Image

എന്റെ കുഞ്ഞ് തിരികെ വന്നു -ഉര്‍സൂല പവേല്‍ (വിവര്‍ത്തനം ഭാഗം-17 നീനാ പനയ്ക്കല്‍)

Published on 09 August, 2024
എന്റെ കുഞ്ഞ് തിരികെ വന്നു -ഉര്‍സൂല പവേല്‍ (വിവര്‍ത്തനം ഭാഗം-17 നീനാ പനയ്ക്കല്‍)

അദ്ധ്യായം 17

വാര്‍ബര്‍ഗ്ഗില്‍ നിന്ന് ലിപ്പ്‌ബോര്‍ഗിലേക്കുള്ള ഞങ്ങളുടെ യാത്രയെക്കുറിച്ച് വിശദമായി എഴുതിയ നോട്ടുകള്‍ എനിക്ക് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ എനിക്ക് തീര്‍ച്ചയുണ്ട് ഞങ്ങള്‍ ജൂണ്‍ രണ്ടിനാണ് അവിടെ എത്തിയതെന്ന്. അന്ന് എന്റെ പപ്പായുടെ പിറന്നാളായിരുന്നു.
വൈകുന്നേരമാവാറായ സമയമായിരുന്നു. നല്ല സൂര്യപ്രകാശമുള്ള മനോഹരമായ ഒരു ദിവസം. ലിപ്പ്‌ബോര്‍ഗിന് ആകെയൊരു പ്രധാന പാതയാണുള്ളത്, ഡോര്‍ഫ് സ്ട്രാസ്സ്. ഞങ്ങള്‍ ഡോര്‍ഫ് സ്ട്രാസ്സിലേക്ക് സൈക്കിള്‍ ഉന്തിക്കൊണ്ടു വരുമ്പോള്‍ എന്റെ മമ്മാ റോഡിന്റെ മധ്യത്തില്‍ നില്ക്കുന്നതു കണ്ടു. അവരുടെ കൈയ്യില്‍ കഴുകിയ വലിയ ഒരു കെട്ടു തുണികളുണ്ടായിരുന്നു. അതുമായി ഗ്രാന്‍ഡ്മായുടെ വീട്ടിലേക്ക് പോവുകയായിരുന്നു മമ്മാ. കണ്ട നിമിഷം തന്നെ മമ്മായെ ഞാന്‍ തിരിച്ചറിഞ്ഞു. നല്ല കറുത്ത മനോഹരമായ മുടിയുമായേ ഞാന്‍ മമ്മായെ കണ്ടിരുന്നുള്ളു. ഇപ്പോള്‍ അതു മുഴുവന്‍ നരച്ചു പോയിരുന്നു. ഞങ്ങളെ കണ്ടപ്പോള്‍ തുണികള്‍ അവരുടെ കൈയ്യില്‍ നിന്നും താഴെ വീണു. ആ കണ്ണുകളിലൂടെ ജലനദികള്‍ ഒഴുകി. മമ്മാ എന്നേയും ബുഷിയേയും നോക്കി. പിന്നെ പിറകിലേക്കും. ഡോര്‍ഫ് സ്ട്രാസേയിലേക്കവര്‍ വീണ്ടും വീണ്ടും നോക്കി. അവരുടെ ശരീരം സ്തംഭനാവസ്ഥയിലായി. അവര്‍ക്കു മനസ്സിലായി ഞങ്ങളോടൊപ്പവും ഞങ്ങള്‍ക്കു പിറകിലും മറ്റാരുമില്ലെന്ന്. അവര്‍ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു. അവരുടെ ആദ്യവാക്കുകള്‍ ഞാനിപ്പോഴും ഓര്‍ക്കുന്നു. ''പപ്പായും ബ്യുബുച്ചനും (എന്റെ അനുജന്‍ വാള്‍ട്ടറിനെ ഞങ്ങള്‍ ഓമനിച്ചു വിളിക്കുന്ന പേരാണ് ബ്യുബുച്ചന്‍) തിരികെ വരുന്നില്ലാ?'' മമ്മാ കരയുകയും എന്നോട് ഒരു ചോദ്യം ചോദിക്കുകയും  അതേ സമയം ഒരു പ്രസ്താവന നടത്തുകയുമായിരുന്നു. മമ്മാ ഉച്ചത്തില്‍ ആന്റി മിന്‍ചെനെ വിളിച്ചു. ചുറ്റുപാടുമുള്ളവര്‍ വീടുകള്‍ തുറന്ന് പുറത്തു വന്നു. എന്റെ മമ്മാ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. ''എന്റെ കുഞ്ഞ് തിരികെ  വന്നു, എന്റെ കുഞ്ഞ് തിരികെ വന്നു.'' ങ്യ ഇവശഹറ ശ െആമരസ!! എന്റെ മിന്‍ചെന്‍ ആന്റി ഓടി വന്നു. എന്നെ കെട്ടിപ്പിടിച്ചു. ''ഓട്ടോയും ബ്യുബുച്ചനും എവിടെ?''
എന്റെ ഗ്രാന്‍ഡ്മാ ഷ്‌നൈഡറും മിലി ആന്റിയും ലിപ്പ്‌ബോര്‍ഗില്‍ ഒരു വര്‍ഷമായി താമസിക്കുന്നുണ്ടായിരുന്നു. ഡോര്‍ട്ട്മണ്ടില്‍ അവര്‍ താമസിച്ചിരുന്ന സ്ഥലം ബോംബ് ഇട്ടു നശിപ്പിച്ചുകളഞ്ഞിരുന്നു. ഡോര്‍ഫ്‌സ്ട്രാസേയില്‍ ഒരു മദ്യശാലയുടെ മുകളിലെ  ഒരു അപ്പാര്‍ട്ട്‌മെന്റ് അവര്‍ കണ്ടുപിടിച്ച് അവിടെ താമസമാക്കി. എന്റെ ഗ്രാന്‍ഡ്മായും ആന്റി മിലിയും സ്ട്രീറ്റിലേക്ക് നടന്നു വരുന്നതു കണ്ടതു തന്നെ ഒരു മനോഹരമായ അത്ഭുതമായിരുന്നു. ഗ്രാന്‍ഡ്മായുടെ മുഖം, മുഖത്തെ ഭാവം എനിക്കിപ്പോഴും കാണാം. ആ കണ്ണുകള്‍ നിറഞ്ഞ് കവിളുകളിലൂടെ ഒഴുകിയിരുന്നു.
പാവം ബുഷി! അവള്‍ക്കറിയാമായിരുന്നു, ആംസ്റ്റര്‍ഡാമില്‍ അവളെ സ്വീകരിക്കാന്‍ ആരുമുണ്ടാവില്ല എന്ന്. നാസികള്‍ അവളുടെ ഭര്‍ത്താവിനെ കൊന്നുകളഞ്ഞു. (അയാള്‍ യഹൂദന്‍ അല്ലായിരുന്നു, യഹൂദസ്ത്രീയെ വിവാഹം കഴിച്ചതുകൊണ്ട് അയാളുടെ മാതാപിതാക്കള്‍ അവരെ രണ്ടുപേരെയും ഉപേക്ഷിച്ചിരുന്നു.) അവളുടെ മാതാപിതാക്കള്‍ മരിച്ചുപോയി. അവള്‍ അവര്‍ക്ക് ഒരേയൊരു മകളായിരുന്നു. അവള്‍ക്ക് ഹോളണ്ടില്‍ അവളുടെ ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ മുന്നില്‍ ചെല്ലണം. എന്നിട്ടവരോടു പറയണം ''ഞാന്‍ യഹൂദാമതക്കാരി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ നിന്ന് രക്ഷപെട്ടു. നിങ്ങളുടെ യഹൂദനല്ലാത്ത മകനെ നാസികള്‍ ക്യാമ്പിലിട്ട് കൊന്നു.''
ഒടുവില്‍ എന്റെ മമ്മായും ഗ്രാന്‍ഡ്മായും ആന്റിമാരും ബുഷിയുടെ നേര്‍ക്ക് തിരിഞ്ഞു. ആയിരക്കണക്കിനു ചോദ്യങ്ങളാണ് അവര്‍ക്കുണ്ടായിരുന്നത്. വീടിനകം ആകെ താറുമാറായി. ആന്റി മിന്‍ചെന്‍ ഞങ്ങള്‍ക്ക് കുളിക്കാന്‍ വലിയ തൊട്ടിയില്‍ വെള്ളം ചൂടാക്കി. സിങ്ക് ബാത്ത്ടബ്ബ് അടുക്കളയില്‍ കൊണ്ടുവന്നു വച്ചു. എന്റെ മമ്മായും ആന്റി മിന്‍ചെനും ഞങ്ങളെ കുളിപ്പിച്ചു. ഗ്രാന്‍മാ ഷ്‌നൈഡര്‍ തൊട്ടടുത്ത് നിന്ന് എല്ലാറ്റിനും മേല്‍നോട്ടം വഹിക്കുന്നുണ്ടായിരുന്നു. ''കഴുത്തിനു ചുറ്റും ബ്രഷ് ഉപയോഗിക്ക്, കാലിന്റെ നഖങ്ങള്‍ ഒന്നുകൂടി തേച്ച് കഴുക്....'' എന്നിങ്ങനെ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടായിരുന്നു. ആന്റി മിലി ആഹാരം പാകം ചെയ്യാന്‍ അപ്പാര്‍ട്ട്‌മെന്റിലേക്ക് പോയി. ഞങ്ങള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ദൂരെ കളഞ്ഞു. എന്റെ മമ്മായും ആന്റിമാരും വസ്ത്രങ്ങളുടെ വലിയ ശേഖരം തന്നെ ഞങ്ങളുടെ മുന്നില്‍ കൊണ്ടുവന്നു വച്ചു. മനോഹരമായ, ഞങ്ങളുടെ അളവിലുള്ള വസ്ത്രങ്ങള്‍.!!
എന്റെ ആന്റിമാര്‍ ലൂസി ഷ്‌നൈഡറും എര്‍ണാ ഷ്‌നൈഡറും ലിപ്പ്‌ബോര്‍ഗില്‍ ഉണ്ടായിരുന്നു. അവരുടെ ഭര്‍ത്താക്കന്മാരായ അങ്കിള്‍ കോണ്‍റാഡും അങ്കിള്‍ വില്ലിയും ഡോര്‍ട്ട്മണ്ടിലേക്ക് പോയിരിക്കയായിരുന്നു. വീട്ടിലേക്ക് പോകുന്നതിനു തൊട്ടുമുന്‍പ് ആന്റി ലൂസി എന്റെ  ചെവിയില്‍ മന്ത്രിച്ചു ''അങ്കിള്‍ വില്ലി അങ്ങനെയൊന്നും ഉദ്ദേശിച്ചില്ല'' എന്ന്. വര്‍ഷങ്ങള്‍ക്കു മുന്‍പ്, അങ്കിള്‍ വില്ലി എന്റെ മമ്മായെ ഒരുപാട് വഴക്കു പറഞ്ഞിരുന്നു; എന്റെ മമ്മാ ഒരു യഹൂദനെ വിവാഹം കഴിച്ചതിന്റെ പേരില്‍. ലൂസി ആന്റി 'നാസി' അല്ല എന്ന് എനിക്ക് അറിയാമായിരുന്നു. എന്നിട്ടും എന്റെ മമ്മായെ വഴക്കു പറഞ്ഞതിന് എനിക്ക് അങ്കിള്‍ വില്ലിയോട് ക്ഷമിക്കാന്‍ ഒരിക്കലും സാധിച്ചിരുന്നില്ല. അന്നും, ഇന്നും, എന്നും.
എന്റെ ആന്റി മിന്‍ചെന്റെ ഭര്‍ത്താവ്, അങ്കിള്‍ ഫ്രാന്‍സ് അടുത്ത ടൗണിലേക്കുള്ള ഒരു യാത്ര കഴിഞ്ഞ് തിരികെ വന്നപ്പോള്‍ വീട്ടില്‍ ആകെ ബഹളമാണെന്നു കണ്ടു. അദ്ദേഹം ഞങ്ങള്‍ക്ക് ഒരു വലിയ സ്വാഗതം തന്നെ തന്നു. മിസിസ്സ് നോട്ടില്‍മാന്‍ അദ്ദേഹത്തിന്റെ മാതാവ് (ഞാനവരെക്കുറിച്ച് മുന്‍പ് പറഞ്ഞിട്ടുണ്ടല്ലോ) ഞങ്ങളെ കണ്ടപ്പോള്‍ വളരെ സന്തോഷിച്ചു. അവര്‍ ദൈവഭക്തയായ ഒരു സ്ത്രീയായിരുന്നു. അവരുടെ മുറിയില്‍ കുരിശുകളും യേശുവിന്റെ പടങ്ങളും നിറച്ചുമുണ്ടായിരുന്നു. മമ്മാ പറഞ്ഞു, ഞങ്ങളുടെ സുരക്ഷിതമായ തിരിച്ചുവരവിനായി അവര്‍ എന്നും പ്രാര്‍ത്ഥിച്ചിരുന്നു എന്ന്.
ഞങ്ങള്‍ക്ക് മൂന്നു വര്‍ഷത്തെ വേര്‍പാടിന്റെ കഥകള്‍ സംസാരിക്കാനുണ്ടായിരുന്നു. അവര്‍ക്കും ഞങ്ങള്‍ക്ക് സംഭവിച്ചതെന്തെന്ന് അറിയാന്‍ ആകാംക്ഷയായിരുന്നു. ഞാന്‍ എന്റെ മമ്മായില്‍ നിന്ന് തുടങ്ങാം.
ഞാന്‍ നേരത്തേ പറഞ്ഞിരുന്നതു പോലെ എന്റെ മമ്മ ഷ്രേയക്ക് കുടുംബത്തോടൊപ്പം ഡ്യൂസല്‍ഡോര്‍ഫിലെ അവരുടെ ലതര്‍ ഫാക്ടറിയില്‍ ജോലി ചെയ്തു. ഞങ്ങളെ നാടുകടത്തുന്നതുവരെ മമ്മാ ഞങ്ങള്‍ താമസിച്ചിരുന്നയിടത്തേക്ക് വരികയും പോകയും ചെയ്തുകൊണ്ടിരുന്നു. ഞങ്ങളെ നാടുകടത്തിയശേഷം ഗസ്റ്റപ്പോ ഫാക്ടറിയില്‍ കൂടെക്കൂടെ പോവുകയും മിസ്റ്റര്‍ ഷ്രേയക്കിനോട് മമ്മായെപ്പറ്റി ചോദ്യങ്ങള്‍ ചോദിക്കയും ചെയ്തുകൊണ്ടിരുന്നു. മിസ്റ്റര്‍ ഷ്രേയക്ക് മമ്മായെ അങ്ങേരുടെ വിയന്നയിലുള്ള ഫാക്ടറിയില്‍ അയക്കാന്‍ തീരുമാനിച്ചു. ഡ്യൂസല്‍ഡോര്‍ഫില്‍ മമ്മാ നില്‍ക്കുന്നത് തീരെ സുരക്ഷിതമല്ല എന്ന് അദ്ദേഹത്തിനു മനസ്സിലായി. 1944 ലെ വേനല്‍ക്കാലത്ത് ഗസ്റ്റപ്പോ വിയന്ന ഫാക്ടറിയില്‍ മമ്മായെ അന്വേഷിച്ചു ചെന്നപ്പോള്‍ മമ്മാ അവിടെ ഉണ്ടായിരുന്നില്ല. മിസ്റ്റര്‍ ഷ്രേയക്ക് മമ്മായോട് ഉടനേ വിയന്ന വിട്ട് പോകണമെന്ന് ആള്‍മുഖാന്തിരം അറിയിച്ചിരുന്നു. ഡച്ച്  ബോര്‍ഡറിലെ ഒരു വ്യവസായ നഗരമായ ക്ലീവ്‌ലേയ്ക്ക് പൊയ്‌ക്കൊള്ളാന്‍ അദ്ദേഹം മമ്മായോട് പറഞ്ഞു. അവിടെ മിസ്റ്റര്‍ ഷ്രേയക്കിന്റെ സഹോദരന് തോല്‍ ഊറക്ക് ഇടുന്ന ഒരു ഫാക്ടറി ഉണ്ടായിരുന്നു. ക്ലീവിലെ ഷ്രേയക്ക് ഫാമിലിയോടൊപ്പം പല മാസങ്ങള്‍ മമ്മാ ജോലി ചെയ്തു. അലൈഡ് ബോംബിംഗ് റെയ്ഡുകള്‍ പരമാവധി ശക്തിയിലായിരുന്ന സമയത്ത് ഷ്രേയക്കുകള്‍ മമ്മായോട് ലിപ്പ്ബര്‍ഗിലേക്ക് പൊയ്‌ക്കൊള്ളാന്‍ നിര്‍ബന്ധിച്ചു. മമ്മാ അവരെ അനുസരിച്ചു. പക്ഷെ മമ്മാ പോയ അന്നുതന്നെ അവരുടെ വീട്ടില്‍ ബോംബ് വീണു. രണ്ടുപേരും മരിച്ചു.
1944 ലെ തണുപ്പുകാലത്ത് മമ്മാ ലിപ്പ്‌ബോര്‍ഗില്‍ വന്നപ്പോള്‍ മിസിസ്സ് നോട്ടില്‍മാന്‍ മമ്മായെ അവരൊടൊപ്പം അവരുടെ മുറിയില്‍ കിടക്കാന്‍ അനുവദിച്ചു. എന്റെ മമ്മായുടെ സഹോദരന്മാരും അവരുടെ ഭാര്യമാരും കുറെ നാള്‍ ലിപ്പ്‌ബോര്‍ഗില്‍ താമസിച്ച് യുദ്ധാവസാന കാലത്തെ ബോംബിംഗില്‍ നിന്നും, യുദ്ധത്തില്‍ നിന്നു തന്നെയും രക്ഷ പ്രാപിച്ചു. ''കമ്പുകളുടെ ഗ്രാമം'' എന്ന പേരില്‍ ചെറുതാക്കപ്പെട്ട, കുടുംബത്തില്‍ മറ്റുപലതരം പരിഹാസപ്പേരില്‍ അറിയപ്പെട്ട ലിപ്പ്‌ബോര്‍ഗ് ഷ്‌നൈഡര്‍ കുടുംബാംഗങ്ങള്‍ക്ക് രക്ഷാ സങ്കേതമായി. ആന്റി മിന്‍ചെന്‍ എല്ലാവര്‍ക്കും ആഹാരവും കിടപ്പിടവും നല്‍കി. അതോണല്ലോ ആന്റി മിന്‍ചെന്‍!
എന്നെ സുരക്ഷിതയായി വീട്ടിലെത്തിക്കുമെന്ന് സത്യം ചെയ്തിരുന്നു എന്നും, അതു സാധിച്ചതുകൊണ്ട് ഇനി താന്‍ ഹോളണ്ടിലേക്ക് പോകുന്നു എന്നും  ബുഷി എന്റെ മമ്മായോടു പറഞ്ഞു. എന്റെ മമ്മായും ആന്റിമാരും കുറെ നാള്‍കൂടി ഞങ്ങളോടൊപ്പം താമസിക്കാന്‍ ബുഷിയെ നിര്‍ബന്ധിച്ചു. അങ്ങനെ അവള്‍ക്ക് ക്ഷീണം മാറ്റാനും ശരീരശക്തി വീണ്ടെടുക്കാനും സാധിക്കും. ഹോളണ്ടില്‍ അവളെ കാത്തിരിക്കുന്നത് എന്താണെന്നും അറിയില്ലല്ലോ.
അവള്‍ എന്റെ ഗ്രാന്‍ഡ്മായുടെ ഒപ്പം അന്തിയുറങ്ങി. പക്ഷെ ഭക്ഷണം ആന്റി മിന്‍ചെന്റെ വീട്ടില്‍ ഞങ്ങളോടൊപ്പം കഴിച്ചു.
അത് സ്ട്രാബെറിക്കാലമായിരുന്നു. ആന്റി മിന്‍ചെന് ഒരു വലിയ സ്ട്രാബെറിത്തോട്ടം ഉണ്ടായിരുന്നു. ആന്റി മിന്‍ചെനും മമ്മായും നിര്‍ബന്ധിച്ചു, ഞങ്ങള്‍ ഒരാഴ്ച മുഴുവന്‍ സ്ട്രാബറി പറിച്ചു തിന്ന് രസിച്ചു നടക്കണമെന്ന്. അവ നാവിനും, വയറിനും, മനസ്സിനും സുഖമേകി. രണ്ടുമൂന്നു വര്‍ഷങ്ങളായി ഞങ്ങള്‍ സ്ട്രാബറി കാണുകയോ ഭക്ഷിക്കുകയോ ചെയ്തിരുന്നില്ല. ഞങ്ങള്‍ക്ക് ഉത്സവമായിരുന്നു. അങ്കിള്‍ ഫ്രാന്‍സ് ആന്റി മിന്‍ചെനോട് സ്ട്രാബറി ടാര്‍ട്ട് ഉണ്ടാക്കാത്തത് എന്തേ എന്നു ചോദിച്ചു. അവര്‍ ഞങ്ങളെ നോക്കി കണ്ണിറുക്കിക്കാട്ടി. ''ഈ വര്‍ഷം വിളവ് മോശമായിരുന്നു. എനിക്കറിയില്ല എന്തുകൊണ്ടാണെന്ന്.''
ജര്‍മ്മന്‍ നഗരങ്ങളില്‍ ആളുകള്‍ പട്ടിണികിടക്കുമ്പോള്‍ എന്റെ ആന്റിയുടെ വീട്ടില്‍ ഭക്ഷണത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. അങ്കിള്‍ ഫ്രാന്‍സ് ഫര്‍ണിച്ചറുകള്‍ ഉണ്ടാക്കുകയും, കേടുപോക്കയും ചെയ്തു. അദ്ദേഹത്തിന്റെ കസ്റ്റമേഴ്‌സ് വ്യവസായ പ്രമുഖന്മാര്‍ ആയിരുന്നു. ഭാഗ്യത്തിന് അവരുടെ വയലുകളും കൃഷിപ്രദേശങ്ങളും യുദ്ധത്തില്‍ നശിച്ചുപോയിരുന്നില്ല. അഭിവൃദ്ധി മാത്രമേ അവര്‍ക്കുണ്ടായുള്ളു. അവര്‍ അങ്കിള്‍ ഫ്രാന്‍സിന് ഇറച്ചി, മുട്ട, ചീസ് തുടങ്ങി അവരുടെ ഫാമില്‍ ഉണ്ടാവുന്നതെല്ലാം വിലയായി നല്‍കി. ബാര്‍ട്ടര്‍ സമ്പ്രദായം യുദ്ധത്തിനു മുന്‍പും പിന്‍പും അവിടെ നിലവിലുണ്ടായിരുന്നു.
ഗ്രാന്‍ഡ്മാ ഷ്‌നൈഡര്‍ എന്റെ ആഗ്രഹപ്രകാരം അവരുടെ സുപ്രസിദ്ധ ജെല്ലി ഡോനട്ടുകള്‍ ഉണ്ടാക്കി. ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും, എനിക്കും ബുഷിക്കും ആഹാരത്തെക്കുറിച്ചു മാത്രം ചിന്തിച്ചാല്‍ മതിയായിരുന്നു. വിശ്രമവും നല്ല ആഹാരവും സ്‌നേഹവും കിട്ടിയതു കാരണം ഞങ്ങളുടെ ഭാരം കൂടി. പക്ഷെ  വളരെക്കാലം എന്റെ വയറിനും ശരീരത്തിനും അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. രണ്ടു വര്‍ഷമെടുത്തു എന്റെ ശരീരവും ദഹനവും സാധാരണമാവാന്‍. നോര്‍മല്‍ ആവാന്‍.
ബുഷിയും ഞാനും ദീര്‍ഘദൂരം നടക്കാന്‍ പോകുമായിരുന്നു. അപ്പോള്‍ ഞങ്ങള്‍ ഭാവിയെക്കുറിച്ച് ആലോചിക്കും. എനിക്ക് തീര്‍ച്ചയായിരുന്നു. ഞാന്‍ ജര്‍മ്മനിയില്‍ സ്ഥിരതാമസമാക്കുകയില്ല എന്ന്. ഇനിയുമൊരു നല്ല ജീവിതം സാധ്യമല്ല, ജര്‍മ്മനിയില്‍. സത്യം പറഞ്ഞാല്‍ ജര്‍മ്മന്‍ ജനതയോട് എനിക്കൊരിക്കലും ക്ഷമിക്കാന്‍ സാധിക്കില്ല. ഞാന്‍ ഒന്നും മറക്കാനും പോകുന്നില്ല. എന്നാല്‍ ബുഷിക്ക് ഭാവിയെക്കുറിച്ച് ഒന്നും തീരുമാനിക്കാനാവില്ലായിരുന്നു. അവള്‍ക്ക് ഡച്ചുകാരെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നു. അവളുടെ ഭര്‍ത്താവ് ജീവിച്ചിരുന്നുവെങ്കില്‍ സന്തോഷപൂര്‍വ്വം അവനോടൊപ്പം ഹോളണ്ടില്‍ പോയി ജീവിക്കുമായിരുന്നു. അവള്‍ക്കാണെങ്കില്‍ അമ്മായിഅമ്മയെയും അമ്മായിയപ്പനെയും നന്നായി അറിയാനും പാടില്ലായിരുന്നു. അതുകൊണ്ട് അവരെപ്പോയി കാണണം. അവരോടൊപ്പം ജീവിക്കാനും അവള്‍ക്ക് താല്പര്യമില്ല. എങ്കിലും അവള്‍ക്ക് ആംസ്റ്റര്‍ഡാമില്‍ അവരെ അഭിമുഖീകരിക്കണമായിരുന്നു. അവളെ ഒറ്റയ്ക്കുവിടാന്‍ എനിക്ക് തീരെ ഇഷ്ടമല്ല. അവളോട് ഗുഡ്‌ബൈ പറയുന്നത് എനിക്ക് വളരെ ദുഃഖകരമാണ്. ഞങ്ങള്‍ പരസ്പരം സത്യം ചെയ്തു. എന്നും ഞങ്ങളുടെ സ്‌നേഹം കാത്തുസൂക്ഷിക്കുമെന്നും സ്‌നേഹബന്ധം വിടത്തില്ലെന്നും.
ജീവിതത്തില്‍ ഒരിക്കലും ഞങ്ങള്‍ 'ടച്ച്' വിട്ടില്ല. ആന്റി മിന്‍ചെന്റെ വീട്ടില്‍ രണ്ടാം നിലയില്‍ രണ്ടു മുറികള്‍ കൂടി ഉണ്ടായിരുന്നു. അത് മറ്റൊരു ദമ്പതികള്‍ക്ക് വാടകക്കു കൊടുത്തിരിക്കയാണ്. അതുകൊണ്ട് ആന്റി മിന്‍ചെനും അങ്കിള്‍ ഫ്രാന്‍സും ഉറങ്ങുന്ന മുറിയില്‍ എനിക്കും ഉറങ്ങേണ്ടി വന്നു. ഈ മുറിയൊരു വലിയ മുറിയാണ്. വളരെ വീതിയുള്ള ഒരു ഡബിള്‍ ബെഡാണ് അവിടെ ഉണ്ടായിരുന്നത്. അങ്കിള്‍ ഫ്രാന്‍സ് ഒരു വശത്തും, ആന്റി മിന്‍ചെന്‍ മധ്യത്തിലും ഞാന്‍ മറ്റേവശത്തുമാണ് കിടന്നിരുന്നത്. ആന്റി മിന്‍ചെന്‍ അതിരാവിലെ എഴുന്നേല്ക്കും. അങ്കിള്‍  ഫ്രാന്‍സ് കിടക്കയുടെ അങ്ങേ അറ്റത്തും ഞാന്‍ ഇങ്ങേ അറ്റത്തും  കിടന്നുറങ്ങും. ഒരു ഞായറാഴ്ച,  ബുഷി പോയതിന്റെ പിറ്റേ ദിവസം, ആന്റി കിച്ചനില്‍ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുന്ന സമയത്ത് അങ്കിള്‍ ഫ്രാന്‍സ് എന്റെ അടുത്തേക്ക് നീങ്ങിക്കിടന്ന് എന്നെ ഉണര്‍ത്തി, കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു : ''കുറച്ച് നൈസായി ഈ അങ്കിളിനോട് പെരുമാറൂ.'' ഞാന്‍ കട്ടിലില്‍ നിന്ന് ചാടിയിറങ്ങി ഓടി. ആന്റി മിന്‍ചെനോട് പറയല്ലേ എന്നയാള്‍ എന്നോട് കെഞ്ചി. അങ്ങേര്‍ ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത് എന്നും എന്നോടു പറഞ്ഞു. എനിക്കങ്ങേരോട് അറപ്പു തോന്നി. എന്റെ ആന്റിയെക്കുറിച്ചാണ് ഞാന്‍ കൂടുതലും ചിന്തിച്ചത്. എനിക്കവരെ വേദനിപ്പിക്കാന്‍ ഇഷ്ടമല്ലായിരുന്നു.
ലിപ്പ്‌ബോര്‍ഗില്‍ നിന്നു പോയശേഷം ഞാനീ കാര്യം എന്റെ മമ്മായോടു പറഞ്ഞു. മറ്റാരോടും ഈ കാര്യം പറയണ്ട എന്ന് ഞങ്ങള്‍ തീരുമാനിച്ചു. ബുഷി തലേദിവസം പോയിരുന്നല്ലോ. അതുകൊണ്ട് ഞാന്‍ രാത്രിയില്‍ കിടക്കാന്‍ ഗ്രാന്‍ഡ്മായുടെ വീട്ടില്‍ പോയതിന് നല്ലൊരു വിശദീകരണം ആന്റി മിന്‍ചെനു കൊടുക്കാന്‍ എനിക്കു സാധിച്ചു.
ഞങ്ങള്‍ രാവും പകലും ഞങ്ങളുടെ അനുഭവങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. ജൂലായ് 42-ല്‍ എന്നെ തെരിസിന്‍ സ്റ്റാട്ടിലേക്ക് നാടുകടത്തിയതിന്റെ അന്നുമുതല്‍ ആ വീട്ടിലുള്ളവര്‍ക്ക് സംഭവിച്ചതെല്ലാം എനിക്ക് അറിയണമായിരുന്നു. ഞങ്ങള്‍ ഒരുപാട് കരഞ്ഞു, ഒരുപാട് ചിരിക്കയും ചെയ്തു.
എന്റെ അങ്കിള്‍ ഫ്രാന്‍സ്, ഞാന്‍ മുന്‍പ് സൂചിപ്പിച്ചിരുന്നതുപോലെ നാസി പാര്‍ട്ടിയിലെ സ്‌ട്രോം ട്രൂപ്പര്‍ ടഅ ആയിരുന്നു. അങ്ങേര്‍ക്ക് ഒരു ബ്രൗണ്‍ സ്യൂട്ട് ഉണ്ടായിരുന്നു. സ്യൂട്ടിന്റെ കൈത്തണ്ടയില്‍ സ്വസ്ഥിക തുന്നിച്ചേര്‍ത്ത, അങ്ങേരുടെ വ്യക്തിപരമായ കോപ്പുകള്‍ അടങ്ങിയ യൂണിഫോറം അലമാരയില്‍ തൂങ്ങിക്കിടപ്പുണ്ടായിരുന്നു. 'കുരങ്ങന്റെ കുപ്പായം' എന്നാണ് ആന്റി അതിനെ വിളിച്ചിരുന്നത്. വളരെ വര്‍ഷങ്ങള്‍ ആ യൂണിഫോറം അവരുടെ ഇടയില്‍ വിവാദവിഷയമായിരുന്നു. അങ്ങേര്‍ ടഅ യുടെ ഒരു സഹസഞ്ചാരിയായിരുന്നു. നാസികള്‍ ചെയ്യുന്നതെല്ലാം ശരിവയ്ക്കുന്ന ആളല്ലായിരുന്നു എങ്കിലും ആ ക്ലബ്ബില്‍ ഒരംഗമായിരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. അങ്ങേരുടെ സഹകുടിയന്മാരെ ആന്റി 'ബാര്‍ റൂം സുഹൃത്തുക്കള്‍' എന്നാണ് വിളിച്ചിരുന്നത്. അവരെല്ലാവരും നാസി പാര്‍ട്ടിയില്‍ അംഗങ്ങളുമായിരുന്നു. ബിസിനസിന്റെ ഉയര്‍ച്ചയ്ക്ക് നാസി പാര്‍ട്ടിയിലായിരിക്കുന്നത് ഗുണം ചെയ്യും എന്ന് അങ്ങേര്‍ വിശ്വസിക്കുകയും ആന്റിയോട് പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും  ചെയ്തു. അവരുടെ വാദപ്രതിവാദങ്ങള്‍ നാടുകടത്തലിനു മുന്‍പേ എനിക്ക് പരിചിതമായിരുന്നു, നല്ല ഓര്‍മ്മയുമുണ്ട്. ''നിനക്ക് ഇതേക്കുറിച്ച് ഒന്നുമറിയില്ല''അങ്ങേര്‍ ആന്റിയോട് കയര്‍ക്കും.
ഗ്രാമത്തില്‍ താമസിച്ചിരുന്ന ഡിസ്ട്രിക്ടിലെ  ലീഡര്‍ അങ്കിള്‍ ഫ്രാന്‍സിന്റെ സഹപാഠി ആയിരുന്നു. ഒരു വൃത്തികെട്ട സ്വഭാവക്കാരന്‍. സഹപൗരന്മാരെ തള്ളിപ്പറയുകയും ഭയപ്പെടുത്തുകയും ഉപദ്രവിക്കുകയുമായിരുന്നു അയാളുടെ ജോലി. 1945കളുടെ ആരംഭത്തില്‍ ''യഹൂദപ്രേമിയായ നിന്റെ സിസ്റ്റര്‍ ഇന്‍-ലോ യെ എന്തിനാണ് സഹായിക്കുന്നത്'' എന്നു ചോദിച്ച് അയാള്‍ അങ്കിള്‍ ഫ്രാന്‍സിനെ ശല്യപ്പെടുത്തിയിരുന്നു. മാത്രമല്ല, ''അവളെ എത്രയും വേഗം തട്ടിക്കളഞ്ഞേക്കാനും'' പറഞ്ഞിരുന്നു. പക്ഷെ അങ്കിള്‍ ഫ്രാന്‍സ് ധൈര്യപൂര്‍വ്വം അയാളോടു പറഞ്ഞു ''അവള്‍ എന്റെ വീട്ടില്‍ തന്നെ താമസിക്കും.'' എനിക്കു തീര്‍ച്ചയുണ്ട്, യുദ്ധത്തിന്റെ അവസാന സമയങ്ങളില്‍ അങ്കിളിന് അയാളെ അനുസരിക്കാന്‍ സാധിക്കാതെ വരുമായിരുന്നു. പക്ഷെ... 
അമേരിക്കന്‍ പട്ടാളം ഏപ്രില്‍ 1945 ന്റെ മധ്യത്തില്‍ ആണെന്നു തോന്നുന്നു വില്ലേജിലേക്ക് വന്നപ്പോള്‍ എന്റെ മമ്മാ ലിപ്പ്‌ബോര്‍ഗില്‍ ഉണ്ടായിരുന്നു. ആന്റിമാരും അടുത്തുള്ളവരും പറഞ്ഞത്, അമേരിക്കന്‍ ടാങ്കുകളും ട്രക്കുകളും പ്രധാനവഴിയായ ഡോര്‍ഫ് സ്ട്രാസിലേക്ക് വന്നു എന്നാണ്. ഗ്രാമവാസികള്‍ വീടുകള്‍ അടച്ചുപൂട്ടി. മിക്കവരും, അങ്കിള്‍ ഫ്രാന്‍സ് ഉള്‍പ്പടെ ഒളിച്ചിരുന്നു. അങ്കിള്‍ ഫ്രാന്‍സ് യൂണിഫോം ഒളിച്ചു വച്ചിട്ട് വലിയ അലമാരയിലേക്ക് നൂണുകയറി സ്യൂട്ടുകളുടെയും കോട്ടുകളുടെയും ഇടയില്‍ ഒളിച്ചു. അങ്ങേര്‍ വല്ലാതെ ഭയന്നുപോയി. ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് ആന്റി മിന്‍ചെന്‍ അങ്ങേരോട് പറഞ്ഞിരുന്നതാണ്. ഇപ്പോള്‍ ആന്റിക്ക് രസം കയറി. 'നാഷണല്‍ സോഷ്യലിസ്റ്റ് ഹീറോ' കളെ പരിഹസിച്ചു ചിരിച്ചു. എന്റെ മമ്മാ പറയുകയായിരുന്നു 'അമ്മികള്‍' (ജര്‍മ്മന്‍കാര്‍ അമേരിക്കന്‍ പട്ടാളത്തെ അമ്മികള്‍ എന്നാണ് വിളിച്ചിരുന്നത്.) വന്നതില്‍ അധികം സന്തോഷിച്ചത്, അവരെ കൂടുതല്‍ സ്വാഗതം ചെയ്തത്, മമ്മായാണോ അതോ മിന്‍ചെന്‍ ആന്റിയാണോ എന്ന് അറിയില്ലത്രേ.
പേടിച്ചരണ്ട ഗ്രാമവാസികള്‍ ജനാലയിലൂടെ, മുന്നോട്ടു വരുന്ന സൈന്യത്തെ പകച്ചു നോക്കി. വഴിയില്‍ ആളുകള്‍ ആരും ഉണ്ടായിരുന്നില്ല, ഒരാള്‍ മാത്രമല്ലാതെ. ഒരു 51 വയസ്സുകാരി തലനരച്ച സ്ത്രീ, എന്റെ മമ്മാ, സ്ട്രീറ്റിലൂടെ സൈന്യത്തിന്റെ നേര്‍ക്ക് കൈവീശി, ആംഗ്യം കാട്ടി നടന്നു ചെല്ലുകയാണ്. ഷ്‌നൈഡര്‍ കുടുംബത്തിലുള്ളവര്‍ പേടിച്ചു, നടുങ്ങി. 'ലീനയ്ക്ക് വട്ടു പിടിച്ചു' അവര്‍ പറഞ്ഞു. ''സൈന്യം അവളെ വെടിവെച്ചുകൊല്ലും അല്ലെങ്കില്‍ ടാങ്ക് അവളുടെ ശരീരത്തിലൂടെ കയറ്റിയിറക്കും. അവര്‍ ഉറക്കെ വിളിച്ചു.
ഏറ്റവും മുന്നില്‍ വന്ന വണ്ടി നിന്നു. മമ്മാ വേഗം താന്‍ ആരാണെന്ന് അവര്‍ക്ക് വെളിപ്പെടുത്തി. വണ്ടിയിലെ ഓഫീസര്‍ മമ്മായെ ഇന്‍-ചാര്‍ജ്ജ് ആയ ഓഫീസര്‍ക്ക് പരിചയപ്പെടുത്തി. അദ്ദേഹം മമ്മായോട് ജീപ്പില്‍ കയറാന്‍ ആവശ്യപ്പെട്ടു. അവരുടെ ആദ്യ  ബിസിനസ്സ് ഗ്രാമത്തിലുള്ള നാസികളെ കണ്ടുപിടിക്കലായിരുന്നു. ഒരു ഓഫീസര്‍ക്ക് കുറച്ച് യിദ്ദിഷ് ഭാഷ അറിയാമായിരുന്നു. മറ്റുള്ളവര്‍ക്ക് കുറച്ച് ജര്‍മ്മന്‍ ഭാഷയും. അങ്ങനെ മമ്മാ അവരുടെ 'ഇംപോര്‍ട്ടന്റ് സോഴ്‌സ് ഓഫ് ഇന്‍ഫോര്‍മേഷന്‍'ആയി. ഒരു ഓഫീസര്‍ക്ക് മമ്മായോട് കരുണ തോന്നി. പലവിധ ആഹാരസാധനങ്ങളും ചോക്കളേറ്റുകളും പ്രധാനമായും കോഫിയും മമ്മായ്ക്ക് കൊടുത്തു. അയാള്‍ യഹൂദനായിരിക്കുമെന്ന് മമ്മ ചിന്തിച്ചു. അത് മമ്മായുടെ ഊഹം മാത്രമായിരുന്നു. ഡിസ്ട്രിക്ട് ടഅ എസ്.എ ലീഡറും അയാളുടെ ക്രോണികളുമാണ് ആദ്യമായി മമ്മായുടെ സഹായത്താല്‍ അറസ്റ്റു ചെയ്യപ്പെട്ടത്.
മമ്മായുടെ പ്രശ്‌നം അങ്കിള്‍ ഫ്രാന്‍സ് ആയിരുന്നു. ഒരുപോലെ പ്രതികൂലമായ രണ്ടെണ്ണത്തില്‍ ഒന്നു തെരഞ്ഞെടുക്കുന്നതെങ്ങനെ? അങ്ങേര്‍ ബ്രൗണ്‍ഷര്‍ട്ടുകാരനായ ഒരു മാലാഖയാണെന്ന് മമ്മാ പറഞ്ഞുകാണും, കാരണം ക്രമേണ അങ്കിള്‍ ഫ്രാന്‍സ് അങ്ങേരുടെ ക്ലോസറ്റില്‍ നിന്ന് ഇറങ്ങിവരികയും എല്ലാ ശിക്ഷകളില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തു. ത്രീ പെനി  ഓപ്പറയിലെ ബെര്‍ത്തോള്‍ഡ് ബ്രച്ച്റ്റിന്റെ ജനിയുടെ* വികാരമായിരിക്കും എന്റെ മമ്മയ്ക്കും ഉണ്ടായത്.
അങ്കിള്‍ ഫ്രാന്‍സിന്റെ പണമെല്ലാം നഷ്ടപ്പെട്ട് ബാങ്ക്‌റപ്റ്റായി. യുദ്ധത്തിനു ശേഷം ഫാക്ടറിയും നഷ്ടമായി. അതു കഴിഞ്ഞ് വീടും. എന്റെ മമ്മായും അവരുടെ രണ്ടാം ഭര്‍ത്താവ് സിഗ്മണ്ടും അവരാല്‍ ആവുന്നത്ര പണം കൊടുത്ത് സഹായിച്ചു. അവരുടെ ആതിഥ്യം അനുഭവിച്ച സ്വന്തക്കാര്‍ എല്ലാവരും അവര്‍ക്കാവുന്ന വിധത്തില്‍ സഹായിച്ചു. 
അങ്കിള്‍ ഫ്രാന്‍സ് 1968 ല്‍ മരിച്ചു.
ഞാന്‍ മമ്മായെ കണ്ടപ്പോള്‍ എനിക്കു തോന്നി ഞങ്ങള്‍ മൂന്നുപേരും മരിച്ചുപോയിക്കാണും എന്ന് മമ്മാ വിശ്വസിച്ചു എന്ന്. മമ്മാ എപ്പോഴും എന്നെ തൊട്ടുനോക്കുമായിരുന്നു, തലോടുമായിരുന്നു. സത്യമായും ഇതു ഞാന്‍ തന്നെ എന്നു സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെ. ചിലപ്പോള്‍ അമേരിക്കന്‍ പട്ടാളക്കാര്‍ മമ്മായോടു പറഞ്ഞു കാണും ഇനിയും ഞങ്ങളെ കാണാന്‍ അവര്‍ക്ക് ചാന്‍സ് കുറവാണ് എന്ന്. ജര്‍മ്മനിയിലൂടെ കടക്കുമ്പോള്‍ അവര്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നിന്ന് ആളുകളെ രക്ഷിച്ചിരുന്നു.
ചിലപ്പോള്‍ മമ്മാ പറയും ''പപ്പായും ബ്യുബുച്ചനും രക്ഷപ്പെട്ടിരിക്കുമോ?'' പിന്നെ തിരുത്തും. ''അതെ എനിക്കറിയാം. അവരെക്കുറിച്ച് സംസാരിച്ചതുകൊണ്ട് അവര്‍ തിരിച്ചു വരില്ല എന്ന്.''  അതുകഴിഞ്ഞ് മമ്മ ഹൃദയം പൊട്ടി കരയും അവരുടെ ശരീരം കഠിനമായി ഉലയും. എനിക്ക് എന്റെ മമ്മായെ എങ്ങനെ സമാശ്വസിപ്പിക്കണമെന്ന് അറിയില്ല.

( ബര്‍ത്തോള്‍ഡ് ബ്രച്ച്റ്റിന്റെ ജനി എന്ന കഥാപാത്രം - ത്രീ പെനി ഓപ്പറ)

Read More: https://emalayalee.com/writer/24

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക