ബാംഗ്ലൂര്‍: യേശുവിന്റെ സാമൂഹ്യ വീക്ഷണത്തോടെ സമൂഹത്തിന്റെ ആവശ്യമറിഞ്ഞ്
പ്രവര്‍ത്തിക്കുന്നവരായിരിക്കണം സഭയിലെ അല്മായ സംരംഭകരെന്ന് സീറോ മലബാര്‍ സഭ
മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവിച്ചു.
സീറോ
മലബാര്‍ സഭ അല്മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സഭയിലെ അല്മായ സംരംഭകരുടേയും
പ്രൊഫഷണലുകളുടേയും വേദിയായ സീറോ മലബാര്‍ സഭ അല്മായ കമ്മീഷന് ഓന്‍ട്രപ്രണേഴ്സ്
ഫോറം ബാംഗ്ലൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍
ആഞ്ചേരി.
യേശുവിന്റെ ഉപമകളില്‍ നിന്ന് പാഠം പഠിച്ച് തിരുവചനങ്ങളും സഭയുടെ
പ്രബോധനങ്ങളും പ്രവര്‍ത്തന മേഖലകളില്‍ പകര്‍ത്തുകയും പരസ്പരസഹകരണത്തോടെ സഭയുടെ
കൂട്ടായ്മയില്‍ അല്മായ സംരംഭകര്‍ പങ്കുചേരുകയും ചെയ്യണം. പരസ്പരം സഹകരിച്ച്
ശുശ്രൂഷകള്‍ ചെയ്യുമ്പോള്‍ മാത്രമെ സഭയാകുകയുള്ളൂ. ഭിന്നിപ്പിന്റെ പ്രലോഭനങ്ങളെ നാം
ചെറുത്തുനില്ക്കണം. സംരംഭക മേഖലയില്‍ സത്യവും സ്നേഹവും നീതിയും പുലര്‍ത്തുവാന്‍
മാര്‍ ആലഞ്ചേരി ആഹ്വാനം ചെയ്തു.
ധര്‍മ്മരാം സെന്റ് തോമസ്
ഓഡിറ്റോറിയത്തില്‍ ബാംഗ്ലൂര്‍ ലെയ്റ്റി സെന്ററിന്റെ നേതൃത്വത്തില്‍ നടന്ന സഭയിലെ
അല്മായ സംരംഭകരുടേയും, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം തുടങ്ങി വിവിധ തലങ്ങളിലെ
പ്രമുഖരുടേയും സമ്മേളനത്തില്‍ അല്മായ കമ്മീഷന് ചെയര്മാന് മാര്‍ മാത്യു
അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, അല്മായ
കമ്മീഷന് സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ബാംഗ്ലൂര്‍ സീറോ മലബാര്‍ സഭാ
കോര്‍ഡിനേറ്റര്‍ റവ.ഡോ.മാത്യു കോയിക്കര, റവ.ഡോ.മാത്യു ചന്ദ്രന്‍കുന്നേല്‍,
ബാംഗ്ലൂര്‍ ലെയ്റ്റി കോര്‍ഡിനേറ്റര്‍ കെ.പി.ചാക്കപ്പന് എന്നിവര്‍
സംസാരിച്ചു.
സഭയിലെ അല്മായര്ക്ക് പുത്തന്‍ പ്രവര്‍ത്തനമേഖലകള്‍
കണ്ടെത്തുവാനും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ വികസനപ്രക്രിയകളില്‍
പങ്കാളികളാകുവാനും പരസ്പര സഹകരണത്തിലൂടെ ഭൗതീക വളര്‍ച്ചക്ക് ആഗോളതലത്തില്‍
അവസരമൊരുക്കുകയാണ് അല്മായ സംരംഭകരുടെ ഈ ഫോറത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അല്മായ
കമ്മീഷന് ചെയര്മാന് മാര്‍ മാത്യു അറയ്ക്കല്‍ സൂചിപ്പിച്ചു.
സീറോ മലബാര്‍ സഭ അല്മായ കമ്മീഷന് ഓന്‍ട്രപ്രണേഴ്സ് ഫോറം ബാംഗ്ലൂര്‍ ധര്‍മ്മരാം സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു. റവ.ഡോ.തോമസ് കല്ലുകളം, റവ.ഡോ.മാത്യു ചന്ദ്രന്‍കുന്നേല്‍, ബാംഗ്ലൂര്‍ സീറോ മലബാര്‍ സഭാ കോര്‍ഡിനേറ്റര്‍ റവ.ഡോ.മാത്യു കോയിക്കര, അല്മായ കമ്മീഷന് ചെയര്മാന് മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, അല്മായ കമ്മീഷന് സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ബാംഗ്ലൂര്‍ ലെയ്റ്റി കോര്‍ഡിനേറ്റര്‍ കെ.പി.ചാക്കപ്പന് എന്നിവര്‍ സമീപം.