പുതിയ കൂട്ടുകാരികളുമൊത്തുള്ള തീവണ്ടി യാത്ര സൂസമ്മയ്ക്ക് ഒരു പുതിയ
അനുഭവമായിരുന്നു. തീവണ്ടി പിന്നിട്ടു പോകുന്ന ഭൂപ്രദേശങ്ങളും നദികളും
പാലങ്ങളുമെല്ലാം അവള് കൗതുകപൂര്‍വ്വം നോക്കിയിരുന്നു. കൂട്ടുകാരികളും
അവളെപ്പോലെ തന്നെ മിതഭാഷിണികള് ആയിരുന്നു. മാതാപിതാക്കളെയും
സഹോദരങ്ങളെയും പരിചിതമായ ചുറ്റുപാടുകളെയും പിരിഞ്ഞ വേദന എല്ലാവരിലും
അസ്വസ്ഥത ഉളവാക്കിയിരുന്നു. അവര്‍ക്കു വഴികാട്ടിയും രക്ഷകനുമായി
അവരോടൊപ്പമുണ്ടായിരുന്ന സെലീനായുടെ അങ്കിള്‍ അവരോടു വളരെ
സ്നേഹപൂര്‍വ്വം സംസാരിക്കുകയും സമാധാനവാക്കുകളും ഉപദേശങ്ങളും നല്കി
ആശ്വസിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. അയാളുടെ കുലീനമായ പെരുമാറ്റം
അവര്‍ക്കു ആശ്വാസം പകര്‍ന്നു.
നീണ്ട യാത്രയ്ക്കുശേഷം അവര്‍
ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നു. ആപത്തൊന്നുംകൂടാതെ തങ്ങളെ
കാത്തുസൂക്ഷിച്ച ദൈവത്തിന് സൂസമ്മ മനസ്സാ സ്തുതി പറഞ്ഞു. തീവണ്ടിയില്‍
നിന്നും ഇറങ്ങി ചുറ്റുപാടുകളെല്ലാം നിരീക്ഷിച്ച സൂസമ്മയ്ക്ക് താന്‍ ഒരു പുതിയ
ലോകത്തില്‍ എത്തിച്ചേര്‍ന്ന പ്രതീതി. എവിടെയും ആള്‍ത്തിരക്ക്. സ്റ്റേഷനില്‍
നിന്നും പുറത്തിറങ്ങിയ മൂന്നു പെണ്കുട്ടിഖലും അങ്കിളിനോടൊപ്പം ഒരു
ടാക്സിയില്‍ നേഴ്സിംഗ് സ്കൂളിനെ ലക്ഷ്യമാക്കി യാത്രയായി.
ഏകദേശം 45
മിനിട്ടു യാത്ര ചെയ്തപ്പോള്‍ അവര്‍ മനോഹരമായ ഒരു നാലുനില കെട്ടിടത്തിന്റെ
മുമ്പിലെത്തി. ആദ്യം അങ്കിള്‍, സ്കൂള്‍ അധികൃതരെ കാണുന്നതിനായി കാറില്‍
നിന്നും ഇറങ്ങി ഓഫീസുമുറിയിലേക്കുപോയി. തിരിച്ചുവന്ന് ടാക്സിയില്‍
നിന്നും സാധനങ്ങളിറക്കി, കൂലി കൊടുത്തു ഡ്രൈവറെ പറഞ്ഞുവിട്ടു. മൂന്നു
പെണ്‍കുട്ടികളും ആഫീസിലെത്തി ഔദ്യോഗികമായ ചില ഫാറങ്ങള്‍ പൂരിപ്പിച്ചു.
ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം സ്കൂളിലെ ഒരു ജോലിക്കാരിയോടൊപ്പം
അവര്‍ക്കായി കരുതിയിരുന്ന ഹോസ്റ്റല്‍ മുറിയിലേക്ക് ആനയിക്കപ്പെട്ടു.
അങ്കിള്‍ അവരോടു സ്നേഹപൂര്‍വ്വം യാത്ര പറഞ്ഞു. അവരും അദ്ദേഹത്തോടു നന്ദി
പറഞ്ഞു.
ഹോസ്റ്റല്‍ മുറിയും ചുറ്റുപാടുകളുമായി
ഇണങ്ങിച്ചേരുന്നതിന് സൂസമ്മയ്ക്ക് ബുദ്ധിമുട്ടുണ്ടായില്ല. സെലീനായും
കൊച്ചുറാണിയും സൂസമ്മയുടെ കൂടെത്തന്നെ അതേമുറിയിലായതും സൗകര്യമായി.
ഇതിനോടകം അവര്‍ വളരെ അടുത്ത സുഹൃത്തുക്കള്‍ ആയിക്കഴിഞ്ഞിരുന്നു. രണ്ടു
ദിവസങ്ങള്‍ക്കുശേഷം ക്ലാസ്സുകള്‍ ആരംഭിക്കുകയാണ്. തങ്ങളുടെ
യാത്രയെപ്പറ്റിയും അങ്കിളിന്റെ നിസ്വാര്‍ത്ഥമായ സഹായങ്ങളെക്കുറിച്ചും,
ഹോസ്റ്റലിലെ ചുറ്റുപാടുകളെക്കുറിച്ചുമെല്ലാം സൂസമ്മയും കൂട്ടുകാരികളും
വീടുകളിലേക്ക് നീണ്ട കത്തുകളെഴുതി. കത്തുകള്‍ എഴുതുമ്പോള്‍ സൂസമ്മയുടെ
കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. പുതിയ ലോകം, പുതിയ ജീവിതം, പുതിയ കൂട്ടുകാരികള്‍
ജീവിതം ആകെ മാറിയിരിക്കുന്നു. ""ദൈവമേ, കാത്തുകൊള്ളണെ.'' അവള്
ഹൃദയപൂര്‍വ്വം പ്രാര്‍ത്ഥിച്ചു.
(തുടരും)