Image

വെളുത്ത കത്രീന (മുട്ടത്തുവര്‍ക്കിയുടെ നോവലുകളിലൂടെ ഒരു പ്രയാണം - ഭാഗം-26: അന്ന മുട്ടത്ത്)

Published on 29 September, 2024
വെളുത്ത കത്രീന (മുട്ടത്തുവര്‍ക്കിയുടെ നോവലുകളിലൂടെ ഒരു പ്രയാണം - ഭാഗം-26: അന്ന മുട്ടത്ത്)

കിഴക്കന്‍ മലയോരത്തെ തേയിലത്തോട്ടത്തില്‍ പണിയെടുക്കുന്ന മാര്‍ത്താ എന്ന പുലച്ചി സ്ത്രീക്ക് തോംസണ്‍ എന്ന ആംഗ്ലോ ഇന്ത്യന്‍ സൂപ്രണ്ടില്‍ ജനിച്ച സന്തതിയാണ് കത്രീന. കേശവന്‍ എന്ന പുലയനായിരുന്നു മാര്‍ത്തയുടെ ഭര്‍ത്താവെങ്കിലും വെളുത്ത നിറമുള്ള കത്രീനയുടെ ജനനത്തോടെ എല്ലാ കള്ളികളും പുറത്തായി. കേശവന്‍ മാര്‍ത്തായെ ഉപേക്ഷിച്ചു പോയി. കത്രീന വളര്‍ന്ന് അതിസുന്ദരിയായ ഒരു യുവതിയായി മാറി.
ആ തോട്ടം മേഖലയിലെ പുരുഷന്മാര്‍ക്കൊക്കെ വെളുത്ത കത്രീന ഒരു ഹരമായിരുന്നു. സഹോദരന്‍ തേവന്റെ സുഹൃത്തും തേയില ഫാക്ടറിയിലെ ജോലിക്കാരനുമായ ചെല്ലപ്പന്‍ എന്ന കറുത്ത പുലയ യുവാവിനെ വീട്ടുകാര്‍ അവളുടെ ഭാവി ഭര്‍ത്താവായി കണ്ടുവച്ചിട്ടുണ്ടെങ്കിലും കത്രീനയ്ക്ക് അതില്‍ വലിയ താല്‍പര്യമില്ല. പാരിതോഷികങ്ങളും പ്രീണനവുമായി ചെല്ലപ്പന്‍ വീട്ടില്‍ കയറിയിറങ്ങുന്നു. അമ്മയുടെയും സഹോദരന്റെയും സപ്പോര്‍ട്ടും അവനുണ്ട്. എങ്കിലും തന്നെപ്പോലെ ഒരു വെളുത്ത പുരുഷനെ വിവാഹം കഴിക്കണമെന്നാണ് കത്രീനയുടെ മോഹം.
ഇതിനിടെ സഹോദരിയെ അപമാനിക്കാന്‍ ശ്രമിച്ച സൂപ്രണ്ട് മനോഹരനെ തേവന്‍ തൊഴിച്ചു കൊക്കയിലിട്ടു. അയാള്‍ മരിച്ചിരിക്കുമോ എന്നു സന്ദേഹിച്ച് അവന്‍ അമ്മയെയും സഹോദരിയെയും കൂട്ടി അന്നുതന്നെ നാടുവിട്ടു.
ആ പ്രയാണത്തിനിടയില്‍ കറുത്ത തേവന്റെ സഹോദരിയാണ് വെളുത്ത കത്രീന എന്നു പലര്‍ക്കും വിശ്വസിക്കാന്‍ കഴിയാതിരുന്നത് പല പൊല്ലാപ്പുകളും സൃഷ്ടിച്ചു. ഒടുവില്‍ മനയ്ക്കലെ നമ്പൂതിരിമാരുടെ കെട്ടിടത്തില്‍ അവര്‍ വാടകയ്ക്കു താമസിച്ചു.
അപ്പോഴും സൗന്ദര്യാരാധകര്‍ അവളുടെ പിന്നാലെ കൂടി ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഒപ്പം അവളോട് യഥാര്‍ത്ഥ അനുരാഗവുമായി സുഭഗനായ ഒരു യുവാവുമെത്തി. മനയ്ക്കാലെ കൊച്ചുതിരുമേനിയും പുരോഗമനവാദിയുമായ എ.എന്‍. നമ്പൂതിരിപ്പാട്.
അന്നാട്ടിലും പുരുഷലോകത്തുനിന്ന് അവള്‍ക്ക് നിരന്തരം ശല്യമുണ്ടായി. സഹോദരിയെ ശല്യം ചെയ്തവരെ ചോദ്യം ചെയ്യാന്‍ പോയ തേവന് തന്റെ ജീവന്‍ തന്നെ വെടിയേണ്ടി വന്നു. ആ മനപ്രയാസത്തില്‍ അമ്മ മാര്‍ത്തയും മരിച്ചു.
എങ്കിലും ഉല്‍പതിഷ്ണുവായ മനയ്ക്കലെ കൊച്ചുതിരുമേനി കത്രീനയെ ജീവിതസഖിയാക്കാന്‍ തന്റേടം കാട്ടിയതോടെ അവളുടെ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ കുടിലില്‍നിന്നും കൊട്ടാരത്തിലേക്കു മാറുകയായിരുന്നു. നല്ലവനായ നമ്പൂതിരിപ്പാട് അവളെ ജീവനു തുല്യം സ്‌നേഹിച്ചു.
കാലം കടന്നു പൊയ്‌ക്കൊണ്ടേയിരുന്നു. തങ്ങള്‍ക്കൊരു കുഞ്ഞുപിറക്കാത്തതിന്റെ ദുഃഖം മാത്രമേ ആ ദമ്പതികള്‍ക്കുള്ളൂ. ബാക്കിയെല്ലാം കൊണ്ടും സ്വര്‍ഗ്ഗതുല്യമായ ജീവിതം.
അങ്ങനെയിരിക്കെ നമ്പൂതിരിപ്പാട് ഒരു ദീര്‍ഘയാത്രയിലായിരുന്ന വേളയില്‍ തേയിലത്തോട്ടത്തില്‍ നിന്നു ചെല്ലപ്പന്‍ അവളെ കാണാനെത്തി. ഏറെക്കാലം തന്നെ മോഹിച്ചു ജീവിച്ച ആ ചെറുപ്പക്കാരനെ അവള്‍ ഒരു ദിവസം തന്റെ ബംഗ്ലാവില്‍ അതിഥിയായി താമസിപ്പിച്ചു. ആ രാത്രിയില്‍ അരുതാത്തതും സംഭവിച്ചു.
ആ നിമിഷം മുതല്‍ കത്രീനയുടെ ഹൃദയം കുറ്റബോധത്താല്‍ തേങ്ങിത്തുടങ്ങി. നല്ലവനായ കൊച്ചുതിരുമേനിയെ വഞ്ചിക്കാനിടയായ നിമിഷങ്ങളെ അവള്‍ മനസാ ശപിച്ചു.
ഒരു കുഞ്ഞിക്കാല്‍ കാണുന്നതിനുവേണ്ടി നമ്പൂതിരിപ്പാട് വീട്ടില്‍ പ്രാര്‍ത്ഥനകളും ഹോമങ്ങളും നടത്തി. അതിനു പിന്നാലെയാണ് ആ സന്തോഷവാര്‍ത്തയും എത്തിയത്. കത്രീന ഗര്‍ഭവതിയാണെന്ന്!
ആ ദമ്പതികളുടെ ആഹ്ലാദത്തിന് അതിരില്ലായിരുന്നു. കാത്തിരിപ്പിനൊടുവില്‍ കത്രീനാ ഒരു കുഞ്ഞിന് ജന്മം നല്‍കി. കറുത്ത നിറമുള്ള ഒരു ശിശു.
നമ്പൂതിരിപ്പാട് അവനെ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്.
എന്നാല്‍ ചെല്ലപ്പനോടൊപ്പം താന്‍ ശയിച്ച ആ കറുത്ത രാത്രിയെക്കുറിച്ചുള്ള ഓര്‍മ്മ ആ നിമിഷം മുതല്‍ കത്രീനയെ വേട്ടയാടുകയായി. നല്ലവനായ തന്റെ ഭര്‍ത്താവിനെ വഞ്ചിച്ചതിലുള്ള കുറ്റബോധം അനുനിമിഷം അവളെ അലട്ടിക്കൊണ്ടിരുന്നു.
അങ്ങനെ ഒരു രാത്രി വന്നു. പാതിരാത്രിയായി കത്രീനാ കതകുകളും ജനലുകളും എല്ലാം ബന്ധിച്ചു. മദ്യപിച്ചു. തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിനെ അവള്‍ ഗാഢമായി ചുംബിച്ചു. അതോടെ കുഞ്ഞ് ഞെട്ടിയുണര്‍ന്നു കരഞ്ഞു തുടങ്ങി.
കത്രീനയുടെ ഹൃദയം തുടിച്ചു. കൈകള്‍ വിറച്ചു. അവള്‍ വിറയ്ക്കുന്ന ആ കരങ്ങള്‍ പിഞ്ചുകുഞ്ഞിന്റെ കഴുത്തിലമര്‍ത്തി. ക്രമേണ കുഞ്ഞിന്റെ കരച്ചില്‍ നിലച്ചു; ശ്വാസം നിലച്ചു.
യാത്രയിലായിരുന്ന കൊച്ചുതിരുമേനി കുഞ്ഞിനുള്ള കളിപ്പാട്ടങ്ങളും വാങ്ങി തിരിച്ചെത്തുമ്പോഴാണ് അതു മരിച്ചുപോയി എന്ന നടുക്കുന്ന വിവരം അറിഞ്ഞത്.
സ്‌നേഹധനനായ അദ്ദേഹം തകര്‍ന്നുപോയി. പിന്നീട് കത്രീനയെ ആശ്വസിപ്പിക്കാനായി തിരക്കിയപ്പോഴാണ് അവളെയും കാണാനില്ല എന്നറിയുന്നത്.
അതു മറ്റൊരു പരിഭ്രമത്തിനു കാരണമായി. ഒടുവില്‍ കത്രീനാ എഴുതിവച്ച ഒരു കത്ത് കണ്ടെത്തി. അതില്‍ കണവനോടു കത്രീന തന്റെ കുറ്റങ്ങളത്രയും ഏറ്റു പറഞ്ഞിരുന്നു.
അപ്പോള്‍ അങ്ങകലെ കിഴക്കു നീലമലകളുടെ നാട്ടില്‍ ഒരു കരിമ്പാറക്കെട്ടിന്റെ മുകളില്‍ നില്‍ക്കുകയായിരുന്നു കത്രീന. ഒരു കനകനക്ഷത്രം മാതിരി.
അവള്‍ താഴ്‌വരയിലേക്കു നോക്കി; കൈകള്‍ രണ്ടും നീട്ടി.
അനന്തതയിലേക്കുള്ള യാത്ര.
'ഗായത്രീമഹലി'ലെ മൂന്നാംനിലയില്‍ തംബുരുവിന്റെ ലോലതന്ത്രികളില്‍ നിന്ന് ഒരു ശോകഗാനം അപ്പോഴും മൃദുവായി നിര്‍ഗ്ഗളിച്ചു കൊണ്ടിരുന്നു.
('വെളുത്ത കത്രീന' സിനിമയില്‍ സത്യന്‍, പ്രേംനസീര്‍, ഷീല എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു).


Read More: https://emalayalee.com/writer/285

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക