Image

റോസമ്മയുടെ വീട് (മുട്ടത്തുവര്‍ക്കിയുടെ നോവലുകളിലൂടെ ഒരു പ്രയാണം (ഭാഗം-17: അന്ന മുട്ടത്ത്)

Published on 14 July, 2024
റോസമ്മയുടെ വീട് (മുട്ടത്തുവര്‍ക്കിയുടെ നോവലുകളിലൂടെ ഒരു പ്രയാണം (ഭാഗം-17: അന്ന മുട്ടത്ത്)

കോളജ് ബ്യൂട്ടിയായ റോസമ്മയ്ക്ക് ഒട്ടേറെ ആരാധകര്‍ ഉണ്ടായിരുന്നെങ്കിലും എന്‍ജിനീയര്‍ ജേക്കബിനാണ് അവളുടെ കാമുകനാകാനും ഭര്‍ത്താവാകാനും ഭാഗ്യമുണ്ടായത്. പക്ഷേ റോസമ്മയെ വൈധവ്യത്തിലേക്കു തള്ളിയിട്ടുകൊണ്ടു നാല്പതാമത്തെ വയസ്സില്‍ അയാള്‍ ഒരു കാറപകടത്തില്‍ കൊല്ലപ്പെട്ടു.

ജേക്കബിന്റെ സ്മരണകള്‍ ഉറങ്ങുന്ന റോസ് വില്ലയില്‍ പിന്നെ റോസമ്മയും കോളജു വിദ്യാര്‍ത്ഥിനിയായ മകള്‍ ഷൈലയും മാത്രം. ജേക്കബിന്റെ ആത്മസുഹൃത്തായ പ്രഫസര്‍ ഐസക് ഷൈലയ്ക്ക് ട്യൂഷനെടുക്കുന്നതിനുവേണ്ടി എല്ലാ സായാഹ്നങ്ങളിലും അവിടെ എത്തുമായിരുന്നു. അവിവാഹിതനായ പ്രഫസര്‍ ചിട്ടയായ ജീവിതം നയിച്ചിരുന്നതിനാല്‍ നാല്പതാമത്തെ വയസിലും കോമളനായ ഒരു ചെറുപ്പക്കാരനായി തോന്നിച്ചിരുന്നു. അദ്ദേഹം അവിവാഹിതനായി കഴിയുന്നതിന്റെ കാരണമെന്തെന്നത് അജ്ഞാതം. ടൗണിലെ വീട്ടില്‍ വൃദ്ധയായ മാതാവിനോടൊത്താണ് അദ്ദേഹത്തിന്റെ താമസം.

ജേക്കബിന്റെ ഒന്നാം ചരമവാര്‍ഷികം കഴിഞ്ഞപ്പോള്‍, ഇനി മറ്റൊരു വിവാഹം കഴിക്കാന്‍ സഹോദരന്‍ ചെറിയാച്ചന്‍ റോസമ്മയെ നിര്‍ബന്ധിച്ചു. എന്നാല്‍ മറ്റൊരു വിവാഹത്തിനോ, ജേക്കബിന്റെ സ്മരണകള്‍ ഉറങ്ങുന്ന വീടുവിട്ടുപോകുന്നതിനോ ഒന്നും റോസമ്മ തയ്യാറായിരുന്നില്ല. കുടുംബസുഹൃത്തായ പ്രഫ. ഐസക്കും റോസമ്മയെ അനുകൂലിച്ചു.

ജേക്കബിന്റെ ചരമവാര്‍ഷികനാളില്‍ റോസമ്മയുടെയും ഷൈലയുടെയും നിര്‍ബന്ധത്തിനുവഴങ്ങി പ്രഫസര്‍ രാത്രിയില്‍ ആ വീട്ടിലാണ് താമസിച്ചത്. ഭര്‍ത്തൃവിരഹദുഃഖം അകറ്റി സന്തോഷവതിയായിരിക്കണമെന്ന് അദ്ദേഹം റോസമ്മയെ ഉപദേശിച്ചു.
പ്രഫസര്‍ പറഞ്ഞ പ്രകാരം പുതുവസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് അദ്ദേഹത്തിന്റെ റൂമില്‍ എത്തിയപ്പോള്‍ മകള്‍ ഷൈല അവിടെ കരഞ്ഞുകൊണ്ടു നില്‍ക്കുന്നതാണു കണ്ടത്. പ്രഫ. ഐസക് ഒന്നും പറയാതെ കാറില്‍ കയറി ഓടിച്ചുപോയി. മുറ്റത്തിറങ്ങി പ്രഫസര്‍ പോയ വഴിയേ നോക്കി നിന്ന റോസമ്മ പെരുമഴയില്‍ നനഞ്ഞു കുളിച്ചു. ഒടുവില്‍ ഷൈലയാണ് അവരെ അകത്തേക്കു പിടിച്ചു കയറ്റിയത്.
പക്ഷേ ആ നിമിഷം മുതല്‍ റോസമ്മയ്ക്ക് എന്തോ മാനസികവിഭ്രാന്തി അനുഭവപ്പെട്ടു. അവളിലെ അമര്‍ത്തപ്പെട്ട മോഹങ്ങളാണ് രോഗകാരണമെന്നും വിവാഹിതയാകുന്നതാവും നന്നെന്നും ഡോക്ടര്‍ അഭിപ്രായപ്പെട്ടു.
താന്‍ പ്രഫസറെ ഒരു പിതാവായി കാണാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അമ്മയെ വിവാഹം കഴിക്കണമെന്നും ഷൈല ആവശ്യപ്പെട്ടു.
 

എന്നാല്‍ അകാലത്തില്‍ മരണപ്പെട്ട തന്റെ ഭര്‍ത്താവിനെക്കുറിച്ചുള്ള ഓര്‍മ്മകളും അദ്ദേഹത്തിന്റെ വീടും ഉപേക്ഷിക്കാന്‍ റോസമ്മ തയ്യാറല്ല.
വിവരങ്ങളറിഞ്ഞ് സഹോദരന്‍ ചെറിയാച്ചന്‍ വീണ്ടും റോസമ്മയെ കാണാനെത്തി. ഒപ്പം സിംഗപ്പൂരില്‍ ബിസിനസുകാരനായ ജോഷിയും ഉണ്ടായിരുന്നു. അയാളെ വിവാഹം കഴിക്കണമെന്ന ചെറിയാച്ചന്റെ നിര്‍ദ്ദേശത്തിന് റോസമ്മ വ്യക്തമായ മറുപടി നല്‍കിയില്ല. പിന്നീട് വിവരം പറയാമെന്നു പറഞ്ഞു മടക്കി അയച്ചു.
ദിവസങ്ങള്‍ക്കുശേഷം റോസമ്മയുടെ താല്‍പര്യപ്രകാരം ഷൈലയും പ്രൊഫസറുമൊക്കെ കൂടി ഒരു ഉല്ലാസയാത്രയ്ക്കു പുറപ്പെട്ടു. ആ ദിവസങ്ങളില്‍ റോസമ്മ വളരെ ഉല്ലാസവതിയായിരുന്നു. എന്നാല്‍ തിരിച്ചെത്തിയപ്പോഴേക്കും അന്തിപ്പത്രങ്ങള്‍ വരെ അവരെക്കുറിച്ച് അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു.

ചെറിയാച്ചന്‍ വീണ്ടും വിവാഹാലോചനയുമായി എത്തി. പ്രഫസറുമായി സമയം ചെലവഴിക്കാന്‍ അവള്‍ക്ക് ഇഷ്ടമാണ്. അതേസമയം തന്റെ കഴുത്തില്‍ താലിചാര്‍ത്തിയ ജേക്കബിനെ മറക്കാനും അവള്‍ക്കാവുകയില്ല.
പ്രൊഫസറും സിംഗപ്പൂരുകാരന്‍ ജോഷിയെ വിവാഹം കഴിക്കാന്‍ പ്രേരിപ്പിച്ചപ്പോള്‍ അതിന്റെ ആത്മാര്‍ത്ഥതയില്‍ റോസമ്മയ്ക്കു സന്ദേഹമായി. തന്നെ ഒഴിവാക്കിയിട്ട് അയാള്‍ ഷൈലയെ വിവാഹം കഴിക്കാന്‍ പ്ലാനിടുകയാണോയെന്നുപോലും അവള്‍ സന്ദേഹിച്ചു.
പ്രഫ. ഐസക്കിന്റെ രോഗബാധിതയായ അമ്മയെ ചികിത്സിക്കാനെത്തിയത് ലേഡി ഡോക്ടര്‍ മാര്‍ഗരറ്റാണ്. അവരുമായി പ്രഫസര്‍ ചങ്ങാത്തത്തിലായി.

ചെറുപ്പത്തില്‍ താന്‍ റോസമ്മയുടെ ആരാധകനായിരുന്നെന്നും എന്നാല്‍ അവള്‍ ജേക്കബിനെ വിവാഹം കഴിച്ചതിനാല്‍ ആ മോഹം ഉള്ളിലൊതുക്കി ബ്രഹ്‌മചാരിയായി ജീവിക്കുകയായിരുന്നെന്നും പ്രഫസര്‍ അറിയിക്കുന്നു.
എന്തായാലും മാര്‍ഗരറ്റും പ്രൊഫസറുമായി വിവാഹ തീരുമാനമായി. മറ്റുള്ളവരുടെ സമ്മര്‍ദ്ദഫലമായി റോസമ്മയും ജോഷിയുമായുള്ള വിവാഹത്തിനു സമ്മതം മൂളി.

അതേത്തുടര്‍ന്ന് റോസമ്മ വീണ്ടും വിഭ്രാന്തിയിലായി. ആദ്യ ഭര്‍ത്താവിനെക്കുറിച്ചുള്ള സ്മരണകള്‍ അവളുടെ ഉറക്കം കെടുത്തി. അവള്‍ തന്റെ വിവാഹ തീരുമാനത്തില്‍ നിന്നു പിന്‍മാറി. അമ്മയുടെ മരണത്തെത്തുടര്‍ന്ന് മാര്‍ഗരറ്റ്-പ്രഫസര്‍ വിവാഹവും അലസി.
ഒടുവില്‍ പ്രഫസര്‍ റോസമ്മയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.

ഷൈലയ്ക്കുവേണ്ടി അദ്ദേഹം തന്റെ ശിഷ്യനായ മോഹന്‍ എന്ന എന്‍ജിനീയറേയും കണ്ടെത്തി. എന്നാല്‍ അതോടെ ഷൈലയുടെ സ്വഭാവത്തില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ പ്രകടമായി. അവള്‍ എന്തിനും അമ്മയെ കുറ്റപ്പെടുത്തിത്തുടങ്ങി. അവളെ സന്തോഷിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും ഫലിച്ചില്ല.
വര്‍ഷങ്ങള്‍ക്കുശേഷം അന്നാദ്യമായി ജേക്കബിന്റെ ഫോട്ടോയ്ക്കു മുന്നില്‍ പൂക്കള്‍ വയ്ക്കാന്‍ റോസമ്മ മറന്നുപോയി. അതിന്റെ പേരില്‍ ഷൈല അമ്മയെ കുറ്റപ്പെടുത്തി. റോസമ്മയുടെ മനസ്സില്‍ ആധി കയറി. അമ്മയും മകളും ഒന്നുപോലെ മാനസിക വിഭ്രാന്തിയിലായിരുന്നു.
പിറ്റേന്നു പ്രഭാതത്തില്‍ വീട്ടിലെത്തിയവര്‍ കണ്ടത് റോസമ്മയുടെ മൃതദേഹമാണ്. അമ്മയെ കൊലപ്പെടുത്തിയ ഷൈലയുടെ കാറും മൃതദേഹവും മൈലകള്‍ക്കപ്പുറത്തു നിന്നും കണ്ടെത്തി.
ഋതുക്കള്‍ കടന്നുപോയി. ഇപ്പോഴും ചില രാത്രികളില്‍ ആ വീടിന്റെ മട്ടുപ്പാവില്‍ മധ്യവയസ്‌കയായ ഒരു സ്ത്രീയുടെ രൂപം ചിലരൊക്കെ കാണാറുണ്ടത്രേ. മനോരോഗിയായി മാറിയ ഒരു പ്രഫസറും അവിടുത്തെ വീഥികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഒടുവില്‍ അയാളുടെ പ്രയാണം അവിടുത്തെ സിമിത്തേരിയില്‍ അവസാനിച്ചു. റോസമ്മയുടെയും ഷൈലയുടെയും കുഴിമാടങ്ങള്‍ക്കരികില്‍.

Read: https://emalayalee.com/writer/285

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക