Image

ലൈന്‍ബസ് (മുട്ടത്തുവര്‍ക്കിയുടെ നോവലുകളിലൂടെ ഒരു പ്രയാണം (അവസാന ഭാഗം-27: അന്ന മുട്ടത്ത്)

Published on 07 October, 2024
ലൈന്‍ബസ് (മുട്ടത്തുവര്‍ക്കിയുടെ നോവലുകളിലൂടെ ഒരു പ്രയാണം (അവസാന ഭാഗം-27: അന്ന മുട്ടത്ത്)

ചങ്ങനാശ്ശേരിയിലെ തന്റെ വസതിയില്‍ നിന്ന് ജോലി സ്ഥലമായ കോട്ടയത്തെ ദീപികയിലേക്കുള്ള നിരന്തരമായ ബസ് യാത്രകളാവാം മുട്ടത്തു വര്‍ക്കിക്ക് 'ലൈന്‍ബസ്' എന്ന് നോവല്‍ എഴുതാന്‍ പ്രചോദനമായത്. ഒരു ബസ്സും അതിലെ കുറെ യാത്രക്കാരുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. ഒപ്പം പതിവുപോലെ ഒരു പ്രണയവും.
സരസമ്മ കോളജു വിദ്യാഭ്യാസത്തിനുവേണ്ടി തന്റെ ഗ്രാമത്തില്‍ നിന്നു കോട്ടയം പട്ടണത്തിലേക്കു പോകുന്ന ആദ്യനാള്‍. കൂട്ടിന് തനി ഗ്രാമീണനായ അവളുടെ അച്ഛനുമുണ്ട്. അതുവഴി പതിവായി പോകുന്ന 'പത്മിനി' എന്ന ലൈന്‍ബസ് ഡബിള്‍ ബെല്ലും കൊടുത്തുകഴിഞ്ഞാണ് അച്ഛനും മകളും കൂടി ഓടിക്കിതച്ചു വന്ന് അതില്‍ കയറിയത്. അതിനിടയില്‍ ബാലന്‍സ് തെറ്റി വീഴാന്‍ പോയ സരസമ്മയെ കണ്ടക്ടര്‍ ഗോപിയാണ് താങ്ങിപ്പിടിച്ചത്.
പട്ടണം അവര്‍ക്ക് അപരിചിതമായിരുന്നു. അതിനാല്‍ കോളജിലേക്ക് അവര്‍ക്കു വഴി കാട്ടിയതും പല കാര്യങ്ങള്‍ക്കും തുണയായതും ഗോപിയാണ്. അങ്ങനെ സരസമ്മയുടെ പട്ടണത്തിലെ ആദ്യനാള്‍ തന്നെ ഒരു പുതിയ സൗഹൃദത്തിന് തുടക്കം കുറിച്ചു. 
കോളജിലെത്തിയ ആദ്യനാള്‍ തന്നെ അവള്‍ക്ക് പൂവാലന്മാരില്‍ നിന്നു ശല്യമുണ്ടായി. ജഡ്ജിയുടെ മകനായ ചന്ദ്രസേനനായിരുന്നു അവരില്‍ പ്രധാനി. അതിനാല്‍ മകളുടെ സംരക്ഷണച്ചുമതലകള്‍ ഗോപിയെ ഏല്പിച്ചിട്ടാണ് അവളുടെ അച്ഛന്‍ മടങ്ങിയത്.
'പത്മിനി' എന്ന പ്രൈവറ്റ് ബസ്സിലുള്ള ആ പതിവായ യാത്രകള്‍ക്കിടയില്‍ സരസമ്മ ഗോപിയുമായി കൂടുതല്‍ അടുത്തു. അവന്റെ മനസ്സിലും അവള്‍ ഒരു മധുരസ്വപ്നമായി.
തനി നാട്ടിന്‍പുറത്തുകാരിയായിരുന്ന സരസമ്മ കോളജിലെത്തിയതോടെ പരിഷ്‌കൃതവേഷങ്ങള്‍ ധരിച്ചു തുടങ്ങി. കോളജ് യുവജനോത്സവവേളയില്‍ ഒരു പാട്ടുപാടിയതോടെ അവള്‍ക്ക് ആരാധകര്‍ ഏറി. പെണ്‍കുട്ടികളെ വലവീശിപ്പിക്കുവാന്‍ വിരുതനായ ചന്ദ്രസേനന്‍ അവളെ വിടാതെ പിന്തുടര്‍ന്നു.
പക്ഷേ, അവളുടെ അനുരാഗം കണ്ടക്ടര്‍ ഗോപിയോടുതന്നെ. ഗോപിയെ സ്‌നേഹിക്കുന്ന കമലമ്മ എന്ന പെണ്‍കുട്ടി അവരെ തമ്മില്‍ അകറ്റാനും ശ്രമിക്കുന്നുണ്ട്.
ഇതിനിടെ ചന്ദ്രസേനനില്‍നിന്ന് സരസമ്മയ്ക്ക് ഒരു പ്രണയലേഖനം ലഭിച്ചു. വായിച്ചിട്ട് നോട്ട് ബുക്കില്‍ സൂക്ഷിച്ച ആ കത്ത് ബസ്സില്‍ കിടന്നാണ് ഗോപിക്കു ലഭിച്ചത്. അവനതു നേരെ കോളജ് പ്രിന്‍സിപ്പലിനു കൈമാറി. ചന്ദ്രസേനന്റെ സസ്‌പെന്‍ഷനു തന്നെ കാരണമായി ആ സംഭവം.
തന്റെ അനുവാദം കൂടാതെ പ്രിന്‍സിപ്പലിന് ആ കത്തു കൈമാറിയ ഗോപിയുടെ നടപടി സരസമ്മയ്ക്ക് ഇഷ്ടമായില്ല. തനിക്കയച്ച കത്തിന്റെ പേരില്‍ ചന്ദ്രസേനന്‍ സസ്‌പെന്‍ഡു ചെയ്യപ്പെട്ടതില്‍ സരസമ്മയ്ക്കും കുറ്റംബോധം തോന്നി.
അതേസമയം കോളജില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടുപോലും ചന്ദ്രസേനന്‍ അവളെ കുറ്റപ്പെടുത്തിയില്ല. അത് സരസമ്മയ്ക്ക് അവനോട് ആദ്യമായി മതിപ്പുളവാക്കാന്‍ കാരണമായി. ആ സഹതാപം മുതലെടുത്തും ചന്ദ്രസേനന്‍ അവളെ തന്റെ വലയില്‍ കുടുക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
പട്ടാളത്തിലുള്ള സരസമ്മയുടെ സഹോദരന്‍ കൃത്യസമയത്ത് പണം അയയ്ക്കാതിരുന്നതിനാല്‍ അവള്‍ക്ക് കോളജില്‍ ഫീസ് കൊടുക്കാനായില്ല. അച്ഛന്റെ നിര്‍ദ്ദേശാനുസരണം അവള്‍ ഗോപിയോടു പണം ചോദിക്കാന്‍ പോയെങ്കിലും അയാള്‍ എന്തോ ആവശ്യത്തിന് തിരുവനന്തപുരത്തിനുപോയിരിക്കയായിരുന്നു. ഗത്യന്തരമില്ലാതെ അവള്‍ ചന്ദ്രസേനനെക്കുറിച്ച് അയാളുടെ ഒരു കൂട്ടുകാരനോടു തിരക്കി. ഒടുവില്‍ ഗോപി തിരുവനന്തപുരത്തു നിന്നു തിരിച്ചെത്തിയതും ചന്ദ്രസേനന്‍ പണവുമായി അവളുടെ പക്കല്‍ എത്തിയതുമെല്ലാം ഏതാണ്ട് ഒരേസമയത്തായിരുന്നു. തുടര്‍ന്ന് അവര്‍ തമ്മില്‍ വാക്കേറ്റവും സംഘട്ടനവും ഉണ്ടായി.
അതിന്റെ പേരില്‍ ചന്ദ്രസേനന്‍ ഇടപെട്ട് ഗോപിയുടെ കണ്ടക്ടര്‍ ജോലിയും നഷ്ടപ്പെടുത്തി. തുടര്‍ന്ന് അവന്‍ സുഹൃത്തിന്റെ സഹായത്തോടെ ഒരു കാറു വാങ്ങി അതു ടാക്‌സി ഓടിക്കുവാന്‍ തുടങ്ങി.
ഇതിനിടെ പട്ടാളത്തിലായിരുന്ന സരസമ്മയുടെ സഹോദരന്‍ കൊല്ലപ്പെട്ടു. അത് ആ കുടുംബത്തിന് ഒരു ഷോക്ക് ആയിരുന്നു. കടബാദ്ധ്യതകള്‍ കൊടുത്തു തീര്‍ക്കാനാവാതെ അവള്‍ കഷ്ടപ്പെട്ടു. സരസമ്മയുടെ പഠിത്തവും നിര്‍ത്തി.
വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് വര്‍ദ്ധിച്ചതോടെ സരസമ്മ ഒരു ജോലിതേടിത്തുടങ്ങി. അങ്ങനെ ഒരു അപേക്ഷ അയച്ചതനുസരിച്ച് അവള്‍ ഇന്റര്‍വ്യൂവിന് വിളിക്കപ്പെട്ടു. അവിടെ എം.ഡി.യുടെ കസേരയില്‍ കണ്ടത് ചന്ദ്രസേനനെയാണ്! അയാള്‍ അപ്പോള്‍ത്തന്നെ അവള്‍ക്കു ജോലി നല്‍കാന്‍ തയ്യാര്‍.
ജോലി സ്വീകരിക്കുന്ന കാര്യത്തില്‍ സന്ദേഹിച്ചു നിന്ന സരസമ്മയെത്തേടി ഒരുനാള്‍ ചന്ദ്രസേനന്‍ അവളുടെ വീട്ടിലെത്തി. സരസമ്മ വീട്ടിലില്ലായിരുന്ന ആ കുറഞ്ഞ സമയം കൊണ്ട് അവളുടെ അനുജത്തിയുമായി അയാള്‍ സൗഹൃദത്തിലായി. കൂടാതെ അവളുടെ അച്ഛന്റെ കടം വീട്ടാന്‍ അത്യാവശ്യ സാമ്പത്തിക സഹായവും നല്‍കി.
ഒടുവില്‍ വീട്ടുകാരുടെ പ്രേരണ കൂടിയായപ്പോള്‍ സരസമ്മ ചന്ദ്രസേനന്റെ സ്ഥാപനത്തില്‍ ജോലിക്കു കയറി. അവള്‍ തന്നില്‍ നിന്ന് അകന്നുപോകുന്നതില്‍ ഗോപിയും അസ്വസ്ഥനായിരുന്നു.
ജോലിയില്‍ പ്രവേശിച്ച സരസമ്മയെ ട്രെയിനിംഗിനെന്നു പറഞ്ഞ് ചന്ദ്രസേനന്‍ തിരുവനന്തപുരത്തിന് കൂട്ടിക്കൊണ്ടുപോയി. ആ ഒരു രാത്രി ചന്ദ്രസേനനോടൊപ്പം ഹോട്ടലില്‍ കഴിയാന്‍ അവള്‍ നിര്‍ബ്ബന്ധിതയായി.
ചന്ദ്രസേനനോടൊപ്പം കാറില്‍ സഞ്ചരിച്ച സരസമ്മയെ കണ്ട് ഗോപി അസ്വസ്ഥനായി. തന്റെ കാമുകിയെ തട്ടിയെടുത്ത സേനനോട് അയാള്‍ക്കു തീര്‍ത്താല്‍ തീരാത്ത പകയുണ്ടായി.
തിരുവനന്തപുരത്തുനിന്നും മടങ്ങിയെത്തിയ സരസമ്മയെക്കുറിച്ച് നാട്ടില്‍ അപവാദങ്ങള്‍ പ്രചരിച്ചു. വീട്ടിലും ബഹളമായി.
താനും ചന്ദ്രസേനനും വിവാഹിതരാകാന്‍ പോവുകയാണെന്നു സരസമ്മ പറഞ്ഞതോടെ വീട്ടുകാര്‍ അടങ്ങി. ചന്ദ്രസേനനെ ജാമാതാവായി ലഭിക്കുന്നത് വലിയ ഭാഗ്യമായി അവര്‍ കരുതി.
അയാളുമായി തങ്ങളുടെ വിവാഹക്കാര്യങ്ങള്‍ സംസാരിക്കുന്നതിനുവേണ്ടിയാണ് അടച്ചിട്ടിരുന്ന മുറി തള്ളിത്തുറന്ന് സരസമ്മ കടന്നുചെന്നത്. അവിടെ തന്റെ സഹോദരിയുമായി കെട്ടിപ്പുണര്‍ന്നു നില്‍ക്കുന്ന ചന്ദ്രസേനനെ കണ്ട് അവള്‍ ഞെട്ടിത്തെറിച്ചുപോയി.
അയാളുടെ മുഖംമൂടികളത്രയും അഴിഞ്ഞുവീഴുകയായിരുന്നു. തന്റെ കോളജു വിദ്യാഭ്യാസം അവസാനിപ്പിക്കാന്‍ കാരണക്കാരിയായ സരസമ്മയോട് താന്‍ പകവീട്ടുകയായിരുന്നുവെന്ന് ചന്ദ്രസേനനും തുറന്നു പറയുന്നു. അവളുടെ സ്വപ്നങ്ങളെത്രയും ആ നിമിഷം തകര്‍ന്നുപോയി.
അവള്‍ക്കുവേണ്ടി ചന്ദ്രസേനനോടു പകരം വീട്ടാന്‍ ഗോപി രംഗത്തു പ്രത്യക്ഷപ്പെടുന്നു. അവര്‍ രണ്ടാളുംകൂടി പൊരിഞ്ഞ സംഘട്ടനം നടന്നു.
വില്ലനെ തകര്‍ത്ത് ഗോപി സരസമ്മയുടെ കൈപിടിക്കുന്നതോടെ ഒരു മുട്ടത്തുവര്‍ക്കിക്കഥയുടെ സ്വാഭാവികമായ അന്ത്യമാവുകയാണ്.

(അവസാനിച്ചു)

Read More: https://emalayalee.com/writer/285

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക