Image

മുന്‍കൂറി: നീന പനയ്ക്കല്‍ വിവർത്തനം ചെയ്ത 'മൈ ചൈല്‍ഡ് ഈസ് ബാക്ക്' ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്നു 

Published on 03 April, 2024
മുന്‍കൂറി: നീന പനയ്ക്കല്‍ വിവർത്തനം ചെയ്ത 'മൈ ചൈല്‍ഡ് ഈസ് ബാക്ക്' ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്നു 

ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഓഫ് ഫിലാഡല്‍ഫിയായിലെ ഒരു കോര്‍ ലാബിലേക്ക് റിസേര്‍ച്ച് അസിസ്റ്റ്ന്റ്  തസ്തികയിലേക്ക് എന്നെ ഇന്റര്‍വ്യൂ ചെയ്ത് തെരഞ്ഞെടുത്തത് പതോളജി ലാബ് ഡയറക്ടറായ ഡോക്ടര്‍ ബ്രൂസ് പവേല്‍ ആയിരുന്നു. ഇടയ്ക്കിടെ അദ്ദേഹം  തന്റെ മെയിന്‍ ഓഫീസില്‍ നിന്നുമിറങ്ങി ഞങ്ങളുടെ ലാബ് സന്ദര്‍ശിക്കും.

അത്തരമൊരു സന്ദര്‍ശനവേളയില്‍ ഞാന്‍ കഥകളും നോവലുകളും എഴുതുമായിരുന്നു എന്ന് പറഞ്ഞപ്പോള്‍ നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു: എന്റെ മമ്മായും ഒരു പുസ്തകം എഴുതിയിട്ടുണ്ട്.'
ഇംഗ്ലീഷിലെഴുതിയതാണോ? എനിക്ക് വായിക്കാന്‍ ആഗ്രഹമുണ്ട്' ഞാന്‍ പറഞ്ഞു.

പിറ്റേന്നു തന്നെ അദ്ദേഹം എനിക്ക് പുസ്തകം കൊണ്ടുവന്ന് തന്നു.
'എപ്പോള്‍ തിരികെ വേണം?' ഞാന്‍ ചോദിച്ചു.
'നോ. യു ക്യാന്‍ ഹാവ് ഇറ്റ്.'
'താങ്ക്യൂ ഡോക്ടര്‍ പവേല്‍.'

ഉര്‍സുല പവേല്‍ എഴുതിയ ആ പുസ്തകത്തിന്റെ പേര് മൈ ചൈല്‍ഡ് ഈസ് ബാക്ക് ' എന്നായിരുന്നു (എന്റെ കുട്ടി തിരികെ വന്നു). ലഞ്ച് ടൈമില്‍ ഞാ്ന്‍ ആ പുസ്തകം തുറന്നു നോക്കി.

THE LIBRARY OF HOLOCAUST TESTIMONIES-MY CHILD IS BACK
അയ്യോ!! കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ എറിയപ്പെട്ട യുവതിയോ ഡോക്ടര്‍ പവേലിന്റെ മമ്മ? എന്റെ ഈശോയേ!!

കോണ്‍സന്‍ട്രേഷന്‍ ക്യാ്മ്പില്‍ നരകമനുഭവിച്ച പലരുടെയും ലേഖനങ്ങളും പുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. എങ്കിലും അതെഴുതിയ ഒരാളെ നേരിട്ടു കാണാന്‍ ഇടയായപ്പോള്‍ (ഡോ.പവേല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച്, ഒരു വേനല്‍ക്കാലത്ത് ലാബ് ജീവനക്കാര്‍ക്കു വേണ്ടി മാത്രം ഒരു പാര്‍ട്ടി നടത്തി. അവിടെ അദ്ദേഹത്തിന്റെ മമ്മയെ ഞാന്‍ കണ്ടു, ശാന്ത പ്രകൃതനായ ഡോക്ടര്‍ പവേലിന്റെ അതേ മുഖഛായയില്‍) എനിക്ക് സന്തോഷവും അത്ഭുതവും തോന്നി.

ജര്‍മ്മന്‍ ഭാഷയും, പേരുകളുടെ ഉച്ചാരണവും അറിയില്ലെങ്കിലും ആ പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ടായി. ഒപ്പം ഭയവും. ഞാന്‍ വീണ്ടും പുസ്തകമെടുത്ത് പലതവണ വായിച്ചു.

ഈ ഭാഷാന്തരം മിസ്സിസ് പവേലിനോടു ചെയ്യുന്ന ഒരു കടുംകൈ ആയിപ്പോയി എന്ന് വായനക്കാര്‍ക്ക് തോന്നാതിരുന്നാല്‍ ഞാന്‍ ജയിച്ചു. 2000-ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം 2002-ലും 2007-ലും 2008- ലും അച്ചടിച്ച് പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസാധകരോട്  പുസ്തകം മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്യാന്‍ അനുവാദം ചോദിച്ചപ്പോള്‍ അവര്‍ വളരെ സന്തോഷത്തോടെ സമ്മതിച്ചു എന്ന് ഡോക്ടര്‍ പവേല്‍ എനിക്കയച്ച ഈ -മെയിലില്‍ പറയുന്നു. ആദ്യമായാണ് അവരുടെ ഒരു പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നത് എന്നും അവര്‍ പറഞ്ഞത്രേ!

ഞാന്‍ വിവര്‍ത്തനം ആരംഭിക്കയാണ്. എന്റെ ശ്രമം അവിവേകം ആവില്ല എന്ന ആശയോടെ,
സ്‌നേഹം, നന്ദി ഡോക്ടര്‍ പവേല്‍

നീന പനയ്ക്കല്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.
------------------------
ഉര്‍സുലയുടെ അവതാരിക

വളരെക്കാലം മുന്‍പു മുതല്‍ക്കേ എന്റെ ആണ്‍മക്കള്‍ എന്റെ ആത്മകഥയെഴുതുവാന്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എന്റെ പഴയ കൂട്ടുകാരി ബുഷിയുടെ (ഹില്‍ഡ് ബുഷോഫ്) മരണം ആണ് എന്റെ കഥയെഴുതാനെന്നെ പ്രേരിപ്പിച്ചത്.

1948-ല്‍ എന്റെ വിമോചനത്തിനു ശേഷം ഞാന്‍ പടിഞ്ഞാറന്‍ ജര്‍മ്മനിയിലുള്ള എന്റെ ആന്റിയുടെ വീട്ടിലേക്കുള്ള യാത്രയില്‍ ആയിരിക്കുമ്പോള്‍ തന്നെ എന്റെ അനുഭവങ്ങളെക്കുറിച്ചുള്ള ചില കുറിപ്പുകള്‍ മെനയാന്‍ തുടങ്ങിയിരുന്നു. തീയതികളും മറ്റു വിശദാംശങ്ങളും ഉള്‍പ്പെടുത്തി വലുതാക്കിയ ആ കുറിപ്പുകള്‍ വീട്ടിലെത്തിയപ്പോള്‍ ആന്റി സമ്മാനിച്ച മനോഹരമായ നോട്ട്ബുക്കില്‍ കുറിച്ചു. ഇന്നും ഞാനത് നിധിപോലെ സൂക്ഷിക്കുന്നു. ആ കുറിപ്പുകള്‍ ഇല്ലായിരുന്നെങ്കില്‍ എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത സംഭവങ്ങളും അനുഭവങ്ങളും - വിശേഷിച്ചും കോണ്‍സെന്‍ട്രേഷന്‍ ക്യാംപില്‍ ആയിരുന്ന 1942 മുതല്‍ 1949 വരെയുള്ളവ - എനിക്ക് ഓര്‍ത്തെടുക്കാന്‍ സാധിക്കില്ലായിരുന്നു.

അങ്ങനെ ജര്‍മ്മനിയിലെ എന്റെ കുട്ടിക്കാലം മുതല്‍ അമേരിക്കയിലെ എന്റെ ആദ്യകാലങ്ങള്‍ വരെയുള്ള കഥകള്‍ ഞാന്‍ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കയാണ്. എന്റെ മക്കള്‍ ഡേവിഡിനും ബ്രൂസിനും വേണ്ടിയാണ് ഇതെഴുതുന്നത്. എന്നാല്‍ എന്റെ ഭര്‍ത്താവിന്റെ പ്രോത്സാഹനങ്ങളും വഴികാട്ടലുകളും വിമര്‍ശനങ്ങളും ഇല്ലായിരുന്നെങ്കില്‍ ഈ കഥയെഴുത്ത് ഫലസിദ്ധമാവുമായിരുന്നില്ല.

ഉര്‍സുല പാവ്വെല്‍

Join WhatsApp News
സുരേന്ദ്രൻ നായർ 2024-04-04 00:38:06
വിശ്വസാഹിത്യത്തിന്റെ വിഹായസ്സിലേക്കു മലയാളി വായനക്കാരെ ആനയിക്കാനുള്ള ഈ ഉദ്യമത്തിന് ആശംസകൾ 👏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക