Image

ഹാല്‍സ്‌കിട്രാസേ - എന്റെ കുട്ടി തിരികെ വന്നു -ഉര്‍സൂല പവേല്‍ (വിവര്‍ത്തനം ഭാഗം-8: നീനാ പനയ്ക്കല്‍)

Published on 01 June, 2024
ഹാല്‍സ്‌കിട്രാസേ - എന്റെ കുട്ടി തിരികെ വന്നു -ഉര്‍സൂല പവേല്‍ (വിവര്‍ത്തനം ഭാഗം-8: നീനാ പനയ്ക്കല്‍)

ഹാല്‍സ്‌കിട്രാസേ


ഡൂസല്‍ ഡോര്‍ഫിലെ ഹാല്‍സ്‌കിട്രാസേയില്‍ ഞങ്ങള്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റ് ഒരു ഗ്രോസറിക്കടയുടെ മുകളിലായിരുന്നു. അഞ്ചുനിലകളുള്ള ഒരു കെട്ടിടം. രണ്ടും മൂന്നും നാലും നിലകളില്‍ ഓരോ അപ്പാര്‍ട്ട്‌മെന്റ് വീതവും അഞ്ചാം നിലയില്‍ രണ്ട് അപ്പാര്‍ട്ട്‌മെന്റുകളും ആണ് ഉണ്ടായിരുന്നത്. ഏറ്റവും താഴെ നിലവറയില്‍ ഒരു വലിയ ലോണ്ട്രി റൂം ഉണ്ടായിരുന്നതിലാണ് വാടകക്കാര്‍ അവരുടെ കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന വാഷിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരുന്നത്.
ഞങ്ങള്‍ തുണികള്‍ വാലുള്ള ലോഹപ്പാത്രത്തിലിട്ട് തിളപ്പിക്കും, കല്കരിയടുപ്പില്‍. കുറെയേറെ പടികള്‍ കയറിവേണം കെട്ടിടത്തിലെ ഏറ്റവുമുയര്‍ന്ന 'ആറ്റിക് റൂം'ല്‍ തുണികള്‍ ഉണങ്ങാനിടാന്‍. എല്ലാ വാടകക്കാര്‍ക്കും താഴെ നിലവറയില്‍ ചെറിയ സ്റ്റോറേജ് റൂമുകള്‍ ഉണ്ടായിരുന്നതിലാണ് ഞങ്ങള്‍ കല്കരിയും ഉരുളക്കിഴങ്ങുമൊക്കെ സൂക്ഷിച്ചിരുന്നത്.
മൂന്നാം നിലയിലാണ് ഞങ്ങളുടെ അപ്പാര്‍ട്ട്‌മെന്റ്. കെട്ടിടത്തിലെ എല്ലാമുറികളും നീളത്തില്‍ ട്രെയിനിന്റെ ആകൃതിയില്‍ ആയിരുന്നു. ഞങ്ങളുടെ കുടുംബം കിച്ചനിലാണ് കേന്ദ്രീകരിച്ചിരുന്നത്. വളരെ കുറച്ച് ഗൃഹോപകരണങ്ങളും വിലപ്പെട്ട പെയിന്റിംഗുകളും ചവിട്ടു മെത്തകളും ഈ അപ്പാര്‍ട്ട്‌മെന്റിലും ഉണ്ടായിരുന്നു. എല്ലാ ജനാലകളും റെയില്‍വേട്രാക്കുകളുടെ നേര്‍ക്കാണ് തുറന്നിരുന്നത്. ട്രെയിനിന്റെ ട്രാക്കുകളും ഞങ്ങളുടെ ജനാലകളും ഒരേ ഉയരത്തിലായിരുന്നതിനാല്‍, കറുത്ത പുകതുപ്പി ചക്രങ്ങള്‍ പാളത്തില്‍ ഉരസി ശബ്ദമുണ്ടാക്കി വല്ലപ്പോഴും നീരാവിക്കുഴലിലൂടെ ചൂളം കുത്തി ട്രെയിനുകള്‍ എല്ലായ്‌പോഴും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.
ഞങ്ങളുടെ അപ്പാര്‍ട്ട്‌മെന്റ് ബില്‍ഡിംഗിലെ ചില കുടുംബങ്ങളെ ഞാന്‍ നന്നായി ഓര്‍ക്കുന്നു. 
വീഗാന്‍ഡ് കുടുംബം രണ്ടാം നിലയിലാണ് താമസിച്ചിരുന്നത്. സ്റ്റാര്‍സ് കുടുംബം നാലാം നിലയില്‍. റോസന്‍ബാക്‌സും മുള്ളേഴ്‌സും അഞ്ചാം നിലയില്‍. മിസ്റ്റര്‍ മുള്ളര്‍ ഒരു കൂലിപ്പണിക്കാരനായിരുന്നു. തീരെ വൃത്തിയും സംസ്‌കാരവുമില്ലാത്ത കുടുംബമായിരുന്നു അയാളുടേത്. മിസിസ് മുള്ളര്‍ ഓരോ ഒന്‍പതുമാസവും ഗര്‍ഭിണിയാവും. ആര്‍ക്കും അവരെ കണ്ടാല്‍ സഹതാപം തോന്നും. എന്റെ പപ്പാ അവരുടെ കല്കരിത്തൊട്ടി നിലവറയില്‍ നിന്ന് എടുത്തുകൊണ്ടുവരാന്‍ അവരെ സഹായിച്ചിരുന്നു. ഒട്ടും വൃത്തിയില്ലാത്ത പോഷകാഹാരമില്ലാത്ത കേടുവന്ന പല്ലുകളുള്ള ഒരു സ്ത്രീ ആയിരുന്നു അവര്‍. അവരുടെ അഞ്ചു കുട്ടികള്‍ക്കും ഞങ്ങള്‍ ആഹാരം കൊടുക്കും. അവര്‍ ഞങ്ങളോട് പരസ്യമായി വിദ്വേഷം കാണിക്കാറില്ലെങ്കിലും, അവരുടെ ഭര്‍ത്താവ് ഒരിക്കലും ഞങ്ങളെ കണ്ട ഭാവം പോലും കാണിക്കാറില്ല. തടിച്ചു കുറുകിയ ആ മനുഷ്യന്‍ ഒരു പ്രത്യേകതരം ജീവിയായിരുന്നു.
അഞ്ചാം നിലയിലെ മറ്റേ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന റോസന്‍ബുഷ് കുടുംബത്തിന് കുട്ടികള്‍ ഇല്ലായിരുന്നു. ബവേറിയക്കാരിയായ മിസിസ് റോസന്‍ബുഷും മിസ്റ്റര്‍ റോസന്‍ബുഷും ജോലി ചെയ്തിരുന്നു. അയാള്‍ ഒരു ഇലക്ട്രീഷ്യന്‍ ആണ്. സ്വന്തമായി ധാരാളം പണമുണ്ടാക്കുന്ന ബുദ്ധിമാനായ ഒരു കമ്യൂണിസ്റ്റുകാരന്‍. റോസന്‍ബുഷ് കുടുംബം നാസികളെ വെറുത്തിരുന്നു. അയാള്‍ റേഡിയോ ശബ്ദം താഴ്ത്തി വച്ച് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റ് കേള്‍ക്കുമായിരുന്നു. അതു കണ്ടു പിടിക്കപ്പെട്ടാല്‍ അങ്ങേരെ കൊല്ലുകയോ ജയിലിലടയ്ക്കുകയോ ചെയ്യും നാസികള്‍. അല്ലെങ്കില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്ക് അയക്കും. അയാള്‍ക്ക് പേടിയില്ലേ എന്ന് ഞങ്ങള്‍ ഭയപ്പെടും. എയര്‍ റെയ്ഡ്‌സ് ഉണ്ടാവുമ്പോള്‍ അയാള്‍ ഷെല്‍ട്ടറില്‍ പോകാറില്ല. സൈറന്‍ കേള്‍ക്കുമ്പോള്‍, ആളുകള്‍ ഷെല്‍ട്ടറിലേക്ക് ഓടുമ്പോള്‍ അയാള്‍ റേഡിയോ പ്രവര്‍ത്തിപ്പിച്ച് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റ് കേള്‍ക്കും. ഏറ്റവും വലിയ സൈറണ്‍ കേള്‍ക്കുമ്പോള്‍ അയാള്‍ പപ്പായെ അയാളോടൊപ്പം ചേരാന്‍ ക്ഷണിക്കും. പപ്പാ പോവില്ല. മമ്മയും എന്റെ സഹോദരനും ഞാനും പപ്പായോടൊപ്പം നിലവറയിലെ ഷെല്‍ട്ടറില്‍ അഭയം തേടും.
ഷെല്‍ട്ടര്‍ ഒട്ടും സുഖകരമായ സ്ഥലമായിരുന്നില്ല. എന്നാലും ഞങ്ങള്‍ ആ ആര്യന്‍ അയല്‍ക്കാരോടൊപ്പം ചേരാതെ വാതില്ക്കലേ നില്ക്കാറുള്ളു, പുറം തള്ളപ്പെട്ടവരെപ്പോലെ.
മിസിസ് വീഗാന്‍ഡ് മുപ്പതു വയസ്സുതോന്നിക്കുന്ന ഒരു സുന്ദരിയായിരുന്നു. രണ്ടു കുട്ടികളുടെ മാതാവും. അവര്‍ക്ക് ഞങ്ങളോട് ഒരല്പം അനുകമ്പയുണ്ടായിരുന്നു താനും. അവരുടെ ഭര്‍ത്താവ് ഒരു ജര്‍മ്മന്‍ പടയാളിയായിരുന്നെങ്കിലും പാരീസിലാണ് താവളം. വലിയ ബോക്‌സുകളില്‍ വൈനും മറ്റു മോഷണവസ്തുക്കളും വീട്ടിലേക്ക് അയയ്ക്കും. ഒരിക്കല്‍ മിസിസ്സ് വിഗാന്‍ഡ് നാസികള്‍ക്കും യുദ്ധത്തിനും എതിരായി ഉറക്കെ സംസാരിക്കുന്നത് ഞാന്‍ കേട്ടു. ഞങ്ങള്‍ക്ക് അവരുടെ നേര്‍ക്ക് നോക്കാന്‍പോലും പേടിയായിരുന്നു. സത്യത്തില്‍ ആരുടെയും നേര്‍ക്ക് നോക്കാന്‍ ഞങ്ങള്‍ക്ക് ധൈര്യമുണ്ടായിരുന്നില്ല. ഞങ്ങള്‍ നാലുപേരും തൊട്ടുതൊട്ട്, മറ്റുള്ള വാടകക്കാരുമായി അകലം പാലിച്ച് ഒതുങ്ങിക്കൂടും. ആരു പറയുന്നതും കേള്‍ക്കുന്നില്ല എന്ന ഭാവത്തില്‍. സ്റ്റാര്‍സ് കുടുംബം ഞങ്ങളെ പാടെ അവഗണിച്ചു.
എന്റെ മാതാപിതാക്കള്‍ക്ക് ഡിഫ്ത്തീരിയ ബാധിച്ചു. ഞാനൊരു കാരിയര്‍ ആയതുകൊണ്ട് എനിക്കുവന്നില്ല. എന്റെ പപ്പാ മരണത്തിനടുത്തുവരെയെത്തി. പപ്പായും മമ്മായും പനിയായി  കിടന്നപ്പോള്‍ ഗ്രാന്‍ഡ്മാ ലെന്നിബര്‍ഗ് ഞങ്ങള്‍ക്ക് ആഹാരം കൊണ്ടുവന്നു. ചിക്കന്‍സൂപ്പും നൂഡില്‍സും. ആഹാരം അപ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ക്കല്‍ വച്ചിട്ട് പോകും. അസുഖം ഗ്രാന്‍ഡ്മാക്ക് വന്നുപോകരുതല്ലോ.
ഇപ്പോള്‍ ഞങ്ങള്‍ക്ക് ഏക വരുമാനം മമ്മായുടെ ജോലിയില്‍ നിന്നാണ്. പപ്പാക്ക് ശമ്പളമൊന്നും കിട്ടിയിരുന്നില്ല. പണമില്ലാത്തതിന്റെ കഠിനമായ പ്രയാസം ഞങ്ങള്‍ അനുഭവിച്ചു തുടങ്ങി. വീണ്ടും പെയിന്റിംഗുകളും ചവിട്ടുമെത്തകളും നിസ്സാരവിലക്ക് വിറ്റു. കുറച്ചുകുറച്ചായി ഞങ്ങള്‍ക്ക് എല്ലാം നഷ്ടമായി.
1941-ലും 1942-ലും രഹസ്യപ്പോലീസ് - ഗസ്റ്റപ്പോ - യഹൂദരുടെ എല്ലാ സാധനങ്ങളും പിടിച്ചെടുത്തു. ഒരു മുന്നറിയിപ്പുമില്ലാതെ യഹൂദരുടെ വീടുകളില്‍ കയറി, പലതും കണ്ടുപിടിച്ച് നശിപ്പിച്ചു. 'വിലക്കപ്പെട്ട' പുസ്തകങ്ങള്‍ ഉണ്ടോ എന്നവര്‍ പരിശോധിച്ചുകൊണ്ടിരുന്നു. വല്ലതും കണ്ടെടുത്താല്‍ ഉടമസ്ഥരെ അവര്‍ ശിക്ഷിക്കും. എന്റെ പപ്പ, നിലവറയില്‍ തുണി തിളപ്പിക്കുന്ന കല്ക്കരി അടുപ്പില്‍ പുസ്തകങ്ങള്‍ കത്തിക്കുന്നത് ഞാന്‍ കണ്ടിരുന്നു. ആ പുസ്തകങ്ങളെ പപ്പാ 'കൂട്ടുകാര്‍' എന്നാണ് വിളിച്ചിരുന്നത്. ലോകപ്രസിദ്ധരായ എഴുത്തുകാരുടെയും കവികളുടെയും പുസ്തകങ്ങളെ നാസികള്‍ 'വിലക്കപ്പെട്ട' പുസ്തകങ്ങളായി എണ്ണിയിരുന്നു. ഇത്തരം പുസ്തകങ്ങള്‍ കൈവശം വക്കുന്നതുപോലും ഉടമസ്ഥനെ ജയിലില്‍ അടയ്ക്കാന്‍ കാരണമാവും. പൊയട്രിയിലും ലിറ്ററേച്ചറിലും പ്രശസ്തരായവരുടെ പുസ്തകങ്ങളുടെ ഒരു വലിയ ലിസ്റ്റ് 'വിലക്കപ്പെട്ട'തായി പ്രഖ്യാപിച്ചിരുന്നു.
എന്റെ മമ്മാക്ക് ഗസ്റ്റപ്പോയുടെ ഓഫീസില്‍ ഹാജരാവാന്‍ ഓര്‍ഡര്‍ കിട്ടി. കുറെ ചോദ്യം ചെയ്യലിനു ശേഷം പുറ്റ്‌സ് എന്നുപേരുള്ള ഗസ്റ്റപ്പോ ഉദ്യോഗസ്ഥന്‍ മമ്മായോട് 'ആ യഹൂദനെ മര്യാദയ്ക്ക് ഉപേക്ഷിക്കാന്‍' ആവശ്യപ്പെട്ടു. എന്റെ മമ്മാ അത് നിരസിച്ചു. മമ്മായോട് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞെങ്കിലും അയാളുടെ പകയും വിദ്വേഷവും മമ്മാക്ക് നന്നായി മനസ്സിലായി. പപ്പായും സഹോദരനും ഞാനും നാടുകടത്തപ്പെട്ടശേഷവും അയാള്‍ മമ്മായെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു.

Read: https://emalayalee.com/writer/24

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക