Image

ശശികലയുടെ സത്യപ്രതിജ്ഞ തടയണമെന്നാവശ്യപ്പെട്ട ഹര്‍ജി നാളെ പരിഗണിക്കും

Published on 09 February, 2017
ശശികലയുടെ സത്യപ്രതിജ്ഞ തടയണമെന്നാവശ്യപ്പെട്ട ഹര്‍ജി നാളെ പരിഗണിക്കും



ന്യൂഡല്‍ഹി: ശശികല തമിഴ്‌നാട്‌ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്‌ തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. നാളെ ഉച്ചയ്‌ക്ക്‌ രണ്ടു മണിക്കാണ്‌ ഹര്‍ജി പരിഗണിക്കുന്നത്‌.

അനധികൃത സ്വത്ത്‌ സമ്പാദനക്കേസില്‍ വിധി വരുന്നതുവരെ ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കരുതെന്നാണ്‌ ഹര്‍ജിയിലെ ആവശ്യം.

സട്ട പഞ്ചായത്ത്‌ ഇയക്കം എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയും ചെന്നൈ സ്വദേശിയുമായ സെന്തില്‍കുമാറാണ്‌ ഹര്‍ജിക്കാരന്‍. തിങ്കളാഴ്‌ചയാണ്‌ ഹര്‍ജി നല്‍കിയിരുന്നത്‌.

മുഖ്യമന്ത്രിയായശേഷം ശശികലയെ കോടതി ശിക്ഷിച്ചാല്‍ അവര്‍ രാജിവെയ്‌ക്കേണ്ടിവരും. അങ്ങനെവന്നാല്‍ തമിഴ്‌നാട്ടില്‍ കലാപമുണ്ടായേക്കുമെന്നാണ്‌ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്‌.

അതേസമയം അജ്ഞാത കേന്ദ്രത്തിലേക്ക്‌ മാറ്റിയ എഐഎഡിഎംകെ എംഎല്‍എമാരെ മോചിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മദ്രാസ്‌ ഹൈക്കോടതിയില്‍ ഹര്‍ജിനല്‍കി. എംഎല്‍എമാര്‍ പനീര്‍സെല്‍വത്തിനൊപ്പം പോകുന്നത്‌ തടയാന്‍ ശശികല ഇവരെ അജ്ഞാത കേന്ദ്രത്തിലേക്ക്‌ മാറ്റിയിരിക്കയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക