മയാമി: മിസ് ഫോമ 2016 ആയി മയാമിയില്‍ നിന്നുള്ള പതിനെട്ടുകാരി ഉഷസ് ജോയിയും ഫസ്റ്റ് റണ്ണര്‍ അപ്പായി മയാമിയില്‍ നിന്നു തന്നെയുള്ള എലിസബത്ത് കല്പന മാത്യുവും തെരഞ്ഞെടുക്കപ്പെട്ടു.
ദിവ്യാ തോമസാണ് സെക്കന്‍ഡ് റണ്ണര്‍ അപ്പ്. സാറാ കമ്പിയില്‍ തേര്‍ഡ് റണ്ണര്‍ അപ്പും, ജയിന് തെരേസ ബാബു ഫോര്‍ത്ത് റണ്ണര്‍ അപ്പുമായി.
ഫോമാ കണ്‍വന്‍ഷനിലെ വര്‍ണ്ണാഭമായ മത്സരത്തില്‍ എട്ടുപേരാണ് മാറ്റുരച്ചത്. നടന് സുരാജ് വെഞ്ഞാറമൂട്, ഡോ. സാറാ ഈശോ, ഡോ. സിന്ധു പിള്ള എന്നിവരായിരുന്നു ജഡ്ജിമാര്‍.
മിസ് ഫോമാ ഉഷസ് ജോയി ഫോമാ ട്രഷറര്‍ ജോയി ആന്റണിയുടേയും, ട്രീസയുടേയും പുത്രിയാണ്. ഹൈസ്കൂളില്‍ നിന്ന് ഈവര്‍ഷം ഗ്രാജ്വേറ്റ് ചെയ്ത ഉഷസ് ഫ്ളോറിഡ യൂണിവേഴ്സിറ്റിയില്‍ കംപ്യൂട്ടര്‍ പഠനം ലക്ഷ്യമിടുന്നു. കോരുത്തോട് സ്വദേശിയാണ് ജോയി ആന്റണി.
ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയില്‍ കെമിക്കല്‍ എന്‍ജിനീയറിംഗ് പഠനത്തിനു ചേര്‍ന്ന എലസബത്ത് കല്പന മാത്യു, അടൂര്‍ കടമ്പനാട് സ്വദേശി സ്റ്റീഫന്‍ മാത്യുവിന്റേയും, സിമിയുടേയും പുത്രിയാണ്. സ്റ്റീഫന്‍, ജോര്‍ജ് എന്നിവര്‍ സഹോദരങ്ങള്‍.
മിസ് ഫോമയ്ക്ക് കാലിഫോര്‍ണിയയില്‍ നിന്നുള്ള വിന്‍സന്റ് ബോസ് മാത്യു 2500 ഡോളറും, കരിക്കിനേത്ത് സില്‍ക്സ് എം.ഡി കെ.ജി. തോമസ് 300 ഡോളറിന്റെ സാരിയും സമ്മാനമായി നല്കി.
മത്സരങ്ങളില്‍ നല്ല പ്രകടനം കാഴ്ചവെച്ചുവെങ്കിലും ചോദ്യോത്തരവേളയില്‍ മിക്കവരും മികവു പുലര്‍ത്തിയില്ല. ഉത്തരങ്ങള്‍ ആത്മവിശ്വാസത്തോടെ പറയാനും പലര്‍ക്കും കഴിഞ്ഞില്ല. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ മഹാന്മാരില് ആരെ കാണാനാണ് താത്പര്യമെന്ന് ചോദിച്ചപ്പോള്‍ ഉഷസ് ജോയി ഗാന്ധിജിയെ എന്നാണ് മറുപടി പറഞ്ഞത്. ലോകത്ത് ശാന്തി ഉണ്ടാക്കാന്‍ പ്രയത്നിച്ച വ്യക്തി എന്ന നിലയിലാണ് ഗാന്ധിജിയെ ആദരിക്കുന്നത്.
മിസ് ഇന്ത്യ വേള്‍ഡ് വൈഡ് വാഷിംഗ്ടണ്‍ ഏഞ്ചലാ ഗൊരാഫി കിരീടമണിയിച്ചു
ന്യൂജേഴ്സിയില്‍ നിന്നുള്ള ബോബി കുര്യാക്കോസ്, ന്യൂയോര്‍ക്കില്‍ നിന്നുള്ള രേഖാ നായര്‍ എന്നിവരായിരുന്നു മത്സരത്തിന്റെ ഹോസ്റ്റുമാര്‍. അവര്‍ നല്ല അവതരണം കാഴ്ചവെച്ചു.
ഒട്ടേറെ സൗന്ദര്യ മത്സരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ക്ലാരാ ജോബായിരുന്നു കമ്മിറ്റി ചെയര്‍. അവരുടെ നേതൃത്വത്തില്‍ സ്റ്റെഫി സണ്ണി, ഷൈല റോഷിന്, ഷാര്‍ലി ജോണ്‍, രേഖ നായര്‍, സില്‍വിയ ഷാജി, ബെറ്റി ഉമ്മന്‍, പ്രസിഡന്റ് ആനന്ദന് നിരവേലിന്റെ പുത്രിമാരായ ഡോ. ബിന്ദു, ഡോ. അനീസ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍.
വിജയികള്‍ക്ക് ഫോമാ പ്രസിഡന്റ് ആനന്ദന് നിരവേല്‍, സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ട്രഷറര്‍ ജോയി ആന്റണി, വൈസ് പ്രസിഡന്റ് വിന്‍സണ്‍ പാലത്തിങ്കല്‍ തുടങ്ങിയവര്‍ ക്യാഷ് അവാര്‍ഡ് നല്കി.