Image

നമുക്കെങ്ങനെ പുറത്തു കടക്കാനാവും? (എന്റെ കുട്ടി തിരികെ വന്നു -ഉര്‍സൂല പവേല്‍ (വിവര്‍ത്തനം ഭാഗം-6: നീനാ പനയ്ക്കല്‍) അദ്ധ്യായം 6

Published on 13 May, 2024
നമുക്കെങ്ങനെ പുറത്തു കടക്കാനാവും? (എന്റെ കുട്ടി തിരികെ വന്നു -ഉര്‍സൂല പവേല്‍ (വിവര്‍ത്തനം ഭാഗം-6: നീനാ പനയ്ക്കല്‍)  അദ്ധ്യായം 6

നമുക്കെങ്ങനെ പുറത്തു കടക്കാനാവും?


1936 ആയപ്പോഴേക്കും യഹൂദരുടെ ഇടയില്‍ ഏറ്റവും അധികം ശുഭപ്രതീക്ഷയുമായി നടന്നവര്‍ പോലും മനസ്സിലാക്കി, തങ്ങള്‍ സ്വയം വിഡ്ഢികളാവുകയാണ് എന്ന സത്യം. യഹൂദരെ അറസ്റ്റുചെയ്തു കൊണ്ടുപോകുന്നതും, അവരെക്കുറിച്ച് പിന്നെ കേള്‍ക്കാനേയില്ലാതായതുമായ കഥകള്‍ എന്റെ മാതാപിതാക്കള്‍ തമ്മില്‍ സംസാരിക്കുന്നത് ഞാന്‍ കേട്ടു. അവരുടെ ശബ്ദം താഴ്ത്തിയ സംസാരത്തില്‍  ഭീതി നിറഞ്ഞിരുന്നു എങ്കിലും സ്ഥിതികള്‍ക്ക് ഇപ്പോഴുള്ളതിനേക്കാള്‍ മാറ്റം വരുമെന്ന് ഞാന്‍ വിചാരിച്ചതേയില്ല. എന്റെ മാതാപിതാക്കളുടെ കണക്കുകൂട്ടലുകളില്‍ എനിക്ക് അമിതമായ വിശ്വാസമുണ്ടായിരുന്നുതാനും. ഇതില്‍ നിന്ന് പുറത്തു ചാടാനൊരു വഴി അവര്‍ കണ്ടെത്തുമെന്നും ഞാനാശിച്ചു. യഹൂദരുടെ വസ്തുക്കള്‍, ബിസിനസ്സുകള്‍, ധനം, യഹൂദാ കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂഷനുകള്‍ ഇവയെല്ലാം നാസികള്‍ കൈവശമാക്കി. ഓരോ ദിവസവും ഞങ്ങള്‍ക്കെതിരായ പ്രഖ്യാപനങ്ങള്‍ പുറത്തു വന്നുകൊണ്ടേയിരുന്നു ഈ സമയത്ത് ജര്‍മ്മനിയില്‍ നിന്ന് പുറം രാജ്യത്തേക്ക് കുടിയേറിപ്പാര്‍ക്കാന്‍ എന്റെ മാതാപിതാക്കള്‍ തീരുമാനിച്ചു.
ലോകത്തിലെ പല രാജ്യങ്ങളെക്കുറിച്ചും അവര്‍ ചിന്തിച്ചു. കാലാവസ്ഥ, ഭാഷ, ജീവിതരീതി, സംസ്‌കാരം ഇവയുമായി എങ്ങനെ ഒത്തുപോകുമെന്നും രണ്ടു മക്കളുള്ള തങ്ങള്‍ക്ക് എങ്ങനെ ഒരു ജീവിതമാര്‍ഗ്ഗം കണ്ടെത്താനാവുമെന്നും അവര്‍ ആശങ്കപ്പെട്ടു. ഏതെങ്കിലും ഒരു രാജ്യത്തെക്കുറിച്ച് അവര്‍ ആവേശഭരിതരാവും, ആ രാജ്യത്തെക്കുറിച്ച് ധാരാളം  വായിക്കും, അറ്റ്‌ലസ്സില്‍ നോക്കും, ഭാഷ പഠിക്കാന്‍ ശ്രമിക്കും. അപ്പോഴാവും തങ്ങള്‍ക്ക് ആ രാജ്യത്തേക്ക് കുടിയേറാന്‍ അര്‍ഹത (പര്യാപ്തത)യില്ലെന്ന് മനസ്സിലാവുക. ചില രാജ്യങ്ങള്‍ കൃഷിക്കാര്‍ക്കും മെക്കാനിക്കുകള്‍ക്കും വിസ കൊടുക്കും. പക്ഷെ ബിസിനസ്സുകാര്‍ക്ക് ഇല്ല. മറ്റു ചില രാജ്യങ്ങള്‍ എന്റെ മാതാപിതാക്കള്‍ക്ക് കൊടുക്കാന്‍ സാധിക്കുന്നതിനേക്കാള്‍ വലിയ ആസ്തികള്‍ ആവശ്യപ്പെടും. ചില രാജ്യങ്ങള്‍ അവിവാഹിതരായ ചെറുപ്പക്കാര്‍ക്കു മാത്രമേ വിസ കൊടുക്കൂ. എന്റെ മാതാപിതാക്കളുടെ ആകാശക്കോട്ടകള്‍ ഉയരും, പെട്ടെന്ന് വീണു തകരാനായി മാത്രം.
ഉഷ്ണമേഖലാ പ്രദേശങ്ങളുമായി ഒത്തുപോകുവാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല എന്നവര്‍ക്ക് തീര്‍ച്ചയായപ്പോള്‍ ഭൂലോകത്തിലെ മറ്റു രാജ്യങ്ങളിലേക്ക് ഞങ്ങളുടെ ശ്രദ്ധ തിരിഞ്ഞു. അങ്ങനെ രാത്രികാലങ്ങളില്‍ ഞങ്ങള്‍ക്ക് ഉറക്കമില്ലാതായി.
അമേരിക്കയിലേക്ക് കുടിയേറുന്നത് എങ്ങനെ എന്ന് അന്വേഷിച്ചറിഞ്ഞശേഷം പപ്പാ ഷിക്കാഗോയിലെ ഒരു അകന്ന ബന്ധുവിന് എഴുതി - മിസ്റ്റര്‍ മോറിസ് ബൈഫസ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര് - ഞങ്ങള്‍ക്ക് ഒരു അഫിഡവിറ്റ് (സത്യവാങ്മൂലം) തരണമെന്ന് അപേക്ഷിച്ചു. അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ ബന്ധുവായ ഒരു അമേരിക്കന്‍ പൗരനില്‍ നിന്നും സത്യവാങ്മൂലം വാങ്ങണം. ആരെയാണോ അവര്‍ അമേരിക്കയിലേക്ക് കൊണ്ടുവരുന്നത്, അവരുടെ ധനപരമായ എല്ലാ ആവശ്യങ്ങളുടെയും ഉത്തരവാദിത്തം തങ്ങള്‍ ഏറ്റുകൊള്ളാമെന്നും, ഗവണ്മെന്റിന് അവര്‍ ഭാരമാവില്ലെന്നും സത്യവാങ്മൂലത്തില്‍ കാണിക്കണം. മാത്രമല്ല, ഈ അഫിഡവിറ്റ് കൊടുക്കുമ്പോള്‍ അതിനാധാരമായ ബാങ്ക്ബാലന്‍സുകളും വരുമാനവും അതിലുണ്ടാവണം. ഈ അഫിഡവിറ്റ് കിട്ടിക്കഴിഞ്ഞ് അമേരിക്കന്‍ കൗണ്‍സിലേറ്റ് അപേക്ഷകന് ഒരു നമ്പര്‍ കൊടുക്കും 1936/37-ല്‍ ഈ നമ്പര്‍ കിട്ടാന്‍ ഒന്നുമുതല്‍ രണ്ടുവര്‍ഷം വരെ കാലതാമസമുണ്ടായിരുന്നു. അതിനുശേഷം ഇന്റര്‍വ്യൂ. ഇന്റര്‍വ്യൂ കഴിഞ്ഞാല്‍ യു.എസ്.എ.യിലേക്ക് ഒരു കുടിയേറ്റ വിസയ്ക്ക് കാത്തിരിക്കാം.
മിസ്റ്റര്‍ ബൈഫസ് ധനവാനായിരുന്നു. അദ്ദേഹത്തിന്റെ സ്വന്തക്കാരില്‍ നിന്ന് സത്യവാങ്മൂലത്തിനായി അപേക്ഷിച്ചവര്‍ അനവധിയായിരുന്നു. എന്നിട്ടും മിസ്റ്റര്‍ ബൈഫസ് ഞങ്ങള്‍ക്ക് സത്യവാങ്മൂലം തന്നു. അമേരിക്കന്‍ കൗണ്‍സിലേറ്റില്‍ നിന്നും ഒരു നമ്പര്‍ എന്റെ മാതാപിതാക്കള്‍ക്ക് ലഭിച്ചു. വളരെക്കാലം കാത്തിരുന്നശേഷം ഇന്റര്‍വ്യൂവിന് കൗണ്‍സിലറുടെ മുന്നില്‍ ഹാജരാകാന്‍ വിളിക്കപ്പെട്ടു. ഇന്റര്‍വ്യൂ നടത്തിയ കൗണ്‍സിലര്‍, ബൈഫസ് ഫാമിലി നിരവധി പേര്‍ക്ക് സത്യവാങ്മൂലം നല്‍കിയിരുന്നതിനാല്‍, വേറെ ആളുകളില്‍ നിന്നു കൂടി സത്യവാങ്മൂലങ്ങള്‍ വാങ്ങാന്‍ നിര്‍ദ്ദേശിച്ച് ഞങ്ങളെ തരിച്ചയച്ചു. അതിനര്‍ത്ഥം ഞങ്ങള്‍ എല്ലാം പുനരാരംഭിക്കണം എന്നാണല്ലോ.
1938 ആയി. സാന്‍ അന്റോണിയോ, ടെക്‌സാസില്‍ താമസിക്കുന്ന മറ്റൊരു സ്വന്തക്കാരന് പപ്പാ എഴുതി, ഒരു സപ്ലിമെന്റല്‍ അഫിഡവിറ്റിനു വേണ്ടി. ഫലമുണ്ടായില്ല. നാസികള്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പ് അവര്‍ ജര്‍മ്മനിയില്‍ ഞങ്ങളെ സന്ദര്‍ശിച്ചിരുന്നു. അയാള്‍ ഒരു മദ്യപാനിയായിരുന്നു. കൂട്ടത്തില്‍ ചേരാത്തതുകൊണ്ട് അയാള്‍ പപ്പായെ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഉപേക്ഷിച്ചിരുന്നു എന്നു വേണം കരുതാന്‍.
1936- ല്‍ ഡ്യൂസല്‍ഡോര്‍ഫില്‍ എത്തിയ ശേഷം ഞാനും സഹോദരനും ഒരു പ്രൈവറ്റ് സ്‌കൂളില്‍ ചേര്‍ന്നിരുന്നു. ഉന്നത സല്‍പ്പേരുള്ള സ്‌കൂളായിരുന്നു അത്. ഡോര്‍ട്ട്മണ്ടിലെ സ്‌കൂളിനേക്കാള്‍ വളരെ കാര്യക്ഷമതയും സാമര്‍ത്ഥ്യവും ആവശ്യപ്പെടുന്ന സ്‌കൂള്‍. എന്നാല്‍ എന്റെ ഹീബ്രു പഠിത്തത്തില്‍ ഞാന്‍ തീരെ തല്പരയായിരുന്നില്ല. പപ്പായ്ക്ക് താല്പര്യം ഞങ്ങള്‍ ഇംഗ്ലീഷും സ്പാനിഷും പഠിക്കുന്നതിലായിരുന്നു. എനിക്ക് ആ സ്‌കൂള്‍ വളരെ ഇഷ്ടമായിരുന്നു, ധാരാളം കൂട്ടുകാരുമുണ്ടായിരുന്നു. താല്പര്യമുള്ള വിഷയങ്ങള്‍ ഞാന്‍ നന്നായി പഠിച്ച് മാര്‍ക്ക് വാങ്ങിക്കൂട്ടിയിരുന്നു.
എന്റെ പപ്പായുടെ കസിന്‍ കാള്‍കോഹന്‍ പല ഭാഷകള്‍ സംസാരിക്കാന്‍ കഴിവുള്ള ആളായിരുന്നു. ആഴ്ചകളില്‍ പല ദിവസം അദ്ദേഹം എനിക്ക് ഇംഗ്ലീഷിനും സ്പാനിഷിനും ട്യൂഷന്‍ തന്നു. ഫ്രഡറിച്ച് ട്രാസേയില്‍ എന്റെ ഗ്രാന്‍ഡ്മാ ലെന്നിബര്‍ഗിന്റെ വീടിനടുത്ത് ഒരു വലിയ ഹാര്‍ഡ്‌വെയര്‍ സ്റ്റോര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. കടയുടെ മുകളില്‍ ഒരു വലിയ അപ്പാര്‍ട്ട്‌മെന്റിലാണ് കോഹന്‍ കുടുംബം താമസിച്ചിരുന്നത്. അങ്കിള്‍ കാളിന്റെ പിതാവ്, ജപ്പ്‌കോഹന്‍ - അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു പോയിരുന്നു - എന്റെ ഗ്രാന്‍ഡ്മായുടെ കസിന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ മൂന്നു മക്കളും - ആല്‍ഫ്രഡ്, പോള്‍, കാള്‍ - കൂടിയാണ് ഹാര്‍ഡ്‌വെയര്‍ സ്റ്റോര്‍ നോക്കി നടത്തിയിരുന്നത്. മറ്റൊരു മകന്‍ സീഗ്ഫ്രീഡ് ഒരു വിജാതീയ സ്ത്രീയെ ആണ് വിവാഹം കഴിച്ചിരുന്നത്. അവരുടെ പേര് ഹില്‍ഡി എന്നായിരുന്നു. മിസിസ് ഫ്രാന്‍ങ്കന്‍ ബര്‍ഗ് എന്നൊരു സ്ത്രീയായിരുന്നു അവരുടെ ഹൗസ് കീപ്പര്‍. വളരെക്കാലം അവര്‍ അവിടെ ജോലി ചെയ്തതു കാരണം ആ വീട്ടിലെ അംഗത്തെപ്പോലെയാണ് അവരെ എല്ലാവരും കരുതിയിരുന്നത്. ആ വീട്ടിലാണ് ഞാന്‍ പോയി ഇംഗ്ലീഷും സ്പാനിഷും പഠിച്ചതും മിസിസ് ഫ്രാന്‍ങ്കന്‍ ബര്‍ഗിന്റെ കുക്കികള്‍ ആസ്വദിച്ചതും.
അങ്കിള്‍ കാളിനെ ഞാന്‍ ആരാധിച്ചിരുന്നു. എക്‌സലന്റ് ടീച്ചര്‍ ആയിരുന്ന അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ പ്രതീക്ഷയോടെ കാത്തിരുന്നു. ഒരു പുതിയ ഭാഷ പഠിക്കുന്നത് വെല്ലുവിളിയാണ്, രസമുള്ള കാര്യമാണ്. അമേരിക്കയില്‍ പോകാമെന്ന പ്രതീക്ഷ ഇംഗ്ലീഷ് നന്നായി പഠിക്കാന്‍ എന്നെ പ്രേരിതയാക്കി.
കോഹന്‍ ബോയ്‌സ് എന്നറിയപ്പെട്ടിരുന്ന മൂന്നു സഹോദരന്മാരും വിവാഹിതരായിരുന്നില്ല. അവര്‍ക്ക് യഹൂദരല്ലാത്ത സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. അങ്കിള്‍ കാള്‍ ഒരു വിയന്നക്കാരി സ്ത്രീയെ വര്‍ഷങ്ങളായി സഹായിച്ചിരുന്നു. റൈന്‍ നദീതീരത്തുള്ള ഒരു ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റിലാണവര്‍ താമസിച്ചിരുന്നത്. ഒരിക്കലും യൂഹദവംശത്തിലല്ലാത്ത സ്ത്രീകളെ വിവാഹം കഴിക്കാന്‍ താന്‍ അനുവദിക്കില്ലെന്നും, അങ്ങനെ ചെയ്താല്‍ തന്റെ സമ്പത്തില്‍ നിന്നും ഒന്നും കൊടുക്കില്ലെന്നും ജപ്പ് കോഹന്‍ മക്കളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടായിരുന്നു. സീഗ്‌ഫെഡിന്റെ വിവാഹത്തെയും അദ്ദേഹം അംഗീകരിച്ചില്ല. ഹില്‍ഡിയെ അദ്ദേഹം വെറുത്തു. അവരുടെ ബിസിനസ്സില്‍ സീഗ്ഫ്രീഡിനെ ഉള്‍പ്പെടുത്തിയുമില്ല.
1935-ലെ edicts Nuremberg യഹൂദന് ജാതി(യഹൂദരല്ലാത്തവര്‍)കളുമായുള്ള ബന്ധത്തെ നിഷേധിച്ചിരുന്നു. ഇത് കോഹന്‍ ഫാമിലിയെ വല്ലാതെ ബാധിച്ചു.  പോള്‍ കോഹനും അങ്ങേരുടെ ഭാവി വധുവും ഹോളണ്ടിലേക്ക് ഓടിപ്പോയി. അവിടെ വച്ച് പോള്‍ കോഹന്‍ ക്രിസ്തുമതം സ്വീകരിച്ചു. അവര്‍ വിവാഹിതരാവുകയും മാസ്ട്രിച്ചില്‍ ജീവിതം തുടരുകയും ചെയ്തു. അങ്കിള്‍ കാളിന്റെ കൂട്ടുകാരി, ഗസ്റ്റപ്പോ അവരുടെ വീട്ടില്‍ നിരന്തരം കയറിയിറങ്ങാന്‍ തുടങ്ങിയതോടെ ജര്‍മ്മനിയില്‍ നിന്ന് വിയന്നയിലേക്ക് താമസം മാറ്റി. അവരോടൊപ്പം പോകുവാനും കൂടെ താമസിക്കാനും അങ്കിള്‍ കാളിന് സാധിച്ചില്ല. അത്രമാത്രം അപകടം പിടിച്ചതായിരുന്നു ലറശരെേ ചൗൃലായലൃഴ. അങ്കിള്‍ കാള്‍കോഹനും, ആല്‍ഫ്രഡും അവരുടെ പിതാവ് ജപ്പ്‌കോഹനും അവരുടെ ഹൗസ്‌കീപ്പറും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ക്കിടന്ന് മരിച്ചു. സീഗ്ഫ്രീഡ് കോഹനും, അയാളുടെ ക്രിസ്തുമതക്കാരി ഭാര്യ ഹില്‍ഡിയും നാസിപീഠനങ്ങളില്‍ നിന്നും രക്ഷപ്പെട്ടു.
എന്റെ മാതാപിതാക്കള്‍ സീഗ്ഫ്രീഡിന്റെയും ഹില്‍ഡിയുടെയും നല്ല കൂട്ടുകാരായിരുന്നു. സൗത്ത് അമേരിക്കയിലേക്ക് കുടിയേറാന്‍ ഇരുകൂട്ടരും തീരുമാനിച്ചുറപ്പിച്ചു. അവസാനത്തെ പ്രതീക്ഷയായിരുന്നു സൗത്ത് അമേരിക്ക. അവര്‍ എല്ലാ ദിവസവും സന്ധ്യക്ക് ഞങ്ങളുടെ വീട്ടില്‍ വരും, തങ്ങളുടെ പ്ലാനുകളുടെ അന്തിമ തീരുമാനത്തിലെത്താന്‍. മാപ്പ് കള്‍ തറയില്‍ നിരത്തിയിടും, സൗത്ത് അമേരിക്കയെക്കുറിച്ച് വായിക്കും, കാര്യങ്ങള്‍ സംസാരിച്ചുറപ്പിക്കാന്‍ തീരുമാനിക്കും. ചിലപ്പോള്‍ വല്ലാതെ തര്‍ക്കിക്കുകയും ചെയ്യും. സത്യസന്ധനല്ലാത്ത ഒരുത്തനായിരുന്നു അവരുടെ ഏജന്റ്. അയാള്‍ പറ്റിച്ചു. (ഞാന്‍ ആ ചെറുപ്പക്കാരനെ നന്നായി ഓര്‍ക്കുന്നു. അയാള്‍ സൗത്ത് അമേരിക്കന്‍ ഏജന്റാണെന്ന് സ്വയം പരിചയപ്പെടുത്തി. അവരെ കുടിയേറാന്‍ സഹായിക്കുമെന്ന് വാഗ്ദാനം നല്‍കി, പണം വാങ്ങി.) ധാരാളം പേരെ അയാള്‍ പറ്റിച്ചു എന്നു ഞങ്ങള്‍ മനസ്സിലാക്കി. ഉയര്‍ന്ന ആശകളും പേറി കുടിയേറാന്‍ പോകുന്ന രാജ്യങ്ങളെക്കുറിച്ച് പഠിച്ചും, ഭാഷ പഠിച്ചും ഒടുവില്‍ നിരാശരാവുന്നത് ഞങ്ങളുടെ ജീവിതത്തില്‍ ഒരു പാറ്റേണായി തീര്‍ന്നു. ഒരു രാജ്യം കണ്ടുപിടിക്കുക, കാലാവസ്ഥയെക്കുറിച്ച് പഠിക്കുക, ഭാഷ പഠിക്കുക ഒടുവില്‍ എല്ലാ ശ്രമങ്ങളും വിഫലമാവുക, ആശകള്‍ തകര്‍ന്നു നിലം പതിക്കുക, അങ്ങനെ ജര്‍മ്മനിയില്‍ കുടുങ്ങുക!!
താമസിച്ചുപോയി 
ഒരുപാട് താമസിച്ചുപോയി.
ഞാന്‍ കൂട്ടുകാരെ സമ്പാദിച്ചു. ചെറുപ്പത്തിലേ രാഷ്ട്രീയകാര്യങ്ങളെക്കുറിച്ച് ബോധവതിയായി. മതപീഢനങ്ങള്‍ ഓരോ ദിവസവും ഞങ്ങളെ ബാധിച്ചുകൊണ്ടിരുന്നു. ഞാന്‍ ഒരു ജ്യൂയിഷ് ഗ്രൂപ്പില്‍ ചേര്‍ന്ന് ദകഛചകടഠ ആയി. പാലസ്തീനില്‍ യഹൂദര്‍ക്ക് ദേശീയ അവകാശങ്ങളും ഭൂപ്രദേശവും നേടിക്കൊടുത്ത പ്രസ്ഥാനമാണല്ലോ ദകഛചകടങ. ഞങ്ങളുടെ ഗ്രൂപ്പിലുള്ളവര്‍ യഹൂദകുടുംബങ്ങള്‍ സന്ദര്‍ശിച്ച് അവരോട് പാലസ്തീനില്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കാന്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. യോംകിപ്പൂര്‍ എന്ന വിശേഷദിവസത്തില്‍ ഞാന്‍ ഉപവസിച്ചു. എന്റെ ചില കൂട്ടുകാര്‍ ഉപവസിക്കുന്നതായി മാതാപിതാക്കളുടെ മുന്നില്‍ അഭിനയിക്കുകയും അവര്‍ നോട്ടം മാറ്റുമ്പോള്‍ ആഹാരം കഴിക്കുകയും ചെയ്തു. എനിക്ക് തീര്‍ച്ചയുണ്ട് എന്റെ മാതാപിതാക്കള്‍ എന്റെ ഉപവാസങ്ങളെക്കുറിച്ച് വിഹ്വലരായിരുന്നു എന്ന്.
ഞാനൊരു വലിയ വായനക്കാരിയുമായി. കാള്‍മേ എന്നു പേരുള്ള ഒരു എഴുത്തുകാരന്‍ അമേരിക്കന്‍ വെസ്റ്റിലെ കൗബോയ്‌സിന്റേയും ഇന്‍ഡ്യന്‍സിന്റേയും നോവലുകള്‍ എഴുതിയിരുന്നു. അമേരിക്കയെക്കുറിച്ച് ആകര്‍ഷകമായ നോവലുകള്‍ മനോഹരമായ ഭാഷയില്‍ എഴുതിയ ആ നോവലിസ്റ്റ് ജര്‍മ്മനി വിട്ട് ഒരിക്കലും പുറത്തുപോയിട്ടില്ല എന്നതാണത്ഭുതം. എന്നെപ്പോലെ അനേകം പേര്‍ അയാളുടെ ആരാധകരായിരുന്നു.
1937-ല്‍ സ്‌കൂളുകളില്‍ നിയമങ്ങള്‍ കര്‍ശനമാക്കി. ഞങ്ങളുടെ പ്രൈവറ്റ് സ്‌കൂളില്‍ പ്രഗത്ഭരായ ടീച്ചര്‍മാരാണ് ഉണ്ടായിരുന്നത്. ക്രമേണ നല്ല ടീച്ചര്‍മാരെ ഞങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ തുടങ്ങി. അവര്‍ പ്രാണരക്ഷാര്‍ത്ഥം മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയതായിരുന്നു കാരണം. അവര്‍ക്ക് പകരം വന്ന അദ്ധ്യാപകര്‍ പഠിപ്പിക്കുന്നതില്‍ ആവേശമുള്ളവര്‍ ആയിരുന്നില്ല. ചില ടീച്ചര്‍മാര്‍ക്ക് ക്ലാസ്സില്‍ ഡിസിപ്ലിന്‍ പാലിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. മിസ്റ്റര്‍ ഇമ്മാനുവല്‍ എന്നു പേരുള്ള ഒരു ടീച്ചര്‍ പുതുതായി വന്നു. ആദ്യ ദിവസം തന്നെ അയാള്‍ക്ക് ഞങ്ങളെ നഷ്ടമായി. ഓര്‍ഡര്‍, ഡിസിപ്ലിന്‍ ആന്‍ഡ് മാനേഴ്‌സ് മസ്റ്റ് പ്രിവെയില്‍ ഇന്‍ മൈ ക്ലാസ്സ്. അങ്ങേര്‍ അലറി പ്രഖ്യാപിച്ചു. ആരോ അങ്ങേര്‍ക്ക് ആന്റി എമ്മ എന്ന ഇരട്ടപ്പേരിട്ടു. എന്താണു കാരണമെന്നറിയില്ല, അങ്ങേര്‍ക്ക് ആ പേര് സ്ഥിരമായി.
ഞങ്ങളുടെ സ്‌കൂള്‍ ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. ഞങ്ങളെ നയിക്കുന്ന സ്ഥാപനമായിരുന്നു അത്. ഞങ്ങള്‍ക്ക് സുരക്ഷിതത്തം നല്‍കിയിരുന്ന, സന്തോഷമായിട്ട് ഇരിക്കാനുള്ള ഒരു സ്ഥലം.
യഹൂദ സമൂഹത്തിലാകെ സ്തംഭനമായി. പുതിയ നിയന്ത്രണങ്ങളും ഓര്‍ഡറുകളും ഓരോ ദിവസവും നാസി ഭരണകൂടം പുറത്തിറക്കി. യഹൂദര്‍ ഒരുമിച്ചു കൂടുന്നിടത്തെല്ലാം സംഭാഷണം അതേക്കുറിച്ചായി 'എങ്ങനെ നമുക്ക് ഈ രാജ്യത്തുനിന്ന് പുറത്തു കടക്കാം?' ഓരോ ദിവസവും കഠിനമായ വ്യഥയ്ക്കു കാരണം ഉണ്ടായിക്കൊണ്ടിരുന്നു. അതിനോടൊപ്പം ഭീതിപ്പെടുത്തുന്ന മറ്റൊരു കാര്യം കൂടി അറിയാന്‍ കഴിഞ്ഞു. ജര്‍മ്മനി ഒരു യുദ്ധത്തിന് തയ്യാറാവുകയാണ്. 1930 കളുടെ അവസാനമായപ്പോഴേക്കും മിക്കവരും ഞങ്ങളെപ്പോലെ പ്രവേശനപഥമുള്‍പ്പടെ സകലവും നഷ്ടപ്പെട്ടവരായി. എന്നിട്ടും ഞങ്ങള്‍ക്ക് രക്ഷപ്പെടാന്‍ ഞങ്ങളെ സ്വീകരിക്കാന്‍ ഒരു രാജ്യമുണ്ടാവുമെന്ന് ആശക്കുമേല്‍ ആശിച്ചു. രാവും പകലുമില്ലാതെ എന്റെ പപ്പാ അതിനുവേണ്ടി യത്‌നിച്ചു കൊണ്ടേയിരുന്നു. ഹോളണ്ടിലേക്കും ബല്‍ജിയത്തിലേക്കും യാത്രചെയ്തു ഒരു ഫലവുമുണ്ടായില്ല. (തിരികെ വരുമ്പോള്‍ ഡച്ച് ബട്ടറും ബല്‍ജിയം ചോക്കളേറ്റും കൊണ്ടുവരുമായിരുന്നു.)
1933-ല്‍ എന്റെ മാതാപിതാക്കളും അവരുടെ കൂട്ടുകാരും വിശ്വസിച്ചത് ഹിറ്റ്‌ലര്‍ അധികകാലം അധികാരത്തിലിരിക്കില്ല എന്നാണ്. ജര്‍മ്മന്‍കാര്‍ അതൊരിക്കലും സമ്മതിക്കില്ല എന്ന്!! 1938    വരെ ഒരു അത്ഭുതം നടക്കുമെന്ന് ഞാനാശിച്ചു. അപ്പോഴേക്കും ക്രിസ്റ്റാള്‍നാച്ട്  സംഭവിച്ചു. എണ്ണമില്ലാത്ത ജര്‍മ്മന്‍കാര്‍ നോക്കി നില്‌ക്കെ. നാസികള്‍ യഹൂദാ ബിസിനസ്സുകളും വീടുകളും തല്ലിപ്പൊട്ടിച്ച് നശിപ്പിച്ചു. അതുകണ്ട് അവര്‍ കൈയടിച്ച് സന്തോഷിച്ചു. ഞങ്ങളുടെ സ്‌കൂളും സിനഗോഗും തീവച്ച് നശിപ്പിച്ചു. യഹൂദാ പുരുഷന്മാരെ അടിച്ചവശരാക്കുകയും അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടുകയും ചെയ്തു. (പപ്പാ ഒളിവിലായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ചില കൂട്ടുകാരെ ജര്‍മ്മന്‍കാര്‍ മര്‍ദ്ദിച്ച് അവശരാക്കി. നാസികള്‍ക്ക് തങ്ങളെ എത്രത്തോളം നശിപ്പിക്കാനാവുമെന്ന് യഹൂദര്‍ മനസ്സിലാക്കുകയും ജര്‍മ്മനി വിടാന്‍ തീരുമാനിക്കയുമായിരുന്നു.)
ഞങ്ങളുടെ സ്‌കൂള്‍ ഇല്ലാതായതോടെ എന്റെ ഒന്‍പതു വയസ്സുകാരന്‍ സഹോദരനെ ഡ്യൂയിസ്ബര്‍ഗില്‍  ഉള്ള ഒരു പ്രൈവറ്റ് സ്‌കൂളില്‍ ചേര്‍ത്തു. അവന് ട്രെയിനില്‍ ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ടായിരുന്നു സ്‌കൂളിലെത്താന്‍. ഞങ്ങളുടെ രണ്ടു ടീച്ചര്‍മാര്‍, മിസ്റ്റര്‍ കര്‍ട്ട് സ്‌കൂക്കും അദ്ദേഹത്തിന്റെ ഭാര്യയും ഡ്യൂസല്‍ഡോര്‍ഫില്‍ ഉണ്ടായിരുന്നു. അവര്‍ രണ്ടുപേരും കൂടി മുതിര്‍ന്ന കുട്ടികള്‍ക്കു വേണ്ടി ഡ്യൂസല്‍ഡോര്‍ഫിലെ ഒരു വലിയ തുണിയലക്കല്‍ കേന്ദ്രത്തിന്റെ പരിസരത്ത് ക്ലാസ്സുകള്‍ നടത്തി. ഇല്ലിസ്ബര്‍ഗ് ഫാമിലിയുടെതായിരുന്നു ഈ തുണിയലക്ക് കെട്ടിടങ്ങള്‍. ഈ തുണിയലക്ക് കെട്ടിടത്തിന്റെ ചുറ്റുപാടിലും ഞങ്ങള്‍ സോക്കര്‍ കളിച്ചു, ജിംനേഷ്യമായി ഉപയോഗിച്ചു, പ്ലേ ഗ്രൗണ്ടുമാക്കി. എന്റെ മാതാപിതാക്കളും ടീച്ചര്‍മാരും, ഞങ്ങള്‍ക്ക് ഒരു സ്‌കൂളിന്റെ അന്തരീക്ഷവും വിദ്യാഭ്യാസത്തോടൊപ്പം സാധാരണ ജീവിതവും നല്‍കാന്‍ ആവതു ശ്രമിച്ചുകൊണ്ടിരുന്നു.
വലിയ കൂട്ടം ആളുകള്‍ 'ഹിറ്റ്‌ലര്‍ സല്യൂട്ട്' ചെയ്ത്, ഹെയില്‍ ഹിറ്റ്‌ലര്‍ എന്ന് ആക്രോശിക്കുന്നത് റേഡിയോയില്‍ കേള്‍ക്കുക മാത്രമല്ല കണ്ണുകള്‍ കൊണ്ട് ഞങ്ങള്‍ കാണുകയും ചെയ്തു. ചെറുപ്പക്കാരും വയസ്സരും വരെ ലോകത്തെ കൈക്കുള്ളിലാക്കാന്‍ തയ്യാറായി നിന്നു. എന്നാല്‍ ഞങ്ങള്‍ക്കൊരു സ്ഥാനമില്ലായിരുന്നു ആ ലോകത്തില്‍. 
യഹൂദനു പ്രവേശനമില്ല എന്ന അറിയിപ്പ് ഇപ്പോള്‍ എല്ലായിടത്തും പതിച്ചിട്ടുണ്ട്. കടകളുടെ ജനാലക്കലും തിയേറ്ററുകളുടെ മുന്നിലും കഫേകളുടെ മുന്നിലും ലൈബ്രറി, മ്യൂസിയം, സ്വിമ്മിംഗ്പൂള്‍ എന്നിവയുടെ മുന്നിലും അറിയിപ്പുകള്‍ തലയുയര്‍ത്തി നിന്നു. പ്രസിദ്ധനായ അമേരിക്കന്‍ മൗസ് ഞങ്ങളെ വളരെ ആകര്‍ഷിക്കുകയും അതിശയിപ്പിക്കുകയും ചെയ്തിരുന്നു എങ്കിലും മിക്കിയെ ഒന്നു കാണണമെങ്കില്‍ ദൂരെ നിന്ന് തിയേറ്ററുകളുടെ മുന്നിലെ വലിയ കണ്ണാടി ജനാലകളില്‍ പതിച്ചിരിക്കുന്ന പടങ്ങളില്‍ നോക്കി നില്‍ക്കയേ സാധ്യമായിരുന്നുള്ളു.
സ്റ്റേറ്റിന്റെ സ്‌കൂളുകള്‍, ഹൈസ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവയില്‍ നിന്ന് യഹൂദനെ പുറത്താക്കി. അതു കഴിഞ്ഞ് ഒരു പുതിയ നിയമം വന്നു, എല്ലാ യഹൂദരും പോലീസ് സ്റ്റേഷനില്‍ ചെന്ന് പുതിയ ഐഡന്റിറ്റി സ്വീകരിക്കണമെന്ന്. മഞ്ഞ നിറത്തിലുള്ള തുണിയില്‍ കറുത്ത ദാവീദിന്റെ നക്ഷത്രചിഹ്നവും താഴെ യഹൂദന്‍ എന്ന് പ്രിന്റ് ചെയ്തതും ആയിരുന്നു പുതിയ ഐഡന്റിറ്റി. ഈ ദാവീദിന്റെ നക്ഷത്രചിഹ്നം എല്ലാ യഹൂദരുടെയും പുറവസ്ത്രങ്ങളില്‍ തുന്നിച്ചേര്‍ത്തിരിക്കണമെന്നും സ്വന്തവീടുകളില്‍ നിന്ന് പുറത്തിറങ്ങുമ്പോഴെല്ലാം എല്ലാവര്‍ക്കും കാണത്തക്കവിധം ആ പുറവസ്ത്രം ധരിക്കണമെന്നും നിയമം വന്നു.
പുരുഷന്മാര്‍ തങ്ങളുടെ പേരുകള്‍ക്ക് നടുവില്‍ ഇസ്രായേല്‍ എന്നും,  സ്ത്രീകള്‍ അവരുടെ പേരുകളുടെ മധ്യത്തില്‍ സാറ എന്നും  ചേര്‍ക്കണമായിരുന്നു. അങ്ങനെ ഞങ്ങള്‍ പരസ്യമായി മുദ്രയിട്ടവരായി.
എനിക്ക് ദാവീദിന്റെ സ്റ്റാര്‍ ധരിക്കുന്നതില്‍ അപകര്‍ഷം തോന്നിയില്ല. മറിച്ച് അഭിമാനമായിരുന്നു. പക്ഷെ ഏതെങ്കിലും സ്റ്റോറില്‍ ചെന്നാല്‍ എനിക്ക് സാധനങ്ങള്‍ വില്ക്കാതിരിക്കുമോ എന്ന പേടിയുണ്ടായിരുന്നു. ചിലപ്പോള്‍ അസഭ്യങ്ങള്‍ പറഞ്ഞേക്കാം, എന്നെ അടിച്ചു പതം വരുത്തിയേക്കാം.
തണുപ്പുകാലത്ത് ഞാന്‍ പുലരുമ്പോള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങും. ഈവനിംഗ് കര്‍ഫ്യൂ തുടങ്ങുന്നതിനു മുന്‍പ് വീട്ടില്‍ വരും. കെട്ടിടങ്ങളോട് വളരെ ചേര്‍ന്നാണ് നടന്നിരുന്നത്, കടന്നു പോകുന്നവരുടെ വെറുപ്പുള്ള നോട്ടങ്ങളില്‍ നിന്ന് എന്നെത്തന്നെ രക്ഷിക്കാന്‍. എങ്കിലും ആ നോട്ടങ്ങള്‍ എന്നെ പിന്‍തുടരും.
ഒരു ഉച്ചസമയത്ത് ഒരു കൂട്ടം യൂണിഫോറമിട്ട 'ഹിറ്റ്‌ലര്‍ യൂത്തു'കളുടെ മുന്‍പില്‍ ഞാന്‍ ചെന്നുപെട്ടു. അവര്‍ എന്നെ അസഭ്യം വിളിച്ചുപറഞ്ഞ് അധിക്ഷേപിച്ചു. ഇവിടെ പറയാന്‍ കൊള്ളാവുന്ന ചില പേരുകള്‍ പറയട്ടെ. Jew Isac, Pointy Shnozz, Angular eyes, Filthy Ass.
ഞങ്ങള്‍ക്ക് യാത്രാസാധ്യതകള്‍ വിരളമായി. പിന്നെ അത് പൂര്‍ണ്ണമായി നിഷേധിക്കപ്പെട്ടു. ആരെങ്കിലും നിയമം അനുസരിച്ചില്ലെങ്കില്‍ അവരെ കഠിനമായി ശിക്ഷിക്കാന്‍ ഗസ്റ്റപ്പോക്ക് അധികാരം നല്‍കി. ഒപ്പം അറസ്റ്റും ജയില്‍ ശിക്ഷയും. എങ്കിലും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ ഞങ്ങളുടെ പദാവലിയില്‍ ഉണ്ടായിരുന്നതുപോലുമില്ല.

Read : https://emalayalee.com/writer/24 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക