റൂഫില്‍നിന്ന് ചാടിയാല്‍ അവിടെ എത്തുമോ എന്നുള്ളതായിരുന്നു അവന്റെ സംശയം.
കുറെ ദിവസങ്ങളായി ഇതുതന്നെ ആയിരുന്നു ആലോചന. അവിടെ എത്തിപ്പറ്റാന്‍
സാധിച്ചില്ലെങ്കില്‍ നിലംപതിച്ചതുതന്നെ, സംശയമില്ല. ഒരു കമഴ്ന്ന
പാത്രമാണ് തടസ്സമായി നില്കുന്നത്. പരന്നതായിരുന്നെങ്കില്‍ ധൈര്യമായി
അതിലേക്ക് ചാടാമായിരുന്നു. പ്രതലം ചരിഞ്ഞതായതുകൊണ്ട് കാല്‍വഴുതി
വെറുംതറയിലേക്ക് വീഴാനുള്ള എല്ലാസാധ്യതയുമുണ്ട്, കഴിഞ്ഞദിവസം ഷോണളിയന്
സംഭവിച്ചത് അതാണ്. എന്തോ ഭാഗ്യംകൊണ്ടാണ് അളിയന് നട്ടെല്ലൊടിഞ്ഞ്
കിടപ്പിലാകാഞ്ഞത്. കാല് ഉളുക്കിയതുകൊണ്ട് പാവം ഇപ്പോള്‍
ഏന്തിയേന്തിയാണ് നടപ്പ്. ഓടാനോ ചാടാനോ ഒന്നുംവയ്യ.
കാതറീന് വല്ല്യമ്മ
കിളികളോടുള്ള സ്നേഹംകൊണ്ടാണ് കുന്ത്രാണ്ടം അവിടെ
കെട്ടിത്തൂക്കിയിരിക്കുന്നത്. അതില്‍ സണ്‍ഫ്ളവര്‍ സീഡ്സും മറ്റ് പലതരം
വിത്തുകളും കൊണ്ടുവന്ന് വെച്ചിട്ട് കിളികള്വന്ന് തിന്നുന്നതുകാണാന്‍
നോക്കിയിരിക്കും. അതുകണ്ട് വെള്ളമിറക്കാനല്ലേ അണ്ണാന്മാര്ക്ക്
സാധിക്കൂ.
"രണ്ടുംകല്പിച്ച് ഞാന്‍ ചാടാന്‍ പോവുകാടാ' എന്നുംപറഞ്ഞാണ്
അളിയന് ചാടിയത്. അദ്ദേഹം അങ്ങനെയാണ്. ഭക്ഷണത്തോടുള്ള ആര്‍ത്തികാരണം
എന്തുസാഹസത്തിനും തയ്യാറാണ്, വിശേഷപ്പെട്ട ആഹാരം വല്ലതുമാണെങ്കില്‍
പ്രത്യേകിച്ചും. കാതറീന് വല്ല്യമ്മ എല്ലാദിവസവും രാവിലെ സണ്‍ഫ്ളവര്‍
സീഡ്സും പീനട്ട് നുറുക്കിയതും മറ്റും ബേഡ്സ് ഫീഡറില്‍ കൊണ്ടുവന്ന്
വയ്ക്കുന്നത് കാണുമ്പോള്‍ ഷോണ്അളിയന് മാത്രമല്ല മൈക്കിന്റെ വായിലും
വെള്ളമൂറും. ഈ വല്ലയമ്മക്ക് കിളികളോടല്ലാതെ അണ്ണാന്മാരോട് സ്നേഹം
ഇല്ലാത്തത് എന്തുകൊണ്ടാണ്? തങ്ങളും അവരുടെ സമീപവാസികളല്ലേ?
കിളികള്‍ക്ക് കൊടുക്കുന്ന കൂട്ടത്തില്‍ ഒരുപങ്ക് തങ്ങള്‍ക്കുംകൂടി
തന്നാലെന്താ?
കാതറീന് വല്ല്യമ്മ അവരുടെ റൂഫിന്റെകോണില്
തൂക്കിയിട്ടിരിക്കുന്ന ബേഡ്സ് ഫീഡര്‍ ഒരു ഡെത്ത് ട്രാപ്പാണ്. ഒരു നീളമുള്ള
കമ്പിയിലാണ് അത് തൂങ്ങിക്കിടക്കുന്നത്. ഏറ്റവുംമുകളില്‍ ഒരു കമഴ്ന്ന
പാത്രമാണെന്ന് നേരത്തെ പറഞ്ഞല്ലോ. അതിന്റെ അടിയില്‍ കുപ്പിപോലുള്ള ഒരു
സാധനം. അതിന്റേയും അടിയിലെ പാത്രത്തിലാണ് ബേഡ്സ്ഫീഡ് കൊണ്ടുവന്ന്
വയ്ക്കുന്നത്. മുകളിലത്തെ കമഴ്ന്നപാത്രം കാരണമാണ് അണ്ണാന്മാര്ക്ക് താഴത്തെ
പാത്രത്തില്‍ എത്തിച്ചേരാന്‍ സാധിക്കാത്ത്. കിളികള്‍ക്ക്
ചിറകുള്ളതുകൊണ്ട് പറന്നുവന്ന് തിന്നിട്ടുപോകാം. അണ്ണാന് ദൈവം ചിറക്
തന്നിട്ടില്ലല്ലോ. കിളികള്‍ തിന്നതിന്റെ ബാക്കി താഴെവീഴുന്നത് പെറുക്കി
താന്നാനാണ് മൈക്കിന്റേയും അളിയന്റേയും യോഗം. അതും ചില സമര്‍ദ്ധരായ കിളികള്‍
തട്ടിയെടുക്കും.
വിശപ്പടക്കാന്‍ മറ്റുമാര്ക്ഷമൊന്നും
കാണാഞ്ഞതുകൊണ്ടാണ് അങ്ങേവീട്ടിലെ സാമിന്റെ അയ്യത്തെ തക്കാളി കട്ടുതിന്നത്.
അങ്ങേരാണെങ്കില്‍ കാതറീനേക്കാള് കഷ്ടം. എന്നും രാവിലെയും വൈകിട്ടും
ചിലപ്പോളൊക്കെ നട്ടുച്ചക്കുംവന്ന് ചെടികള്‍ പരിശോധിക്കും. ഒരു തക്കാളി
നഷ്ടപ്പെട്ടാല്‍ അങ്ങേരുടെ ചങ്ക്തകരും. അതുകൊണ്ടാണ് അയാള്‍ വാള്‍മാര്‍ട്ടില്‍
പോയി എന്തോഒരു സ്പ്രേ വാങ്ങിക്കൊണ്ടുവന്ന് ചെടികള്‍ക്കെല്ലാം തളിച്ചത്.
സ്പ്രേചെയ്താല്‍ തങ്ങളാരും തിന്നത്തില്ലെന്ന് വിഢിയാന്
വിചാരിച്ചുകാണും. പക്ഷേ, അയാള്‍ ബുദ്ധിമാനായിരുന്നു. അത് ഒരുതരം
വിഷമാണെന്ന് തിന്നുകഴിഞ്ഞപ്പോളാണ് മനസിലായത്. ശര്‍ദ്ദിലും
വയറിളക്കവും എന്നുവേണ്ട എല്ലാ അസുഹവും അതിന്റെ ഫലമായി ഉണ്ടായി.
ചത്തുപോകുമെന്നാണ് വിചാരിച്ചത്. ഭാഗ്യത്തിന് രക്ഷപെട്ടന്ന് പറഞ്ഞാല്‍
മതി. അരുവിയിലെ വെള്ളംകുടിച്ചും ചിലപച്ചിലകള്തിന്നും വിഷം ഒരുവിധത്തില്‍
പുറത്തുകളഞ്ഞു. അളിയന് അയാളെ വിളിച്ച ചീത്തക്ക്
കണക്കില്ല
"വഞ്ചകന്, ദ്രോഹി, പരനാറി' എന്നൊക്കെ വിളിച്ചിട്ടും
അതൊന്നും തന്നോടല്ല എന്നഭാവത്തില്‍ അയാള്‍ കൃഷിയെല്ലാം നോക്കിയിട്ട്
അകത്തേക്ക് കയറിപ്പോയി. അയാളുടെ തക്കാളിയെല്ലാം പുഴുത്തുപോകണേയെന്ന്
പ്രാര്‍ത്ഥിച്ചു. തങ്ങളുടെ പ്രാര്‍ത്ഥന ദൈവംപോലും കേട്ടില്ല. എല്ലാദിവസവും
കൈനിറയെ പഴുത്ത തക്കാളിയും പറിച്ചുകൊണ്ട് കയിപ്പോകുന്നത് കാണുമ്പോള്‍ ഒരു
തൊഴികൊടുക്കാനാണ് തോന്നിയത്.
വിഷംതിന്നാല് അയാള്‍ക്ക് ശര്‍ദ്ദിയും
വയറിളക്കവും ഒന്നും ഉണ്ടാകത്തില്ലേ? ഉണ്ടാകുമായിരിക്കും. നമ്മള്
കാണുന്നില്ലല്ലോ അയാള്‍ ശര്‍ദ്ദിക്കുന്നത്. അതെല്ലാം അയാളുടെ
പുരക്കത്തല്ലേ നടക്കുന്നത്. അതോര്‍ത്തപ്പോള്‍ ചിരിക്കാതിരിക്കാന്‍
കഴിഞ്ഞില്ല.