Image

ഇടിമിന്നലുകളുണ്ടാക്കുന്നവര്‍ (കഥ: നീനാ പനയ്ക്കല്‍)

നീനാ പനയ്ക്കല്‍ Published on 24 May, 2014
ഇടിമിന്നലുകളുണ്ടാക്കുന്നവര്‍ (കഥ: നീനാ പനയ്ക്കല്‍)
നൂറുകണക്കിനു വിദ്യാര്‍ത്ഥികളെ കാണുന്നവരാണ് ഞങ്ങള്‍ അദ്ധ്യാപകര്‍. മിക്കവാറും എല്ലാവരുടെയും മുഖങ്ങളും പേരുകളും നെഞ്ചിലേറ്റി നടക്കുന്നവര്‍. ഓര്‍മ്മയുടെ കിളിക്കൂടു തുറന്ന് പുറത്തുവരാന്‍ ചിലരുടെ പേരുകള്‍ അമാന്തിച്ചേക്കുമെങ്കിലും മാത്രകള്‍ കൊണ്ടു അവ ചിറകുവിരിക്കയും പറന്നു വരികയും ചെയ്യും.
മറക്കാന്‍ നമ്മള്‍ ആഗ്രഹിച്ചാലും മനസ്സിന്റെ തൊട്ടടുത്തു നിന്ന് മാറാത്ത ചില മുഖങ്ങളുണ്ട്. പെട്ടെന്നിറങ്ങിപ്പോകാന്‍ മനസ്സില്ലാത്തവ. ഒരു കാല്‍ എപ്പോഴും നമ്മുടെ മനസ്സില്‍ പതിച്ചിരിക്കും ഇക്കൂട്ടര്‍. പോയിക്കാണും എന്നും നമ്മള്‍ സമാശ്വസിക്കാന്‍ തുടങ്ങുമ്പോഴാവും ഏതോ തിരിമറികളിലൂടെ മറ്റേക്കാലുകൂടി മനസ്സില്‍ അമര്‍ത്തി പതിപ്പിക്കുന്നത്.
അത്തമൊരു മുഖമാണ് ഡയാനയുടേത്. അവളുടെ ആവശ്യത്തിലധികം മേക്കപ്പ് ചെയ്തമുഖം സുന്ദരമാണ്. സുന്ദരമെന്നല്ല, അതിസുന്ദരം എന്നു വേണം പറയാന്‍. എന്നാല്‍ ഒരു മേക്കപ്പുമില്ലാത്ത രക്തകറയുള്ള നാവാണവള്‍ക്ക്. അതില്‍നിന്നു വരുന്ന വാക്കുകള്‍ക്ക് അഴിച്ചുവിട്ട കാളക്കൂറ്റന്റെ ശക്തിയാണ്, മുളയിലയുടെ മൂര്‍ച്ചയാണ് കാഞ്ഞിരത്തിന്റെ കയ്പ്പാണ്.
സ്വീറ്റ് ഡയാന. ബിറ്റര്‍ സ്വീറ്റ് ഡയാന. “ഐ കനാട്ട് ബിലീവ് ഇറ്റ് ഈസ് നോട്ട് ബട്ടര്‍”  പരസ്യത്തിലെ മോഡല്‍ ഫാബിയോയെപ്പോലെ ഒരുങ്ങി വരുന്ന ടോബിയാണത്രെ അവളുടെ ഇപ്പോഴത്തെ കാമുകന്‍. അതില്‍ എത്ര കഴമ്പുണ്ടാവുമെന്ന് ആലോചിച്ച് മെനക്കെടാന്‍ ഞാന്‍ തയ്യാറല്ല. എന്റെ ക്ലാസ്സില്‍ തൊടലും തലോടലും നെക്കിങ്ങുമെല്ലാം കര്‍ശനമായി നിരോധിച്ചിരിക്കുന്നു. എന്റെ സഹാദ്ധ്യാപികയുടെ ഭാഷയില്‍ പറഞ്ഞാല്‍ “പോയൊരുമുറിയെടുക്ക്.”
“കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്റര്‍ റിലേഷന്‍ഷിപ്പ്” ക്ലാസ് നാളെ രാവിലെ പത്തരയ്ക്ക് റൂം നമ്പര്‍ നൂറ്റിപതിനാലില്‍ നടക്കും എന്നും, ക്ലാസ്സെടുക്കാന്‍ എന്നെ ചുമതലപ്പെടുത്തയിരിക്കുന്നു എന്നും അറിയിക്കുന്ന കുറിപ്പ് കിട്ടിയതുമുതല്‍ മനസ്സില്‍ അഗ്നി. ആളിക്കത്താതെ എന്നാല്‍ ചൂടൊട്ടും കുറയാതെ.
എയിഡ്‌സ്/ എച്ച്.ഐ.വി. ആണ് വിഷയം.
നല്ലവണ്ണം തയ്യാറെടുത്തു വേണം പോകാന്‍. ഒരായിരം ചോദ്യങ്ങളുമായി എന്‍രെ മുന്നിലിരിക്കുന്ന മേക്കപ്പിട്ട, ഹെമയ സ്റ്റൈലും മനിക്യൂറും പെഡിക്യൂറും ചെയ്ത, ഡയാനയുള്‍പ്പെടെയുള്ള യംഗ് അഡല്‍റ്റുകളെ മനസ്സില്‍ സങ്കല്‍പ്പിച്ചു. പുറമേ വെളുത്തതും കറുത്തതും മഞ്ഞയും ബ്രൗണും നിറമുള്ള തൊലിയുള്ളവരെങ്കിലും അവരുടെ തലയ്ക്കുള്ളില്‍ നിറഞ്ഞു തുളുമ്പുന്ന ചോദ്യങ്ങള്‍ക്ക് നിറവ്യത്യാസം കാണില്ല. ഇന്റെലിജന്റ് മൈന്‍ഡുകളുടെ ഇന്റെലിജന്റ് ക്വസ്റ്റ്യന്‍സ്.
എനിക്ക് ലോകപരിചയം തീരെ കുറവ്. മാസ്റ്റേഴ്‌സ് ഡിഗ്രിക്കും ടീച്ചര്‍ ട്രെയിനിങ്ങിനും ഈ വിഷയത്തെക്കുറിച്ച് വളരെയധികം അറിവു തരാനായില്ല എന്ന കാര്യം സത്യം മാത്രം. എന്നാല്‍, ഏതു തലപോകുന്ന കാര്യത്തിനും പോംവഴിയായി കംമ്പ്യൂട്ടറുണ്ടെന്ന കാര്യം എന്നെ ആശ്വസിപ്പിക്കുന്നു.
കംമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു. ഗൂഗിളിനൊരു കുണുങ്ങല്‍. എനിക്കിഷ്ടമുള്ള കുണുങ്ങല്‍. കൂക്കുവിളിയില്ലാത്ത ഗൂഗിള്‍.
എയിഡ്‌സിന്റെ ചരിത്രം മുതല്‍ തുടങ്ങി.
ഡോക്ടര്‍മാരുടെ അനുഭവ വിവരണങ്ങള്‍, രോഗബാധിതരുടെ വേദനങ്ങള്‍, ഗവേഷണം ചെയ്യുന്നവരുടെ സ്റ്റഡി നോട്ടുകള്‍. പ്രിന്റു ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സെല്‍ഫോണ്‍ പാട്ടുപാടി. “യൂ ആര്‍ ആള്‍ വേസ് ഓണ്‍ മൈ മൈന്‍ഡ്…” ടോമിയാണ്.
“ആന്‍, നീയെവിടെയാ? നിന്റെ ഭര്‍ത്താവ് ഇവിടെ താഴെ ലോബിക്കു മുന്നിലുണ്ട്. പോലീസ് ഓടിച്ചുവിടും മുമ്പ് വേഗം ഇറങ്ങി വാ.”
ഹ്‌ഹോ!! രണ്ടുമണിക്കൂര്‍ ഇത്രവേഗം പോയോ? ലോക്കറിനകത്തു നിന്നു ബാഗുമെടുത്ത് എലിവേറ്റര്‍ വഴി ഞാന്‍ ലോബിയിലേക്ക് പാഞ്ഞു. ലോബിക്കുമുന്നില്‍ റോഡില്‍ സാബ് കിടക്കുന്നു, കഴുകി തിളക്കിച്ച്…. കാറിനകത്ത് ഞാന്‍ ടോമി എന്നു വിളിക്കുന്ന എന്റെ ഭര്‍ത്താവ് തോമസ്.
കാറിലിരിക്കുമ്പോഴും വീട്ടില്‍ എത്തിയ ശേഷവും ചിന്ത എയിഡ്‌സിനെക്കുറിച്ചു തന്നെ. പ്രിന്റ് ചെയ്‌തെടുത്ത നോട്ടുകള്‍ വായിച്ചു, അര്‍ദ്ധരാത്രിയില്‍ കണ്‍ പോളകള്‍ക്ക് കനം കൂടുന്നതുവരെ.
പുറത്തു മഴപെയ്യുന്നുണ്ടായിരുന്നു. ക്ലാസ്സ് റൂമില്‍ കടക്കുന്നതിനു മുമ്പ് ഒരു നിമിഷം നിന്നു ദീര്‍ഘമായി ശ്വസിച്ചു.
'ഹലോ മിസ് തോമസ്' ക്ലാസ്സ് ഒന്നിച്ച് പാടി.
'ഹലോ മൈ ക്ലാസ്സ്.' ഞാനും ഏറ്റുപാടി.
ടെക്‌നിക്കല്‍ സ്‌ക്കൂളിലെ പതിനെട്ടു വയസ്സു മുതല്‍ അന്‍പതു വയസ്സുവരെ പ്രായമുള്ള, പതിനഞ്ചു പുരുഷന്മാര്‍, എട്ടു സ്ത്രീകള്‍. എല്ലാവരും പ്രസന്ന വദനര്‍.
'നമ്മളിന്ന് എയിഡ്‌സ്/ എച്ച്.ഐ.വി. എന്ന വിഷയത്തെക്കുറിച്ചാണ് ചിന്തിക്കാനും പഠിക്കാനും പോകുന്നത്. നിങ്ങള്‍ക്ക് അതേക്കുറിച്ച് എന്തു തോന്നുന്നു? നിങ്ങള്‍ക്ക് അതേക്കുറിച്ച് എന്തറിയാം? എന്റെ  ആദ്യത്തെ ചോദ്യം.
പലരുടെയും മുഖത്തെ പ്രസന്നത മായുന്നത് ശ്രദ്ധിച്ചു. പെട്ടെന്ന് ഇരുപത്തിമൂന്ന് പേരും ഒരേസമയം സംസാരിക്കാന്‍ തുടങ്ങി. സംസാരത്തോടൊപ്പം വാഗ്വാദങ്ങളുമുയര്‍ന്നു.
കാക്കക്കൂട്ടില്‍ കല്ലെറിഞ്ഞതുപോലെ എന്ന് അമ്മ പറയാറുള്ളതോര്‍ത്തു.
'ഒരുസമയം ഒരാള്‍ സംസാരിക്കുക. പ്ലീസ്.'  ഞാന്‍ കൈകളുയര്‍ത്തി. ആരും ശ്രദ്ധിച്ചില്ല. മിനിട്ടുകള്‍…. രണ്ടു വിരലുകള്‍ വായില്‍ വെച്ച് ഞാന്‍ ഉച്ചത്തിലൊരു വിസിലടിച്ചു. ക്ലാസ്സ് നിശ്ശബ്ദമായി. കുട്ടിയായിരുന്ന കാലത്ത് വല്യപ്പച്ചനോടു പഠിച്ച വിസിലടി ഉപകാരപ്പെട്ടതോര്‍ത്തപ്പോള്‍ ചിരിവന്നു.
'ഒരാള്‍ സംസാരിക്കൂ.'
ഡയാന നീണ്ടവിരലുകളുള്ള കരമുയര്‍ത്തി.
'വികസിത, സമ്പന്ന രാജ്യമായ ഈ അമേരിക്കയില്‍ എയിഡ്‌സിനു ഇതേവരെ ഒരു മരുന്നു കണ്ടുപിടിക്കാന്‍ സാധിച്ചില്ല എന്ന കാര്യം ലജ്ജാവഹമാണ്.' ഇരുമ്പിന്റെ കട്ടിയുള്ള ശബ്ദം.
'എയിഡ്‌സ് റിസേര്‍ച്ചുകള്‍ നടക്കുന്നു, തീവ്രമായി.' അവളുടെ തൊട്ടടുത്തിരുന്ന യുവതി പറഞ്ഞു.
'ബുഷ് ഗവണ്‍മെന്റ് എന്തു ചെയ്തു? ഡയാനയുടെ വാക്കുകള്‍ക്ക് രാകിയ വാളിന്റെ മൂര്‍ച്ച.' യുദ്ധം ചെയ്യാനൊഴുക്കുന്ന കോടികള്‍ അയാള്‍ക്ക് നാടിന്റെ ശാപമായ എയിഡ്‌സിനു മരുന്നു കണ്ടുപിടിക്കാനുപയോഗിച്ചുകൂടെ?
'അതെയതെ. നല്ലചോദ്യം'
'ബുഷിന്റെ കുറ്റം കൊണ്ടല്ല എയ്ഡ്‌സ് ഈ നാട്ടില്‍ പടര്‍ന്നത്. ന്മുടെ അഭിമാനമായ വേള്‍ഡ് ട്രേഡ് സെന്റര്‍ ടെററിസ്റ്റുകള്‍ നശിപ്പിച്ചതുകൊണ്ടാണു ബുഷ് യുദ്ധത്തിനു പോയത്.'
'നിന്നെപ്പോലൊരു റിപ്പബ്ലിക്കന്‍ ഇതേ പറയൂ.' നാലഞ്ചു പേര്‍ റിപ്പബ്ലിക്കന്റെ നേരെ തിരിഞ്ഞു. വാക്കുകള്‍ കൊണ്ടുള്ള കല്ലേറായി. ബഹളമുമ്ടാക്കരുത് എന്ന എന്റെ വാക്കുകള്‍ വനരോദനമായി.
'ധാരാളം പണമുള്ള, ബാസ്‌കറ്റ് ബോള്‍ പ്ലയേഴ്‌സിനു വലിയ വില കൊടുത്ത് മരുന്നു വാങ്ങി ഉപയോഗിച്ച് ശരീരത്തിന്റെ പ്രതിരോധശക്തിയെ വര്‍ദ്ധിപ്പിക്കാം. സാധാരണക്കാരുടെ സ്ഥിതി അതല്ല.'
ആഫ്രിക്കന്‍ വനാന്തരങ്ങളിലെ കുരങ്ങുകള്‍ വഴി ലോകത്തിന്‌റെ നാനാഭാഗത്തേക്കും സംക്രമിച്ച ഈ രോഗം ഒരു തെറ്റും ചെയ്യാത്ത നിഷ്‌ക്കളങ്കമായ എത്ര ജീവിതങ്ങളെയാണ് ദിവസേന നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ക്ലാസ്സിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ സങ്കടപ്പെട്ടു.
'മിസ്.തോമസ്' ബഹളത്തിനിടയില്‍ ആരോ എന്റെ പേരു വിളിക്കുന്നു കേട്ട് ഞാന്‍ ഒന്നു കൂടി വിസിലടിച്ചു. ക്ലാസ് കറുത്ത മുഖവുമായി എന്റെ നേര്‍ക്ക് തിരിഞ്ഞു.
'നിങ്ങളൊരു ഡ്രില്‍ മാസ്റ്ററല്ല' ഡയാന എന്റെ വിസിലടിയെ അപലപിച്ചു.
'ഇതൊരു ചന്തസ്ഥലവുമല്ല. നിനക്ക് എന്റെ ക്ലാസ്സില്‍ അച്ചടക്കത്തോടെ ഇരിക്കാന്‍ വിസമ്മതമെങ്കില്‍ ദയവായി ഇറങ്ങി പൊയ്‌ക്കൊള്ളൂ.'
'ഓ.. വെരി ടച്ചീ…' അവള്‍ പരിഹസിച്ചു.
'മിസ് തോമസ്, എയ്ഡ്‌സിന്റെ ഗവേഷണം തുടരുകയല്ലേ?' ജോണ്‍ എന്നു പേരുള്ള വിദ്യാര്‍ത്ഥി ചോദിച്ചു. അവന്റെ വാക്കുകളില്‍ ഉല്‍ക്കണ്ഠ നിറഞ്ഞിരുന്നു.
'അതെ. എയ്ഡ്‌സിനു മറുമരുന്നുണ്ടാവാന്‍ ഇനിയധികം താമസമില്ല.'
ഞാനീ പറഞ്ഞതില്‍ വല്ല വാസ്തവും ഉണ്ടോ? മനസ് ചോദിച്ചു. പ്രമേഹത്തിന് മരുന്ന് ഇതാ കണ്ടുപിടിച്ചു കഴിഞ്ഞു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ എത്രയായി? ഡയബെറ്റിസ് മോനിട്ടര്‍ കിറ്റുകളും ഇന്‍സുലിനും മെറ്റ്‌ഫോര്‍മിന് തുടങ്ങിയ മരുന്നുകളും ഉല്‍പ്പാദിക്കുന്ന ബില്യന്‍ ഡോളര്‍ കമ്പനികള്‍ അതിനു സമ്മതിക്കുമോ? ഇന്നു രാവിലെയും കൊച്ചുകുട്ടികളില്‍ കണ്ടുവരുന്ന ഡയബീറ്റിസിനുള്ള ഗവേഷണത്തിനു പണം തന്നു സഹായിക്ണമെന്ന് ഒരു ടീ.വി. സെലിബ്രട്ടി യാചിക്കുന്നതു കേട്ടു.
'നോബഡി കെയേഴ്‌സ്.' ഡയാനയുടെ ശബ്ദമുയര്‍ന്നു. 'സ്വഭാവശുദ്ധിയില്ലാത്തവര്‍ക്കാണ് എയിഡ്‌സ് ബാധിക്കുന്നതെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. തെറ്റായ ധാരണയാണ്.'
'പിന്നെങ്ങനെ ഈ രോഗം ഇത്രയധികം പടര്‍ന്നു പിടിക്കുന്നു? കോടികള്‍ മരിക്കുന്നു? ഷര്‍ട്ട് മാറുന്നത്ര ലാഘവത്തില്‍ കാമുകരെ മാറ്റുന്നവര്‍ക്കാണഅ ഈ “ശാപം” കിട്ടുന്നത്.' ക്വയറില്‍ പാടുന്ന ഷെറില്‍ വിജ്ഞാനം പകര്‍ന്നു. ഷെറിലിന്റെ ഡാഡി അവരുടെ പള്ളിയിലെ ക്വയര്‍ മാസ്റ്റര്‍ ആണ്.
വാഗ്വാദം മൂത്ത് അടിയാവുമെന്ന് തോന്നി. ഞാന്‍ മെല്ലെ നടന്ന് ലൈറ്റ് ഓഫ് ചെയ്തു. ആരവമടങ്ങാന് പിന്നെയും മിനിട്ടുകളെടുത്തു.
ഓ. ക്കേ. ക്ലാസ്. എല്ലാവരും നിങ്ങളുടെ മുന്നിലിരിക്കുന്ന കമ്പ്യൂട്ടര്‍ തുറക്കു'. മുറിയില്‍ ലൈറ്റിട്ട സേഷം ഞാന് പറഞ്ഞു. 'നമുക്ക് വെബ് പേജില്‍ ലേഖനങ്ങളിലേക്കും, പ്രബന്ധങ്ങളിലേക്കും പോകാം.'
ക്ലാസ്സ് വെബ് പേജ് തുറന്നു, ഡയാനയൊഴികെ. എന്റെ ക്ലാസുകളില്‍ എന്നും ഡയാന ഒരു റിബല്‍ ആയിരുന്നു. ക്ലാസ്സില്‍ ശല്യമുണ്ടാക്കുന്നവരെ അതായത് ട്രബിള്‍ഡ് സ്റ്റുഡന്‍സിനെ റിപ്പോര്‍ട്ട് ചെയ്യാന്‍ ടീച്ചര്‍ മാര്‍ക്ക് അവകാശമുണ്ട്. അത്തരം വിദ്യാര്‍ത്ഥികളുമായി സംസാരിക്കാന്‍, ശല്യമുണ്ടാക്കുന്നതിന്റെ കാരണമറിയാന്‍ സൈക്കിയാട്രിയില്‍ ഡോക്ടറേറ്റെടുത്ത കൗണ്‍സിലര്‍മാരെ നിയമിച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ പഠിപ്പിക്കുന്നവരെ മനഃശാസ്ത്ര മൂല്യനിര്‍ണ്ണയത്തിനു പറഞ്ഞയക്കില്ലെന്ന് മനസ്സില്‍ പ്രതിജ്ഞയെടുത്തതിനാലാവാം ഡയാന ക്ലാസ്സില്‍ എനിക്കും അവളുടെ സഹപാഠികള്‍ക്കും നിത്യശല്യമായിരിക്കുന്നത്.
'ഡയാന, എന്താ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യാത്തത്?' ഞാന്‍ ചോദിച്ചു.
'എന്തിന്?' അവള്‍ തുറന്നടിച്ചു. എനിക്കറിയാം എയ്ഡ്‌സിനെക്കുറിച്ച്, ഇവിടെയിരിക്കുന്ന ഈ ബുദ്ധിരാക്ഷസരെക്കാളും, മിസ്.തോമസ്, നിങ്ങളേക്കാളും കൂടുതല്‍.'
'സത്യമോ? അത് എങ്ങനെ?' ഞാന്‍ പുഞ്ചിരിയോടെ ചോദിച്ചു.
'നിങ്ങളെന്നെ പരിഹസിക്കയാണോ തോമസ്?' അവള്‍ ചീറി. 'നിങ്ങളെപ്പോലെ കുറെ വിദേശികളുണ്ടീ നാട്ടില്‍. അറിവിന്റെ അക്കാഡമി അവാര്‍ഡ് നേടിയവര്‍ എന്നാണു ഭാവം'
മൂര്‍ച്ചയേറിയ വിദ്വേഷ വാക്കുകള്‍ ക്ലാസ്സിനെ നിശ്ശബ്ദമാക്കി. കണ്ണുകളും കാതുകളും വിഷം ചീറ്റുന്ന യുവതിലേക്ക്.
'എന്താണ് നിന്റെ പ്രശ്‌നം?' ഞാന്‍ ചോദിച്ചു.' അന്യരാജ്യക്കാരി നിന്നെ പഠിപ്പിക്കുന്നതിലുള്ള പ്രതിക്ഷേധമാണോ നിന്റെ ഈ നിക്ഷേധങ്ങള്‍ക്കെല്ലാം കാരണം? അന്യരാജ്യക്കാരായ ദമ്പതികളുടെ മകളാണു ഞാന്‍. ഞാനതില്‍ അഭിമാനം കൊള്ളുന്നു. 'വെരി വെരി പ്രൗഡ്. എന്നാല്‍ നിന്റെ അറിവിലേക്ക് പറയട്ടെ. നിന്നെപ്പോലെ ഞാനും അമേരിക്കിലാണു ജനിച്ചത്. അതുകൊണ്ട് ജന്മനാ ഒരമേരിക്കന്‍ പൗരനും'
'നിങ്ങള്‍ സുന്ദരിയാണ്, ഡയാന എന്നെ തുറിച്ചു നോക്കി. ആരോഗ്യവതിയാണ്, ഉദ്യോഗസ്ഥയാണ്, ഭര്‍ത്തൃമതിയാണ്, ചുരുക്ക കാലത്തിനുള്ളില്‍ നിങ്ങളൊരമ്മയുമാവും. ഇതൊക്കെ ധാരാളം മതി എനിക്ക് നിങ്ങളെ വെറുക്കാന്‍. ഐ ഹെയ്റ്റ് യു.'
ഒരു തുണ്ട് പഞ്ഞി വീണാല്‍ പോലും കേള്‍ക്കാവുന്നത്ര നിശ്ശബ്ദത. മിസ്. തോമസ്സിന്റെ പ്രതികരണം എന്താണെന്നാവും എല്ലാവരുടെയും മനസ്സില്‍. സ്‌ക്കൂള്‍ മുഴുവന്‍ പറഞ്ഞു പരത്താനൊരു ജൂസി വാര്‍ത്ത കിട്ടുമെന്ന പ്രതീക്ഷയാവും ചിലര്‍ക്കെങ്കിലും. എനിക്ക് ഡയാനയോട് പിണക്കം തോന്നിയില്ല. അവള്‍ക്കസൂയയാണ്. കൈയിലൊരു ഡോളര്‍ പോലുമില്ലാതെ ഈ രാജ്യത്ത് വന്ന ഇന്ത്യാക്കാര്‍ കഠിനാധ്വാനം ചെയ്ത് കുടുംബം പുലര്‍ത്തുന്നു, വീടും കാറുകളും സ്വന്തമാക്കുന്നു, മക്കളെ പഠിപ്പിച്ച് നല്ലനിലയിലെത്തിക്കുന്നു, നിയമങ്ങള്‍ പാലിക്കുന്നു. ടാക്‌സ് കൊടുക്കുന്നു. രാജ്യത്തിനു ഡോക്ടര്‍മാരെയും, എഞ്ചിനീയര്‍മാരെയും ടീച്ചര്‍മാരെയും ഐ.ടി.പ്രഗല്ഭരെയും ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണല്‍സിനെയും നല്‍കുന്നു. എങ്ങനെ അസൂയപ്പെടാതിരിക്കും? വെറുക്കാതിരിക്കും?
'നോക്കൂ ഡയാനാ.' എനിക്കവളോട് ദയതോന്നി. 'ഈ ഇന്‍സ്റ്റിട്യൂട്ടിലെ ഓരോ വിദ്യാര്‍ത്ഥിയും അവരവര്‍ ഇച്ഛിക്കുന്ന തുറമുഖത്ത് എത്തിച്ചേരത്തക്ക വിധത്തിലാണ് ഞങ്ങള്‍ ടീച്ചര്‍മാര്‍ നിങ്ങളെ നയിക്കുന്നത്, സേവിക്കുന്നത്. നിങ്ങള്‍ക്കായി ആത്മാര്‍പ്പണം ചെയ്തവരാണു ഞങ്ങള്‍…. ഐ ആം ഡെഡിക്കേറ്റഡ് ഡയാനാ. നിനക്കെന്തു സഹായം വേണമെങ്കിലും…'
 ഡയാനയുടെ മുഖത്ത് വിവിധ വികാരങ്ങളുടെ തിരയിളക്കം. 'എനിക്കെന്തു സഹായം വേണമെങ്കിലുമോ?'അവള്‍ എന്നെ തുറിച്ചു നോക്കി. വെറുമൊരു ഷോ ഓഫ് ആയ നിങ്ങള്‍ എന്നെ എങ്ങനെ സഹായിക്കാനാണ്? നിങ്ങള്‍ വീട്ടിലുള്ളവരുടെ ഫോട്ടോകള്‍ കൊണ്ടു വന്ന് ടീച്ചേഴ്‌സ് റൂമിന്റെ ചുവരുകളില്‍ ഒട്ടിച്ചുവെച്ചിട്ടില്ലേ, നിങ്ങളുടെ കുടുംബ മഹിമ കാണിക്കാന്‍? ഇതെന്റെ മമ്മി, ഇതെന്റെ ഡാഡി. ഒരു ഡെഡിക്കേറ്റഡ് ടീച്ചര്‍ ആണുപോലും. നിങ്ങള്‍ക്കൊരു ഡെഡിക്കേറ്റഡ് ഡാഡിയുമായിരിക്കും ഉള്ളത്. നിങ്ങള്‍ക്കറിയാമോ എനിക്കാരാ ഉള്ളതെന്ന്? എനിക്കുമുണ്ടായിരുന്നു ഒരു ഡാഡി. നീറുന്ന ഓര്‍മ്മകളുടെ തീച്ചൂളയില്‍ അവള്‍ വെന്തെരിയുന്നത് കണ്ടു ഞാന്‍ അമ്പരന്നു. അവള്‍ വായിലൂടെ തീ തുപ്പി, ഒരു ഡ്രാഗണ്‍ എന്നപോലെ. മയക്കുമരുന്നിനടിമയായ പരമ ദുഷ്ടനായ ഒരു ഡാഡി. ആരോടു പറയണമെന്നോ, എങ്ങോട്ടോടിപ്പോകണമെന്നോ അറിയില്ലാരുന്ന ബാല്യകാലത്ത് അയാളെന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. എയ്ഡ്‌സ് ബാധിച്ചാണയാള്‍ മരിച്ചത്. എനിക്കും ആ മാരകരോഗം ബാധിച്ചിരിക്കയാണ്, ഐആംഎച്ച്.ഐ.വീ പോസിറ്റിവ് അവള്‍ എന്റെ നേര്‍ക്ക് അലറി. എന്നെ ആഗ്രഹിക്കുന്ന തുറമുഖത്ത് എത്തിക്കാന്‍ നിങ്ങള്‍ക്കാകുമോ ആത്മാര്‍പ്പണക്കാരിയായ സര്‍വജ്ഞയായ ടീച്ചറോ?'
ഇരുട്ടടിയേറ്റതു പോലെ ക്ലാസ് സ്തംഭിച്ചു.
എനിക്ക് കരയണമെന്ന് തോന്നി. ജനാലക്കണ്ണാടിയില്‍ ആഞ്ഞു തെറിക്കുന്ന മഴ വെള്ളത്തിനുമപ്പുറത്ത് നരച്ച ആകാശം കണ്ണീര്‍ ഒഴുക്കുന്നത് എനിക്കു പകരമോ? കരയില്ലെന്ന വാശിയോടെ ഒരു പകരമോ? വെട്ടുപോത്തിനെപ്പോലെ ഡയാന കുളമ്പുകള്‍ തറയിലുരച്ചു.
“ഫാബിയോ” ഉള്‍പ്പെടെ പതിനഞ്ചു പുരുഷന്മാര്‍ ക്ലാസ്സിലിരുന്ന് പൊട്ടിക്കരഞ്ഞു.
ഇടിമിന്നലുകളുണ്ടാക്കുന്നവര്‍ (കഥ: നീനാ പനയ്ക്കല്‍)
ഇടിമിന്നലുകളുണ്ടാക്കുന്നവര്‍ (കഥ: നീനാ പനയ്ക്കല്‍)

Join WhatsApp News
vaayanakkaaran 2014-05-24 09:57:08
 മനസ്സിൽ ഒരു പോറലേല്പിക്കുന്ന നല്ല കഥ. കേരള ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ കഥകളിൽ പിതൃപീഡ ഇപ്പോൾ ഒരു പോപ്പുലർ തീം ആണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക