Image

നാടുകടത്തല്‍ (എന്റെ കുട്ടി തിരികെ വന്നു - വിവര്‍ത്തനം ഭാഗം-9: നീനാ പനയ്ക്കല്‍)

Published on 11 June, 2024
നാടുകടത്തല്‍ (എന്റെ കുട്ടി തിരികെ വന്നു - വിവര്‍ത്തനം ഭാഗം-9: നീനാ പനയ്ക്കല്‍)

നാടുകടത്തല്‍

1942 ജൂലായ് മാസത്തില്‍ ഡൂസല്‍ഡോര്‍ഫിലെ സ്ലോട്ടര്‍ ഹൗസിലേക്കു പോകുന്ന ട്രെയിനില്‍ കയറിക്കൊള്ളണം എന്ന ആജ്ഞ എനിക്കു ലഭിച്ചു. ഗസ്റ്റപ്പോയുടെ ഹെഡ്‌ക്വോര്‍ട്ടേഴ്‌സില്‍ നിന്ന് അയച്ച ആജ്ഞ ജൂലൈ ഇരുപതിനാണ് എനിക്കു ലഭിച്ചത്. എന്റെ പപ്പായും മമ്മായും അതീവ പരിഭ്രാന്തരായി. എന്നാല്‍ എനിക്ക് വരുംവരായ്കകള്‍ മനസ്സിലായിരുന്നില്ല.
എന്നെ ഒറ്റയ്ക്കു പോകാന്‍ അനുവദിക്കണോ അതോ എന്റെ മാതാപിതാക്കളും സഹോദരനും സ്വമനസ്സാലെ എന്നോടൊപ്പം വരാന്‍ തയ്യാറാവണോ എന്ന കാര്യത്തില്‍ എന്റെ മാതാപിതാക്കള്‍ ചര്‍ച്ചകള്‍ നടത്തി. അങ്ങനെയെങ്കില്‍ കുടുംബത്തിന് ഒരുമിച്ചു നില്ക്കാന്‍ സാധിക്കുമായിരുന്നു. എന്റെ പപ്പാക്കും സഹോദരനും മറ്റേതെങ്കിലും ക്യാപിലേക്കു പോകേണ്ടിവരുമെന്ന് എന്റെ മാതാപിതാക്കള്‍ക്ക് തീര്‍ച്ചയുണ്ടായിരുന്നു. അങ്ങനെ വന്നാല്‍ ഞങ്ങളുടെ കുടുംബം ചിന്നിച്ച് പലയിടങ്ങളിലായിപ്പോവും ഓരോരുത്തര്‍ക്കും അവനവന്റെ ദുര്‍വിധി ഒറ്റയ്ക്ക് സഹിക്കേണ്ടിവരും. അങ്ങനെ എന്റെ മാതാപിതാക്കളും അനുജനും എന്നോടൊപ്പം വരാന്‍ സ്വമനസ്സാലെ തയ്യാറായി ഗസ്റ്റപ്പോയുടെ ഓഫീസില്‍ പോയി. മമ്മായുടെ അപേക്ഷ അവര്‍ തള്ളി. ഞങ്ങളെ മൂന്നുപേരെയും ഒരുമിച്ച് പൊക്കൊള്ളാന്‍ അനുവദിക്കുകയും ചെയ്തു.
ഞങ്ങള്‍ മൂവരും ഓരോ സ്യൂട്ട്‌കേയ്‌സുകള്‍ എടുത്തു ഒരു നൂറുവട്ടം, അടുക്കിവെച്ച സാധനങ്ങള്‍ പുറത്തേക്ക് വാരിയിട്ടു, പിന്നേയും അടുക്കി. കൂടുതല്‍ സാധനങ്ങള്‍ പെട്ടിക്കകത്താക്കി പിന്നേയും വാരി പുറത്തിട്ടു. (ഈ സ്യൂട്ട്‌കേയ്‌സുകള്‍ ഞങ്ങള്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ പോകുമ്പോള്‍ കൂടെ കൊണ്ടുപോകാന്‍ വാങ്ങിയതാണ്.) മമ്മായുടെ ഒരു കൂട്ടുകാരി കട്ടിയുള്ള കമ്പിളിത്തുണികള്‍ കൊണ്ട് ഞങ്ങള്‍ക്ക് കോട്ടുകള്‍ തയ്പ്പിച്ചു തന്നു. അതിനുള്ള കമ്പിളിയും മറ്റും അവര്‍ സ്വന്തം ആഭരണങ്ങള്‍ വിറ്റ് ബ്ലാക്ക്മാര്‍ക്കറ്റില്‍ വാങ്ങിയതാണ്. 'ലേബര്‍ ക്യാംപുകളില്‍ മഞ്ഞുകാലത്ത് ഭയങ്കര തണുപ്പുണ്ടാവും' അവര്‍ പറഞ്ഞു. രാത്രിയും പകലും മമ്മാ ഞങ്ങളുടെ സ്യൂട്ട്‌കേയ്‌സുകളില്‍ സാധനങ്ങള്‍ കുത്തിനിറച്ചു. പുറമേ ധൈര്യം ഭാവിച്ചുവെങ്കിലും മമ്മാ തകര്‍ന്നു തരിപ്പണമാവുകയായിരുന്നു. നാസികള്‍ മമ്മായുടെ ഹൃദയം പറിച്ചു കീറിക്കളഞ്ഞു. എന്റെ കൂടെ വരുവാനുള്ള പപ്പയുടെയും സഹോദരന്റെയും തീരുമാനം സംബന്ധിച്ച് എന്റെ മാതാപിതാക്കളുടെ മനസ്സില്‍ യുദ്ധം തന്നെ നടന്നു കാണണം. ഇത് ഒരാള്‍ എങ്ങനെ സ്വീകരിക്കും? എന്റെ പപ്പായുടെയും സഹോദരന്റെയും തീരുമാനം തെറ്റായിരിക്കാം. ആര്‍ക്കറിയാം!! എന്റെ മാതാപിതാക്കള്‍ക്ക് എങ്ങനെയാണ് നല്ല തീരുമാനമെടുക്കാന്‍ സാധിക്കുക?
യുദ്ധകാലത്ത് മമ്മ പറയുമായിരുന്നു : ''ഏതെങ്കിലും കാരണത്താല്‍ നമ്മള്‍ വേര്‍പിരിയാനിടയായാല്‍ എല്ലാവരും ലിപ്പോബര്‍ഗില്‍ ആന്റി മിന്‍ചെന്റെ വീട്ടില്‍ എങ്ങനെയെങ്കിലും എത്തിച്ചേരണം. യുദ്ധം കഴിയുമ്പോള്‍ നമുക്ക്  വീണ്ടും ഒന്നിക്കാന്‍ അത് സഹായകമാവും ആ ക്രിമിനല്‍ അപ്പോഴേക്കും ജര്‍മ്മനിയില്‍ നിന്ന് പുറത്താവും.'' ആ ക്രിമിനല്‍ അപ്പോഴേക്കും ജര്‍മ്മനിയില്‍ നിന്ന് പുറത്താവും!! ഈ വാചകം ഓരോ ശ്വാസത്തിലും ഞങ്ങള്‍ ഒരു പ്രാര്‍ത്ഥനപോലെ ഉരുവിട്ടുകൊണ്ടിരുന്നു.
അങ്ങനെ ജൂലായ് ഇരുപത് ആയി. ഞങ്ങള്‍ മൂന്നുപേരും ഡൂസല്‍ഡോര്‍ഫിലെ സ്ലോട്ടര്‍ ഹൗസില്‍ എത്തി. സ്യൂട്ട്‌കേയ്‌സുകള്‍ ഞങ്ങളുടെ പക്കല്‍ നിന്ന് എടുത്ത് ട്രെയിനിലെ ബാഗേജ് കാറില്‍ കയറ്റി. ഗസ്റ്റപ്പോയും, എസ്.എസും ചേര്‍ന്ന സംഘം ഞങ്ങളെ അവിടെ വച്ച് രജിസ്റ്റര്‍ ചെയ്തു. ഞങ്ങളുടെ കഴുത്തില്‍ കെട്ടാന്‍ വലിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തന്നു. കൈയിലെ ചെറിയ ബാഗുകളുമായി ഞങ്ങള്‍ ട്രെയിനില്‍ കയറി. ബെല്ല എന്നു പേരുള്ള ഒരു ചെറുപ്പക്കാരി നേഴ്‌സും റേഡിയോളജിയിലെ ഒരു ഡോക്ടറും ഞങ്ങള്‍ കയറിയ  കംപാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നു. അവര്‍ ഞാനുമായി സൗഹൃദത്തിലായി, അവരുടെ സംഭാഷണങ്ങളില്‍ എന്നെയും ഉള്‍പ്പെടുത്തി. മരുന്നുകളിലും ചികിത്സകളിലും മാത്രമായ അവരുടെ സംഭാഷണം എനിക്കിഷ്ടമായി. അതാവണം മെഡിക്കല്‍ ഫീല്‍ഡില്‍ എനിക്ക് താല്പര്യം ജനിപ്പിച്ചത്.
രണ്ടു ദിവസങ്ങള്‍ക്കുശേഷം ഞങ്ങള്‍ ബോഹഷോവിസില്‍ എത്തി. ടെറിസിന്‍ലേക്ക് ഉള്ള ട്രെയിനുകളെല്ലാം അവിടെയാണ് വരിക. ഭയങ്കര ചൂടുള്ള ദിവസമായിരുന്നു അത്. ബോഹഷോവിസില്‍ നിന്ന് ടെറിസിന്‍ വരെ ചുട്ടുപൊള്ളുന്ന വെയിലില്‍ ഞങ്ങള്‍ നടന്നു. ബൊഹിമിയയില്‍ ഡ്രെസ്ഡനും പ്രാഗിനും ഇടയിലാണ് ടെറിസിന്‍. എത്രനേരം ആ നടപ്പു തുടര്‍ന്നു എന്ന് എനിക്കോര്‍മ്മയില്ല, ഒന്നരയോ രണ്ടോ മണിക്കൂറുകള്‍ നടന്നു കാണും. തൊട്ടുപിന്നില്‍ എസ്.എസ്.കാര്‍ 'നടക്ക്', 'വേഗം നടക്ക്', 'നീങ്ങ്, നീങ്ങ്' എന്നിങ്ങനെ ഉച്ചത്തില്‍ ഗര്‍ജ്ജിച്ചുകൊണ്ടിരുന്നു.
യഹൂദരായ തൊഴിലാളികള്‍ സ്യൂട്ട്‌കേയ്‌സുകള്‍ കൈവണ്ടികളിലും ട്രക്കുകളിലും കയറ്റി. അവര്‍ ദരിദ്രരായ ചെക്കോസ്ലൊവേക്യക്കാരായ യഹൂദരായിരുന്നു. അവര്‍ താമസിച്ചിരുന്നത് ഗെറ്റോ(ചേരി)കളിലാണ്.
സുഖമില്ലാത്തവരും വയസ്സായവരും ഞങ്ങള്‍ കയറിയ ട്രെയിനില്‍ ഉണ്ടായിരുന്നു. ഏറെ. എസ്.എസിന്റെ ആജ്ഞകള്‍ക്കൊപ്പം ആ നീണ്ട, കഷ്ടത നിറഞ്ഞ യാത്ര അവര്‍ക്ക് സാധിക്കുമായിരുന്നില്ല, തണലില്ല, കുടിക്കാന്‍ വെള്ളമില്ല, ആ തിളയ്ക്കുന്ന സൂര്യനില്‍ അവര്‍ വാടിത്തളര്‍ന്നു പോയി. വയസ്സരെ ട്രക്കുകളില്‍ വാരിയിട്ട് കന്നുകാലികളെപ്പോലെ ഗെറ്റോയിലേക്ക് എറിഞ്ഞു. ടെറിസിനില്‍ എത്തിയപ്പോഴേക്കും ഞങ്ങളുടെ ചിന്തകള്‍ സ്തംഭിച്ചു. എസ്.എസിന്റെ ഗര്‍ജ്ജനങ്ങളും കന്നുകാലികളെപ്പോലെ ഞങ്ങളെ മുന്നോട്ട് ഓടിക്കുന്നതും, യഹൂദാ തൊഴിലാളികള്‍ക്ക് എസ്.എസിനോടുള്ള വിധേയത്വവും കണ്ട് ഞങ്ങള്‍ അമ്പരന്നു. ഇതൊക്കെ സത്യമോ എന്നൊരാന്തല്‍. 
ഞങ്ങളുടെ സ്യൂട്ട്‌കേയ്‌സുകള്‍ പിന്നെ കണ്ടില്ല.
ഞങ്ങളെ ആസിഗര്‍കാസേണ്‍  എന്ന ചാലിലേക്ക് ആട്ടിക്കൊണ്ടുപോയി ആയിരക്കണക്കിന് ആളുകളെ പണ്ടെങ്ങോ വെള്ളപെയിന്റടിച്ചിരുന്ന നനഞ്ഞുതണുത്ത ബാരക്കുകളിലെ താഴത്തെ നിലയിലേക്ക് ആട്ടിക്കയറ്റി.  എസ്.എസിന്റെ ആളുകള്‍ അവരുടെ യൂണിഫോറവും തിളങ്ങുന്ന ബൂട്ടുകളുമിട്ട് ചാട്ടവാര്‍ കൈയില്‍ പിടിച്ച് ബാരക്കില്‍ എറിയപ്പെട്ടവര്‍ ചെയ്യുന്ന ഹീനമായ ജോലികളുടെ മേല്‍നോട്ടക്കാരായി നിന്നു. ഞങ്ങളുടെ ഹാന്‍ഡ്ബാഗ് പരിശോധിച്ച ശേഷം ശരീരപരിശോധനയും നടത്തി. പണമോ വിലയുള്ളതെന്തെങ്കിലുമോ കണ്ടാല്‍ അത് അപ്പോള്‍ തന്നെ അവര്‍ എടുത്തുമാറ്റും. പലരും ചൂടു സഹിക്കാനാവാതെ  ബോധം കെട്ട് വീണുകൊണ്ടിരുന്നു. ഞങ്ങളുടെ ഹാന്‍ഡ്ബാഗിലെ വിലപിടിപ്പില്ലാത്ത സാധനങ്ങള്‍ പോലും സൂക്ഷിക്കേണ്ടിയിരുന്നു. കാരണം യഹൂദ തടവുകാര്‍ തന്നെ പുതിയതായി വരുന്നവരുടെ സാധനങ്ങള്‍ മോഷ്ടിക്കും. അവരെ കുറ്റം പറയാന്‍ പറ്റില്ല. ഏറ്റവും അത്യാവശ്യമുള്ള സാധനങ്ങള്‍ പോലും ആര്‍ക്കുമില്ല. സൂചിയും നൂലും പോലും. എല്ലാ പണവും ആഭരണങ്ങളും കൈക്കലാക്കിയ ശേഷം എസ്.എസ്. ഞങ്ങളെ ക്വോട്ടേഴ്‌സിലേക്ക് തള്ളിവിട്ടു. സ്ത്രീകളെ പുരുഷന്മാരില്‍ നിന്നും മാറ്റി. എന്റെ പപ്പായും സഹോദരനും ഝ 613 യിലേക്ക് അയക്കപ്പെട്ടു.
പിറ്റേദിവസം രാവിലെ ഞാന്‍ ഝ613 കണ്ടുപിടിക്കാനിറങ്ങി. അവിടെയാണ് എന്റെ പപ്പായും സഹോദരനും. ആ ചേരിയിലെ പാതകളിലൂടെ നടക്കുമ്പോള്‍ ബാരക്കുകളുടെ ഒരു നഗരം തന്നെ കണ്ണിനു മുന്‍പില്‍ തെളിഞ്ഞുവന്നു. തൊഴുത്തുകളും തടികൊണ്ടു നിര്‍മ്മിച്ച വീടുകളും. എന്റെ കണ്‍മുന്നില്‍ വന്നവരെല്ലാം ആ ബാരക്കുകളിലെ തടവുകാരായിരുന്നു. അവരെല്ലാവരും മഞ്ഞ നിറത്തിലുള്ള ദാവീദിന്റെ നക്ഷത്രചിഹ്നം അണിഞ്ഞവരായിരുന്നു. ഖൗറല (യഹൂദന്‍) എന്ന പേര് നക്ഷത്രചിഹ്നത്തില്‍ പതിച്ചിരുന്നു. എനിക്ക് അവരുടെ  ഭാഷ അറിയില്ലായിരുന്നു. എല്ലാവരും ചെക്കോസ്ലാവിയക്കാര്‍. ഞാന്‍ ജര്‍മ്മന്‍ ഭാഷയില്‍ ചോദിക്കുമ്പോള്‍ അവര്‍ 'ചെക്ക്' ഭാഷയില്‍ ഉത്തരം പറയും. നിങ്ങള്‍ പറയുന്നത് ഞങ്ങള്‍ക്ക് മനസ്സിലാവുന്നില്ല എന്നാണ് അവര്‍ പറയുന്നത് എന്ന് ഞാന്‍ മനസ്സിലാക്കി. ഒരു വലിയ തുറന്ന ലെമോസിന്‍ എസ്.എസ്.കാരെ വഹിച്ചുകൊണ്ട് എന്റെ മുന്നിലൂടെ കടന്നുപോയി. ഒടുവില്‍ ഞാന്‍ ഝ613 കണ്ടുപിടിച്ചു. അവിടെ എന്റെ പപ്പായും സഹോദരനും വെറും നിലത്ത് കിടന്നിരുന്നു. മൂന്നു മീറ്റര്‍ വീതിയും അഞ്ചു മീറ്റര്‍  നീളവുമുള്ള സ്ഥലം. ഫര്‍ണിച്ചറില്ല, ബെഡ് ഇല്ല, ഇത്രയും സ്ഥലം മറ്റ് എട്ടുപേരുമായി പങ്കിടണമായിരുന്നു. വെറും നിലത്തു കിടന്നും ഇരുന്നും പത്തുപേര്‍ ആ സ്ഥലത്ത് ഉറങ്ങും. കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മൂന്നു നിലയുള്ള ഒരു ബങ്ക്ബഡ് പത്തുപേര്‍ക്കായി അനുവദിച്ചു.
എനിക്ക് സ്ത്രീകളുടെ ഘ415 ബാരക്കില്‍ ചെറിയൊരു മുറിയാണ് കിട്ടിയത്. പപ്പാക്കും സഹോദരനും ലഭിച്ചതിനേക്കാള്‍ വളരെ ചെറിയൊരു മുറി. പല നിലകളുള്ള, കല്ലില്‍ പണിത ആ കെട്ടിടത്തിന് നീളമുള്ള ഇടനാഴികളും ഉള്ളില്‍ പ്രവേശിച്ചാല്‍ പുറത്തു വരാനാവാതെ ചുറ്റിക്കുന്ന വഴികളും വളവു വാതിലുകളും വില്ലുവളവുള്ള മച്ചുകളും ആണ് ഉണ്ടായിരുന്നത്. കട്ടിയുള്ള നനഞ്ഞ ചുവരുകള്‍ ഒരുകാലത്ത് വെള്ളയടിച്ചിരുന്നു എന്ന് കണ്ടാലറിയാം. എട്ടുസ്ത്രീകളുമായി ഞാന്‍ ആ മുറി പങ്കിടേണ്ടിയിരുന്നു. ആ മുറിയാവട്ടെ, തൊട്ടടുത്ത ഹാളിന്റെ പ്രവേശനമാര്‍ഗ്ഗം മാത്രമായിരുന്നു. ജനാലകളോ ശുദ്ധവായു പ്രവേശിക്കാനുള്ള മാര്‍ഗ്ഗങ്ങളോ ഇല്ലാത്ത, നാറുന്ന കക്കൂസിന്റെ തൊട്ടടുത്തായിരുന്നു ആ മുറി. സഹിക്കാനാവാത്ത ആ നാറ്റത്തിന് ഞങ്ങള്‍ സെറോക്കി  ഹോവന്‍ലഫ്ട്  എന്നൊക്കെ പേരിട്ടു വിളിച്ചു. എന്റെ വകയായി ഒരു ഹാന്‍ഡ്ബാഗും ധരിച്ചിരുന്ന വസ്ത്രവും മാത്രമേ ഉണ്ടായിരുന്നുള്ളു.
കര്‍ഫ്യൂ!!! ആരും പുറത്തിറങ്ങാന്‍ പാടില്ല. പുതിയ ട്രെയിന്‍ ഗെറ്റോയില്‍ എത്തുമ്പോഴും ഗെറ്റോയില്‍ നിന്ന് പുറപ്പെടുമ്പോഴും വലിയ കൂട്ടം എസ്.എസ്.കാര്‍ ചേരിക്കകത്തെ ഓരോ ബാരക്കിലേക്കും പാഞ്ഞുകയറി ഓരോ മുറിയും ഹാന്‍ഡ് ബാഗുകളും ബങ്ക് ബെഡുകളും ശരീരവും പരിശോധിക്കുമ്പോള്‍ കര്‍ഫ്യൂ പ്രഖ്യാപിക്കും. ചിലപ്പോള്‍ ആരെങ്കിലും രക്ഷപ്പെടാന്‍ ശ്രമിക്കും. അപ്പോള്‍ ആ ഗെറ്റോ മുഴുവനിലും കര്‍ഫ്യൂ പ്രഖ്യാപിക്കും.
എസ്.എസ്. വരുമ്പോള്‍ ഞങ്ങള്‍ ഭയങ്കരമായി പേടിക്കും. ഞങ്ങളുടെ മുഖത്തും കണ്ണുകളിലും കാണുന്ന പേടികണ്ട് അവര്‍ ആര്‍ത്തു ചിരിക്കും. അത് അവരുടെ കളിയായിരുന്നു. ഞങ്ങള്‍ കളിപ്പാട്ടങ്ങളും.
ചില തടവുകാര്‍ മുന്നറിയിപ്പു തരും. പരിചയമില്ലാത്തവരെ വിശ്വസിക്കരുത്. എസ്.എസ്.ന്റെ ഒറ്റുകാരാവാം അവര്‍.
ആഹാരം വെറും ചവറായിരുന്നു. വിശപ്പുമാറില്ല. ഓരോ ദിവസവും അത് മോശമായിക്കൊണ്ടിരിക്കും. ആദ്യവര്‍ഷം ഞങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന റൊട്ടി പൂപ്പല്‍ പിടിച്ച് നിറം മാറിയതായിരുന്നു. അഴുകിയ കഴുകാത്ത ഉരുളക്കിഴങ്ങുകള്‍ തൊലിയോടെ വലിയ വാര്‍പ്പുകളിലിട്ട് വേകിച്ചിരുന്നു.
ചേരി (ഗെറ്റോ)ക്ക് താങ്ങാവുന്നതിലും അധികം തടവുകാരെക്കൊണ്ട് നിറഞ്ഞു. ടെറിസിനില്‍ പതിനായിരത്തില്‍ താഴെ തടവുകാരേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ 1942 ലെ വേനല്‍ക്കാലത്ത് അത് 60,000 പേരോളമായി. വിഷജ്വരം, ക്ഷയം, പൊട്ടിപ്പഴുക്കുന്ന ത്വക്ക് രോഗങ്ങള്‍, മസ്തിഷ്‌കവീക്കം ഇവ  പടര്‍ന്നു പിടിച്ചു. കൂട്ടത്തില്‍ മൂട്ടയും പേനും. ഓരോ ദിവസവും 150 മുതല്‍ 200 പേര്‍ വരെ മരിച്ചുകൊണ്ടിരുന്നു.
എന്റെ പപ്പാക്ക് തടി സാമാനങ്ങളുണ്ടാക്കുന്ന ഷെഡില്‍ ശവപ്പെട്ടിയുണ്ടാക്കുന്ന ജോലിയാണ് ലഭിച്ചത്. കുറെനാള്‍ കഴിഞ്ഞ് കാര്‍പ്പെന്റര്‍ ആക്കി. തടി സാമാനങ്ങളുണ്ടാക്കുന്ന പുരയില്‍ ഞാനും ഒരാഴ്ച ജോലി ചെയ്തു. പിന്നെ കുട്ടികളുടെ വെല്‍ഫെയര്‍ സര്‍വീസില്‍ ഒരു ജോലി കിട്ടി. കിന്റര്‍ഗാര്‍ട്ടന്‍ കുട്ടികളെ ബാസ്റ്റി യിലേക്ക് കൊണ്ടുപോകണം. അവരുടെ എല്ലാവിധ ആവശ്യങ്ങളും നോക്കി നടത്തണം. ചുറ്റും മണ്‍ചുവരുകളുള്ള മിലിട്ടറി നഗരമായ ബാസ്റ്റില്‍ എനിക്ക് അതിരാവിലെ മുതല്‍ സന്ധ്യവരെ, ചിലപ്പോള്‍ രാത്രിയിലും ജോലി ചെയ്യണം. കുട്ടികള്‍ എന്നെ 'ഉഷി' എന്നു വിളിക്കുമായിരുന്നു. ഉര്‍സുലയുടെ ചുരുക്കപ്പേര് ഉഷി എന്നായിരുന്നല്ലോ.
ഇപ്പോഴും എന്റെ നല്ല കൂട്ടുകാര്‍ എന്നെ സ്‌നേഹപൂര്‍വ്വം ഉഷി എന്നു വിളിക്കും.
ഞാനിപ്പോഴും വ്യക്തമായി ഓര്‍ക്കുന്നുണ്ട് മലകളാല്‍ ചുറ്റപ്പെട്ട ഒരു മനോഹരപ്രദേശം. ഒരു കൊച്ചുപട്ടണം. അതിന്റെ പ്രാന്തപ്രദേശം വരെ ഞാന്‍ നടക്കും. വെണ്‍മേഘങ്ങള്‍ മലകളെ സ്പര്‍ശിച്ചു കടന്നുപോകുന്നത് നോക്കി നില്ക്കും. ആ ഉയര്‍ന്ന ഭൂപ്രദേശത്തേക്ക് നോക്കി നില്ക്കുമ്പോള്‍ എനിക്ക് ശക്തി ലഭിക്കും. സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടാവും. എന്നെങ്കിലും ഒരിക്കല്‍ തടവറയില്‍ നിന്ന് രക്ഷപ്പെടാനാവുമെന്ന പ്രതീക്ഷ.
ബാസ്റ്റിയില്‍ ഒരു വലിയ ഓക്കുമരം ഞാന്‍ കാണുമായിരുന്നു. അതെനിക്ക് പ്രതീക്ഷ നല്‍കിയിരുന്നു. അത്ഭുതത്തോടെ നിശ്ശബ്ദമായി ഞാനാ വന്‍വൃക്ഷത്തെ നോക്കി നില്ക്കും. അതെനിക്കൊരു മന്ത്രശക്തിയുള്ള രക്ഷാകവചം പോലെയായിരുന്നു.
അതിപ്പോഴും അവിടെയുണ്ടാവുമോ?

Read: https://emalayalee.com/writer/24

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക