Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ലോട്ടറി അടിച്ചത് 462 കോടി

Published on 21 December, 2016
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ലോട്ടറി അടിച്ചത് 462 കോടി
   സൂറിച്ച്: ഒടുവില്‍ സ്വിസ് ലോട്ടറി വീണു. ഏഴ് കോടി സ്വിസ് ഫ്രാങ്കിന്റെ (462 കോടി രൂപ) റിക്കാര്‍ഡ് സമ്മാനതുകക്ക് മൂന്ന് പേരാണ് അവകാശികള്‍. 48 തവണ നറുക്കെടുത്തിട്ടും ആര്‍ക്കും പിടികൊടുക്കാതെ വഴുതിമാറിനിന്ന ഒന്നാം സമ്മാനം, നാല്‍പ്പത്തൊന്‍പതാമത്തെ നറുക്കെടുപ്പില്‍ മൂന്നു പേരാണ് കൃത്യമായി പ്രവചിച്ചത്. സമ്മാനത്തുക മൂന്നുപേര്‍ക്കും തുല്ല്യമായി പങ്കിടും. ഓരോരുത്തര്‍ക്കും 23.33 കോടി സ്വിസ് ഫ്രാങ്ക് (154 കോടി രൂപ) വീതം ലഭിക്കും.

ഒന്നു മുതല്‍ 42 വരെയുള്ള സംഖ്യകളില്‍ ആറെണ്ണവും ഒന്ന് മുതല്‍ ആറ് വരെയുള്ള ലക്കി നമ്പരില്‍ ഒരെണ്ണവും(6+1) കൃത്യമായി ടിപ്പ് ചെയ്യുകയാണ് ലോട്ടോ അടിക്കാന്‍ ചെയ്യേണ്ടത്. 7,13,18,24,28,33 +6 എന്നതായിരുന്നു ഏഴ് കോടി സ്വിസ് ഫ്രാങ്ക് മൂല്യമുള്ള ഇത്തവണത്തെ ഭാഗ്യ കോമ്പിനേഷന്‍. ഒന്നാം സമ്മാനം അടിച്ചവരില്‍ രണ്ടുപേര്‍ ലോട്ടോ ഫോറം കിയോസ്‌കില്‍ പൂരിപ്പിച്ചു നല്‍കിയപ്പോള്‍, മൂന്നാമത്തെ ആള്‍ ഓണ്‍ലൈനില്‍ ആണ് ഭാഗ്യം പരീക്ഷിച്ചത്. ഇതില്‍ രണ്ടുപേര്‍ ബേണ്‍ ഭാഗത്തുനിന്നും മറ്റെയാള്‍ സൂറിച്ചില്‍ നിന്നാണെന്നും സ്വിസ് ലോട്ടറി വ്യക്തമാക്കി.

48 നറുക്കെടുപ്പുകളിലും ആര്‍ക്കും കൃത്യമായി ടിപ്പ് ചെയ്യാനാവാതെ വന്നതോടെയാണ്, സ്വിസ് ലോട്ടറിയുടെ സമ്മാനത്തുക സര്‍വകാല റിക്കാര്‍ഡിലേക്കു കുതിച്ചത്. സ്വിസ് ലോട്ടറിയുടെ റിക്കാര്‍ഡ് സമ്മാനത്തുക അയല്‍രാജ്യങ്ങളിലേക്കും ലോട്ടോ ജ്വരം പടര്‍ത്തി. ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നും ലോട്ടോ കളിക്കാന്‍ സ്വിസ് അതിര്‍ത്തി പട്ടണങ്ങളില്‍ ഒട്ടേറെപ്പേരാണ് എത്തിയിരുന്നത്.

റിപ്പോര്‍ട്ട്: ടിജി മറ്റം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക