Image

എന്റെ സുന്ദരി (മുട്ടത്തുവര്‍ക്കിയുടെ നോവലുകളിലൂടെ ഒരു പ്രയാണം -ഭാഗം-13: അന്ന മുട്ടത്ത്)

Published on 16 June, 2024
എന്റെ സുന്ദരി  (മുട്ടത്തുവര്‍ക്കിയുടെ നോവലുകളിലൂടെ ഒരു പ്രയാണം -ഭാഗം-13: അന്ന മുട്ടത്ത്)

എന്റെ സുന്ദരി

മുട്ടത്തുവര്‍ക്കിയുടെ നൂറോളം വരുന്ന നോവലുകളെ രണ്ടായി തരം തിരിക്കാം. ചലച്ചിത്രമാക്കപ്പെട്ടവയും അല്ലാത്തവയും. അദ്ദേഹത്തിന്റെ മികച്ച മുപ്പതോളം നോവലുകള്‍ സിനിമയാക്കപ്പെട്ടിട്ടുണ്ട്. രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്ന നോവലാണ് 'എന്റെ സുന്ദരി'.
സമ്പന്നനായ ജോണിയുടെ കാമുകിയായിരുന്നു സുന്ദരിയായ പ്രമീള. പക്ഷേ സാഹചര്യവശാല്‍ അയാള്‍ക്ക് നിത്യനിരാശ സമ്മാനിച്ചുകൊണ്ട് അവള്‍ വേറെ വിവാഹിതയായി. അയാള്‍ അതോടെ മദ്യത്തിലും മദിരാക്ഷിയിലും മുഴുകി ആ ദുഃഖം മറക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
മാതാവിന്റെ രോഗചികിത്സയ്ക്കായി അന്യനഗരത്തിലെത്തിയ ജോണ്‍ ഒരുനാള്‍ ബാറില്‍ നിന്നുമടങ്ങുമ്പോള്‍ മദ്യപിച്ച് അബോധാവസ്ഥയില്‍ ഒരാള്‍  റോഡില്‍ കിടക്കുന്നതു കണ്ടു. ജോണ്‍ ആ അപരിചിതനെ ഒരു കാറില്‍ കയറ്റി അയാളുടെ ബംഗ്ലാവില്‍ എത്തിച്ചു.

അതു ജര്‍മ്മന്‍ റിട്ടേണായ ഫ്രാന്‍സീസ് എന്ന മദ്ധ്യവയസ്‌കനായിരുന്നു. സമ്പത്തിന്റെ നടുവിലും അസംതൃപ്തമായ ജീവിതം നയിക്കുന്ന ഒരു മനുഷ്യന്‍.
അസംതൃപ്തമായ ദാമ്പത്യ ജീവിതം നയിക്കുന്ന ഫ്രാന്‍സീസിന്റെ ഭാര്യ മെര്‍ലിന്‍ തന്റെ കാമുകിയായിരുന്ന പ്രമീള തന്നെയാണെന്ന വസ്തുത ജോണിനെ ഞെട്ടിച്ചു. അപ്രതീക്ഷിതമായ ആ കൂടിക്കാഴ്ച അവളെയും അമ്പരപ്പിച്ചു. അപ്പോള്‍ യാത്ര പറഞ്ഞു പിരിഞ്ഞെങ്കിലും പ്രമീള വീണ്ടും അയാളെ കാണുവാന്‍ ആഗ്രഹിച്ചു.
വീട്ടില്‍ തിരിച്ചെത്തിയ ജോണ്‍ പഴയ കഥകള്‍ ഓര്‍മ്മിച്ചു. രണ്ടു പേരും ബാല്യം മുതല്‍ക്കേ കളിക്കൂട്ടുകാരായിരുന്നു. സമ്പന്നരായ മാതാപിതാക്കളുടെ മക്കള്‍. അവരുടെ വിവാഹത്തിനു വീട്ടുകാര്‍ക്കും സമ്മതമായിരുന്നു.
എന്നാല്‍ പിന്നീട് ആ കുടുംബങ്ങള്‍ തമ്മില്‍ അകന്നു. അത് ആ കാമുകീകാമുകന്മാരുടെ കൂട്ടുകെട്ടിനെയും ബാധിച്ചു.

വീട്ടുതടങ്കലിലായ പ്രമീളയ്ക്ക് വീട്ടുകാര്‍ മറ്റൊരു വിവാഹം ആലോചിച്ചു. അതിനിടെ രഹസ്യമായി കൂടിക്കണ്ട ജോണും പ്രമീളയും ഒളിച്ചോടിപ്പോയി വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.
അതിനിടെ നീട്ടിപ്പിടിച്ച കത്തിയുമായി പ്രമീളയുടെ സഹോദരന്‍ അലക്‌സ് അവരുടെ ഇടയിലേക്കു ചാടിവീണു. സംഘട്ടനത്തിനിടയില്‍ ആത്മരക്ഷാര്‍ത്ഥം ജോണ്‍ അലക്‌സിനെ കുത്തി. രക്തപ്പുഴയൊഴുകി.
ജോണിന്റെ പിതാവ് കേസു തീരുന്നിടം വരെ കല്‍ക്കട്ടായിലുള്ള അമ്മാവന്റെ വീട്ടില്‍ ഒളിച്ചു താമസിക്കാന്‍ നിര്‍ദ്ദേശിച്ചു.

കുത്തേറ്റ അലക്‌സ് മരണപ്പെട്ടിരുന്നില്ല. എന്തായാലും ആ കേസ് ഒതുങ്ങിയപ്പോള്‍ ജോണ്‍ നാട്ടില്‍ തിരിച്ചെത്തി. പ്രമീള അതിനകം ഒരു ജര്‍മ്മന്‍ മലയാളിയെ വിവാഹം കഴിച്ചിരിക്കുന്നു എന്ന വാര്‍ത്ത അയാളെ നടുക്കി.
അങ്ങനെ അയാള്‍ മദ്യത്തിനും മദിരാക്ഷികള്‍ക്കും അടിമയായി. അയാളെ മറ്റൊരു വിവാഹം കഴിപ്പിക്കാനുള്ള വീട്ടുകാരുടെ ഉദ്യമവും ഫലിച്ചില്ല.
അതിനുശേഷം വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. അലക്ഷ്യമായ ആ ജീവിതപ്രയാണത്തിനിടയിലാണ് കഴിഞ്ഞ രാത്രിയില്‍ അപ്രതീക്ഷിതമായി വീണ്ടും പ്രമീളയെ കണ്ടുമുട്ടിയത്.

തികച്ചും അസംതൃപ്തമായ ഒരു ദാമ്പത്യജീവിതമാണ് അവളുടേതെന്നു തിരിച്ചറിയാന്‍ അയാള്‍ക്കു നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ.
തമ്മില്‍ തിരിച്ചറിഞ്ഞ നിമിഷത്തില്‍ രണ്ടാളും നടുങ്ങി.
ആദ്യം നിരസിച്ചെങ്കിലും അവളുടെ നിര്‍ബന്ധപ്രകാരം പിറ്റേദിവസം അയാള്‍ മെര്‍ലിന്റെ ബംഗ്ലാവിലെത്തി.

രോഗിയും ബലഹീനനുമായ ഭര്‍ത്താവിനോടൊത്തുള്ള തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ചു തുറന്നു പറയാന്‍ അവള്‍ക്കു മടിയില്ലായിരുന്നു. വിവാഹിതയായ താന്‍ ഇന്നും കന്യകയായിട്ടാണു ജീവിക്കുന്നതെന്ന് അവള്‍ പറഞ്ഞു.
തന്റെ കഴിവുകേടുകള്‍ അംഗീകരിക്കുന്നതില്‍ ഫ്രാന്‍സിസിനും മടിയില്ലായിരുന്നു. പ്രമീളയുടെ സൗന്ദര്യത്തെ ആരാധിക്കുവാന്‍ മാത്രമേ തനിക്കു കഴിയൂ. വിവാഹത്തിലൂടെ പ്രമീളയോടു ചെയ്ത തെറ്റിന്, അവളുടെ പൂര്‍വ്വകാമുകനായ ജോണിന് അവളെ കൈമാറിക്കൊണ്ട് പ്രായശ്ചിത്തം ചെയ്യാന്‍ വരെ അയാള്‍ തയ്യാറാണെത്രേ.

ജീവിതനൈരാശ്യം ബാധിച്ച ഫ്രാന്‍സീസ് സ്വയം ജീവനൊടുക്കി അവര്‍ക്ക് ഒന്നുചേരാനുള്ള അവസരവും ഒരുക്കിക്കൊടുക്കുന്നു.
ഭര്‍ത്താവിന്റെ മരണത്തെ നിസംഗയായി അഭിമുഖീകരിച്ച പ്രമീളയ്ക്ക് പഴയ കാമുകനെ കൈനീട്ടി സ്വീകരിക്കാനും മടിയില്ലായിരുന്നു.

പക്ഷേ, അവളെ പുണരാന്‍ ഒരുമ്പെട്ട വേളകളിലെല്ലാം ജോണിന് ഒരു മാനസികവിഭ്രാന്തി അനുഭവപ്പെട്ടു. ആത്മഹത്യ ചെയ്ത ഫ്രാന്‍സിസിന്റെ പ്രേതം തന്നെ നോക്കി പല്ലിളിക്കുന്നതായി അവനു തോന്നിത്തുടങ്ങി! അതോടെ അവന്‍ പ്രമീളയില്‍ നിന്നും അകലുവാന്‍ നിര്‍ബന്ധിതനായി.
അതിന്റെ പ്രത്യാഘാതം പ്രമീളയുടെ ആത്മഹത്യ ആയിരുന്നു.
ഒടുവില്‍ ഒരു പുതിയ കഥാപാത്രം നായകനെ തേടി എത്തുകയാണ് പ്രമീളയുടെ കൂട്ടുകാരി മിനി.
ജോണ്‍ അവളുടെ കരം ഗ്രഹിക്കുന്നു. മിനിയെ തന്റെ ജീവിതസഖിയാക്കുന്നു.
 

Read: https://emalayalee.com/writer/285

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക