Image

ശശികലയെ ഇപ്പോള്‍ മുഖ്യമന്ത്രിയാക്കാന്‍ സാധിക്കില്ലെന്ന്‌ ഗവര്‍ണറുടെ റിപ്പോര്‍ട്ട്‌

Published on 11 February, 2017
ശശികലയെ ഇപ്പോള്‍ മുഖ്യമന്ത്രിയാക്കാന്‍ സാധിക്കില്ലെന്ന്‌ ഗവര്‍ണറുടെ റിപ്പോര്‍ട്ട്‌

ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയെ ഇപ്പോള്‍ മുഖ്യമന്ത്രിയാക്കാന്‍ സാധിക്കില്ലെന്നും സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാനാകില്ലെന്നും ഗവര്‍ണറുടെ റിപ്പോര്‍ട്ട്‌. മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്ന ശശികലയ്‌ക്ക്‌ വന്‍തിരിച്ചടിയായി ഗവര്‍ണറുടെ റിപ്പോര്‍ട്ട്‌. തമിഴ്‌നാട്ടില്‍ രൂക്ഷമായ ഭരണപ്രതിസന്ധിയാണ്‌ നിലനില്‍ക്കുന്നതെന്നും മൂന്നു പേജുള്ള റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാണിക്കുന്നു.

അനധികൃതസ്വത്ത്‌ സമ്പാദനക്കേസിലെ കോടതിവിധി വരുന്നത്‌ വരെ കാത്തിരിക്കാനാണ്‌ തീരുമാനമെന്നും അതുവരെ തമിഴ്‌നാട്ടില്‍ നിലവിലെ സ്ഥിതി തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി പറയുന്നു. 

ശശികല നിലവില്‍ എംഎല്‍എ അല്ലെന്നും ആറു മാസത്തിനുള്ളില്‍ എംഎല്‍എ ആകുമെന്ന്‌ ഉറപ്പില്ലെന്നും ഗവര്‍ണര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിയമവിദഗ്‌ദരില്‍ നിന്നും കൂടുതല്‍ പഠിച്ച ശേഷം മാത്രം, ഇക്കാര്യത്തില്‍ തീരുമാനം മതിയെന്നുമാണ്‌ ഗവര്‍ണറുടെ നിര്‍ദേശം

എംഎല്‍എമാര്‍ തടവിലാണെന്ന്‌ വാര്‍ത്തകളില്‍ ആശങ്കയുണ്ടെന്നും അക്കാര്യം സംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തിയ റിപ്പോര്‍ട്ടാണ്‌ ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന്‌ കൈമാറിയത്‌.

ചീഫ്‌ സെക്രട്ടറി, സംസ്ഥാന പൊലീസ്‌ മേധാവി, പ്രതിപക്ഷ നേതാവ്‌ തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്‌ചകള്‍ക്കു ശേഷമാണ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരിക്കുന്നത്‌.

അനധികൃതസ്വത്ത്‌ സമ്പാദനക്കേസില്‍ അന്തിമ വിധി വരുന്നതുവരെ ശശികല മുഖ്യമന്ത്രിയാകുന്നതു തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത്‌ സുപ്രീംകോടതി ഒരാഴ്‌ചത്തേക്കു മാറ്റിവച്ചിരുന്നു. ഈ മാസം പതിനേഴിലേക്കാണ്‌ കേസ്‌ മാറ്റിവച്ചത്‌.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക