അമേരിക്കന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിനുള്ളിലെ നിയമാനുസൃതമല്ലാത്ത സ്റ്റോക്കു
വ്യാപാരത്തില്‍ പോര്‍ട്ട്ഫോളിയോ മാനേജരായിരുന്ന ശ്രീ മാര്തോമ്മാ മാത്യു
കുറ്റകൃത്യങ്ങള്‍ നടത്തിയെന്നു പറഞ്ഞ് ഫെഡറല്‍ കോടതി ഒമ്പതു വര്‍ഷം അദ്ദേഹത്തെ
ശിക്ഷിച്ചത് വാള്‍സ്ട്രീറ്റിന്റെ സ്റ്റോക്കുവ്യാപാരത്തിലെ സുപ്രധാനമായ ഒരു
ചരിത്രവാര്‍ത്തയായിരുന്നു. മാധ്യമങ്ങള്‍ മുഴുവന്‍ ആ രംഗം അന്ന് പകര്‍ത്തിയെടുത്തു.
പ്രമാദമായ ഈ കേസ്സില്‍ പ്രതിയെ ശിക്ഷിക്കാന്‍ കോടതിയ്ക്ക് പല
ന്യായവാദങ്ങളുണ്ടെങ്കിലും അദ്ദേഹത്തെ അറിയാവുന്ന സുഹൃത്തുക്കള്‍ക്കും
ബന്ധുക്കള്‍ക്കും അതുള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. ആര്‍ക്കോ വേണ്ടി മാര്‍തൊമ്മാ
ബലിയാടാവുകയായിരുന്നുവെന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ വിശ്വസിക്കുന്നു.
നിയമത്തിന്റെ ന്യായവാദങ്ങള്‍ കേട്ട ഒരു കേസിന്റെ വിധിയെ പൌരനെന്ന നിലയില്‍ മാനിച്ചേ
തീരൂ. ഇനി അദ്ദേഹം നിഷ്കളങ്കനാണെന്ന് തുടര്‍ന്നുള്ള അപ്പീലില്‍ക്കൂടി
തെളിയിക്കണം.
പ്രമാദമായ ഈ കേസിന്റെ കഥ ആദ്യം ആരംഭിക്കുന്നത് വൈദ്യശാസ്ത്ര
ലോകത്തിലെ പ്രസിദ്ധനായ ഡോ. ഗില്മാനില്‍ നിന്നുമായിരുന്നു. അല്സേമേഴ്സ് എന്ന
രോഗനിവാരണത്തിനുള്ള ശാസ്ത്രീയ ഗവേഷണം നടത്തിയിരുന്നത് ഡോ . ഗില്മാന്റെ നേതൃത്വ
ത്തിലായിരുന്നു. നാളിതുവരെ ആ രോഗത്തിന് ഫലവത്തായ മരുന്നൊന്നും
കണ്ടുപിടിച്ചിട്ടില്ല. അതിനായി പരീക്ഷണങ്ങള്‍ അനേക തവണകള്‍ നടത്തിയെങ്കിലും എല്ലാം
പരാജയപ്പെടുകയായിരുന്നു. എന്നാല്‍ 'എലന്‍' എന്നും വൈത്ത് എന്നും രണ്ടു കമ്പനികള്‍
ഈ രോഗത്തിനു ശമനം ലഭിക്കാന്‍ ഗവേഷണങ്ങളുമായി രംഗത്തു വന്നു. 'ബാപി' യെന്ന
ചുരുക്കപേരില്‍ ഈ മരുന്നിനെ വിളിച്ചിരുന്നു. അതിന്റെ മെഡിക്കല്‍ പേര്
'ബാപിനെയൂഴുമാബ് (ആമുശിലൗ്വൗാമയ)' എന്നാണ്. ആദ്യം എലികളില്‍ പരീക്ഷണമായി മരുന്നു
പ്രയോഗിച്ചപ്പോള്‍ വിജയകരമായി കണ്ടു. രണ്ടാം പരീക്ഷണം 240 മനുഷ്യരിലായിരുന്നു.
പരീക്ഷണങ്ങള്‍ മനുഷ്യരിലും വിജയമായിരുന്നു. അല്‍സാമെഴ്സുമായി ബന്ധപ്പെട്ട ഈ
പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ഡോ. ഗില്മാന്റെ നേത്രുത്വത്തിലായിരുന്നു നടത്തിയത്.
രണ്ടാ ഘട്ടത്തിലെ വിജയം ഡോ. ഗില്മാന് പൊതുജനങ്ങളെ അറിയിക്കാന്‍ ഒരുമ്പെടുന്ന
സമയവുമായിരുന്നു.
അമേരിക്കയില്‍ അഞ്ചു മില്ല്യനില്‍പ്പരം അല്സേമെഴ്ഷ്
രോഗികളുണ്ട്. ജനങ്ങളുടെ വര്‍ദ്ധനവനുസരിച്ച് രോഗികളുടെ എണ്ണവും
വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഈ രോഗനിവാരണത്തിനായുള്ള ഒരു മരുന്നു
കണ്ടുപിടിച്ചിരുന്നെങ്കില്‍ അമേരിക്കന്‍ വൈദ്യശാസ്ത്രത്തിനു തന്നെ അതൊരു
നേട്ടമാകുമായിരുന്നു. സ്റ്റോക്കില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് ലാഭം കൊയ്യാന്‍
നല്ലൊരവസരമായിരുന്നു. 'എലന്‍' കമ്പനിയും 'വൈത് 'കമ്പനിയും 'ബാപി' യുടെ പരീക്ഷണ
നിരീക്ഷണങ്ങള്‍ക്കായി നൂറു മില്ല്യനില്‍ അധികം ഡോളര്‍ ചിലവാക്കിക്കൊണ്ടിരുന്നു.
'ബാപി'യില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് പ്രതീക്ഷകളുമുണ്ടാവാന്‍ തുടങ്ങി.
'ലിപ്പിറ്റൊര്‍' പോലെ 'ബാപി' മരുന്നും ആഗോള പ്രസിദ്ധമാകുമെന്ന വിശ്വാസവും
ജനങ്ങളില്‍ ഉണ്ടാവാന്‍ തുടങ്ങി. അമേരിക്കന്‍ മെഡിക്കല്‍ മാസികകള്‍ 'ബാപി'യുടെ
വിജയസാധ്യതയെപ്പറ്റി പ്രചരിപ്പിച്ചുകൊണ്ടുമിരുന്നു.
സ്റ്റോക്ക് ഹെഡ്ജ്
മാര്‍ക്കറ്റിലെ അതികായനായി അറിയപ്പെടുന്ന മിസ്റ്റര്‍ സ്റ്റീഫന്‍ ഏ കോഹന് നൂറു
കണക്കിനു മില്ല്യന്‍ ഡോളര്‍ വിലവരുന്ന 'ബാപി' സ്റ്റോക്കുകള്‍ എലന്‍ കമ്പനിയില്‍
നിന്നും വൈത്തു കമ്പനിയില്‍ നിന്നും മേടിച്ചത് 'ബാപി'യുടെ വിജയത്തിന്റെ സൂചനയായി
നിക്ഷേപര്‍ കരുതി. 'ബാപി'യുടെ പരീക്ഷണങ്ങള്‍ എല്ലാ ഘട്ടത്തിലും വിജയിച്ചാല്‍
അതിന്റെ നേട്ടം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തവണ്ണമായിരുന്നു.
എന്നാല്‍
'ബാപി'യുടെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ ചില രോഗികളില്‍ പ്രായോഗികമായി
വിജയിച്ചെങ്കിലും എല്ലാവരിലും വിജയം കണ്ടെത്തുവാന്‍ സാധിച്ചില്ല. ഗില്മാന്റെ ഈ
പരീക്ഷണങ്ങളില്‍ സ്റ്റോക്കുനിക്ഷേപകര്‍ക്ക് വിശ്വാസം കുറഞ്ഞുകൊണ്ടിരുന്നു. എലന്‍
മാര്‍ക്കറ്റ് നാല്‍പ്പതു ശതമാനവും വൈത്തു മാര്‍ക്കറ്റ് ഇരുപതു ശതമാനവും
വിലയിടിഞ്ഞു. ഇതിനുള്ളില്‍ത്തന്നെ കോഹന് രണ്ടു കമ്പനികളിലും ഉണ്ടായിരുന്ന 700
മില്ല്യന്‍ ഡോളറിന്റെ സ്റ്റോക്കുകള്‍ ഉടനടി വില്‍ക്കുകയും ചെയ്തു. ഈ സ്റ്റോക്ക്
വ്യാപാരത്തില്‍ കോഹന് 275 മില്ല്യന്‍ ഡോളര്‍ ലാഭവുമുണ്ടായി. വളരെ രഹസ്യമായി
വെച്ചിരുന്ന ഈ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ പരാജയവിവരം കോഹനു ലഭിച്ചതെങ്ങനെയെന്നു
രണ്ടു ഫാര്‍മോട്ടിക്കല്‍ കമ്പനികള്‍ക്കും വിസ്മയമായിരുന്നു. കോഹന്റെ
സ്റ്റോക്കിനെപ്പറ്റിയുള്ള നിരീക്ഷണപാടവമാണ് അതിന്റെ പിന്നിലുള്ളതെന്നു മറ്റു
നിക്ഷേപകരും സ്റ്റോക്ക് മാര്‍ക്കറ്റുമായി ബന്ധമുള്ളവരും കരുതി.
ഫെഡറല്‍
അധികാരികള്‍ക്ക് കഥകള്‍ മറ്റൊരു തരത്തിലായിരുന്നു പറയാനുണ്ടായിരുന്നത്.
'ബാപി'യുടെ ഗവേഷണ പരാജയവിവരങ്ങള്‍ രഹസ്യമായി ഗില്മാനില്‍ നിന്ന്
ചോര്‍ത്തിയെടുത്ത് കോഹനെ ധരിപ്പിച്ചത് പോര്‍ട്ട് ഫോളിയോ മാനേജരായിരുന്ന
മാര്‍തോമായായിരുന്നുവെന്നു അവര്‍ ആരോപിക്കുന്നു. ബൌദ്ധികതലങ്ങളിലുളള ഇത്തരം
വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത തെളിവുകളായി കോഹനും
മാര്‍തോമായുമായുള്ള
സംഭാഷണങ്ങളും ഈമെയിലുകളുമുണ്ടെന്നു ഫെഡറല്‍ അധികാരികള്‍ ആരോപിച്ചെങ്കിലും അത്തരം
തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ സാധിച്ചില്ല. ഒരു സ്റ്റോക്ക് പോര്‍ട്ട്
ഫോളിയോ മാനേജരെന്ന നിലയില്‍ 'ബാപി'യുടെ പുരോഗതിയെപ്പറ്റി തീവ്രമായ അന്വേഷണങ്ങള്‍
മാര്‍തോമാ നടത്തിയെങ്കിലും 'ബാപി' യുടെ ഗവേഷണ പരാജയവിവരങ്ങള്‍ ഏതെങ്കിലും
ഡോകടര്‍മാരില്‍ നിന്ന് ലഭിച്ചതായ രേഖകളും കോടതിയ്ക്ക് കണ്ടെത്താന്‍
സാധിച്ചിട്ടില്ല. ആദ്യം പ്രതിസ്ഥാനത്തായിരുന്ന ഗില്മാനെ സാക്ഷിയാക്കി പിന്നീട്
കുറ്റം മുഴുവന്‍ മാര്‍തോമായില്‍ ആരോപിക്കുകയായിരുന്നു.
ഡോക്ടര്‍
ഗില്മാന് ന്യൂറോളജിയില്‍ ഫ്രോഫാസറാണെങ്കിലും രണ്ടുതരം വ്യക്തിത്വം
അദ്ദേഹത്തിനുണ്ടായിരുന്നു. കോടതിയില്‍ അദ്ദേഹത്തിന്റെ വിസ്താര വേളയിലും
പ്രായാധിക്യം കാരണം മാനസിക പരിഭ്രമം വ്യക്തമായി കാഴ്ചക്കാര്‍ക്ക് കാണാമായിരുന്നു.
ഇന്നു പറയുന്നത് മറ്റൊരു ദിവസം വേറൊരു തരത്തില്‍ പറയുന്ന സ്വഭാവ വിശേഷം
ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലത്തില്‍ തെളിഞ്ഞുകാണാം. പ്രതിയായിരുന്ന സമയത്ത്
മാര്‍തോമായ്ക്ക് അനുകൂലമായി പറഞ്ഞ അദ്ദേഹത്തെ കോടതി സാക്ഷിയാക്കിയപ്പോള്‍
പറഞ്ഞതെല്ലാം വ്യത്യസ്തമായ രീതിയില്‍ മാര്‍തോമായ്ക്കെതിരായി ആയിരുന്നു.
ന്യൂറോളജിയിലെ ആധികാരികമായ ഡോക്ടര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ സാക്ഷിമൊഴികള്‍
കോടതിയ്ക്ക് വിശ്വസിനീയവുമായിരുന്നു. പ്രതിയായിരുന്നപ്പോള്‍ പറഞ്ഞതെല്ലാം പാടെ
തള്ളി കളയുകയും ചെയ്തു.
ഗില്മാന് 1977ല്‍ മിഷിഗണ്‍
യൂണിവേഴ്സിറ്റിയില്‍ ന്യൂറോളജി പ്രൊഫസറുടെ ചുമതല വഹിച്ചിരുന്നു. ന്യൂറോളജി
ഡോക്ടറായിരുന്ന ഗില്മാന്റെ ജീവിതം എന്നും മാനസിക പാളീച്ചകള്‍ നിറഞ്ഞതായിരുന്നു.
ദുഖകരമായ അനുഭവങ്ങള്‍ അദ്ദേഹത്തിനു ധാരാളമുണ്ട്. 1980ല്‍ അദ്ദേഹത്തെ ആദ്യ ഭാര്യ
ഉപേക്ഷിച്ചുപോയി. മൂത്ത മകനായ 'ജെഫ്' ഒരു മാനസിക രോഗിയായി മാറി. 1983ല്‍ അമിതമായ
ഗുളികകള്‍ കഴിച്ച് 'ജെഫ്' ആത്മഹത്യ ചെയ്തു. ജെഫിന്റെ മരണ ശേഷം നിരാശനായ അദ്ദേഹം
ജോലി രാജി വെച്ചു. 1984ല്‍ രണ്ടാമതും വിവാഹം കഴിച്ചു. ആദ്യത്തെ വിവാഹത്തില്‍ ജനിച്ച
മകന് 'റ്റോടും' അദ്ദേഹത്തെ ഉപേക്ഷിച്ചു പോയി.
ഗില്മാന് യൂണി വേഴ്സിറ്റി
പ്രൊഫസറെന്നതിലുപരി ജി.എല്‍.സി എന്ന കമ്പനിയുടെ മെഡിക്കല്‍ സ്റ്റോക്ക്
സംബന്ധിച്ച കണ്സള് ട്ടന്റും ആയിരുന്നു. അങ്ങനെ മെഡിക്കല്‍ സ്റ്റോക്ക്
ഉപദേശകനെന്ന നിലയില്‍ മാര്‍തോമായില്‍ നിന്നും ഒരിയ്ക്കല്‍ അദ്ദേഹത്തിനു ഒരു
ടെലഫോണ്‍ വന്നു. മെഡിക്കല്‍ സംബന്ധമായി സ്റ്റോക്കുകള്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹം
കോഹന്റെ കമ്പനിയില്‍ നിയമിതനായ വിവരവും ഡോക്ടര്‍ ഗില്മാനെ അറിയിച്ചു.
ഗവേഷണത്തിലിരിക്കുന്ന 'ബാപി ' യെ പ്പറ്റിയും അല്സാമെഴ്സ് രോഗത്തെപ്പറ്റിയും
അദ്ദേഹമന്ന് സംസാരിച്ചിരുന്നു. മാര്‍തോമായുടെ അമ്മയും ഭാര്യയും
ഡോക്ടര്‍മാരായതുകൊണ്ട് പ്രായോഗിക ജീവിതത്തിനു വേണ്ട സാമാന്യ മെഡിക്കല്‍ വിവരങ്ങള്‍
അദ്ദേഹത്തിനറിയാമായിരുന്നു. മാര്തോമയ്ക്ക് അല്സാമെഴ്സ് രോഗത്തെപ്പറ്റി
സംസാരിക്കാന്‍ ധാരാളമുണ്ടായിരുന്നു. ചെറുപ്പകാലങ്ങളില്‍ സ്കൂളില്‍ പഠിക്കുന്ന
കാലത്ത് ഹോസ്പ്പിറ്റലുകളില്‍ ചാരിറ്റബിള്‍ സംഘടനയ്ക്കായി കാന്റി(രമിറ്യ)
വില്ക്കാന് പോവുന്ന കാര്യവും മാര്തോമ്മാ ഗില്‍മാനോട്
സംസാരിച്ചിട്ടുണ്ട്.
മാര്‍തോമാ എസ്.എ. സിയില്‍ വരുന്നതിനു മുമ്പ്
സിരിയോസ് ക്യാപ്പിറ്റല്‍ മാനേജ്മെന്റ് എന്ന ചെറിയ കമ്പനിയിലായിരുന്നു ജോലി
ചെയ്തിരുന്നത്. പോര്‍ട്ട് ഫോളിയോ മാനേജരെന്ന നിലയില്‍ മാര്‍തോമയുടെ ഫ്രൊഫഷണല്‍
വളര്‍ച്ചയ്ക്ക് എസ്.എ.സി കമ്പനി അനുയോജ്യമായ സ്ഥലമെന്നും അദ്ദേഹം വിചാരിച്ചു.
കമ്പനിക്ക് തുടര്‍ച്ചയായി ലാഭമുണ്ടാക്കുന്നവര്‍ അവിടെ പെട്ടെന്നു പണക്കാരാകും.
കമ്പനിയ്ക്ക് നഷ്ടമുണ്ടാക്കുന്ന സമയം അവിടെനിന്നു പുറത്താകുകയും ചെയ്യും. വളരെ
കഴിവും പ്രാപ്തിയുമുള്ളവരെയും അക്കാദമിക്ക് നിലവാരം നോക്കിയുമേ അവിടെ ജോലിക്കായി
നിയമിക്കുകയുള്ളൂ. മാര്‍തോമയെ സംബന്ധിച്ച് അദ്ദേഹത്തിന് ഡ്യൂക്ക്
യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡിഗ്രീയുണ്ടായിരുന്നു. അനേക വര്‍ഷങ്ങള്‍കൊണ്ട്
വളരെയധികം അദ്ധ്വാനഫലമായി അല്സേമഴ്സിനെ സംബന്ധിച്ചുള്ള പേപ്പറുകളും ഹാര്‍വാര്‍ഡ്
യൂണിവെഴ്സിറ്റിയില്‍ തയാറാക്കിയിരുന്നു.നിയമഡിഗ്രിയ്ക്ക് ഡോക്ടറെറ്റിന്
പഠിക്കാന്‍ ഹാര്‍വാര്‍ഡു യൂണിവേഴ്സിറ്റിയില്‍ തുടക്കമിട്ടെങ്കിലും
പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പിന്നീടദ്ദേഹം സ്റ്റാന്‍ഫോര്‍ഡില്‍നിന്ന്
എം.ബി.എ. ബിരുദമെടുത്തു. എസ്.ഏ. സി യുടെ പുരോഗതിക്കായി മാര്‍തോമ അതീവ ഗവേഷണ
ചാതുരിയും കഠിനാധ്വാനിയുമായിരുന്നു. അവിടെ ജോലിയെടുത്ത നാളുമുതല്‍ അദ്ദേഹത്തെ
ആകര്‍ഷിച്ചത് 'ബാപി' യുടെ പുരോഗതിയായിരുന്നു. ആ ഡ്രഗുമായി ബന്ധപ്പെട്ട അനേകം
ഡോക്ടര്‍മാരുമായി അദ്ദേഹം സംസാരിച്ചു. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ
പുരോഗതിയെപ്പറ്റി പറയുവാന്‍ ഡോക്ടര്‍മാര്‍ തയാറായിരുന്നില്ല. ഗില്മാനും
മാര്‍തോമായുമായുള്ള സംഭാഷണത്തിന്റെ വെളിച്ചത്തില്‍ അഞ്ചുമില്ല്യന്‍ ഡോളര്‍ വിലയുള്ള
'ബാപി'യുടെ സ്റ്റോക്ക് എസ്.എ .സി. വാങ്ങിക്കാന്‍
തയാറായി.
'ന്യൂയോര്‍ക്കറെന്ന' അമേരിക്കന്‍ വാരികയിലെ ഒരു ലേഖകനും റോസ്
മേരിയുമായുള്ള അഭിമുഖ സംഭാഷണംത്തില്‍ റോസ് മേരി മനസു തുറന്ന്
സംസാരിക്കുന്നുണ്ട്. റോസ് മേരി പറയുന്നു, 'മാത്യൂ ഒരിക്കലും തന്റെ ജോലികള്‍
സ്വയമായിട്ടായിരുന്നില്ല ചെയ്തിരുന്നത്. ഓരോ തീരുമാനവും എടുക്കുന്നത്
സഹപ്രവര്‍ത്തകരും ബോസുമാരുമായി ആലോചിച്ച് ഒരു ഗ്രൂപ്പിന്റെ പിന്തുണയോടെയായിരുന്നു.
വിശ്രമമില്ലാതെ സദാസമയവും ഏഴുതരം ജോലി ചെയ്യണമായിരുന്നു. രാവിലെ
നാലുമണിക്കെഴുന്നേല്ക്കും. യൂറോപ്യന്‍ മാര്‍ക്കറ്റ് ശ്രവിച്ചു കഴിഞ്ഞ്
ന്യൂയോര്‍ക്ക് മാര്‍ക്കറ്റ് ക്ലോസ് ചെയ്യുന്നവരെ ജോലി ചെയ്തുകൊണ്ടിരുന്നു.
വിജയകരമായി കൈകാര്യം ചെയ്യാമായിരുന്ന മറ്റനേക സ്റ്റോക്കുകളുണ്ടായിരുന്നെങ്കിലും
'ബാപി' യായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ മുഴുവനും. ഒരു പോര്‍ട്ട്ഫോളിയോ
മാനേജരെന്ന നിലയില്‍ ഉയര്‍ച്ചകളും താഴ്ചകളുമുണ്ടാകും. ഓരോതരം സ്റ്റോക്കുകളും
അവരുടെ കുഞ്ഞുങ്ങളാണ്. അതിനെ പരിപോഷിപ്പിച്ച് വളര്‍ത്തിക്കൊണ്ടിരിക്കണം.
സ്റ്റോക്കിന്റെ വളര്‍ച്ചയെപ്പറ്റിയും പുരോഗതിയെപ്പറ്റിയും അന്വേഷിക്കുകയും ഗവേഷണം
നടത്തുകയും ചെയ്യുകയെന്നത് കമ്പനിയുടെ താല്പര്യവും സ്വന്തം പ്രൊഫഷണിലസത്തിന്റെ
വളര്‍ച്ചക്കുമാവശ്യവുമാണ്. ഗില്മാനും മാര്‍തോമായുമായി 42 അഭിമുഖ സംഭാഷണങ്ങള്‍
നടന്നതായി കോടതിയില്‍ സാക്ഷി പറഞ്ഞിട്ടുണ്ട്. കൂടാതെ അനേക ഡോക്ടര്‍മാരോടും
സംസാരിച്ചിട്ടുണ്ട്. അവരാരും 'ബാപി'യുടെ പരാജയത്തെപ്പറ്റിയോ
പാര്‍ശ്വഫലങ്ങളെപ്പറ്റിയോ അദ്ദേഹത്തോട് സംസാരിച്ചതായി അറിവില്ല.
1974ല്‍
ഫ്ലോറിഡായില്‍ മെറിറ്റ് ഐലന്‍ഡില്‍ മാര്‍തോമാ ജനിച്ചു. അജയ മാത്യൂ
തോമസെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പേര്. മാത്യൂവിന്റെ പിതാവ് അവിടെ ്രൈഡ
ക്ലീനിംഗ് ബിസിനസ് നടത്തിയിരുന്നു. മകന്റെ പഠനത്തിലും അക്കാഡമിക്ക്
വളര്‍ച്ചയിലും അതി കര്‍ശനക്കാരനായിരുന്നു. ഏതെങ്കിലും വിഷയത്തില്‍ മകന് 'ബി'
ഗ്രേഡായാല്‍ അപ്പനു സഹിക്കുമായിരുന്നില്ല. ആദികുടിയേറ്റക്കാരായ ഭൂരി ഭാഗം
മാതാപിതാക്കളും മക്കള്‍ ഹാര്‍വാര്‍ഡില്‍ പഠിക്കണം അല്ലെങ്കില്‍ ഡോക്ടറാകണമെന്ന
ചിന്താഗതിക്കാരായിരുന്നു. മൂത്ത മകനായ 'അജയ' എന്ന' മാര്‍തോമാ' ഹാര്‍വാര്‍ഡില്‍
പഠിക്കണമെന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. മാര്‍തോമാ, ഹൈസ്കൂള്‍ പാസായത്
'എ' ഗ്രേഡോടെ ഒന്നാമനായിട്ടായിരുന്നു. എങ്കിലും അന്ന് തെരഞ്ഞെടുത്തത് ഡ്യൂക്ക്
യൂണിവെഴ്സിറ്റിയായിരുന്നു. ഡ്യൂക്ക് യൂണിവെഴ്സിറ്റിയില്‍ പഠിക്കുന്ന കാലത്തും
അല്‍സെമെഴ്സിനെ സംബന്ധിച്ചുള്ള മെഡിക്കല്‍ പഠനത്തിനായി വോളണ്ടീയര്‍ ജോലി
ചെയ്യുമായിരുന്നു. പഠിച്ചു മിടുക്കനായി ജീവിതത്തിന് അര്‍ത്ഥവും
വ്യക്തിപ്രഭാവമുള്ളവനുമായി വളരണമെന്ന തീവ്രമായ ഉല്ക്കര്ഷേച്ഛ എന്നുമദ്ദേഹത്തെ
നയിച്ചിരുന്നു. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന കാലത്ത്
അദ്ദേഹത്തിന്റെ പി.എച് ഡി. തിസീസിന്റെ അഡ്വൈസര്‍ ഡോക്ടര്‍ റൊണാള്‍ഡ് ഗ്രീന്‍
പറഞ്ഞത് 'സ്വഭാവ ഗുണത്തിലും പഠനത്തിലും അര്‍പ്പണബോധത്തിലും ഒരുപോലെ മികവു
പ്രകടിപ്പിച്ചിരുന്ന മാത്യൂ മാര്‍തോമയെ തന്റെ വളര്‍ത്തു പുത്രനാക്കാന്‍
ആഗ്രഹിക്കുന്നു'വെന്നായിരുന്നു. (റെഫ. ന്യൂയോര്‍ക്കര്‍ പത്രം, ഒക്റ്റോബര്‍
3)
സ്റ്റാന്‍ഫോര്‍ഡില്‍ പഠിക്കുമ്പോഴാണ് മാത്യൂ മാര്‍തോമാ റോസ് മേരിയെന്ന
പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പാലായിലെ പേരും പെരുമയുമുള്ള അതിപുരാതനമായ
കുടുംബത്തിലെ അംഗമായ റോസ് മേരി മാതാപിതാക്കളോടൊപ്പം വളര്‍ന്നത് ന്യൂ സെലെണ്ടിലും.
റോസ് മേരി അന്ന് യൂ.എസ്സില്‍ പ്രാക്റ്റീസ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡിനു
പഠിക്കുകയായിരുന്നു. മാര്‍തോമായെ കണ്ടുമുട്ടിയതുമുതല്‍ അവര്തമ്മില്
അടുപ്പമാവുകയും ജീവിതപങ്കാളിയാക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു. റോസ് മേരിയുടെ
മാതാപിതാക്കള്‍ കേരളത്തില്‍ വളര്‍ന്നെങ്കിലും ഉദ്യൊഗമായി
മറുനാടുകളിലായിരുന്നതുകൊണ്ട് കൂടുതലും പാശ്ചാത്യ ചിന്താഗതിക്കാരായിരുന്നു.
മാര്‍തോമാ റോസ്മേരിയുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളെപ്പോലെ
ബഹുമാനിച്ചിരുന്നു. വ്യത്യസ്ത ക്രിസ്ത്യന്‍ വിഭാഗമായ ഒരു ഓര്‍ത്തോഡോക്സ്
യുവാവുമായുള്ള വിവാഹം മാതാപിതാക്കള്‍ സമ്മതിക്കുമോയെന്നും റോസ് മേരിയുടെ മനസിനെ
അന്ന് അലട്ടിയിരുന്നു. അവരുടെ മാതാപിതാക്കള്‍ക്കും മാര്‍തോമായെ വളരെയേറെ
ഇഷ്ടമായിരുന്നു. അവര്‍ പൂര്‍ണ്ണസമ്മതത്തോടെ ഈ വിവാഹം അംഗീകരിച്ചു. 2003ല്‍
റോസ്മേരിയും മാര്‍തോമായും ഓര്‍ത്തോഡോക്സ് ആചാരപ്രകാരം വിവാഹിതരായി.
ജോലിസംബന്ധമായി കണക്റ്റിക്കട്ടില്‍ താമസമാക്കിയ കാലം, ആദ്യത്തെ കുഞ്ഞു
ജനിച്ചതുകൊണ്ട് റോസ് മേരി ജോലി നിറുത്തി. പിന്നീടു മാത്യുവിന്റെ തൊഴിലിനേയും
സഹായിച്ചുകൊണ്ട് സന്തുഷ്ടമായ ഒരു കുടുംബജീവിതം നയിച്ചു.
ഗില്മാനും
മാര്‍തോമായുമായുള്ള ബന്ധം കൂടുതലും ബൌദ്ധിക തലങ്ങളിലുള്ളതായിരുന്നു.
അല്‍സേമാഴ്സിനെ സംബന്ധിച്ച വിവിധ തരം ഡ്രഗുകളെപ്പറ്റി ചര്‍ച്ച ചെയ്യുമായിരുന്നു.
അറിയാനുള്ള ജിജ്ഞാസ കാരണം മാര്‍തോമായ്ക്ക് ഗില്മാനെ കണ്ടുമുട്ടുമ്പോഴെല്ലാം അനേക
ചോദ്യങ്ങളുമുണ്ടായിരുന്നു. താന്‍ പഠിപ്പിക്കുന്ന ബുദ്ധിമാന്മാരായ
വിദ്യാര്‍ത്ഥികളെക്കാള്‍ ബുദ്ധിശക്തിയില്‍ വളരെയേറെ മികച്ച വ്യക്തിയാണ്
മാര്‍തോമായെന്ന് ഗില്മാന് പറയുമായിരുന്നു. 2010 ല്‍ മാര്‍തോമായ്ക്ക് എസ്.എ
.സി കമ്പനിയില്‍നിന്നും പണം നഷ്ടപ്പെടുകയാണുണ്ടായത്. ആ വര്‍ഷം ജോലിയും
നഷ്ടപ്പെട്ടു. അതിനു ശേഷം മാര്‍തോമാ കുടുംബം 1.9 മില്ല്യന്‍ ഡോളറോളം വില വരുന്ന
മനോഹരമായ ഒരു വീട് ഫ്ലോറിഡായില്‍ വാങ്ങിച്ചു. കൂടാതെ 'മാത്യൂ റോസ് മേരി'യെന്ന
ഒരു ജീവകാരുണ്യ ഫൗണ്ടേഷനും സ്ഥാപിച്ചു. പഠിക്കുന്ന കാലങ്ങളിലും മാത്യു ജീവ കാരുണ്യ
പ്രവര്‍ത്തനങ്ങളില്‍ തല്പ്പരനായിരുന്നു. ഒരു മില്ല്യന്‍ ഡോളറില്‍ കൂടുതല്‍ ജീവ
കാരുണ്യത്തിനായി നല്‍കിയിട്ടുണ്ടെന്നും റോസ് മേരി
അവകാശപ്പെടുന്നു.
2011 നവംബര്‍ രണ്ടാം തിയതി മാര്‍ത്തോമാ
സായംകാലത്തെ സവാരി കഴിഞ്ഞു മടങ്ങിവരവേ അദ്ദേഹത്തെ കാത്ത് രണ്ടു എഫ്.ബി.ഐ.
ഉദ്യോഗസ്ഥര്‍ വീടിനു പരിസരത്തുണ്ടായിരുന്നു. രണ്ടു പേരും സ്റ്റീഫന്‍ കോഹന്റെ
രഹസ്യവിവരങ്ങള്‍ അന്വേഷിക്കാന്‍ വന്നവരായിരുന്നു. 'മാര്‍ക്ക് തിരുത്തി താങ്കള്‍
ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന് നേടിയില്ലേ'യെന്ന ചോദ്യത്തിന്
ഉത്തരമില്ലാതെ മാര്‍തോമാ ഉടനടി ബോധരഹിതനാവുകയാണുണ്ടായത്.
മാര്‍തോമാ
ഹാര്‍വാര്‍ഡ് യൂണിവേ ഴ്സിറ്റിയില്‍ നിയമ പഠനത്തിന് അഡ്മിഷന് മേടിച്ചപ്പോള്‍
അതിലേറ്റവുമധികം സന്തോഷിച്ചത് അദ്ദേഹത്തിന്റെ പിതാവായിരുന്നു. അവിടെ മാര്‍തോമാ ലോ
ആന്‍ഡ് ടെക്കനോളജി മാസികയുടെ എഡിറ്ററായിരുന്നു. യൂണി വേഴ്സിറ്റിയില്‍ സൊസൈറ്റി
ആന്‍ഡ് ലോ ഫൌണ്ടേഷന്റെ സ്ഥാപകരില്‍ ഒരാളുമാണ്. ആ വര്‍ഷം അദ്ദേഹം ജുഡീഷ്യല്‍
ക്ലര്‍ക്ക് ഷിപ്പിനുള്ള അപേക്ഷ അയച്ചിരുന്നു. എന്നാല്‍ അവിടെ ഒരു ജഡ്ജിയുടെ
ക്ലര്‍ക്ക് മാര്‍തോമായുടെ ഡ്യൂക്ക് യൂണി വേഴ്സിറ്റിയിലെ കൃത്രിമത്വം കാണിച്ച
മാര്‍ക്കിന്റെ കോപ്പി കണ്ടെത്തി. രണ്ടു 'ബി' യുള്ളതില്‍ 'എ' യായി
തിരുത്തിയിരിക്കുന്നു. മാര്‍തോമാ അറ്റോര്‍ണിയെ വെച്ച് പ്രതികരിച്ചെങ്കിലും യൂണി
വേഴ്സിറ്റിയില്‍ നിന്നും പുറത്താക്കുകയാണുണ്ടായത്. ഇതില്‍ മാര്തോമ്മയുടെ
വിശദീകരണം മറ്റൊരു തരത്തിലാണ്. അദ്ദേഹം ട്രാന്‍സ് ക്രിപ്റ്റ് തിരുത്തിയത്
യൂണിവേഴ്സിറ്റി അഡ്മിഷനു വേണ്ടിയല്ലായിരുന്നു. മാതാപിതാക്കളുടെ ചോദ്യ
ശരങ്ങളില്‍നിന്നും രക്ഷപ്പെടാനായിരുന്നു. 'ബി' ഗ്രേഡു കാണിച്ചാല്‍ മാതാപിതാക്കളുടെ
വഴക്കു കിട്ടുമായിരുന്നു. അവരുടെ വികാരങ്ങളെ മാര്‍തോമാ ഭയപ്പെട്ടിരുന്നു. അന്ന്
എന്തോ ആവശ്യത്തിന് മാര്‍തോമായ്ക്ക് യാത്ര ചെയ്യണമായിരുന്നു. അദ്ദേഹത്തിന്റെ ഇളയ
സഹോദരനോട് തന്റെ അഡ്മിഷനുള്ള പൂരിപ്പിച്ച അപ്പ്ളിക്കേഷന്‍ തയാറാക്കാനും പറഞ്ഞു.
എന്നാല്‍ അദ്ദേഹത്തിന്റെ സഹോദരന് തിരുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ
ട്രാന്‍സ്ക്രിപ്റ്റാണ് കൂടെ അയച്ചത്. യൂണിവേഴ്സിറ്റിയുടെ തീരുമാനത്തിനെതിരെ
കോടതിയില്‍ വക്കീലിനെ വെച്ച് വാദിച്ചെങ്കിലും വിജയിച്ചില്ല. മാതാപിതാക്കളെയും
സഹോദരനെയും ഇതിനായി വിസ്തരിച്ചിരുന്നു. ഈ സംഭവം മാര്‍തോമായെ സംബന്ധിച്ച് തികച്ചും
അപമാനമായിരുന്നു. കൂട്ടുകാരോടും മറച്ചു വെച്ചു. റോസ്മേരിയെ കണ്ടുമുട്ടിയ
നാളുകളിലും രഹസ്യമായി തന്നെ മനസ്സില്‍ സൂക്ഷിച്ചു. ഹാര്‍വാര്‍ഡ് സംഭവം എന്നും പേടി
സ്വപ്നവുമായിരുന്നു. എസ് എ സി യില്‍ ചേര്‍ന്ന കാലത്തും കമ്പനി
കണ്ടുപിടിക്കുമോയെന്നും പേടിയുണ്ടായിരുന്നു. ഈ സംഭവം കമ്പനിക്ക്
അറിയാമായിരുന്നെങ്കിലും കമ്പനി ആ വിവരം പുറത്തു
വിട്ടില്ല.
മാര്‍തോമായ്ക്ക് ബോധം തെളിഞ്ഞപ്പോള്‍ 2008ലെ എസ്.എ
.സി. യുമായുള്ള സ്റ്റോക്ക് വിവാദങ്ങള്‍ എഫ്.ബി.ഐ. യ്ക്ക്
അറിയാമായിരുന്നുവെന്ന് വന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. എഫ്. ബി.ഐ. ഉദ്യോഗസ്ഥന്
മാര്‍തോമായോടായി പറഞ്ഞു, 'നിന്റെ ശേഷിച്ച ജീവിതം നാശത്തിലേക്കാണ് പോവുന്നത്.
നിനക്കുള്ള എല്ലാ സുഹൃത്തുക്കളും നഷ്ടപ്പെടും. നിന്റെ വളര്‍ന്നുവരുന്ന മക്കള്‍
നിന്നെ വെറുക്കും. കാരണം ശേഷിച്ച ജീവിതം മുഴുവന്‍ നിനക്കിനി ജയിലില്‍ കഴിയേണ്ടി
വരും. നീ ഞങ്ങളോട് സഹകരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നിന്നെ ഒന്നുമില്ലാതാക്കും.
ഞങ്ങള്‍ക്കു വേണ്ടത് സ്റ്റീവന്‍ കോഹനും ഗില്മാനും നീയുമൊന്നിച്ചു നടത്തിയ 'ബാപി'
രഹസ്യങ്ങള്‍ ചോര്‍ത്തിയ കഥകളാണ്.' ഇതെല്ലാം കേട്ടിട്ടും മാര്‍തോമാ ഉത്തരം പറയാതെ
നിശബ്ദനായി നിന്നതേയുള്ളൂ.
എഫ്.ബി.ഐ. ഉദ്യോഗസ്ഥര്‍ ഗില്മാനെ
ചോദ്യം ചെയ്തപ്പോഴും താനാര്‍ക്കും, മാര്തോമായ്ക്കും 'ബാബി'യുടെ രഹസ്യം ഒരിക്കലും
ചോര്‍ന്നു കൊടുത്തില്ലെന്നു പറഞ്ഞു. പിന്നീട് അദ്ദേഹത്തിന്റെ പേരില്‍
കേസെടുക്കുകയില്ലെന്നും പ്രതിയാക്കാതെ സാക്ഷി മാത്രമേയാക്കൂള്ളൂവെന്നു പറഞ്ഞപ്പോള്‍
ഗില്മാന്റെ അഭിപ്രായങ്ങള്‍ക്കും മാറ്റം വന്നു. അദ്ദേഹം പറഞ്ഞു, 'ഞാന്‍ എന്റെ
സഹപ്രവര്‍ത്തകരെ ചതിച്ചു. എന്നെയും എന്റെ യൂണിവേഴ്സിറ്റിയെയും. എഫ്.ബി.ഐ
ഉദ്യോഗസ്ഥന് പറഞ്ഞു, 'അങ്ങു ഭയപ്പെടേണ്ടാ, വന്‍ മണല്‍കൂമ്പാരത്തിലെ ഒരു തരിപോലെയെ
താങ്കളില്‍ ഞങ്ങള്‍ കുറ്റം കാണുന്നുള്ളൂ. ഒരു ബലഹീനമായ നിമിഷത്തില്‍ അറിയാതെ വന്ന
വാക്കു പിഴവാണെന്നും കരുതിയാല്‍ മതി. ഗില്മാന്റെ പേരില്‍ കേസെടുക്കില്ലന്നുള്ള
ഉറപ്പില്‍ സര്‍ക്കാരിനോട് സഹകരിക്കാമെന്നും ഉറപ്പു കൊടുത്തു. അവര്‍ക്കു വേണ്ടത്
യഥാര്‍ത്ഥ കുറ്റവാളിയെയാണെന്നും പറഞ്ഞു. ഗില്മാനില്‍ നിന്നും കിട്ടിയ
വിവരങ്ങളനുസരിച്ചാണ് മാര്‍തോമായെ തേടി അന്വേഷണം ആരംഭിച്ചത്.
മാര്‍തോമാ
ഒന്നിനും സഹകരിക്കുന്നില്ലന്നറിഞ്ഞപ്പോള്‍ കുഞ്ഞുങ്ങളുടെ മുമ്പില്‍ അദ്ദേഹത്തിന്റെ
കൈകളില്‍ വിലങ്ങു വെച്ച് അറസ്റ്റു ചെയ്തു. ആഗോള ഫിനാന്‍ഷ്യല്‍ ലോകവും നിയമജ്ഞരും
ഒന്നുപോലെ ഒരു ചോദ്യം ചോദിക്കുന്നു, 'എന്തുകൊണ്ട്മാര്‍തോമാ രക്ഷപെടാന്‍
പഴുതുകളുണ്ടായിട്ടം താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ ചാടുന്നു' ഒരു പക്ഷെ
ചെയ്യാത്ത കുറ്റത്തിന് കോഹനെ ഒറ്റുകൊടുക്കാന്‍ മാര്‍തോമായ്ക്ക്
താല്പര്യമില്ലായിരിക്കാം. കോഹന്, ട്രോപ്പിക്കല്‍ രാജ്യങ്ങളില്‍ പലതരം
അക്കൗണ്ടുകള്‍ മാര്‍തോമായ്ക്ക് തുറക്കുമെന്ന് ചിലര്‍ പറയുന്നു. അദ്ദേഹം അത്ര
ബുദ്ധി മോശം കാണിക്കുമോ? ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തനിക്കു നേരെ സ്വയം തോക്കില്‍
വെടിമരുന്നു നിറയ്ക്കാന്‍ അദ്ദേഹം തയാറാകുമോ?
റോസ് മേരിയെ സംബന്ധിച്ച്
മാര്‍തോമായുമായി വേര്‍പെട്ട് ജീവിക്കുന്നതിനു ചിന്തിക്കാന്‍പോലും അവര്‍ക്കു
കഴിയുന്നില്ല. ബോസ്റ്റണില്‍ മെഡിക്കല്‍ റസിഡന്‍സിയിലായിരുന്ന കാലത്തേയ്ക്കും
അവരുടെ ഓര്‍മ്മകള്‍ ഓടിപാഞ്ഞു.' ഓണ്‍ ! കോളുള്ള രാത്രികാലങ്ങളില്‍ താന്‍
ഒറ്റയ്ക്കെന്നുള്ള ചിന്തകള്‍ മാര്‍തോമായെ അലട്ടിയിരുന്നതുകൊണ്ട് .
ഹോസ്പിറ്റലില്‍ തനിയ്ക്കന്നു കൂട്ടുനല്‍കാന്‍ വരുമായിരുന്നു. അദ്ദേഹം ഞങ്ങളുടെ
രണ്ടു കുടുംബങ്ങളുടെയും പ്രിയങ്കരനാണ്. ഞങ്ങളുടെ ഇരുകൂട്ടരുടെയും മാതാപിതാക്കളുടെ
കലങ്ങി തെളിഞ്ഞ കണ്ണുകളിലേക്ക് നോക്കൂ. അവരുടെ ഹൃദയങ്ങള്‍ ഇപ്പോഴും പൊട്ടി
കരയുന്നതായി കാണാം. 'അവനു വേണ്ടി ഞാന്‍ ആ ഇരുമ്പഴികളില്‍ കിടന്നുകൊള്ളാമെന്ന്'
മാത്യൂവിന്റെ അമ്മ പറയും. ഞാനും ഇതുപോലെ മാത്യുവിനോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്.
മുലയൂട്ടി വളര്‍ത്തിയ ആ പാവം അമ്മയുടെ കണ്ണുനീരിനു വില കല്പ്പിക്കാന്
സാധിക്കില്ല.'
റോസ് മേരി തന്റെ കുടുംബ കഥകളും പറയാന്‍ തുടങ്ങി. 'എന്റെ
മുത്തച്ചന് ഗാന്ധിജിയോടൊപ്പം സമരം ചെയ്ത ധീരനായ ഒരു സേനാനിയായിരുന്നു. ജയിലറകളിലെ
കാരിരുമ്പിനുള്ളില്‍ അനേക വര്‍ഷങ്ങള്‍ ചിലവഴിച്ചു. ബ്രിട്ടീഷ് പതാകയെ
വന്ദിക്കാത്തതിന് ജയിലിനുള്ളില്‍ ശിക്ഷകള്‍ വേറെയും കിട്ടിയിരുന്നു. കോളറാ
പിടിപെട്ട് ഭേദമാകാത്തവണ്ണം മരിക്കുംവരെ എന്റെ മുത്തച്ചന് അവശതയനുഭവിച്ചിരുന്നു.
' റോസ് മേരിയുടെ അമ്മ ജഡ്ജ് ഗാര്‍ഡപ്പായ്ക്കെഴുതി. ' മാത്യൂ അവന്റെ ഭാര്യ റോസ്
മേരിക്കെന്നും അവളുടെ മുത്തച്ഛന്റെ ധൈര്യം കൊടുത്തുകൊണ്ട്
സമാശ്വസിപ്പിക്കാറുണ്ട്. മഹത്തായ ആദര്‍ശത്തിനുവേണ്ടിയും സത്യത്തിനു വേണ്ടിയും
അവളുടെ മുത്തച്ഛന് യാതനകളനുഭവിച്ചു. അതുപോലെ മാത്യുവും ഒരു തത്ത്വത്തിനു വേണ്ടി
നിലകൊള്ളുന്നു. ആ സത്യം നിഷ്കളങ്കനായ അവനില്‍
പതിഞ്ഞിരിക്കുന്നു.'
ഭാവിയിലേക്ക് ഇനിയെന്തെന്ന ഒരു റിപ്പോര്‍ട്ടറുടെ
ചോദ്യത്തിന് റോസ് മേരി ഒരു നിമിഷം ചിന്താമഗ്നയായി കണ്ടു. കരഞ്ഞുകൊണ്ട്
'എനിക്കതിന് ഉത്തരമില്ലായെന്നു പറഞ്ഞു. ഇന്നെന്റെ ലക്ഷ്യം അതിനുത്തരം
കണ്ടുപിടിക്കുകയെന്നതാണെന്ന് നിങ്ങള്‍ക്കെല്ലാമറിയാം. അതിനായി ഞാന്‍
പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. എന്റെ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയത് ഈ
പ്രിയപ്പെട്ട നാടാണ്. മറ്റെല്ലാ കുടിയേറ്റക്കാരെപ്പോലെ ഞാനും അമേരിക്കായെന്ന
സുന്ദരമായ സ്വപ്നഭൂമിയില്‍ വന്നെത്തി. ഞാന്‍ സ്വീകരിച്ചതായ ഈ നാട് അതിനുള്ള അവസരം
ഒരുക്കിതരട്ടെ. ഈ രാജ്യത്തിന്റെ മക്കളായി ഞങ്ങള്‍ക്കും അന്തസായി ജീവിക്കണം. ഞാന്‍
ആഗ്രഹിക്കുന്നത് അതിമോഹമോ?
മാര്‍തോമായുടെ മയാമിയിലുള്ള ജയില്‍ വാസം അടുത്ത
മാസം നവംബറില്‍ തുടങ്ങും. റോസ് മേരിയോട് എങ്ങനെയാണ് കുഞ്ഞുങ്ങളുമായുള്ള ഇനിയുള്ള
ജീവിതമെന്നു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു, 'എനിക്കറിയത്തില്ല' എന്റെ കുഞ്ഞുങ്ങള്‍
ഒമ്പതും ഏഴും അഞ്ചും വയസുള്ളവരാണ്. ഡാഡി ജയിലിലേക്കു പോകുന്നുവെന്ന്
അവര്‍ക്കറിയാം. ഞാനൊരു സ്ത്രീയെന്ന നിലയില്‍ എന്റെ ജീവിതമിനി എങ്ങോട്ടെന്നു
മനസിലാക്കാന്‍ ബുദ്ധി മുട്ടുണ്ട്. ഭര്‍ത്താവിന്റെ കുടുംബങ്ങളില്‍ നിന്നോ എന്റെ
കുടുംബത്തില്‍നിന്നോ അവര്‍ക്കിനി കൊടുക്കാനൊരു സമ്പാദ്യവുമില്ല. മുമ്പോട്ടുള്ള
നിലനില്‍പ്പിന് നാളേയ്ക്കായി സ്റ്റീവ് കോഹനുമായി സംസാരിക്കാന്‍ ഞങ്ങളില്ല.
ഒരിക്കലുമില്ല. ഒരിക്കലുമില്ലായിരുന്നു. ഇനി ഒരിക്കലുമുണ്ടാവില്ല.