Image

ജഗജില്ലി - (മുട്ടത്തുവര്‍ക്കിയുടെ നോവലുകളിലൂടെ ഒരു പ്രയാണം - ഭാഗം-16: അന്ന മുട്ടത്ത്)

Published on 08 July, 2024
ജഗജില്ലി - (മുട്ടത്തുവര്‍ക്കിയുടെ നോവലുകളിലൂടെ ഒരു പ്രയാണം - ഭാഗം-16: അന്ന മുട്ടത്ത്)

സമ്പന്നനായിരുന്ന അമ്പാട്ടെ കുഞ്ഞേട്ടന്‍ ഒരു ചിട്ടിക്കു ജാമ്യം നിന്നു പാപ്പരായിപ്പോയ ആളാണ്. വീടും പുരയിടവും വരെ നഷ്ടപ്പെട്ടതോടെ ഭാര്യ അക്കമ്മ പിണങ്ങിപ്പോയി. സഹോദരനോടൊപ്പമായി താമസം. അയാള്‍ക്ക് അതിസുന്ദരികളായ രണ്ടു പെണ്‍മക്കള്‍. മൂത്തവള്‍ അന്നമ്മ ടീച്ചറാണ്. ഇളയവള്‍ പൊന്നമ്മ പഠിക്കുന്നു. അവള്‍ ആളൊരു കേമിയാണ്. അതുകൊണ്ടു തന്നെ നാട്ടുകാര്‍ അവളെ 'ജഗജില്ലി'യെന്നു വിളിക്കും. അന്നമ്മയും പൊന്നമ്മയും സഹോദരികളാണെങ്കിലും കൂട്ടുകാരികളെപ്പോലെയാണ് അവരുടെ ജീവിതം.
കുഞ്ഞേട്ടന്റെ ജാമ്യപ്പറമ്പു വാങ്ങിയ ലോനപ്പന്റെ മകന്‍ തോമ്മാച്ചനുമായി അന്നമ്മ അടുപ്പത്തിലാണ്. എങ്കിലും വീട്ടിലെ സാഹചര്യങ്ങള്‍ ഉടനെ  ഒരു വിവാഹത്തിനു സമ്മതം മൂളാന്‍ അവളെ അനുവദിക്കുന്നില്ല.
ഇതിനിടെ സഹപ്രവര്‍ത്തകനും വിഭാര്യനുമായ ജോര്‍ജു സാറും അവളോട് വിവാഹാര്‍ഭ്യര്‍ത്ഥന നടത്തി. എങ്കിലും തോമ്മാച്ചനെ എന്നും മനസ്സില്‍ സൂക്ഷിക്കുന്ന അന്നമ്മ അത് അപ്പോള്‍ത്തന്നെ നിരസിച്ചു. എങ്കിലും ജോര്‍ജുസാറിന്റെ മനസ്സില്‍ അവള്‍ക്ക് എന്നും ഒരു സ്ഥാനമുണ്ടായിരുന്നു.
തോമ്മാച്ചന്‍ ഇടയ്‌ക്കൊക്കെ അന്നമ്മയെ കാണാന്‍ ആ വീട്ടില്‍വരും. അപ്പോഴൊക്കെ കളിയായോ കാര്യമായോ പൊന്നമ്മ അവനോട് ഉടക്കും അങ്ങനെയാണ് തോമാച്ചന്‍ അവള്‍ക്ക് ജഗജില്ലി എന്നു പേരിട്ടതുതന്നെ.
അവരുടെ ആ ഇണക്കങ്ങള്‍ക്കും പിണക്കങ്ങള്‍ക്കും ഇടയില്‍ത്തന്നെ അന്നമ്മയ്ക്ക് എപ്പോഴോ തോന്നിപ്പോയി, പൊന്നമ്മ തോമ്മാച്ചനുമായി ലോഹൃത്തിലാണോയെന്ന്; പക്ഷേ അവളുടെ ആ തെറ്റിദ്ധാരണ ഏറെ നീണ്ടുനിന്നില്ല.
സ്‌കൂള്‍ ഫൈനല്‍ പരീക്ഷയില്‍ പൊന്നമ്മ പരാജയപ്പെട്ടത് എല്ലാവരെയും ആശ്ചര്യപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്തു. ആയിടയ്ക്ക് നിസാരമായ ഒരു സാരിപ്രശ്‌നത്തില്‍ പൊന്നമ്മ ചേച്ചിയോടു പിണങ്ങി. അതിനടുത്ത ദിവസം അവളെ കാണാതെയുമായി.
അന്നമ്മയും കുഞ്ഞേട്ടനുമൊക്കെ അവളെ പലയിടത്തും അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. എങ്ങും ആകെ പരിഭ്രാന്തിയായി. ഒരു സൂചന കിട്ടിയതനുസരിച്ച് അന്നമ്മ തിരുവനന്തപുരത്തിനും പുറപ്പെട്ടു.
പക്ഷേ പൊന്നമ്മ പോയത് ഫ്‌ളോറ എന്ന കൂട്ടുകാരി പറഞ്ഞതനുസരിച്ച് തലസ്ഥാനനഗരിയില്‍ ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനുവേണ്ടി ആയിരുന്നു. അവള്‍ക്ക് ആ വിവരം യഥാസമയം വീട്ടുകാരെ അറിയിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രം. എന്തായാലും ആ സംഭവം അവളുടെ സല്‍പേരിനു കളങ്കം വരുത്തി.
തോമാച്ചനും അന്നമ്മയുംകൂടി ഭാവികാര്യങ്ങള്‍ പ്ലാന്‍ ചെയ്തു. ജോലി കിട്ടിയ തോമ്മാച്ചന്‍ താമസിയാതെ ബോംബേക്കു പോകും. പിന്നെ തിരിച്ചെത്തി അവന്‍ അന്നമ്മയുടെ കഴുത്തില്‍ താലി ചാര്‍ത്തും. അനന്തരം ബോംബെയില്‍ ഒരു വീടെടുത്ത് അവിടെ താമസിക്കും. അങ്ങനെ അന്നമ്മയുമായുള്ള വിവാഹവാഗ്ദാനം ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ച് അവന്‍ മറുനാട്ടിലേക്കു യാത്രയായി.
ആ സമയത്താണ് അന്നമ്മയുടെ ജീവിതത്തില്‍ ദൗര്‍ഭാഗ്യങ്ങളുടെ വേലിയേറ്റം ഉണ്ടായത്. അവള്‍ ഒരു രോഗിണിയായി മാറി. രോഗം ഗുരുതരമായി. തല മുണ്ഡനം ചെയ്യേണ്ടി വരികയും ആരോഗ്യം നശിക്കുകയും ചെയ്തതോടെ അന്നമ്മയുടെ സൗന്ദര്യം നശിക്കുകയും അവള്‍ ഒരു പ്രാകൃതയായി മാറുകയും ചെയ്തു.
അപ്പോഴും അവള്‍ക്ക് എല്ലാക്കാര്യങ്ങളിലും തുണയായി ജോര്‍ജുസാര്‍ ഉണ്ടായിരുന്നു.
സൗന്ദര്യവും ആരോഗ്യവും നശിച്ച അന്നമ്മയുമായി തന്റെ മകന്റെ വിവാഹം നടത്താന്‍ തോമ്മാച്ചന്റെ അച്ഛന്‍ വിസമ്മതിച്ചതു സ്വാഭാവികം.
വിവരങ്ങളൊന്നുമറിയാതെ തോമ്മാച്ചന്‍ ബോബെയില്‍ നിന്നും പല കത്തുകളും അയച്ചുകൊണ്ടിരുന്നു. തന്റെ മുറിച്ചുകളഞ്ഞ കാര്‍കൂന്തലിനെപ്പോലും പ്രശംസിച്ചുകൊണ്ട് എഴുതിയിരിക്കുന്നതു കണ്ടപ്പോള്‍ ദുഃഖത്താല്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു.
കഥാകൃത്തായ ലോറന്‍സിനെക്കൊണ്ട് പൊന്നമ്മയെ വിവാഹം കഴിപ്പിക്കാന്‍ അന്നമ്മ ആഗ്രഹിച്ചു. എന്നാല്‍ അയാളുടെ കഥകളെ മാത്രം ഇഷ്ടപ്പെട്ടിരുന്ന പൊന്നമ്മയ്ക്ക് ആ കഥാകാരനെ ഇഷ്ടമല്ല.
അതേസമയം അന്നമ്മയുടെ പിന്നാലെ ഒരു പ്രേമഭിക്ഷുവിനെപ്പോലെ നടക്കുന്ന വിഭാര്യനായ ജോര്‍ജുസാറിനോട് അവള്‍ക്കല്പം താല്‍പര്യവുമുണ്ട്.
അന്നമ്മയുടെ രോഗവിവരങ്ങള്‍ അറിഞ്ഞ് തോമാച്ചന്‍ ബോംബെയില്‍ നിന്നും എത്തി. ആ അവസ്ഥയിലും അന്നമ്മയെ തന്റെ ജീവിതസഖിയാക്കാന്‍ അവന്‍ തയ്യാറായിരുന്നു.
പണ്ട് ജാമ്യം നിന്ന് അമ്പാട്ടു കുഞ്ഞേട്ടന് നഷ്ടമായ വീടും പുരയിടവും അപ്പോള്‍ തോമ്മാച്ചന്റെ കൈവശമായിരുന്നു. അവനത് അന്നമ്മയ്ക്കും വീട്ടുകാര്‍ക്കും തിരികെ നല്‍കുന്നു.
അതിനിടയില്‍ അന്നമ്മയുടെ രോഗം വീണ്ടും മൂര്‍ച്ഛിച്ചു. അവള്‍ മരണത്തിലേക്കു നീങ്ങുന്ന അവസ്ഥവരെയുണ്ടായി. അന്നമ്മയുടെ ജീവിതാശകള്‍ അത്രയും നഷ്ടമായി.
അതോടെ അന്നമ്മ പുതിയൊരു തീരുമാനമെടുക്കുകയാണ്. താന്‍ വര്‍ഷങ്ങളായി മനസ്സില്‍ താലോലിച്ചിരുന്ന ആ പ്രണയവിഗ്രഹത്തെ സ്വന്തം സഹോദരിക്കു കൈമാറുക!
മരണാസന്നയായ അന്നമ്മയുടെ മനഃസുഖത്തിനുവേണ്ടിയെങ്കിലും അത്തരം ഒരു തീരുമാനം അംഗീകരിക്കാന്‍ തോമ്മാച്ചനും പൊന്നമ്മയും തയ്യാറായി. അവര്‍ വിവാഹിതരായി. തമ്മില്‍ കാണുമ്പോഴെല്ലാം തന്നോടു വഴക്കിടുമായിരുന്ന ആ ജഗജില്ലിയുടെ കഴുത്തില്‍ തോമ്മാച്ചന്‍ താലി ചാര്‍ത്തി.
അവര്‍ക്കു ബോംബേയില്‍ സുഖദാമ്പത്യം.
അതിനിടെ ഒരു അതിശയം പോലെ മരണാസന്നയെന്ന് വിധിയെഴുതിയിരുന്ന അന്നമ്മ ജീവിതത്തിലേക്കു തിരിച്ചു നടക്കുകയാണ്.
അവള്‍ പഴയ ആരോഗ്യവും സൗന്ദര്യവും വീണ്ടെടുത്തു. അപ്പോള്‍ അവളുടെ കരം ഗ്രഹിക്കാനും ഒരാള്‍ കാത്തുനില്പുണ്ടായിരുന്നു-ജോര്‍ജ് സാര്‍.

Read: https://emalayalee.com/writer/285

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക