മയാമി: ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) അഞ്ചാമത് അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ, വിവിധ റീജിയണുകളുടെയും സംഘടനകളുടേയും കിക്ക് ഓഫുകള്‍ വന്പിച്ച രജിസ്ട്രേഷനോടു കൂടെ ആരംഭിച്ചു. ഒക്ടോബര്‍ 17ആം തീയതി വാഷിംഗ്ടണില്‍ വച്ചു നടന്ന ജനറല്‍ ബോഡിയോടനുബന്ധിച്ചു ക്യാപിറ്റല്‍ റീജിയണാണു ആര് വീ പി ഷാജു ശിവബാലന്റെ നേതൃത്വത്തില്‍ ആദ്യത്തെ കിക്ക് ഓഫ് നടത്തിയത്. ഏകദേശം 21ഓളം പേര് അന്ന് ഫോമാ കണ്വെന്ഷന് ചെയര്മാന് മാത്യു വര്‍ഗ്ഗീസിന്റെ അടുത്തു രജിസ്ട്രേഷന് ഫോറം കൈമാറിയിരുന്നു.
അതിനു ശേഷം സൗത്ത് ഫ്ലോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരള ആര്‍ട്ട്സ് ക്ലബിന്റെ ഈ വര്‍ഷത്തെ ക്രിസ്ത്മസ് ആഘോഷങ്ങളോടനുബന്ധിച്ചു ഡിസംബര്‍ 12ആം തീയതി ശനിയാഴ്ച്ച വൈകിട്ട് നടന്ന പരിപാടികളില്‍ പങ്കെടുത്ത ജനക്കൂട്ടത്തെ സാക്ഷി നിര്‍ത്തി, ഏകദേശം 23 പേര് കണ്വെന്ഷന് ചെയര്മാന് മാത്യു വര്‍ഗ്ഗീസിന്റെ അടുത്തു രജിസ്റ്റര്‍ ചെയ്തു. ഫോമാ അഡ്വൈസറി ബോര്‍ഡ് ചെയര്മാന് ജോണ്‍ റ്റൈറ്റസിന്റെ കൈയ്യില്‍ നിന്നും ആദ്യ ഫോറം വാങ്ങിക്കൊണ്ടാണ് കിക്ക് ഓഫ് ഉത്ഘാടനം ചെയ്തത്. ഫോമാ പ്രസിഡന്റ് ആനന്ദന് നിരവേല്‍ മയാമിയിലെ ഡ്യൂവില്‍ ബീച്ച് റിസോര്‍ട്ടില്‍ വച്ചു നടത്തപ്പെടുന്ന ഫോമാ ഇന്റര്‍നാഷ്ണല്‍ കണ്‍വെന്‍ഷന്റെ ഇത് വരെയുള്ള ഒരുക്കങ്ങളെ കുറിച്ചു വിവരിച്ചു. ഫോമാ നാഷണല്‍ ട്രഷറാര്‍ ജോയി ആന്തണി, കണ്വെന്ഷന് നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ജോയ് കുറ്റിയാനി, കണ്‍വീനര്‍ ലൂക്കോസ് പൈനുങ്കല്‍, നവകേരള ആര്‍ട്ട്സ് ക്ലബ് പ്രസിഡന്റ് എബി ആനന്ദ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. അഡ്വൈസറി ബോര്‍ഡ് ചെയര്മാന് ജോണ്‍ റ്റൈറ്റസ്, ഫോമായുടെ തുടക്കം മുതലുള്ള പ്രവര്‍ത്തനങ്ങളെയും, അതിന്റെ വളര്‍ച്ചയേയും കുറിച്ചു സംസാരിച്ചു. പരിപാടിയുടെ അവസാനത്തില്‍ രജിസ്ട്രേഷന് ചെയ്ത വ്യക്തികളോടും, നവകേരളയുടെ ക്രിസ്ത്മസ് ആഘോഷങ്ങളില്‍ ഫോമായ്ക്കിങ്ങനെ ഒരവസരം നല്‍കിയതിനു പ്രസിഡന്റ് എബി ആനന്ദിനോടും മാറ്റ് ഭാരവാഹികളോടും ഉള്ള നന്ദി കണ്വെന്ഷന് ചെയര്മാന് മാത്യു വര്‍ഗ്ഗീസ് അറിയിച്ചു.
നോര്‍ത്ത് അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി കൂടിവരവാണു 4 ദിവസം നീണ്ടു നില്ക്കുന്ന ഫോമാ അന്താരാഷ്ട്ര കണ്വെന്ഷന്. 2016 ജൂലൈ 7,8,9,10 തീയതികളുലായി മയാമി ഡ്യൂവില്ല് ബീച്ച് റിസോര്‍ട്ടില്‍ വച്ചാണു ഫോമാ കണ്വെന്ഷന്. കണ്‍വെന്‍ഷനിലേക്കു നേരിട്ടും ഓണ്‍ലൈനായും രജിസ്ട്രേഷന് ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.fomaa.com എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.