Image

കേരളമുഖ്യമന്ത്രിയെ ഭോപ്പാലിൽ തടഞ്ഞ സംഭവം, ആർ.എസ്.എസ് ഫാസിസ്റ്റ് സംസ്കാരത്തിന്റെ തെളിവ്.

Published on 11 December, 2016
കേരളമുഖ്യമന്ത്രിയെ ഭോപ്പാലിൽ തടഞ്ഞ സംഭവം, ആർ.എസ്.എസ് ഫാസിസ്റ്റ് സംസ്കാരത്തിന്റെ തെളിവ്.


ദമ്മാം:  മലയാളി സംഘടനകളുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ  സംഘപരിവാർ സംഘടനകളുടെ എതിർപ്പിന്റെ പേരിൽ തടഞ്ഞ നടപടി, ഇന്ത്യയിൽ ഉടനീളം ആർ.എസ്.എസ് പിന്തുടരുന്ന ജീർണ്ണിച്ച വർഗ്ഗീയ ഫാസിസ്റ്റ് സംസ്കാരത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി ആരോപിച്ചു. 


കേരള മുഖ്യമന്ത്രി പ്രസംഗിച്ചാൽ അതിനെതിരെ ആർ.എസ്.എസ്സുകാർ അക്രമമുണ്ടാക്കുമെന്നും, ക്രമസമാധാനത്തകർച്ചയുണ്ടാവുമെന്നും പറഞ്ഞാണ് മധ്യപ്രദേശ് പോലീസ് തടഞ്ഞത്. സംഘപരിവാർ നിയന്ത്രിയ്ക്കുന്ന മധ്യപ്രദേശ് പോലീസിന്റെ ഈ നടപടി, ഇന്ത്യൻ ജനാധിപത്യത്തിനും, ഫെഡറലിസത്തിനും, കേരള സംസ്ഥാനത്തിനും ഏറ്റ അപമാനമാണ്. ഈ നടപടിയിൽ നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ആരെങ്കിലും എവിടെയായാലും, അക്രമമുണ്ടാക്കുമെന്ന് കണ്ടാൽ അവരെ തടയുകയും, അവർക്കെതിരെ നടപടിയെടുക്കുകയുമാണ് ഉത്തരവാദിത്തമുള്ള ഒരു ജനാധിപത്യസർക്കാർ ചെയ്യേണ്ടത്.  സർക്കാർ അത് ചെയ്യാതിരിക്കുമ്പോൾ, അവിടെ ഒരു സർക്കാർ തന്നെ പ്രവർത്തിക്കുന്നില്ലെന്ന് കരുതേണ്ടതായി വരുന്നു. ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് പോലും സംരക്ഷണം നൽകാനാവാത്ത മധ്യപ്രദേശ് സർക്കാരിനെതിരെ കേന്ദ്രം നടപടിയെടുക്കുകയാണ് വേണ്ടത്.

ബി.ജെ.പി വടക്കേ ഇന്ത്യൻ നേതാക്കൾ കേരളത്തിൽ പലപ്രാവശ്യം വന്നപ്പോഴും, സമ്മേളങ്ങൾ നടത്തിയപ്പോഴും ഒന്നും ഒരു പ്രതിഷേധവും കേരളജനത അവരോട് കാട്ടിയിട്ടില്ല. ബി.ജെ.പി കേന്ദ്രനേതാക്കന്മാർക്ക് അടക്കം കേരളത്തിൽ ഉള്ളപ്പോഴെല്ലാം, വേണ്ടത്ര പോലീസ് സംരക്ഷണവും സുരക്ഷയും ഒരുക്കി കൊടുക്കാൻ കേരള സർക്കാരുകൾ എന്നും ജാഗ്രത കാട്ടിയിട്ടുമുണ്ട്.  ആതിഥ്യമര്യാദയുടെ അർത്ഥം പോലുമറിയാത്ത സംഘപരിവാർ അക്രമികൾ കേരളത്തിന്റെ  മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം ഗുരുതരമായ ഒരു പ്രോട്ടോക്കോൾ  നിയമലംഘനമായി കാണേണ്ടതുണ്ട്. അതിനാൽ തന്നെ അതിന് ഉത്തരവാദികളായവർക്ക് എതിരെ ശക്തമായ നടപടി എടുക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം.

ഓരോ ഇന്ത്യക്കാരനും ഇന്ത്യയിൽ എവിടെയും സ്വതന്ത്രമായി സഞ്ചരിയ്ക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകിയിട്ടുണ്ട്. എന്നാൽ ആര് എന്ത് കഴിയ്ക്കണം, എന്ത് പറയണം എന്ന് മാത്രമല്ല,   എങ്ങനെ സഞ്ചരിയ്ക്കണം എന്നൊതൊക്കെ ആർ.എസ്.എസ് തീരുമാനിയ്ക്കുന്ന ഒരു അവസ്ഥയാണ് ഇന്ത്യയിൽ ഇന്നുണ്ടായിക്കൊണ്ടിരിയ്ക്കുന്നത്. അതിനെതിരെ ജനാധിപത്യവിശ്വാസികൾ ജാഗരൂഹരാകണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക