Image

എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് ഓഹരിവിപണിയിലേക്ക്; സാന്റോറം റോംനിയ്‌ക്കൊപ്പം

Published on 15 February, 2012
എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് ഓഹരിവിപണിയിലേക്ക്; സാന്റോറം റോംനിയ്‌ക്കൊപ്പം
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ഒരു കുടുസ്സുമുറിയെങ്കിലും സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുകയും വിലകേട്ട് അന്തംവിട്ട് പിന്‍വാങ്ങുകയും ചെയ്യുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ന്യൂയോര്‍ക്കിലെ പ്രശസ്തമായ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് ഓഹരിവിപിണയിലേക്ക് ഇറങ്ങുന്നു. എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ ഓഹരികള്‍ സ്വന്തമാക്കി നിങ്ങള്‍ക്കും ഈ കെട്ടിട സമുച്ചയത്തിന്റെ ഉടമകളിലൊരാളാവാം.

ഓഹരി വിപണിയില്‍ ഇറങ്ങുന്നതിന്റെ മുന്നോടിയായി ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗി(ഐപിഒ)നായുള്ള നടപടിക്രമങ്ങള്‍ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഡ് ഉടമകളായ മാല്‍കിന്‍ കുടുംബം യുഎസ് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കി. ബില്‍ഡിംഗിന്റെ ഉടമസ്ഥതയിലുള്ള നിയന്ത്രണം പരിമിതപ്പെടുത്താനുള്ള മാല്‍കിന്‍ കുടുംബത്തിന്റെ തീരുമാനത്തിന്റെ ഭാഗമായണ് നടപടി.

മാല്‍കിന്‍ ഹോള്‍ഡിംഗ്‌സിന്റെ ഉടമസ്ഥതയിലുള്ള 102 നില കെട്ടിടത്തില്‍ ലിയോണ ഹെംസ്‌ലേയ്ക്കും ഉടമസ്ഥാവകാശമുണ്ട്. 2002ലാണ് ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് മാല്‍കിന്‍ കുടുംബം എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. ലിയോണ ഹെംസ്‌ലേയുമായുള്ള ഇടപാടുകള്‍ തീര്‍പ്പാക്കി 2006ല്‍ മാല്‍കിന്‍ കുടുംബം കെട്ടിടത്തിന്റെ മാനേജ്‌മെന്റ് അവകാശങ്ങളും സ്വന്തമാക്കിയിരുന്നു.

ഓഹരി വിപണിയില്‍ ഇറങ്ങുന്നതോടെ എമ്പയര്‍ സ്റ്റേറ്റ് റിയാലിറ്റി ട്രസ്റ്റ് ഇന്‍ക് എന്നായിരിക്കും കെട്ടിട സമുച്ചയത്തിന്റെ പേര്. ഐപിഒയിലൂടെ ഒരു ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാകുമെന്നാണ് മാല്‍കിന്‍ കുടുംബം പ്രതീക്ഷിക്കുന്നത്. എത്ര ഓഹരികളാണ് ഉണ്ടാവുകയെന്നോ ഓഹരി വില എന്തായിരിക്കുമെന്നോ സൂചനകളില്ല. എന്തായാലും ന്യൂയോര്‍ക്കിലെ അഭിമാന കെട്ടിടത്തിന്റെ ഓഹരികള്‍ സ്വന്തമാക്കുന്നത് നഷ്ടക്കച്ചവടമാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്.

ഭീകരാക്രമണത്തെ ചെറുക്കാന്‍ ആറ് യുഎസ്. നഗരങ്ങളില്‍ തയാറെടുപ്പ്

വാഷിംഗ്ടണ്‍: 2008ലെ മുംബൈ ഭീകരാക്രമണം പോലുള്ള സംഭവങ്ങളുണ്ടായാല്‍ വേണ്ടവിധം നേരിടുന്നതിന് അമേരിക്കയിലെ ആറു വന്‍നഗരങ്ങള്‍ തയ്യാറെടുപ്പു നടത്തുന്നു. ഇതിനായി പരിശീലനക്കളരികളും മറ്റും ഇവിടങ്ങളില്‍ സംഘടിപ്പിക്കുന്നുണ്ട്. ആഭ്യന്തരസുരക്ഷാ വകുപ്പ് ( ഡി.എച്ച്.എസ്.) യുഎസ് കോണ്‍ഗ്രസിന് സമര്‍പ്പിച്ച വാര്‍ഷിക ബജറ്റ് നിര്‍ദ്ദേശങ്ങളിലാണ് ഇതു വെളിപ്പെടുത്തുന്നത്. ഏതൊക്കെ നഗരങ്ങളിലാണു തയ്യാറെടുപ്പു നടക്കുന്നതെന്നു പറഞ്ഞിട്ടില്ല. എന്നാല്‍ വാഷിങ്ടണ്‍, ന്യൂയോര്‍ക്ക്, ലോസാഞ്ജലിസ്, ഷിക്കാഗോ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നതായി സൂചനയുണ്ട്.

പാക് തീവ്രവാദികള്‍ 2008ല്‍ നടത്തിയ മുംബൈ ആക്രമണത്തില്‍ ആറ് അമേരിക്കക്കാരടക്കം 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് മുംബൈയിലേക്ക് ന്യൂയോര്‍ക്ക് പോലീസ് പഠനസംഘത്തെ അയച്ചിരുന്നതായി ഡി.എച്ച്.എസ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ജാനറ്റ് നപോലിറ്റാനോയുടെ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ആഭ്യന്തര സുരക്ഷ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ സംഭാഷണങ്ങള്‍ ആരംഭിച്ചതായും പറയുന്നു.

പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം: സാന്റോറം റോംനിയ്‌ക്കൊപ്പം

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനുള്ള പോരാട്ടം മുറുകുന്നു. ആദ്യ പ്രൈമറികളിലെ വിജയത്തിലൂടെ മിറ്റ് റോംനി നേടിയ മേല്‍ക്കൈ പതുക്കെ നഷ്ടമാകുകയാണെന്നാണ് ഏറ്റവും പുതിയ അഭിപ്രായസര്‍വെകള്‍ സൂചിപ്പിക്കുന്നത്. മുന്‍ സെനറ്റര്‍ റിക്ക് സാന്റോറം (30%) ആണു ജനപ്രീതിയില്‍ റോംനിയ്ക്ക്(32%) വെല്ലുവിളി ഉയര്‍ത്തുന്നത്. ദേശീയതലത്തില്‍ ഏറ്റവും ഒടുവില്‍ നടന്ന അഭിപ്രായ സര്‍വേയിലാണ് ഇരുവരും തമ്മില്‍ രണ്ടു ശതമാനത്തിന്റെ അന്തരമേയുള്ളുവെന്നു വ്യക്തമായത്.

മിറ്റ് റോംനി ജനിച്ചു വളര്‍ന്ന മിഷിഗണിലാവട്ടെ, റിക്ക് സാന്റോറം 15% മുന്നിലുമാണ്. മിഷിഗണിലും അരിസോണയിലും ഈ മാസം 28ന് ആണ് അടുത്ത പ്രൈമറി. പത്തു സംസ്ഥാനങ്ങളിലെ പ്രൈമറികളില്‍ തിരഞ്ഞെടുപ്പു നടക്കുന്ന "സൂപ്പര്‍ ചൊവ്വാഴ്ച മത്സരങ്ങള്‍ മാര്‍ച്ച് ആറിനാണ്. നിലവില്‍ നാലുവീതം സംസ്ഥാനങ്ങളില്‍ മിറ്റ് റോംനിയും റിക്ക് സാന്റോറവും വിജയം നേടിയിട്ടുണ്ട്. നിലവിലുള്ള പ്രസിഡന്റ് ബറാക് ഒബാമ തന്നെയാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ഥി.

ലാദനെ പിടികൂടാന്‍ സഹായിച്ച പാക് ഡോക്ടര്‍ക്ക് യുഎസിലെ പരമോന്നത ബഹുമതിക്കു ശുപാര്‍ശ

വാഷിംഗ്ടണ്‍: അല്‍ക്വയ്ദ നേതാവ് ബിന്‍ ലാദനെ പിടികൂടാന്‍ സിഐഎയെ സഹായിച്ച പാക് ഡോക്ടര്‍ ഷക്കീല്‍ അഫ്രീദിക്ക് യുഎസിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ യുഎസ് കോണ്‍ഗ്രഷണല്‍ ഗോള്‍ഡ് മെഡല്‍ നല്കാന്‍ ശിപാര്‍ശ. റിപ്പബ്ലിക്കന്‍ അംഗമായ ഡാല റോര്‍ബാക്കറാണ് അഫ്രീദിയ്ക്ക് കോണ്‍ഗ്രഷണല്‍ സ്വര്‍ണ മെഡലിന് ശുപാര്‍ശ ചെയ്തത്. മൂവായിരത്തോളം അമേരിക്കന്‍ പൗരന്‍മാരുടെ മരണത്തിന് കാരണക്കാരനായ ലാദനെ വധിക്കാന്‍ സഹായിച്ചതിനാണ് മെഡല്‍ നല്‍കാന്‍ ശുപാര്‍ശ ചെയ്തതതെന്ന് റോര്‍ബാക്കര്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ ബിന്‍ ലാദന്‍ വധിക്കപ്പെട്ടു മൂന്നാഴ്ചയ്ക്കം ഷക്കീലിനെ അധികൃതര്‍ തടവിലാക്കിയിരുന്നു. ബിന്‍ ലാദന്റെ മക്കളുടെ ഡിഎന്‍എ ലഭിക്കാനും ബിന്‍ ലാദന്റെ സാന്നിദ്ധ്യം ഉറപ്പാക്കാനും ഷക്കീല്‍ മഞ്ഞപ്പിത്തബാധയ്‌ക്കെന്ന പേരില്‍ അബോട്ടാബാദില്‍ വ്യാജ മെഡിക്കല്‍ ക്യാമ്പ് നടത്തിയിരുന്നു.

വിറ്റ്‌നി ഹൂസ്റ്റന്റെ സംസ്കാരം ശനിയഴ്ച

ന്യൂജഴ്‌സി: അന്തരിച്ച യുഎസ് പോപ് ഗായിക വിറ്റ്‌നി ഹൂസ്റ്റന്റെ(48) സംസ്കാരം ശനിയാഴ്ച. കുട്ടിയായിരിക്കെ വിറ്റ്‌നി ഗായികയെന്ന നിലയില്‍ ആദ്യമായി പരിപാടി അവതരിപ്പിച്ച നെവാര്‍ക്കിലെ ന്യൂ ഹോപ് ബാപ്പിസ്റ്റ് പള്ളിയിലാണ് അടക്കുന്നത്. സംസ്കാര ചടങ്ങ് സ്വകാര്യമായിരിക്കുമെന്നും പൊതുപരിപാടികള്‍ ഉണ്ടാകില്ലെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു.

മൃതദേഹം ലൊസാഞ്ചല്‍സില്‍ നിന്ന് സ്വദേശമായ ന്യൂജഴ്‌സിയില്‍ സംസ്കാരത്തിനായി ഇന്നലെയാണു കൊണ്ടുവന്നത്. ഈ മാസം 11ന് ഹില്‍ട്ടണ്‍ ഹോട്ടലിലെ കുളിമുറിയിലെ ബാത്ത് ടബിലാണു വിറ്റ്‌നിയെ മരിച്ചനിലയില്‍ കണ്ടത്. ന്യൂ ഹോപ് ബാപ്പിസ്റ്റ് പള്ളിയിലെ ക്വയറില്‍ പാടിയാണ് വിറ്റ്‌നിയുടെ കരിയര്‍ തുടങ്ങുന്നത്.

റോംനിക്ക് കടിഞ്ഞാണിട്ട് സാന്റോറം

വാഷിങ്ടണ്‍ * യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനുള്ള പടയോട്ടത്തില്‍ മിറ്റ് റോംനിക്കുണ്ടായിരുന്ന മേല്‍ക്കൈ നഷ്ടമാകുന്നു. മുന്‍ സെനറ്റര്‍ റിക്ക് സാന്റോറം (30%) ആണു ജനപ്രീതിയില്‍ റോംനിയോട് (32%) വളരെ അടുത്തെത്തി നില്‍ക്കുന്നത്. ദേശീയതലത്തില്‍ ഏറ്റവും ഒടുവില്‍ നടന്ന അഭിപ്രായ സര്‍വേയിലാണ് ഇരുവരും തമ്മില്‍ രണ്ടു ശതമാനത്തിന്റെ അന്തരമേയുള്ളുവെന്നു വ്യക്തമായത്.

മിറ്റ് റോംനി ജനിച്ചു വളര്‍ന്ന മിഷിഗണിലാവട്ടെ, റിക്ക് സാന്റോറം 15% മുന്നിലുമാണ്. മിഷിഗണിലും അരിസോണയിലും ഈ മാസം 28ന് ആണ് അടുത്ത പ്രൈമറി. പത്തു സംസ്ഥാനങ്ങളിലെ പ്രൈമറികളില്‍ തിരഞ്ഞെടുപ്പു നടക്കുന്ന "സൂപ്പര്‍ ചൊവ്വാഴ്ച മത്സരങ്ങള്‍ മാര്‍ച്ച് ആറിനാണ്.

നിലവില്‍ നാലുവീതം സംസ്ഥാനങ്ങളില്‍ മിറ്റ് റോംനിയും റിക്ക് സാന്റോറവും വിജയം നേടിയിട്ടുണ്ട്. നിലവിലുള്ള പ്രസിഡന്റ് ബറാക് ഒബാമ തന്നെയാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ഥി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക