ന്യൂയോര്‍ക്ക്: ഡിസംബര്‍ 30-ന് കാലം ചെയ്ത മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത
നിദാന്ത വന്ദ്യ ദിവ്യശ്രീ യൂഹാനോന്‍ മോര് പീലക്സിനോസ് തിരുമേനിയുടെ
ദേഹവിയോഗത്തോടനുബന്ധിച്ച്, ഓക്പാര്ക്കിലുള്ള സെന്റ് ജോര്‍ജ് യാക്കോബായ
സുറിയാനി പള്ളിയില്‍ ജനുവരി മൂന്നാം തീയതി വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി
ബഹുമാനപ്പെട്ട ലിജു ജോണ്‍ അച്ചന്റെ അധ്യക്ഷതയില്‍ യോഗം കൂടി അഗാധ ദുഖം
രേഖപ്പെടുത്തുകയും ഒരു അനുശോചന പ്രമേയം പാസാക്കുകയും ചെയ്തു.
ബഹുമാനപ്പെട്ട അച്ചന്റെ ആമുഖ പ്രസംഗത്തിനുശേഷം കമാന്‍ഡര്‍ ഡോ. റോയി
തോമസ്, ഷെവലിയാര്‍മാരായ ജെയ്മോന് സ്കറിയ, ചെറിയാന് വേങ്കടത്ത് എന്നിവര്‍
അഭിവന്ദ്യ തിരുമേനിയെ അനുസ്മരിച്ച് പ്രസംഗിച്ചു.
ഈ കാലയളവില്‍
അമേരിക്കന്‍ അതിഭദ്രാസനത്തില്‍ ജൂബിലി ആഘോഷിക്കുന്ന ഇടവകകളില്‍
ഭൂരിഭാഗവും അഭിവന്ദ്യ തിരുമേനിയുടെ വിശ്രമമില്ലാത്ത പ്രയത്നഫലമാണ്
എന്നും അമേരിക്കയിലെ സുറിയാനി മക്കള്‍ക്ക് തിരുമേനിയെ ഒരിക്കലും
മറക്കുവാന്‍ സാധിക്കുകയില്ലെന്നും, സെന്റ് ജോര്‍ജ് സുറിയാനി പള്ളിക്ക്
അദ്ദേഹം ചെയ്തിട്ടുള്ള സഹായങ്ങള്‍ ഈ പള്ളിയിലെ ആത്മീയമക്കള്‍ എന്നും
ഓര്‍മ്മിക്കുമെന്നും പ്രസംഗകര്‍ പ്രത്യേകം എടുത്തുപറഞ്ഞു.
മലബാര്‍
ഭദ്രാസനത്തില്‍ സഭകള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കങ്ങള്‍ ഇല്ലാതാക്കി
ശാശ്വതമായ സമാധാനം സ്ഥാപിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇന്ന് മലബാര്‍
ഭദ്രാസനം അനുഭവിക്കുന്ന സമാധാനാന്തരീക്ഷം അദ്ദേഹത്തിന്റെ പരിശ്രമ
ഫലമാണ്. അദ്ദേഹത്തിന്റെ കബറടക്ക ശുശ്രൂഷയില്‍ പതിനായരങ്ങള്‍
പങ്കെടുത്തത് ഈ കാരണങ്ങളാലാണ്. മലബാറിലെ ഓര്‍ത്തഡോക്സ് സഭയുടെ
അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ ഒരു ബസ് നിറയെ വിശ്വാസികള്‍
ഖബറടക്ക ശുശ്രൂഷയില്‍ പങ്കുകൊള്ളുവാന്‍ വന്നുചേര്‍ന്നത് അദ്ദേഹത്തോടുള്ള
സ്നേഹാദരവുകള്‍ വെളിപ്പെടുത്തുന്നു എന്ന് പ്രസംഗകര്‍
അഭിപ്രായപ്പെട്ടു.
സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ അനുശോചന
പ്രസംഗത്തോടൊപ്പം എല്ലാവര്ക്കും നന്ദി പറഞ്ഞു.