ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റുകള്‍ ഇനി 120 ദിവസം മുന്‍പ് ബുക്ക് ചെയ്യാം. അടുത്ത മാസം 10 മുതല്‍ ഈ സൗകര്യം പ്രാബല്യത്തിലാകും. ടിക്കറ്റുകള്‍ മുന്‍കൂര്‍ ബുക്കു ചെയ്യാനെത്തുന്നവരുടെ തിരക്ക് വിലയിരുത്തി റെയില്‍വേയാണ് മുന്‍കൂര്‍ ബുക്കിംഗ് കാലാവധി വര്‍ധിപ്പിച്ചത്. നേരത്തെ 90 ദിവസം മുന്‍പു മുതല്‍ മാത്രമേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാവുമായിരുന്നുള്ളു.
നാല് മാസങ്ങള്‍ക്ക് മുന്‍പു തന്നെ യാത്രയ്ക്ക് ഒരുക്കം തുടങ്ങാന്‍ പുതിയ സൗകര്യം സഹായിക്കുമെന്ന് റെയില്‍വേയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു. വിദേശ വിനോദസഞ്ചാരികള്‍ക്ക് 360 ദിവസം മുന്‍പു തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഈ കാലാവധിയില്‍ മാറ്റം വരുത്തിയിട്ടില്ല.