Image

ന്യൂയോര്‍ക്കിലേക്കുള്ള കപ്പലില്‍ (എന്റെ കുട്ടി തിരികെ വന്നു -ഉര്‍സൂല പവേല്‍ (വിവര്‍ത്തനം ഭാഗം-20 നീനാ പനയ്ക്കല്‍)

Published on 22 August, 2024
ന്യൂയോര്‍ക്കിലേക്കുള്ള കപ്പലില്‍ (എന്റെ കുട്ടി തിരികെ വന്നു -ഉര്‍സൂല പവേല്‍ (വിവര്‍ത്തനം ഭാഗം-20 നീനാ പനയ്ക്കല്‍)

ബ്രിമെനില്‍ എത്തിയ ശേഷം ഞങ്ങളെ ബ്രിമെര്‍ ഹാവനില്‍ ഉള്ള മറ്റൊരു ക്യാമ്പിലേക്കു മാറ്റി. വളരെ കുറച്ചു സമയമേ ആയിരുന്നുള്ളൂ ഞങ്ങള്‍ ആ ക്യാമ്പില്‍ ചെന്നിട്ട്. അപ്പോഴേക്കും എന്റെ മമ്മാക്ക് കുളിരും പനിയും ഛര്‍ദ്ദിയും വയറുവേദനയും കലശലായി. ഞങ്ങള്‍ രണ്ടുപേരും പരിഭ്രാന്തരായി. ഞങ്ങള്‍ ഇവിടെ വരെ എത്തിയതാണ്. ഞങ്ങളുടെ പേരുകള്‍ SS Ernie Pyle എന്ന രണ്ടാം ലോകമഹായുദ്ധത്തിലെ ഒരു യാത്രക്കപ്പലില്‍ യാത്രക്കാരുടെ കൂട്ടത്തില്‍ ചേര്‍ത്തിരിക്കുകയുമാണ്. കപ്പല്‍ തിരിക്കാന്‍ വളരെ കുറച്ചു ദിവസങ്ങളേയുള്ളു.

എന്റെ മമ്മാക്ക് ലോക്കല്‍ യു.എസ്. മിലിട്ടറി ആശുപത്രിയില്‍ നിന്ന് സഹായം ലഭിച്ചു. മമ്മാ പരിപൂര്‍ണ്ണ രോഗ വിമുക്തയുമായി. ചെറുപ്പക്കാരനായ ഒരു അമേരിക്കന്‍ ഡോക്ടര്‍, മമ്മാക്ക് പിത്താശയത്തിന് തീവ്രമായ എരിച്ചിലുണ്ടായതാണെന്ന് രോഗനിര്‍ണ്ണയം നടത്തി. ഡോക്ടര്‍ മമ്മാക്ക് ആന്റിബയോട്ടിക് കൊടുത്തു. എനിക്കു തോന്നുന്നു അത് പെനിസിലിന്‍ ആയിരുന്നു എന്ന്. കൊഴുപ്പില്ലാത്ത ആഹാരം മാത്രം കഴിക്കണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. മമ്മാക്ക് അമേരിക്കയില്‍ എത്തിയാലുടന്‍ മെഡിക്കല്‍ അറ്റെന്‍ഷന്‍ അത്യാവശ്യമാണെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ''ഇമിഗ്രേഷന്‍കാര്‍ ഇതേപ്പറ്റി അറിഞ്ഞാല്‍ അവര്‍ നിങ്ങളെ കപ്പലില്‍ കയറാന്‍ അനുവദിക്കില്ല. ഒരാളോടും എന്റെ രോഗനിര്‍ണ്ണയത്തെക്കുറിച്ച് അമേരിക്കയില്‍ എത്തുന്നതുവരെ മിണ്ടരുത്. കൊഴുപ്പുള്ള ഭക്ഷണം കഴിക്കാനേ പാടില്ല. ഗുഡ് ലക്ക്, ശുഭയാത്ര.''

അങ്ങനെ ആദ്യമായി ഒരു യു.എസ്. മെഡിക്കല്‍ സ്ഥാപനത്തില്‍ ശുശ്രൂഷ ലഭിക്കാന്‍ മമ്മായ്ക്ക് ഭാഗ്യമുണ്ടായി. ജര്‍മ്മന്‍ ആശുപത്രികളില്‍ പെനിസിലിന്‍ പോലുള്ള ആന്റിബയോട്ടിക്കുകള്‍ ലഭിക്കാന്‍ സാധ്യതയില്ലായിരുന്നു. അവിടെ ആവശ്യത്തിന് ഡോക്ടര്‍മാരും ഉണ്ടായിരുന്നില്ല. നാസികളുടെ അധീശത്വത്തിനു മുന്‍പ് ജര്‍മ്മനിയിലെ മിടുമിടുക്കരായ ഡോക്ടര്‍മാരും മെഡിക്കല്‍ സ്‌കൂള്‍ പ്രൊഫസര്‍മാരും യഹൂദരായിരുന്നു. അവര്‍ മറ്റേതെങ്കിലും രാജ്യങ്ങളിലേക്ക് കുടിയേറിക്കാണും അല്ലെങ്കില്‍ അവരെ നാസികള്‍ കൊന്നുകാണും. (ധാരാളം യഹൂദരല്ലാത്ത ഡോക്ടര്‍മാരും യുദ്ധത്തില്‍ കൊല്ലപ്പെട്ടു.)

ഗോള്‍ഡ് ഷ്മിറ്റിന് എന്തോ മെഡിക്കല്‍ കാരണങ്ങളുണ്ടായിരുന്നതിനാല്‍ അവരെ മ്യൂണിച്ചില്‍ തടഞ്ഞു വച്ചിരിക്കയായിരുന്നു. ഒടുവില്‍ അവര്‍ക്കു വിസ ലഭിച്ചു. അവരെ ഞങ്ങള്‍ ബ്രിമേര്‍ ഹാവനില്‍ വച്ച് കണ്ടു. ഞങ്ങളുടെ കപ്പലിന്റ തൊട്ടുപിന്നില്‍ പുറപ്പെടുന്ന കപ്പലില്‍ അവര്‍ക്ക് യാത്രചെയ്യാന്‍ അനുവാദമുണ്ടായി.
ഞങ്ങള്‍ ബ്രിമെനിലും ബ്രിമെര്‍ ഹാവനിലും ചില ചെറിയ ഷോപ്പിംഗ് യാത്രകള്‍ നടത്തി. വളരെ രുചികരമായ ഉണക്കമീന്‍ (പുക കയറ്റിയത്) സൈക്കിളില്‍ വ്യാപാരം ചെയ്തിരുന്ന ഒരാളില്‍ നിന്ന് വാങ്ങി. ഒരു വലിയ തുറന്ന മെറ്റല്‍ ഡ്രമ്മിനകത്ത് തടിക്കഷണങ്ങളിട്ട് കത്തിച്ച് പുക വരുത്തി മത്സ്യം അതിന്റെ മുകളില്‍ കട്ടിയുള്ള ഇരുമ്പു വലയില്‍ വച്ച് ചൂടും പുകയും കൃത്യമായ അളവില്‍ കൊടുത്ത് മീന്‍ 'സ്‌മോക്ക്ഡ്' ആക്കും. മീനില്‍ പുക കയറ്റുന്ന മണം അയല്‍ വക്കങ്ങളില്‍ പടരും.

ഞങ്ങള്‍ കപ്പലില്‍ കയറുന്നതിന്റെ തലേ ദിവസം ഒരു വലിയ അത്ഭുതം നടന്നു. എന്റെ ഗ്രാന്‍ഡ്മായും, ആന്റി മിന്‍ചെനും ആന്റി മിലിയും ബ്രിമെന്‍ഹാവനില്‍ ഞങ്ങളെ യാത്രയയ്ക്കാന്‍ വന്നു. എന്റെ  ഗ്രാന്‍ഡ്മാ ഒരുപാടു കരഞ്ഞു.  പിന്നെ അവരുടെ പ്രത്യേക ഭാഷയില്‍ പറഞ്ഞു : ''ഉര്‍സുലചെന്‍, നീയിനി ഈ ഓമയെ കാണില്ല. അമേരിക്ക വളരെ അകലെയാണ്. എനിക്ക് ഈ സമുദ്രം കടക്കാന്‍ സാധിക്കില്ല. ഒരുപാട് വയസ്സായിപ്പോയി.'' തൊണ്ണൂറ്റിയാറു വയസ്സുവരെ ഗ്രാന്‍ഡ്മാ ജീവിച്ചിരുന്നു എങ്കിലും എനിക്കവരെ പിന്നെ കാണാന്‍ സാധിച്ചില്ല.

ഈ ദിവസത്തിനു വേണ്ടി ഞങ്ങള്‍ വളരെ കാലമായി കാത്തിരിക്കുകയായിരുന്നു. ഞങ്ങള്‍ അഞ്ചുപേരും കപ്പല്‍ത്തുറയുടെ അടുത്തുനിന്ന് ആ 12,000 ടണ്‍ യാത്രക്കപ്പലിലേക്ക് ആരാധനയോടെ നോക്കി. ഈ കപ്പല്‍ വളരെ വലുതെന്ന് അന്നു ഞങ്ങള്‍ക്കു തോന്നി. (എനിക്കു  തോന്നുന്നില്ല 'Queen Mary' ഞങ്ങളെ ആ കപ്പലിനോളം അതിശയിപ്പിക്കുമായിരുന്നു എന്ന്.) കപ്പല്‍ നാവികര്‍ യാത്രക്കാരെ കയറ്റുവാനായി കപ്പലിനെ സജ്ജമാക്കുന്നതിനിയില്‍ ഉച്ചത്തില്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്നുണ്ടായിരുന്നു. കപ്പല്‍ത്തുറ യാത്രക്കാരെയും അവരുടെ യാത്രാസാമനങ്ങളെയും കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. എല്ലാവരും ഒരേ സമയം സംസാരിക്കുന്നുണ്ടായിരുന്നു. പല പല ഭാഷകളില്‍. ചിലര്‍ അകത്തു കയറാന്‍ തിരക്കു കൂട്ടി, ഉന്താനും, തള്ളാനും തുടങ്ങി. അകത്തു കയറിയപ്പോള്‍ അവര്‍ക്കു മനസ്സിലായി ഓരോരുത്തര്‍ക്കും കിടക്കാനുള്ള ശയ്യാതലം നിര്‍ണ്ണയിച്ചിട്ടുണ്ടെന്നും അതില്‍ മാത്രമേ ശയിക്കാനാവൂ എന്നും.

ഞങ്ങളെപ്പോലെ ചിലയാത്രക്കാര്‍ ഉജ ക്യാമ്പില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ ആയിരുന്നു. പല രാജ്യങ്ങളില്‍ നിന്നുള്ളവര്‍, ഒട്ടുമുക്കാലും യഹൂദര്‍, ജര്‍മ്മന്‍ യുദ്ധമണവാട്ടികളും, യഹൂദരെ വിവാഹം കഴിച്ചജര്‍മ്മന്‍കാരും കൂട്ടത്തിലുണ്ടായിരുന്നു.

കപ്പലില്‍ കയറുന്നതിനു തൊട്ടുമുന്‍പുള്ള പരിശോധനയ്ക്ക് ഞങ്ങള്‍ക്ക് സമയം ആയി. ഒരു അവസാന കെട്ടിപ്പിടിച്ചുമ്മ. ഞങ്ങള്‍ അഞ്ചുപേരും കരഞ്ഞു. എനിക്ക് അവര്‍ മൂന്നുപേരും കപ്പല്‍ത്തുറയില്‍ നില്ക്കുന്നത് ഇപ്പോഴും കാണാം. എന്റെ ഗ്രാന്‍ഡ്മാ ആന്റിമാരുടെ കൈകളില്‍ തളര്‍ന്നു നില്ക്കുന്നത്. അവര്‍ വളരെ നേരം അവിടെ നിന്നു, കണ്ണീരൊഴുക്കിയും ഒപ്പിയും.

ഞങ്ങള്‍ക്കു മുന്‍പേ നടക്കുന്നവരെ പിന്‍തുടര്‍ന്ന് വരിയായി അവസാനം ഞങ്ങള്‍ കപ്പലില്‍ കയറി. എന്റെ ഭാവിയിലേക്കുള്ള പടികളാണ് ഞാന്‍ കയറുന്നതെന്ന് അപ്പോെഴനിക്ക് തോന്നിയില്ല. മമ്മായും ഞാനും SS Ernie Pyle ന്റെ ഏറ്റവും മുകളിലെ ഡെക്കില്‍ കയറി നിന്ന് ഞങ്ങളുടെ കുടുംബത്തോട് കൈവീശി യാത്ര പറഞ്ഞു. അവര്‍ പൊട്ടുപോലെ ചെറുതായും വളരെ വളരെ അകലെയായും തോന്നി.

ഡെക്കില്‍ ഞങ്ങള്‍ കപ്പലിന്റെ ക്യാപ്ടനേയും കൂടെ ജോലിചെയ്യുന്നവരെയും കണ്ടു. ഒപ്പം അടുക്കളയില്‍ ജോലി ചെയ്യുന്നവരെയും. എല്ലാവരും തങ്ങളുടെ തൂവെള്ള യൂണിഫോമില്‍ ആയിരുന്നു. ജോലിക്കാരില്‍ അധികം പേരും കറുത്തവര്‍ഗ്ഗക്കാര്‍ ആയിരുന്നു. എന്നെ നാടുകടത്തി ക്യാമ്പിലേക്ക് അയയ്ക്കുന്നതിനു മുന്‍പ് ഞാന്‍ കറുത്ത വര്‍ഗ്ഗക്കാരെ കണ്ടിട്ടേയില്ലായിരുന്നു. വിടുതലിനു ശേഷം, അമേരിക്കന്‍ ഓക്യുപൈഡ് ജര്‍മ്മനിയില്‍ കയറിയപ്പോഴാണ് ഞാന്‍ കറുത്തവര്‍ഗ്ഗക്കാരായ അമേരിക്കന്‍ പട്ടാളക്കാരെ കാണുന്നത്. ജര്‍മ്മനിയില്‍ പീഢനം അനുഭവിച്ചവള്‍ എന്ന നിലയില്‍ എനിക്ക് ഒരു പ്രത്യേക സ്‌നേഹം കറുത്ത വര്‍ഗ്ഗക്കാരോടു തോന്നി. വിശേഷിച്ചും 'Uncle Tom's Cabin' വായിച്ചശേഷം. അവരുടെ ചരിത്രവും പീഢനവും എന്റേതുപോലെ എനിക്കു തോന്നി. എന്റെ പീഢനകാലത്ത്, മെര്‍ഡോഫില്‍ ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഫ്രൈറ്റ് ട്രെയിനില്‍ നിന്ന് വണ്ടികളില്‍ ഫ്‌ളാക്‌സ് കയറ്റിയിരുന്ന കാലത്ത് ഇംഗ്ലീഷ് യുദ്ധത്തടവുകാരെ കണ്ടപ്പോഴുണ്ടായ അതേ അനുഭവം.

ഞാന്‍ മുന്‍പ് ഒരിക്കലും ഒരു വലിയ ബോട്ടില്‍ യാത്ര ചെയ്തിട്ടില്ലായിരുന്നു. വളരെ അസാധാരണവും ആവേശഭരിതവും വിപുലവും ആയിരുന്നു എനിക്കത്. ഞങ്ങള്‍ക്ക് വ്യത്യസ്ഥവും, മാറ്റിവച്ചിരുന്നതുമായ രണ്ടു ക്യാബിനുകള്‍ (മുറികള്‍) ആണ് കിട്ടിയത്. ആദ്യം സങ്കടം തോന്നിയെങ്കിലും പിന്നെ മനസ്സിലായി ഞങ്ങള്‍ക്ക് എപ്പോള്‍ എത്രസമയം വേണമെങ്കിലും ഒരുമിച്ചിരിക്കാം എന്ന്. അതില്‍പ്പിന്നെ രണ്ടു മുറികളിലാണ് ഞങ്ങള്‍ താമസിക്കുന്നതെന്ന കാര്യം ഞങ്ങളെ സങ്കടപ്പെടുത്തിയതേയില്ല.

എന്റെ മുറിയില്‍ എന്നെ കപ്പലിലെ കാര്യസ്ഥന്‍ സ്വീകരിച്ചു. എന്റെ മുറിയുടെ നമ്പര്‍ 52. കിടക്കയുടെ നമ്പര്‍ 3 ആയിരുന്നു. ഞാന്‍ എന്റെ മുറി 25 പേരുമായി പങ്കിടണമായിരുന്നു. മിക്കവരും മുറിയിലെ ആള്‍ത്തിരക്കിനെക്കുറിച്ച് കഠിനമായി പരാതിപ്പെട്ടു. 'അതിഭയങ്കരം' എന്ന് പരാതിപ്പെട്ടെങ്കിലും എന്നെയത് തീരെ ശല്യപ്പെടുത്തിയില്ല. (ചിലപ്പോള്‍ എന്റെ മുറിയിലുള്ളവരെപ്പോലെ ഭൂതകാലം ഞാന്‍ അത്രയെളുപ്പം മറന്നില്ലായിരിക്കാം.)

ഞാനും മമ്മായും മെയിന്‍ ഡെക്കില്‍ കപ്പല്‍ത്തുറയില്‍ നില്ക്കുന്നവരെ യാത്രയയക്കാന്‍ പോയ സ്ഥലത്തുനിന്നു. ആളുകള്‍ ധൃതിയില്‍ അങ്ങോട്ടമിങ്ങോട്ടും ബാഗുകളും പൊതിക്കെട്ടുകളും കൊണ്ട് ധൃതിയില്‍ നടക്കുന്നുണ്ടായിരുന്നു. സ്യൂട്ട്‌കേയ്‌സുകളും സഞ്ചികളുമൊക്കെ അപ്പോഴും കപ്പലില്‍ കയറ്റുന്നുണ്ടായിരുന്നു. കപ്പല്‍ ജോലിക്കാരുടെ അക്ഷീണ പരിശ്രമം കൊണ്ട് വളരെ ഉന്തലിന്റേയും കോലാഹലത്തിന്റെയും ശേഷം SS Ernie Pyle മെല്ലെ ബ്രിമെര്‍ ഹാവനില്‍ നിന്ന് നീങ്ങുകയായി.

June 19, 1947 വെള്ളിയാഴ്ച വൈകിട്ട് 4.30 ന് ഞങ്ങള്‍ യാത്ര തുടങ്ങി. ആകെയുള്ള 900 യാത്രക്കാരും ഡെക്കിനു ചുറ്റുമുള്ള കമ്പിയില്‍ പിടിച്ചു നിന്ന് നാവികര്‍ കപ്പലിനെ നീക്കുന്നത് കണ്ടു. അവര്‍ വലിയ കയറുകള്‍ അഴിച്ചു. ചെറിയ മോട്ടോര്‍ ബോട്ടുകള്‍ ഞങ്ങളുടെ കപ്പലിനെ കടല്‍ത്തുറയുടെ അടുത്തുനിന്ന് തള്ളിനീക്കി. എന്‍ജിനുകള്‍ ശബ്ദമുണ്ടാക്കി. ഞങ്ങള്‍ ജര്‍മ്മനിയില്‍ നിന്നു പോവുകയാണ്! യൂറോപ്പില്‍ നിന്ന് പോവുകയാണ്! ഞങ്ങള്‍ യൂണൈറ്റഡ് സ്റ്റേറ്റ്‌സിലേക്കു പോവുകയാണ്!!!

ഞാന്‍ ആദ്യം ചെയ്തത് ഞങ്ങളുടെ ക്യാബിന്‍ പരിശോധിക്കുക എന്ന കൃത്യമാണ്. ഞങ്ങളുടെ അടുത്ത പത്തുദിവസത്തെ വീട്! ഞാന്‍ ബോട്ടിന്റെ മുക്കും മൂലയുമെല്ലാം പരിശോധിച്ചു. അതിനകത്തെ എന്‍ജിനിയര്‍ അഭിമാനപൂര്‍വ്വം, കഠിനാധ്വാനം ചെയ്യുന്ന തന്റെ വലിയ എന്‍ജിനുകളെ എനിക്കു കാണിച്ചു തന്നു. മെഷീനുകളുടെ ശബ്ദവും ഓയിലിന്റെ മണവും ഭയങ്കരമായിരുന്നു. എല്ലാ കാബിനുകളും (മുറികളും) കണ്ടാല്‍ ഒരുപോലിരിക്കും. നിറച്ചും യാത്രക്കാര്‍. അടുക്കള വളരെ വൃത്തിയുള്ളതായിരുന്നു. സ്വീകരണമുറിയും വായനാമുറിയും പഴയ രീതിയിലുള്ളതായിരുന്നു, ചെറുതും. എന്റെ പ്രിയപ്പെട്ട സ്ഥലം മെയിന്‍ ഡെക്കായിരുന്നു. ഞാന്‍ വളരെ കുറച്ചു സമയം മാത്രമേ മുറിയില്‍ കഴിഞ്ഞുള്ളൂ.

കപ്പല്‍ ഞങ്ങളെ 'നോര്‍ത്ത് സീ'യിലേക്ക് കൊണ്ടുപോയി. കടല്‍ വളരെ ക്ഷുബ്ധമായിരുന്നു. ചില യാത്രക്കാര്‍ക്ക് കടല്‍ച്ചൊരുക്കായി. കുറച്ചുപേര്‍ ഛര്‍ദ്ദിച്ചതിലൂടെയാണ് തുടങ്ങിയത്. പിന്നെയത് പകര്‍ച്ചവ്യാധിപോലെയായി. ഞാന്‍ മെയിന്‍ ഡെക്കില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. മൂളലും ഞരക്കവും ഛര്‍ദ്ദിയുടെ നാറ്റവും കാരണം ഞാന്‍ സ്വീകരണമുറിയില്‍ കിടന്നുറങ്ങി.

ജൂണ്‍ 14ന് ഞങ്ങള്‍ ഡോവര്‍ തീരം കണ്ടു. അപ്പോഴേക്കും യാത്രക്കാരില്‍ 75% പേര്‍ക്കും കടല്‍ച്ചൊരുക്കായി. എനിക്ക് യാത്രയില്‍ കുഴപ്പം ഒന്നുമുണ്ടായില്ല. മറിച്ച് എനിക്ക് നല്ല സുഖമായിരുന്നു. എന്റെ മമ്മായും അവരുടെ ക്യാബിനിലെ ഛര്‍ദ്ദിക്കുന്ന യാത്രക്കാരെക്കൊണ്ട് പൊറുതിമുട്ടി. അതുകൊണ്ട് ഞാന്‍ മമ്മായെ ബെഡില്‍ നിന്ന് പുറത്തിറക്കി. ശുദ്ധവായുവിലേക്ക് കൊണ്ടുവന്നു. ഒരു ആസ്പരിന്‍ ഞാന്‍ മമ്മാക്കു കൊടുത്തിട്ടു പറഞ്ഞു ''ഷിപ്പിലെ ഡോക്ടര്‍ തന്നതാണ്, കടല്‍ച്ചൊരുക്കു മാറാന്‍ വളരെ നല്ലത്. ഗാരന്റിയുള്ള മരുന്ന്.'' മമ്മ അത് വിശ്വസിച്ചു. അമേരിക്കയില്‍ നിന്നു വരുന്നതെല്ലാം നല്ലതാണെന്ന ഒരു വിശ്വാസം മമ്മയുടെ മനസ്സിലുണ്ട്. മെയിന്‍ ഡെക്കില്‍ സൂര്യപ്രകാശത്തില്‍, ശുദ്ധവായുവില്‍, ഛര്‍ദ്ദില്‍ നിറഞ്ഞ ക്യാബിനില്‍ നിന്ന് അകന്ന്, നാറ്റത്തില്‍ നിന്നു രക്ഷപ്പെട്ട മമ്മാ സന്തോഷവതിയായിരുന്നു. അതിനുശേഷം മരുന്നിന്റേയും അതു തരുന്നയാളിന്റെയും കഴിവിനെ ഞാനൊരിക്കലും സംശയിച്ചില്ല. മമ്മായും.

ജൂണ്‍ 14 രാവിലെ ഞാനൊരു ചെറുപ്പക്കാരനെ മെയിന്‍ ഡെക്കില്‍ വച്ചു കണ്ടു. അവന്‍ പരിചയപ്പെടുത്തി. ''ഞാന്‍ ഹെര്‍ ആല്‍ബട്ട് ഐസിംഗ്. മ്യുണിച്ചില്‍ നിന്നു വരുന്നു.'' താന്‍ അര യഹൂദനാണെന്ന് അയാള്‍ പറഞ്ഞു. ഒരു സുന്ദരിയായ സ്ത്രീ ഈയാളെ യാത്രയയ്ക്കാന് കടല്‍ത്തുറയില്‍ വന്നത് ഞാന്‍ ഓര്‍മ്മിച്ചു. ഞങ്ങള്‍ക്ക് വളരെയധികം സംസാരിക്കാന്‍ ഉണ്ടായിരുന്നു. (എന്റെ മമ്മാ പരാതിപ്പെടുക പോലും ചെയ്തു എന്നെ മമ്മാ കണ്ടിട്ട് പത്തു ദിവസമായത്രെ.) ആല്‍ബെര്‍ട്ട് ഐസിംഗ് സുന്ദരിയായ ആ സ്ത്രീയുമായി എന്‍ഗേജ്ഡ് ആയിരിക്കാം. അല്ലെങ്കില്‍ അവര്‍ വിവാഹിതരായിരിക്കാം എന്ന ചിന്ത എന്നെ ഭരിച്ചു. എങ്കില്‍ എന്തുകൊണ്ട് അവര്‍ അയാളോടൊപ്പം ഷിപ്പില്‍ കയറിയില്ല?

സത്യത്തില്‍ എനിക്കതൊന്നും ഒരു പ്രശ്‌നമായിരുന്നില്ല. ഞങ്ങള്‍ക്ക് സംസാരിക്കാന്‍ കുറെ സമയം കിട്ടി. അയാളുമായി കമ്പനി കൂടാന്‍ സാധിച്ചു. അതിലപ്പുറം അയാളുമായി അടുക്കാന്‍ എനിക്ക് താല്പര്യം ഇല്ലായിരുന്നു. എനിക്ക് ഇപ്പോഴും അതിശയമായി തോന്നിയത് ഇത്രയും സമയം ഒരുമിച്ചിരുന്നിട്ടും, ജര്‍മ്മന്‍ ഭാഷയില്‍ മാത്രം സംസാരിച്ചിട്ടും അയാളെന്നെ പ്രാളിന്‍ ലെന്നിബര്‍ഗ്ഗ് (മിസ് ലെന്നിബര്‍ഗ്) എന്നുമാത്രം സംബോധന ചെയ്തു. ഞാനയാളെ ഹെര്‍ ഐസിംഗ് (മിസ്റ്റര്‍ ഐസിംഗ്) എന്നും.

യാത്രക്കാരില്‍ പലര്‍ക്കം അസുഖമായതുകൊണ്ട് കഫെടീരിയ (ഭക്ഷണം കഴിക്കുന്നയിടം)യില്‍ അധികം ആളുകള്‍ ഉണ്ടായിരുന്നില്ല. അസുഖമില്ലാത്ത ഞങ്ങള്‍ക്ക് നല്ല ഭക്ഷണവും ആഥിത്യമര്യാദയും ലഭിച്ചു. നല്ല ഓറഞ്ചുകളും കുക്കികളും തന്നു. തൂമഞ്ഞിന്റെ നിറത്തിലുള്ള റൊട്ടി, കേക്കിന്റെ രുചിയായിരുന്നു അതിന്, പുറത്ത് വെണ്ണ പുരട്ടി തന്നു. വര്‍ഷങ്ങളായി ഞങ്ങള്‍ക്ക് കിട്ടാതിരുന്നത് ഞങ്ങള്‍ ആസ്വദിക്കയായിരുന്നു. പക്ഷെ ആഹാരം കഴിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല പലപ്പോഴും. ചിലപ്പോള്‍ കടല്‍ പ്രക്ഷുബ്ധമാവും. അപ്പോള്‍ കഴിക്കുന്ന പാത്രങ്ങളും ആഹാരസാധനങ്ങളും മേശയില്‍ നിന്നു വഴുതി താഴെ പോകും. കപ്പല്‍ തിരമാലകളെ ചക്രവാളത്തിനു സമാന്തരമായി മുറിക്കുന്നതിനു പകരം പകുതി ലംബമായി മുറിച്ചിരുന്നു. ഉരുണ്ടുരുണ്ടു വരുന്ന വലിയ തിരമാലകളെ കാണുന്നത് ആവേശഭരിതമായിരുന്നെങ്കിലും ചിലപ്പോള്‍ കപ്പലിനെ തിരമാലകള്‍ വലിച്ചു മറിച്ചിട്ടുകളയുമോ എന്ന ഭീതിയുമുണ്ടായി. ഭാഗ്യവശാല്‍ കപ്പല്‍ തിരമാലകള്‍ക്കു മുകളില്‍ പിടിച്ചു നിന്നു. ശാന്തമായ വെള്ളത്തിലേക്ക് കടന്നപ്പോള്‍ വലിയ വിചിത്ര മത്സ്യങ്ങള്‍ ധൃതിയില്‍ പാഞ്ഞു പോകുന്നതു കണ്ടു. അന്തരീക്ഷവായുവിന് ചൂടുകൂടുതലായിരുന്നു. കണ്ണെത്തും ദൂരം കടലല്ലാതെ മറ്റൊന്നുമില്ലായിരുന്നു.

ഒരു പ്രഭാതത്തില്‍ ഞങ്ങളുടെ കൂട്ടുകാരനായ കപ്പല്‍ ജോലിക്കാരന്‍ പറഞ്ഞു, നമ്മള്‍ മൂന്നു ദിവസത്തിനകം ന്യൂയോര്‍ക്ക് തുറമുഖത്ത് എത്തുമെന്ന്. ഒരാഴ്ചയായി ഈ കപ്പലില്‍ ഒന്നിനെക്കുറിച്ചുമോര്‍ക്കാതെയും വ്യാകുലപ്പെടാതെയും ഞങ്ങള്‍ സഞ്ചരിക്കുകയായിരുന്നു. മൂന്നു ദിവസത്തിനു ശേഷം ഞങ്ങള്‍ ഒരു പുതിയ ജീവിതത്തെ നേരിടാന്‍ പോകയാണ്. അതെങ്ങനെയായിരിക്കും? ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി. എന്റെ മമ്മാക്ക് ഇംഗ്ലീഷ് ഭാഷ അത്ര വശമില്ല എന്നെനിക്കറിയാം. അതു കാരണം സംസാരിക്കാനും ഇടപെടാനുമൊക്കെ മമ്മാക്ക് പ്രയാസമുണ്ടാവും. മമ്മായുടെ ആരോഗ്യത്തെക്കുറിച്ചും എനിക്ക് ഭയമുണ്ടായിരുന്നു. ഗാള്‍ബ്‌ളാഡറിന്റെ അസുഖത്തെക്കുറിച്ച്. ഇവയൊക്കെ എന്റെ മനസ്സിനെ അലട്ടിയെങ്കിലും അമേരിക്കയില്‍ കാലുകുത്തിക്കഴിഞ്ഞാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാവുമെന്ന ശുഭാപ്തി വിശ്വാസം എന്നെ ധൈര്യപ്പെടുത്തി. എന്റെ മമ്മാക്ക് അവരുടെ 52-ാം വയസ്സില്‍ ഒരു പുതിയ സംസ്‌കാരവുമായി ഇടലര്‍ന്നു പോകാന്‍ പ്രയാസമായിരിക്കും. എങ്ങനെ മമ്മ ജീവസന്ധാരണത്തിനുള്ള വകയുണ്ടാക്കും? ഈ ചിന്തകള്‍ എന്നെ അലട്ടിയെങ്കിലും എന്റെ ഉത്സാഹവും ആത്മവിശ്വാസവും മമ്മാക്ക് അവരുടെ ഭാഗം ചെയ്യാനുള്ള കഴിവു നല്‍കുമെന്ന് എനിക്ക് നിശ്ചയമുണ്ടായിരുന്നു, ഉറപ്പുണ്ടായിരുന്നു. സ്വാഭാവികമായും മമ്മായുടെ കാര്യങ്ങള്‍ കൂടി ഞാന്‍ തന്നെ നോക്കും. അതിനു സംശയമില്ല. ഇപ്പോള്‍ ഞങ്ങള്‍ ഒരു രാജ്യത്തിലേക്ക് കാലുകുത്താന്‍ പോകയാണ്, 9 വര്‍ഷം മുന്‍പ് എന്റെ മാതാപിതാക്കളും സഹോദരനും ഞാനും എത്തിച്ചേരാന്‍ ശ്രമിച്ച അതേ രാജ്യത്തിലേക്ക്.

ന്യൂയോര്‍ക്ക് തുറമുഖത്ത് എത്തുമ്പോള്‍ സ്റ്റ്യാച്യു ഓഫ് ലിബര്‍ട്ടി കണ്ടു. ആ സുന്ദരിസ്ത്രീ ഞങ്ങളുടെ നേര്‍ക്ക് കൈനീട്ടി ഒരു സ്‌പെഷ്യല്‍ വെല്‍ക്കം തരികയാണെന്നു തോന്നി. ഞങ്ങള്‍ക്കു മുന്‍പ് ഇവിടെ വന്ന കുടിയേറ്റക്കാര്‍ക്കും അപ്രകാരം തന്നെ തോന്നിയിരിക്കണം. വിവരിക്കാന്‍ സാധ്യമല്ലാത്ത ഒരു വികാരം തന്നെയാണത്. എന്റെ മമ്മായുടെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകി. ''നമ്മള്‍ നമ്മുടെ കടം തീര്‍ത്തു. നമുക്കിനി ജീവിതത്തില്‍ നന്മ മാത്രമേ ലഭിക്കാനുള്ളു.'' കൈയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ആ സുന്ദരിയെ ഞങ്ങള്‍ കടന്നുപോകയാണ്. അപ്പോഴേക്കും ആകാശത്തിന്റെ പശ്ചാത്തലത്തില്‍  കൂറ്റന്‍ കെട്ടിടങ്ങളുടെ ബാഹ്യരേഖ ദൃശ്യമായിത്തുടങ്ങി (Skyline). എല്ലാവരും ഡെക്കിലേക്ക് കൈചൂണ്ടുകയും ചെയ്തു. ഒപ്പം വിയര്‍ത്തൊലിക്കുകയും. ന്യൂയോര്‍ക്ക് ഞങ്ങളെ സ്വാഗതം ചെയ്തത് വളരെ ചൂടുള്ള ജൂണ്‍ ദിവസത്തിലായിരുന്നു. എന്റെ മമ്മ വാക്കുകളിലല്‍പ്പം ഭയത്തോടെ പറഞ്ഞു ''ഓ ദൈവമേ, ഇതാണല്ലേ അമേരിക്കന്‍ ചൂട്.''

ലോവര്‍മാന്‍ഹാറ്റനിലെ കപ്പല്‍ തുറയില്‍ ഞങ്ങളുടെ കപ്പല്‍ നിര്‍ത്തി. കുറെയേറെ കുടിയേറ്റ വകുപ്പുദ്യോഗസ്ഥര്‍ വലിയ ബ്രീഫ്‌കെയ്‌സുകളില്‍ പേപ്പറുകളും മറ്റുമായി കപ്പലിനകത്തേക്ക് കയറി. യാത്രക്കാരെ ഓരോരുത്തരെയായി ഇന്റര്‍വ്യൂ ചെയ്യാനായി വിളിച്ചു. ചിലരോട് മെഡിക്കല്‍ ഹിസ്റ്ററി ചോദിച്ചു. മിക്കവാറും എല്ലാവരുടെ പേപ്പറുകളും ശരിയായി കിട്ടിയപ്പോള്‍ കപ്പലിനു പുറത്തിറങ്ങാന്‍ അനുവാദം ലഭിച്ചു. എന്റെ മമ്മാക്കും പേപ്പറുകള്‍ ലഭിച്ചു, കപ്പലില്‍ നിന്ന് പുറത്തിറങ്ങാനുള്ള അനുവാദവും. എന്നെ ഇന്റര്‍വ്യൂവിന് വിളിക്കാത്തതുകൊണ്ട് മമ്മാ അവിടെ കാത്തിരുന്നു. ഞങ്ങള്‍ക്ക് പരിഭ്രമമായി. എന്താണ് എന്റേ പേര് വിളിക്കാത്തത്? എന്റെ പേപ്പറുകള്‍ നഷ്ടമായോ? എന്റെയും മമ്മായുടെയും പേപ്പറുകള്‍ ഒരുമിച്ചായിരുന്നല്ലോ.

എന്നെയാണ് അവസാനം വിളിച്ചത്. മെയിന്‍ ഡെക്കിലെ ഒരു ഓഫീസിലേക്ക് പോകാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു. അവിടെ ഒരു വലിയ മേശയുടെ ചുറ്റും കുറെ ഡോക്ടര്‍മാര്‍ ഇരിപ്പുണ്ടായിരുന്നു. അവര്‍ക്കു ചുറ്റും ഫയലുകളും പേപ്പറുകളും ഉണ്ട്. എല്ലാം നിരത്തിയിട്ടിരിക്കയാണ്.

എന്റെ മെഡിക്കല്‍ പേപ്പറുകള്‍ കൈകാര്യം ചെയ്ത പ്രായമുള്ള ഡോക്ടര്‍ എന്നോട് നിരവധി ചോദ്യങ്ങള്‍ ചോദിച്ചു, എനിക്ക് ആറുവയസ്സുള്ളപ്പോള്‍ പിടിപെട്ട കണ്ഠണാല (Scorfula)യെക്കുറിച്ച്. തനിക്ക് കണ്ഠമാലയെക്കുറിച്ച് വലിയ അറിവില്ല എന്നദ്ദേഹം സൂചിപ്പിച്ചു. ''നിനക്ക് ശരിക്കും ക്ഷയരോഗം ഉണ്ടായിരുന്നോ? അത്, നിന്റെ ശ്വാസകോശത്തെ ബാധിച്ചിരുന്നോ?'' ''ഇല്ല'' ഞാന്‍ പറഞ്ഞു. ''മ്യൂണിച്ചിലെ കൗണ്‍സലേറ്റില്‍ വച്ച് രണ്ടുതവണ ഏക്‌സ്‌റേ എടുത്തിരുന്നു. എനിക്ക് അസുഖമൊന്നുമില്ല എന്ന് തീര്‍ച്ച വരുത്തിയിരുന്നു.''

ആ ഡോക്ടര്‍ വേറൊരാളോട് സംസാരിച്ചിട്ട് എന്റെ കഴുത്തിലെ തഴമ്പ് നെ കുറിച്ചും, Lymph node ലെ calcification നെ കുറിച്ചും ചോദിച്ചു. ഈ വളരെ വിദ്യാഭ്യാസമുള്ള ഡോക്ടര്‍മാര്‍ക്ക് എന്നെ അമേരിക്കയില്‍ കാലുകുത്തിക്കാന്‍ ഇഷ്ടമുണ്ടായിരുന്നില്ല. ഡോക്ടര്‍മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ ആള്‍, Scrofula എന്ന രോഗത്തെക്കുറിച്ച് മുതിര്‍ന്നവരോട് സംസാരിച്ചു. ''ഈ Scrofula കാരണം ഇവള്‍ക്ക് നമ്മെക്കാള്‍ കൂടുതല്‍ ഇമ്മ്യൂണിറ്റിയുണ്ട്.''
അവസാനം എന്റെ entry papers കിട്ടി. എന്റെ മമ്മായും ഞാനുമായിരുന്നു ആ കപ്പലില്‍ നിന്ന് അവസാനമായി ഇറങ്ങിയ യാത്രക്കാര്‍. SS Ernie Pyle എന്ന കപ്പലില്‍ നിന്ന്.

Read More: https://emalayalee.com/writer/24

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക