Image

ആയ, തയ്യല്‍ക്കാരി, ഹോട്ടല്‍ പരിചാരക (എന്റെ കുട്ടി തിരികെ വന്നു -ഉര്‍സൂല പവേല്‍ (വിവര്‍ത്തനം ഭാഗം-22 നീനാ പനയ്ക്കല്‍)

Published on 19 September, 2024
ആയ, തയ്യല്‍ക്കാരി, ഹോട്ടല്‍ പരിചാരക (എന്റെ കുട്ടി തിരികെ വന്നു -ഉര്‍സൂല പവേല്‍ (വിവര്‍ത്തനം ഭാഗം-22 നീനാ പനയ്ക്കല്‍)

അദ്ധ്യായം 22

Long Island ലേക്ക്  പോകേണ്ട ദിവസം അടുത്തു വരികയാണ്. വിക്ടര്‍ ആഡ്‌ലറും ബെസ്സി ആഡ്‌ലറും, ഞാന്‍ ഇല്ലാത്തപ്പോള്‍ മമ്മായെ നോക്കിക്കൊള്ളാമെന്ന് എന്നോട് സത്യം ചെയ്തു. അവര്‍ ആ സത്യം പാലിക്കുകയും ചെയ്തു. യാത്രാ നിര്‍ദ്ദേശങ്ങളെല്ലാം ശരിയായി വായിച്ച് ഞാന്‍ ഒലംഹശേേ ലേക്കുള്ള ലോങ് ഐലന്‍ഡ് ട്രെയിനില്‍ കയറി. ഒരു ശനിയാഴ്ച രാവിലെയാണ് ഞാനവിടെ എത്തിയത്.
ഞാന്‍ ജോലി ചെയ്യാന്‍ പോകുന്ന വീട്ടിലെ വീട്ടുകാരന്‍ റെയില്‍വേ സ്റ്റേഷനില്‍ എന്നെ കൊണ്ടുപോകുവാന്‍ വന്നു. മുപ്പതിനു മേല്‍ പ്രായമുള്ള, കണ്ടാല്‍ കൊള്ളാവുന്ന, വ്യായാമം ചെയ്ത് ശരീരം സുദൃഢമാക്കിയ ഒരാള്‍. അയാളുടെ പെരുമാറ്റം വിദ്യാഭ്യാസവും സംസ്‌കാരവുമുളള ഒരുവന്റേതായിരുന്നു. അയാള്‍ കരുണയോടെ എന്നെ അഭിവാദനം ചെയ്തു. അവരുടെ വലിയ വസ്തുവിലേക്ക് അയാളുടെ കറുത്ത ഓള്‍ഡ്‌സ് മൊബൈലില്‍ എന്നെ കൊണ്ടുപോയി. നിരവധി മാളികകളും മനോഹരമായി വെട്ടിവെടിപ്പാക്കിയ കുറ്റിച്ചെടി വേലികളും വലിയ പാര്‍ക്കിന്റേതുപോലെ ചെത്തിയ പുല്ലുമുള്ളവ ഞങ്ങള്‍ കടന്നു. ആ സ്ഥലങ്ങളുടെ സമൃദ്ധി എന്റെ കണ്ണുകള്‍ക്ക് അത്ഭുതം സൃഷ്ടിക്കുന്നവ ആയിരുന്നു. മാത്രവുമല്ല, ഒരു കുടുംബത്തിന് എങ്ങനെയാണ് ഇത്രയും വലിയ മാളികയില്‍ താമസിക്കാനുള്ള സാമ്പത്തിക സ്ഥിതിയുള്ളതെന്നും എനിക്കു മനസ്സിലാക്കാന്‍ കഴിയുമായിരുന്നില്ല.
ഞങ്ങള്‍ വീട്ടുകാരന്റെ വസ്തുവിന്റെ ഗേറ്റിലൂടെ അകത്തു കയറുമ്പോള്‍, വളരെ വലിയ പറമ്പും, അതിന്റെ നടുവിലെ മൂന്നു നിലയുള്ള വലിയ പ്രധാന കെട്ടിടവും, വീടിനോടു ചേര്‍ന്ന വരയുള്ള ക്യാന്‍വാസ് കൊണ്ടു മറച്ച കല്‍ത്തളവും, സൂര്യമുറിയും അടുത്തുള്ള ചെറിയ കെട്ടിടങ്ങളും ചെടികള്‍ വളര്‍ത്തുന്നയിടങ്ങളും കാറിന്റെ ഗാരാജുകളും  റോസാപ്പൂത്തോട്ടങ്ങളും പൂത്തടങ്ങളും മനോജ്ഞങ്ങളായ മരങ്ങളും കണ്ടപ്പോള്‍ ഞാനിവിടെ എങ്ങനെ അനുരൂപമാകും എന്ന് അതിശയിച്ചു!
പ്രധാന കവാടത്തിന്റെ മുന്നില്‍ ഞാനെന്റെ ഒറ്റ സ്യൂട്ട്‌കേയ്‌സുമായി നിന്നു. വീട്ടുകാരന്‍ ആ സ്യൂട്ട്‌കേയ്‌സ് വാങ്ങി അകത്തേക്കു കൊണ്ടുവന്നു. അങ്ങേരുടെ ഭാര്യയെ പരിചയപ്പെടുത്തിയപ്പോള്‍ അവര്‍ അതിമനോഹരി എന്നു കണ്ടു. കുലീനമായ വെള്ളയും കറുപ്പും വരകളുള്ള വസ്ത്രങ്ങളാണ് അവര്‍ ധരിച്ചിരുന്നത്. ഉപ്പൂറ്റി ഉയര്‍ന്നിട്ടില്ലാത്ത ഷൂസുകളും. അവര്‍ എന്നെ എസ്ഥെറിന് പരിചയപ്പെടുത്തി. എസ്ഥെര്‍ ഒരു തടിച്ച യോഗ്യത്തിയായ കറുത്ത വര്‍ഗ്ഗക്കാരിയായിരുന്നു. അവരുടെ പല്ലുകള്‍ വെളുത്തു തിളങ്ങി. എസ്ഥേര്‍ ആ വീട്ടിലെ പാചകക്കാരിയും, പിന്നീട് ഞാന്‍ മനസ്സിലാക്കിയതുപോലെ വീടിന്റെ മുഴുവന്‍ കാര്യങ്ങളും നോക്കുന്നവളുമായിരുന്നു. അവിടെ രണ്ടു കുട്ടികള്‍ ലൂയിസ് കാണാന്‍ രസമുള്ള, ലാളിച്ചു വഷളാക്കിയ ഒരു രണ്ടു വയസ്സുകാരന്‍. അവന്റെ സഹോദരി ഇലെയിന്‍. ഏഴാം വയസ്സില്‍ തന്നെ മറ്റു മനുഷ്യരോട് ധിക്കാരപൂര്‍വ്വം, അഹങ്കാരത്തോടെ പെരുമാറാന്‍ പഠിച്ചവള്‍.
ഞാന്‍ ലൂയിസിനോടൊപ്പം ഒരു മുറി പങ്കിട്ടു. ദിവസവും 24 മണിക്കൂര്‍ ജോലിയായിരുന്നു എനിക്ക്. അവന്റെ ആഹാരം, വസ്ത്രം, കളികള്‍, ശുചിത്വം ഇവയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം എനിക്കായിരുന്നു. അവന്‍ എന്നെ സുഖമായി ഉറങ്ങാന്‍ സമ്മതിക്കില്ലായിരുന്നു. പത്തു മിനിട്ട് വിശ്രമിക്കാന്‍ പോലും ഇടതരില്ല.
തിങ്കളാഴ്ച രാവിലെ എസ്ഥേറിന്റെ സഹായിയായി ഒരു കറുത്ത പെണ്‍കുട്ടി വന്നു. തുണിയലക്കലും ഇസ്തിരിയിടലും, ക്ലീന്‍ ചെയ്യലുമായിരുന്നു അവളുടെ ജോലി. നല്ല നിറവും ഭംഗിയുമുള്ള വേനല്ക്കാല വസ്ത്രങ്ങള്‍ അവള്‍ ധരിച്ചിരുന്നു. നീണ്ട വിരലുകളില്‍ ചുവന്ന നെയില്‍ പോളീഷ് ഇട്ടിരുന്നു. ചിലയ്ക്കുന്ന ശബ്ദവും ചിരിയും. ഉദ്യാനപാലകര്‍ വേലികളും ഉദ്യാനങ്ങളും പുല്‍പ്പുറങ്ങളും വൃത്തിയായി സൂക്ഷിച്ചു.
വീട്ടുകാരിയും അവരുടെ ഭര്‍ത്താവും ചെറിയ ഒരു ഊണുമുറിയില്‍ ഭക്ഷണം കഴിച്ചു. വലിയ അടുക്കളയില്‍ ലൂയിസും ഇലെയിനും എസ്ഥേറും ഞാനും. ഇലെയിന്‍ എന്നോടു പറഞ്ഞു ''നീ ഈ വീട്ടിലെ ജോലിക്കാരി മാത്രമാണ്. നിനക്ക് എന്നോട് ഒന്നും പറയാന്‍ അധികാരമില്ല.'' അവളുടെ തന്നിഷ്ടങ്ങളൊന്നും എസ്ഥേറിനോടു മാത്രം നടക്കില്ല. വീട്ടില്‍ എല്ലാവരും എസ്ഥേര്‍ പറയുന്നതു കേള്‍ക്കും, ബഹുമാനത്തോടെ പെരുമാറും.
ഞാന്‍ വന്നിട്ട് അധികം ദിവസങ്ങളാവും മുന്‍പ് ഒരു വൈകുന്നേരത്ത് (ലൂയിസ് ഉറങ്ങുകയായിരുന്നു) എസ്ഥേര്‍ എന്നെ കുറച്ചു നേരം സംസാരിക്കാന്‍ വിളിച്ചു. അവര്‍ നിരവധി ചോദ്യങ്ങള്‍ എന്നോടു ചോദിച്ചു. അവര്‍ക്ക്  എന്നെക്കുറിച്ച് എല്ലാം അറിയണമായിരുന്നു. കേട്ടുകഴിഞ്ഞ് അവര്‍ പറഞ്ഞു: ''ഇത് നിനക്കു യോജിച്ച ഇടമല്ല, ജോലിയുമല്ല. നീ പഠിക്കണം നീ എന്നെ നോക്ക്. എന്റെ കാര്യം വ്യത്യസ്ഥമാണ്. ഈ വീട്ടുകാരിക്ക് ഒരു പാത്രം വെള്ളം തിളപ്പിക്കാനറിയില്ല. എനിക്ക് നല്ല ശമ്പളമുണ്ട്, ഇഷ്ടം പോലെ പണമുണ്ടാക്കുന്നുമുണ്ട്. എനിക്ക് എന്റെ മുറിയുണ്ട്, എനിക്കിഷ്ടമുള്ള ആഹാരമുണ്ട്. എന്റെ പണം മുഴുവന്‍ ഞാന്‍ സ്വരൂപിച്ചു വയ്ക്കുകയാണ്. അധികം വര്‍ഷം കഴിയും മുന്‍പേ ഞാന്‍ ജമയ്ക്കയിലെ 'ദി ലേഡി' ആയിത്തീരും.'' എസ്ഥേറിന് ദത്തെടുത്ത ഒരു മകളുണ്ട്. അവള്‍ ന്യൂയോര്‍ക്കിലെ സിറ്റിയില്‍ സംഗീതം പഠിക്കുകയാണ്. വീട്ടില്‍ വരുമ്പോഴെല്ലാം അവള്‍ എസ്ഥേറിനെ പിയാനോ വായിച്ച് കേള്‍പ്പിക്കും.
ഞങ്ങള്‍ ബീച്ച് ക്ലബ്ബില്‍ എപ്പോഴും പോകുമായിരുന്നു. അവിടെ ഞാന്‍ ലൂയിസുമായി കളിക്കും. അവന്‍ കരയുമ്പോള്‍ ആശ്വസിപ്പിക്കും, അവനെ ശ്രദ്ധിക്കും. ലൂയിസിന്റെ മദര്‍ അവരെപ്പോലെ പണക്കാരായ കൂട്ടുകാരോടൊപ്പം ക്ലബ്ബില്‍ ലോഹ്യം പറഞ്ഞ് ഇരിക്കും. കൂട്ടുകാര്‍ ആയമാരെയും കൊണ്ടാണ് വരിക. കുറെ മണിക്കൂറുകള്‍ ക്ലബ്ബില്‍ കഴിഞ്ഞിട്ട് ഞങ്ങള്‍ ഒരു ചെറിയ ഗ്രോസറിക്കടയില്‍ പോകും, ഇറച്ചിക്കടയിലും. അവിടെ നിന്ന് വാങ്ങുന്ന സാധനങ്ങള്‍ കടക്കാര്‍ വീട്ടിലെത്തിക്കുകയാണ് പതിവ്.
അങ്ങനെ ഒരിക്കല്‍ ഷോപ്പിംഗിന് പോയപ്പോള്‍ അവിടെയുണ്ടായിരുന്ന ചില പഴങ്ങളോട് എനിക്ക് അതിയായ ആഗ്രഹം തോന്നി, കുറച്ചു പഴങ്ങള്‍ എനിക്കായി വാങ്ങാമെന്ന് തീരുമാനിച്ചു. ഹ്യൂലിറ്റിലേക്ക് വന്ന ശേഷം ഞാന്‍ പഴങ്ങളൊന്നും കഴിച്ചിരുന്നില്ല. വീട്ടിലെ റഫ്രിജറേറ്ററില്‍ പഴങ്ങളുണ്ട്. അത് ഡൈനിംഗ് റൂമില്‍ വക്കും. ഫ്രണ്ട്‌സ് വന്നാല്‍ അവരുടെ മുന്നിലും. എനിക്ക് വേണോ എന്നാരും ചോദിച്ചില്ല, ഞാന്‍ സ്വയം എടുത്തു കഴിക്കുകയുമില്ല. വാഴപ്പഴം നന്നായി പഴുക്കാന്‍ അടുക്കളയില്‍ വച്ചിട്ടുണ്ട് 'ലൂയിസിന്'.
ഞാന്‍ സ്വയം പണം മുടക്കി പഴങ്ങള്‍ വാങ്ങുന്നത് ശരിയാണെന്ന് എസ്ഥേറിന് തോന്നിയില്ല. ആഹാരം എന്റെ താമസത്തിന്റെ ഭാഗമാണെന്ന് അവര്‍ ശഠിച്ചു, ലൂയിസിന്റെ മദറിനെക്കൊണ്ട് എന്നോട് പറയിക്കുകയും ചെയ്തു. എന്റെ മമ്മായുടെ വീട്ടില്‍ ചെല്ലുമ്പോള്‍ ഇഷ്ടമുള്ള പഴങ്ങള്‍ വാങ്ങി ഞാന്‍ മമ്മായോടൊപ്പം ആസ്വദിച്ചു.
എന്റെ ഒരു അവധി ദിവസത്തില്‍ ഞാന്‍ സിറ്റിയില്‍ ആയിരുന്നപ്പോള്‍ ഫ്രാങ്ക്‌ളിന്‍ സേവിംഗ്‌സ് ബാങ്കില്‍ പോയി ഞാന്‍ എന്റെ ആദ്യത്തെ അക്കൗണ്ട് തുറന്നു. അഭിമാനപൂര്‍വ്വം ഞാന്‍ എന്റെ അക്കൗണ്ട് പാസ്സ്ബുക്ക് മമ്മായെ കാണിച്ചു. ഡെഗ്ഗന്‍ഡോര്‍ഫില്‍ വച്ച് മമ്മായുടെ ചില വിലപിടിച്ച ആഭരണങ്ങള്‍ നൂറു ഡോളറിന് വിറ്റിരുന്നു. അമേരിക്കന്‍ പേപ്പര്‍ മണി അതിനു മുന്‍പ് സ്പര്‍ശിച്ചിട്ടില്ലായിരുന്നു. ആ പണം ഞങ്ങള്‍ സൂക്ഷിച്ചു വച്ചു. അതായിരുന്നു ഞങ്ങളുടെ ഏറ്റവും വിലകൂടിയ  വസ്തു. പിന്നീട് ഞങ്ങള്‍ ആ പണത്തെക്കുറിച്ച് ചിന്തിച്ച് വിഷമിച്ചു. കാരണം ആ പണം യഥാര്‍ത്ഥ ഡോളറാണോ അതോ കള്ളനോട്ടാണോ എന്ന ഭയം തന്നെ. ഞങ്ങള്‍ അത് ചെലവാക്കുകയോ, യു.എസ്.എ.യിലെ ബാങ്കില്‍ നിക്ഷേപിക്കുകയോ ചെയ്താല്‍ വല്ല കുഴപ്പവുമുണ്ടാകുമോ?
മനസ്സിലെ ഭയം കൂടിക്കൂടി വന്നപ്പോള്‍ വരുന്നതു വരട്ടെ എന്നു തീരുമാനിച്ചു. മാന്‍ഹാട്ടനില്‍ വന്നപ്പോള്‍ ഫ്രാങ്ക്‌ളിന്‍ സേവിംഗ്‌സ് ബാങ്കില്‍ പോയി ആ നൂറു ഡോളറും എന്റെ പാസ്സ്ബുക്കും ബാങ്ക്‌ടെല്ലറുടെ നേര്‍ക്ക് നീട്ടി. ആ ടെല്ലര്‍ സന്തോഷപൂര്‍വ്വം എന്റെ പാസ്സ്ബുക്ക് തിരികെ തന്നു. അതില്‍ നൂറു ഡോളര്‍ ഡെപ്പോസിറ്റ് ചെയ്തതായി എഴുതിയിരുന്നു. എനിക്കുണ്ടായ ആശ്വാസത്തിന് അതിരില്ല.
ഞങ്ങള്‍ക്ക് ധനവാന്മാര്‍ എന്നു തോന്നി. 
മമ്മായില്‍ നിന്ന് മാറി നില്‍ക്കുന്നത് എന്റെ മനസ്സിനെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഞാന്‍ ലൂയിസിന്റെ മദറിനോട് അക്കാര്യം പറഞ്ഞു. അവര്‍ക്ക് പരിചയമുള്ള ഒരു വീട്ടിലെ ഗൃഹനായികക്ക് പാചകത്തിനും മറ്റു വീട്ടുജോലികള്‍ക്കുമായി ഒരാളെ ആവശ്യമുണ്ടെന്ന് അവര്‍ പറഞ്ഞു. ആ സ്ത്രീയുടെ വീട്ടില്‍ വച്ച് മമ്മായെ ഇന്റര്‍വ്യൂ ചെയ്തു. മമ്മാ ജോലി ആരംഭിക്കുകയും ചെയ്തു. മമ്മായുടെ എംപ്ലോയര്‍ക്ക് വീടുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് ആയിരുന്നു. വലിയ പണക്കാരുടെ പെരുമാറ്റവും രീതികളും ഒരുങ്ങലുകളും ഒക്കെ ആയിരുന്നു ആ സ്ത്രീക്ക്. എന്റെ മമ്മാക്ക് പാചകം ചെയ്യണം, ആ വീടു മുഴുവന്‍ വൃത്തിയാക്കണം, തുണയലക്കി തേച്ചുകൊടുക്കണം. ഭക്ഷണം കഴിക്കാന്‍ പോലും സമയം ലഭിക്കില്ല. വീട്ടിലെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു മമ്മായുടെ മുറി. എയര്‍ കണ്ടിഷനില്ല, ഫാനില്ല, വെന്റിലേഷന്‍ ഇല്ല; കൊതുകുകള്‍ കൂട്ടമായി ആ മുറിയില്‍ താമസിച്ചിരുന്നു. കൊതുകുകടി കാരണം മമ്മാക്ക് ഉറങ്ങാന്‍ സാധിക്കില്ല.
ഒരു ദിവസം രാവിലെ ലൂയിസിന്റെ മദര്‍ ഞാന്‍ കേട്ടിട്ടില്ലാത്ത ഒരു സ്ഥലത്തേക്ക് ഞങ്ങളെ കൊണ്ടുപോയി. ബ്രൂക്ക്‌ളിന്‍ എന്നായിരുന്നു ആ സ്ഥലത്തിന്റെ പേര്. (ഇലെയിന്‍ അന്ന് സ്‌കൂളിലെ സമ്മര്‍ ക്യാമ്പിന് പോയിരിക്കുകയായിരുന്നു.) ലൂയിസിന്റെ ഫാദര്‍ ജ്യൂയിഷ് ആണോ എന്നെനിക്ക് അറിയില്ല. പക്ഷെ ലൂയിസിന്റെ മദര്‍ ഒരു മിഡില്‍ ക്ലാസ്സ് ജ്യൂയിഷ് ഫാമിലിയില്‍ നിന്നു വന്നതാണെന്ന് അന്നെനിക്ക് മനസ്സിലായി. അവരുടെ മാതാപിതാക്കള്‍ ബ്രൂക്ക്‌ളിനിലെ ഒരു ചെറിയ ടൗണ്‍ ഹൗസിലാണ് താമസിച്ചിരുന്നത്. (ഒറ്റനിര വീട്) അവിടെ വീടുകള്‍ അടുത്തടുത്തായിരുന്നു. ലൂയിസിന്റെ മദര്‍ അവരുടെ മാതാപിതാക്കളേക്കാള്‍ വ്യത്യസ്ഥമായ ഒരു ലോകത്താണ് വിവാഹം കഴിച്ചു പോയത്. ലൂയിസിന്റെ ഗ്രാന്റ് മദറിനെ എനിക്കിഷ്ടമായി. ജോലിക്കാരിയായിട്ടല്ല, മറ്റൊരു മനുഷ്യജീവിയോടെന്നപോലെ അവര്‍ എന്നോടു പെരുമാറി. ഏകദേശം വീട്ടിലുള്ള ഒരാളോടെന്നപോലെ. അവര്‍ എല്ലാവര്‍ക്കും അവരുടെ ഡൈനിംഗ് റൂമില്‍ ആഹാരം വിളമ്പി. ലൂയിസിനും എനിക്കുമുള്‍പ്പടെ. ഞങ്ങള്‍ വളരെ സന്തോഷത്തോടെ ആഹാരമാസ്വദിച്ചു. ബ്ലിന്റ്റ്‌സ് ഉം (ഒരുതരം പാന്‍കേക്ക്, ചീസും പഴങ്ങളും നിറച്ചത്) മറ്റു പലതരം ജ്യൂയിഷ് പലഹാരങ്ങളും വിളമ്പിയത് ഞങ്ങള്‍ക്ക് വളരെ സന്തോഷമായി. ലൂയിസിന്റെ ഗ്രാന്‍ഡ്പാ അവിടെ ഉണ്ടായിരുന്നില്ല. ലൂയിസിന്റെ മദറിന് അവരുടെ ഫാദറിന്റേയോ, അവരുടെ തലമുറയിലെ മറ്റാരുടെയോ ഛായയായിരുന്നു.
ഒരു ആഴ്ച തുടങ്ങിയത് കബോര്‍ഡുകളും സ്റ്റോറേജ് മുറികളും വൃത്തിയാക്കിക്കൊണ്ടാണ്. മുന്നാം നിലയിലെ അലമാരകളില്‍ നിന്നാണ് വൃത്തിയാക്കല്‍ തുടങ്ങിയത്. നിരവധി ഭംഗിയുള്ള വസ്ത്രങ്ങളും ചെരിപ്പുകളും കെട്ടിവച്ചു. കൂട്ടത്തിലുണ്ടായിരുന്ന ഒരു ബ്രൗണും വെള്ളയും ചേര്‍ന്ന നിറത്തിലുള്ള ഒരു ജോഡി ചെരിപ്പ് ഞാന്‍ ഇട്ടുനോക്കുന്നത് ലൂയിസിന്റെ മദര്‍ കണ്ടുപിടിച്ചു. എനിക്കത് നല്ല പാകമായിരുന്നു. അവര്‍ എല്ലാം വാരിയെടുത്ത് കൊണ്ടുപോയി പാവങ്ങള്‍ക്കു കൊടുത്തോ അതോ കളഞ്ഞോ എന്നെനിക്കറിയില്ല. ആ ചെരിപ്പിനെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ മടിയോടെ അവരതെനിക്കു തന്നു. അവിടെ കണ്ട മനോഹരമായ വസ്ത്രങ്ങളെക്കുറിച്ച് ഞാന്‍ ചോദിച്ചു. അവരുടെ പഴയ വസ്ത്രങ്ങള്‍ ലൂയിസിന്റെ ആയ ധരിച്ചു നടക്കുന്നത് അവര്‍ക്കിഷ്ടമല്ല എന്നാണവര്‍ മറുപടി പറഞ്ഞത്.
ഞാന്‍ കുറച്ച് കവിതകളും എസ്സേകളും എഴുതി. അവര്‍ക്കത് വായിക്കാന്‍ ഇഷ്ടം തോന്നുമെന്ന് ഞാന്‍ വിശ്വസിച്ചു. അവര്‍ മേശപ്പുറത്ത് എന്തോ ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ എന്റെ കവിതകളും എസ്സെകളും അവരെ കാണിച്ചു. 'എന്നെക്കുറിച്ചോ, എന്റെ പഴയ ജീവിതത്തെക്കുറിച്ചോ, കുടുംബത്തെക്കുറിച്ചോ അറിയേണ്ട ആവശ്യം' അവര്‍ക്കില്ലെന്ന മട്ടില്‍ അവര്‍ സംസാരിച്ചു. 'എന്റെ ഭാവി, എന്റെ താല്പര്യങ്ങള്‍ ഒന്നുമൊന്നും അവരുടെ ബിസിനസ്സല്ല.'
എനിക്ക് ആ വീട്ടില്‍ ഒരേയൊരു കൂട്ടുകാരിയേ ഉണ്ടായിരുന്നുള്ളൂ, എസ്ഥേര്‍. അവര്‍ എപ്പോഴും എന്നോടു പറയും ''കുട്ടീ നീ ഇവിടെ നിന്നു പോകണം. ഇത് നിനക്ക് യോജിച്ച സ്ഥലവും ജോലിയുമല്ല. നീ പഠിക്കണം. നിന്റെ സമയം വൃഥാകളയരുത്. നിന്റെ മമ്മാ ജോലി ചെയ്യുന്നയിടത്തു നിന്ന് നീ അവരേയും രക്ഷിക്കണം.''
ഞാന്‍ എന്റെ കൂട്ടുകാരന്‍ ലൂയിസ് ലോവിക്ക് എഴുതി. തെരിസിന്‍സ്റ്റാട്ടില്‍ ഉണ്ടായിരുന്ന, ക്യാമ്പില്‍ നിന്നു രക്ഷപ്പെട്ട ലൂയിസ് ലോവിക്ക്. അവന്‍ വിവാഹം കഴിച്ചത് ഡിറ്റ ജെഡ്‌ലിന്‍സിയെ (ഖലറഹശിസ്യെ)ആണ്. ഔഷ്‌വിറ്റ്‌സിലേക്ക് അയക്കുന്നതിനു മുന്‍പ് അവളും തെരിസിന്‍ സ്റ്റാട്ടിലെ ഘ414 ല്‍ താമസിച്ചിരുന്നു. അവര്‍ രണ്ടുപേരും ഡെഗ്ഗന്‍ഡോര്‍ഫില്‍ നിന്ന് ആദ്യമായി അമേരിക്കയിലേക്ക് പോയവരുടെ കൂട്ടത്തില്‍ പെട്ടിരുന്നു. ലൂയിസും ഡിറ്റയും ബോസ്റ്റണിലെ ഒരു നഗരമായ ഡോര്‍ചെസ്റ്ററില്‍ ആണ് ഇപ്പോള്‍ താമസിക്കുന്നത്. അവന്‍ എനിക്ക് മറുപടി എഴുതി, ''നീയും മമ്മായും ബോസ്റ്റണിലേക്ക് വരിക. സാധനങ്ങള്‍ കൊണ്ടും പണം കൊണ്ടും ഞങ്ങള്‍ക്ക് നിങ്ങളെ  സഹായിക്കാന്‍ ആവില്ല. പക്ഷെ ഞങ്ങള്‍ക്ക് ധാര്‍മ്മിക പിന്തുണ നല്‍കാനാവും. നിങ്ങള്‍ക്ക് കൂട്ടുകാരുടെ അടുക്കല്‍ താമസിക്കാം.''
ഞാന്‍ ഞങ്ങളുടെ സ്‌പോണ്‍സര്‍ വിളിച്ച് ബോസ്റ്റണിലേക്ക് താമസം മാറാന്‍ അനുവാദം ചോദിച്ചു. സസന്തോഷം അവര്‍ അനുമതി നല്‍കി. കാരണമുണ്ട് പുതുതായി വന്ന, വന്നുകൊണ്ടിരിക്കുന്ന കുടിയേറ്റക്കാരെല്ലാം ന്യൂയോര്‍ക്കില്‍ തന്നെ അടിയുകയാണ്. അവരെ രാജ്യത്തെ മറ്റേതെങ്കിലും സ്ഥലത്തേക്ക് താമസിപ്പിക്കാന്‍ സ്‌പോണ്‍സര്‍ ശ്രമിക്കുകയാണ്, പോകുന്നവരെ ഉത്തേജിപ്പിക്കുകയാണ്.
ജോലിയില്‍ നിന്ന് ഞാന്‍ പിരിഞ്ഞുപോകയാണെന്ന അറിയിപ്പ് ലൂയിസിന്റെ മദര്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ചില്ല. അവര്‍ വളരെ ദേഷ്യപ്പെട്ടു. ''ഇപ്പോള്‍ നീ പോകുന്നത് തീരെ ശരിയല്ല. ഞാന്‍ ഗര്‍ഭിണിയാണ്. എനിക്കു സുഖമില്ല. നിന്നെ ശുപാര്‍ശ ചെയ്തവരോട് ഞാന്‍ പരാതിപ്പെടും.'' എന്നെ ജോലിക്ക് എടുത്തതുകൊണ്ട്, അവര്‍ക്കാവശ്യമുള്ള കാലം മുഴുവന്‍ ഞാന്‍ അവര്‍ക്കു വേണ്ടി ജോലി ചെയ്യണം എന്നാവും അവര്‍ വിചാരിച്ചിരുന്നത്.
എസ്ഥേറിന് സന്തോഷമായി. അവര്‍ എന്നെ ആലിംഗനം ചെയ്തു. എല്ലാ നന്മകളും ആശംസിച്ചു. ''നിന്റെ മമ്മായെ നന്നായി നോക്കണം. കേട്ടോ'' അവര്‍ നിഷ്‌കര്‍ഷിച്ചു. ലൂയിസിന്റെ ഫാദര്‍ എന്നെ റെയില്‍വേസ്റ്റേഷനില്‍ കൊണ്ടുപോയി. എനിക്ക് നല്ലതു വരട്ടെ എന്നാശംസിച്ചു.
എന്റെ മമ്മായും  ജോലിയില്‍ നിന്ന് പിരിഞ്ഞു. ഞങ്ങള്‍ ബോസ്റ്റണിലേക്ക് ട്രെയിന്‍ കയറി. ബോസ്റ്റണിലെ അഖഉഇ യില്‍ നിന്നുള്ള ഒരു സ്ത്രീ ഞങ്ങളെ സ്റ്റേഷനില്‍ വന്നു വിളിച്ച് അവരുടെ കാറില്‍ റോക്‌സ്‌ബെറിയില്‍ കൊണ്ടുപോയി. അവിടെ ഒരു വലിയ ജനവിഭാഗം യഹൂദരായിരുന്നു.
വിധവയായ ഒരു അറുപതുകാരി യഹൂദസ്ത്രീയുടെ വീട്ടില്‍ ഒരു മുറി വാടകയ്ക്ക് എടുക്കാന്‍ സ്‌പോണ്‍സര്‍ ഞങ്ങളെ സഹായിച്ചു. അവര്‍ക്ക് ഒരു രണ്ടുനില വീടാണ് ഉണ്ടായിരുന്നത്. പോളണ്ടില്‍ ജനിച്ച ആ സ്ത്രീ യൗവ്വനത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ വന്നതാണ്. യഹൂദരീതിയിയില്‍ 'കോഷര്‍' ആയാണ് അവര്‍  വീടു സൂക്ഷിച്ചിരുന്നത്. ഞങ്ങള്‍ക്ക് മുറി തന്നപ്പോള്‍ അവരുടെ അടുക്കളയില്‍ പാചകം ചെയ്യാനുള്ള അനുവാദവും ഉണ്ടായിരുന്നു. പക്ഷെ അവിടെ പാചകം ചെയ്യുന്നത് ഒരു പേടിസ്വപ്നമായിരുന്നു ഞങ്ങള്‍ക്ക്. ഞങ്ങളുടെ എല്ലാ ചലനങ്ങളും അവര്‍ വീക്ഷിച്ചിരുന്നു. ഞങ്ങള്‍ വാങ്ങുന്ന ആഹാരസാധനങ്ങളെ കുറ്റം പറയുമായിരുന്നു. കോഴിയുടെ മാംസം വാങ്ങിയാല്‍ അത് ഉപ്പുവെള്ളത്തില്‍ മണിക്കൂറുകള്‍ മുക്കി വെക്കണമെന്ന് അവര്‍ നിര്‍ബന്ധിച്ചിരുന്നു. എന്നാലെ ആ മാംസം കോഷര്‍ ആവുപോലും!! അവരുടെ ഇറച്ചിവെട്ടുകാരനില്‍ നിന്ന് ഇറച്ചി വാങ്ങണമെന്നും പലചരക്കുകടക്കാരനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങണമെന്നും അവര്‍ നിര്‍ബന്ധം പിടിച്ചു. (ഇതൊക്കെ ആ സ്ത്രീയുടെ പല ശല്യപ്പെടുത്തലുകളില്‍ ചിലതു മാത്രം). ഞങ്ങള്‍ക്ക് പാലും, പാലില്‍ നിന്നുമുണ്ടാക്കുന്നവയും ഇറച്ചിവര്‍ഗ്ഗങ്ങളും മാറ്റി സൂക്ഷിക്കണമായിരുന്നു. ആ സ്ത്രീ എപ്പോഴും ഒച്ചവെച്ച് ഞങ്ങളുടെ മുറിയിലെ പ്രൈവസി ഇല്ലാതാക്കിയിരുന്നു.
ഞങ്ങളുടെ താമസസ്ഥലത്തിനെതിരെ വസിച്ചിരുന്ന ഒരാള്‍ക്ക് ബോസ്റ്റണ്‍ ഗാര്‍മെന്റ് ഡിസ്ട്രിക്ടില്‍ ഒരു ബ്ലൗസ് ഫാക്ടറി ഉണ്ടായിരുന്നു. ഞങ്ങള്‍ ജോലിക്കു വേണ്ടി ശ്രമിക്കുന്നു എന്നയാള്‍ക്ക് അറിയാമായിരുന്നു. പരിചയപ്പെട്ട ഒരാള്‍ അമേരിക്കയില്‍ ജോലി കണ്ടുപിടിക്കുന്ന വിദ്യ ഞങ്ങള്‍ക്കു പറഞ്ഞുതന്നു. (ഏതു തരത്തിലുള്ള ജോലിക്കാണ് നിങ്ങള്‍ ശ്രമിക്കുന്നതെങ്കിലും, ഏതു ജോലിയാണ് അവര്‍ തരുന്നതെങ്കിലും നിങ്ങള്‍ക്ക് മുന്‍പരിചയമുണ്ടോ എന്നവര്‍ ചോദിക്കും. ഈ ജോലി മുന്‍പ് നിങ്ങള്‍ ചെയ്തിട്ടുണ്ടോ?  നിങ്ങള്‍ പറയണം 'ഉണ്ട്' എന്ന്. നിങ്ങള്‍ ആ ജോലിയെക്കുറിച്ച് കേട്ടിട്ടുപോലുമില്ലെങ്കില്‍ കൂടി. അങ്ങനെയാണ് ഇവിടത്തെ രീതി. അങ്ങനെയാണ് നിങ്ങള്‍ക്ക് മുന്‍പരിചയം ഉണ്ടാവുന്നത്.)
അങ്ങനെ, ഞങ്ങളുടെ നല്ല അയല്‍ക്കാരന്‍, അയാളുടെ കമ്പനിയുടെ പേര് ഷെറിന്‍ ബ്ലൗസ് കമ്പനി എന്നായിരുന്നു, ഞങ്ങള്‍ക്ക് എക്‌സ്പീരിയന്‍സ് ഉണ്ടോ എന്നു ചോദിച്ചപ്പോള്‍ (പവര്‍ സ്യൂയിംഗ് മെഷീനില്‍) ഞങ്ങള്‍ ഉത്സാഹപൂര്‍വ്വം ''ഉണ്ട്'' എന്നു പറഞ്ഞു. ഞങ്ങള്‍ പവര്‍ സ്യൂയിംഗ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കുക പോയിട്ട്, ഒരെണ്ണം കണ്ടിട്ടുപോലുമില്ലായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് ബോസ്റ്റണ്‍ ഡൗണ്‍ടൗണിലെ ഗാര്‍മെന്റ് ഫാക്ടറിയിലെ ഷെറിന്‍ ബ്ലൗസ് കമ്പനിയില്‍ ഏറ്റവും പുതിയ ജോലിക്കാരായി ഞങ്ങള്‍ കയറിക്കൂടി. എനിക്ക് ഒരു പവര്‍ സ്യൂയിംഗ് മെഷീനില്‍ ബ്ലൗസ് തയ്ക്കുന്ന ജോലിയായിരുന്നു. എന്റെ മമ്മായ്ക്ക് ഒരു 'പിങ്കിംഗ്' മെഷീനിലാണ് ജോലിചെയ്യേണ്ടിയിരുന്നത്. ഈ മെഷീനിലാണ് വളവും തിരിവും ഉള്ള കൂട്ടിത്തുന്നലുകള്‍ ചെയ്യുന്നത്.
ഒരു ഓപ്പറേറ്റര്‍ ബ്ലൗസിന്റെ കൈകള്‍ മാത്രം തയ്ക്കും. മറ്റൊരാള്‍ കോളര്‍ തയ്ക്കും, വേറൊരാള്‍ കൈകള്‍ ബ്ലൗസുകളില്‍ ചേര്‍ത്തു തുന്നും. ഈ ജോലികള്‍ക്ക് വളരെ വേഗത വേണം, പണമുണ്ടാക്കണമെങ്കില്‍, ഇങ്ങനെ പീസ് വര്‍ക്ക് ചെയ്താണ് കമ്പനി നടക്കുന്നത്. ഒരു ഓപ്പറേറ്ററില്‍ നിന്ന് മറ്റൊരു മെഷീനിലേക്ക് അതിവേഗം എത്തിച്ചേരണം. വേഗത കുറഞ്ഞാല്‍ മിടുക്കരായ ഓപ്പറേറ്റര്‍മാര്‍ക്ക് അവരുടെ ജോലി എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കില്ല. വരിയില്‍ ഒരാള്‍ സ്ലോ ആണെങ്കില്‍ ഒരു സമര്‍ത്ഥയായ തയ്യല്‍ക്കാരിക്ക് അനസ്യൂതം കിട്ടിക്കൊണ്ടിരിക്കേണ്ട ജോലി കിട്ടാതാവും. കൂടുതല്‍ പീസുകള്‍ കിട്ടിയാലേ അവര്‍ക്ക് ജോലി പൂര്‍ത്തിയാക്കാനാവൂ, പണമുണ്ടാക്കാനുമാവൂ. അസംബ്ലി ലൈന്‍ പ്രിന്‍സിപ്പിളിലാണ് സിസ്റ്റം  നടന്നിരുന്നത്, ഓരോ സെറ്റ് ജോലിക്കാര്‍ക്കും പരമാവധി പ്രഷര്‍ കൊടുത്തുകൊണ്ട്.
കാര്യവിചാരക  എന്റെ മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നത് എങ്ങനെയെന്ന് കാണിച്ചു തന്നു. എന്നിട്ട് ഒരു കെട്ട് കോളറുകള്‍ തയ്ക്കാന്‍ തന്നു. എന്റെ കൂടെ ജോലി ചെയ്തിരുന്നവരെല്ലാം ഇരുപതുകാരികളും മുപ്പതുകാരികളും ആയിരുന്നു. എന്റെ മെഷീനോട് ചേര്‍ന്നു എന്റെ തൊട്ടടുത്തിരിക്കുന്ന ഇളം നിറക്കാരിയായ, കറുത്തു ചുരുണ്ട തലമുടിയുള്ള പെണ്‍കുട്ടിയുടെ പേര് ഗെര്‍ട്ടി എന്നായിരുന്നു. ഇരുപതുകളില്‍ പ്രായമുള്ള ആ ഇറ്റലിക്കാരിക്ക് അതിവേഗതയായിരുന്നു അവളുടെ ജോലിയില്‍. മെഷീന്‍ പ്രവര്‍ത്തിക്കുന്നതനുസരിച്ച് അവളുടെ വിരലുകള്‍ പറക്കുമായിരുന്നു. അവള്‍ തനിക്കു കിട്ടുന്ന ജോലികള്‍ തീര്‍ത്ത് എണ്ണം തികയ്ക്കും. അവിടെയുള്ള ജോലിക്കാര്‍ക്ക് എന്റെ സ്പീഡ് മനസ്സിലാക്കാന്‍ മിനുട്ടുകളേ വേണ്ടി വന്നുള്ളൂ. പക്ഷെ, അവര്‍ വളരെ നന്നായി എന്നോടു പെരുമാറി. സമയം കിട്ടുന്നതുപോലെ അവര്‍ എന്നെ സഹായിച്ചു. ഞാന്‍ അവരുടെ ജോലികളില്‍ തടസ്സം സൃഷ്ടിക്കുകയാണെന്ന് എനിക്കറിയാം. അവരുടെ ജോലികള്‍ അനസ്യൂതം നടക്കണമെങ്കില്‍ എന്റെ ജോലി നടക്കണമല്ലോ.
എന്റെ മമ്മായുടെ തൊട്ടടുത്ത് ജോലി ചെയ്തിരുന്ന സ്ത്രീ ഒരു മനുഷ്യപ്പറ്റില്ലാത്തവള്‍ ആയിരുന്നു. അവളുടെ തടിച്ചു വീര്‍ത്ത മുഖവും ശരീരവും കണ്ടാലറിയാം ജീവിതം അവരോട് കരുണ കാണിച്ചിരുന്നില്ല എന്ന്. ആ സ്ത്രീ മമ്മായെ സഹായിക്കാന്‍ വിസമ്മതിച്ചു. മാത്രമല്ല, കാര്യവിചാരകയോട് മമ്മായുടെ കഴിവില്ലായ്മയെക്കുറിച്ച് നിരന്തരം ധരിപ്പിക്കുകയും ചെയ്തു. മമ്മായുടെ പ്രധാനപ്രശ്‌നം നൂല് പൊട്ടിപ്പോകുന്നതായിരുന്നു. ഒരാള്‍ പോലും മമ്മായെ സഹായിക്കാന്‍ സന്മനസ്സ് കാട്ടിയില്ല. ഞാന്‍ എപ്പോഴും എന്റെ കൂടെ ജോലി ചെയ്തിരുന്നവരുടെ സന്മനസ്സും സഹായിക്കാനുള്ള മനുഷ്യത്വവും ഓര്‍ക്കും. വിശേഷിച്ചും ഗെര്‍ട്ടിയുടെ.
മെഷീനുകളുടെ ചുറ്റുമുള്ള സംസാരം പണം, വസ്ത്രങ്ങള്‍, സിനിമാതാരങ്ങള്‍, കടംവാങ്ങല്‍..... പിന്നെ ബോസും കാര്യവിചാരകയും തമ്മിലുള്ള രഹസ്യബന്ധങ്ങളും.
ഞങ്ങള്‍ അതിരാവിലെ ജോലി തുടങ്ങും ഉച്ചഭക്ഷണം കാന്റീനില്‍ നിന്നു  വാങ്ങും. ഫാക്ടറിയുടെ നിലവറ(ബെയ്‌സ്‌മെന്റ്)യിലാണ് കാന്റീന്‍. ഒരു ചെറിയ മേശയ്ക്കു ചുറ്റുമിട്ടിരിക്കുന്ന ചെറിയ സ്റ്റൂളുകളാണ് അതിനകത്തുള്ളത്. മധ്യവയസ്‌കരായ ജ്യൂയിഷ് ദമ്പതികളാണ് അത് നടത്തുന്നത്. സാറായുടെ റൊട്ടികളും ബേക്കലുകളും ഒക്കെ വളരെ രുചിയുള്ളതായിരുന്നു. വിലയും കുറവ്. ആ വലിയ കെട്ടിടത്തില്‍ ഒന്നിലധികം ഫാക്ടറികള്‍ ഉണ്ടായിരുന്നു. ധാരാളം ജോലിക്കാര്‍. അവരുടെ കോഫിയും ബ്രേക്ഫാസ്റ്റും ലഞ്ചും ഡിന്നറുമൊക്കെ കടമായി വാങ്ങും. ഓരോരുത്തരും വാങ്ങുന്ന സാധനങ്ങളുടെ ഒരു ലിസ്റ്റ് സാറാ സൂക്ഷിക്കുന്നുണ്ടാവും. സാറായോട് ഭക്ഷണവും മറ്റും കടമായി വാങ്ങിയവര്‍ പണം സാറായ്ക്ക് കൊടുക്കുന്നുണ്ടാവുമോ? ഞാന്‍ അതിശയിച്ചു. കാരണം ഈ ജോലി എന്നും എല്ലാവര്‍ക്കും ഉണ്ടാവണമെന്നില്ല.  ജോലിക്കാരും മാറിക്കൊണ്ടിരിക്കും.
ഗെര്‍ട്ടിക്ക് കുറെ 'ബഡ്ജറ്റ് അക്കൗണ്ടുകള്‍' ഉണ്ടായിരുന്നു. അവളുടെ കടങ്ങള്‍ ചെറിയ ഇന്‍സ്റ്റാള്‍മെന്റില്‍ കൊടുത്തു തീര്‍ക്കാന്‍ പാകത്തില്‍. അവള്‍ക്ക് എന്തെങ്കിലും വാങ്ങാന്‍ അതേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളു. പലിശയെക്കുറിച്ച് ആരും സംസാരിക്കാറില്ല. ഒരാള്‍ എങ്ങനെയാണ് അവളുടെ അപ്പാര്‍ട്ട്‌മെന്റ് ബഡ്ജറ്റില്‍ ഫര്‍ണിഷ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് ഒരു പാഠം എനിക്ക് കിട്ടി. മിക്കവാറും എല്ലാവരും കടത്തില്‍ ആയിരുന്നു. ഒരു അക്കൗണ്ട് തീര്‍ത്താലുടന്‍ അടുത്ത അക്കൗണ്ട് തുടങ്ങുകയായി.
ഞങ്ങളുടെ ഫാക്ടറി ഉടമയുടെ മകന്‍ ഹാരി മാനേജ്‌മെന്റ് ഏറ്റെടുത്തപ്പോള്‍ പരസ്പരം പേരുവിളിക്കാന്‍ തക്കവണ്ണം ജോലിക്കാര്‍ തമ്മില്‍ അടുപ്പത്തിലായി. ഗെര്‍ട്ടിയും മറ്റു ചില സ്ത്രീകളും അടക്കിപ്പിടിച്ച ചിരിയോടെ എനിക്കു മുന്നറിയിപ്പു തന്നു. ''അടുത്ത ക്രിസ്തുമസ്സിനും ഹാരി പാര്‍ട്ടി നടത്തിയേക്കും. ധാരാളം കുടിവകകളും ഉണ്ടാവും. ഈ വര്‍ഷത്തെ പാര്‍ട്ടിക്ക് ഞങ്ങള്‍ വരില്ല. എന്തെല്ലാം വൃത്തികേടുകളാണ് അവിടെ നടക്കാന്‍ പോകുന്നതെന്നോ! ഹാരി ഒരു പ്ലേബോയ് ആണ്. അവന്റെ അപ്പനെപ്പോലെയല്ല. അവനൊരു കുടുംബം ഉണ്ടെങ്കിലും അതാരോടും പറയില്ല. കൂടുതല്‍ സ മയവും അവന്‍ ഹോളിവുഡിലേക്കുള്ള യാത്രയിലാണ്. വലിയ ഐഡിയകളാണവന്.
കുറച്ചു ദിവസങ്ങള്‍ക്കുശേഷം എന്നെ ഹാരിക്ക് പരിചയപ്പെടുത്തി. നീളം കുറഞ്ഞ് വണ്ണം കൂടിയ സ്വര്‍ണ്ണമുടിക്കാരന്‍. മുപ്പതിനുമേല്‍ പ്രായം കാണും. തിളങ്ങുന്ന വസ്ത്രങ്ങള്‍ ധരിച്ച് കട്ടിയുള്ള സ്വര്‍ണ്ണ വാച്ചും, മോതിരങ്ങളും ബ്രേസ്‌ലറ്റുകളും പ്രദര്‍ശിപ്പിച്ചു നടക്കുന്നവന്‍. അയാള്‍ എന്നോട് എന്തോ പിറുപിറുത്തു, പക്ഷേ അയാളുടെ കണ്ണുകള്‍ മറ്റെവിടെയോ ആയിരുന്നു. അവന്റെ തലച്ചോറിലേക്ക് ഞാന്‍ കയറിയില്ലായിരുന്നു. അയാള്‍ കൂട്ടുകാരനാക്കിയ ഒരുഹോളിവുഡ് നടന്റെ പടം കമ്പനിയിലെ ചില ബ്ലൗസുകളില്‍ ചേര്‍ക്കാനുള്ള പുറപ്പാടിലായിരുന്നു അയാള്‍. അതൊരു വന്‍ വിജയമാവുമെന്ന് അയാള്‍ക്ക് പൂര്‍ണ്ണ  വിശ്വാസമുണ്ടായിരുന്നു. അയാളുടെ ഐഡിയയ്ക്ക് ധാരാളം പണം അയാള്‍ ചെലവാക്കി. പരിണതഫലം ദാരുണമായിരുന്നു.
ഞങ്ങളുടെ വീട്ടുടമസ്ഥയുമൊത്തുള്ള ജീവിതം അസഹനീയമായി. ഞങ്ങളുടെ സ്‌പോണ്‍സര്‍ ഏജന്‍സി ഞങ്ങള്‍ക്ക് മറ്റൊരു മുറി കണ്ടുപിടിച്ചു തന്നു, ആ വീടിനടുത്തു തന്നെ പുതിയ വീട്ടുടമസ്ഥരുടെ വീടിന്റെ മൂന്നാം നിലയിലുള്ള ഒരു കൊച്ചുമുറി. വീട്ടുടമസ്ഥന്‍ ഇറച്ചിവെട്ടി വില്‍ക്കുന്നവനും, അയാളുടെ ഭാര്യ വീട്ടിലിരുന്ന് രോമക്കോട്ടുകള്‍ തയ്ക്കുകയും കേടുപോക്കുകയും ചെയ്യുന്നവളും ആയിരുന്നു.
ഞങ്ങള്‍ വിലകുറഞ്ഞ ചവിട്ടുമെത്തകളും മറ്റ് അത്യാവശ്യ സാധനങ്ങളും വാങ്ങി. സഹായവില്പന, അഥവാ 'സെയില്‍' വരാന്‍ നോക്കിയിരുന്ന് വളരെ കുറച്ചു പണത്തിനു മാത്രം സാധനങ്ങള്‍ വാങ്ങിയിരുന്നു. സെയില്‍ എന്ന മാജിക്ക് വാക്ക് മമ്മാ എളുപ്പം മനസ്സിലാക്കി. വിലകുറച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ മമ്മാക്ക് ഉണ്ടാവുന്ന സന്തോഷം പറയാനെളുപ്പമല്ലായിരുന്നു.
ഞങ്ങള്‍ക്ക് ഫോണ്‍ ഇല്ലായിരുന്നു. ഞങ്ങളോട് ആര്‍ക്കെങ്കിലും സംസാരിക്കണമെങ്കില്‍ വീട്ടുടമസ്ഥനെ വിളിക്കണം. ഏജന്‍സി കുറെ മാസങ്ങള്‍ അയാള്‍ക്ക് വാടക കൊടുത്തു. എന്നിട്ടും ഒരു ദിവസം അയാള്‍ വീട്ടില്‍ വന്ന് വാടക കൊടുത്തില്ലെങ്കില്‍ ഞങ്ങളേയും ഞങ്ങളുടെ സാധനങ്ങളെയും എല്ലാം പുറത്താക്കും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി. ഏജന്‍സി അയാള്‍ക്ക് വാടക കൊടുത്തു എന്ന കാര്യം അയാള്‍ സമ്മതിച്ചു എങ്കിലും അയാളുമായി സൗഹൃദം പിന്നെ ഞങ്ങള്‍ക്കുണ്ടായില്ല.
മിസിസ് ഗോള്‍ഡ്ഷ്മിട്ടും അവരുടെ മകന്‍ ജോച്ചെമും മകള്‍ ഈവയും (ഇവര്‍ ഡെഗ്ഗന്‍ഡോര്‍ഫിലെ ഉജ ക്യാമ്പില്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.) ബോസ്റ്റണിലേക്ക് താമസം മാറ്റിയപ്പോള്‍ ഞങ്ങളെ കാണാന്‍ വന്നു. അവര്‍ കൊണ്ടുവന്ന അതിമനോഹരമായ ഗ്ലാഡിയോല പൂക്കള്‍ ഞങ്ങളെ അമിതാനന്ദത്തിലാക്കി. വലിയ ലക്ഷ്വറി!!! ഗോള്‍ഡ്ഷ്മിറ്റ് ഫാമിലി കുറെ നാള്‍ കഴിഞ്ഞ് ന്യൂയോര്‍ക്കിലേക്ക് പോയി. (ഈ ഗോള്‍ഡ്ഷ്മിറ്റുകള്‍ സത്യത്തില്‍ എന്റെ ഭര്‍ത്താവിന്റെ കസിന്‍സ് ആണെന്ന് ഞങ്ങള്‍ പിന്നീട് അറിഞ്ഞു.)
ഈ സമയത്ത് മമ്മാക്ക് ഭയങ്കരമായ പിത്താശയ വൃണം പിന്നെയും ഉണ്ടായി,  ബെത്ത് ഇസ്രായേല്‍ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ക്ക് ഗാള്‍ബ്ലാഡറിനാണോ അപ്പെന്‍ഡിക്‌സിനാണോ അസുഖമെന്ന് തീര്‍ച്ചയാക്കാനാവാത്ത വിധം രണ്ടും പൊട്ടാന്‍ തയ്യാറായി ഇരിക്കുകയായിരുന്നു. അവര്‍ രണ്ടു ഓര്‍ഗനുകളും എടുത്തു മാറ്റി. കുറെ നാള്‍ ആശുപത്രിയില്‍ കിടക്കേണ്ടി വന്നെങ്കിലും മമ്മാ പൂര്‍ണ്ണമായും സുഖം പ്രാപിച്ചു. ഈ പിത്താശയരോഗം മമ്മായുടെ ഷെറിന്‍ ബ്ലൗസ് കമ്പനിയിലെ ജോലിയും ഇല്ലാതാക്കി. അസുഖം പൂര്‍ണ്ണമായും മാറിയപ്പോള്‍ മമ്മാക്ക് നാഷണല്‍ ജ്യൂയിഷ് ഫിലന്ത്രോഫിക്ക് ഓര്‍ഗനൈസേഷനില്‍ ലഞ്ചും, മറ്റു പലവിധ പാര്‍ട്ടികളും ഓര്‍ഗനൈസ് ചെയ്യുന്ന നല്ല ജോലി കിട്ടി. ബോസ്റ്റണില്‍ത്തന്നെ.
ലൂയിസ് ലോവിയുടെ കൂട്ടുകാരന്റെ സഹോദരന്‍ പസഫിക്കില്‍ പാരച്യൂട്ട് ഭടനായിരുന്നു. അയാള്‍ വന്നപ്പോള്‍ ആ കൂട്ടുകാരന്റെ പ്രേരണയില്‍ ലൂയിസ് ഒരു ബ്ലൈന്‍ഡ് ഡേറ്റ്  ആ പാരച്യൂട്ട് ഭടനും എനിക്കുമായി നിശ്ചയിച്ചു. (ഒരിക്കലും കണ്ടിട്ടില്ലാത്ത ആളുമായി ഡേറ്റ് ചെയ്യുന്നതാണ് ബ്ലൈന്‍ഡ് ഡേറ്റ്.) അങ്ങനെ ഒരു സന്ധ്യയ്ക്ക് ആ ഭടന്‍, മിസ്റ്റര്‍ സ്റ്റിഗ്ലിറ്റ്‌സ്  അയാളുടെ തിളങ്ങുന്ന കാറില്‍ എന്നെ വന്നു വിളിച്ചു. കാര്‍ കണ്ട് എനിക്ക് സന്തോഷം തോന്നി. പക്ഷെ പോകുന്ന വഴിയില്‍ അയാളുടെ സംസാരം അത്ര ശരിയല്ലെന്ന് എനിക്കു തോന്നി. അയാളെന്നെ ബോസ്റ്റണ്‍ ഹാര്‍ബറിലെ ഒരുപാട് ആളുകള്‍ തിങ്ങിനിറഞ്ഞ പുകതിങ്ങിയ നൈറ്റ് ക്ലബ്ബിലേക്കാണ് കൊണ്ടുപോയത്. റൗഡികളായ, കുടിയന്മാരായ നാവികര്‍ അവരുടെ സ്ത്രീകളുമായി അവിടെയുണ്ടായിരുന്നു. എങ്ങനെയാണ് അവിടെ നിന്ന് രക്ഷപ്പെടേണ്ടത് എന്നെനിക്ക് അറിയില്ലായിരുന്നു. ട്രാപ്പില്‍ അകപ്പെട്ടു എന്ന ചിന്ത എന്റെ മനസ്സിനെ മഥിച്ചു. അയാള്‍ ഒരു മാന്‍ഹാട്ടന്‍ കോക്ക്‌ടെയില്‍ ഞങ്ങള്‍ക്കു വേണ്ടി ഓര്‍ഡര്‍ ചെയ്യുന്നത് ഞാന്‍ നിരാശയോടെ നോക്കി.
പെട്ടെന്ന് പോലീസ് വിസിലുകളുടെ ശബ്ദം നാലുഭാഗത്തു നിന്നുമുയര്‍ന്നു. പടക്കം പൊട്ടുന്നതുപോലെ ആ സ്ഥലം പോലീസ് റെയ്ഡ് ചെയ്യുകയായിരുന്നു. എന്നെ കൊണ്ടുവന്ന ആളുടെ സഹായത്തോടെ ഞാന്‍ ജനാലവഴി പുറത്തിറങ്ങി. അയാള്‍ ക്ഷമ ചോദിച്ചപ്പോള്‍ എന്നെ വീട്ടില്‍കൊണ്ടു പോകാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അയാള്‍ എന്നെ വീട്ടില്‍ കൊണ്ടാക്കി. ഞാന്‍ ലൂയിസിനെയും ഡിറ്റയേയും വിളിച്ച് ഇനി ഒരിക്കലും ഒരു ബ്ലൈന്‍ഡ് ഡേറ്റുമായി പുറത്തുപോകാന്‍ എന്നോട് ആവശ്യപ്പെടരുതെന്ന് താക്കീത് ചെയ്തു.
1947 ന്റെ അവസാനത്തില്‍ ഷെറില്‍ ബ്ലൗസ് കമ്പനി 'നിര്‍ദ്ധന കമ്പനി' യായി കോടതി പ്രഖ്യാപിച്ചു. ഞാനുള്‍പ്പടെ എല്ലാ തൊഴിലാളികളും ഞങ്ങളുടെ സങ്കടം കോടതിയില്‍ ബോധിപ്പിച്ചു, കാരണം ഞങ്ങള്‍ക്ക് ശമ്പളം തന്നു തീര്‍ത്തിട്ടില്ലായിരുന്നു. ഫോറങ്ങള്‍ എല്ലാം പൂരിപ്പിച്ചു കൊടുത്തു. പക്ഷെ എനിക്കവകാശപ്പെട്ട ശമ്പളത്തില്‍ ഒരു ചെറിയ പെനി പോലും കിട്ടിയില്ല. കമ്പനിയില്‍ ജോലിയില്ലാത്തതിനാല്‍ എന്നെ പിരിച്ചുവിട്ടു എന്ന് എന്റെ കമ്പനിപ്പേപ്പറില്‍ എഴുതിച്ചേര്‍ത്തിരുന്നു. ജ്യൂസ് പേപ്പറിലെ 'ഹെല്‍പ്പ് വാണ്ടഡ്' പരസ്യങ്ങളില്‍ ഞാന്‍ അപേക്ഷിച്ചു. പല ഇന്റര്‍വ്യൂകളും നടന്നു, ഗാര്‍മെന്റ് ബിസിനെസ്സില്‍ പക്ഷെ ഒന്നും ശരിയായില്ല.
മമ്മായും ഞാനും എമിഗ്രന്റ് മ്യൂച്വല്‍ എയ്ഡ് സൊസൈറ്റി യുടെ ഒരു കൂടിവരവില്‍ സംബന്ധിക്കാന്‍ പോയി. സ്‌പോണ്‍സര്‍ ഒരു യഹൂദ ജര്‍മ്മന്‍ അഭയാര്‍ത്ഥി ക്ലബ് ആയിരുന്നു. 1930-ല്‍ ബോസ്റ്റണിലാണ് അത് സ്ഥാപിതമായത്. അതിന്റെ ആരംഭത്തിലെ അംഗങ്ങള്‍ എന്റെ മമ്മായുടെ പ്രായത്തിലുള്ളവര്‍ ആയിരുന്നു. അവരുടെ മക്കള്‍ അവരുടേതായ ഒരു ഗ്രൂപ്പ് ആ ഓര്‍ഗനൈസേഷനില്‍ തന്നെ ഉണ്ടാക്കി. അത് എന്നെപ്പോലെയുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു സാമൂഹ്യ നിര്‍ഗ്ഗമനമാര്‍ഗ്ഗമായി (ടീരശമഹ ീൗഹേല)േ തീര്‍ന്നു. ഞങ്ങള്‍ അവിടെ ചെറുപ്പക്കാരെ സന്ധിച്ചു. കൂട്ടുകാരെ ഉണ്ടാക്കി. മമ്മാക്ക് നല്ലൊരു സാമൂഹ്യ അടിത്തറ ഉണ്ടായി, ധാരാളം ആളുകള്‍ മമ്മായോട് അടുപ്പത്തിലാവുകയും ചെയ്തു. വളരെ വേഗത്തില്‍ മമ്മാ എല്ലാമായി ഇണങ്ങിച്ചേരുകയും, ഇംഗ്ലീഷ് പഠിക്കണമെന്ന ആശ മമ്മയുടെ മനസ്സില്‍ ഉണ്ടാവുകയും ചെയ്തു. അങ്ങനെ പുതിയ രാജ്യത്ത് അവര്‍ എല്ലാ കാര്യങ്ങളിലും ആക്ടീവ് ആയി  സംബന്ധിക്കാനിടയാവുകയും ചെയ്തു.
ഷെരില്‍ ബ്ലൗസ് കമ്പനിയിലെ ജോലി നഷ്ടമായ ശേഷം ഞാന്‍ അത്യാവശ്യമായി മറ്റൊരു ജോലിക്ക് ശ്രമിച്ചിരുന്നു. കങഅട ലെ ഒരു ദമ്പതികളുമായി ഞാനും മമ്മായും അടുത്ത കൂട്ടുകാരായി. ഭര്‍ത്താവ് ബോസ്റ്റണിലെ ഒരു റെസ്റ്റോറന്റ് ശൃംഖലയുടെ ആസ്ഥാനത്ത് മാനേജര്‍ ആയി ജോലി ചെയ്യുകയായിരുന്നു. സിറ്റിയിലുള്ള ഒരു റെസ്റ്റോറന്റിന്റെ മാനേജരുമായി ഇന്റര്‍വ്യൂ അദ്ദേഹം ശരിയാക്കിത്തന്നു. ഇന്റര്‍വ്യൂ കഴിഞ്ഞ് എനിക്ക് ജോലി ലഭിച്ചു. വെയിട്രസ്സായോ, കൗണ്ടറില്‍ പണം വാങ്ങുന്നയിടത്തോ എവിടെയെല്ലാം എന്നെ ആവശ്യമുണ്ടോ അവിടെല്ലാം ജോലി ചെയ്യണം.
വിലകുറഞ്ഞ ബ്രേക്ക്ഫാസ്റ്റും, ലഞ്ചും, ഡിന്നറും ആണ് ആ റെസ്റ്റോറന്റില്‍ ഉണ്ടായിരുന്നത്. ഇവിടെയും ചെറിയ മേശകളും ബഞ്ചുകളും ആണ് ഉണ്ടായിരുന്നത്. എപ്പോഴും അവിടെ തിരക്കാണ്. ടൗണിലെ ബിസിനസ്സ് ഏരിയായിലുള്ളവരാണ് ഉപഭോക്താക്കള്‍. ഇവിടെയും ഏറ്റവും പ്രധാന്യം വേഗതയ്ക്കാണ്.
അവിടെ വെയിറ്റര്‍മാരും പാചക്കാരും ഒരുതരം 'വല്ലാത്ത' സ്വഭാവക്കാരായിരുന്നു. അവര്‍ക്ക് അവരുടേതായ ഭാഷയുണ്ടായിരുന്നു. തൊണ്ണൂറ്റഞ്ചു ശതമാനവും എനിക്ക് മനസ്സിലാക്കാന്‍ സാധിക്കില്ലായിരുന്നു. ബേക്കണ്‍, ലറ്റിയൂസ് ടൊമാറ്റോ സാന്‍വിച്ചിന് ബി-എല്‍-ടി - എന്നാണ് പറയുന്നത്. നോ മയോ (മയൊനൈസ് വേണ്ട) പൈ അലമോഡ്, ലഴഴ െീ്‌ലൃ ഹശഴവ േതുടങ്ങിയ പല വാക്കുകളും ഞാന്‍ എന്റെ ഇംഗ്ലീഷ് പാഠങ്ങളില്‍ കണ്ടിരുന്നില്ല. ഞാന്‍ മുന്‍പൊരിക്കലും ഒരു റസ്റ്റോറന്റില്‍ ജോലി ചെയ്തിട്ടില്ലായിരുന്നു. അക്കാരണത്താല്‍ എനിക്ക് അവരുടെ പ്രത്യേക ഭാഷകളും അറിയാന്‍ നിവര്‍ത്തിയില്ലല്ലോ. അവിടെ ഞാന്‍ മറ്റൊരു ഗെര്‍ട്ടിയെ കണ്ടില്ല. ആരും സഹായിക്കാന്‍ ഒരുക്കമുള്ളവരും ആയിരുന്നില്ല. ജോലിക്കാര്‍ തമ്മിലൊരു സൗഹൃദവുമില്ല. ഞാന്‍ എത്രകാലം അവിടെ ജോലിചെയ്തു എന്ന് എനിക്ക് ഓര്‍മ്മയില്ല. വളരെ ചെറിയകാലയളവു മാത്രമായിരിക്കണം.
എനിക്ക് എന്തെങ്കിലും നല്ല, എനിക്ക് തൃപ്തി തരുന്ന ഒരു ജോലി എന്നാണ് ലഭിക്കുന്നത് എന്ന് ഞാന്‍ എപ്പോഴും ചിന്തിച്ചിരുന്നു. എന്റെ വിദ്യാഭ്യാസം ഇടയ്ക്കു വച്ചു നിര്‍ത്തപ്പെട്ടു. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, പല ജോലികള്‍ക്കും അത്യാവശ്യമായ പ്രാഥമിക വിദ്യാഭ്യാസ യോഗ്യത കാണിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പോലും എനിക്കില്ലായിരുന്നു. ഒരു ഡോക്ടര്‍ ആവണമെന്ന് ഞാന്‍ സ്വപ്നം കണ്ടിരുന്നു. ഞാന്‍ മുന്‍പ് സൂചിപ്പിച്ചിരുന്നതുപോലെ ഡ്യൂസല്‍ഡോര്‍ഫില്‍ നിന്ന് തെരിസിന്‍ സ്റ്റാട്ടിലേക്കു പോകുന്ന ട്രെയിനില്‍ ഞാന്‍ കണ്ടുമുട്ടിയ രണ്ടു സ്ത്രീകളെ ഞാന്‍ എപ്പോഴും ഓര്‍ത്തിരുന്നു. ഒരാള്‍ ഒരു റേഡിയോളജിസ്റ്റും മറ്റേവള്‍ ഒരു നേഴ്‌സും. എന്റെ ജീവിതത്തെ സ്പര്‍ശിച്ച ആ സ്ത്രീകള്‍ക്ക് എന്തു സംഭവിച്ചു എന്ന് എനിക്കറിയില്ലെങ്കിലും അവര്‍ എന്നില്‍ ഉണ്ടാക്കിയ മതിപ്പ് എന്നില്‍ നിലനിന്നിരുന്നു.

Read: https://emalayalee.com/writer/24


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക