ഒരുപിടി മണ്ണുപോലും സ്വന്തമായില്ലാതെ പുറമ്പോക്കില്‍ കഴിഞ്ഞ് ഭൂമിയില്‍ സ്വര്‍ഗം മെനയാന്‍ പണിപ്പെടുന്നവരുടെയും, ആശകളും സ്വപ്നങ്ങളും തകര്‍ന്നടിഞ്ഞ് അനന്ത സാഗരത്തില്‍ അലയുന്ന നൗകയായി മാറുന്ന അദ്ധ്വാനിക്കുന്ന ഒരുപറ്റം മനുഷ്യരുടെയും കഥയാണ് മുട്ടത്തുവര്‍ക്കിയുടെ കരകാണാക്കടല്‍.
തോമായുടെ മകള്‍ മേരിക്കുട്ടിയെ കള്ളും കുടിച്ചെത്തിയ ചില ചട്ടമ്പികള്‍ അധിക്ഷേപിച്ചു. തോമാ അവര്‍ക്കിട്ട് ഒന്നു ചാര്‍ത്തിയെങ്കിലും കുഴപ്പം പിടിച്ച ആ സ്ഥലം വിടാന്‍ തന്നെ അയാള്‍ തീരുമാനിച്ചു.
അങ്ങനെ അങ്ങകലെയുള്ള ഒരു ഗ്രാമപ്രദേശത്തെ പുറമ്പോക്കുഭൂമിയില്‍ അയാള്‍ ഒരു കുടിലുകെട്ടി. പിന്നീട് അമ്മ അന്നത്തള്ളയെയും ഭാര്യ തറതിയെയും പെണ്മക്കളായ മേരി, അമ്മിണി എന്നിവരെയുമായി തോമാ പുതിയ താമസസ്ഥലത്തേക്കു പുറപ്പെട്ടു.
എന്നാല്‍ അവിടെയെത്തിയപ്പോള്‍ ആ പുറമ്പോക്കു സ്ഥലം സംബന്ധിച്ച് നാട്ടിലെ ചില റൗഡികള്‍ തര്‍ക്കവുമായി എത്തി. തോമായ്ക്ക് അവരെ നേരിടാന്‍ മടിയുമില്ലായിരുന്നു. എന്നാല്‍ സംഘട്ടനം തുടങ്ങുന്നതിനു മുമ്പ് നാട്ടിലെ കുബേരപു്രതനായ വലിയവീട്ടില്‍ ജോയി എന്ന ചെറുപ്പക്കാരന് അവിടെ എത്തിച്ചേരുകയും പ്രശ്നം ഒതുക്കിത്തീര്‍ക്കുകയും ചെയ്തു. ആദ്യ ദര്‍ശനത്തില്‍ത്തന്നെ മേരിയുടെ സൗന്ദര്യം അവന്റെ മനസ്സിലുടക്കി. ചട്ടമ്പിമാരില്‍ നിന്നും തങ്ങളെ രക്ഷിച്ച ചെറുപ്പക്കാരന് എന്ന പരിഗണന മേരിക്കും ഉണ്ട്. വീട്ടിലെ ആവശ്യത്തിന് വെള്ളം കോരാന്‍ ആ വലിയ വീട്ടില്‍ ചെന്ന വേളയില്‍ ജോയി അനുരാഗപൂര്‍വ്വം അവളോടു സംസാരിക്കുകയും ചെയ്തു.
സുന്ദരിയായ തന്റെ മകളെ പെട്ടെന്ന് കെട്ടിച്ചയയ്ക്കണമെന്ന ചിന്തയാണ് തറതിക്ക്. പക്ഷേ കൈയില്‍ അതിനുള്ള സാമ്പത്തികമൊന്നും ഇല്ലെന്നു മാത്രം. അയലത്തുനിന്നുതന്നെ ഒരു കല്യാണാലോചനയുമെത്തി. പട്ടാളക്കാരനായ മത്തായിക്കുഞ്ഞിനുവേണ്ടി. അവന്റെ ഫോട്ടോ കാണിച്ചപ്പോള്‍ മേരിക്ക് ഇഷ്ടമാവുകയും ചെയ്തു.
ഭാര്യ മരിച്ചുപോയ ചെറുപ്പക്കാരനായ സ്കറിയായ്ക്കും മേരിയെ ഇഷ്ടമാണ്. ഓരോരോ കാരണം പറഞ്ഞ് അവന് ആ വീട്ടില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്തും.
വലിയവീട്ടിലെ പുരയിടത്തില്‍ തോമായ്ക്ക് പണിയുള്ളതിനാല്‍ വീട്ടിലെ കാര്യങ്ങള്‍ വലിയ ബുദ്ധിമുട്ടുകൂടാതെ നടന്നുപോകുന്നു.
ഭാര്യ മരിച്ചുപോയ സ്കറിയായോട് മേരിക്ക് സ്നേഹത്തേക്കാളേറെ സഹതാപമാണ്. ഫീലിപ്പായിയുടെ മകന് പട്ടാളക്കാരന് മാത്തുക്കുട്ടി അവധിക്കു വരുമ്പോള്‍ വിവാഹത്തിന് സമ്മതം മൂളാന്‍ അവള് തയ്യാറാണ്. അതോടൊപ്പം വലിയവീട്ടിലെ സുന്ദരനായ ജോയിയുടെ രൂപം അവളുടെ ഹൃദയത്തില്‍ ഒട്ടിപ്പിടിച്ചു നില്ക്കുന്നു.
മേരിയുടെ വിവാഹം ശരിയാകുമ്പോള്‍ സ്ത്രീധനത്തുക കടമായി കൊടുത്തു സഹായിക്കാമെന്ന് വലിയവീട്ടിലെ ഇട്ടിച്ചന് മുതലാളി വാക്കു കൊടുത്തതോടെ തോമയ്ക്ക് സമാധാനമായി.
തോമായുടെ വീട്ടിലെ പല അത്യാവശ്യഘട്ടങ്ങളിലും സ്കറിയാ അവര്‍ക്കു തുണയാവുകയും അങ്ങനെ മേരി ഉള്‍പ്പെടെ എല്ലാവരുടെയും പ്രീതി പിടിച്ചുപറ്റുകയും ചെയ്തു.
ഇതിനിടെ വലിയവീട്ടിലെ ജോയിയില്‍ നിന്നും അവള്‍ക്ക് പ്രലോഭനങ്ങള്‍ ഉണ്ടായി. നാട്ടിലെ ഒരു റൗഡി മേരിയെ കടന്നുപിടിച്ചപ്പോള്‍ തോമാ അയാളെ കത്തിയെടുത്തു കുത്തുകയും പോലീസ് കസ്റ്റഡിയിലാവുകയും ചെയ്തു. അവിടന്ന് തോമായെ മോചിപ്പിക്കാന്‍ ജോയിയാണ് സഹായിച്ചത്. മേരിക്ക് ആ കടപ്പാടും മറക്കാനാവില്ല.
ഇതിനിടെ അയലത്തെ ഫീലിപ്പായിയുടെ മകന് പട്ടാളക്കാരന് മാത്തുക്കുട്ടി അവധിക്കു വന്നു. അതോടെ മേരിക്കുവേണ്ടി അവനുമായുള്ള കല്യാണാലോചനയും മുറുകി. എന്നാല്‍ പെണ്ണുകാണല്‍ നടക്കുന്നതിനിടയില്‍ സ്കറിയാ അവിടെ വന്നു കയറിയതോടെ മാത്തുക്കുട്ടി പിണങ്ങിപ്പോയി. സ്കറിയായും നിരാശനായി.
എങ്കിലും സുന്ദരിയായ മേരിയെ മാത്തുക്കുട്ടിക്ക് മറക്കാനായില്ല. അവന് വിവാഹത്തിനു സമ്മതം മൂളി. എന്നാല്‍ സ്ത്രീധനത്തുക കടമായി നല്‍കാമെന്നേറ്റിരുന്ന വലിയവീട്ടിലെ ഇട്ടിച്ചന് മുതലാളി അവസാനനിമിഷം വാക്കുമാറ്റി. അങ്ങനെ കല്യാണം അലസി.
അതോടെ സ്കറിയായുമായുള്ള വിവാഹാലോചനയ്ക്ക് വീണ്ടും ജീവന് വച്ചു. തോമാ അതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.
എങ്കിലും മേരിയുടെ മനസ്സില്‍ എപ്പോഴും വലിയവീട്ടിലെ ജോയിയുടെ സുന്ദര രൂപം ഉണ്ട്. അപ്രതീക്ഷിതമായി മഴ പെയ്ത ഒരു സന്ധ്യാവേളയില്‍ അവര്‍ ഒന്നായി. അവന്റെ വിവാഹവാഗ്ദാനം അവള് വിശ്വസിച്ചു.
ഇതിനിടെ മേരി ഇഷ്ടക്കേടു പറഞ്ഞെങ്കിലും തോമാ ഇടപെട്ട് സ്കറിയായുമായുള്ള വിവാഹാലോചന മുറുകി. അവരുടെ മനസ്സമ്മതം വരെ നടന്നു. എങ്കിലും വിവാഹത്തിനു മുമ്പ് വീട്ടിലെ അനുമതിയോടെ ജോയി തന്നെ കൂട്ടിക്കൊണ്ടുപോകും എന്നാണ് അവളുടെ പ്രതീക്ഷ.
ദിവസങ്ങള്‍ കടന്നുപോകവേ നടുക്കുന്ന ഒരു സത്യം മേരി അറിഞ്ഞു. താന്‍ ഗര്‍ഭവതിയാണെന്ന്! അവള് ആ രഹസ്യം അമ്മയോടു പറഞ്ഞ വേളയില്‍ ആ സ്ത്രീ കുഴഞ്ഞുവീണു ഹൃദയം പൊട്ടി മരിച്ചു.
ഒടുവില്‍ അവള് ജോയിയെക്കണ്ട് താന്‍ ഗര്‍ഭവതിയാണെന്ന സത്യം അറിയിച്ചു. എന്നാല്‍ അവന് അതിനെ തള്ളിപ്പറയുകയും അവളെ വേശ്യയെന്ന് അധിക്ഷേപിക്കുകയുമാണുണ്ടായത്.
തോമാ ഈ രഹസ്യങ്ങളൊന്നും അറിയുന്നില്ല. അതുകൊണ്ടാണ് അവളുടെ വിവാഹച്ചെലവിനെന്നും പറഞ്ഞ് ജോയി ഒരു തുക കൊടുത്തപ്പോള്‍ അയാള്‍ മടി കൂടാതെ വാങ്ങിയത്. ആ പണവുമായി അയാള്‍ പട്ടണത്തില്‍ പോയി മേരിക്കുവേണ്ടി പുതുവസ്ത്രങ്ങള്‍ വാങ്ങി.
തിരിച്ചുവരും വഴി പള്ളിയില്‍ തറതിയുടെ കുഴിമാടത്തിങ്കല് കയറി പ്രാര്‍ത്ഥിച്ചു. ഷാപ്പില് കയറി ശരിക്കും മദ്യപിക്കുകയും ചെയ്തു. മക്കള്‍ക്ക് മധുരപലഹാരങ്ങളും വാങ്ങി അയാള്‍ വീട്ടിലെത്തി.
അപ്പോള്‍ തന്റെ മകള്‍ വിവാഹ വസ്ത്രങ്ങളൊക്കെ ധരിച്ചുകാണാന്‍ തോമായ്ക്കൊരു മോഹം. അച്ഛന്റെ നിര്‍ബന്ധത്തിനു വഴങ്ങി മേരി അവയൊക്കെ അണിഞ്ഞു.
ജീവിതത്തില്‍ ഇത്രയും ആഹ്ലാദകരമായ ഒരു കാഴ്ച അയാള്‍ ഇതിനുമുമ്പു കണ്ടിട്ടില്ല. അയാള്‍ പറഞ്ഞതനുസരിച്ച് നെറ്റും മുടിയും കൂടി അവള് ധരിച്ചു. എന്തൊരു ചേലായിരുന്നു അന്നേരം മേരിയെ കാണാന്‍!
പിന്നീട് അയാള്‍ അവളുടെ സ്തുതിയും വാങ്ങി. തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. പിന്നെ അച്ഛന്റെ ആഗ്രഹമനുസരിച്ച് അവള് ഒരു പാട്ടു പാടി.
താരാട്ടുപാട്ടു കേട്ട ശിശുവിനെപ്പോലെ ആ പാട്ടുകേട്ട് തോമാ ഉറങ്ങിപ്പോയി. മേരി ആ പാദങ്ങളില്‍ കെട്ടിപ്പിടിച്ചു ചുംബിച്ചുകൊണ്ട് ഒത്തിരിനേരം കരഞ്ഞു.
പിറ്റേന്നു പ്രഭാതം പൊട്ടിവിടര്‍ന്നു. തന്റെ പൊന്നുമോളുടെ മൃതദേഹം കണികണ്ടു കൊണ്ടാണ് തോമാ അന്ന് ഉണരുന്നത്. അത് സ്നേഹനിധിയായ ആ പിതാവിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. താന്‍ ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളൊക്കെ പറഞ്ഞ് മേരി അച്ഛന് ഒരു കത്തും എഴുതിവച്ചിരുന്നു.
പട്ടണത്തെ ഭയന്ന് സമാധാനകരമായ ഒരു ജീവിതം കൊതിച്ച് നാട്ടിന് പുറത്തേക്കു വന്ന തോമായും കുടുംബവും ഒടുവില്‍ ആ ഗ്രാമത്തോടു തന്നെ യാത്ര പറയുകയായി.
(കരകാണാക്കടല്‍ സിനിമ ആയപ്പോള്‍ സത്യന്, ജയഭാരതി, വിന്‍സെന്റ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സംവിധാനം സേതുമാധവന്).
Read More: https://emalayalee.com/writer/285