Image

യു.ഡി.എഫ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ആര്‍.എസ്.പി

Published on 25 May, 2016
യു.ഡി.എഫ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ആര്‍.എസ്.പി
കൊല്ലം: 1957ന് ശേഷം കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി എം.എല്‍.എമാര്‍ ആരും ഇല്ലാതെ നിയമസഭയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടതിന്റെ ജാള്യതയിലാണ് ആര്‍.എസ്പ.ി. തെരഞ്ഞെടുപ്പ് വിശകലന യോഗത്തില്‍ ഇക്കാര്യം പറഞ്ഞ് നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. 

അതേസമയം, ശക്തികേന്ദ്രമായ കൊല്ലം ജില്ലയില്‍ തകര്‍ന്നടിഞ്ഞത് യു.ഡി.എഫുമായുള്ള കൂട്ടുകെട്ടിനെ തുടര്‍ന്നാണെന്നാണ് സംസ്ഥാന സെക്രട്ടറി എ.എ അസീസ് പറയുന്നത്. ആര്‍.എസ്.പിക്ക് കൂട്ടുചേരാനുള്ള മുന്നണിയല്ല യു.ഡി.എഫ് എന്നും തെറ്റുപറ്റിയെന്നും അദ്ദേഹം യോഗത്തില്‍ തുറന്നു സമ്മതിച്ചു. യു.ഡി.എഫ് ബൂര്‍ഷ്വാ സെറ്റപ് ഉള്ള മുന്നണിയാണെന്നും അസീസ് പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയേറ്റപ്പോള്‍ത്തന്നെ ഇടതുമുന്നണിയിലേക്ക് തിരിച്ചുപോകുന്നതു സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍, ചില നേതാക്കളുടെ മര്‍ക്കടമുഷ്ടിയാണ് തിരിച്ചുപോക്കിന് വിഘാതമായത്. 

എല്‍.ഡി.എഫിലേക്ക് തിരിച്ചു പോയിരുന്നെങ്കില്‍ എം.എല്‍.എ സ്ഥാനം മാത്രമല്ല, ഇപ്പോള്‍ മന്ത്രിസ്ഥാനവും ലഭിക്കുമെന്നുറപ്പാണ്. പാര്‍ട്ടിയുടെ സമ്പൂര്‍ണ തകര്‍ച്ചയ്ക്കുപിന്നാലെ മന്ത്രിസ്ഥാനം കൂടി നഷ്ടപ്പെടുന്നത് നോക്കിനില്‍ക്കാന്‍ മാത്രമേ ഇപ്പോള്‍ ആര്‍.എസ്പ.ിക്ക് കഴിയുന്നുള്ളൂ. നിലവിലെ സാഹചര്യത്തില്‍ അവര്‍ക്ക് യു.ഡി.എഫ് മുന്നണി വിടാനും കഴിയില്ല. 

തത്കാലം യു.ഡി.എഫില്‍ തുടരുകയും ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഇടതുമുന്നണിയിലേക്ക് തിരിച്ചുപോകാമെന്നുമാണ് ആര്‍.എസ്.പിയുടെ ഇപ്പോഴത്തെ നിലപാട്. എല്‍.ഡി.എഫ് വിപുലപ്പെടുത്തുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രഖ്യാപനം പാര്‍ട്ടിക്ക് ആശ്വാസമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക