമായാൽ അവർക്ക് കഴിക്കാൻ എന്തെങ്കിലും 'അമ്മൂമ്മ - സ്പെഷൽ' വേണം.
ഞാനിപ്പൊ ഉണ്ണിയപ്പം ഉണ്ടാക്കിക്കൊണ്ടിരിക്കാണ്.
അപ്പൂം അമ്മൂം സ്റ്റൂളെടുത്തുകൊണ്ട് വന്ന് അതിൽ കയറി നിൽപ്പായി, അപ്പം ഉണ്ടാക്കുന്നത് കാണാൻ.
" അമ്മൂമ്മേ.. ഞാനൊരെണ്ണം എടുത്തോട്ടെ..?" അപ്പു.
"ക്കും വേണം", അമ്മു.
"വരട്ടെ, വരട്ടെ, നല്ല ചൂടുണ്ട്, കുറച്ച് കഴിഞ്ഞിട്ട് തരാം ട്ടൊ".
"നിങ്ങക്കറിയോ.., കുട്ടിക്കാലത്ത് നിങ്ങ്ടെ അമ്മക്കും അപ്പം വലിയ ഇഷ്ടായിരുന്നു. ഞങ്ങൾ ലീവിൽ വരുമ്പോൾ അവളുടെ അമ്മൂമ്മ ഉണ്ടാക്കി കൊടുക്കാറുണ്ട്.
ഒരിക്കൽ രണ്ടു കയ്യിലും അപ്പം പിടിച്ച് വെളിയിൽ വന്നു നിന്നു കഴിക്കുവാർന്നൂ. ഒരു കാക്ക വന്ന് ഒരപ്പം കയ്യീന്ന് റാഞ്ചിക്കൊണ്ട് പോയി, അവള് കരച്ചിലോട് കരച്ചിൽ.".
"ഹ... ഹ..", രണ്ടുപേരും പൊട്ടിച്ചിരിച്ചു.
"ഓ..., അമ്മൂമ്മേ, ഇപ്പഴാ ഓർമ്മ വന്നേ, ഇന്നാക്കഥ പറയാമോ...,ദേവൂട്ടീടെ "? അപ്പു ചോദിച്ചു.
" ഉം, നോക്കട്ടെ., അമ്മൂമ്മക്ക് കുറേ പണികൾ ചെയ്ത് തീർക്കാനുണ്ടല്ലോ".
"അതു പറ്റില്ല ഇന്നുതന്നെ പറയണം, രാത്രി, അമ്മൂമ്മേടെ പണിയെല്ലാം കഴിഞ്ഞിട്ട് പറഞ്ഞ് തന്നാൽ മതി"., അപ്പു.
രണ്ടുപേർക്കും രണ്ടു കയ്യിലും നിറയെ അപ്പം വെച്ചു കൊടുത്തു, സന്തോഷായി അവർക്ക്.
രാത്രി എല്ലാവരുo കിടക്കാൻ നോക്കുമ്പോൾ രണ്ടുപേരും എന്റടുത്ത് വന്ന് ഇരിപ്പുറപ്പിച്ചു.
"ഇനി നമുക്ക് തുടങ്ങാം...
ല്ലേ അമ്മൂമ്മേ.. "?
ഞാനൊന്നു ചിരിച്ചു കൊണ്ട് പറഞ്ഞു, "ന്നാൽ കേട്ടോളിൻ".
രണ്ടു പേരും എന്റെ മടിയിൽ തല വെച്ച് ആകാoക്ഷയോടെ എന്റെ മുഖത്ത് തന്നെ നോക്കി കിടപ്പായി.
ദേവൂട്ടീടെ നാട്ടില് ഒരു സിനിമക്കോട്ടയുണ്ട്, മെടഞ്ഞ ഓല കൊണ്ട് കെട്ടിയുണ്ടാക്കിയ സിനിമാ തീയേറ്റർ. ഒരീസം ദേവൂട്ടീo, കുഞ്ഞ്യേച്ചീം, ഏട്ടനും കൂട്ടുകാരും, പിന്നെ അവരുടെ അനീത്തിമാരും എല്ലാരും കൂടി സിനിമ കാണാൻ പോയി.
കുറേ കുട്ടികളുള്ളത് കൊണ്ട് തറട്ടിക്കറ്റ് എടുത്ത് ഉള്ളിൽ കയറി ".
"തറട്ടിക്കറ്റ് ന്ന് പറഞ്ഞാൽ എന്താ അമ്മൂമ്മേ..?", അപ്പു.
"അതോ, തീയേറ്ററിൽ കയറിയാൽ ഏറ്റവും മുന്നിലായി മണൽ വിരിച്ച സ്ഥലമുണ്ട്. അതാണ് തറ. പാവപ്പെട്ടവരെല്ലാം തറട്ടിക്കറ്റാണ് എടുക്കുക. അതിന് പിന്നിൽ ബഞ്ച്, പിന്നെ കസേരകൾ. തറ ടിക്കറ്റിന് 50 പൈസയും, ബഞ്ചിന് ഒരു രൂപയുമായിരുന്നു ചാർജ് എന്നു തോന്നുന്നു.
ദേവൂട്ടീടേട്ടൻ കുട്ടികൾക്കെല്ലാം ഓരോ പൊതി കപ്പലണ്ടീം വാങ്ങിക്കൊടുത്തു.
സിനിമയൊക്കെ കണ്ട് പുറത്ത് കടക്കാൻ നോക്കുമ്പോൾ ഏട്ടനും കൂട്ടുകാരും പറഞ്ഞു,
"വേഗം വാ, സിനിമാക്കോട്ടേടെ പിൻവശത്ത് പോയാൽ സത്യൻമാഷേം, ഷീലച്ചേച്ചിയേം, എല്ലാo നമുക്ക് കാണാം" ന്ന്!
ദേവൂട്ടീം കൂട്ടരും അത് വിശ്വസിച്ചു, ന്നിട്ട് വേഗം തീയേറ്ററിന്റെ പിൻവശത്ത് ചെന്ന് നോക്കി നിൽപ്പുറപ്പിച്ചു. അപ്പൊ കുട്ടീടേട്ടൻ പറയാ,
" അയ്യോ.. നമ്മൾ വരുമ്പോഴേക്കും അവരെല്ലാം കാറ് കയറി പോയല്ലോ" ,എന്ന്!
ഇത് കേട്ടപ്പോൾ അപ്പൂo അമ്മും പൊട്ടിച്ചിരിച്ചു.
" അയ്യേ..., ഈ ദേവൂട്ടിക്ക് ഒരു ബുദ്ധീം ഇല്യാ ല്ലേ.., അമ്മൂമ്മേ.., സിനിമയിലഭിനയിക്കണവരെ എങ്ങിനാ അവിടെകാണാനാക... അത് ഫിലിം അല്ലേ..?", അമ്മു ചോദിച്ചു.
"പിന്നെന്തൊക്കേയാ ദേവൂട്ടീടെ വിശേഷം... വേഗം പറയൂ", അപ്പു.
"ദേവൂട്ടീല്ലേ.., എപ്പോഴും ഏട്ടന്റെ കൂട്ടാ. ഗോലി കളിക്കാനും, കുട്ടീം കോലും കളിക്കാനും, തുണിപ്പന്തുണ്ടാക്കി പന്ത് കളിക്കാനും , കശുമാങ്ങണ്ടി ചുട്ട് തല്ലിത്തിന്നാനും. എല്ലാം."
"പിന്നെ ഒരു കാര്യം കേൾക്കണോ..?
പട്ടണത്തിലെ ഒരു സിനിമാ തീയേറ്ററിൽ, "ഇണപ്രാവുകൾ" എന്ന സിനിമ റിലീസായകാലം. ഒരു ദിവസം ഏട്ടനും കൂട്ടരും സിനിമ കാണാൻ പോകാൻ റെഡിയായി.
"നീ ഞങ്ങടെ കൂടെ പോരുണോ?"ഏട്ടൻ ചോദിച്ചു.
ദേവൂട്ടി തലയാട്ടി.
"ന്നാൽ വേഗം അമ്മയോടും അച്ഛനോടും പോയി ചോയ്ച്ചട്ട് വാ ".
ദേവൂട്ടി ആദ്യം അമ്മയുടെ അടുത്ത് പോയി സമ്മതo ചോദിച്ചു. അപ്പോൾ അമ്മ പറഞ്ഞു, അച്ഛൻ സമ്മതിക്കാണെങ്കിൽ, പൊക്കോളാൻ.
ദേവൂട്ടി അച്ചന്റടുത്തേക്ക് ഓടി, അച്ഛൻ പറഞ്ഞു, അമ്മയുടെ സമ്മതമുണ്ടെങ്കിൽ പൊയ്ക്കോളാൻ!
ദേവൂട്ടി ആകെ കഷ്ടത്തിലായില്ലേ..?
ടൗണിലേക്കുള്ള രണ്ടു മണീടെ ബസ്സ് ഇപ്പൊ വരും.
ഏട്ടൻ പറഞ്ഞു." സാരല്യ. നീ വാ.. നീയെന്റെ കൂട്യല്ലേ വരണത്, ബാക്കിയൊക്കെ തിരിച്ചു വന്നിട്ട് നോക്കാം".
കേട്ട ഉടനെ ദേവൂട്ടി ഏട്ടന്റെ കൂടെ ഇറങ്ങി പുറപ്പെട്ടു.
തിരിച്ചു വരുമ്പോൾ ദേവൂട്ടിക്ക് പേടിയായി,
"ഏട്ടാ..., അമ്മക്ക് ദേഷ്യം വന്നിട്ടുണ്ടാകോ? അമ്മ ന്നെ തല്ലോ ആവോ".
"ഏയ് നീ പേടിക്കൊന്നും വേണ്ട, ഞാനല്ലെ നിന്നെ കൊണ്ടു പോയത്?".
വീടെത്തിയപ്പോൾ ദേവൂട്ടീടെ ചങ്കിടിപ്പ് കൂടി. പേടിച്ച് പേടിച്ച് ഏട്ടന്റെ ഷർട്ടിൽ പിടിച്ച് വീട്ടിൽ കയറി.
"അവടെ നിക്കടീ..."!
യ്യോ..., അമ്മ!
ഇന്ന് അടി കിട്ടിയതുതന്നെ.
ഏട്ടനെ കൂട്ടിപ്പിടിച്ച് കണ്ണ് മുറുക്കിയടച്ചു കൊണ്ട് അവിടെത്തന്നെ നിന്നു.
"നീ ആരോട് ചോയ്ച്ചാ ഇവന്റെ കൂടെ പോയത്...?"
അമ്മ ഒരു വടിയുമായെത്തി.
"സാരല്യമ്മേ, അവള് പാവോല്ലേ..., ഞാൻ വിളിച്ചപ്പോൾ കൂടെ പോന്നതാ, അവളെ തല്ലൊന്നുo വേണ്ട, അവള് നിങ്ങളോട് രണ്ടു പേരോടും ചോയ്ച്ചതല്ലേ..?"
അമ്മയുടെ ദേഷ്യം കുറഞ്ഞ പോലെ, വടി വലിച്ചെറിഞ്ഞ് മറ്റൊരു ഓർഡർ !
" അമ്പലത്തിന്റെ മുന്നിൽ ചെന്നു നിന്ന് 100 ഏത്തമിട്, ഇനി ഇങ്ങനൊന്നും ചെയ്യില്ലാന്ന് പറഞ്ഞ്".
ദേവൂട്ടി ദയനീയമായി ഏട്ടനെ നോക്കി, ഏട്ടൻ കുട്ടീടെ മുഖത്ത് നോക്കി കണ്ണിറുക്കി കാണിച്ചു, എന്നിട്ട് അമ്മയോട് പറഞ്ഞു, ''അമ്മേ, ഞാൻ നോക്കിക്കോളാം അവൾ ഏത്തടുണ്ടോന്ന്, അമ്മ പൊയ്ക്കോളൂ".
അമ്മ അവിടുന്ന് പോയപ്പോൾ ഏട്ടൻ പറഞ്ഞു, "നീ വേഗം ഒരു പത്ത് ഏത്തമിട്ട് ഓടിക്കോ, അതൊക്കെ മതി".
ദേവൂട്ടിക്ക് സങ്കടായി, ന്നാലും വേഗം പത്തേത്തമിട്ടു. തിരിഞ്ഞു നോക്കിയപ്പോൾ അച്ഛൻ നിൽക്കുന്നു! ഓടിച്ചെന്ന് അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞു.
"എന്തിനാ കുട്ട്യേ നീ അമ്മേടെ സമ്മതല്യാതെ പോയത്?''
"ഞാൻ അച്ഛനോടുo അമ്മയോടും സമ്മതം ചോയ്ച്ചതല്ലേ,..?
മാത്രോല്ല, ഞാനെന്റെ ഏട്ടന്റെ കൂടെയല്ലേ പോയത്..?
അതിലെന്താ ത്ര തെറ്റ്..?" ദേവൂട്ടി ന്യായം പറഞ്ഞു.
ദേവൂട്ടിയെ ചേർത്ത് പിടിച്ച് അച്ഛൻ പറഞ്ഞു, "ഉം.., സാരല്യ, ഇനി ഇങ്ങനെ ചെയ്യരുത് ട്ടോ. മോള് വേഗം പോയി കുളിച്ച് വാ..,ന്നിട്ട് അച്ഛന്റെ കൂടെ അത്താഴം കഴിക്കാം".
ദേവൂട്ടീടെ സങ്കടം എന്നിട്ടും തീർന്നില്ല. രാത്രി കഞ്ഞി കുടിക്കാൻ വിളിച്ചപ്പോൾ പോയില്ല. കോണിപ്പടിയിൽ, ഇരുന്ന് കയ്യിന്മേൽ തലയും വെച്ച് കിടന്ന് കുറേ നേരം കരഞ്ഞു.
"ഏട്ടന്റെ കൂടെ പോയത് ഇത്ര വലിയ തെറ്റാണോ?
ഈ പെങ്കുട്ട്യോൾക്ക് ആങ്കുട്ട്യോൾടെ പോലെ എങ്ങും പോകാൻ പാങ്ങില്ലേ??"
ചെയ്യാത്ത തെറ്റിന് ശിക്ഷ കിട്ടിയല്ലോ എന്ന സങ്കടമായിരുന്നു, മനസ്സ് നിറയെ.
കഥ ഇത്രയുമായപ്പോഴേക്കും അപ്പൂം അമ്മൂം എന്റെ മടിയിൽത്തന്നെ കിടന്ന് ഉറങ്ങാൻ തുടങ്ങിയിരുന്നു. രണ്ടു പേരേയും മടിയിൽ നിന്നും ഇറക്കിക്കിടത്തി, മുന്നിലെ മുറിയിലേക്ക് വന്നു. എല്ലാവരും ഉറങ്ങിയിരിക്കുന്നു.
ലൈറ്റെല്ലാം അണച്ച്, അച്ഛനിരിക്കുന്ന ചാരുകസേരയിൽ കണ്ണുമടച്ച് കുറച്ച് നേരം കിടന്നു. നല്ല തലവേദന!.
പിന്നിൽനിന്നും നെറ്റിയിൽ ഒരു തണുത്ത സ്പർശം പോലെ! നെറ്റിയിൽ ആരോ മൃദുമായി തലോടുന്ന പോലെ..! എണീക്കാൻ നോക്കി.
നേർത്ത ഒരു ശബ്ദം കേൾക്കുന്ന പോലെ...,
"എണീക്കണ്ട.., ഇത് ഞാനാ, ദേവൂട്ടി. അവിടെത്തന്നെ കിടന്നോളൂ. ഓർമ്മച്ചെപ്പിൽ നിന്നും മറ്റൊരു മിന്നാമിന്നി പറന്നകന്നോ...?
കഥേല് പല കാര്യങ്ങളും പറഞ്ഞില്ലല്ലോ...!
എന്തേ അങ്ങിങ്ങായി പലതും പറയാതിരുന്നേ...?"
ഞാനൊന്നും മിണ്ടാതെ കണ്ണുമടച്ച് കിടന്നു.
"ക്ക് അറിയാം ഈ മനസ്സ്.....,
എന്തിനാ ങ്ങ്നെ വിഷമിക്കണേ?
എത്ര നാളായി ഞാൻ കാത്തിരിക്കുണൂ.., എന്നാ ഈ ദേവൂട്ടീടെ കഥകൾ പറയാന്ന് നിരീച്ച്!
പറഞ്ഞ് തുടങ്ങിയപ്പോൾ സങ്കടായീ.... ല്ലേ? "
"സാരല്യ.., എല്ലാം, കുട്ടികളുമായി പങ്കുവെക്കു.., ആ മനസ്സിന്റെ ഭാരം ഒന്ന് പെയ്തൊഴിയട്ടേ....!
ഞാനില്ലേ കൂട്ടിനായി...! ഞാനെങ്ങനെ ഈ മനസ്സിനെ ഇട്ടേച്ച് പോകും..?
ഞാനിബ്ടൊക്കെത്തന്നേയുണ്ട്....,
ഒരു നിഴലായ്.., ഒരു നുറുങ്ങുവെട്ട മായ്.., ആ മനസ്സിന്റെ കരുത്തായ്".