Image

വിമോചനം (എന്റെ കുട്ടി തിരികെ വന്നു -ഉര്‍സൂല പവേല്‍ (വിവര്‍ത്തനം ഭാഗം-15 നീനാ പനയ്ക്കല്‍)

Published on 22 July, 2024
വിമോചനം (എന്റെ കുട്ടി തിരികെ വന്നു -ഉര്‍സൂല പവേല്‍ (വിവര്‍ത്തനം ഭാഗം-15 നീനാ പനയ്ക്കല്‍)

വിമോചനം


1945 മേയ് 8. നന്നേ രാവിലെ ഞങ്ങളെ അടച്ചിട്ടിരുന്ന ഫാക്ടറിക്കെട്ടിടത്തിന്റെ വാതില്‍ തുറന്ന് ഒരു ജര്‍മ്മന്‍ പട്ടാളക്കാരന്‍ അകത്തുവന്നു അയാള്‍ ഒറ്റയ്‌ക്കേ ഉണ്ടായിരുന്നുള്ളു. എന്തു പറയണമെന്നറിയാതെ അയാള്‍ കുഴങ്ങുന്നതുപോലെ തോന്നി. ''ലേഡീസ്.....'' ഞങ്ങള്‍ പരസ്പരം നോക്കി. ഞങ്ങളോടാണോ ഇയാള്‍ സംസാരിക്കുന്നത്? ഞങ്ങള്‍ക്ക് വൃത്തികെട്ട പട്ടിച്ചികളേ ഉശൃ്യേ ആശരേവല െ എന്നു വിളിക്കുന്നതുകേട്ടാണ് ശീലം. അയാള്‍ തുടര്‍ന്നു. ''നിങ്ങളുടെ ഗാര്‍ഡുകള്‍ പോയിക്കഴിഞ്ഞു. നിങ്ങള്‍ സ്വതന്ത്രരാണ്.'' ഇത്രയും പറഞ്ഞിട്ട് അയാള്‍ പോയി.
ഞങ്ങള്‍ക്ക് സത്യത്തില്‍ ഒന്നും മനസ്സിലാവുന്നില്ല. സന്തോഷിക്കാന്‍ ഞങ്ങള്‍ക്ക് പേടിയായിരുന്നു. ക്യാമ്പ് വിട്ട് ഇറങ്ങാന്‍ ഞങ്ങള്‍ ഭയന്നു. മോറിസും മറ്റു യുദ്ധത്തടവുകാരും കൂടി വന്ന് ഞങ്ങളെ വലിച്ച് കെട്ടിടത്തിനു പുറത്താക്കി. മോറിസും കൂട്ടരും ഞങ്ങള്‍ക്ക് ധൈര്യം തരാന്‍ ഞങ്ങളൊടൊപ്പം ആ മനോഹരമായ മലയടിവാരത്തിലേക്ക് ഓടി വന്നു. ഞങ്ങള്‍ സ്വതന്ത്രരാണ് എന്ന ബോധം വളരെ സാവധാനത്തില്‍ ഞങ്ങളുടെ ഉള്ളിലേക്ക് കയറിത്തുടങ്ങി. ഒരു നിമിഷം ഒറ്റയ്ക്ക് നടക്കാന്‍ വിട്ട കുട്ടികളെപ്പോലെ ഞങ്ങള്‍ക്കു തോന്നി. തൊട്ടടുത്ത നിമിഷം കൂടിനകത്തു നിന്നു പുറത്തേക്ക് രക്ഷപ്പെട്ട കാട്ടുമൃഗങ്ങളെപ്പോലെയും.
ഞങ്ങള്‍ക്ക് വല്ലാതെ വിശക്കുന്നുണ്ടായിരുന്നു. ആഹാരം എന്നൊരു ചിന്ത മാത്രമേ ഇപ്പോള്‍ ഞങ്ങള്‍ക്കുള്ളൂ. ഞങ്ങള്‍ ആറുപേരും ഒരു കളപ്പുരയില്‍ നിന്ന് മറ്റൊരു കളപ്പുരയിലേക്ക് ഓടിക്കൊണ്ടിരുന്നു (ഞങ്ങള്‍ക്കിപ്പോള്‍ ജര്‍മ്മന്‍കാരെ പേടിയില്ല. യുദ്ധത്തെ ഭയന്ന്, ഓടിപ്പോകാന്‍ മടിച്ച് ഫാം ഹൗസുകളില്‍ ഒളിച്ചു കഴിയുന്ന അവരെ ഞങ്ങളെന്തിനു പേടിക്കണം. ഒരു കളപ്പുര വീട്ടില്‍ താമസിക്കുന്നവര്‍ ഞങ്ങളെ അവരുടെ ആഹാരമേശയിലേക്ക് ക്ഷണിച്ചു. അവരുടെ മേശപ്പുറത്ത് വലിയ മണ്‍കലത്തില്‍ ആവി പറക്കുന്ന പുഴുങ്ങിയ ഉരുളക്കിഴങ്ങും തൊട്ടടുത്ത് മറ്റൊരു പാത്രത്തില്‍ കോട്ടേജ് ചീസും ഇരിപ്പുണ്ടായിരുന്നു. ആവശ്യംപോലെ എടുത്ത് കഴിച്ചോളാന്‍ അവര്‍ ഞങ്ങളോടു പറഞ്ഞു. പന്നികളെപ്പോലെ മുക്രയിട്ട് ഞങ്ങള്‍ പൊട്ടറ്റോ തിന്നാന്‍ തുടങ്ങി, തൊലികളയാതെ കൈകൊണ്ട് വാരിയെടുത്ത് എത്രത്തോളം വായ്ക്കകത്തേക്ക് കുത്തിനിറച്ചിട്ടും മതിയാവുന്നില്ല. ആ കൃഷിക്കാരും അവരുടെ സഹായികളും കഴിക്കുന്നതു മതിയാക്കി അത്ഭുതപൂര്‍വ്വം ഞങ്ങളെ നോക്കിയിരുന്നു. വിശന്നു വലഞ്ഞ മൃഗങ്ങള്‍ കഴിക്കുന്നതു നോക്കുന്നതു പോലെ.
ഞങ്ങള്‍ ആരുമില്ലാത്ത ഒരു സ്റ്റോറില്‍ ചെന്നു കയറി. അവിടെ നിന്ന് മര്‍മ്മലേഡ് എന്ന മധുരപദാര്‍ത്ഥം ഇരുകൈകളും കൊണ്ട് വാരിത്തിന്നു. ഞങ്ങള്‍ ഒരുപാട് കുടിക്കുകയും കഴിക്കുകയും ചെയ്തത് ഞങ്ങളുടെ പട്ടിണിയിലായിരുന്ന ശരീരത്തിന് ഉള്‍ക്കൊള്ളാനായില്ല. ഞങ്ങള്‍ക്ക് വല്ലാത്ത അസുഖം തോന്നി. പാലും കൊഴുപ്പുമൊന്നും ദഹിപ്പിക്കാന്‍ ഞങ്ങളുടെ ശരീരത്തിന് ആവില്ലായിരുന്നു. എല്ലാം ഛര്‍ദ്ദിച്ചു കളയാന്‍ സാധിച്ചത് ഭാഗ്യമായിപ്പോയി. സത്യത്തില്‍ ശരീരത്തിന്റെ രണ്ടു ഭാഗങ്ങളിലൂടെയും ഞങ്ങള്‍ ഛര്‍ദ്ദിച്ച്, മെര്‍ഡോഫിലെ മനോഹരമായ താഴ്‌വര മുഴുവന്‍ നാറ്റി.
ഉച്ചയ്ക്ക് ഒരുമണിയായപ്പോള്‍ ഞങ്ങളെ തുറന്നുവിട്ട റഷ്യന്‍ പട്ടാളക്കാരന്‍ ഒരു സൈക്കിളില്‍ ഞങ്ങളുടെ അടുത്തെത്തി. ചെക്കോസ്ലാവോക്യയില്‍ നിന്നു  വന്ന തടവുകാര്‍ക്ക് റഷ്യാക്കാരുമായി സംസാരിക്കാന്‍ സാധിച്ചു. കുറച്ചു സമയം കഴിഞ്ഞ് ഒരു കൂട്ടം പടയാളികള്‍ മോട്ടോര്‍ ബൈക്കില്‍ ഞങ്ങളുടെ അടുക്കലെത്തി. അവര്‍ ഫാക്ടറിയിലെ അസുഖക്കാരുടെ മുറിയിലാണ് ആദ്യം പോയത്. ഞങ്ങള്‍ക്കവര്‍ സിഗററ്റ് തന്നു. പിന്നെ ചോദിച്ചതെല്ലാം തന്നു. ഞങ്ങളുടെ ക്യാമ്പില്‍ ആഹാരസാധനങ്ങള്‍ വിറ്റിരുന്ന (അയാള്‍ ഞങ്ങളുടെ റേഷന്‍ സാധനങ്ങള്‍ ബ്ലാക് മാര്‍ക്കറ്റില്‍ വിറ്റ് പണമുണ്ടാക്കിയിരുന്നു.) കടക്കാരനോട് ഞങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം തരാന്‍ അവര്‍ ആജ്ഞാപിച്ചു, വെറുതെ തരാനല്ല, എല്ലാം പൊതിഞ്ഞുകെട്ടിത്തരാന്‍. ഞങ്ങള്‍ അയാളുടെ കടയിലുള്ളതെല്ലാം കവര്‍ച്ച ചെയ്യുമ്പോള്‍ റഷ്യന്‍ പട്ടാളക്കാരും ഞങ്ങളെ ഉത്സാഹപൂര്‍വ്വം സഹായിച്ചു.
ഹന്ന, ഹങ്ക, ഡീന, ഹില്‍ഡ്, ബുഷി, പിന്നെ ഞാന്‍. തടവിലായിരുന്നപ്പോഴെന്നപോലെ ഞങ്ങള്‍ വേര്‍പിരിയാനാവാത്ത കൂട്ടുകാരായിരുന്നു. ഞങ്ങളുടെ അടുത്തുള്ള ബങ്കുകളില്‍ കിടന്നവരെ, ഞങ്ങളോടൊപ്പം ജോലി ചെയ്തിരുന്നവരെ, ഞങ്ങള്‍ ഗൗനിച്ചതേയില്ല. അവര്‍ ഒരിക്കലും ഞങ്ങളോട് അടുപ്പം കാണിച്ചവര്‍ ആയിരുന്നില്ല. ഞങ്ങളായിരുന്നല്ലോ ആ ഫാക്ടറിയില്‍ അവസാനം എത്തിച്ചേര്‍ന്നവര്‍.
കീറത്തുണികള്‍ ഉടുത്താണ് ഞങ്ങള്‍ നടന്നിരുന്നത്. ആളുകള്‍ ഒഴിഞ്ഞുപോയ ജര്‍മ്മന്‍ വീടുകളില്‍ കയറി എന്തൊക്കെ എടുക്കാമോ അവയൊക്കെയും ഞങ്ങള്‍ എടുത്തു. ഒരുപാട് ഷൂസുകള്‍ കണ്ടെടുത്തു. വസ്ത്രങ്ങള്‍ പ്രധാനമായും അടിവസ്ത്രങ്ങള്‍, ഞങ്ങള്‍ക്ക് പാകമാണോ എന്നൊന്നും നോക്കിയില്ല. (എട്ടു മാസത്തോളം ഞങ്ങള്‍  അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നതേയില്ലല്ലോ.)
ഞങ്ങളുടെ ഒന്നാമത്തെ ആഗ്രഹം ആഹാരത്തോടു തന്നെയായിരുന്നു. ആഹാരം, കൂടുതല്‍ ആഹാരം. ഞങ്ങളുടെ ഫാക്ടറി ഫോര്‍മാന്‍മാരെ കണ്ടതേയില്ല.  ടട അവിടെയുള്ള സ്ത്രീ ഗാര്‍ഡുകളുമായി ഓടി രക്ഷപ്പെട്ടു. എന്റെ പ്രതികാരം അവരില്‍ നടത്താനായില്ലല്ലോ എന്ന വലിയ ഖേദം എന്നില്‍ ശേഷിച്ചു. കമാണ്ടര്‍ എര്‍ണ്ണാ റിങ്കയുടെ മുടി ഷേവ് ചെയ്ത് അവരെ മൊട്ടച്ചിയാക്കണമായിരുന്നു. ആ ക്രൂരയായ ബ്രോന്യക്ക് കുറെ നല്ല അടി വച്ചുകൊടുക്കണമായിരുന്നു. അവളുടെ തലമുടി മൊട്ടയടിക്കണമായിരുന്നു. ഫാക്ടറിയുടെ കതകു തുറന്നതും ബ്രോണ്യ ചാടി പുറത്തിറങ്ങി ഓടിക്കളയുകയായിരുന്നു.
ഞങ്ങള്‍ക്ക് ക്യാമ്പില്‍ വന്നുകിടക്കാന്‍ സാധിക്കുമായിരുന്നില്ല. ക്യാമ്പ് ആകെ താറുമാറായി കിടക്കുകയായിരുന്നു. തടവുകാരെല്ലാം പുറത്തുപോയി കുറെയേറെ ആഹാരം കഴിച്ചിരുന്നു, അതും കട്ടിയുള്ള  ആഹാരസാധനങ്ങള്‍. മിക്കവര്‍ക്കും ദഹനക്കേടുണ്ടായി. അവര്‍ കിടക്കയിലും ബങ്കിലും തറയിലുമൊക്കെ ഛര്‍ദ്ദിച്ചുകൂട്ടി. അതു കണ്ടപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു, ഞങ്ങള്‍ക്ക് ക്യാമ്പ് വിട്ടുപോകുവാന്‍ സമയമായി എന്ന്.
അടുത്ത പ്രഭാതത്തില്‍ ഞങ്ങള്‍ ഒരു ടട ഡോക്ടറുടെ വീട് ഗ്രാമത്തിനരികില്‍ കണ്ടുപിടിച്ചു. ആരൊക്കെയോ അതിനകം കവര്‍ച്ച ചെയ്തിരുന്നു. തട്ടിന്‍പുറത്ത് വലിയ ഗ്ലാസ് ഭരണികളില്‍ കേടുവരാതെ സൂക്ഷിച്ചിരുന്ന ഉള്ളിയും പലതരം പിക്കിളുകളും ഉണ്ടായിരുന്നത് ഞങ്ങള്‍ നന്നായി ആസ്വദിച്ചു കഴിച്ചു. ഈ സമയം ഞങ്ങള്‍ക്ക് കൈകളിലെടുത്തുകൊണ്ടുപോകാനാവാത്ത വിധം  കവര്‍ച്ച വസ്തുക്കളുണ്ടായിരുന്നു. അവിടെ കണ്ട, കുട്ടികളെ കൊണ്ടുപോകാനുപയോഗിക്കുന്ന ബേബി കാര്യേജ് ഞങ്ങളുടെ പ്രശ്‌നപരിഹാരമായി.
ഞാനും ബുഷിയും കുറച്ച് ഇംഗ്ലീഷ് അറിയാവുന്ന ഒരു റഷ്യന്‍ ഓഫീസറെ കണ്ടു. അയാള്‍ ഞങ്ങളെ എത്രയും വേഗം മേര്‍ഡോഫ് വിട്ടുപോകാന്‍ ഉത്സാഹിപ്പിച്ചു. ഇപ്പോള്‍ തുറന്നു കിടക്കുന്ന ബോര്‍ഡറുകള്‍ വേഗം അടയ്ക്കപ്പെട്ടേക്കാം.
കുറച്ചുനേരത്തെ സംസാരത്തിനും ആലോചനകള്‍ക്കും ശേഷം ബുഷിയും ഞാനും ഞങ്ങളുടെ ചെക്ക് തടവുകൂട്ടുകാരോടൊപ്പം പ്രാഗിലേക്കു പോകാമെന്നു തീരുമാനിച്ചു. ധാരാളം ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെന്ററുകള്‍ ഉള്ള പ്രാഗിനെപ്പോലുള്ള വലിയ സിറ്റിയില്‍ നിന്ന് കാലതാമസം കൂടാതെ ഞങ്ങള്‍ക്ക് ലിപ്പോര്‍ഗിലേക്കും ആംസ്റ്റര്‍ഡാമിലേക്കും എത്തിച്ചേരാന്‍ സാധിച്ചേക്കും.
ടട ഡോക്ടറുടെ വീട്ടില്‍ ഞങ്ങള്‍ രാത്രികഴിച്ചു ആ വീടിന്റെ ഓരോ മുക്കും മൂലയും ഞങ്ങള്‍ അരിച്ചുപെറുക്കി. എല്ലാ ഡ്രോയറുകളും ക്ലോസെറ്റുകളും പരിശോധിച്ചപ്പോള്‍ അണ്ടര്‍വെയറുകളും മറ്റു പലതരത്തിലുള്ള വസ്ത്രങ്ങളും ഞങ്ങള്‍ക്കു ലഭിച്ചു. ഞങ്ങള്‍ അവയെല്ലാം അണിഞ്ഞു നോക്കുമ്പോള്‍ ചുവരില്‍ തൂങ്ങുന്ന കുടുംബഫോട്ടോയില്‍ ഉള്ളവരുടെ കണ്ണുകള്‍ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ വീട്ടിലെ മനോഹരമായ കുളിമുറികളില്‍ ഞങ്ങളെത്തന്നെ ശുദ്ധിവരുത്തി. നന്നായി കുളിച്ചു എന്നു സാരം. കുളിക്കുക മാത്രമല്ല, ശരീരത്തിലെ പേനുകളെയും നീക്കം ചെയ്തു. 
ഹങ്ക ആ വീട്ടിലെ പിയാനോയില്‍ ആകൃഷ്ടയായി. പിയാനോ വായിക്കാന്‍ അവള്‍ക്കുള്ള കഴിവു കണ്ട് ഞാന്‍ അത്ഭുതപ്പെടുകയും അവളെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുകയും ചെയ്തു. (എത്ര മനോഹരമായാണ് അവള്‍ പിയാനോ വായിക്കുന്നത്!! എനിക്കും അങ്ങനെ ചെയ്യാനാവണേ എന്ന് ഞാന്‍ എത്ര ആശിച്ചു!!)
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പു വരെ എങ്ങനെ ജീവിക്കും എന്ന കാര്യമോര്‍ത്തു മാത്രം വ്യാകുലപ്പെട്ടിരുന്ന ഞങ്ങള്‍ക്ക് ഇപ്പോള്‍ ജീവരക്ഷയെക്കാള്‍ കൂടുതല്‍ ചിന്തിക്കാനുണ്ട്. ശല്യപ്പെടുത്തുന്ന ചിന്തകള്‍ പലതും ഇപ്പോള്‍ മനസ്സിനെ മറനീക്കി പുറത്തു വരുന്നുണ്ട്. എനിക്കറിയാം, എന്റെ പപ്പായെയും സഹോദരനെയും ഇനിയൊരിക്കലും കാണാനാവില്ല എന്ന്. എന്റെ മമ്മ യുദ്ധത്തെ തരണം ചെയ്തു കാണുമോ? മമ്മാ ഇപ്പോഴും വിയന്നായില്‍ ആണോ? ലിപ്പ്ബര്‍ഗില്‍ ഞാന്‍ ആരെയാവും കണ്ടുമുട്ടുക? ഡച്ച് - ജര്‍മ്മന്‍ ബോര്‍ഡറിന് അകലെയല്ല ലിപ്പ്ബര്‍ഗ് ഗ്രാമം. എന്റെ ആന്റി മിന്‍ചെന്‍ താമസിച്ചിരുന്ന ഗ്രാമം! ഞങ്ങളെല്ലാവരും ഒരുമിച്ചുകൂടാന്‍ നിശ്ചയിച്ചിരുന്ന ഗ്രാമം!!
്യൂഞങ്ങള്‍ ടട ഡോക്ടറുടെ ഭക്ഷണമേശ അയാളുടെ ചൈനകളും വെള്ളിക്കരണ്ടികളും ഫോര്‍ക്കുകളും നിരത്തിയൊരുക്കി. ഞങ്ങളെ നരകത്തില്‍ നിന്ന് രക്ഷിച്ചതിന് നന്ദി പറഞ്ഞു. ആ രാത്രിയില്‍ ഞങ്ങളുടെ വികാരങ്ങള്‍ അണപൊട്ടിയൊഴുകി; ഞങ്ങളെ തൊട്ടുണര്‍ത്തിക്കൊണ്ട്. ആ രാത്രി ഞങ്ങള്‍ നല്ല ബെഡില്‍ ഉറങ്ങി. സത്യത്തില്‍ നല്ല  ബഡില്‍ ഉറങ്ങാന്‍ പഠിക്കേണ്ടിയിരിക്കുന്നു ഞങ്ങള്‍ക്ക്. കാരണം ഞങ്ങളില്‍ ചിലര്‍ ഉണര്‍ന്നത് നിലത്തുനിന്നുമാണ്.
മേയ് 10. പിറ്റേ ദിവസം രാവിലെ ഞങ്ങള്‍ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ റഷ്യന്‍ യഹൂദ പട്ടാളക്കാരന്‍ ഞങ്ങളെ സന്ദര്‍ശിച്ചു. ഒരു സര്‍പ്രൈസ് വിസിറ്റ്. ഞങ്ങളുടെ ചെക്കോസ്ലാവോക്യന്‍ കൂട്ടുകാര്‍ എങ്ങനെയോ അയാളുമായി ബന്ധം പുലര്‍ത്തിയിരുന്നു. ബുഷിയും ഞാനും അവരോട് കൃതജ്ഞത പറഞ്ഞു. അയാള്‍ക്ക് ഉടനേ പോകേണ്ടതുണ്ടെന്ന് അയാള്‍ പറഞ്ഞു. പോകുന്നതിനു മുന്‍പ് അയാള്‍ വാഗണില്‍ പേടിച്ചോടുന്ന ചില ജര്‍മ്മന്‍കാരോട് അവരുടെ സൈക്കിളുകള്‍ ഞങ്ങള്‍ക്ക് തരാന്‍ ആജ്ഞാപിച്ചു. 'മെഷീന' എന്നാണ് അയാള്‍ സൈക്കിളിനെ വിളിച്ചത്. അയാള്‍ ഓരോ ബൈക്കും പരിശോധിച്ച് ഒരു ഗുണവുമില്ലാത്തവ കളഞ്ഞ്. നല്ല ബലമുള്ള ആറ് 'മെഷീന'കള്‍ അയാള്‍ ഞങ്ങള്‍ക്കു തന്നു. 'ഈ മെഷീനകളില്‍ നിങ്ങള്‍ക്ക് വീട്ടില്‍ പോകാം' അയാള്‍ പറഞ്ഞു. സത്യത്തില്‍ അയാള്‍ എനിക്കും ബുഷിക്കും തന്ന 'മെഷീന'കളില്‍ തന്നെയാണ് ഞങ്ങള്‍ എന്റെ സ്ഥലത്ത് എത്തിച്ചേര്‍ന്നത്. പക്ഷെ ആ സ്ഥലം ഇനിയൊരിക്കലും എന്റെ വീടാകാതെവണ്ണം ആകെ മാറിപ്പോയിരുന്നു.
ട്രെയിനുകള്‍ എങ്ങോട്ടേക്കും ഓടുന്നുണ്ടായിരുന്നില്ല. മേയ് പത്തിന് ഞങ്ങള്‍ മെര്‍ഡോര്‍ഫ് വിട്ടു. സൈക്കിളില്‍ കയറുന്നതിനു മുന്‍പ് അയാള്‍ ഞങ്ങള്‍ക്ക് കര്‍ശനമായ മുന്നറിയിപ്പ് നല്‍കി. ഒരാളില്‍ നിന്നും, റഷ്യന്‍ പട്ടാളക്കാരുള്‍പ്പടെ, സൗജന്യയാത്ര സ്വീകരിക്കരുത് എന്ന്. എത്രയെളുപ്പം വികാരങ്ങള്‍ വൃണപ്പെടുത്തുന്ന സമയമാണിതെന്ന് ഞങ്ങള്‍ക്കുപോലും അറിയില്ലായിരുന്നല്ലോ.
എന്റെ സ്വാതന്ത്ര്യത്തിനു ശേഷം എനിക്ക് എന്റെ അനുഭവങ്ങളെക്കുറിച്ച് എഴുതണമെന്ന ത്വരയുണ്ടായി. റോജിലായിരിക്കുമ്പോഴേ ഞാന്‍ നിരവധി ചെറിയ നോട്ടുകള്‍ എഴുതി സൂക്ഷിച്ചു. പിന്നീട് അത് ഒരു ഡയറിയില്‍ പകര്‍ത്തി. ആ ഡയറി എന്റെ ആന്റി തന്നതാണ്; ഞങ്ങള്‍ അവരുടെ പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ വീട്ടില്‍ എത്തിയ ശേഷം.
ആ ഡയറി ഇപ്പോഴും എന്റെ കൈയിലുണ്ട്. അത് എന്റെ കഥയെഴുതുന്നതില്‍ വഹിച്ച പ്രാധാന്യം ചെറുതല്ല.

Read: https://emalayalee.com/writer/24

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക