ഫീനിക്സ്: ഹോളിഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ ഒരാഴ്ചക്കാലം നീണ്ടുനിന്ന
വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി. പ്രധാന തിരുനാള്‍ ദിവസം ഫാ.
ജോസഫ് പുതിയകുന്നേലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച തിരുനാള്‍ റാസയില്‍
ഫാ. അഗസ്റ്റിന് പുത്തന്‍പുര, ഫാ. സോണി എട്ടുപറയില്‍ എന്നിവര്‍ സഹകാര്‍മികരായി. ഫാ.
അഗസ്റ്റിന് പുത്തന്‍പുര തിരുനാള്‍ സന്ദേശം നല്കി.
തിരുകുടുംബത്തിന്റെ
മാതൃകയില്‍ കുടുംബങ്ങളെ രൂപാന്തരപ്പെടുത്താന്‍ കഴിയുമ്പോഴാണ് ക്രൈസ്തവ കുടുംബ
ജീവിതം സാര്‍ത്ഥകമാകുന്നതെന്ന് തിരുനാള്‍ സന്ദേശത്തില്‍ ഫാ. അഗസ്റ്റിന്
ചൂണ്ടിക്കാട്ടി.
ചെണ്ടയുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ നടന്ന
തിരുനാള്‍ പ്രദക്ഷിണം, ഇടവകയിലെ വിവിധ വാര്‍ഡുകളുടെ നേതൃത്വത്തില്‍ അരങ്ങേറിയ
കലാപരിപാടികള്‍ തുടങ്ങിയവ ആഘോഷങ്ങള്‍ക്ക് പരമ്പരാഗത കേരളീയ ക്രൈസ്തവ തനിമ
ഉണര്‍ത്തുന്നതായി.
തിരുകര്‍മ്മങ്ങളിലും ആഘോഷപരിപാടികളിലും പങ്കെടുത്ത്
തിരുനാള്‍ ഭക്തിനിര്ഭരമാക്കുന്നതിന് പരിശ്രമിച്ച ഇടവകാംഗങ്ങള്‍ക്ക് പ്രസുദേന്തി
അഭിലാഷ് ജേക്കബ് പ്രത്യേകം നന്ദി പറഞ്ഞു. അടുത്ത വര്‍ഷത്തെ തിരുനാള്‍
പ്രസുദേന്തിയായി റിന്സണ് ജോണിനേയും കുടുംബത്തേയും വാഴിച്ചു.
കൈക്കാരന്മാരായ മനോജ് ജോണ്‍, ജയ്സണ്‍ വര്‍ഗീസ്, പ്രസാദ് ഫിലിപ്പ്
എന്നിവര്‍ പരിപാടികളുടെ മുഖ്യ കോര്‍ഡിനേറ്റര്‍മാരായിരുന്നു. മാത്യു ജോസ്
അറിയിച്ചതാണിത്.